കോരമാവൻ എന്റെ മാവനല്ല. പക്ഷേ നാട്ടുകാരെല്ലാം അദ്ദേഹത്തെ കോരമാവനെന്നാണു വിളിച്ചിരുന്നത്. ഏകദേശം എഴുപതു വയസ്സ് കഴിഞ്ഞ ഒരു വൃദ്ധനായിരുന്നു കോരമാവൻ. വൃദ്ധന്മാർ ആദരിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു, ഞങ്ങളുടെ ഗ്രാമത്തിൽ. ഏകദേശം അര ശതാബ്ദത്തിനു മുമ്പാണത്.
കോരമാവന് വെളുത്തനിറവും പഞ്ഞിപോലെ നരച്ച തലമുടിയും ഉണ്ടായിരുന്നു. നരച്ച മുടി ഒരിക്കലും ചീകിയിരുന്നില്ല.
കുഴിഞ്ഞുതാണ കണ്ണുകളും ചുളിവുള്ള കപോലങ്ങളും കോരമാവനുണ്ടായിരുന്നു.
താടിമീശയില്ലായിരുന്നെങ്കിലും നരച്ച ശ്മശ്രുനിബിഡമായിരുന്നു സദാ വിഷാദഭാവം മുറ്റിനിന്ന കോരമാവന്റെ മുഖം. രണ്ടറ്റത്തും പിത്തളവളയങ്ങളുള്ള ഒരു ചൂരൽവടി നടക്കുമ്പോഴൊക്കെ കൈയിലുണ്ടാവും. നാടൻതുണി കൊണ്ടുണ്ടാക്കിയ വെളുത്ത ഒറ്റമുണ്ട് ധരിച്ചേ ഞാൻ കോരമാവനെ കണ്ടിട്ടുള്ളു. ഉടുപ്പ് ധരിക്കാറില്ല, പക്ഷേ ഒരു വിലകുറഞ്ഞ നേര്യതോ ഈരിഴയൻ തോർത്തോ കഴുത്തിൽ വളച്ചിട്ടിരിക്കും. വെളുത്ത ഒറ്റമുണ്ടിനടിയിൽ ധരിച്ചിരുന്ന കൌപീനം ഒരു വാൽപോലെ പുരോഭാഗത്ത് ദൃശ്യമായിരുന്നത് എന്റെ ബാല്യകാലസഖിയായിരുന്ന ചിപ്പിയിൽ അനല്പമായ ക൱തുകമാണുണർത്തിയത്.
കോരമാവനെ കാണുമ്പോഴൊക്കെ അവൾ പിന്നിൽ ചെന്നുനിന്ന് വിളിച്ചുകൂവും.
“അപ്പൂപ്പന് വാലുണ്ടേ.”
എന്നിട്ടവൾ പൊട്ടിച്ചിരിക്കും.
കോരമാവന് ചിപ്പിയെ ഇഷ്ടമല്ലായിരുന്നു.
“കുരുത്തംകെട്ട പെണ്ണ്.”
കോരമാവൻ ചിപ്പിയെ അങ്ങനെയാണ് വിളിച്ചിരുന്നത്.
ഒരിക്കൽ കോരമാവൻ ചിപ്പിക്കുനേരേ വടിയുയർത്തി ആക്രോശിച്ചു.
“നിനക്ക് ഞാൻ നല്ല അടി തരും മൂധേവി.”
പക്ഷേ കോരമാവന്റെ ഭീഷണി ചിപ്പി കാര്യമായെടുത്തില്ല. അവൾ കോരമാവന്റെ പിന്നിൽചൂണ്ടി വിളിച്ചുപറഞ്ഞു.
“അപ്പൂപ്പന് വാലുണ്ടേ, അപ്പൂപ്പൻ കുരങ്ങനാണേ.”
കോരമാവൻ എനിക്കൊരു മുന്നറിയിപ്പു നല്കി.
“നീ നല്ല കുഞ്ഞാണ്. ആ ചീത്ത പെണ്ണുമായി കൂട്ടുകൂടരുത്.”
