ദ്രൗപദി മുർമു ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകുമെന്നത് ഏറെക്കുറെ മുൻകൂട്ടി തീർച്ചപ്പെടുത്തിയ കാര്യമാണ്.
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ സന്താൾ സമുദായത്തിൽ നിന്നുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ് അവർ.
തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം, ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യത്തെ ആദിവാസി വനിതയാകും അവർ. അത് തീർച്ചയായും അവരുടെ സമുദായത്തിന്റെ കൂടി വിജയമായിരിക്കും. തന്റെ മുൻപോട്ടുള്ള യാത്രയിൽ കാത്തിരിക്കുന്ന എല്ലാ അംഗീകാരങ്ങൾക്കും മുർമു അർഹയാണ്.
എന്നിരുന്നാലും, തങ്ങളുടെ ഇഷ്ട സ്ഥാനാർത്ഥി തന്നെ തിരഞ്ഞെടുക്കപ്പെടാൻ ബി.ജെ.പി പ്രയോഗിച്ച നഗ്നമായ രാഷ്ട്രീയകുതന്ത്രത്തിൽ നിരാശ പ്രകടിപ്പിക്കാതിരിക്കാനാവില്ല. ഒരു സ്ഥാനാർത്ഥിയെ നേരിട്ട് തിരഞ്ഞെടുക്കാൻ ആവശ്യമായ വോട്ടുകൾ തങ്ങൾക്കില്ലെന്ന് ബിജെപിക്ക് വ്യക്തമായറിയാം. അവരുടെ സ്ഥാനാർത്ഥിയെ വിജയത്തിലേക്ക് നയിക്കാൻ 2% വോട്ടിന്റെ കുറവാണ് മറികടക്കേണ്ടിയിരുന്നത്. ഇതിനിടയിലാണ്,
പ്രതിപക്ഷ പാർട്ടികൾ ഒറ്റ സ്ഥാനാർത്ഥിക്ക് പിന്നിൽ അണിനിരക്കാൻ ശ്രമിച്ചത്. പ്രതിപക്ഷപാർട്ടികൾ ഒന്നിച്ചുകൊണ്ട് പൊതുസമ്മതനായ ഒരു സ്ഥാനാർത്ഥി മുന്നോട്ടുവരരുതെന്നായിരുന്നു ബിജെപിയുടെ ആഗ്രഹം. മുർമുവിനെ തിരഞ്ഞെടുത്തതോടെ, ബി.ജെ.പിക്ക് പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടക്കാൻ സാധിച്ചു.
ആദിവാസി സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത് ഒരർത്ഥത്തിൽ പ്രതിപക്ഷത്തെ നിരായുധരാക്കി. ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ഉയരുന്ന ഏത് വിമർശനത്തെയും ആദിവാസി വിരുദ്ധമെന്നോ സ്ത്രീ വിരുദ്ധമെന്നോ ദരിദ്രവിഭാഗത്തിനു നേരെയുള്ള ഗൂഢനീക്കമെന്നോ വ്യാഖ്യാനിക്കാവുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് ഇപ്പോൾ ഉള്ളത്. മുർമു ഒഡീഷയിൽ നിന്നുള്ളയാളാണെന്നതിനാൽ അവരുടെ നാമനിർദ്ദേശത്തിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ബിജെഡി നേരത്തെ തന്നെ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പുതിയ സ്ഥാനാർത്ഥിനിർണ്ണയം ജാർഖണ്ഡിൽ നിന്നുള്ള ഹേമന്ത് സോറനെപ്പോലുള്ള രാഷ്ട്രീയ പ്രമുഖരെ വിഷമവൃത്തത്തിലാക്കിയെങ്കിലും അദ്ദേഹവും മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു.
