READ MORE: https://emalayalee.com/writer/213
A snake came to my water trough
On a hot hot day and I in pijamas for the heat to drink there ..
- D H Lawrence
ഒരു അന്നേസ്തെഷ്യ ഡോക്ടർ ഇടപെടേണ്ടാത്ത ഇടങ്ങൾ ചുരുക്കമാണ്. പാമ്പുകടി ഏറ്റു വന്ന ഒരാളുടെ അടുത്ത് മയക്കു ഡോക്ടർക്ക് എന്തു കാര്യമെന്നല്ലേ?
ഉണ്ടല്ലോ, അതു കൊണ്ടല്ലേ ഞാനന്ന് ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ നിന്ന് പച്ചയുടുപ്പിൽ തന്നെ ICU വിലേക്കു പാഞ്ഞു പോയത്.
മെഡിക്കൽ കോളേജ് സർവീസിൽ ആകുന്നതിനു തൊട്ടു മുൻപുള്ള വർഷം ,1990.
അന്നു ഞാൻ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ആയിരുന്നു. 'സായിപ്പിന്റെ ആശുപത്രി' എന്നും ഇതറിയപ്പെട്ടിരുന്നു.
അന്നവിടെ ഞാനും
ചേർന്ന് മൂന്ന് അന്നേസ്തെഷ്യ ഡോക്ടേഴ്സ് ഉണ്ട്. ഡോക്ടർ മോളി അലക്സ് സീനിയർ മോസ്റ്റ് ,
ഡോക്ടർ ജോർജ് വർഗീസ് എന്നിവരും എനിക്കൊപ്പം. ജോർജ് അകാലത്തിൽ പൊലിഞ്ഞു പോയി...
നല്ല തിരക്കുള്ള ഓപ്പറേഷൻ ദിനങ്ങൾ. അന്ന് ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ് ചെയ്തിരുന്ന കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിൽ ഒന്നായിരുന്നു തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ. ഡോക്ടർ പ്രസാദ് വർക്കി ആയിരുന്നു അന്നത്തെ ഓർത്തോ വിഭാഗം സർജറി ചീഫ്. Dr Kunjappan John എന്ന പ്രഗൽഭനായ യൂറോ സർജൻ .
അവിടെ പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള റാഡിക്കൽ സർജറി ഒക്കെ ചെയ്തിരുന്ന സമയം. പ്രശസ്തനായ വാസ്തു ശിൽപ്പി ലാറി ബേക്കർക്ക് പ്രോസ്റ്റേറ്റ് സർജറി ചെയ്തതും ഞാൻ ആദ്ദേഹത്തിന് സ്പൈനൽ അന്നേസ്തെഷ്യ നൽകിയതും ഇപ്പോൾ വെറുതെ ഓർത്തു പോകുന്നു.
മൂന്നു റെഗുലർ ഓപ്പറേഷൻ തീയേറ്ററുകളിലും ഒരു എമർജൻസി ടേബിളിലും ഞങ്ങൾ ഒരേ സമയം സർജറികൾ നടത്തിപ്പോന്നിരുന്നു.
അന്ന് സെക്കന്റ് ടേബിളിൽ നിന്ന എന്റെ സമീപമെത്തി മോളി മാഡം പറഞ്ഞു "ICU വരെ ഒന്ന് വേഗം പൊയ്ക്കോള്ളു, അവിടെ പാമ്പു കടിയേറ്റ ഒരു രോഗിയെ intubate ചെയ്ത് വെന്റിലേറ്ററിൽ ഇടേണ്ടി വരും"
(വാവാ സുരേഷിനെ തൽക്കാലം ഓർമ്മിക്കുമോ ..? )
കേട്ട പാതി , ഞാൻ ICU വിലേക്കു പാഞ്ഞു. വഴിയിൽ ചിലരെ ഒക്കെ തട്ടി വീഴിച്ചതും ഈ ഓട്ടത്തിൽ പെടും.
