വായനയ്ക്കുമുമ്പ്
വായനയ്ക്കുമുമ്പ് എന്ന പേരിൽ എം.എം.അക്ബറിന്റെ പുസ്തകത്തിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചുള്ള പരാമർശനങ്ങൾ സത്യത്തിനു നിരക്കാത്തതും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ്. പ്രവാചകനായ മുഹമ്മദ് മുസ്ളീം വിശ്വാസികളോട് സത്യത്തിന്റെ പാതയിൽ നടക്കുന്നതിൽ ഖുറാൻ വായിക്കുന്നതു കൂടാതെ ബൈബിൾ കൂടി വായിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. (സുറാ 7:145) അതിൽ നിന്നും മുസ്ലീം സഹോദരന്മാരെ പിൻതിരിപ്പിക്കാനും സത്യം അവർ മനസ്സിലാക്കാതിരിക്കാനുമാണോ, പ്രവാചകനായ മുഹമ്മദ് ഉദ്ദേശിച്ച പുസ്തകങ്ങൾ അല്ല ഇന്നുള്ള ബൈബിൾ എന്ന് വാദിക്കുന്നത്? എങ്കിൽ, ശരിയായ പുസ്തകങ്ങൾ ഏതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട കടമ ശ്രീ. അക്ബറിനുണ്ട്. തുടർന്നുള്ള അദ്ധ്യായങ്ങളിൽ അതിനെപ്പറ്റി വിശദമായി പ്രതിപാദിയ്ക്കാം.
മുസ്ലീങ്ങളെ ക്രിസ്ത്യാനികളാക്കാൻ വേണ്ടി എഴുതപ്പെട്ട പുസ്തകങ്ങൾ എം.എം.അക്ബർ വായിച്ചെന്നും അതിലെ വാദമുഖങ്ങളെ പരിശോധിച്ചു ഖുറാന്റെ വെളിച്ചത്തിൽ ബൈബിളിനെ പഠനവിധേയമാക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഖുറാൻ അതിൽ തന്നെ പൂർണ്ണമാണെങ്കിൽ പ്രവാചകനായ മുഹമ്മദ് ബൈബിൾ മുസ്ലീം സഹോദരങ്ങൾ വായിക്കണമെന്ന് ആവശ്യപ്പെടുകയില്ലായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുവിലേക്കുള്ള ഒരു ചൂണ്ടുപലക ആയിത്തീരണമെന്നാണ് ഇസ്ലാം മതത്തെപ്പറ്റി ദൈവം ആഗ്രഹിച്ചത് എന്ന് കരുതാം. എം.എം.അക്ബർ വായിച്ചെന്നു പറയുന്ന മുസ്ലീംങ്ങളെ ക്രിസ്ത്യാനികളാക്കാൻ എഴുതിയ പുസ്തകങ്ങൾ ഏതൊക്കെയാണെന്ന് പറയുന്നില്ല. ക്രിസ്ത്യാനികളെപ്പറ്റിയുള്ള തെറ്റായ ധാരണകൾകൊണ്ടാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ ചെയ്യുവാൻ സംഗതിയാകുന്നത്.
