Image

വേലിയിൽ ഇരുന്ന പാമ്പ് (ബാംഗ്ലൂർ ഡേയ്‌സ്-11:ഹാസ്യനോവല്‍: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 24 June, 2022
വേലിയിൽ ഇരുന്ന പാമ്പ്  (ബാംഗ്ലൂർ ഡേയ്‌സ്-11:ഹാസ്യനോവല്‍: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

(സൂചന;എൺപതുകളിൽ ,അതായത് മൊബൈൽ ഫോണുകളും ഇന്ന് ഉപയോഗിക്കുന്ന  ഡിജിറ്റൽ ഗാഡ്‌ജറ്റുകളും സ്വപ്നങ്ങൾ  മാത്രമായിരുന്ന ഒരു കാഘട്ടത്തിന്റെ കഥയാണ് ഇത്.പരിമിതമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന പരസ്പരം ആശയവിനിമയം നടത്താൻ പോസ്റ്റാഫീസുകൾ മാത്രമുണ്ടായിരുന്ന വ്യക്തിബന്ധങ്ങൾക്ക് ഇന്നത്തേക്കാൾ ഇഴ അടുപ്പം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൻറെ കഥ.)

 എല്ലാ ശനിയാഴ്ചയും  കാപ്പികുടിയും കഴിഞ്ഞു ഞങ്ങൾ ഒരാഴ്ചത്തേക്കുള്ള  സാധനങ്ങൾ വീട്ടിലേക്ക് വാങ്ങിവയ്ക്കും.അതാണ് ഞങ്ങളുടെ പതിവ്.ഞാനും ജോർജ് കുട്ടിയും കൂടി പതിവുപോലെ കടയിലേക്ക് പോകുമ്പോൾ വഴിക്കു വച്ച് ഹുസൈനെ കണ്ടുമുട്ടി.ഹുസ്സയിൻ ഗാന്ധിപുരം റോഡിലുള്ള ഒരു ചെറിയകടയിലെ ജോലിക്കാരനാണ്.ഒരു ഇരുപത് ഇരുപത്തിരണ്ട് വയസ്സ് കാണും,നല്ല സ്മാർട്ട് പയ്യൻ.കണ്ടപാടെ വെളുക്കെ ചിരിച്ചു ഹുസ്സയിൻ.

അവൻ്റെ ഒപ്പം അവൻ ജോലിക്കു നിൽക്കുന്ന കടയുടെ മുതലാളിയും പിന്നെ കണ്ടു പരിചയം ഇല്ലാത്ത ഒരു സുന്ദരനും ഉണ്ട് .

"എങ്ങോട്ടാ എല്ലാവരുംകൂടി രാവിലെ?"

വെറുതെ ഒരു കുശലം ചോദിച്ചതാണ്.

"ഇക്കാന് പെണ്ണുകാണാൻ പോകുന്നു.ഹുസ്സയിൻ പറഞ്ഞു.അവൻ്റെ മുതലാളിയുടെ അളിയൻ ഗൾഫിൽ നിന്നും വന്ന സുന്ദരനു വേണ്ടിയാണ്.സുന്ദരൻ വലിയ സന്തോഷത്തിലാണ്.പരിചയം ഇല്ലെങ്കിലും ഒരുപാടുകാലത്തെ പരിചയം നടിച്ചു ചിരിച്ചു വർത്തമാനം പറഞ്ഞു.

ഞങ്ങൾ ഷോപ്പിംഗിനായി അവരോടു യാത്ര പറഞ്ഞു ,കടയിലേക്ക് നടന്നു.

ജോർജ് കുട്ടി പറഞ്ഞു,"കടയിലെ ജോലിക്കാരനായ  ഹുസ്സയിനെ കൂടെ കൊണ്ടുപോകുന്നത്  മുതലാളിക്ക്  ജാഡ  കാണിക്കാൻ വേണ്ടിയാണ്.

