62
കാലാവസ്ഥയും വസ്ത്രങ്ങളും
പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമായി കാലിഫോര്‍ണിയയില്‍ വന്നപ്പോള്‍ അന്നന്നത്തെ കാലാവസ്ഥാപ്രവചനം നോക്കി കുട്ടികള്‍ സ്ക്കൂളില്‍ പോകാനുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതുകണ്ട് തെല്ലൊന്നമ്പരന്നു. മഴയും തണുപ്പും ഇരുട്ടുമുണ്ടായിരുന്ന മാസങ്ങളിലൊന്നിലാണ് ഇവിടെയെത്തിയത്. പെണ്‍കുട്ടികളെല്ലാം ആകെ മൂടിപ്പുതച്ചിരുന്നു.
സമ്മറെത്തിയതോടെ സകലരും കുഞ്ഞുടുപ്പുകളിലേക്കും നിക്കറുകളിലേക്കും ചാടിക്കയറുന്നതുകണ്ട് വീണ്ടും അമ്പരന്നു. അമ്മയും മകളും കൊച്ചുമകളും ഒരേപോലുള്ള ഷോര്‍ട്സും ബനിയനുമിട്ടു പാര്‍ക്കില്‍ വന്നത് കൗതുകത്തോടെ നോക്കിയിരുന്നു. ചെറുതിന് ഒന്നര വയസ്സുള്ളപ്പോഴാണ് അമേരിക്കയില്‍ ലാന്‍ഡ് ചെയ്തത്. ആദ്യത്തെ മൂന്നുനാലു വര്‍ഷത്തോളം മനോഹരമായ സാന്‍ റമോണ്‍ പാര്‍ക്കിലായിരുന്നു ഞങ്ങള്‍ രണ്ടാളും കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത്. മമ്മിക്കു കൂട്ടിനായി മലയാളം സംസാരിക്കുന്നവരെ അന്വേഷിച്ചുനടക്കാറുണ്ടായിരുന്നു, അവള്. കണ്ടാല്‍ കൊണ്ടുവന്നു മുമ്പില്‍ നിര്‍ത്തിത്തരും.
കാലാവസ്ഥയ്ക്കനുസരിച്ചു വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമുണ്ട്. ചെറിയ വേഷങ്ങള്‍ ധരിക്കുമ്പോള്‍ കൈയും കാലും നഖവുമൊക്കെ വൃത്തിയാക്കിവയ്ക്കാന്‍ മിക്കവരും ശ്രദ്ധിക്കാറുണ്ട്. ബ്യൂട്ടി പാര്‍ലറുകള്‍ക്കു പകരം നെയില്‍ ആന്‍ഡ് ഹെയര്‍ സലാണ്സാണ് എവിടെ നോക്കിയാലും. എണ്‍പതും തൊണ്ണൂറും കഴിഞ്ഞവര്‍പോലും സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളാണവ. അടുത്ത അപ്പോയന്മെന്റിനുമുമ്പേ യാത്രപറഞ്ഞു പിരിഞ്ഞുപോകുന്നവരും കുറവല്ല!
പത്തുപതിനഞ്ചു വര്‍ഷം പഴക്കമുള്ള ഒരു മേലങ്കി എനിക്കുണ്ട്. ചൂടത്തും തണുപ്പത്തും ഇടാന്‍ പറ്റിയ ഒരു മാന്ത്രികക്കുപ്പായം!
63
പുസ്തകങ്ങളും എഴുത്തുകാരും
എന്റെ എഴുത്തുപുരയുടെ പത്തായത്തില് മലയാളം ലിപികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്ക്കൂളില്‍ പഠിച്ചിരുന്ന കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പുകളും ഖസാക്കിന്റെ ഇതിഹാസവുമൊക്കെയായിരുന്നു വായിച്ചിരുന്നത്. അന്നു കോളേജില്‍ പഠിച്ചിരുന്ന തമ്പിച്ചാച്ചന്‍ വായിച്ചിരുന്ന പുസ്തകങ്ങളാണ് ഞാനും വായിച്ചിരുന്നത്. ഞാന്‍ കോളേജിലെത്തിയപ്പോഴേക്കും സാറാ തോമസിന്റെയും റെയ്ച്ചല്‍ തോമസിന്റെയുമൊക്കെ ആരാധികയായി മാറി.