എന്തായാലും പ്രതിപക്ഷം ആശയക്കുഴപ്പത്തിലായതിനെത്തുടർന്ന് യശ്വന്ത് സിൻഹയ്ക്കുള്ള പിന്തുണ അതിവേഗം ഇല്ലാതാകുകയും, വോട്ടെടുപ്പ് ദിവസം മുർമു തന്നെ വിജയിക്കുകയും ചെയ്യും.
രാഷ്ട്രീയ കരുനീക്കങ്ങൾക്കുമപ്പുറം, ബിജെപിയുടെ ഈ നാമനിർദ്ദേശം പിന്നോക്ക സമുദായത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള ആത്മാർത്ഥമായ ശ്രമത്തിന്റെ ഭാഗമാണോ അതോ ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണോ ഉള്ളത് എന്ന് ആദിവാസികളുടെ ഇന്നത്തെ അവസ്ഥകൾക്കുനേരെ കണ്ണോടിച്ച് നമ്മൾ വിലയിരുത്തണം.
'ചതുർവർണ്യ'ജാതി വ്യവസ്ഥയിൽ കീഴാളരെ തളച്ചുകെട്ടി തങ്ങൾക്ക് നിയന്ത്രണം കയ്യാളാൻ അധികനാൾ സാധിക്കില്ലെന്ന് സവർണ്ണ രാഷ്ട്രീയക്കാർ പണ്ടേ തിരിച്ചറിഞ്ഞിട്ടുള്ളതാണ്.
പട്ടികജാതിക്കാരെയും പട്ടികവർഗക്കാരെയും തങ്ങളുടെ കൂട്ടത്തിലേക്ക് ആകർഷിക്കാനുള്ള തന്ത്രങ്ങൾ ശ്രദ്ധാപൂർവം ഉൾപ്പെടുത്തിക്കൊണ്ടാണ് ഇന്നത്തെ ഹിന്ദുത്വ അജണ്ട രൂപപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ സംസ്‌കാര വ്യവസ്ഥയെക്കുറിച്ചുള്ള അരബിന്ദോയുടെ ദർശനങ്ങൾ അനുസരിച്ച് ബ്രാഹ്മണർ എന്നുള്ളത് അത്യുന്നതരായാണ് കണക്കാക്കിയിട്ടുള്ളത്. പഠനം, ചിന്ത, അറിവ് എന്നീ ഗുണഗണങ്ങളാണ് ഇവരെക്കുറിച്ച് പ്രകീർത്തിക്കുന്നത്. തൊട്ടടുത്ത സ്ഥാനം ക്ഷത്രിയർക്കാണ്. അധികാരവും പ്രവർത്തനങ്ങളും കയ്യടക്കുന്ന ഇവരാണ് ഭരണാധികാരികളും യോദ്ധാക്കളുമായി വർത്തിച്ചിരുന്നത്. മൂന്നാം സ്ഥാനം വൈശ്യർക്കായിരുന്നു. സമ്പാദിക്കുന്നവരും,വ്യാപാരികളും, കൈത്തൊഴിലാളികളും, കൃഷിക്കാരും ഈ ഗണത്തിലായിരുന്നു. ഈ മൂന്ന് കുലജാതർക്കും രണ്ടു ജന്മങ്ങൾ ഉണ്ടെന്നായിരുന്നു വിശ്വാസം.ഉൽപ്പാദനത്തിന് കഴിവില്ലാത്ത അവികസിത മനുഷ്യരൂപമായി എപ്പോഴും അയോഗ്യത കല്പിക്കപ്പെട്ടിരുന്ന ശൂദ്രർ എന്ന വിഭാഗത്തെക്കൊണ്ട് സേവകരെപ്പോലെ അടിമപ്പണി ചെയ്യിക്കുന്ന കീഴ്വഴക്കവും നിലനിന്നിരുന്നതായി പ്രതിപാദിക്കുന്നു. അധികാരം നേടുന്നതിനും നിലനിർത്തുന്നതിനും താഴെത്തട്ടിലുള്ളവരുടെ വോട്ടുകൾ ആവശ്യമാണെന്ന് ബിജെപി ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിയുടെ ശ്രമം കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാണോ, അതോ അവരുടെ ഫ്യൂഡൽ -ജാതി രൂപകല്പനകളിൽ നിന്നുള്ള പരിവർത്തനത്തിലേക്ക് യഥാർത്ഥത്തിൽ വിരൽ ചൂണ്ടുകയാണോ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. ബിജെപിയുടെ ഗതകാല ചരിത്രം, തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് വരച്ചുകാട്ടുന്നത്.