എന്നാൽ എനിക്ക് ചിപ്പിയെ ഇഷ്ടമായിരുന്നു. അവൾ ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും വലിയ സുന്ദരിയാണെന്ന് ഞാൻ പറയുന്നില്ല. അവൾക്ക് റോസാപ്പൂവിന്റെ നിറമുള്ള കപോലങ്ങളും ചുവന്ന ചുണ്ടുകളും ഉണ്ടായിരുന്നില്ല. പക്ഷേ അവൾ സുന്ദരിയായിരുന്നു. അവൾക്ക് ഇരുണ്ടനിറവും തിളങ്ങുന്ന നയനങ്ങളും ഉണ്ടായിരുന്നു. അവളുടെ സമൃദ്ധമായ കാർകൂന്തലിന് ഉന്മാദദായകമായ പരിമളമുണ്ടായിരുന്നു. ചിപ്പിയുടെ അമ്മ പലവിധ വ്യഞ്ജനക്കൂട്ടുകൾ ചേർത്ത് കാച്ചിയ എണ്ണയാണ് അവൾ തലയിൽ തേച്ചിരുന്നത്. തൊടിയിൽ പടർന്നുപന്തലിച്ചുനിന്ന മൂവാണ്ടൻമാവിന്റെ തണലിലിരുന്ന് ഞങ്ങൾ കളിച്ചിരുന്നു. ഞാൻ ഗൃഹനാഥനും ചിപ്പി ഗൃഹനാഥയുമായിരുന്നു. ഞങ്ങൾക്ക് പത്തുമക്കളുണ്ടായിരുന്നു. പൂച്ചക്കുട്ടിയും വളർത്തുനായയും കോഴിക്കുഞ്ഞുങ്ങളുമെല്ലാം മക്കൾതന്നെ. ഗൃഹനാഥ ചോറും കറിയും വയ്ക്കും. മുറ്റത്തെ വെള്ളാരമ്മണൽ ചോറാകും. ഇലയും പൂവും കായ്കനികളുമെല്ലാം ഒന്നാന്തരം വിഭവങ്ങളാകും.
“സാറാമ്മേ, അച്ചായൻ വരാറായി. നീ കിടന്നുമോങ്ങുന്നോ?”
ഗൃഹനാഥ കൈക്കുഞ്ഞിനെ ശാസിക്കും. ചിലപ്പോൾ കൈത്തലം കൊണ്ട് ഒന്നു പ്രഹരിച്ചുവെന്നും വരാം. അടി കിട്ടുന്നത് പാവം പൂച്ചക്കുട്ടിയ്ക്കാണ്. ഗൃഹനാഥൻ കൃഷിക്കാരനാണ്. അയാൾ അതിരാവിലെ കാളയും കലപ്പയുമായി പാടത്തുപോകും. ചേറുപുരണ്ട തോർത്തുമുണ്ടുടുത്തിട്ടാണ് കർഷകൻ തോളിൽ കലപ്പയേന്തി പാടത്തുപോകുന്നത്. തലയിൽ കൂമ്പാളത്തൊപ്പിയുമുണ്ടാകും. തോർത്തുമുണ്ടിനടിയിൽ നിന്ന് കോണകവാൽ ഞാന്നുകിടക്കും. നീണ്ടുകിടക്കുന്ന കോണകവാൽ കണ്ട് ചിപ്പി ആർത്തുചിരിക്കും. നീണ്ടുകിടക്കുന്ന കോണകവാൽ ചിപ്പിക്ക് ഹരമായിരുന്നു.
കോരമാവന്റെ വീട് എവിടെയാണ്? എനിക്കറിഞ്ഞുകൂടാ. ചാത്തൻപാറയ്ക്കുമപ്പുറമാണെന്ന് തീർച്ച. ഞങ്ങളുടെ ഗ്രാമത്തെ രണ്ടായി വിഭജിക്കുന്ന അതിർവരമ്പാണ് ചാത്തൻപാറ. ചാത്തൻമലയ്ക്കു മുകളിലാണ് ഭീമാകാരനായ ചാത്തൻപാറ. ഒരു മുതല വായ്പിളർന്നു നില്ക്കുന്ന ആകൃതിയാണ് ചാത്തൻപാറയ്ക്കുള്ളത്. ചാത്തൻപാറയെക്കാൾ പൊക്കമുള്ള സ്ഥലം ഈ ഭൂമിയിലുണ്ടോ?