'മനോരാജ്യം' ആഴ്ചപ്പതിപ്പില്‍ റെയ്ച്ചല്‍ തോമസ് തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്ന വനിതാരംഗം, അമ്മയും കുഞ്ഞും എന്നീ പംക്തികള്‍ അന്നത്തെ പെണ്‍കുട്ടികള്‍ക്ക് ഒരുപാടു വെളിച്ചം പകരുന്നവയായിരുന്നു. അവരുടെ 'ലോകമേ തറവാട്' എന്ന യാത്രാവിവരണം ഒട്ടൊന്നുമല്ല എന്നെ സ്വാധീനിച്ചത്. 'ഒരമ്മയുടെ ഓര്‍മകള്‍' എന്നപേരില്‍, മരണം പതിയിരുന്ന് അപായപ്പെടുത്തിയ മകനെക്കുറിച്ച് അവരെഴുതിയ കുറിപ്പുകള്‍ വായിച്ചു കരഞ്ഞിരുന്ന കാലം! ഇന്നും എന്റെ ശേഖരത്തിലുള്ളത് ഈ പുസ്തകങ്ങളൊക്കെത്തന്നെ. പിന്നെ, തമ്പിച്ചാച്ചനെഴുതിയ നോവലുകളും.
അന്നുമിന്നും നേരില്‍ക്കാണണമെന്ന് ആശയുണ്ടായിരുന്ന ഒരേയൊരു വ്യക്തിയായിരുന്നു മിസ്സിസ് റെയ്ച്ചല്‍ തോമസ് എന്ന എഴുത്തുകാരി. ചങ്ങനാശ്ശേരിയില്‍നിന്ന് അധികദൂരമുണ്ടായിരുന്നില്ല അവരുടെ നാടായ കോട്ടയത്തേക്ക്. അവരുടെ മരണവിവരമറിഞ്ഞിട്ടും ഒരുനോക്കു കാണാന്‍ സാധിക്കാതെപോയതില്‍ ഉള്ളിലെവിടെയോ ചെറിയൊരു നീറ്റല്‍ ഇന്നും ബാക്കിയാണ്.
64
വിവാഹവാര്ഷികചിന്തകള്
ഇന്നു ഞങ്ങളുടെ വിവാഹവാര്ഷികദിനം. കടന്നുപോയ ഓരോ വാര്‍ഷികവും ഞാനോര്‍ക്കുന്നു; കൂടുതല്‍ തെളിമയോടെ.
വിവാഹവാര്ഷികദിനങ്ങളില് കാര്യമായ ആഘോഷങ്ങളോ സമ്മാനക്കൈമാറ്റങ്ങളോ ഉണ്ടായിട്ടില്ല. പരസ്പരം സ്നേഹവും വിശ്വാസവുമുണ്ടായിരുന്നു; ചിലപ്പോഴൊക്കെ പൊട്ടലും ചീറ്റവുമുണ്ടായിരുന്നു.
