Image

മേച്ചില്‍പ്പുറങ്ങള്‍ (ജോണ്‍ വേറ്റം:കഥ )

ജോണ്‍ വേറ്റം Published on 22 July, 2022
മേച്ചില്‍പ്പുറങ്ങള്‍ (ജോണ്‍ വേറ്റം:കഥ )

READ MORE: https://emalayalee.com/writer/30

  ' അറയ്ക്കല്‍ അന്തിച്ചന്ത''യുടെ അയലത്തായിരുന്നു ഓനാന്റെ ഓലപ്പുര. ഒരു   മുറിയും ചായ്പും തിണ്ണയുമുള്ള ചെറ്റപ്പുര. മുറ്റത്തിന്റെ അതിരില്‍, റോഡിലെത്തുന്ന, തെങ്ങ്പാലമുണ്ട്. അതിനടിയില്‍ ജലമൊഴുകുന്ന ഓട. അന്നയും പുന്നൂസും ആ പു രയിലാണ്  ജനിച്ചത്. അന്തിച്ചന്തയുടെ കിഴക്ക്, വിളിപ്പാടകലെ, പെന്തക്കോസ്ത് സഭ  യുടെ ''കര്‍മ്മേല്‍ ഫെയ്ത്ത് ഹോം.'' ഓനാന്റെ അപേക്ഷപ്രകാരം, ചന്തയുടമ അറയ്ക്കല്‍ പരമേശ്വരക്കുറുപ്പ് ദാനം ചെയ്ത സ്ഥലത്താണ് അത് നില്‍ക്കുന്നത്.    

     ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും, ഓനാനും ഭാര്യ ചിന്നയും ആശ്രയമായ   അന്തിച്ചന്തയിലെത്തും. അതിരാവിലെ അവര്‍ ഉണരും. പാട്ട്പാടി പ്രാര്‍ത്ഥിക്കും. പഴങ്കഞ്ഞികുടിച്ചിട്ട്, കര്‍ഷകരുടെ വീടുകളില്‍ ഓനാന്‍ പോകും. മലക്കറിസാധനങ്ങള്‍ വാങ്ങി ചുമന്നുകൊണ്ടുവരും. ഉച്ചകഴിഞ്ഞ്, നാല് മണിയാകുമ്പോള്‍ ചന്തയി   ലെത്തും. ചാക്കിന്മേല്‍ സാധനങ്ങള്‍ നിരത്തിവയ്ക്കും. ചിന്ന സഹായിക്കും. അമിത  വില വാങ്ങില്ല. നല്ല തൈരും ഉപ്പും ഇഞ്ചിയും കറിവേപ്പിലയും കാന്താരിമുളകും ചേര്‍ത്തുണ്ടാക്കിയ ''മോരും വെള്ളം'' ചിന്നയുടെ വില്പനവസ്തുവാണ്. ചിരട്ടത്തവികൊണ്ട് അളന്ന്‌കൊടുക്കും. കച്ചവടക്കാര്‍ ചന്തക്കരം കൊടുക്കണം. വില്പനസാധനങ്ങളു  ടെ  ഇനംനോക്കിയാണ് ''ചന്തപ്പിരിവ്'' നടത്തുന്നത്. 

     പള്ളിക്കൂടത്തില്‍നിന്നും വീട്ടിലെത്തിയാല്‍, മാതാപിതാക്കളുടെ സഹായത്തിന്, പുന്നുസ് ചന്തയിലെത്തും. അവധിദിവസങ്ങളില്‍ ഓനാന്റെ കുടെ വീടുകളില്‍   പോകും. മലക്കറിസാധനങ്ങള്‍ വാങ്ങി ചുമന്നുകൊണ്ടുവരും. അന്ന അടുക്കളജോ   ലിയിലായിരിക്കും. അഞ്ച്‌മൈല്‍ ദൂരെയുള്ള വിദ്യാലയത്തില്‍ പോകാന്‍ മടിച്ച്,  നാലാം ക്ലാസ്സില്‍ അവള്‍ പഠിത്തം നിറുത്തി. തന്നെപ്പോലെ മകനും കച്ചവടക്കാരനാ  യാല്‍ മതിയെന്ന് ഓനാന്‍ ഉപദേശിച്ചു. എന്നാല്‍, പുന്നൂസിന്റെ താല്പര്യം വിദ്യാഭ്യാസത്തിലായിരുന്നു. വെയിലത്തും മഴയത്തും നടന്ന് അവന്‍ വിദ്യാശാലയില്‍ പോകുമായിരുന്നു.

