ജീവിതത്തിൽ ഞാനാദ്യമായി കേട്ട ക്ലേശകരമായ വാക്കായിരുന്നു
ഓസ്റ്റിയോമൈലറ്റീസ്.
പതിവായി കേട്ടപ്പോൾ എനിക്കത് ഹൃദിസ്ഥമായി.
ഞങ്ങളുടെ ജീവിതത്തിലേക്ക് വില്ലനായി വന്നതാണെങ്കിലും ആ പദത്തെ നോട്ടുബുക്കിൽ എഴുതിവെച്ചത് ഞാനിന്നും ഓർക്കുന്നു.
ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇളയ ചേട്ടന് അസ്ഥിയെ ബാധിക്കുന്ന രോഗം വന്നത്.
സങ്കീർണ്ണമായ ആ രോഗത്തിൻ്റെ പേരായിരുന്നു
ഓസ്റ്റിയോമൈലറ്റീസ്.
ചേട്ടനും ശുശ്രൂഷയ്ക്കായി അമ്മയും ആശുപത്രി വാസം തുടങ്ങിയപ്പോൾ ഞങ്ങളുടെ ജീവിതമാകെ താളം തെറ്റി.ആഹ്ലാദത്തോടെ നിന്നിരുന്ന വീടിന് നിരാശ ബാധിച്ചു. പൂമുഖത്തും മുറികളിലും ഇരുണ്ട മൂകത പരന്നു .ആരും സംസാരിക്കാതെയായി.
എങ്ങും സങ്കടകരമായ നിശ്ശബ്ദത മാത്രം.
ഓർമയുടെ പുസ്തകത്തിലെ ഏറ്റവും വിഷമകരമായ അധ്യായമാണ് അത്.
വേദനയുടെയും ഒറ്റപ്പെടലിൻ്റെയും ഭാഷയിലെഴുതിയത്.
മൂത്ത ജേഷ്ഠൻ ഉണ്ടായിരുന്നെങ്കിലും ഞാൻ വീട്ടിൽ ഏകയായി.
അമ്മയുടെ അഭാവത്തിൽ ഞാൻ സങ്കടത്തോടെ അമ്മാമ്മയെ ചുറ്റിപ്പറ്റി നിന്നു. ഇടയ്ക്കിടെ ചേട്ടനെ കാണാൻ മുതിർന്നവരോടപ്പം ഞാൻ ആശുപത്രിയിലെത്തി.
അമ്മയേയും ചേട്ടനെയും കാണുമ്പോൾ ഞാൻ ആശ്വസിച്ചു.
സ്കൂളിലും തൊടിയിലുമെല്ലാം പ്രസരിപ്പോടെ നടന്നിരുന്ന ചേട്ടൻ പൂർണ്ണമായും രോഗക്കിടക്കയിൽ ബന്ധിക്കപ്പെട്ടത് ഞങ്ങൾക്ക് ആഘാതമായി.
രോഗത്തിൻ്റെ
ചികിൽസ ഒരു ഫലവും കാണാതെ നീണ്ടു നീണ്ടു പോയി.
യൗവ്വനാരംഭത്തിൽ ചേട്ടൻ അനുഭവിച്ച തീവ്രവേദനകൾ ,യാതനകൾ,ശസ്ത്രക്രിയകൾ, അമ്മയുടെ സഹനം, ത്യാഗം ...
കിടക്കയിലെ നിശ്ചലജീവിതത്തെ ചേട്ടൻ പുസ്തകങ്ങൾ കൊണ്ട് അതിജീവിക്കാൻ ശ്രമിച്ചു.
അക്കാലം എത്ര കഠിനമായിരുന്നുവെന്ന് ഓർക്കുന്നു.
ദീർഘകാലത്തെ ആശുപത്രിജീവിതത്തിനും നിരവധി സർജറികൾക്കും ശേഷം ചേട്ടൻ വീണ്ടും പിച്ചവെച്ചപ്പോൾ ഞങ്ങൾ ആഹ്ലാദിച്ചു, ആശ്വസിച്ചു.
അനുഭവപാഠങ്ങളുടെ കാലമായിരുന്നു അത്.
ജീവിതമെന്ന് പറയുന്നത് രോഗങ്ങളും കൂടി ചേർന്നതാണെന്നും രോഗാനുഭവങ്ങൾ ജീവിതത്തെ തന്നെ നിർവചിക്കുമെന്നും ബാല്യത്തിലെ ഞാൻ മനസ്സിലാക്കി.
കുഞ്ഞുനാളിലെ തന്നെ എൻ്റെ ഭാവനാദേശത്തു നിന്നും ഞാൻ രോഗങ്ങളെ പുറത്താക്കി.
ചേട്ടൻ്റെ രോഗകാലം ഒരു വിദൂരസ്മരണയായി മാറിക്കൊണ്ടിരുന്ന സമയത്താണ് അപ്പച്ചന് ഗുരുതരമായ ഉദരരോഗം ബാധിച്ചത്.