ഭാര്യ, ഭര്‍ത്താവ് എന്നിങ്ങനെയുള്ള വിളിപ്പേരുകള്‍ കുഞ്ഞുങ്ങളുണ്ടാകുന്നതോടെ ഇല്ലാതാകുന്നു. പിന്നെയവര്‍ അച്ഛനും അമ്മയുമാണ്. എന്നാല്‍ കുഞ്ഞു ജനിച്ചതുകൊണ്ടുമാത്രം മഹനീയമായ ആ പദവികള്‍ക്ക് ആരും അര്ഹരാകണമെന്നില്ല. ആവുംവിധം മക്കളോടും പങ്കാളിയോടുമുള്ള കടമ നിര്‍വഹിക്കുന്നവരാണ് ആ പദവികള്ക്കര്ഹര്. സ്വന്തമല്ലാത്ത കുഞ്ഞുങ്ങളെ പരിപാലിച്ച് ആ പദവികള്‍ നേടിയെടുക്കുന്ന എത്രയോ ആളുകള്‍ നമുക്കിടയിലുണ്ട്! തീര്‍ത്തും അര്‍ഹതയില്ലാത്തവര്‍ പിരിഞ്ഞുപോവുകയോ അല്ലെങ്കില്‍ അവരെ പിരിച്ചുവിടുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.
65
ചില ഭക്ഷണക്കാര്യങ്ങള്‍
പണ്ടൊക്കെ കത്തോലിക്കക്കല്ല്യാണങ്ങള്ക്കും മറ്റു വിശേഷാവസരങ്ങള്‍ക്കും അഞ്ചു കോഴ്സിന്റെ ഊണായിരുന്നു എന്ന കാര്യം പലരും മറന്നിട്ടുണ്ടാകും. തുടക്കം കട്ലറ്റും ചള്ളാസും പിന്നെ ബ്രെഡ്ഡും മീന്‍ മപ്പാസും. അതു കഴിഞ്ഞാല്‍ പാലപ്പവും മട്ടന്‍കറിയും. അല്ലെങ്കില്‍ നാടന്‍കോഴിക്കറി. പിന്നെ ഉലര്‍ത്തിയ ബീഫും തോരനും മോരുമായി ഒരൂണ്. അത്രവരെയൊന്നും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട് ബാക്കി ഐറ്റംസൊന്നും അത്ര പിടിയില്ല! കാലചക്രം തിരിഞ്ഞുവരുമ്പോള്‍ ചിലപ്പോള്‍ ബിരിയാണിയെ തുരത്തി, ഇത്തരം കല്ല്യാണസദ്യയൊക്കെ തിരികെ വരുമായിരിക്കും.
കപ്പയും ചക്കയുമൊക്കെ കഴിക്കാന്‍ കൊതിയുണ്ടായിരുന്ന മുന്‍തലമുറയ്ക്കു പ്രായമായപ്പോള്‍ ഷുഗര്‍ കൂടുമെന്നുപറഞ്ഞ് അതൊന്നും കൊടുക്കാതെ പറഞ്ഞയച്ചു. കപ്പയും ചക്കയും തിന്നു പരിചയമില്ലാത്ത ന്യൂജെന്‍ പിള്ളേരോട് ഇപ്പോള്‍ പറയുന്നു, ഇവ രണ്ടും കഴിച്ചാല്‍ ആയുസ്സ് അമ്പേ വര്‍ദ്ധിക്കുമെന്ന്!
66
നുകം വലിക്കുന്നവര്‍
വിദ്യാഭ്യാസകാലം മുതല്‍ നുകം വലിച്ചുതുടങ്ങുന്ന ഇവിടുത്തുകാര്‍ റിട്ടയര്‍മെന്റിനുശേഷം ജീവിതം ആസ്വദിക്കാമെന്ന വ്യാമോഹത്തിലാണ്. ചുരുക്കം ചിലര്‍ക്ക് അതു സാധിക്കുന്നുമുണ്ട്. വില കൂടിയ സ്പോര്‍ട്സ് കാര്‍ ഇരപ്പിച്ച് ഓടിച്ചുപോകുന്നവരിലധികവും പ്രായമേറിയവരായിരിക്കും. റിട്ടയര്‍ ചെയ്തശേഷം ബീച്ച് ഹൗസ് വാങ്ങിക്കുന്നവരും വീടുവിറ്റ് ആര് വി എടുത്തു നാടുചുറ്റുന്നവരും കുറവല്ല. പാതിവഴിയെത്തുമ്പോഴേക്കും ആരോഗ്യവും ആയുസ്സും വറ്റി, എല്ലാ മോഹങ്ങളും തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ചകളാണധികവും. ഇതിനൊരു മാറ്റം സാധ്യമല്ല. ആയുസ്സിന്റെ മുക്കാല്‍ മണിക്കൂറുകളും ഡോളറുകളാക്കിമാറ്റി, വറ്റാത്ത ബില്ലുകള്‍ തെറ്റാതെ അടച്ചുകൊണ്ടിരിക്കുന്ന യന്ത്രമനുഷ്യര്‍!