    യവ്വനത്തിന്റെ സുകുമാരത അന്നയെ ലാവണ്യവതിയാക്കി. കണ്ണില്‍ കിനാക്കളും മനസ്സില്‍ മാദകവികാരങ്ങളും വിടര്‍ന്നു. അമ്മയെപ്പോലെ അവളും ചട്ടയും മുണ്ടും ധരിച്ചു. ഓനാനും ചിന്നയും ആലോചിച്ചു. അന്നയും കൃഷിക്കാരന്‍ കൊച്ചോയിയും   തമ്മിലുള്ള വിശുദ്ധവിവാഹം നടത്തി. അദ്ധ്വാനവും അഴകും കരുത്തുമുള്ള ഭര്‍ത്താ വിനെ അന്ന അനുസരണയോടെ സ്‌നേഹിച്ചു. 

   സുവിശേഷവേലക്ക് പോകണമെന്ന് ചിന്ന മകനോട് പറഞ്ഞു. നിത്യഭക്തയായ അമ്മയുടെ ചിന്തോദ്ദീപകമായ ഉപദേശം ഉചിതമെന്ന് തോന്നി. നിസ്വാര്‍ത്ഥമായ സുവിശേഷവേല, സര്‍വ്വനന്മയുടെയും ഉറവ് ശുദ്ധമായ സ്‌നേഹത്തിലാണെന്ന് മാനവ   ലോകത്തെ വിളിച്ചറിയിക്കുന്ന വേല, സര്‍ഗ്ഗശാന്തി പകരുന്ന മധുരസേവനം! അതി   നുവേണ്ടി സുവാര്‍ത്ത നല്കുന്ന സഭയില്‍ ഒതുങ്ങിനിന്നു പ്രവര്‍ത്തിക്കണം. പുന്നൂസ് ധ്യാനമഗ്‌നനായി. ഭാവിയെക്കുറിച്ചുള്ള ചിന്തയില്‍ മുഴുകി. അമ്മയെ ഒട്ടും നിരാശപ്പെടുത്തരുതെന്നുകരുതി, പഠിത്തം കഴിയുമ്പോള്‍ അക്കാര്യത്തെപ്പറ്റി തീരുമാനി ക്കാമെന്ന് പറഞ്ഞു. ഒരു മതവിഭാഗത്തിന്റെ വിശ്വാസപ്രമാണത്തില്‍മാത്രം ഉറച്ചുനി  ല്കാതെ, സകലര്‍ക്കും സഹായിയാകണമെന്ന ഉദ്ദേശ്യവും മനസ്സില്‍ തെളിഞ്ഞു. മാതാപിതാക്കളുടെ പരിമിതതാല്പര്യങ്ങളില്‍നിന്നും അവന്‍ ക്രമേണ അകന്നു. എങ്ങനെ ധനികനാവാമെന്ന ചോദ്യം പലപ്പോഴും ചിന്തയില്‍ വന്നു. സുഗമഭാവിയിലേ  ക്കുള്ള അനായാസവഴിക്കുവേണ്ടി അന്വേഷിച്ചു.     
     മകന് ബി.എ.ബിരുദം ലഭിച്ചപ്പോള്‍, കര്‍ത്താവ് എന്റെ പ്രാര്‍ത്ഥനകേട്ടുവെന്ന് ചിന്ന   എളിമയോടെ പറഞ്ഞു. കഷ്ടതയനുഭവിച്ചതിന്റെ ഫലംകിട്ടിയെന്ന വിശ്വാസത്തോ   ടെ പുന്നൂസ് അദ്ധ്വാനം തുടര്‍ന്നു. അദ്ധ്യാപകനാകാനുള്ള ശ്രമം ഫലിച്ചില്ല. സഭാവ്യ  ത്യാസം നോക്കിയും പാരിതോഷികം പറ്റിയും ജോലികൊടുക്കുന്നവര്‍ അവഗണിച്ചു. വില്ലേജാപ്പീസില്‍ നിയമിതനായപ്പോള്‍ സന്തുഷ്ടനായി. കൈക്കുലി വാങ്ങിയും സഹായത്തിന് വരുന്നവരുടെ മുഖം നോക്കിയും ജോലിചെയ്യുന്ന ഒരിടം. അന്യായമായി പ്രതിഫലം വാങ്ങുന്നത് തിന്മയാണെന്ന അഭിപ്രായം പുന്നൂസിനെ അവിടെ  ഒറ്റപ്പെടുത്തി. ആപ്പീസില്‍ ഉള്ളവര്‍ പുശ്ചത്തോടെ അയാളെ പരിഹസിച്ചു. 