ഇത് ആരാ, എന്ന് ചോദിക്കുമ്പോൾ, ഞങ്ങളുടെ കടയിലെ സെയിൽസ്‌മാനാണ് എന്ന് പറഞ്ഞു ഷൈൻ ചെയ്യാനാ.താനൊരു വലിയ മുതലാളിയാണ് എന്ന് വെറുതെ ആരോടും പറയാൻ കഴിയില്ലല്ലോ.മുതലാളിയെപ്പോലെ തന്നെയാ ഹുസ്സയിനും.മണ്ടത്തരം കാണിക്കാൻ ഒരു പടി മുൻപിൽ നിൽക്കും.എന്തെങ്കിലും പണികിട്ടാതിരിക്കില്ല.".

വീട്ടു സാധനങ്ങളും വാങ്ങി തിരിച്ചുവരുമ്പോൾ കോൺസ്റ്റബിൾ അപ്പണ്ണ വരുന്നു.വെറുതെ കുറച്ചുനേരം സംസാരിച്ചുനിന്നു."സാറിന് ഇപ്പോൾ നൈറ്റ് ഡ്യൂട്ടി ഒന്നും ഇല്ലേ?അതോ ഞങ്ങളെ മറന്നോ?"

"നാട്ടിൽ പോയിരുന്നു.നല്ല ഒന്നാന്തരം പോർക്ക് ഫ്രൈ ഉണ്ട്.ഞങ്ങളുടെ കൂർഗ് സ്റ്റയിലിൽ കുരുമുളക് ചേർത്ത് ഫ്രൈ ചെയ്തതാ.വാ നമ്മുക്ക് ഒരു കൈ നോക്കാം."അപ്പണ്ണ ഞങ്ങളെ ക്വാർട്ടേഴ്‌സിലേക്ക് ക്ഷണിച്ചു.

“ഇത്രയും കാലത്തേ ഞങ്ങളില്ല. വാങ്ങിയ സാധങ്ങൾ എല്ലാം വീട്ടിൽ എത്തിക്കണം.പിന്നെ കാണാം."ഞങ്ങൾ നടന്നു.

അപ്പോൾ ഹുസ്സയിനും മുതലാളിയും സുന്ദരനും മുഖവും വീർപ്പിച്ചു ദൂരെ നിന്നും വരുന്നതുകാണാം.അവർ .അടുത്തെത്തിയപ്പോൾ ,"ഇത്ര പെട്ടന്ന് പെണ്ണുകാണലും ഉറപ്പിക്കലും ഒക്കെകഴിഞ്ഞോ?"ഞാൻ ചോദിച്ചു.

"ഇവൻ എല്ലാം കൊളമാക്കി."

ഹുസ്സയിൻ ഒന്നും മിണ്ടുന്നില്ല.മുതലാളി പറഞ്ഞു,"ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അവർ  നന്നായിട്ടു സ്വീകരിച്ചു വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പെൺകുട്ടി ചായ കൊണ്ടുവന്നു.നല്ല മൊഞ്ചുള്ള പെണ്ണ്.ഞങ്ങൾ എല്ലാവര്ക്കും ഇഷ്ട്ടമായി"

"പിന്നെന്താ കുഴപ്പം?"

".ഇപ്പോൾ മിൽക്ക് ഡയറിയിൽ സമരം നടന്നുകൊണ്ടിരിക്കുകയാണെന്ന് അറിയാമല്ലോ.പാലില്ലാത്തതുകൊണ്ട് അവർ കട്ടൻ ചായ ആണ് തന്നത്.പെണ്ണ് ചായ കൊണ്ടുവന്നു വച്ചപ്പോൾ ഈ പൊട്ടൻ ഒരു ചോദ്യം,"ഐസ് ഉണ്ടോ?" .

"ഐസ്?,അതെന്തിനാ?"

"ഇക്ക ഐസില്ലാതെ  കഴിച്ചു കണ്ടിട്ടില്ല."

"അയ്യോ ഐസ് ഇല്ലല്ലോ?"

"നല്ല എരിവുള്ള ടച്ചിങ്‌സ് ഉണ്ടെങ്കിൽ അഡ്ജസ്റ്റ് ചെയ്യാം".

"അതെന്താ?"

" റം കഴിക്കാൻ എരിവുള്ള ടച്ചിങ്‌സ് ഉണ്ടെങ്കിൽ നല്ലതാ."

"ഇത് കട്ടൻ  ചായ ആണ്"

"ഞാൻ വിചാരിച്ചു....."

"ഒരു ദിവസം എത്ര കഴിക്കും?"