ചില മനുഷ്യയന്ത്രങ്ങള്‍ റിട്ടയര്മെന്റിനെക്കുറിച്ചു ചിന്തിക്കാന്‍പോലുമാവാതെ, കഴിഞ്ഞ അന്‍പതും അറുപതും വര്‍ഷങ്ങളായി വലിച്ചുകൊണ്ടിരിക്കുന്ന അതേ നുകം ഏന്തിയും വലിഞ്ഞും വലിച്ചുകൊണ്ടേയിരിക്കുന്നു!
67
കുഞ്ഞുങ്ങള്‍ക്കുവേണ്ടി
എം എസ് സിക്കു പഠിക്കുമ്പോള്‍ 'ഒരു സീറ്റ് ഞാന്‍ വെറുതേ കളഞ്ഞു' എന്നു പരാതിപ്പെടുന്ന ചില കൂട്ടുകാര്‍ എനിക്കുണ്ടായിരുന്നു. ജോലിക്കു പോയാല്‍, ഭാവിയില്‍ മക്കളുടെ കാര്യം കഷ്ടത്തിലാകുമെന്നതായിരുന്നു എന്റെ തിയറി. ജീവിക്കാന്‍ മാര്ഗ്ഗമുണ്ടെങ്കില്, കുഞ്ഞുങ്ങള്‍ പറക്കമുറ്റുംവരെയെങ്കിലും കുടുംബത്തിലെ ഒരാള്‍ കൂട്ടിരിക്കണമെന്നുതന്നെയാണ് ഇന്നും ഞാന്‍ വിശ്വസിക്കുന്നത്. കുഞ്ഞുങ്ങളെ നോക്കി വീട്ടിലിരിക്കാന്‍ ഇഷ്ടമല്ലെന്നു പറഞ്ഞിരുന്ന പലരും പിന്നിടതോര്ത്തു പശ്ചാത്തപിക്കുന്നതു നേരിട്ടറിഞ്ഞു.
മണിക്കൂറുകള്‍ക്കു വലിയ വിലയുള്ള അമേരിക്കയിലെത്തിയിട്ടും ഇളയ മകള്‍ സ്ക്കൂളില്‍ പോകുന്നതുവരെ കൂലിയില്ലാത്ത ജോലിതന്നെ തുടര്‍ന്നു. ഇവിടുത്തെ രീതിക്കു ചേരാത്ത തീരുമാനമായിരുന്നു അത്. അതുകൊണ്ടുതന്നെ, മൂത്ത കുട്ടികളെ വേണ്ടവണ്ണം സപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ അവര്‍ക്കതില്‍ തീരെ പരാതിയില്ലായിരുന്നു എന്നു മാത്രമല്ല, സന്തോഷവുമായിരുന്നു.
ഇന്ന്, ചെറുതിന്റെ സ്ക്കൂളില്‍ത്തന്നെ ജോലി ചെയ്യുമ്പോള്‍ അവള്‍ക്കുവേണ്ടി എന്തൊക്കെയോ ചെയ്യുന്നു എന്ന തോന്നല്‍ മനസ്സു നിറയ്ക്കുന്നു.
68
തുടരുന്ന ക്രൂരതകള്‍
കഴിഞ്ഞ ദിവസം, അമേരിക്കയിലെ ഒര്ലാണ്ടോയിലുണ്ടായ കൂട്ടക്കൊല വല്ലാത്ത നടുക്കമുണ്ടാക്കി. വീണ്ടുംവീണ്ടും മനുഷ്യന് മനുഷ്യനെ കൊന്നുകൊണ്ടേയിരിക്കുന്നു!