“ചാത്തൻപാറയുടെ മുകളിൽ കയറിനിന്നാൽ അറബിക്കടൽ കാണാം.”
എന്റെ സ്നേഹിതൻ ബേബിച്ചായൻ പറഞ്ഞു.
“ഒരുദിവസം ഞാൻ നിന്നെ അവിടെ കൊണ്ടുപോകാം.” ബേബിച്ചായന്റെ വാഗ്ദാനം.
എനിക്ക് ചാത്തൻപാറയിൽ കയറാൻ ഉത്സാഹമായി. ചാത്തൻപാറയിൽ കയറിനിന്ന് പതിനഞ്ചുമൈൽ അകലെ അറബിക്കടലിൽ തിരമാലകളുയരുന്നത് കാണാൻ കഴിയുമോ? ചാത്തൻപാറയിൽ കയറാൻ ചിപ്പിയെയും കൂട്ടണം.
പക്ഷേ എന്റെ അമ്മ ബേബിച്ചായന്റെ അഭിപ്രായത്തോട് യോജിച്ചില്ല. കിഴുക്കാംതൂക്കായ പാറമേൽ കയറുന്നത് അപകടമാണെന്നാണ് അമ്മയുടെ പക്ഷം.
“എനിക്ക് പത്തു വയസ്സുണ്ട്. ഞാനിപ്പോഴും കൈക്കുഞ്ഞാണെന്നാണ് അമ്മയുടെ വിചാരം. എന്റെ കാര്യം നോക്കാൻ എനിക്കറിഞ്ഞുകൂടായോ?” മനസ്സ് മന്ത്രിച്ചു.
“ചാത്തൻപാറയ്ക്കടുത്ത് ഒരു മൂർത്തിക്കാവുണ്ട്. സിദ്ധനരുടെ ആരാധനാസ്ഥലമാണ് മൂർത്തിക്കാവ്. അവിടെ വിഷപ്പാമ്പുകളും കുറുനരിയുമൊക്കെയുണ്ട്. നീ അവിടെ പോകണ്ടാ.” അമ്മ തീർപ്പുകല്പിച്ചു. അമ്മയുടെ അഭിപ്രായം എനിക്കിഷ്ടപ്പെട്ടില്ല.
സിദ്ധനരുടെ ആരാധനാസ്ഥലത്ത് ക്രിസ്ത്യാനിക്കുട്ടികൾ പോകുന്നത് അമ്മക്ക് ഇഷ്ടമല്ലെന്ന് ഞാനൂഹിച്ചു. അമ്മയെന്തിനാണിങ്ങനെ സങ്കുചിതമനോഭാവം കാണിക്കുന്നത്? ചിപ്പിയുടെ അമ്മയ്ക്കുമുണ്ടോ സങ്കുചിതമനോഭാവം?
ഒരു പാടശേഖരത്തിന്റെ അരികിലായിരുന്നു എന്റെ ഭവനം. ഓലമേഞ്ഞ ഒരു ചെറിയ വീടാണത്. ഓരോവർഷവും പുരമേയണം. പുരമേയുന്നവർക്ക് കൂലിയില്ല. ഞങ്ങളുടെ സമുദായക്കാരാണ് പുരമേയുന്നത്. അവർ എന്റെ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. പുരമേയുന്ന ദിവസം കുട്ടികളായ ഞങ്ങൾക്ക് ഉത്സവമാണ്. അന്ന് വീട്ടിൽ സദ്യയുണ്ടാവും. വാഴയിലയിലാണ് സദ്യ വിളമ്പുന്നത്. പായസമാണ് സദ്യയിലെ ഏറ്റവും വിശിഷ്ടമായ ഭോജനം. ഉഴുന്നുംവിളവീട്ടിൽ മത്തായിച്ചായനാണ് വലിയ ഉരുളിയിൽ പായസം വയ്ക്കുന്നത്. അദ്ദേഹത്തിന്റെ പായസം ദേശത്ത് പ്രസിദ്ധമാണ്. പാചകകലയിൽ അദ്ദേഹത്തോളം പ്രാവീണ്യമുള്ളവർ ഞങ്ങളുടെ ദേശത്തുണ്ടായിരുന്നില്ല.