ക്രിസ്തീയ വിശ്വാസമനുസരിച്ച് മനുഷ്യമനസ്സുകളിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം കൂടാതെ ഒരു വ്യക്തിക്കും മറ്റൊരാളെ ക്രിസ്തീയവിശ്വാസിയാക്കാൻ കഴിയുന്നതല്ല. ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരു വ്യക്തിയിൽ പ്രവൃത്തിച്ചിട്ടല്ലാതെ ഒരാൾക്ക് ക്രിസ്തു ദൈവപുത്രനാണെന്ന് പറയുവാൻ കഴിയുകയില്ല.( 1 കൊരിന്ത്യർ 12 :3) അതുകൊണ്ട് ആരെയും ക്രിസ്ത്യാനിയാക്കുവാൻ മാനുഷികമായ നിലയിൽ സാദ്ധ്യമല്ല. മതം മാറ്റം എന്നുള്ളത് പ്രചാരണം മാത്രമാണ.് ഏതു പൗരനും തന്റെ മതവിശ്വാസത്തെപ്പറ്റി മറ്റുള്ളവരോട് പറയുവാൻ ഇന്ത്യൻ ഭരണഘടന അവകാശം തരുന്നുണ്ട്. ഖുറാൻ സൂക്തങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയും വളച്ചൊടിച്ചും ആരെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ പേരെടുത്തുപറഞ്ഞ് ആ വ്യക്തികളെയും പുസ്തകത്തെയും വായനക്കാർക്ക് പരിചയപ്പെടുത്തണം. വാദി പ്രതിയായെന്നു പറയുന്നതു പോലെ ആരാണ് അടർത്തിമാറ്റുകയും വളച്ചൊടിക്കുകയും ചെയ്തതെന്ന് നാം കാണാൻ പോകുന്ന കാര്യമാണ്. അത് മാന്യവായനക്കാർ തന്നെ തീരുമാനിച്ചു കൊള്ളട്ടെ.
എം.എം.അക്ബർ എഴുതിയ ''ബൈബിളിന്റെ ദൈവികത''യുടെ ആദ്യപതിപ്പിനെ മിഷനറിമാർ അസഹിഷ്ണുതയോടുകൂടിയാണ് കണ്ടത് എന്നാണ് ആരോപണം. അസഹിഷ്ണതയിൽ നിന്ന് അവർ എന്തു ചെയ്തു എന്ന് വ്യക്തമാക്കിയിട്ടില്ല. എം.എം.അക്ബറിന് ഒരു മറുപടി പോലും എഴുതുവാൻ കേരളത്തിലെ ഏതെങ്കിലും ക്രിസ്തീയ വിഭാഗം ശ്രമിച്ചതായി അറിയില്ല. എന്നാൽ അതേ പുസ്തകത്തിന്റെ അടുത്ത പതിപ്പ് കൂടുതൽ തെറ്റിദ്ധാരണകളുളവാക്കുന്ന പ്രസ്താവനകളുമായി പുറത്തിറക്കുകയായിരുന്നു. എം.എം.അക്ബർ ചെയ്തത്. വ്യക്തിപരമായ ഏത് ആക്രമണത്തെയും പ്രതിരോധിക്കാതെ ദൈവത്തിനു സമർപ്പിക്കുവാനാണ് ബൈബിൾ ഉപദേശിക്കുന്നത്. (റോമർ 12:14) ഇത് വ്യക്തിപരമായ ഒരു ആക്രമണമല്ല ഒരു സമൂഹത്തിനു നേരെയുള്ള ആക്രമണമായതു കാരണം പ്രതികരിക്കാതെ വയ്യ. യേശുക്രിസ്തുവും തന്നെ വ്യക്തിപരമായി ഉപദ്രവിച്ചവരോടും അധിക്ഷേപിച്ചവരോടും ഒന്നും പകരം ചെയ്യാതെ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. എന്നാൽ യെരുശലേം ദേവാലയം ശുദ്ധീകരണത്തിനായി ഒരു ചാട്ടവാറുമായി എല്ലാ കള്ളന്മാരെയും കൊള്ളക്കാരെയും പുറത്താക്കാൻ യേശുവിനു ഒരു മടിയുമില്ലായിരുന്നു.
