എല്ലാം പെട്ടെന്നായിരുന്നു, ഈ മെയ്‌ലില്‍ തുടങ്ങിയ അവരുടെ സൗഹൃദം ഏതാനും ഫെയ്‌സ്ബുക്ക് മെസേജുകളും ഫെയ്‌സ്‌ടൈം ചാറ്റിംഗുകളും കഴിഞ്ഞപ്പോഴേയ്ക്കും അതു പ്രണയമായി മാറിക്കഴിഞ്ഞിരുന്നു. പിന്നീട് എത്രയെത്ര ഈമെയ്‌ലുകള്‍, എത്രയെത്ര സെല്‍ഫോണ്‍ സംഭാഷണങ്ങള്‍, ഒന്നിനും ഒരു കണക്കില്ല. അങ്ങനെ ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ നീങ്ങവെ അവന്‍ അയയ്ക്കുന്ന പ്രണയലേഖനങ്ങള്‍ കിംഗ് സോളമന്റെതുപോലെയുള്ള കവിതാശൈലിയിലേക്കു അവനറിയാതെ മാറുകയായിരുന്നു.
'പ്രിയേ, നിന്റെ ഈ മെയ്‌ലുകള്‍ എന്നെ അളവില്ലാതെ
സന്തോഷിപ്പിക്കുന്നു. നീ അയയ്ക്കുന്ന അറ്റാച്ച്‌മെന്റുകള്‍
എന്റെ ഹൃദയത്തെ കവര്‍ന്നിരിക്കുന്നു. ഫെയ്‌സ്‌ടൈമില്‍
നിന്റെ മുഖം കാണുമ്പോള്‍ ഞാന്‍ പ്രണയപരവശനായി
മാറുന്നു. പ്രാണസഖീ, നിന്റെ മനസില്‍ നിന്നുതിരുന്ന
ക്ലിക്കുകളുടെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു. വേഗം
വേഗം നീ ആ മെസേജുകള്‍ പോസ്റ്റു ചെയ്തു
തരൂ. ഞാന്‍ വായിച്ചു പ്രേമലഹരിയില്‍ മുഴകട്ടെ~'
പ്രോത്സാഹനം നിറഞ്ഞ മറുപടി പ്രണയിനിയില്‍ നിന്നും ലഭിച്ചതോടെ അയാളുടെ മേസേജുകള്‍ ക്രമേണ കാവ്യാത്മകതയില്‍ മറ്റൊരു തലത്തിലേക്കുയരുകയായിരുന്നു:-
എന്റെ പ്രാണസഖീ, നമുക്കു ബാഹായകാശങ്ങളില്‍
പോയി രാപാര്‍ക്കാം. അവിടെ നിന്നും ഭൂമി
ഉദിച്ചുയരുന്നതും സൂര്യചന്ദ്രനക്ഷത്രാദികള്‍
മിന്നിത്തിളങ്ങുന്നതു നമുക്കു ദര്‍ശിക്കാം
അവിടെ വച്ച് ഭൂമിയില്‍ നടക്കാനിരിക്കുന്ന
എല്ലാ ചുംബന സമരങ്ങള്‍ക്കും പ്രചോദനം
നല്‍കാം. പ്രിയേ, ഈ റോക്കറ്റ് ജേര്‍ണിക്കുവേണ്ടി
എത്ര ലക്ഷങ്ങള്‍ ചിലവാക്കേണ്ടി വന്നാലും അതെനിക്കു
പ്രശ്‌നമല്ല. നമുക്കു അര്‍ഹതപ്പെട്ട സ്ത്രീധനമായ
ആ എസ്റ്റേറ്റും, ബംഗ്ലാവും ഒക്കെ വിറ്റിട്ടാണെങ്കിലും
നിന്റെ സന്തോഷത്തിനായി ഞാനീ യാത്ര
തരപ്പെടുത്തിയിരിക്കും. മറുപടിക്കായി ഞാന്‍
എ്‌ന്റെ ഇന്‍ബോക്‌സ് തുറന്നു കാത്തിരിക്കുന്നു.
പെണ്‍ക്കുട്ടിക്ക് അല്പം വിവരം ഉണ്ടെന്നു തോന്നുന്നു. ഈ മെയ്ല്‍ കിട്ടിയ ഉടന്‍ തന്നെ അവള്‍ മറുപടി കൊടുത്തു:-
ചേട്ടന്റെ അളവില്ലാത്ത ഈ സ്‌നേഹത്തിനു എനിക്കു
വളരെയേറെ നന്ദിയുണ്ട്. പക്ഷെ താങ്കള്‍ വാഗ്ദാനം
ചെയ്യുന്ന ഇത്രയധികം സന്തോഷമുണ്ടല്ലോ; അതെനിക്കു
താങ്ങാവുന്നതിനും അപ്പുറമാണെന്നു ഞാന്‍
ഖേദപൂര്‍വ്വം അറിയിക്കട്ടെ! അതിനാല്‍ സുഹൃത്തേ,
ഇത്തരം ഉടായിപ്പു നിറഞ്ഞ ഈ മെയ്‌ലുമായി
മേലാല്‍ എ്‌ന്റെ ഇന്‍ബോക്‌സിന്റെ
പരിസരത്തു തന്നെ കണ്ടുപോകരുത്!!