“ഈ ഓലമാറ്റി ഈ വീടൊന്ന് ഓടിടാൻ കഴിഞ്ഞിരുന്നുവെങ്കിൽ!”
പലതവണ എന്റെ അമ്മയുടെ ആത്മരോദനം ഞാൻ കേട്ടിട്ടുണ്ട്. ഓടിട്ട മേല്ക്കൂരയ്ക്ക് കൂടുതൽ ഭംഗിയും ബലവുമുണ്ട്.
ഓടിടണമെങ്കിൽ ആയിരം രൂപാ വേണം. പ്രൈമറിസ്ക്കൂൾ അദ്ധ്യാപകരായ എന്റെ മാതാപിതാക്കൾക്ക് ആയിരം രൂപാ വലിയ തുകയാണ്.
ചില രാത്രികളിൽ കൊടുങ്കാറ്റുണ്ടാവും, തോരാത്ത മഴയും. അപ്പോൾ എന്റെ അമ്മ ഭയചകിതയാവും. കാറ്റ് മേല്ക്കൂരയുടെ ഓല പറത്തിക്കൊണ്ട് പോയാലോ? രണ്ടുമൂന്നു തവണ അങ്ങനെ സംഭവിച്ചിട്ടുണ്ട്.
പക്ഷേ എനിക്കും ചിപ്പിക്കും മഴ ഇഷ്ടമാണ്. തോരാത്ത മഴ ഏറെ ഇഷ്ടം. ചിപ്പിയോടൊപ്പം മഴവെള്ളത്തിൽ കളിക്കുന്നത് ഒരുരസമാണേ. ചിപ്പി ചിരിക്കുമ്പോൾ താമരപ്പൂവിന്റെ ചന്തമുണ്ട്.
മാസത്തിലൊരിക്കൽ കോരമാവൻ വരും. അന്ന് കോരമാവന് എന്റെ അമ്മ കഞ്ഞികൊടുക്കും. ഒരു വലിയ പിഞ്ഞാണപ്പാത്രത്തിലാണ് അമ്മ കഞ്ഞി വിളമ്പുന്നത്. അരികിൽ നീലവരകളുള്ള ഒരു പാത്രമായിരുന്നത്. കഞ്ഞിക്ക് കറിയുമുണ്ടാകും. മിക്കവാറും പയറുതോരൻ. ചിലപ്പോൾ തേങ്ങാച്ചമ്മന്തിയും. കഞ്ഞികുടിച്ചുകഴിയുമ്പോൾ കോരമാവൻ എന്റെ അമ്മയോട് കുറച്ചുനേരം നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളുമൊക്കെ പറയും.
“വെളുക്കുമ്പ്രതി, വെളുക്കുമ്പ്രതി, മൂന്നുവയറു പോറ്റണം തങ്കമ്മേ. ഞാനെന്തു ചെയ്യും തങ്കമ്മേ? ഞാനെന്റെ നിത്യഭവനത്തിലേക്കുള്ള വിളി കാത്തിരിക്കുവാ.”
കോരമാവൻ കണ്ണുകൾ മേലോട്ടുയർത്തി, കൈകൾ സ്വർഗ്ഗത്തിലേക്ക് മലർത്തി പറഞ്ഞു. തങ്കമ്മ എന്റെ അമ്മയാണ്.