അടിയന്തര സർജറിയ്ക്കു ശേഷം ദിവസങ്ങളോളം അപ്പച്ചൻ നഗരാശുപത്രിയിലെ ഐ.സി.യുവിൽ കിടന്നു.
സങ്കീർണ്ണമായ ഘടനയും നിർമിതികളും കൊണ്ട് ആ വലിയ ആശുപത്രി ഭീതി ജനിപ്പിച്ചിരുന്നു.
അതിൻ്റെ നീണ്ടു നീണ്ടുപോകുന്ന ഇടനാഴികളിൽ എപ്പോഴും കനത്ത നിശ്ശബ്ദതയായിരുന്നു.
മരണം ചൂഴ്ന്ന് നിൽക്കുന്ന അതിൻ്റെ അന്തരീക്ഷത്തിൽ മാരകമായ രോഗങ്ങളുടെയും സർജറികളുടെയും പേരുകൾ മാത്രം.
അന്യഗ്രഹജീവികളെ പോലെ തോന്നിച്ചിരുന്ന ഡോക്ടർമാർ, ഞെട്ടിപ്പിക്കുന്ന ആശുപത്രി ബില്ലുകൾ ..
വല്ലാത്തൊരു അനുഭവമായിരുന്നു ആ ആശുപത്രിക്കാലം.
അപ്പച്ചൻ്റെ ബൈസ്റ്റാൻഡറായി ഐ.സി.യുവിൻ്റെ മുന്നിലിരുന്ന് ഉരുകിയ മണിക്കൂറുകൾ, ദിവസങ്ങൾ..
നിമിഷങ്ങൾ യുഗങ്ങളാണെന്ന് തോന്നിച്ചിരുന്നു.
യാതന കാലദൈർഘ്യത്തെ കൂട്ടുന്നു,
ആഹ്ലാദം കാലദൈർഘ്യത്തെ കുറയ്ക്കുന്നു.
ആ അത്യാഹിതവിഭാഗത്തിൻ്റെ മുന്നിലിരുന്നു കൊണ്ട്
ജീവിതത്തിൻ്റെ അർത്ഥത്തെക്കുറിച്ചും അർത്ഥരാഹിത്യത്തെക്കുറിച്ചും ഞാൻ ധാരാളം ചിന്തിച്ചിരുന്നു.
കഥന സ്വഭാവമുള്ള ഓർമകൾ പോലെ അതെല്ലാം മനസ്സിൽ കിടക്കുന്നു.
ഐ.സി.യുവിൻ്റെ മുന്നിലിരിക്കുന്നവരെ നിരീക്ഷിക്കുക എൻ്റെ പതിവായിരുന്നു.
സ്വയം ശൂന്യരായവർ, നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നവർ, രക്തം വിയർത്ത് പ്രാർത്ഥിക്കുന്നവർ, തീവ്രമായ ആലോചനകളിൽ മുഴുകിയവർ..
അഹന്തകൾ അലിഞ്ഞു പോകുന്ന ഇടം , ഒരിക്കലും ശിരസ്സ് കുനിക്കാത്തവർ പോലും നിസ്സാഹായരാകുന്ന സ്ഥലം..
ആരോ എഴുതിയിട്ടുണ്ട് - ജീവിതം ഒരു ആശുപത്രിയാണ് .അവിടെ ഒരോ രോഗിയും തൻ്റെ കിടക്ക മാറാൻ ആഗ്രഹിക്കുന്നു.
ആഴ്ച്ചകളോളം അപ്പച്ചൻ ബോധാബോധങ്ങളുടെ കയറ്റിറക്കങ്ങളിൽ ആയിരുന്നു.
ഏതു സമയത്തും മരണവാർത്ത ഞങ്ങൾ പ്രതീക്ഷിച്ചു.
പക്ഷെ, മരണത്തിൻ്റെ അരികിലെത്തിയ അദ്ദേഹം ഏവരേയും അമ്പരപ്പിച്ചുകൊണ്ട് ഒരു പുഞ്ചിരിയോടെ ജീവിതത്തിലേക്ക് തിരികെ വന്നു.
എങ്കിലും ഏതാനും വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പല രോഗങ്ങളും അദ്ദേഹത്തെ ആക്രമിച്ചു.
വീണ്ടും ഭീതിയുണർത്തുന്ന ആശുപത്രിക്കെട്ടിടങ്ങൾ,
മരണകവാടങ്ങൾക്കരിലുള്ള അത്യാഹിത വിഭാഗങ്ങൾ, അതിനുള്ളിലെ ജീവയന്ത്രങ്ങളുടെ മുന്നറിയിപ്പുകൾ, നിശ്ശബ്ദതകൾ, നെടുവീർപ്പുകൾ...
ഒടുവിൽ ,നഗരത്തിലെ പ്രശസ്തമായ ആ ആശുപത്രിയിലെ ഐ.സി.യു.വിൽ കിടന്ന് നാട്ടിലെ പഴയ ബാലവൈദ്യൻ ഈ ലോകത്തോട് യാത്ര പറഞ്ഞു.