" വൈകുന്നേരം  രണ്ടു ഗ്ലാസ്സ്.പിന്നെ ടച്ചിങ്‌സ് ഉണ്ടെങ്കിൽ ഒരു രണ്ടുകൂടി വൈകിട്ടെന്താ പരിപാടി എന്ന് കേട്ടിട്ടില്ലേ?".

സുന്ദരനെ നോക്കി പെണ്ണ്  ഒരു ചോദ്യം ,"ഇക്കയും കഴിക്കുവോ?"

ഹുസ്സയിൻ ഇടയ്ക്കുകയറി പറഞ്ഞു,"ഞങ്ങൾ എല്ലാവരും കൂടിയിരുന്നാണ് കഴിക്കാറുള്ളത് സത്യം  പറയാമല്ലോ.ഞങ്ങൾക്ക് മുതലാളി തൊഴിലാളി വ്യത്യസം ഒന്നും ഇല്ല.".

പെണ്ണ് സ്ഥലം വിട്ടു.

"അവർ വിവരം അറിയിക്കാം എന്ന് പറഞ്ഞുവിട്ടു."

"ഇനി എന്ത് വിവരം അറിയിക്കാൻ?"

പാവം ഹുസ്സയിൻ തെറികേട്ടു മടുത്തു

പറഞ്ഞു പറഞ്ഞു കൂടുതൽ കുഴപ്പത്തിലാക്കണ്ട എന്നുകരുതി ഞങ്ങൾ ഒഴിഞ്ഞുമാറി.

"ആശാനേ ഒന്ന് നിൽക്ക് "ആരോ വിളിക്കുന്നു.

 നമ്മളുടെ വർഗീസും വർഗീസിൻ്റെ  സുഹൃത്തു രാജുവും കൂടി വരുന്നു.

ജോർജ് കുട്ടി പറഞ്ഞു,"കെണിഞ്ഞു,ദാ,  രണ്ടുംകൂടി വരുന്നുണ്ട്.രാവിലെ പണിയായി.അവൻ്റെ അന്നയുടെ കേസ്സും കൊണ്ടുള്ള വരവാണ് എന്ന് തോന്നുന്നു.രാവിലെ ഇവന്മാർക്കൊന്നും വേറെ പണിയില്ല.അവര് കാണണ്ട.ഓടിക്കോ".

ഞങ്ങൾ രണ്ടുപേരുടെയും കയ്യിൽ വീട്ടിലേക്കു വാങ്ങിയ സാധനങ്ങൾ ഉണ്ട്.എൻ്റെ  കയ്യിൽ രണ്ടു ബാഗ് നിറയെ പലവിധ സാധനങ്ങൾ ആണ്.ജോർജ് കുട്ടിയുടെ കയ്യിലും എടുപ്പത് സാധനങ്ങൾ രണ്ടു സഞ്ചികളിലായി ഉണ്ട്.

എങ്കിലും ഞങ്ങൾ ഓടി,അവരെ കാണാത്ത നാട്യത്തിൽ.

ഒരു അഞ്ഞൂറു മീറ്റർ കഴിഞ്ഞാൽ റോഡിൽ   ഒരു വളവുണ്ട്.അവിടെ എത്തിയാൽ പിന്നെ അവർ ഞങ്ങളെ  കാണില്ല. 

വളവിലെത്തി ,ഞങ്ങൾ നിന്നു.ദാ  അവന്മാർ മുൻപിൽ നിൽക്കുന്നു.കുറുക്കു വഴി ഓടി വന്നിരിക്കുകയാണ്.

"ഇതെന്താ നിങ്ങൾ ഓടിക്കളഞ്ഞത്?" വര്ഗീസ് ചോദിച്ചു.

"ഞങ്ങൾ സമയം  കിട്ടുമ്പോൾ ഓടും ഒരു വ്യായാമം ‌ ഒക്കെ വേണ്ടേ?".

"ഇത്രയും  സാധനങ്ങളും മേടിച്ചു കയ്യിൽ പിടിച്ചോണ്ടാണോ ഓടുന്നത്?"

"വേറെ സമയം കിട്ടണ്ടേ?"

"ഞങ്ങൾ നിങ്ങളെ അന്വേഷിച്ചു വന്നതാ .ഒരു കാര്യം പറയാനുണ്ട്."