എല്ലാ സ്ക്കൂളുകളിലും കുരുന്നുകളെ ഇത്തരം ക്രൂരവിനോദത്തില്നിന്നു രക്ഷിക്കാനുള്ള പരിശീലനത്തിനായി ഇടയ്ക്കിടെ ലോക്ക്ഡൗണ്‍ ഡ്രില്‍ നടത്താറുണ്ട്. അനൗണ്സ്മെന്റുണ്ടാകുമ്പോള് ക്ലാസ്സ് റൂം ഡോര്‍ ലോക്ക് ചെയ്ത്, ലൈറ്റുകളെല്ലാമണച്ച്, കുഞ്ഞുങ്ങളെ ഒളിപ്പിച്ചുവയ്ക്കുന്ന ഡ്രില്‍. അതിനു മുമ്പും ശേഷവും കുരുന്നുകള്ക്കുണ്ടാകുന്ന സംശയങ്ങള്ക്കതിരില്ല. എന്തിന്? എങ്ങനെ? എപ്പോള്‍? ഒന്നിനും ഉത്തരമില്ല!
പരിമിതികളും പരാതികളും പരിഭവങ്ങളും ചിലപ്പോള്‍ അതിരുവിട്ട പ്രവൃത്തികളില്‍ മനുഷ്യനെ കൊണ്ടെത്തിക്കുന്നു. ഒരേ ചികിത്സ രണ്ടുപേരില്‍ ഒരേ ഫലമുണ്ടാക്കാറില്ലാത്തതുപോലെ ഒരേ വാക്ക് രണ്ടുപേര്‍ രണ്ടു രീതിയിലായിരിക്കും വിശകലനം ചെയ്യുക. ചിലര്‍ക്കു തമാശയായിത്തോന്നുന്നത് മറ്റു ചിലര്‍ക്ക് കഠിനമായ അസ്വസ്ഥതയുണ്ടാക്കുന്നു.
ഏഴല്ല, എഴുപതു ജന്മംകൂടി ജനിച്ചാലും മനുഷ്യമനസ്സിന്റെ സങ്കീര്‍ണത മനസ്സിലാക്കി, പറ്റിയ ചികിത്സ കൊടുത്ത് എല്ലാപേരെയും നേരേയാക്കാന്‍ പറ്റിയില്ലെങ്കിലും ചില മരുന്നുകള്‍ക്ക് ചിലരുടെ തലച്ചോറിനെയെങ്കിലും നേരേയാക്കാന്‍ സാധിക്കുമെന്നത് ഒരാശ്വാസംതന്നെയാണ്.
69
ഇന്ത്യന്‍ വേഷങ്ങള്‍
അടുത്തുള്ള ഇംഗ്ലീഷ് പള്ളിയില്‍ ആഗസ്റ്റ് പതിനഞ്ചിന് ഇന്ത്യാ ഡേ സെലിബ്രേഷനുണ്ടായിരുന്നു. വേഷവും ഘോഷവും ഇന്ത്യക്കു ചേരുംവിധം. മെറ്റില്‍ഡാ റോസ് എന്ന ഫിലിപ്പിനോ ലേഡി, സാരിക്കാരായ ഞങ്ങളുടെ മുമ്പില്‍ വന്നു. ഒന്നു സാരിയുടുപ്പിക്കാമോ എന്നതായിരുന്നു അവരുടെ ചോദ്യം. അവര്‍ കാറില്‍ സൂക്ഷിച്ചിരുന്ന സാരിയും ബ്ലൗസും പാവാടയുമൊക്കെ എടുത്തുകൊണ്ടു വന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി നിധിപോലെ അവര്‍ സൂക്ഷിച്ചുവച്ചിരുന്ന, പച്ച നിറത്തില്‍ സ്വര്‍ണബോര്‍ഡറുള്ള മനോഹരമായ ആ സാരി ആദ്യമായി ഉടുക്കാന്‍ സാധിച്ചതില്‍ അവര്‍ സന്തോഷവതിയായി.