'സബ്കാ സാത്ത്, സബ്കാ വികാസ്' എന്നുള്ള ബിജെപിയുടെ ആശയം, ഗോത്രവർഗ താൽപ്പര്യങ്ങൾക്കും അവരുടെ ക്ഷേമത്തിനും തികച്ചും വിരുദ്ധമാണ്. മറ്റുള്ളവരുടെ വികസനത്തിനായി തങ്ങളുടെ ഭൂമിയും വിഭവങ്ങളും ത്യജിക്കണമെന്ന ആവശ്യമാണ് ആദിവാസികൾ നിരന്തരം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.
ഛത്തീസ്ഗഡിലെ ബിജെപിയുടെ ഭരണത്തിന് കീഴിൽ സാൽവാ ജുദൂമിലും അനുബന്ധ ഓപ്പറേഷനുകളിലുമായി ഗ്രാമങ്ങൾ ചുട്ടെരിക്കപ്പെടുകയും ആയിരക്കണക്കിന് ആളുകൾ കത്തിച്ചാമ്പലാവുകയും ചെയ്തുവെന്നാണ് 2003-18 കാലയളവിലെ മാധ്യമറിപ്പോർട്ടുകൾ പറയുന്നത്.
വ്യവസായത്തിനുവേണ്ടി വനം പരിവർത്തനം ചെയ്യുന്നതിന് പട്ടികവർഗക്കാരുടെ സമ്മതം തേടുക എന്ന പ്രഥമമായ ആവശ്യം, മോഡി സർക്കാർ വനനിയമത്തിൽ കൈകടത്തിയതിന്റെ ഫലമായി 2006 മുതൽ ഒടുവിലത്തേതായി മാറി. ആദിവാസികളുടെ അവകാശങ്ങൾ, കോർപ്പറേറ്റുകൾക്കുവേണ്ടിയോ മറ്റു നിക്ഷിപ്ത താല്പര്യങ്ങൾക്ക് അനുകൂലമായോ കുറയ്ക്കാനാണ് മോഡി സർക്കാർ ഏറെക്കാലമായി ആഗ്രഹിക്കുന്നത്. 2016 മേയ് മാസത്തിൽ ബി ജെ പി സർക്കാർ പാസാക്കിയ രണ്ട് നിയമനിർമ്മാണങ്ങൾ പ്രകാരം, ആദിവാസികളുടെ ഭൂമി വാണിജ്യ താൽപര്യങ്ങൾക്കായി പരിവർത്തനം ചെയ്യാൻ അനുവാദം ലഭിച്ചു.
'പതൽഗാഡി പ്രസ്ഥാനം' എന്ന പേരിൽ ഗോത്രവർഗക്കാരും സർക്കാരും തമ്മിലുള്ള സമരത്തിന് തുടക്കമിട്ടത് ഈ നിയമനിർമ്മാണങ്ങളായിരുന്നു. ഒടുവിൽ, അധികാരികളുടെ ക്രൂരമായ അടിച്ചമർത്തലിന് ഗോത്രവർഗക്കാർ ഇരയായിത്തീർന്നു. മാത്രമല്ല, പതൽഗാഡി പ്രസ്ഥാനത്തെ അധികാരികൾ ദേശവിരുദ്ധമായി മുദ്രകുത്തുകയും, രാജ്യദ്രോഹ നിയമങ്ങൾ പ്രകാരം കുറ്റം ചുമത്തി നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സർക്കാർ ഒരു പടി കൂടി മുന്നോട്ട് പോവുകയും, പ്രസ്ഥാനത്തെ
'മാവോയിസ്റ്റുകളുമായി ' ബന്ധിപ്പിച്ചുകൊണ്ട് ദേശവിരുദ്ധമെന്ന് മുദ്രകുത്തുകയും മന്ത്രിസഭ അട്ടിമറിക്കുന്നതിന് ആ വിഷയം ഉപയോഗപ്പെടുത്തുകയും ചെയ്തു.
ഈ അവസരത്തിൽ വേണം സർക്കാർ നയങ്ങളുടെ കടുത്ത വിമർശകനും ആദിവാസികൾക്ക് തങ്ങളുടെ ഭൂമിയുടെമേലുള്ള അവകാശങ്ങളുടെ സംരക്ഷകനുമായിരുന്ന ഫാ. സ്റ്റാൻ സ്വാമിയെ ഓർമ്മിക്കാൻ. നിർഭാഗ്യവശാൽ, ഗവൺമെന്റിനെ അക്രമാസക്തമായി അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് വിചാരണ കാത്ത് ജയിലിൽ കഴിയുന്നതിനിടയിൽ അദ്ദേഹം മരണപ്പെട്ടു. കേസ് ബലപ്പെടുത്തുന്നതിന്റെ ഭാഗമായി, എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിൽ ഫാദർ സ്റ്റാനാണ് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ 2017ൽ നടന്ന അക്രമത്തിന് ഉത്തരവാദിയെന്നും എഴുതിച്ചേർത്തിരുന്നു. ബ്രാഹ്മണ പേഷ്വാകൾക്കെതിരായ ബ്രിട്ടീഷ്, ദളിത് ശക്തികളുടെ വിജയം ആഘോഷിക്കുന്ന റാലിയിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. അത്തരമൊരു ആഘോഷത്തിന് മുതിർന്നതിന്റെ പേരിൽ ദളിതരെ മറ്റൊരു പാഠം പഠിപ്പിച്ച സംഭവമായിരുന്നു ഭീമ കൊറേഗാവ്. ചരിത്രപരമായി നോക്കിയാൽ, അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ യഥാർത്ഥ പ്രബുദ്ധതയെ ചെറുക്കുക എന്നതാണ് ബിജെപിയും ആർഎസ്എസും അനുവർത്തിക്കുന്ന തന്ത്രം. തങ്ങൾ പ്രവർത്തിക്കുന്ന ഫ്യൂഡലിസ്റ്റിക്- ജാതിമത ചിന്താഗതിവച്ച്, ദരിദ്രമായ അവസ്ഥകളിൽ നിന്ന് ആളുകളെ അവരുടെ അവകാശങ്ങൾ ബോധ്യപ്പെടുത്തി പ്രചോദിപ്പിക്കുകയും വിദ്യാഭ്യാസം നൽകുകയും ചെയ്യുന്ന ഏതൊരു വ്യക്തിയെയും പ്രസ്ഥാനത്തെയും അവർ വെറുക്കുന്നു.
ഗോത്രവർഗക്കാർ അവരുടെ മൂല്യം തിരിച്ചറിഞ്ഞ്, മേലാളർക്ക് കീഴ്‌പ്പെട്ടുള്ള ജീവിതം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും തങ്ങളുടെ അവകാശങ്ങൾ പഠിക്കുകയും ചെയ്യുന്നത് തടയാനാണ് ബിജെപി യഥാർത്ഥത്തിൽ മതപരിവർത്തന വിരുദ്ധത പ്രചരിപ്പിക്കുന്നത്.
