മനുഷ്യനെ തുറിച്ചു നോക്കുക അവനെ /അവളെ അപമാനിക്കുംവിധം ദേഹത്തു കണ്ണുകൾ കൊണ്ടു പരിക്കേൽപ്പിക്കുക എന്നിവ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് ചെയ്യാൻ പാടില്ലാത്ത കുറ്റങ്ങളാണ്. ബലമായി ദേഹത്തെ തുണി അഴിപ്പിക്കുന്നതിനെയാണ് അക്രമം എന്നും പീഡനം എന്നും സാധാരണഗതിയിൽ പറയുന്നത്. എന്തുതരം പരീക്ഷയായാലും കേട്ടുകേൾവിപോലും ഇല്ലാത്ത സംഭവമാണ് തുണി അഴിപ്പിച്ചു പരീക്ഷയ്ക്ക് അനുവദിക്കുക എന്നത്!
സത്യത്തിൽ ആർക്കാണ് കുഴപ്പം? കുരങ്ങന്മാരിൽനിന്നും മനുഷ്യക്കുരങ്ങിൽനിന്നും പരിണാമം സിദ്ധിച്ചു മനുഷ്യനായതിന്റെ വമ്പൻ തെളിവായിരുന്നു നഗ്നത മറയ്ക്കാൻ വസ്ത്രം കണ്ടു പിടിച്ചത്! വസ്ത്രം അഴിപ്പിക്കുന്ന നിയമം ഏത് ചിമ്പാൻസികളുടെ തലയിൽ ഉദിച്ചെന്നു മനസ്സിലാകുന്നില്ല.
മലയാളികളാണ് നമ്മളത്രെ !! പരീക്ഷയെഴുതാൻ വരുന്ന പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിക്കുക, 90 ദിവസം മുതൽ 90 വയസ്സുവരെ പ്രായമുള്ളവരെ പീഡിപ്പിക്കുക, സത്യം പറയുന്നവർക്കെതിരെ കള്ളക്കേസെടുക്കുക, അഭിപ്രായവ്യത്യാസമുണ്ടായാൽ ഒന്നുകിൽ കൊല്ലുക അല്ലെങ്കിൽ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുക്കുക, പണം കൊണ്ടു നീതിന്യായ വ്യവസ്ഥയെ അമ്മാനമാടുക, മനുഷ്യരെ ജാതിയും മതവും പറഞ്ഞ് ആക്ഷേപിക്കുക, വേശ്യകളുടെ അട്ടഹാസത്തിൽ ഭരണം അഴിഞ്ഞു വീഴുക, ഇതൊക്കെയാണ് പ്രബുദ്ധതയുടെ പുതിയ അർത്ഥം ഇവിടെ കേരളത്തിൽ ഇപ്പോൾ !!
ഭരിക്കുന്നവരും ഭരണം ഇല്ലാത്തവരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞു നടക്കുകയും ആരാണ് ഏറ്റവും വലിയ ഗുണ്ടയെന്നു തെളിയിക്കാൻ മത്സരിക്കുകയും ചെയ്യുന്ന ഭരണപ്രതിപക്ഷമാണോ നമ്മെ രക്ഷിക്കാൻ ഉണ്ടെന്നു നാം ഇപ്പോഴും വിശ്വസിക്കുന്നത്?
ജനങ്ങളുടെ പ്രശ്നം കാണാൻ ആളുണ്ടെങ്കിൽ ഇത്തരം അക്രമങ്ങൾ നമ്മുടെ നാട്ടിൽ നടക്കുമോ? എവിടെ തിരിഞ്ഞാലും അക്രമങ്ങളുടെ പരമ്പരയല്ലേ കേൾക്കുന്നതും കാണുന്നതും?
ഡോക്ടറും എഞ്ചിനീയറും ആകലാണ് ജീവിതവിജയമെന്നു ദയവു ചെയ്തു നിങ്ങൾ കുട്ടികൾ കരുതരുത്. വിവേകത്തോടെ ചിന്തിക്കാൻ പഠിക്കൂ.
വസ്ത്രം അഴിക്കാൻ സ്കൂൾ അധികൃതർ പറഞ്ഞപ്പോൾ എന്തുകൊണ്ട് നിങ്ങൾ പുറത്തേക്കിറങ്ങി അപ്പോൾ തന്നെ പ്രതികരിച്ചില്ല?
പുറത്തുള്ള ആളുകളോട് ഉടനെ പറയാനും പ്രതികരിക്കാണും നിങ്ങൾക്ക് തോന്നാഞ്ഞത് നാണം പോയാലും എന്ത് ( ! ? ? ? ) നാളെ ഡോക്ടർ ആവാം എഞ്ചിനീയർ ആവാം, അപ്പോൾ ഇന്ന് പോയ നാണം നാളെ ജോലിയും പണവും കിട്ടുമ്പോൾ തിരിച്ചു പിടിക്കാം എന്നോർത്തല്ലേ?
ഇങ്ങനെയുള്ള നിങ്ങൾ വിദ്യാർഥികൾ നാളത്തെ പ്രബുദ്ധരായ സമൂഹമായി മാറുമെന്ന് നിങ്ങൾക്കുതന്നെ തോന്നുന്നുണ്ടോ?
കുട്ടികളുടെ തലച്ചോറിൽ അവകാശസംരക്ഷണത്തെക്കുറിച്ചു ബോധമുണ്ടാക്കാനും കിട്ടിയില്ലെങ്കിൽ ചോദിച്ചു വാങ്ങാനും പ്രാപ്തരാക്കുകയാണ് മാതാപിതാക്കളും അദ്ധ്യാപകരും ചെയ്യേണ്ടത്. ഇങ്ങനെയൊരു നിയമം ഉണ്ടെങ്കിൽ അതിനെ എതിർക്കേണ്ടത് ആരംഭത്തിൽതന്നെ അദ്ധ്യാപകരും സ്കൂൾ അധികൃതരും ആയിരുന്നു.
ഭരണഘടനാസുരക്ഷ ഉണ്ടായിട്ടും തലമറച്ച പെണ്ണിനോട് അതഴിക്കാനും വസ്ത്രം ധരിച്ചവരോട് അഴിച്ചുമാറ്റാനും പറയുന്ന കാടത്തം നിറഞ്ഞ സമൂഹമാണ് ഇവിടെയുള്ളതെന്നു വിദ്യാർത്ഥികൾ മനസ്സിലാക്കണം.
നാണം കെട്ടാലും പഠനവും പരീക്ഷയുമാണ് പ്രധാനമെന്നു ഉപദേശിക്കുന്ന സ്കൂളിനെയും മതത്തെയും നിയമങ്ങളേയും കുടുംബത്തെയും ചോദ്യം ചെയ്യാൻ നിങ്ങൾ വിദ്യാർത്ഥികളുടെ നാവുകൾ ഉയരണം. സമൂഹത്തെ തിരുത്തേണ്ടത് വിവരവും വിവേകവും ഉള്ളവരുടെ കടമയാണ്.
വിദ്യാഭ്യാസം കൊണ്ടു ഉണ്ടാകേണ്ടത് തുണി അഴിക്കാൻ നിന്നുകൊടുക്കലല്ല മറിച്ചു തുണിയുടുക്കാൻ മടിക്കുന്ന നിയമങ്ങളുടെ പൊളിച്ചെഴുത്താണ്.