    ഓനാന്റെ സമ്പാദ്യവും,പുന്നൂസിന്റെ ശമ്പളവും, കടമെടുത്ത തുകയും മുടക്കി വീട് പുതുക്കിപ്പണിഞ്ഞു. അത് കൈക്കാണം മേടിച്ചുണ്ടാക്കിയ കെട്ടിടമാണെന്ന് അസൂയക്കാരും പറഞ്ഞു. താലൂക്കുകച്ചേരിയിലായിരുന്നു അടുത്ത നിയമനം. ചിതലരിച്ച രേഖകളും കടലാസ്ാകെട്ടുകളും സൂക്ഷിക്കുന്ന മുറി. അതിന്റെ വശത്ത് വേണ്ടത്ര വെളിച്ചം കയറാത്ത രണ്ട് മുറികള്‍. അവയില്‍ ഒന്ന്, പാതിതുറന്നുവച്ച മേശ  വലിപ്പില്‍ വീഴ്ത്തുന്ന കോഴപ്പണം കണ്ടതിനുശേഷം ഒപ്പിടുന്ന ആപ്പീസറുടേത്. രണ്ടാമത്തെ മുറിയില്‍, കാഴ്ചപ്പണം കിട്ടാതെ ഫയല്‍ തുറക്കാത്ത സഹപ്രവര്‍ത്തക രും പുന്നൂസും. മനുഷ്യജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന അഴിമതിയില്‍ വഴുതി  വീഴാതെ, അവിടെ ജോലി തുടര്‍ന്നു.    

    പണപ്പിരിവിനുവേണ്ടി വന്ന ചെറുപ്പക്കാരുടെനേരേ കുരച്ചുകൊണ്ടോടിയ വളര്‍  ത്തുനായെ വിലക്കിക്കൊണ്ട്, മുറ്റത്തേക്ക് ചാടിയിറങ്ങിയ ഓനാന്‍ തെന്നിവീണു. തലക്കുള്ളിലുണ്ടായ ക്ഷതവുമായി രണ്ട് ആഴ്ചയോളം ആശുപതിയില്‍ കിടന്നു. അ  നുശോകാകുലമായ ദിനരാത്രങ്ങള്‍. അന്ത്യയാത്രയുടെ മുന്നോടിയായിരുന്നു അവ. വൈധവ്യത്തിന്റെ അഴലും ആധിയും ചിന്നയുടെ മനസ്സില്‍ നിറഞ്ഞു. ഒരിക്കലും  പുനര്‍നിര്‍മ്മിക്കാനാവാത്ത ഭൂതകാലം ഓര്‍മ്മയുമായി!   


       പിതാവിന്റെ വിയോഗം തന്റെ ലക്ഷ്യത്തിനു തടസ്സമാകരുതെന്നും സ്വന്തനില സുരക്ഷിതമക്കണമെന്നും പുന്നൂസ് നിശ്ചയിച്ചു. ഉദ്യോഗസ്ഥകളില്‍നിന്നുപോലും വന്ന  വിവാഹാലോചനകള്‍ സ്വീകരിച്ചില്ല. സമസ്തപുരോഗതിയിലേക്കുമുള്ള ഏക സഞ്ചാരമാര്‍ഗ്ഗം സാമ്പത്തികം മാത്രമാണെന്നു വിശ്വസിച്ചു. വിദേശരാജ്യങ്ങളില്‍ ധനികതയിലെത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടെന്നറിഞ്ഞു. പല രാജ്യങ്ങളിലും പോകാന്‍ശ്രമിച്ചു. നയതന്ത്രകാര്യാലയങ്ങള്‍ സഹായിക്കാഞ്ഞതിനാല്‍, സന്ദര്‍ശകവിസയോ മറ്റ്  വിദ്യാര്‍ത്ഥിവിസയോ ലഭിച്ചില്ല. എന്നിട്ടും, നിരുന്മേഷനും നിരാശനുമായില്ല.പുനരു  തഥാനം പ്രാപിച്ച പ്രതീക്ഷയില്‍ പിടിച്ചു മുന്നോട്ടുപോയി.        

    യുവജനസംഘടനയുടെ മുഖ്യപ്രവര്‍ത്തകനും പുന്നൂസിന്റെ ഉറ്റമിത്രവുമായിരുന്നു   ''സേവി.'' സന്തുഷ്ടജീവിതത്തിനുവേണ്ടി അനാചാരങ്ങളെ ഉടച്ചുകളയണമെന്ന് പ്രസം ഗിക്കുന്ന സംഘാടകന്‍. പുന്നൂസിന്റെ സ്വകാര്യ താല്‍പര്യങ്ങളെക്കുറിച്ച് അറിയാവു  ന്ന വിശ്വസ്തന്‍. വിവാഹത്തിനുവേണ്ടി അവധിയില്‍ വന്ന ചാര്‍ച്ചക്കാരിയെ കാണണ   മെന്ന് സേവി പറഞ്ഞു. അത് സ്വീകാര്യമല്ലെന്ന് പുന്നുസിനു തോന്നി. എന്നിട്ടും കൂട്ടു കാരന്റെ നിര്‍ബന്ധത്തിന് വഴങ്ങി. 