മുസ്ലീങ്ങളോട് ക്രിസ്ത്യൻ മിഷനറിമാർ അസഹിഷ്ണുതകാണിച്ചെന്നും വഞ്ചനാത്മകമായ മാർഗ്ഗങ്ങളുപയോഗിച്ച് മതപ്രചാരണം നടത്തിയെന്നുമാണ് ആരോപണം ഉന്നയിക്കുന്നതെങ്കിലും എന്തടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങൾ എന്ന് വ്യക്തമാക്കുന്നില്ല. മാന്യവായനക്കാർ തന്നെ ഈ പുസ്തകം വായിച്ച് ഇതിലടങ്ങിയിരിക്കുന്ന കാര്യങ്ങൾ എം.എം.അക്ബർ ആരോപിക്കുന്ന രീതിയിലാണോയെന്ന് തീരുമാനിച്ചുകൊള്ളട്ടെ. അസഹിഷ്ണതയുടെ കാര്യത്തിൽ ചരിത്ര വിദ്യാർത്ഥികൾ ഈ ആരോപണം സമ്മതിച്ചുതരികയില്ല. ചരിത്രം പഠിച്ചാൽ പല മദ്ധ്യപൂർവ്വേഷ്യയിലെ മുസ്ലീ രാജ്യങ്ങളിലെ ഭരണാധിപന്മാർ എത്രമാത്രം അസഹിഷ്ണുതയോടു കൂടിയാണ് മറ്റു മതങ്ങളെ കണ്ടതും അവരോടു പെരുമാറിയിട്ടുള്ളതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതും എന്നതിന് ചരിത്രവും പത്രവാർത്തകളും സാക്ഷിയാണ്. ഈജിപ്ത്, സൗദിഅറേബ്യ മുതലായ രാജ്യങ്ങളിൽ ക്രിസ്ത്യാനികളോട് കാണിക്കുന്ന വിവേചനം ലോകപ്രസിദ്ധമാണ്. അവിടെ പുതുതായി ഒരാൾക്ക് മതത്തിലേക്ക് ചേരാനോ, ഒരു പുതിയ പള്ളി പണിയുന്നതിനോ ഉള്ള സ്വാതന്ത്ര്യം ഇല്ല. ഉള്ള പള്ളികൾ അറ്റകുറ്റപ്പണികൾ തീർത്തു പുതുക്കി പണിയണമെങ്കിൽ പോലും ഗവൺമെന്റിന്റെ അനുവാദം വാങ്ങിയിരിക്കണം. 90% ക്രിസ്ത്യാനികൾ ആയിരുന്ന ഭൂവിഭാഗങ്ങളിൽ എങ്ങനെയാണ് ഇന്ന് രണ്ടു ശതമാനം പോലും ക്രിസ്ത്യാനികൾ ഇല്ലാതായത്. സ്ഥിതിവിവരക്കണക്കുകൾ സത്യം പുറത്തുകൊണ്ടുവരുന്നതിന് വായനക്കാരെ സഹായിക്കുമെന്നു കരുതുന്നു. കേരളത്തിൽ പോലും ഈ അടുത്തകാലത്ത് ചിൽപാലവാദം എന്ന പേരിൽ വളരെയധികം കോലാഹലം സൃഷ്ടിച്ചതായ സംഭവത്തിൽ ഈ അസഹിഷ്ണത പരക്കെ എല്ലാവരും അറിഞ്ഞതുമാണ.് ഭൂരിപക്ഷം മുസ്ലീം സഹോദരി സഹോദരന്മാരും ദൈവത്തെ ഭയപ്പെട്ട് ഇസ്ലാം അഥവാ സമാധാനം എന്ന പേര് അന്വർത്ഥമാക്കത്തക്കവണ്ണം മറ്റുമതങ്ങളുമായി സമാധാനത്തിൽ കഴിയുന്നവരാണ്. എന്നാൽ ചില നേതാക്കന്മാർ സ്വാർത്ഥ താൽപര്യത്തിനുവേണ്ടി ചിലരെ ഇളക്കിവിടുകയും അക്രമാസക്തമായി നിയമം കൈകളിലെടുക്കാനും കൈവെട്ടിക്കളയാനും വരെ തുനിഞ്ഞു എന്നുള്ളത് പരമാർത്ഥമാണ്. മുസ്ലീങ്ങൾ വായിക്കണമെന്ന് പ്രവാചകനായ മുഹമ്മദ് നിർദ്ദേശിച്ച ബൈബിൾ പറയുന്നത് ശത്രുക്കളെ സ്നേഹിക്കണമെന്നാണ്. (മത്തായി 