കോരമാവന്റെ ഭവനത്തിൽ അദ്ദേഹത്തിന്റെ മകളും രണ്ടു പേരക്കുട്ടികളുമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. മറിയക്കുട്ടിയെ അവളുടെ കെട്ടിയോൻ ഉപേക്ഷിച്ചു. രണ്ടു പേരക്കുട്ടികളുമായി അവൾ കോരമാവന്റെ വീട്ടിലാണു താമസം. എനിക്ക് കോരമാവനോട് സങ്കടം തോന്നി. കോരമാവന്റെ മുഖത്തെ ചുളിവുകൾ ദു:ഖമൊഴുകുന്ന നീർച്ചാലുകളാണെന്നും എനിക്കു തോന്നി. എനിക്ക് ചിപ്പിയോട് അരിശം വന്നു. അവൾ പാവപ്പെട്ട കോരമാവനെ കളിയാക്കിയല്ലോ.
“എന്നാൽ ഞാൻ ഇറങ്ങട്ടെ, തങ്കമ്മേ, മഴയ്ക്കു മുമ്പേ.” കോരമാവൻ വലതുകരം പുരികത്തിനു മുകളിൽ വളച്ചുപിടിച്ച് മേഘങ്ങളിലേക്ക് നോക്കി പറഞ്ഞു. കോരമാവൻ ഞങ്ങളുടെ ഭവനത്തിൽ വന്നാൽ കഞ്ഞിക്കുപുറമേ ഒരു ദക്ഷിണയും പതിവുള്ളതാണ്. ആ ദക്ഷിണ പ്രതീക്ഷിച്ചാണ് കോരമാവൻ നില്ക്കുന്നത്. സാധാരണ അരരൂപയാണ് ദക്ഷിണത്തുക. പ്രൈമറിസ്ക്കൂൾ അദ്ധ്യാപകരായ എന്റെ മാതാപിതാക്കൾക്ക് അരരൂപാ ചെറിയ തുകയല്ല.
കോരമാവന് ദക്ഷിണ കൊടുക്കുന്നത് ഞാനാണ്. അതെന്റെ അവകാശമാണ്. അമ്മ ദക്ഷിണത്തുക എന്റെ കൈകളിൽ തരും. ഞാനത് കോരമാവന്റെ വിറയ്ക്കുന്ന കൈകളിലേക്ക് വച്ചുകൊടുക്കും. ദക്ഷിണ കോരമാവന്റെ മലർന്ന കൈകളിൽ ചിലനിമിഷങ്ങൾ പൂജാദ്രവ്യം പോലെ സ്ഥിതിചെയ്യും. അനന്തരം പ൱രസ്ത്യ ക്രൈസ്തവസഭയുടെ മാതൃകയിൽ കോരമാവൻ കുരിശുവരയ്ക്കും. എന്നെ അരികിലേക്ക് ചേർത്തുനിർത്തി ഇരുകൈകളും എന്റെ തലമേൽവച്ച് ചിലനിമിഷങ്ങൾ കണ്ണുകളടച്ച് ധ്യാനിക്കും. ചിലപ്പോൾ ചുണ്ടുകൾ അനങ്ങിയെന്നും വരാം. പക്ഷേ ശബ്ദമൊന്നും പുറത്തുവരാറില്ല.
“വൃദ്ധന്മാരുടെ അനുഗൃഹം ഭവനത്തിൽ നന്മകളുണ്ടാക്കും.” അതെന്റെ അമ്മയുടെ തത്വശാസ്ത്രമായിരുന്നു.
എന്റെ മാതാപിതാക്കൾ പതിനായിരം രൂപാ സമ്പാദിച്ചുകഴിഞ്ഞു. ഏകദേശം പത്തുകൊല്ലത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണത്. ഓരോമാസവും ഒരു ചെറിയതുക അവർ പോസ്റ്റാപ്പീസ് സേവിംഗ്സ് ബാങ്കിൽ നിക്ഷേപിക്കുമായിരുന്നു. പോസ്റ്റാപ്പീസ് സേവിംഗ്സ് ബാങ്കിന്റെ പാസ്സുബുക്ക് ഞാൻ കണ്ടിട്ടുണ്ട്. ആറിഞ്ച് നീളവും നാലിഞ്ച് വീതിയുമുള്ള ഒരു ചെറുപുസ്തകമായിരുന്നത്. ഓരോതാളിലും നിറയെ തപാൽമുദ്രകൾ പതിച്ചിരുന്നു. അച്ചടിമഷിയിലുള്ള വൃത്താകൃതിയിലുള്ള തപാൽമുദ്രകൾ. മാസാമാസം അല്പം സമ്പാദിക്കുക. അതായിരുന്നു എന്റെ മാതാപിതാക്കളുടെ സാമ്പത്തികശാസ്ത്രം.