       സേവിയുടെ വീട്ടിലായിരുന്നു കൂടിക്കഴ്ച.. 'നിഷ' അതീവസുന്ദരിയാണ്. ഭൌമിക  കന്യകയുടെ കാന്തി കണ്ണിലും മാദകമന്ദഹാസം ചുണ്ടിലുമുള്ളതിനാല്‍, രണ്ട് വര്‍ഷ   ക്കാലത്തോളം കിടക്കപങ്കിട്ടവളെന്നു തോന്നിയില്ല. ഒരു ഷണ്ഡന്റെ കുടെ എങ്ങനെ   ജീവിക്കുമെന്ന് തുറന്നുപറഞ്ഞില്ലെങ്കിലും, വിവാഹമോചാനത്തിലേക്ക് നയിച്ചതെന്തെന്ന് അവള്‍ മടിക്കാതെ വ്യക്തമാക്കി. അവളുടെ മൃദുലമൊഴികള്‍  കുമ്പസാരം പോലെ, കുറ്റബോധത്തില്‍നിന്നും അടര്‍ന്നുവീണതല്ലായിരുന്നു. ഒരു ഭര്‍ത്താവിന്റെ നിന്ദയും പീഢനവും സഹിച്ച്, അടിമയെപ്പോലെ ജീവിക്കാന്‍ സാധിച്ചില്ലെന്ന സാ  ക്ഷൃം വിശ്വസനീയമായിരുന്നു.    

   വീണ്ടും കാണാമെന്നുപറയാതെ മടങ്ങിയപ്പോള്‍ പുന്നൂസിന്റെ മനസ്സില്‍ സംശയങ്ങള്‍: അവള്‍ പറഞ്ഞതെല്ലാം ശരിയോ? അവളെ വിശ്വസിക്കാമോ? വിവാഹം മറയാക്കുന്നവര്‍ എല്ലാതുറകളിലും ഉണ്ട്. കാലം മാറി. കേടും പാടുമില്ലാത്ത സ്തീപുരുഷന്‍മാര്‍ ചുരുക്കം. പിന്നിട്ട ജീവിതയാഥാര്‍ത്ഥൃങ്ങളെയും, ഒറ്റമുണ്ടും കച്ചത്തോര്‍  ത്തും ധരിച്ചുനടന്ന പിതാവിന്റെ ഉപദേശങ്ങളെയും അയാള്‍ ഓര്‍മ്മിച്ചു. വെട്ടിക്കള  ഞ്ഞും ഇടിച്ചുനിരത്തിയും ഉറപ്പിച്ചും വഴിയൊരുക്കുമ്പോള്‍, തടയുകയോ തളര്‍ത്തുകയോ ചെയ്യാവുന്ന വൈകാരികത പാടില്ലെന്നും തോന്നി.    

   നിഷയെക്കുറിച്ച് അമ്മയോട് പറയാന്‍ പുന്നൂസ് മടിച്ചു. അതുകൊണ്ട്, കല്യാണ  ക്കാര്യം ചിന്നയെ അറിയിച്ചത് സേവി ആയിരുന്നു. നിഷയ്ക്ക് പുന്നൂസിനെ ഇഷ്ടമാ യെന്നും ബന്ധം സ്ഥാപിച്ചാല്‍ ഉണ്ടാകാവുന്ന നേട്ടങ്ങളെന്തെല്ലാമെന്നും വിശദീകരിച്ചു. ആധുനികലോകത്ത് മനുഷ്യന്റെ ആവശൃങ്ങള്‍ വരുത്തിയ നുതനമാറ്റങ്ങളെ ശ്രദ്ധിക്കാഞ്ഞ ചിന്ന കളങ്കമില്ലാതെ പറഞ്ഞു: ' ഞങ്ങള്‍ പാവങ്ങളാ. ചുണ്ടിലൊതുങ്ങുന്നതേ കൊത്തിയെടുക്കാവു എന്ന് കേട്ടിട്ടുണ്ട്.. എന്റെ മോന് പുരുഷനെ അറി യാത്തൊരു പെണ്‍കൊച്ചിനെ കിട്ടുമെന്നും കരുതിയാട്ടെ. രണ്ടാംകെട്ടുകാരിയെ എ   ന്റെ കുഞ്ഞിന് ഇഷ്ടപ്പെടത്തുമില്ല.'' അങ്ങനെ പറഞ്ഞെങ്കിലും, സേവിയുടെ നിര്‍ബന്ധ ത്തിനും  പുന്നൂസിന്റെ താല്‍പര്യത്തിനും വഴങ്ങി. നടക്കാത്തൊരു കാര്യത്തിന് വെറുതെപോകുന്നുവെന്നു വിചാരിച്ചു.    

    നിഷയുടെ വീട്ടിലായിരുന്നു ചടങ്ങ്. ചിന്നയുടെകൂടെ മകള്‍ അന്നയും മരുമകനും ഉണ്ടായിരുന്നു. അവര്‍ക്കും പെണ്ണിനെ ഇഷ്ടപ്പെട്ടു. അമ്മയോട് ചോദിക്കുകയും    അനുവാദം വാങ്ങുകയും ചെയ്യാതെ, പുന്നൂസ് കല്യാണത്തിനു സമ്മതിച്ചു. വൈകാരികക്ഷോഭാത്തോടെ, ചിന്ന മിണ്ടാതിരുന്നു. മിടുക്കിയും പണക്കാരിയുമായൊരു  നാത്തൂനെ കിട്ടുന്നതിനാല്‍ അന്ന സന്തോഷിച്ചു. അവിടെവച്ച് വിവാഹനിശ്ചയവും   നടത്തി. പെട്ടെന്ന്, പെണ്‍കൂട്ടരില്‍ ചിലര്‍ക്ക് സാരമായസംശയം. നിഷയുടെ പിതാവിനോട് ഒരാള്‍ രഹസ്യമായിചോദിച്ചു: ' ഒരു കല്യാണം നിശ്ചയിക്കുമ്പോള്‍ ചെറു ക്കന്റെ കൊഴുപ്പും മെഴുപ്പും മാത്രം നോക്കിയാല്‍ മതിയോ? മറ്റ് കാര്യങ്ങളെറിച്ചും ചിന്തിക്കണ്ടേ? നിഷയെ പെന്തക്കോസിലേക്ക് വിടുകാണോ? അതെത്തുടര്‍ന്ന് അ ടുക്കളയില്‍ കൂടിയാലോചന നടന്നു. കല്യാണം കത്തോലിക്കപള്ളിയിലാവണമെന്ന് നിര്‍ബന്ധമുണ്ടന്നും, അതിനുമുമ്പായി നടത്തേണ്ട ചടങ്ങില്‍  പുന്നൂസ് പങ്കെടുക്കണമെന്നും നിഷയുടെ പിതാവ് ഭവ്യതയോടെ ഒതുക്കിപ്പറഞ്ഞു.''ഒഴിഞ്ഞുപോകുന്നുവെങ്കില്‍ പൊയ്‌ക്കോട്ടെ'' എന്ന ആശയമാണ് അതിന്റെ പിന്നിലുള്ളതെന്ന് പുന്നൂസിന് മനസ്സിലായി. മറ്റുബന്ധുക്കളോട് ആലോചിച്ചിട്ട് തന്റെ അഭിപ്രായം അറിയി    ക്കാമെന്ന് പറഞ്ഞിട്ട് അയാളും കുട്ടരും മടങ്ങിപ്പോയി.      

      പെണ്‍വീട്ടുകാരുടെ ആവശ്യം അവകാശമാണെങ്കിലും, അതൊരു വെല്ലുവിളി യാണെന്ന തോന്നല്‍. കല്യാണം നടത്തരുതെന്ന് ചിന്നക്കുനിബന്ധം. അത് യുക്തിബലമില്ലാത്ത നിഷേധമാണെന്നും, കല്യാണംകഴിഞ്ഞാല്‍ പെണ്ണ് ചെറുക്കന്റെ കൂടെയാണ് താമസിക്കുന്നതെന്നും സേവി പറഞ്ഞു. അതുകൊണ്ട് തടസ്സം നില്ക്കരുതെന്നും ഉപദേശിച്ചു. എന്നിട്ടും, ചിന്നയില്‍ മോഹനിദ്രവരുത്താന്‍ ആര്‍ക്കും സാധിച്ചില്ല. അ വര്‍ പതറാതെ പറഞ്ഞു: ' ഞങ്ങടെ വിശ്വാസോം സഭയും കളഞ്ഞിട്ടൊരു രണ്ടാംകെ  ട്ടുകാരിയെ കെട്ടിയെടുത്തോണ്ട് വരാന്‍ ഞാന്‍ സമ്മതിക്കില്ല. ഇങ്ങനൊരു കല്യാണ ത്തിന് എന്റെ മോനും ഇഷ്ടപ്പെടില്ലെന്ന് എനിക്കൊറപ്പുണ്ട്.''  