5: 43-45) അതിനു കഴിവില്ല എങ്കിൽ, പഴയപ്രമാണം, പല്ലിനു പകരം പല്ല് കണ്ണിനു പകരം കണ്ണ്; അതായത് ആരെങ്കിലും പല്ലിനു കേടുവരുത്തുകയാണെങ്കിൽ കേടുവരുത്തിയ ആളിന്റെ പല്ലിനു കേടുവരുത്താം. അതല്ല കണ്ണാണെങ്കിൽ കണ്ണിനു കേടുവരുത്താമെന്നല്ലാതെ ആ വ്യക്തിക്ക് അതിൽ കൂടിയ ഒരു ശിക്ഷയോ ആളിന്റെ ജീവനോ എടുക്കുന്നതിന് ഒരു അവകാശവുമില്ല. തോറയും ശത്രുക്കളെ സ്നേഹിക്കാനാണ് പറയുന്നത്. (ലേവ്യ 19:18, പുറപ്പാട് 23:43, 1 ശമു.24:5, ഇയ്യോബ് 31:29, സങ്കീ. 7:4, സദൃശ. 24:17, 19,സദൃശ.25:21)
ആരെങ്കിലും മുസ്ലീം സമുദായത്തെയോ പ്രവാചകനെയോ ബഹുമാനമില്ലാത്തരീതിയിൽ എഴുതിയെങ്കിൽ അതിലെ തെറ്റ് ചൂണ്ടിക്കാണിച്ച് മറുപടി എഴുതുകയോ കൂടിയപക്ഷം അതുപോലെ തിരിച്ചും ഒന്നെഴുതാനോ ഉള്ള അവകാശമേ പഴയനിയമം തരുന്നുള്ളൂ. പുതിയ നിയമത്തിൽ (ഇൻജിൽ) വ്യക്തിപരമായ ഹാനിയാണെങ്കിൽ സഹിക്കാനും ക്ഷമിക്കാനുമാണ് യേശുക്രിസ്തു ഉപദേശിക്കുന്നത്. ഇത് മുസ്ലീങ്ങളും വായിച്ച് മനസ്സിലാക്കണമെന്നാണ് പ്രവാചകനായ മുഹമ്മദ് പറയുന്നത്. വ്യക്തിപരമായ ആക്രമണമാണെങ്കിൽ സഹിക്കാനും ക്ഷമിക്കാനും ക്രിസ്തു ഉപദേശിക്കുന്നു എങ്കിൽ കണ്ടുനിൽക്കുന്നവരിൽ നീതിബോധമുള്ളവർക്ക് വേണ്ട വിധത്തിൽ പ്രതികരിക്കാനുള്ള അവകാശവും അതു നിഷേധിക്കുന്നില്ല. മൂഢൻ തന്റെ മൂഢതകൊണ്ട് തല്ലു വിളിച്ചു വരുത്തുകയാണെന്നാണ് ബൈബിൾ പറയുന്നത്. അതുപോലെ മൂഢനു തനിക്കുതന്നെ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന് അവന്റെ മൂഢതക്കൊത്തവണ്ണം അവനോട് പ്രതികരിക്കേണമെന്നു ബൈബിൾ പറയുന്നു. (സദൃശ. 26 : 4-5)
പ്രവാചകനായ മുഹമ്മദ് മുസ്ലീങ്ങളോട് വായിക്കണമെന്ന് നിർദ്ദേശിച്ചതായ തൗറത്തും ഇൻജിലും ഇന്നു നിലവിലുള്ള തൗറത്തും ഇൻജിലുമല്ല എന്ന മുടന്തൻ ന്യായം ഉന്നയിച്ച് ജനങ്ങൾ അതു വായിക്കുന്നതിനെ തടഞ്ഞിരിക്കുകയാണ്. പ്രവാചകനായ മുഹമ്മദ് എഴുത്തും വായനയും അറിയാൻ വയ്യാത്ത വ്യക്തിയായിരുന്നു. പറഞ്ഞു കൊടുത്ത കാര്യങ്ങൾ പ്രവചകന്റെ മരണശേഷം അതു കേട്ടവരെ വിളിച്ചുവരുത്തി അവരുടെ ഓർമ്മയിൽ നിന്ന് എഴുതിപ്പിക്കുകയും അന്നുവരെ എഴുതിവച്ചിരുന്ന സുറാകളും ചേർത്ത് ക്രോഡീകരിച്ചതാണ് ഖുറാൻ എന്നാണ് പാരമ്പര്യവും ചരിത്രവും പറയുന്നത്.
എന്നാൽ പ്രവാചകനായ മുഹമ്മദിന്റെ മരണശേഷം ഹദിസുകൾ എന്നുപറയുന്ന ഗ്രന്ഥങ്ങൾ എഴുതിയുണ്ടാക്കുകയും (അതിലെ നല്ല ഭാഗവും ഖുറാനിലില്ലാത്തവയാണ്) സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തിയവർക്ക്, ഖുറാൻ പല സമുദായിക രാഷ്ട്രീയ പ്രശ്നങ്ങളും പരിഹരിക്കാൻ പര്യാപ്തമല്ല എന്നുവന്നപ്പോൾ, പ്രവാചകന്റെ നടപടിക്രമങ്ങൾ, പാരമ്പര്യങ്ങളായി, പ്രവാചകൻ ചെയ്യുന്നതായി ഹദിസ് എഴുതിയുണ്ടാക്കുകയാണ് ചെയ്തതെന്ന് ചിന്തിക്കുന്ന ചരിത്രകാരന്മാരുണ്ട്. പ്രവാചകന്റെ മരണശേഷം 150-200 വർഷങ്ങൾക്കുശേഷമാണ് ഹാദിസുകൾ ക്രോഡീകരിക്കുന്നത്. മനുഷ്യനായാൽ തെറ്റുപറ്റുമെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ഹദിസ് ക്രോഡീകരിച്ചതിൽ പ്രവാചകൻ അറിയാത്ത വാക്കുകൾ, ആശയങ്ങൾ, സന്ദേശങ്ങൾ ആദിയായവ പിന്നീടുവന്ന ഭരണകർത്താക്കൾ മുൻകൈയെടുത്ത് അവരുടെ സ്വാർത്ഥതാൽപര്യത്തിനായി എഴുതിച്ചേർത്തില്ല എന്ന് ആർക്കെങ്കിലും തീർത്തുപറയാമോ?. ഇങ്ങനെ ചെയ്യുന്നവരെ ഉദ്ദേശിച്ചുകൂടിയല്ലേ പ്രവാചകനായ മുഹമ്മദ് മതഗ്രന്ഥങ്ങൾ മാറ്റിയെഴുതുന്നവരെപ്പറ്റി മുന്നറിയിപ്പു തരുന്നത്. ഇതു വരാതെയിരിക്കാൻ വേണ്ടിയല്ലേ മുസ്ലീങ്ങൾ ബൈബിൾ വായിക്കണമെന്ന് പ്രവാചകൻ നിർദ്ദേശിക്കുന്നത്.