"അതിനെന്താ,പക്ഷെ റോഡിൽ വച്ചാണോ പറയുന്നത്.നിങ്ങൾ വീട്ടിലേക്കു വാ. ഇന്ന് വൈകുന്നേരം  നമ്മൾ കാണാം എന്ന് പറഞ്ഞിരുന്നല്ലോ."

"അത് തന്നെ കാര്യം,ഞങ്ങൾ..........."

"ഇപ്പോൾ പറയണ്ട.വീട്ടിലേക്ക് വാ".ജോർജ് കുട്ടി എൻ്റെ  കയ്യിലിരുന്ന വലിയ ബാഗ് വാങ്ങി വർഗീസിൻ്റെ കയ്യിൽ കൊടുത്ത.

"ദാ  ഇത് പിടിക്ക്.ഓ സോറി രാജുവിന് പിടിക്കാൻ ഒന്നും തന്നില്ലെങ്കിൽ മോശമല്ലേ.?"

അവൻ്റെ  കയ്യിലിരുന്ന വലിയ സഞ്ചി  രാജുവിനെ ഏൽപ്പിച്ചു.രണ്ടു പേരും മടിച്ചു മടിച്ചു ഞങ്ങളുടെകൂടെ  വീട് വരെ ബാഗുമായി വന്നു.

വീട്ടിലെത്തിയപ്പോൾജോർജ് കുട്ടി പറഞ്ഞു."ഇനി പറ, എന്താ കാര്യം.?"

"എനിക്ക് എൻ്റെ പ്രേമഭാജനം അന്നയെയും അവളുടെ ഇരട്ട സഹോദരി ബെന്നയേയും തമ്മിൽ  തിരിച്ചറിയാൻ  രാജു ഒരു മാർഗ്ഗം കണ്ടുപിടിച്ചു."

"കഷ്ടം ,ഇത് നേരത്തെ പറയാമായിരുന്നു.ഞാൻ നിങ്ങളെ വെറുതെ ഇവിടം വരെ നടത്തി."

"സാരമില്ല.ഞങ്ങള്‌പോകുന്നു."

"ആകട്ടെ എങ്ങനെയാണു പ്രശനം പരിഹരിച്ചത്?"

"അന്നേ,എന്നുവിളിക്കുമ്പോൾ അന്ന തിരിഞ്ഞുനോക്കും.അപ്പോൾ ബെന്ന തിരിഞ്ഞുനോക്കില്ല.പിന്നെ അന്നയുടെ മുഖത്ത് ഒരു അടയാളം കണ്ടുപിടിക്കണം."

"നല്ല സൊലൂഷൻ.മണ്ടന്മാരിൽ പൊട്ടന്മാരും ഉണ്ടല്ലോ."

അവർ രണ്ടുപേരും നടന്നുതുടങ്ങി.

"ഒത്താൽ ഇനി തമ്മിൽ കാണാം.".ഞാൻ പറഞ്ഞു.

"അതെന്താ അങ്ങനെ പറഞ്ഞത്?കുഴപ്പങ്ങൾ വല്ലതും ഉണ്ടാകുമോ? ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം".

"തീർച്ചയായും.പ്രാർത്ഥിക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്തേക്കാം."

"മെഴുകുതിരി?"

"അതെ നിങ്ങളുടെ ശവകുടീരത്തിൽ കത്തിച്ചു വച്ചേക്കാം."

"ജോർജ് കുട്ടി, ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയാതെ..".

.അവർ പോയിക്കഴിഞ്ഞു ജോർജ് കുട്ടി പറഞ്ഞു."അവന്മാരുമായിട്ടു ഇനി ഇടപാട് ഒന്നും വേണ്ട.വെറുതെ അടി പാഴ്‌സൽ ആയി വരും".

ജോർജ് കുട്ടി പറഞ്ഞതുപോലെ സംഭവിച്ചു.

രണ്ടു ദിവസം കഴിഞ്ഞു.വർഗീസ്സിനെയും രാജുവിനേയും വഴിയിൽ വച്ചുകണ്ടു.ഞങ്ങളുടെകൂടെ സെൽവരാജനും അച്ചായനും ഉണ്ടായിരുന്നു. വർഗീസിൻ്റെ മുഖത്തിൻ്റെറെ വലതു ഭാഗവും രാജുവിൻ്റെ ഇടതു ഭാഗവും കറുത്ത് കരുവാളിച്ചിരിക്കുന്നു.