മേച്ചിലോട്, രണ്ടായിരം.
കമത്തോട്, നൂറ്.
പാത്തിയോട്, അമ്പത്.
മൂലയോട്, പത്ത്.
നാമ്പോട്, ആറ്.
അച്ഛനും കേശവനാശാരിയും ഓടിന്റെ കണക്കുകൂട്ടി. ഞങ്ങളുടെ ഗ്രാമത്തിലെ പ്രധാന മരയാശാരിയാണ് വൃദ്ധനായ കേശവനാശാരി.
“ഇത്തിക്കര ഓട്ടുകമ്പനിയിൽനിന്ന് ഓട് വാങ്ങാം. നല്ല ഗുണനിലവാരമുള്ള ഓടാണവരുടേത്. കുട്ടപ്പന്റെ കാളവണ്ടിയിൽ കൊണ്ടുവരാം.” കേശവനാശാരി പറഞ്ഞു.
പക്ഷേ ഒരു പ്രശ്നമുണ്ട്. എന്റെ വീട്ടുമുറ്റത്ത് കാളവണ്ടി വരികയില്ല. റോഡില്ല.
“കാളവണ്ടി പിച്ചക്കടമുക്കുവരെ വരും. അരനാഴിക തലച്ചുമടായി കൊണ്ടുവരണം.” കേശവനാശാരി കൂട്ടിച്ചേർത്തു.
ഒരു പഴയ ഗ്രാമത്തിന്റെ പഴയ പേരാണ് പിച്ചക്കടമുക്ക്. നെല്ലിക്കുന്നം എന്നാണ് ആ ഗ്രാമത്തിന്റെ ആധുനിക നാമധേയം. ഇന്ന് നെല്ലിക്കുന്നം ഒരു ചെറുപട്ടണമാണ്. ഏകദേശം നൂറുകൊല്ലങ്ങൾക്കപ്പുറം പിച്ച എന്ന തമിഴന്റെ ഒരു ചായക്കടമാത്രമാണ് ആ ഗ്രാമത്തിലുണ്ടായിരുന്നത്.
“നമ്മുടെ സമുദായക്കാർ സഹായിക്കും.” അമ്മ പറഞ്ഞു. സമുദായക്കാർ സ്നേഹമുള്ളവരാണ്.
രണ്ടുമൂന്നാഴ്ച കഴിഞ്ഞ് കോരമാവൻ വന്നു. അദ്ദേഹം അല്പംകൂടി ക്ഷീണിതനാണെന്ന് തോന്നി. തോളിൽ മുഷിഞ്ഞ ഈരിഴയൻതോർത്ത് മടക്കി ചുറ്റിയിരിക്കുന്നു. മുഖത്ത് വിഷാദഭാവം മുറ്റിനില്ക്കുന്നു.
വീടിന്റെ ചുവന്ന മേല്ക്കൂര കോരമാവന് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് തോന്നി. ചുവന്ന മേല്ക്കൂരയിലേക്ക് കോരമാവൻ മാറിമാറി നോക്കി. കോപവും താപവും കോരമാവന്റെ മുഖത്ത് നിഴലിട്ടു.
വീടിനുള്ളിൽ കടന്നയുടനെ കോരമാവൻ നിലത്തിരുന്നു. അതു പതിവില്ല. കോരമാവൻ ചാരുബഞ്ചിൽ ഇരിക്കുകയാണ് പതിവ്.