കുറച്ചു നാളുകൾക്ക് മുൻപ് ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ പഴയ രോഗകാലത്തെ അസ്വസ്ഥതയോടെ ഞാനോർമിച്ചു.
തീർച്ചയായും ആ അനുഭവങ്ങൾ ജീവിതത്തെക്കുറിച്ചുള്ള എൻ്റെ കാഴ്ച്ചപ്പാടുകളെ മാറ്റിയെഴുതിയിട്ടുണ്ട്.
രോഗം സ്വയം കണ്ടെത്തുന്നതിനും വിഷമതകളെക്കുറിച്ച് പഠിക്കുന്നതിനും നമ്മെ പ്രാപ്തരാക്കുന്നുണ്ട്.
ഏറ്റവും വലിയ ദു:ഖങ്ങൾ ദാരിദ്ര്യവും അനാഥത്വവും രോഗവും വാർധക്യവുമാണ്.
പക്ഷെ ,ഈ മഹാദു:ഖങ്ങൾ എല്ലാം ഒരുമിച്ച് വരുമ്പോഴുള്ള അവസ്ഥയേക്കാൾ കഠിനമായതൊന്നും വേറെയുണ്ടെന്ന് തോന്നുന്നില്ല.
എത്രയോ മനുഷ്യർ ആ അവസ്ഥയിലൂടെ കടന്നുപോകുന്നു.
ഈ കുറിപ്പെഴുതുമ്പോൾ നിരവധി മുഖങ്ങൾ മനസ്സിൽ തെളിയുന്നു.
പ്രഗല്ഭരായ ഡോക്ടർമാർ, പുഞ്ചിരിയുമായി പ്രത്യക്ഷപ്പെടുന്ന നഴ്സുമാർ..
കഴിഞ്ഞ ജനുവരിയിൽ ആശുപത്രിയിലായിരുന്ന സമയത്ത് നഴ്സുമാരുടെ അർപ്പണത്തെക്കുറിച്ചും അധ്വാനത്തെക്കുറിച്ചും ഞാൻ കാര്യമായി ആലോചിച്ചു.
ഏതെല്ലാം തരത്തിലുള്ള രോഗികളും രോഗങ്ങളുമായാണ് അവർ ഇടപെഴുകുന്നത് .
ചില പ്രത്യേകവിഭാഗം വാർഡുകളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ സേവനത്തിനും ത്യാഗത്തിനും തുല്യമായി മറ്റൊന്നുമില്ല.
സമർത്ഥനായ ഒരു ഡോക്ടർക്ക് സമൂഹത്തിൽ അംഗീകാരവും ഉയർന്ന പ്രതിഫലവുമുണ്ട്.
പക്ഷെ, ഡോക്ടറുടെ നിർദ്ദേശങ്ങൾ കൃത്യമായി നിർവഹിക്കുകയും രോഗിയെ അതീവശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്യുന്ന നഴ്സുമാർക്ക് അവരർഹിക്കുന്നത് ലഭ്യമാകുന്നില്ല.
നഴ്സിങ് മേഖലയോടുള്ള അവഗണന കൊണ്ടാണല്ലോ സമീപകാലത്ത് പല സമരങ്ങളും ഉണ്ടായത്.
നഴ്സ് ആകുക എന്നത് ആത്മാർപ്പണം തന്നെയാണ് .രോഗികളുടെയും രോഗങ്ങളുടെയും ലോകത്തിലേക്കുള്ള പ്രവേശനം.
അനേകം ദുരിതങ്ങൾക്ക് നടുവിലാണെങ്കിലും
ഒരു രോഗി എപ്പോഴും പ്രത്യാശയുടെ ലോകത്തായിരിക്കുമെന്നും ആ രോഗിയെ കരുണയോടെ സമീപിക്കുകയാണ് ഒരു നഴ്സിൻ്റെ കടമയെന്നും എന്നോട് പറഞ്ഞ ഒരു നഴ്സിൻ്റെ നിർമ്മലമായ മുഖം ഓർമ വരുന്നു.
വാർഡിൽ ,ഐ.സി.യുവിൽ, ഓപ്പറേഷൻ തിയേറ്ററിൽ എല്ലാം മനുഷ്യജീവനു വേണ്ടി എല്ലാ ഇന്ദ്രിയങ്ങളെയും സജീവമാക്കിക്കൊണ്ട് അവർ കാവലിരിക്കുന്നു.
നമ്മുടെ ജീവനോളം വില അവരുടെ ജീവിതത്തിനും നാം കൊടുക്കേണ്ടതുണ്ട്.
സ്നേഹത്തിൻ്റെയും സാന്ത്വനത്തിൻ്റെയും തണൽ വിരിയിച്ചുകൊണ്ട് നിൽക്കുന്ന എൻ്റെ പ്രിയ സ്നേഹിതമാരടക്കമുള്ള ലോകമെങ്ങുമുള്ള ജീവൻ്റെ മാലാഖമാർക്ക് ആദരം അർപ്പിച്ചുകൊണ്ട്
-- ജാസ്