അവർ ഞങ്ങളെ കാണാത്ത  ഭാവത്തിൽ നടന്നു.

"അന്നക്ക് അടയാളം കുത്താൻ വർഗീസി ൻറെ കൂടെപോയതാ രാജു.കൂടെപോയ അവനും കിട്ടി "അച്ചായൻ പറഞ്ഞു.

"അറിയാത്ത പിള്ളക്ക് ചൊറിയുമ്പോൾ അറിയും"ജോർജ് കുട്ടി പറഞ്ഞു.

"അതിന് അവർ രണ്ടുപേരും പിള്ളയല്ലല്ലോ".സെൽവരാജൻ.

"ഞാൻ ഒരു പഴഞ്ചൊല്ല് പറഞ്ഞതാണ്."

"പഴഞ്ചൊല്ലിൽ കതിരില്ല ,എന്നല്ലേ പറയുന്നത്?"

"കതിരല്ല,പതിര്."

"എന്നാൽ ഞാനൊരു പഴഞ്ചൊല്ല് പറയട്ടെ?വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത് ........”

"എവിടെയാ വച്ചത് എന്ന് പറയണ്ട."ഞങ്ങൾ പറഞ്ഞു”

"അതെന്താ പറഞ്ഞാൽ?ഇത് ആവറേജ് മലയാളികളുടെ ഒരു സ്വഭാവമാണ്.ഉള്ളത് തുറന്നുപറയാൻ ധൈര്യം ഇല്ല.നമ്മുക്ക് പറയാനുള്ളത് പറയുന്നതിന്  എന്തിനു മടിക്കണം?"സെൽവരാജൻ ഫിലോസഫർ ആയി അഭിനയിക്കുകയാണ്.

"എങ്കിൽ താൻ പറയൂ  എവിടെയാ പാമ്പിനെ വച്ചത് എന്ന് ."ഞാൻ പറഞ്ഞു.

"പാമ്പിനെ എവിടെയാണ്  വച്ചത് എന്ന് ഒന്നുകൂടി അന്വേഷിച്ചിട്ടുപറയാം.പറയുന്നത് സത്യമായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്.നമ്മളുടെ  കാഥികനോട് ചോദിച്ചാൽ കൃത്യം വിവരം അറിയാൻ കഴിഞ്ഞേക്കും.അതുവരെ പാമ്പ് വേലിയേൽത്തന്നെ ഇരിക്കട്ടെ.." 

"എടുത്ത പാമ്പിനെ വേലിയേൽ തിരിച്ചു വയ്ക്കാനോ?താൻ എന്തുവിചാരിച്ചാണ് പാമ്പിനെ കയ്യിൽ എടുത്തത്?ഇനി അവിടെ തിരിച്ചു് വയ്ക്കാൻ പറ്റില്ല .വേറെ സ്ഥലം കണ്ടുപിടിക്കണം."

"അയ്യോ,പാമ്പാണ്.അധികസമയം കയ്യിൽ പിടിച്ചുകൊണ്ടിരിക്കാൻ പറ്റില്ല.ഇനി  എവിടെ വയ്ക്കും?"സെൽവരാജൻ ചോദിച്ചു.

"പഴഞ്ചൊല്ലിൽ പറയുന്നസ്ഥലത്തു് വച്ചോ."

ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് പരുന്തിൻകൂട് ശശി അടുത്തേക്ക് വന്നു.

"പാമ്പുകൾ പരിഹസിക്കപ്പെടേണ്ട ജീവികൾ അല്ല.അവയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്.പ്രകൃതിയുടെ ......"

"ശരി ,എന്നാൽ ഞാൻ വേലിയിൽ നിന്നെടുത്ത പാമ്പിനെ എന്ത് ചെയ്യണം?അങ്ങോട്ട് തരട്ടെ?"

"അത് തൻ്റെ കയ്യിൽത്തന്നെ ഇരിക്കട്ടെ.എനിക്ക് അല്പം തിരക്കുണ്ട്.പിന്നെ കാണാം."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക