ആർട്ട് സൊസൈറ്റി, എഴുപതുകളിൽ കോട്ടയത്തെ കലാസ്വാദകർ ചേർന്ന് ആരംഭിച്ച പ്രസ്ഥാനം. നാടകം, പാട്ടു കച്ചേരി തുടങ്ങി കഴമ്പുള്ള കലാപരിപാടികൾ മാസത്തിൽ ആദ്യ ശനിയാഴ്ച അവതരിപ്പിക്കും. കോട്ടയം മാമ്മൻ മാപ്പിള ഹാളാണ് സ്ഥിരം വേദി.
അക്ഷര നഗരിയിലെ പ്രമുഖർ എല്ലാം ഉണ്ടാകും കാഴ്ചക്കാരായി. കെ.പി.എ.സി, എൻ.എൻ പിള്ളയുടെ വിശ്വകേരള കലാ സമിതി, ഒ മാധവന്റെ കാളിദാസ കലാകേന്ദ്രം, കോട്ടയം നാഷണൽ തീയേറ്റേഴ്സ് തുടങ്ങി പ്രമുഖ നാടക സമിതികളുടെ നാടകങ്ങൾ കണ്ടത് ആർട്ട് സൊസൈറ്റിയിലൂടെയാണ്. ഞാനന്ന് കോട്ടയം സി.എം.എസ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
മലയാള മനോരമയിലെ അന്നാമ്മ കൊച്ചമ്മ എന്നു ഞങ്ങൾ വിളിക്കുന്ന മിസിസ്സ് കെ. എം മാത്യുവും, മാത്തുക്കുട്ടിച്ചായൻ എന്ന കെ.എം മാത്യുവും സൊസൈറ്റിയുടെ സ്ഥാപക മെമ്പറന്മാരാണ്. എല്ലാ പ്രോഗ്രാമിനും ഇരുവരുമുണ്ടാകും. ഈ സമയത്താണ് മലയാള മനോരമ വനിത മാസിക ആരംഭിച്ചത്. മിസ്സിസ് കെ.എം മാത്യുവാണ് എഡിറ്റർ. മലയാളത്തിലെ ആദ്യ വനിതാ മാസിക വളരെ വേഗം ശ്രദ്ധ പിടിച്ചു പറ്റി. പംക്തികളിൽ മിസ്സിസ് കെ.എം മാത്യുവിന്റെ പാചകക്കുറിപ്പുകൾക്കായിരുന്നു ആരാധകർ ഏറെ. കേക്ക്, വൈൻ തുടങ്ങി പിസ്സ, പാസ്ത പോലെ അതുവരെ കേൾക്കാത്ത വിദേശ ഡിഷുകളും കൊച്ചമ്മയുടെ പാചക പരീക്ഷണങ്ങളായി വനിതയിൽ വന്നുതുടങ്ങി. എനിക്ക് ഇതത്ര പിടിച്ചില്ല, കുറച്ചു കൂടി രുചികരമായി ചക്കകൂട്ടാനും, മത്തിക്കറിയും എങ്ങനെ ഉണ്ടാക്കാം എന്നല്ലേ പറയേണ്ടത് എന്നാണ് ഞാൻ ചിന്തിച്ചത്. എന്തായാലും അന്നാമ്മ കൊച്ചമ്മയെ ഒന്ന് കളിയാക്കാൻ ഞാൻ തീരുമാനിച്ചു. അടുത്ത
ആർട്ട് സൊസൈറ്റി പ്രോഗ്രാം യേശുദാസിന്റെ സംഗീത കച്ചേരിയാണ്. അപ്പോൾ കൊടുക്കാൻ പാകത്തിന് ഞാനൊരു പാചകക്കുറിപ്പ് തയ്യാറാക്കി.
പ്രോഗ്രാം തുടങ്ങാൻ താമസിക്കുകയാണ്, യേശുദാസുമായി സംഘാടകർ തർക്കത്തിലാണ്. കച്ചേരിക്കിടയിൽ സിനിമപ്പാട്ട് പാടണമെന്ന് സംഘാടകർ, പറ്റില്ലെന്ന് യേശുദാസും. കർട്ടന് പിന്നിൽ തർക്കം തുടരുമ്പോൾ മിസ്സിസ് കെ.എം മാത്യുവും, കെ.എം മാത്യുവും ഹാളിലേക്ക് കടന്നു വന്ന് ഉപവിഷ്ടരായി. താമസിയാതെ കൊച്ചമ്മയുടെ അടുത്ത കസേരയിൽ ഞാനും ചെന്ന് ഇരുന്നു. കുശലാന്വേഷണത്തിനു ശേഷം കൈയ്യിൽ കരുതിയിരുന്ന
കുറിപ്പ് കൊടുത്തിട്ട് പറഞ്ഞു
"ഇത് ഞാൻ തയ്യാറാക്കിയ ഒരു പാചകക്കുറിപ്പാണ്, കൊച്ചമ്മ ഇതൊന്നു വായിച്ചു നോക്കണം" കൗതുകപൂർവ്വം കൊച്ചമ്മ കുറിപ്പ് വായിക്കാൻ തുടങ്ങി. താമസിയാതെ കൊച്ചമ്മ ചിരി തുടങ്ങി, ചിരിച്ച്, ചിരിച്ചു മുൻപിലെ കസേരയുടെ പിൻഭാഗത്ത് കൈവെച്ച് കമിഴ്ന്നു ഇരുന്നു ചിരി തുടർന്നു.
"എന്താ അന്നാമ്മേ.." മാത്തുക്കുട്ടിച്ചായൻ അന്നാമ്മ കൊച്ചമ്മയുടെ കൈയ്യിൽ നിന്നും പേപ്പർ വാങ്ങി വായിച്ചു് ചിരി ആരംഭിച്ചു. കുറിപ്പ് അടുത്ത കസേരകളിലേക്ക് കൈമാറുന്നത് അനുസരിച്ച് ചിരി കൂടി വന്നു. പണി പാളിയെന്ന് മനസ്സിലായ ഞാൻ പതിയെ മുങ്ങാനായി എണീറ്റു. ഷർട്ടിൽ പിടിച്ച് വലിച്ച് എന്നെ വീണ്ടും കസേരയിൽ ഇരുത്തി അവർ ചിരി തുടർന്നു.
അന്നാമ്മ കൊച്ചമ്മക്ക് ഞാൻ കൊടുത്ത പാചകക്കുറിപ്പ് താഴെ ചേർക്കുന്നു.
ആനപ്പിണ്ടം ഹലുവ.
വേണ്ട സാധനങ്ങൾ:
ആനപ്പിണ്ടം ( ആവിയോടുകൂടിയത്) 2 ഉണ്ട.
പാറ്റാക്കാട്ടം: 3 ടീസ്പൂൺ.
മരപ്പട്ടി മൂത്രം: മൂന്നു കപ്പ്.
ആട്ടിൻ കാട്ടം: കാൽ കപ്പ്.
തയ്യാറാക്കുന്ന വിധം:
അടുപ്പത്ത് ചൂടാകാൻ വെച്ച ഉരുളിയിൽ ആവിയോടു കൂടിയ ആനപ്പിണ്ടം ഇട്ട് ഇളക്കുക. ചെറു തീയിൽ ഇളക്കി കുറുകി വരുമ്പോൾ പാറ്റാക്കാട്ടം പൊടിച്ചത് ചേർത്ത് ഇളക്കുക. ഇതു പാകമായി വരുമ്പോൾ മരപ്പട്ടി മൂത്രം ഒഴിച്ച് ഇളക്കണം. നൂലു പരുവത്തിൽ കുറുകി വരുമ്പോൾ ആട്ടിൻകാട്ടവും കുടി ചേർത്ത് ഇളക്കി വാങ്ങി വെയ്ക്കുക. ചൂടാറിയ ശേഷം ആവശ്യത്തിനനുസരിച്ച് വലുപ്പത്തിൽ മുറിച്ചെടുത്ത് വിളമ്പാം.
കുലീനയും, സ്നേഹനിധിയുമായിരുന്ന അന്നാമ്മകൊച്ചമ്മക്കും, പത്രകുലപതി ശ്രീ കെ.എം മാത്യുവിനും പ്രണാമം !