ഖാലിഫ് ആയിരുന്നു അബുബക്കർ ഖുറാൻ പൂർത്തിയാക്കുമ്പോൾ പ്രവാചകനായ മുഹമ്മദ് മരിച്ചുകഴിഞ്ഞിരുന്നു. അതിലെ വിവരങ്ങൾ താൻ പറഞ്ഞതു തന്നെയാണോ എന്ന് തീർപ്പുവരുത്തുന്നതിനു അദ്ദേഹം ഇല്ലാതെപോയി. എന്നാൽ വിശുദ്ധവേദപുസ്തകത്തിന്റെ കാര്യത്തിൽ ഇതല്ല സംഭവിച്ചത്. പരിശുദ്ധാത്മ നിയോഗം പ്രാപിച്ച നാല്പതിലധികം പ്രവാചകന്മാർ 1600 വർഷത്തിനുള്ളിൽ എഴുതി ബൈബിളിന്റെ വിശ്വാസീയത അതു ക്രോഡീകരിച്ചവർ ഉറപ്പ് (confirm) വരുത്തിയതിനുശേഷമാണ് ബൈബിൾ ഇന്നത്തെ രൂപത്തിൽ നമുക്കു ലഭിച്ചിരിക്കുന്നത്. ഖുറാന്റെ ക്രോഡീകരണത്തിൽ സമ്രാജ്യത്തിൽ നിലവിലിരുന്നതായ ഖുറാന്റെ പല കൈയ്യെഴുത്തു പ്രതികൾ ഉണ്ടായിരുന്നത് നശിപ്പിച്ചുകളയുകയും ഒരെണ്ണം മാത്രം സൂക്ഷിക്കുകയും ചെയ്തായി ചരിത്രം പറയുന്നു. (Bukhari sahhih al Bukhari 6 : 61 : 510) എന്നാൽ ബൈബിൾ പുസ്തകങ്ങളുടെ കൈയ്യെഴുത്തുപ്രതികൾ തമ്മിൽ വിഭജിച്ചിരിക്കുന്ന പല ക്രിസ്ത്യൻ വിഭാഗങ്ങളുടെയും കൈവശമായി ചിതറിക്കിടക്കുന്നതിനാൽ അതിൽ മാറ്റങ്ങൾ വരുത്തുക പ്രായോഗികമല്ല. ഇങ്ങനെയുള്ള പല കൈയെഴുത്തു പ്രതികൾ സമാഹരിച്ച് വിശുദ്ധ പിതാക്കന്മാർ പഠിച്ചതിനു ശേഷമാണ് ഇന്നു കാണുന്ന രൂപത്തിൽ വിശുദ്ധവേദപുസ്തകം ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്.
യേശുക്രിസ്തു തന്റെ ഐഹിക ജീവിതകാലത്ത് ഒന്നും എഴുതിവച്ചതായി ശിഷ്യന്മാരോ ചരിത്രകാരന്മാരോ പറയുന്നില്ല. യേശു തന്നെ പറയുന്നത് പരിശുദ്ധാത്മാവു വരുമ്പോൾ നിങ്ങളെ സകല സത്യത്തിലും വഴിനടത്തുമെന്നാണ്. (യോഹന്നാൻ 14: 26, 16: 13) ആ പരിശുദ്ധാത്മാവാണ് വേദപുസ്തകം ഇന്നു കാണുന്ന രീതിയിൽ ജനങ്ങൾക്കു മാർഗ്ഗനിർദ്ദേശത്തിനായി ലഭിക്കുന്നതിന് വിവിധ എഴുത്തുകാരിൽ കൂടി സംഗതിയാക്കിയത്.