നിങ്ങൾക്കൊരു അന്നേസ്തെഷ്യ ഡോക്ടറെ വ്യക്തി പരമായി അറിയാമെങ്കിൽ നോക്കിക്കോളൂ, അവർക്ക് ആർജ്ജിച്ചെടുത്ത ഒരു സ്പീഡ് ഉണ്ട്. ഭക്ഷണം കഴിക്കുന്നതുൾപ്പെടെ അവരുടെ എല്ലാ നീക്കങ്ങളിലും ഇതു ദൃശ്യമായിരിക്കും. ഈ ഇന്റുബേഷൻ, വെന്റിലേഷൻ ഒക്കെത്തന്നെ അതിനൊക്കെ കാരണം..
വിളിക്കുന്നിടത്തേയ്ക്ക് ഓടണം...
ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. എല്ലാ ഡോക്ടേഴ്സും ഇതിലൊക്കെ തൽപ്പരരും സമർത്ഥരും ആയിട്ടുണ്ട്.
ഇത് നിലനിൽപ്പിന്റെ കൂടി പ്രശ്നം ആണെന്നു വച്ചോ..
ICU വിൽ പാമ്പുകടിയേറ്റ യുവാവ് പരിഭ്രാന്തിയോടെ കിടക്കുന്നു. മെഡിസിനിലെ ചില ഡോക്ടേഴ്സ് അടുത്തുണ്ട്. അവരെ വകഞ്ഞു മാറ്റി ഞാൻ യുവാവിന്റെ പൾസ് നോക്കി. കുഴപ്പമില്ല.
ശ്വാസം? ഒറ്റനോട്ടത്തിൽ നോർമൽ റെസ്പിറേഷൻ. കൈകളുടെ ബലം നോക്കി - കുഴപ്പമില്ല.
രോഗി നല്ല ബോധവാനാണ്. കാഴ്ച മങ്ങിയിട്ടില്ല.
ഞാൻ ഫിസിഷ്യന്റെ നേരേ തിരിഞ്ഞു.
ഏതു പാമ്പാണ് ? കോബ്ര അല്ലെന്നു തോന്നുന്നു .. അങ്ങനെയെങ്കിൽ കാര്യമായി വിഷം ശരീരത്തിൽ കടന്നിട്ടില്ല എന്ന എന്റെ നിഗമനം ഞാൻ അവരെ അറിയിച്ചു .
പാമ്പിനെ തിരിച്ചറിഞ്ഞിട്ടില്ല അവർ പറഞ്ഞു.
ഉടനെ ഇന്റുബേഷൻ, വെന്റിലേഷൻ ആവശ്യമില്ല എന്ന എന്റെ തീരുമാനം ഞാൻ അവരെ അറിയിച്ചു.
Close ഒബ്സെർ വേഷനും മോണിറ്ററിങ്ങും വേണം. ആവശ്യമെങ്കിൽ ഞങ്ങളെ അറിയിക്കുക.
ഇതും പറഞ്ഞ് ഞാൻ ICU വിനു പുറത്തേക്കു നടയിറങ്ങി.
അവിടെ നിന്നവരിൽ ചിലർ എന്നോട് രോഗിയുടെ അവസ്ഥ തിരക്കി. തൽക്കാലം കുഴപ്പമില്ല, ഞാൻ പറഞ്ഞു.
നോക്കി നിൽക്കെ ഒരാൾ മുന്നോട്ടു വന്നു.
അയാൾ എന്നെ ഈ നേരമത്രയും സാകൂതം നോക്കി നിൽക്കുന്നത് ആ തിരക്കിനിടയിലും ഞാൻ കണ്ടിരുന്നു.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒരു പൊതി അയാൾ എനിക്കു നേരേ നീട്ടി , എന്നല്ല കയ്യിൽ വച്ചുതന്നു.
ഇതെന്താണ് ? എന്റെ ഒരു രീതി ചോദ്യം.
'അവനെ കടിച്ച പാമ്പാണ്' - അയാൾ.
ഞാൻ ഉറക്കെ പേടിച്ചുകരഞ്ഞതും കൈവലിച്ചതും ഒരുമിച്ചായിരുന്നു.
പൊതി താഴെവീണു.
തല്ലിക്കൊന്ന പാമ്പാണ്
ഡോക്ടറെ, പേടിക്കേണ്ട .. അണലി ആണെന്നു തോന്നുന്നു - അയാൾ.
ഞാനാകെ ഭയന്നുവിറച്ചു..
എനിക്കു കാണണ്ട, ഫിസിഷ്യനെ കാണിക്കു.. ഞാൻ പറഞ്ഞു.
എങ്കിൽ ഡോക്ടറെ ഇതവന് കഴിക്കാൻ കൊടുക്കുമോ, അവൻ പറിച്ച കപ്പ വേവിച്ചതാണ്. ഇതു കിളച്ചെടുക്കുമ്പോഴാണ് അവനെ ഈ പാമ്പു കടിച്ചത്..
ഞാൻ ഓർത്ത് അതിശയിച്ചു പോവുകയാണ്, ഭക്ഷണം കഴിപ്പിക്കുന്നതിലെ നമ്മുടെ വേണ്ടപ്പെട്ടവരുടെ ഒരു ജാഗ്രത.
ഒന്നും കഴിക്കാനായിട്ടില്ല, ഗ്ളൂക്കോസ് ഡ്രിപ് കൊടുക്കുന്നുണ്ട്.
അയാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഞാൻ പറഞ്ഞു..
'ഇപ്പോഴായിരുന്നെങ്കിൽ നല്ല ചൂടുണ്ടായിരുന്നു 'എന്നയാൾ പറഞ്ഞതു കേട്ടതായി നടിക്കാതെ തിരിച്ചു നടക്കുമ്പോൾ ഞാൻ ആലോചിച്ചു.
ഞാൻ എന്തിനാണ് പാമ്പിനെ ഇത്ര ഭയപ്പെടുന്നത്..?
ഡിഗ്രിക്ക് പഠിക്കുമ്പോൾ D. H. Lawrence ന്റെ Snake എന്ന Poem പഠിച്ചത് ഓർമ്മ വന്നു.
പതിനാറ് വരികളുള്ള ആ കവിത..!
എത്ര അരുമയോടെ ആണു Poet പച്ചനിറമുള്ള ഈ കുഞ്ഞിപ്പാമ്പിനെ വിവരിക്കുന്നത്.
പാമ്പുകളാണ് ഭൂമിയുടെ പ്രകൃതിക്കനുസരിച്ചു ജീവിക്കുന്ന സൃഷ്ടിയെന്നും എല്ലാ ജീവജാലങ്ങളോടും empathy വേണമെന്നും പറഞ്ഞു കൊണ്ട് ഈ കവിത ഏറ്റം മനോഹരമായി വിവരിച്ചു തന്ന Roslend Cheriyan എന്ന അസാധാരണ പ്രതിഭയെക്കൂടി ഞാൻ ഇവിടെ ഓർമ്മിക്കുന്നു.
poem, poems, poetry ഒക്കെ മിസ്സ് എത്ര ക്ലാരിറ്റിയോടെയാണ് വിവരിച്ചു തന്നത്. മറക്കില്ലൊരിക്കലും.
ശരിക്കും പാമ്പുകടി ഒരു എമർജൻസി മെഡിക്കൽ സിറ്റുവേഷൻ ആണ്.
നമ്മൾ ഓർക്കേണ്ട കാര്യം ഇമ്മാതിരി എമർജൻസികളിൽ രോഗിക്ക്, വീട്ടിൽ വച്ചോ പോരുന്ന വഴിയിൽ തട്ടുകടയിൽ നിന്നു വാങ്ങിയോ ഒന്നും കഴിക്കാൻ കൊടുക്കരുത്. ഏറിയാൽ കുറച്ചു പച്ചവെള്ളം മാത്രം കൊടുക്കാം .