മൈക്കിള്‍ എന്നു പേരുള്ള ഒരു സായിപ്പച്ചായന്‍ കുര്‍ത്തയും പൈജാമയുമൊക്കെയിട്ടു പള്ളിയില്‍ വിലസുന്നതു കണ്ടു. ഒരു ഹിന്ദുക്കൂട്ടുകാരി കുര്‍ബ്ബാന കൂടുന്നതും ശ്രദ്ധിച്ചു. എല്ലാ മതങ്ങളും ഒന്നാണെന്നും എല്ലാ ആരാധനാലയങ്ങളിലും പോകാറുണ്ടെന്നും അവള് പറഞ്ഞു. പല രാജ്യക്കാരും പല മതക്കാരും 'ഞങ്ങളെല്ലാം ഒന്നാ'ണെന്നു വിളിച്ചുപറയുമ്പോലെ!
70
പൂച്ചകളുടെ കൂട്ട്
ദുബായിലെ ക്യാറ്റ് കഫേയെക്കുറിച്ച് ഒരു വാര്‍ത്ത വായിച്ചപ്പോഴാണ് എനിക്കു പരിചയമുള്ള ഒരു ടീച്ചറിന്റെ വിശേഷങ്ങളെക്കുറിച്ചോര്ത്തത്. ഇരുപത്തിരണ്ടു പൂച്ചകള്‍ക്കു പ്രഭാതഭക്ഷണം കൊടുത്തതിനുശേഷമാണത്രേ അവര്‍ സ്ക്കൂളില്‍ വരുന്നത്! അന്‍പത്തിയാറുകാരിയായ അവര്‍, പതിനെട്ടാമത്തെ വയസ്സില്‍, പതിനഞ്ചു വയസ്സിലധികം പ്രായവ്യത്യാസമുള്ള പ്രിയതമനൊപ്പംചേര്ന്ന് മുപ്പത്തിയയെട്ടു വര്‍ഷം അതിസുന്ദരമായ ദാമ്പത്യജീവിതം നയിച്ചശേഷം കഠിനമായ ഒറ്റപ്പെടലിന്റെ ദിവസങ്ങളിലൂടെ കടന്നുപോവുകയാണിപ്പോള്‍.
മാസങ്ങളോളം ഭര്‍ത്താവിന്റെ മരണക്കിടക്കയ്ക്കരികില്‍, ഒരിക്കല്‍പ്പോലും വീടിനു പുറത്തിറങ്ങാതെ കൂട്ടിരുന്നത്രേ! ഒറ്റയ്ക്കാക്കിയിട്ടു കടന്നുകളഞ്ഞ അദ്ദേഹത്തോട് വല്ലാത്ത ദേഷ്യം തോന്നുന്നുവെന്നാണ് ഒരിക്കല്‍ അവര്‍ മനസ്സു തുറന്നത്.
പൂച്ചകള്‍ക്കൊപ്പം ഒരു പട്ടിക്കുട്ടിയെക്കൂടി കൂടെക്കൂട്ടിയെങ്കിലും അവരുടെ തീരാദുഃഖത്തിന് ഒരു കുറവുമുണ്ടായില്ല. അവരുടെ കണ്ണുനീര് എന്റെ ഹൃദയത്തില്‍ നനവു പടര്‍ത്തുന്നുണ്ടെങ്കിലും ഇന്നല്ലെങ്കില്‍ നാളെ നമ്മളെല്ലാവരും ഈ ലോകത്തോടു യാത്ര പറയേണ്ടവരല്ലേ എന്ന, അവരോടുള്ള ചോദ്യം തൊണ്ടയില്‍ത്തന്നെ കുടുങ്ങിക്കിടന്നു.
read more: https://emalayalee.com/writer/225