എം.എം. അക്ബർ എഴുതിയ പുസ്തകത്തിനു മറുപടിയായി ക്രിസ്തുമതത്തെ പ്രതിരോധിക്കാൻ ചിലർ സംഘടനകളുണ്ടാക്കിയതായി അദ്ദേഹം പറയുന്നു. ഈ സംഘടനകൾ ഏതാണെന്ന് അറിഞ്ഞാൽ കൊള്ളാം. ഇങ്ങനെയുള്ള സംഘടനകളുടെ തണലില്ല ക്രിസ്തുമതം വളർന്നതും കൊടും പീഢനങ്ങളെ അതിജീവിച്ചതെന്നും ചരിത്ര സത്യമാണ്. യേശുക്രിസ്തു പറയുന്നത് ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും. പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നാണ്. ( മത്തായി 16 :18) ചരിത്രം പഠിച്ചാൽ അത് അങ്ങനെതന്നെ സംഭവിച്ചു എന്നു കാണാൻ സാധിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ദൈവത്തിന്റെ പദ്ധതിയനുസരിച്ച (അബ്രാഹാമിനോട് ഇസ്മായേലിനെപ്പറ്റി ഞാൻ അവനെയും വലിയ ഒരു ജാതിയാക്കും എന്ന പ്രവചനത്തിന്റെ നിവൃത്തി) സഭക്ക് ചില ക്ഷീണം സംഭവിച്ചോ എന്ന സംശയം തോന്നിക്കാമെങ്കിലും ആത്യന്തികമായി സഭയുടെ സംരക്ഷകൻ ദൈവമാണ്. ദൈവം അത് വേണ്ടരീതിയിൽ ചെയ്തിട്ടുണ്ട്. ചെയ്തുകൊള്ളും. ദൈവം പ്രവർത്തിക്കുന്നത് മനുഷ്യരിൽ കൂടിയാണെന്നുള്ള സത്യവും മറച്ചുവെക്കുന്നില്ല. എ.എം. അക്ബറിന് മറുപടിയായി എഴുതിയ പുസ്തകം മാന്യതയുടെ അതിർവരമ്പു ലംഘിച്ചുവെന്നാരോപിക്കുമ്പോൾ അതു ഏതു പുസ്തകമാണെന്ന് പറയാൻ വിസമ്മതിക്കുന്നു. അതെന്തുമാവട്ടെ എ.എം. അക്ബർ എഴുതിയ പുസ്തകം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചിട്ടുണ്ടോ എന്ന് മാന്യവായനക്കാർ തന്നെ തീരുമാനിക്കട്ടെ.
എന്നാൽ പ്രവാചകനായ മുഹമ്മദിനെപ്പറ്റിയുള്ള ഈ എഴുത്തുകാരനുള്ള അഭിപ്രായം കൂടി കുറിച്ചുകൊള്ളട്ടെ. മുഹമ്മദ് മുസ്ലിങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ പ്രവാചകനായിരുന്നു. പ്രവാചകൻ ഖുറാനായി പറഞ്ഞുകൊടുത്ത വാക്കുകൾ ദൈവത്തിൽ നിന്നുള്ളതും ഒരു വ്യക്തി മുസ്ലിം ആയിരിക്കുന്നിടത്തോളം കാലം പാലിക്കാൻ ബാദ്ധ്യസ്ഥനുമാണ്.
മറ്റു ഏതു മതഗ്രന്ഥങ്ങളിലും കയറിക്കൂടിയിട്ടുള്ളതും പകർത്തിയെഴുതിയതിലുള്ളതും, കാലപ്പഴക്കം കൊണ്ടും ഭാഷാ ശൈലികളുടെ പ്രയോഗത്തിലും വ്യാഖ്യാനത്തിലും വന്ന ചെറിയ കുറവുകൾ അവിടെയും ഇവിടെയും ഉള്ളതുപോലെ ഖുറാനിലും ഉണ്ടെന്നുള്ള വീക്ഷണങ്ങളും നിലവിലുണ്ട് എന്ന കാര്യവും മറച്ചുവെക്കുന്നില്ല.
കാരണമില്ലാതെ കാര്യമുണ്ടാവുകയില്ല എന്ന തത്വത്തിൽ ദൈവം കാരണമില്ലാതെ പ്രവാചകൻ എന്ന മഹനീയ പദവിയിലേക്ക് ഒരു വ്യക്തിയെ ഉയർത്തുകയില്ല. ഇന്നും ലോകമെല്ലാം ജനങ്ങൾ ആദരിക്കുന്ന ദൈവത്തിന്റെ പ്രവാചകനാണ് മുഹമ്മദ്.