“അയ്യോ, മാവൻ നിലത്തിരുന്നോ? എന്താ ബഞ്ചിൽ ഇരിക്കാത്തത്?” അമ്മ ചോദിച്ചു.
“ഞാൻ തെണ്ടിയല്യോ സാറേ? തെണ്ടിക്ക് നിലത്തിരുന്നാൽ മതി.”
ഞങ്ങളുടെ നാട്ടിൽ അദ്ധ്യാപകരെ സാറെന്ന് വിളിക്കും. പക്ഷേ കോരമാവൻ എന്റെ അമ്മയെ സാറെന്ന് വിളിച്ചിട്ടില്ല. തങ്കമ്മ എന്നാണ് വിളിക്കുക.
“കോരമാവൻ എന്താണിങ്ങനെ സംസാരിക്കുന്നത്?”
എന്റമ്മയുടെ വാക്കുകളിൽ അത്ഭുതം നിഴലിച്ചു.
അന്നും കോരമാവന് അമ്മ കഞ്ഞികൊടുത്തു, അരികിൽ നീലവരകളുള്ള പാത്രത്തിൽ. കഞ്ഞിക്ക് കൂട്ടാനായി പയറുതോരനും തേങ്ങാച്ചമ്മന്തിയും ഉണ്ടായിരുന്നു. കോരമാവൻ നിലത്തിരുന്നുതന്നെ കഞ്ഞി കുടിച്ചു. ബഞ്ചിൽ കയറിയിരിക്കാനുള്ള അമ്മയുടെ അപേക്ഷ കോരമാവൻ നിരസിച്ചു.
കോരമാവൻ പതിവിലും വേഗത്തിൽ കഞ്ഞി കുടിച്ചുതീർത്തു. പതിവുള്ള നാട്ടുവർത്തമാനമൊന്നും കോരമാവൻ പറഞ്ഞില്ല. അദ്ദേഹം അസാധാരണമായ തിടുക്കം കാണിച്ചു.
പോകുമ്പോൾ അരരൂപാ ദക്ഷിണയും കൊടുത്തു. അമ്മ തന്ന അരരൂപാത്തുട്ട് ഞാൻ കോരമാവന്റെ വിറയ്ക്കുന്ന കൈകളിൽ വച്ചുകൊടുത്തു. ദക്ഷിണ കൊടുക്കുന്നത് എന്റെ അവകാശമാണ്.
പക്ഷേ കോരമാവൻ വിറയ്ക്കുന്ന കൈകൾ എന്റെ തലമേൽ വച്ച് അനുഗ്രഹിച്ചില്ല.
കണ്ണുകളടച്ച് ധ്യാനനിമഗ്നനായി ഒരുനിമിഷം നിന്നില്ല.
പതിവുപോലെ കുരിശ് വരച്ചുമില്ല.
യാത്രപറയാതെ കോരമാവൻ രണ്ടറ്റത്തും പിത്തളവളയങ്ങളുള്ള വടിയുമെടുത്ത് ഇറങ്ങിനടന്നു. പത്തിരുപത് ചുവടുവച്ചിട്ട് കോരമാവൻ ഒന്ന് തിരിഞ്ഞുനോക്കി, എന്റെ വീടിന്റെ ചുവന്ന മേല്ക്കൂരയിലേക്ക്.
മൂവാണ്ടൻമാവിന്റെ ചുവട്ടിൽ ഞാനും ചിപ്പിയും നോക്കിനിനിനു.
“അപ്പൂപ്പൻ വല്യ സങ്കടത്തിലാണല്ലോ. എന്താണ് കാര്യം?” ചിപ്പി ചോദിച്ചു.
“എനിക്കറിഞ്ഞുകൂടാ.”
വയലേലയുടെ മദ്ധ്യത്തിലൂടെ പോകുന്ന നടവരമ്പ് രണ്ട് സമാന്തരരേഖകൾ പോലെ കാണപ്പെട്ടു. സമാന്തരരേഖകൾ സമ്മേളിക്കുന്ന അനന്തതയിലേക്ക് ഒരു ബിന്ദുപോലെ കോരമാവൻ നടന്നകന്നു.