ദുർബലരായ ഈ ജനസമൂഹത്തിന് തുല്യ നീതി ആവശ്യപ്പെടാനും അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യം നേടാനും സഹായിക്കുകയാണ് സത്യത്തിൽ ഫാ.സ്റ്റാൻ ചെയ്തത്. എന്നാൽ, ആദിവാസികളുടെ മതത്തെ വ്യതിരിക്തവും ആദരവ് അർഹിക്കുന്നതുമായി അംഗീകരിക്കാൻ ആർഎസ്എസ് തയ്യാറല്ല. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ആദിവാസികൾക്ക് പലപ്പോഴും ആരാധനാലയങ്ങളിൽ ആക്രമണം നേരിടേണ്ടതായും വന്നു. ഫാ. സ്റ്റാൻ സ്വാമിക്ക് സംഭവിച്ചത് ഇന്നത്തെ ഇന്ത്യയിലെ പരുഷമായ യാഥാർത്ഥ്യവും,ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ധൈര്യപ്പെടുന്ന ഏതൊരാൾക്കുമുള്ള പാഠവുമാണ്.
വനവാസി കല്യാൺ, വിദ്യാഭാരതി തുടങ്ങിയ പേരിൽ ആർഎസ്എസ് മുന്നണികൾ ആദിവാസികൾക്ക് വിദ്യാഭ്യാസം നൽകാൻ മുൻകൈ എടുക്കുന്നുണ്ടെന്ന് ചിലർ വാദിക്കും. എന്നാൽ, ആദിവാസി കുട്ടികളെ ഹിന്ദുത്വ അനുയായികളും 2002-ൽ ഗുജറാത്തിലും 2008-ൽ ഒഡീഷയിലെ കാണ്ഡമാലിലും നടന്നതുപോലെ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെയുള്ള കാലാൾ പടയുമാക്കി മാറ്റുകയുമാണ് അവിടെ നടക്കുന്നത്.
ജയിലുകളിൽ കഴിയുന്ന ആദിവാസികളുടെ ശതമാനം നോക്കിയാൽ അത് മറ്റേതൊരു വിഭാഗത്തേക്കാളും കൂടുതലാണ്
CNTA (ഛോട്ടാനാഗപൂർ ടെനൻസി ആക്റ്റ്), SPTA (സന്താൾ പർഗാന ടെനൻസി ആക്ട്), ആദിവാസികളുടെ ഭൂമി ഏറ്റെടുക്കുന്നത് എളുപ്പമാക്കാൻ ഉദ്ദേശിച്ച് ബിജെപി സർക്കാർ നിർദ്ദേശിച്ച ബില്ലുകൾ ജാർഖണ്ഡ് ഗവർണർ ആയിരിക്കെ മുർമു എതിർത്തിരുന്നു.
എന്നിരുന്നാലും,പ്രത്യക്ഷമായ സമ്മർദത്തിനൊടുവിൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ആദിവാസി വിരുദ്ധ മാറ്റങ്ങൾ അവർ പാസാക്കി. കൂടാതെ, മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കുന്ന മതസ്വാതന്ത്ര്യ ബില്ലും 2017ൽ അവർ പാസാക്കി.
സ്വന്തം ജനങ്ങളുടെ അവകാശങ്ങളുടെ സംരക്ഷകയാകേണ്ടതിന് പകരം ബിജെപിയുടെ രാഷ്ട്രീയ കളികളുടെ കാലാൾ മാത്രമായാണ് അവർ കാണപ്പെട്ടത്. ഫാ. സ്റ്റാൻ സ്വാമി ആദിവാസി ഗോത്രത്തിൽപ്പെട്ട ആളായിരുന്നില്ല. എങ്കിലും, ദരിദ്രരും നിസ്സഹായരുമായ ആളുകളെ സംരക്ഷിക്കുന്നതിന് അദ്ദേഹം തെളിച്ച വിളക്ക്, നിലവിലെ ഭരണകൂടം ഉപയോഗിക്കുന്ന ഏതൊരു സൂചകത്തെക്കാളും എന്നേക്കും പ്രശോഭിക്കും.