       പുന്നൂസിന്റെ ഏകാന്തചിന്തയില്‍, ആന്തരോദ്ദ്യേശ്യത്തിന്റ മുന്നില്‍, കുറെ യുക്തിചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു: ഹൃദയത്തിലല്ലേ സത്യവിശ്വാസം സൂക്ഷിക്കേണ്ടത്? സഭ മാറിയാല്‍ സ്വര്‍ഗ്ഗവാതില്‍ അടഞ്ഞുപോകുമോ? മതഭിന്നത മനുഷ്യന്റെ കഷ്ടത   കൂട്ടുകയല്ലേ ചെയ്യുന്നത്. മുന്നോട്ട് പോയാലും പിന്തിരിഞ്ഞാലും പരാതിയും വിമര്‍ ശനങ്ങളുമുണ്ടാവും. ബാല്യംമുതല്‍ മനസ്സില്‍ കൊണ്ടു നടക്കുന്നൊരു ലക്ഷൃമുണ്ട്. നിരന്തരം കഷ്ടതയനുഭവിച്ചതും അനുരാഗമോഹങ്ങളെ അകറ്റിനിര്‍ത്തിയതും അവിടെയെത്താന്‍ വേണ്ടിയാണ്. അതിനെ വിശ്വാസമെന്നപാറയില്‍ എറിഞ്ഞുടക്കണോ? ഉദയനക്ഷത്രം ഉദിക്കുവോളം പുന്നൂസ് ഉറങ്ങിയില്ല. ആലോച്ചുകിടന്നു. 

   പോക്കുവെയില്‍ മായൂന്നതിനുമുന്‍പ്, പുന്നൂസും സേവിയും കത്തോലിക്കാ ചാ പ്പലില്‍ ചെന്നു. ഉഭയസമ്മതപ്രകാരം വികാരിയച്ചന്‍ ചടങ്ങുകള്‍ നിര്‍വ്വഹിച്ചു. അതിനെല്ലാം സാക്ഷിയായിരുന്നു സേവി. അവര്‍ മടങ്ങിവന്നു. സഭ മാറിയെന്നും, വിവാഹതീയതി നിശ്ചയിച്ചെന്നും പുന്നൂസ് അമ്മയോട് പറഞ്ഞു. നെഞ്ചകം തകരുന്ന കഠിനവേദന അനുഭവപ്പെട്ടെങ്കിലും, ഒറ്റപ്പെട്ടവളെപ്പോലെ ചിന്ന വിങ്ങിക്കരഞ്ഞു. ദീര്‍ഘദര്‍ശനമോ മതവിദ്വേഷമോ വളരാഞ്ഞ മനസ്സില്‍, ഒരു ചോദ്യം പെട്ടെന്നുണ്ടായി: ''എന്റെച്ചായന്‍ ഇപ്പഴൊണ്ടായിരുന്നെങ്കില്‍ പുന്നൂസിങ്ങനെ ചെയ്യുമായിരുന്നൊ?''

     ആഡംബരമില്ലാതെ, വിവാഹം നടന്നു. ഹോട്ടല്‍ മുറിയിലായിരുന്നു ആദ്യരാത്രി. പനിച്ചുകിടന്നതിനാല്‍, വിവാഹച്ചടങ്ങില്‍ സംബന്ധിക്കാന്‍ ചിന്നക്ക് സാധിച്ചില്ല. കല്യാണത്തിന് എതിരായിരുന്നതുകൊണ്ട്, മനപ്പൂര്‍വ്വം രോഗംനടിച്ചുകിടന്നതാണെന്ന പരാതിയും മെല്ലെപടര്‍ന്നു.  

    മധുവിധുകഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിഷ താമസിച്ചില്ല. അമ്മാവിയമ്മക്ക് തന്നെ ഇഷ്ടമല്ലെന്ന് അവള്‍ വിശ്വസിച്ചു. ലക്ഷ്യത്തിലെത്താനുള്ള ആവേശത്തോടെ, ഭാര്യയെ സംതൃപ്തയും സന്തുഷ്ടയുമാക്കുന്ന തിരക്കിലായിരുന്നു പുന്നൂസ്. നിഷയുടെ അനുഭവപരിചയം പകര്‍ന്ന ശരീര മനസ്സുകളുടെ സുഖം അവസാനിക്കരുതെന്നു അയാള്‍ കൊതിച്ചു. പക്ഷേ, മാദകരാവുകളും കണ്ണില്‍ കൊ  തിനിറച്ച പകലുകളും പടിയിറങ്ങി. അവധികാലം കഴിഞ്ഞു, നിഷ വിദേശത്തേക്ക് തിരിച്ചുപോയി.  