വയറു നിറച്ചു കഴിച്ചു വന്നാൽ നാലു മുതൽ ആറു മണിക്കൂർ വരെ നിങ്ങളുടെ സർജറി ചെയ്തു കിട്ടാൻ വൈകിയെന്നു വരും. വളരെ ഹൈ റിസ്ക്കിലാണ് ഈ നിലയിൽ സിസ്സേറിയൻ പോലുള്ള എമർജൻസികൾക്ക് അന്നേസ്തെഷ്യ കൊടുക്കുക. ശ്രദ്ധിക്കുമല്ലോ ഈ കാര്യം.
പാമ്പു കടിച്ചാൽ എത്രയും വേഗം ആളെ anti snake venam (A S V) ലഭ്യമാകുന്ന ഏറ്റവും അടുത്ത ഒരു ഹോസ്പിറ്റലിൽ എത്തിക്കുക. ഏതു പാമ്പാണ് കടിച്ചതെന്നു നിശ്ചയമുണ്ടെങ്കിൽ അതു വെളിപ്പെടുത്തുക.
ചികിത്സയിൽ ഇതിനു വലിയ വ്യത്യാസം ഇല്ലെങ്കിലും ചില നിഗമനങ്ങൾ (anticipations) നടത്തുവാൻ ഡോക്ടർമാർക്ക് ഇത് സഹായകമാകും.
കോബ്ര ബൈറ്റിലാണ് ശ്വാസതടസം ഉണ്ടാവുക.
അണലിയാണെങ്കിൽ രക്തം കട്ടിപിടിക്കാതെ, മൂത്രത്തിലും രോമകൂപങ്ങളിൽ നിന്നുപോലും രക്ത വാർച്ച പ്രതീക്ഷിക്കാം .
വെള്ളിക്കെട്ടനിൽ ഈ രണ്ടു കോംപ്ലിക്കേഷൻസും ഉണ്ടാകാം.
പാമ്പിനെ കൊന്നു പാക്ക് ചെയ്തു വരാനുള്ള സമയ നഷ്ടമൊന്നും വരാതിരിക്കട്ടെ.
രോഗിയെ ഭയപ്പെടുത്താതെ ഇരുത്തി കൊണ്ടുവരാൻ ശ്രദ്ധിക്കുക. കടി പ്പാടിൽ നിങ്ങൾ കൈ വയ്ക്കരുത്. ഞെക്കുക, കീറുക എന്നതൊക്കെ , വിഷം രക്തധമനിയിൽ കയറാനേ ഉപകരിക്കൂ .
ഏറ്റവും പ്രധാനപ്പെട്ട കാര്യം, വിഷഹാരികളുടെയും, അത്ഭുതക്കല്ലു പിടിപ്പിക്കുന്നവരുടെയും അരികെ പോയി വിലപ്പെട്ട സമയവും ജീവനും നഷ്ടപ്പെടുത്താതിരിക്കുക എന്നതാണ്.
അനുഭവങ്ങൾ ഞങ്ങൾക്കേറെ ഉള്ളതു കൊണ്ടു ശ്രദ്ധയിൽ പെടുത്തുന്നു. അത്ര മാത്രം.
Anti Snake venam (A S V ) ലഭ്യമാകുന്ന
ഏറ്റവും അടുത്തുള്ള centre ഗൂഗിൾ നോക്കി മനസ്സിലാക്കി എഴുതി വയ്ക്കുക. ജില്ല തിരിച്ചു് മലയാളത്തിൽ ഇതിന്റെ വിവരങ്ങൾ നമുക്കു ലഭ്യമാണ്. ഈ അറിവ് അയൽവാസികൾക്കും ഉപകരിക്കുമല്ലോ.
ഇനി ഡോക്ടർകുലത്തോട് ഒരു കാര്യം പറയട്ടെ ,
നമുക്കു നേരേ വരുന്ന പൊതികളൊക്കെ സ്നേഹോപഹാരങ്ങൾ ആണെന്ന തെറ്റിദ്ധാരണ വേണ്ടാ ട്ടോ . അതിൽ ജീവനുള്ള പാമ്പോ തേളോപോലും കണ്ടിട്ടുണ്ട്.
പാവം നമ്മുടെ കൂട്ടർ അല്ലേ...!
Dr Kunjamma George 22/07/2022