ചെറുപ്പം മുതൽ തന്നെ മുഹമ്മദ് (ജനിച്ചപ്പോഴെത്തെ പേര് വ്യത്യസ്തമായിരുന്നു) വളരെ കരുണാവിവശനും അനുകമ്പയും ആർദ്രതയും ഉള്ള വ്യക്തിയായിരുന്നു. ഖദീജയുടെ സമ്പത്തിൽ കൂടി സമ്പന്നനായി തീർന്ന ശേഷവും ഈ സ്വഭാവത്തിന് മാറ്റം വന്നില്ല. താൻ ജനിച്ചുവളർന്ന നഗരത്തിലെ ലോകസ്നേഹവും പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വിടവും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. ചില മോഷ്ടാക്കൾ നാശം വരുത്തിയതായ നഗരത്തിലുള്ള കാബാ പ്രതിഷ്ഠിച്ചിരുന്നതായ ക്ഷേത്രത്തിന്റെ മതിലുകൾ പുതുക്കി പണിയുന്നതിൽ ഖദീജയിൽ നിന്നും ലഭിച്ചതായ സമ്പത്ത് ഉപയോഗിക്കുന്നതായി കാണുന്നു. വർഷത്തിൽ ഒരു മാസം സാധുക്കളുടെ പരിപോഷണത്തിനും ഉന്നമനത്തിനും ചിലവഴിച്ചിരുന്നതായി കാണുന്നു. എ.ഡി. 610-ൽ ഈ സേവനത്തിന്റെ വ്യാപൃതനായിരിക്കുന്ന മാസമാണ് അദ്ദേഹത്തിന് ഗബ്രിയേൽ ദുതൻ പ്രത്യക്ഷപ്പെടുന്നത്.
പ്രവാചകനായ മുഹമ്മദിനെപ്പറ്റി ആദരവില്ലാതെ പലരും പലതും എഴുതുകയും പറയുകയും ചെയ്തതായി കേട്ടിട്ടുണ്ട്. കേട്ടതൊക്കെ ശരിയാണോ എന്നു തീർച്ചവരുത്താതെ മറ്റുള്ളവരോട് പങ്കുവയ്ക്കുന്നത് ശരിയല്ല. ബലഹീനതകളില്ലാത്ത മനുഷ്യരില്ലല്ലോ. ദൈവം പ്രവാചകനായി വിളിച്ച വ്യക്തിയെ വിമർശിക്കാൻ ശങ്കിക്കാത്തതെന്താണെന്ന് മോശയോടുള്ള വിഷയത്തിൽ മിരിയാമിനോടു ദൈവം ചോദിക്കുന്നത്. അതുകൊണ്ട് പ്രവാചകനായ മുഹമ്മദിനെയോ ഖുറാനെപ്പറ്റിയോ ആദരവില്ലാതെ സംസാരിക്കുന്നത് വിവേകശൂന്യതയാണ്.
എം.എം. അക്ബർ ഇതുപോലെയൊരു പുസ്തകം എഴുതിയതുകൊണ്ടാണ് ഈ എഴുത്തുകാരനും അതിലെ തെറ്റിദ്ധാരണകൾ നീക്കുവാനും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാനും ജനങ്ങളെ കാര്യങ്ങളുടെ നിജസ്ഥിതി പറഞ്ഞു മനസ്സിലാക്കുന്നതിനും ഒരു അവസരം ലഭിച്ചത്. അതുകൊണ്ട് എം.എം അക്ബറിന് ഇതിനുള്ള പങ്കിൽ നന്ദി പറയുകയും പരോക്ഷമായി താൻ ചെയ്ത പ്രയത്നത്തിന് സ്വർഗ്ഗത്തിലെ ദൈവം പ്രതിഫലം നൽകി ആദരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.