       ഭാര്യയുടെ അരികിലെത്താന്‍ വിസാ കിട്ടുമെന്ന് അറിഞ്ഞപ്പോള്‍, പുന്നൂസിന്റെ  മനസ്സില്‍ അസ്വസ്ഥത. അമ്മയെ എവിടെ താമസിപ്പിക്കുമെന്ന വിഷമചിന്ത. അളിയനും പെങ്ങളും കുടെനിര്‍ത്തുമോ? ''അമ്മച്ചിയെ പൊന്നുപോലെ ഞങ്ങള്‍ നോക്കി ക്കൊള്ളാം'' എന്ന് അന്ന പറഞ്ഞു. ആ വാഗ്ദാനം സ്വസ്ഥനാക്കി.  

     ആകാംക്ഷയോടെ കാത്തിരുന്ന, ലക്ഷ്യത്തിലേക്കുനയിക്കുന്ന, വിസാ പുന്നൂസിന് കിട്ടി. ആ വിവരം ആഹ്‌ളാദത്തോടെ അമ്മയെ അറിയിച്ചു. സ്‌നേഹത്തോടെ മകനെ ചുംബിച്ചുകൊണ്ട് ചിന്ന പറഞ്ഞു:'' ഒന്നുമില്ലാത്തവനായിട്ടാ നീ ജനിച്ചത്. എവിടെപ്പോയാലും അത് ഓര്‍ത്തോണം. കര്‍ത്താവിന്റെ കയ്യേല്‍ പിടിച്ചോണം'' അന്തിച്ചന്തയും നാട്ടിന്‍പുറങ്ങളും കണ്ടുജീവിച്ച ആ അമ്മക്ക് ആത്മസംതൃപ്തി!    

    ശാന്തഭാവത്തോടെ പുന്നൂസ് പറഞ്ഞു: ''ഞാന്‍ നിഷയുടെ അടുത്തേക്ക് പോകു മ്പോള്‍, അമ്മ ഇവിടെ താമസിക്കരുത്. അന്നയുടെ വീട്ടില്‍ പോകണം. ചിലവിനുവേ  ണ്ടതുക ഞാന്‍ അയച്ചുതരാം.''കരുതലോടുകൂടിയ, സാന്ത്വനിപ്പിക്കുന്ന ആ ഉപദേശം   അമ്മക്ക് ഇഷ്ടമാകുമെന്ന് മകന്‍ പ്രതീക്ഷിച്ചു.   

     ജീവിതത്തെ ശുദ്ധമായിസുക്ഷിക്കുന്ന ചിന്ന അത്‌കേട്ടു ഞെട്ടി. അപ്രകാരമൊരു മാറിത്താമാസം പ്രതീക്ഷിച്ചില്ല. കോപത്തോടെ പറഞ്ഞു: ''എന്നെ ഇവിടെനിന്നു  മാറ്റാന്‍ ആരും ശ്രമിക്കണ്ടാ. മരണംവരെ ഇവിടെത്തന്നെ താമസിക്കണം.'' കുപിത   നായെങ്കിലും, സൗമ്യമാമായി പുന്നൂസ് ചോദിച്ചു: ''അമ്മക്ക് ചന്തപ്പടിക്കല്‍ ഒറ്റക്ക് താമസിക്കണോ? അത് ശരിയല്ലെന്ന് അറിഞ്ഞുകൂടെ?   

      മകനെ ഉറ്റുനോക്കിക്കൊണ്ട് ചിന്നചോദിച്ചു: ''ഞാന്‍ എന്റെ വീട്ടില്‍ താമസിക്കു ന്നതോ അതോ എന്നെ വല്ലയിടത്തും വലിച്ചെറിയാന്‍ ശ്രമിക്കുന്നതോ? ഏതാണ് ശരി? ഞാനിവിടെ താമസിക്കും. തടയണ്ടാ.'' അമ്മയുടെ ഉറച്ചനിലപാട് മകന്റെ ക്ഷമ  കെടുത്തി. സ്‌നേഹത്തിനുമീതേ കോപം ജ്വലിച്ചു.  വെറുപ്പോടെ പറഞ്ഞു; ''ഇതൊരു നാശമായല്ലോ!'' പുത്രന്‍ തള്ളിപ്പറയുമെന്നു ചിന്ന വിചാരിച്ചില്ല. മാതൃഹൃദയം നന്നേ  വേദനിച്ചു. എന്നിട്ടും, കീഴടങ്ങിയില്ല. ഉറക്കെത്തന്നെ ചോദിച്ചു.

     ''ഞാനിവിടെ താമസിക്കുന്നത് നിനക്ക് കൊറച്ചിലാണെങ്കില്‍ എന്നെ കൊന്നു കുഴിച്ചുമൂടിയേച്ചു പോകരുതോ? എന്നിട്ട് ഈ വീടും വിറ്റുകളയണം. പിന്നെ നിനക്ക്  ഇങ്ങോട്ട് വരേണ്ടല്ലോ.''  

        പുന്നൂസ് മറുപടി പഞ്ഞില്ല. സ്തബ്ധനായി. കനത്തനിസ്സഹായത! ചിന്ന ഏകയായി  താസിച്ചാല്‍ മാനക്കേടുണ്ടാകുമെന്ന് അയാല്‍ ഭയന്നു. രക്തബന്ധത്തെപ്പോലും കടി  ച്ചുകീറുന്ന മനുഷ്യമൃഗളുള്ള നാട്ടില്‍, ഒരു മദ്ധ്യവയസ്‌ക ഒറ്റക്ക് താമസിച്ചാല്‍ ഉണ്ടാകാ   കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അറിയാമായിരുന്നു. മകന്റെ മുന്നില്‍ പെറ്റമ്മ പീഡാകരമായ പ്രശ്‌നമായിനിന്നു! ഇരുവരൂം തമ്മില്‍ സംസാരിക്കാഞ്ഞ കുറെ സന്താ  പദിനങ്ങള്‍ കടന്നുപോയി.    

     ആരും കേള്‍ക്കാതെ, പരാതിയെന്നപോലെ, കുടെക്കുടെ ചിന്ന സ്വയം പറഞ്ഞു: ''എന്റെ പുത്രന് ഞാനിന്നൊരധികപ്പറ്റായി. അവന്‍ ആദ്യമായി കണ്ണ്തുറന്നുകണ്ടത് എന്നെയാണ്. അവന്റെ കവിളില്‍ ആദ്യം ഉമ്മവെച്ചതു ഞാനാണ്. എന്റെ മുലപ്പാല്‍ കുടിച്ച്, എന്റെ കയ്യിലിരുന്നു വളര്‍ന്നവനാണ്''      

     ധനസമൃദ്ധിയെന്ന ലക്ഷ്യത്തിലേക്ക് പുന്നൂസ് പറന്നുയര്‍ന്നു. അപ്പോഴും, ഏകാന്തതയിലിരുന്ന്, കച്ചത്തോര്‍ത്ത് തലയിലിട്ടു കിഴക്കോട്ട് തിരിഞ്ഞുനിന്ന്, ചിന്ന  പ്രാര്‍ത്ഥി ച്ചു: ''എന്റെ കര്‍ത്താവേ! എന്റെ മോനേ കരുണയോടെ കാത്തുകൊള്ളേണമേ!''

    _________________________

 

Join WhatsApp News
Sudhir Panikkaveetil 2022-07-24 12:06:31
ഓരോ എഴുത്തുകാരനും ഓരോ ശൈലിയുണ്ട്. അതിൽ ചിലത് വായനക്കാർ ഇഷ്ടപ്പെടുന്നു. വിധികർത്താക്കൾ അതിനെ നിയന്ത്രിക്കുന്നു. ഇതിൽ ശ്രീ വേറ്റം സാർ കഥകളുടെ ഒത്തിരി കണ്ണികൾ കൂട്ടിച്ചേർത്തിട്ടുണ്ട്. അതുകൊണ്ട് ആ ശൈലിക്ക് ഇപ്പോൾ പഴമയുടെ ഗന്ധം വരുന്നു എന്ന അഭിപ്രായമുണ്ടാകാം. എന്നാൽ ഇതിൽ കഥ ഉണ്ട്. പറഞ്ഞ വിധവും കുഴപ്പമില്ല. അപ്പോൾ പിന്നെ കഥയെ മുന്നോട്ടും പിന്നോട്ടും (കാലഗതി ) തള്ളുന്നത് ആർ ? ഉത്തരമില്ല,
ജോണ്‍ വേറ്റം 2022-07-25 15:29:24
കഥ വായിച്ചവര്‍ക്കും നിരൂപണം എഴുതിയ ശ്രീ സുധീര്‍പണിക്കവീട്ടിലിനും ഹാര്‍ദ്ദമായ നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക