ബൈബിൾ എന്താണെന്ന് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ടുന്ന ചുമതല അതു ഏൽപ്പിച്ചുകൊടുത്തിരിക്കുന്ന ക്രിസ്തീയ സഭയുടെ ഉത്തരവാദിത്വത്തിൽ പെട്ടതാണ്. ബൈബിളിന്റെയും ക്രൈസ്തവസഭയുടെയും അഭ്യുദയകാംക്ഷികളല്ലാത്തവർക്ക് ആ അവകാശം കൊടുത്തിട്ടില്ല. അവർക്കും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാമെന്നേയുള്ളൂ. ബൈബിൾ എല്ലാവർക്കും വായിച്ചു മനസ്സിലാക്കാനുള്ളതാണെങ്കിലും അതിൽ വിശ്വസിക്കാത്തവർ അതിലെ വാക്യങ്ങൾ എടുത്ത് തങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവാദമില്ല. ബൈബിളിനെ വിശ്വസിക്കാത്തവർ, അതിലെ വാക്യങ്ങളെടുത്ത് കൈകാര്യം ചെയ്യുമ്പോൾ ദൈവം അവരോടു ചോദിക്കുന്നത് ''എന്റെ വചനങ്ങളെ നിന്റെ വായിൽ എടുക്കാൻ നിനക്കെന്തു കാര്യം'' എന്നാണ്. (സങ്കീർത്തനം 50:16)
നല്ല ഉദ്ദേശത്തോടുകൂടിയല്ല ഈ കാര്യംചെയ്യുന്നതെങ്കിൽ പറയുന്ന കാര്യങ്ങളുടെ വിശ്വാസീയത നഷ്ടപ്പെട്ടുകഴിഞ്ഞു. ബൈബിൾ ക്രോഡീകരണത്തിന്റെ പാരമ്പര്യത്തിലേക്കും ചരിത്ര പശ്ചാത്തലത്തിലേക്കും കടന്നിട്ട് 'ബിബ്ലിയ' എന്ന ഗ്രീക്ക്/ലാറ്റിൻ പദത്തിൽ നിന്നാണ് ബൈബിൾ എന്ന പദം രൂപം കൊണ്ടതെന്നും, ആ പദത്തിന്റെ അർത്ഥം 'പുസ്തകം' അഥവാ പുസ്തകങ്ങൾ എന്നാണെന്നും അതുകൊണ്ട് ബൈബിളിനെ എം.എം. അക്ബർ ലൈബ്രറിയോടുമാണ് ഉപമിച്ചിരിക്കുന്നത്. ചില പ്രസ്താവനകൾക്ക് മറുപടി അർഹിക്കുന്നില്ല. ഒരു ഗ്രന്ഥമെന്നതിനെക്കാൾ കുറെ പുസ്തകങ്ങളുടെ സമുച്ചയമാണിതെന്നാണ് എം.എം. അക്ബറിന് മനസ്സിലായത്. ഈ അറിവിനപ്പുറമായി അതിൽ ദൈവത്തിന്റെ കരങ്ങൾ ചലിച്ചിരിക്കുന്നത്, മനുഷ്യവർഗ്ഗത്തിന് മോക്ഷത്തിന്റെ വ്യക്തമായ മാർഗ്ഗം അതിൽ ഒരുക്കിയിരിക്കുന്നത്, ചരിത്രത്തിൽ ദൈവം മനുഷ്യരോട് ഇടപെട്ടത്, ഇനിയും ഭാവിയിൽ മനുഷ്യനോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ പദ്ധതികൾ, ഇതൊക്കെ ഗ്രഹിക്കണമെങ്കിൽ ദൈവകൃപയും ആ ദൈവകൃപക്കടിസ്ഥാനമായ താഴ്മയും ജീവിതത്തിൽ ഉണ്ടെങ്കിലേ സാദ്ധ്യമാവുകയുള്ളൂ. അതല്ല എങ്കിൽ അന്ധന്മാർ ആനയെ തൊട്ടിട്ട് വിവരിക്കുന്നതുപോലെയിരിക്കും.
ബൈബിൾ ദൈവികമാണെന്നും അതു നൽകുന്ന വിവരങ്ങൾ കുറ്റമറ്റതാണെന്നും പറയുമ്പോൾ തർക്കങ്ങളും വാഗ്വാദങ്ങളും ഉണ്ടാകുന്നത് ബൈബിളിലെ സത്യങ്ങൾ മനസ്സിലാക്കാൻ ദൈവം കണ്ണുതുറന്നിട്ടില്ലാത്തവർക്കു മാത്രമാണ്. ജീവിതത്തിൽ അല്പം താഴ്മയും വിനയവും പകർത്തുമെങ്കിൽ ദൈവം അവരുടെ കണ്ണുതുറക്കുകയും ദൈവം ഒരുക്കിയിരിക്കുന്ന രക്ഷാപദ്ധതിയിലേക്ക് അവരെയും സ്വാഗതം ചെയ്യുമെന്നതിൽ സംശയം വേണ്ട. ബൈബിളിനെപ്പറ്റി പൊതു ജനങ്ങളുടെ ഇടയിൽ അവരവരുടെ അറിവും ധാരണയുമനുസരിച്ച് പല വീക്ഷണങ്ങളുമുണ്ട്. വീക്ഷണങ്ങൾ മാറിക്കൊണ്ടിരിക്കുമെങ്കിലും ബൈബിളിന്റെ സത്യാവസ്ഥക്ക് മാറ്റമുണ്ടാവുകയില്ല. മനുഷ്യർക്ക് അതിനെപ്പറ്റിയുള്ള ധാരണകൾ മാറിമറിഞ്ഞുകൊണ്ടിരുന്നെന്നിരിക്കും. മനുഷ്യരുടെ അറിവിനനുസിരിച്ചു അതിനെ ശരിയായ രീതിയിലോ തെറ്റായ രീതിയിലോ ധരിക്കാം. ചിലപ്പോൾ സഭയുടെ തന്നെ നേതൃസ്ഥാനത്തിരിക്കുന്നവർക്ക് താഴ്മയുടെയും വിനയത്തിന്റെയും സ്ഥാനത്ത് അഹങ്കാരം ഉള്ളിൽ കടക്കുന്നതുകൊണ്ട് ബൈബിളിനെ തെറ്റായ രീതിയിൽ ധരിച്ചെന്നിരിക്കും. ലോകചരിത്രത്തിന്റെ ഇരുട്ടുപരത്തിയ ഇൻക്വിസിസിനും, ഗലീലിയോയോട് പ്രതികരിച്ചതുമെല്ലാം ഈ തെറ്റിദ്ധാരണകൾ മൂലം ഉണ്ടായിട്ടുള്ളതാണ്. പണ്ഢിതനായാലും പാമരനായാലും അഹങ്കരിച്ചാൽ, തെറ്റിൽ ചെന്നു ചാടും. ചരിത്രം അതു വരും തലമുറയ്ക്കുവേണ്ടി എഴുതിവെക്കും.
പുതിയ ഗവേഷണങ്ങൾ
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നടന്ന ഗവേഷണങ്ങൾ ബൈബിളിന്റെ ദൈവനിവേശിതത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളെ സാരമായി ബാധിച്ചു എന്നാണ് അക്ബർ കണ്ടുപിടിച്ചിരിക്കുന്നത്. ബൈബിളിനെ ദൈവനിവേശിതമായി വിശ്വസിക്കുന്നതവർ ആദിമുതൽക്കേ ഉണ്ട്. അതുപോലെ അതു വിശ്വസിക്കാത്ത ഒരു വിഭാഗവും എന്നും ഉണ്ടായിരുന്നു. ഒരു വിഷയത്തിന്റെ ശരിയോ തെറ്റോ തീരുമാനിക്കേണ്ടത് ഭൂരിപക്ഷ ന്യൂനപക്ഷ ശരിയനുസരിച്ചല്ലല്ലോ? ഭാവിയിലും ഈ കണക്കുകൾ മാറി മറഞ്ഞുകൊണ്ടിരിക്കും. യോശുവ പറഞ്ഞതുപോലെ ''ഞാനും എന്റെ കുടുംബവും ഞങ്ങൾ യഹോവയെ സേവിക്കും''.(യോശുവ 24:15) മറ്റുള്ളവരുടെ കാര്യം ചിലപ്പോൾ എനിക്കു നിയന്ത്രിക്കാൻ സാധിച്ചെന്നു വരില്ല. എനിക്ക് എന്നെത്തന്നെ സൂക്ഷിക്കുക മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഗവേഷണ ഫലങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കും.
ഗവേഷണത്തിന്റെ രീതികളെപ്പറ്റി ലേശമെങ്കിലും പരിചയമുണ്ടെങ്കിൽ ഗവേഷണത്തിൽ എത്രമാത്രം തെറ്റുകൾ കടന്നുകൂടാമെന്ന് ബോദ്ധ്യമാകും. സ്ഥാപിത താല്പര്യക്കാരും നിരീശ്വരവാദികളും ഗവേഷണം നടത്തുകയും പലതും എഴുതുകയും ചെയ്യുക പതിവാണ്. ഗവേഷണ റിപ്പോർട്ടിലെ മഷി ഉണങ്ങുന്നതിനു മുമ്പ് മറ്റൊരാൾ വേറൊരു ഗവേഷണഫലം പ്രസിദ്ധം ചെയ്‌തെന്നു വരാം. അതുകൊണ്ടൊന്നും സത്യം സത്യമല്ലാതാകുന്നില്ല. പഠനം നടത്തിയവരെല്ലാം വന്നെത്തിയ നിഗമനം ഒന്നാണെന്നുള്ള പ്രസ്താവന സത്യത്തെ വളച്ചൊടിക്കുകയാണ്. ഒരു മുസ്ലീം മത നേതാവെന്ന നിലക്ക് എം.എം. അക്ബറിന്റെ പ്രസ്താവനയെ വായനക്കാർ അതിലെ സ്ഥാപിത താല്പര്യങ്ങൾ കണക്കിലെടുത്ത് പുച്ഛിച്ചു തള്ളുകയേയുള്ളൂ. ഒരു വിഷയത്തിന്റെ ഒരു വശം മാത്രം കാണുകയും അതിന് എതിരായ തെളിവുകൾ കണ്ടില്ല എന്നു നടിക്കുന്നതും ശരിയായ പണ്ഡിതന്മാർക്ക് ചേർന്നതല്ല. ''Lee strobel'' എഴുതിയ 'The Case For Christ' എന്നഗ്രന്ഥം വായിച്ചു മനസ്സിലാക്കുന്നത് നന്നായിരിക്കും.റെയ്മൺഡ് ഇ. ബൗണിനെ ഉദ്ധരിച്ചുകൊണ്ട് ബൈബിളിലെ ഓരോവാക്കും മനുഷ്യകരങ്ങൾകൊണ്ട് എഴുതപ്പെട്ടതാണെന്ന് എം.എം. അക്ബർ കണ്ടുപിടിച്ചിരിക്കുന്നു. അത് അങ്ങനെതന്നെയാണ് എന്നതിന് സംശയമൊന്നുമില്ല. അത് മനസ്സിലാക്കുവാൻ റെയ്മൺഡ് ഇ ബൗണിനെയോ എം.എം. അക്ബറിന്റെയോ സഹായം ആവശ്യമില്ല. ഒരു ക്രിസ്തീയവിഭാഗവും അങ്ങനെയല്ല എന്നു പഠിപ്പിക്കുന്നതായി അറിയില്ല. എ.എം. അക്ബർ പിന്നീടു സമ്മതിക്കുന്നതുപോലെ ദൈവത്തിന്റെ നിർദ്ദേശം മനുഷ്യന്റെ കരങ്ങളിലൂടെ നമ്മിൽ എത്തിച്ചേർന്നു എന്നതിൽ അഭിപ്രായവ്യത്യാസം ഇല്ല. ഇതിനതീതമായ ഏതെങ്കിലും മതവിഭാഗമോ മതഗ്രന്ഥങ്ങളോ ഇന്നു നിലവിലുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാൽ നന്നായിരിയ്ക്കും.
വേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ പരിശുദ്ധാത്മ പ്രേരണയാൽ മനുഷ്യരിൽ ദൈവം ഇടപെട്ടതു മൂലം ഉളവായതാണ്. മാനുഷിക ബലഹീനതയിൽ തികഞ്ഞുവരുന്ന അത്യന്തശക്തി വിഷയത്തെ ആസകലം അഭിഷേകം ചെയ്യുമ്പോൾ അവിടെയും ഇവിടെയും ചെറിയ പോരായ്മകൾ എന്നു ചിലർക്കു തോന്നിയേക്കാവുന്ന വാക്കുകൾ ചൂണ്ടിക്കാണിക്കുവാൻ സാധിച്ചെന്നുവരികിലും ദൈവികപരിജ്ഞാനം അതിനെയെല്ലാം മൂടി ദൈവിക മർമ്മങ്ങൾ വെളിപ്പെടുത്തുന്നതിന് സഹായിക്കുന്നു. അങ്ങനെയുള്ള ദൈവിക മർമ്മങ്ങൾ ആർക്കെങ്കിലും മറഞ്ഞിരിക്കുന്നുവെങ്കിൽ അതു നശിച്ചുപോകുന്നവർക്കല്ലാതെ മറ്റാർക്കാണ്.?
ഗ്രന്ഥരചന മാനുഷിക പരിമിതികളിൽ നിന്ന് വിമുക്തമല്ല എന്ന് എം.എം. അക്ബർ പറയുമ്പോൾ അത് അദ്ദേഹം വിശ്വസിക്കുന്ന മതഗ്രന്ധങ്ങൾക്കും ബാധകമാണല്ലോ? അതുപോലെ തന്നെ എം.എം. അക്ബർ പ്രതിപാദിയ്ക്കുന്ന ബൈബിൾ നിരൂപണവും മാനുഷിക പരിമിതികളിൽ നിന്ന് വിമുക്തമല്ല എന്ന് സമ്മതിക്കുമല്ലോ. ഗ്രന്ഥങ്ങളെ വായിച്ചു ഗ്രഹിക്കുന്നതിലും ഈ പറയുന്ന സ്ഥലകാല, ഭാഷാ, സാംസ്‌ക്കാരിക, വ്യക്തപര പരിമിതികൾ ബാധകമാണെന്ന് സമ്മതിക്കേണ്ടിവരും. 2000-4000 വർഷങ്ങൾക്കു മുമ്പു നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതികൾ അതിലെ ജനങ്ങൾക്കു മനസ്സിലാകുന്ന ഭാഷയിലാണ് ബൈബിൾ എഴുതിയിരിക്കുന്നത്. ആ സന്ദർഭവും സാഹചര്യങ്ങളും അതേ രൂപത്തിൽ മനസ്സിലാക്കാൻ മാനുഷിക പരിമിതികൾ മൂലവും ദൈവകൃപയുടെ അഭാവം മൂലവും എല്ലാവർക്കും സാധിച്ചു എന്നുവരില്ല.
ഉദാഹരണമായി ഈ എഴുത്തുകാരൻ മലയാളഭാഷയിലുള്ള ഉറി എന്ന വാക്ക് പാഠപുസ്തകത്തിൽ പഠിച്ചിട്ടുള്ളതാണ.് ഉറിയുടെ ഉപയോഗം നിന്നുപോയതുകാരണം ആ വാക്കുപറഞ്ഞാൽ പുതിയ തലമുറയ്ക്ക് അതു മനസ്സിലാവുകയില്ല. ബൈബിൾ വായിക്കുന്ന ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പകർത്തിയെഴുതുന്നതിൽ നിയോഗിക്കപ്പെട്ട ശാസ്ത്രിമാർ അത് ജനങ്ങൾക്കു മനസ്സിലാകുന്ന ഭാഷയിൽ പകർത്തിയെഴുതിയിട്ടുണ്ട്. ഈ പകർത്തി എഴുതലിന് ഒരു മതഗ്രന്ഥവും അതീതമല്ല. അതിന്റേതായ പരിമിതികൾ എല്ലാ മതഗ്രന്ഥങ്ങളിലുമുണ്ട്. പ്രവാചകനായ മുഹമ്മദിന് പല ഭാര്യമാരുണ്ടായിരുന്നു എന്നതോ ദാവീദിനോ മറ്റു പ്രവാചകന്മാർക്കോ ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടായിരുന്നു എന്നതോ ഇന്നത്തെ കാലത്ത് അവരുടെ ഒരു തെറ്റായി വ്യാഖ്യാനിക്കുന്നതിൽ അർത്ഥമില്ല. ഭാര്യമാരായിരുന്നവരുടെ മാതാപിതാക്കൾക്ക് അതിൽ പരിഭവമില്ല എങ്കിൽ ദൈവം അന്ന് അത് അനുവദിച്ചു എങ്കിൽ ഈ കാലത്ത് അതിന്റെ ശരി തെറ്റും ചിന്തിക്കുന്നതിൽ എന്തർത്ഥമിരിക്കുന്നു?
പണ്ഡിതന്മാരെന്ന് അവകാശപ്പെടുന്നവർക്കും അവരുടെ വാദഗതികൾക്കും മാനുഷികമായ പരിമിതികളുണ്ട്. ഏതു ഗ്രന്ഥത്തിനും, ഏതുഭാഷയിലാണോ അത് രചിച്ചിരിക്കുന്നത്, പരിഭാഷ ചെയ്തിരിക്കുന്നത് എന്നതനുസരിച്ച് ആ ഭാഷയുടേതായ പരിമിതികളുണ്ട്. ഭാഷകൾക്ക് അർത്ഥം വ്യക്തമാക്കുന്നതിന് വാക്കുകളുടെ ലഭ്യത ഒരുപോലെയല്ല. ചിലഭാഷകൾക്ക് കൂടുതൽ വാക്കുകളും മറ്റു ചിലഭാഷകൾക്ക് കുറച്ചു വാക്കുകളുമേ ഉള്ളൂ എന്നു വന്നേക്കാം. പ്രവാചകനു ലഭിച്ച ദർശനത്തെ ഭാഷയിലേക്കു പകർത്തുമ്പോൾ ഭാഷയുടേതായ പരിമിതികളും സ്വഭാവികമാണ്. ഇന്ന് നമുക്ക് ലഭ്യമായിരിക്കുന്ന പല വസ്തുക്കളും പ്രവാചകൻ ദർശനം കാണുന്ന സമയത്ത് ലഭ്യമായിരുന്നില്ല. എന്നാൽ ദർശനം ഭാവികാലത്തേക്കുള്ളതാകയാൽ അത് രേഖപ്പെടുത്തുമ്പോൾ ഈ 21-ാം നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്ന വായനക്കാരന് ചില ബുദ്ധിമുട്ടുകൾ നേരിട്ടു എന്നു വന്നേക്കാം. വെളിപ്പാടിലുള്ളതും ദാനിയേൽ പ്രവചനത്തിലുള്ളതുമായ പല പ്രവചനങ്ങളും പ്രതീകാത്മകമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അതു മനസ്സിലാകണമെങ്കിൽ ദൈവകൃപ ആവശ്യമാണ്. ചില പണ്ഡിതന്മാർ എന്ന് അവകാശപ്പെടുന്നവർക്ക് ഈ ദൈവകൃപ ലഭ്യമല്ലാത്തതുകാരണം അവർക്ക് ദൈവവചനം ശരിയായ രീതിയിൽ മനസ്സിലാക്കുവാൻ കഴിയുന്നില്ലെങ്കിലും അവർ എഴുതിവിടുന്നതിന് കുറവൊന്നുമില്ല.
മറ്റൊരു ഉദാഹരണമെടുത്താൽ ബൈബിളിൽ ഉല്പത്തിയിൽ 'മനുഷ്യനെ സൃഷ്ടിച്ചതിൽ ദൈവം അനുതപിച്ചു' എന്ന് എഴുതിയിരിക്കുന്നതിൽ ഭാഷയുടേതായ പരിമിതികൾ ദർശിക്കാവുന്നതാണ്. പ്രതീകാത്മകമായി ലഭിച്ച പല ദർശനങ്ങളും അതു ദർശിച്ച പ്രവാചകനു പോലും ശരിയായി മനസ്സിലാകാത്ത സന്ദർഭങ്ങളുണ്ട്. കാരണം, അതുഭാവികാലത്തേക്കുള്ളതാകായാൽ തന്നെ. ''സന്ധ്യകളെയും ഉഷസുകളെയും കുറിച്ചു പറഞ്ഞിരിക്കുന്ന ദർശനം സത്യമാകുന്നു. ദർശനം ബഹുകാലത്തേക്കുള്ളതാകയാൽ അതിനെ അടച്ചുവെയ്ക്ക. ഞാൻ ദർശനത്തെപ്പറ്റി വിസ്മയിച്ചു. ആർക്കും അതു മനസ്സിലായില്ലതാനും.(ദാനി. 8:26,27)
ദൈവം പ്രവാചകന്മാരിൽകൂടി ഏതുവിധത്തിലാണ് ഇടപെടുന്നത്; അത് Inspiration ആണോ അതോ വെളിപ്പാടാണോ എന്നൊക്കെ തർക്കിച്ചു സമയം കളയാമെന്നല്ലാതെ മറ്റെന്തു പ്രയോജനം. അതിന് ഉത്തരം പറയേണ്ടത് പ്രവാചകന്മാരോ ദൈവമോ ആണല്ലോ? ഈ ലേഖകൻ ഇതിനു മുമ്പ് എഴുതിയ പുസ്തകം Inspired ആണ് എന്നു പറയാം. ആ Inspired ആയുള്ള ആശയങ്ങളെ, ദർശനങ്ങളെ, മനുഷ്യർക്കു മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുവാൻ പലപല കഥകളും വിശദീകരണങ്ങളും അനുഭവങ്ങളും എഴുത്തുകാരന്റെ അറിവിനും അനുഭവത്തിനും അനുസരിച്ച് അതിൽ കൊണ്ടുവന്നിരിക്കുന്നു.
ബൈബിളിനെ ഒരു വേദഗ്രന്ഥമാണോ അല്ലയോ എന്നത് വ്യക്തിപരമായി ഓരോരുത്തരും തീരുമാനിക്കേണ്ട വിഷയമാണ;് അത് ഒരു വിശ്വാസമാണ്. അത് അങ്ങനെ വിശ്വസിക്കുന്നവർക്ക് അത് അങ്ങനെ ആയിരിക്കും. അത് വേദഗ്രന്ഥമല്ല എന്നു കരുതുന്നവർക്ക് അതങ്ങനെ ആയിരിക്കും
ഖുറാൻ പ്രവാചകനായ മുഹമ്മദിന്റെ വാക്കുകൾ കേട്ടത് പകർത്തിയെഴുതിയതാണെങ്കിൽ ഭാഷയുടേതായ പരിമിതികളും പകർത്തിയെഴുതുന്നതിലെ പരിമിതികളെല്ലാം ഉൾക്കൊള്ളുന്ന ഒരു മാനുഷിക വശം മറ്റു ഏതു മതഗ്രന്ഥത്തിനുമുള്ളതുപോലെ അതിലുമുണ്ടെന്നു സമ്മതിക്കാതെ തരമില്ല. പലപ്പോഴും നമ്മെ മറ്റുള്ളവരിൽ നിന്ന് ഉന്നതമായി നിലയിൽ കാണുക എന്നുള്ളത് ഒരു മാനുഷിക ബലഹീനതയാണ്. അത് അങ്ങനെയായതുകൊണ്ട് ബൈബിൾ നമ്മെ ഓർമ്മപ്പെടുത്തുന്നത് മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠന്മാരായി കാണണമെന്നാണ്.
ഞാൻ അല്ലെങ്കിൽ എന്റെ പാരമ്പര്യം, കുടുംബമഹിമ, വിദ്യാഭ്യാസം, മാതാപിതാക്കൾ, മതവിശ്വാസം, അതല്ലെങ്കിൽ വർഗ്ഗപരമായ ഔന്നത്യം ഇതൊക്കെയെടുത്ത് മറ്റുള്ളവരെ തരം താഴ്ത്തുകയെന്നുള്ളത് മനുഷ്യമനസ്സിന്റെ ഒരു അപക്വത ആയി കണ്ടാൽ മതി. ഇത്തരത്തിൽ ഉടലെടുത്ത ഒരാളുടെ ചിന്താഗതികൊണ്ട് സത്യം സത്യമല്ലാതാവുകയോ സത്യമല്ലാത്തത് സത്യമാവുകയോ ചെയ്യുന്നില്ല.
ഓരോരുത്തരും അവരവരുടെ അറിവും അനുഭവും അനുസരിച്ച് ചിന്തിക്കുന്നു. കടൽക്കരയിലെ ഇളകുന്ന മണൽത്തരിപോലെയാണ് മനുഷ്യന്റെ അറിവുകളുടെ കിടപ്പ്. ഇന്ന് ശരിയെന്ന് ചിന്തിക്കുന്ന വിഷയങ്ങൾ നാളത്തെ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ തെറ്റായി തോന്നാം. ക്രിസ്ത്യാനികളെ മുടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതായ ശൗൽ പൗലോസ് ആയത് പുതിയ ദർശനത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിലാണ്. ആ അറിവോ അനുഭവമോ ആ നിലയിൽ മറ്റൊരു വ്യക്തിക്കും ഉണ്ടായില്ല എന്നു വരാം. പൗലോസ് എഴുതിയിരിക്കുന്നതായ പുതിയനിയമത്തിലെ പല മർമ്മങ്ങളുടെയും ആഴം ഇന്നും ഗ്രഹിക്കുവാൻ വിഷമമുള്ളതാണ്.
ബൈബിൾ പ്രതിപാദിക്കുന്ന വിഷയങ്ങളുടെ ഏകദേശം 20 ശതമാനത്തിൽ കുറവാണ് ഖുറാനിൽ ഉള്ളത് ഖുറാനെപ്പറ്റി ബൈബിളിൽ പരാമർശിച്ചിട്ടേയില്ല. അതുകൊണ്ട് ബൈബിൾ തെറ്റാണെന്നു സ്ഥാപിക്കാൻ ഖുറാൻ ഉദ്ധരിക്കുകയോ ഖുറാൻ തെറ്റാണെന്നു വരുത്താൻ ബൈബിൾ വാക്യങ്ങൾ എടുക്കുന്നതോ ശരിയായ രീതിയല്ല. ഖുറാനും ബൈബിളും രണ്ടു വ്യത്യസ്ത കാലങ്ങളിൽ എഴുതപ്പെട്ടവയാണ്. ദൈവത്തിന്റെ നിർദ്ദേശങ്ങൾക്ക് സ്ഥലകാല സാംസ്‌കാരിക വ്യത്യാസങ്ങൾ ഉണ്ടായെന്നു വരാം.യിസ്രായേൽ ജനതയ്ക്ക് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം എന്ന നിലക്ക് അവർ കൊടുത്തിരുന്ന നിർദ്ദേശങ്ങളായിരുന്നില്ല അതേ കാലത്ത് ജീവിച്ചിരുന്ന മറ്റു ജനവിഭാഗങ്ങൾക്ക് മറ്റു പ്രവാചകന്മാരിൽകൂടി നല്കിയിരുന്നത.് ബിലയാം ദൈവത്തിന്റെ ഒരു പ്രവാചകനായിരുന്നു എന്ന കാര്യം അനുസ്മരിക്കുമല്ലോ. ബിലയാമിൽക്കൂടി മിദ്യന്യർക്കു ലഭിച്ചിരുന്ന നിർദ്ദേശങ്ങളല്ലായിരുന്നു യിസ്രയേൽ ജനതക്ക് ലഭിച്ചിരുന്നത്. അന്ത്യ ന്യായവിധിയിൽ ദൈവം മിദ്യാന്യരെ വിധിക്കുന്നത് യിസ്രയേലിനു കൊടുത്ത നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കുകയില്ലല്ലോ. അതുപോലെ ഖുറാനിൽ വിശ്വസിച്ചു ബൈബിളിലെ സത്യങ്ങൾ മനസ്സിലാക്കാൻ അവസരം കിട്ടാതെപോയ വ്യക്തിയെ വിധിക്കുന്നതും ബൈബിളിന്റെ അടിസ്ഥാനത്തിൽ ആകുകയില്ല.
പൗലോസിനുണ്ടായ ഒരു അനുഭവം അപ്പൊസ്‌തോല പ്രവൃത്തി (16: 6-10) രേഖപ്പെടുത്തിയിരിക്കുന്നതു ഇപ്രകാരമാണ്. പൗലോസും കൂട്ടുകാരും ആസ്യയിൽ ദൈവവചനം പ്രസംഗിക്കണമെന്ന് ആഗ്രഹിച്ചെങ്കിൽ യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല. അങ്ങനെയാണ് അവർ ആസ്യ (Asia) വിട്ട് മക്കദോന്യയ്ക്ക് സുവിശേഷം അറിയിക്കുവാൻ പോകുന്നത്. അതുകൊണ്ട് ഒരു നിശ്ചിത കാലത്തേക്ക് ചിലർ ഖുറാനിൽ വിശ്വസിക്കണമെന്നുള്ളത് ദൈവത്തിന്റെ പദ്ധതിയായിരുന്നു എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. എന്തായാലും ഇസ്ലാം ആവിർഭവിക്കുന്നതിന് മുമ്പ് നിലവിലിരുന്ന വിശ്വാസ ആചാരങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഖുറാൻ ആചരണം എന്തുകൊണ്ടും മെച്ചമാണെന്ന് സമ്മതിക്കാതെ വയ്യ.
ഖുറാനിൽ മറ്റു പ്രവാചക പുസ്തകങ്ങളെയും പ്രവാചകന്മാരുടെ നിർദ്ദേശങ്ങളെയും പാലിക്കണമെന്ന് കല്പിക്കുമ്പോൾ ബൈബിൾ ഖുറാനിലെ നിർദ്ദേശങ്ങൾ പാലിക്കണമെന്നുള്ള കല്പനയില്ല. അതുകൊണ്ടു തന്നെ ഖുറാൻ സത്യാന്വോഷികൾക്ക് ബൈബിളിലേക്കുള്ള, ക്രിസ്തുവിലേക്കുള്ള Stepping Stone ആയിക്കാണാം. സത്യത്തിൽ അതല്ലേ സംഭവിച്ചിരിക്കുന്നത്?. ബഹുദൈവ വിശ്വാസത്തിൽ പ്രതിമകളെ ആരാധിച്ചിരുന്ന ഒരു ജനതയെ ഏകദൈവവിശ്വാസത്തിലേക്കു വരുത്തുക എന്ന മഹത്തായ കർമ്മമാണ് പ്രവാചകനായ മുഹമ്മദിൽകൂടി ദൈവം ചെയ്തത്. അതുകൊണ്ട് ദൈവത്തിന് ആ ജനതയെപ്പറ്റിയുള്ള ഭാവികാല ആലോചനകൾ ഖുറാനിൽ അവസാനിച്ചു എന്നു ചിന്തിക്കേണ്ടതില്ല ദൈവം മുൻകൂട്ടി അറിഞ്ഞിരിക്കുന്നവർ ബൈബിൾ വിവക്ഷിക്കുന്ന രക്ഷാമാർഗ്ഗത്തിൽ എത്തിച്ചേരുമെങ്കിൽ മറിച്ചു ക്രിസ്തുമതത്തിൽ നിന്ന് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമോ സ്വാർത്ഥതാൽപര്യങ്ങൾകൊണ്ടോ മതപരിവർത്തനം ചെയ്തവർക്കുള്ള ന്യായവിധി ദൈവത്തിനു വിട്ടുകൊടുക്കുന്നതായിരിക്കും ഉചിതം.
ഖുറാൻ ബൈബിളിന് ശേഷമാണ് എഴുതപ്പെട്ടത് എന്നതുകൊണ്ട് അതു ദൈവത്തിന്റെ അവസാനത്തെ നിർദ്ദേശം ആണെന്നു വരുന്നില്ല. പ്രവാചകനായ മുഹമ്മദാണ് അവസാനത്തെ പ്രവാചകനെന്ന് പഠിപ്പിയ്ക്കുന്നത് പ്രവാചകൻ അങ്ങനെ പറഞ്ഞതാണോ അതോ ഖുറാന്റെ വ്യാഖ്യാനമാണോ എന്ന് നിശ്ചയമില്ല. Zoroaster എന്ന പേർഷ്യൻ മതസ്ഥാപകൻ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നത് അദ്ദേഹമാണ് അവസാനത്തെ പ്രവാചകൻ എന്നത്രേ. ഓരോ മതത്തിനും ദൈവം ഓരോ കാലയളവു നിശ്ചയിച്ചിട്ടുണ്ട്. അതിനുശേഷം ഈ മതങ്ങൾ നാമാവശേഷമാവുകയോ മറ്റുമതങ്ങളുമായി കൂടിക്കലരുകയോ പുതിയ വിശ്വാസ ആചാരങ്ങളായി രൂപാന്തരം സംഭവിക്കുന്നതോ ആയി ചരിത്രം പഠിച്ചാൽ മനസ്സിലാകും.
ക്രിസ്തീയ വിശ്വാസമനുസരിച്ച് ഈ 21-ാം നൂറ്റാണ്ടിലും ദൈവം പ്രവാചകന്മാരെ അതതു സഭകളിൽ ജനവിഭാഗങ്ങളിൽ അയയ്ക്കുന്നുണ്ട്. അവൻ ചിലരെ അപ്പോസ്‌തോലന്മാരും ചിലരെ പ്രവാചകന്മാരായും, ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടക്കന്മാരായും നിയമിച്ചിരിക്കുന്നു. (എഫെ. 4:11). ശരിയായ എഴുത്തുകാരെല്ലാം ദൈവത്തിൽ നിന്നുള്ള Inspiration പ്രാപിച്ച് എഴുതുന്നു എന്നതിനാൽ പ്രവാചകന്മാരായി കരുതാം. അങ്ങനെയെങ്കിൽ പ്രാവചകനായ മുഹമ്മദ് അവസാനത്തെ പ്രവാചകനെന്നു പറയുമ്പോൾ ദൈവത്തെ മാനുഷിക പരിമിതികളിൽ ഒതുക്കാൻ ശ്രമിക്കുകയല്ലേ? ഒരു സുറാ എടുത്തിട്ട് അതുകൊണ്ട് ഒരു വരയോ വൃത്തമോ വരച്ചിട്ട് ദൈവം ഈ വൃത്തത്തിനപ്പുറം കടക്കാൻ പാടില്ല എന്നു വാശി പിടിക്കുകയല്ലേ?
അതുകൊണ്ട് ഖുറാൻ വേദഗ്രന്ഥമാണെന്നും ബൈബിൾ വേദഗ്രന്ഥമല്ല എന്നും സ്ഥാപിക്കുവാൻ ശ്രമിക്കുന്നതു ബാലിശമായി കരുതിയാൽ മതി. ഖുറാനിൽ വിശ്വസിക്കുന്നവരെ ദൈവം ഖുറാൻ അനുസരിച്ചും ബൈബിൾ വിശ്വസിക്കുന്നവരെ ബൈബിൾ അനുസരിച്ചും ന്യായം വിധിക്കും എന്നു ചിന്തിക്കുന്നതല്ലേ കുറച്ചുകൂടി പക്വമായ വീക്ഷണം. ഖുറാനിൽ വിശ്വസിക്കുന്നവരെ ഖുറാനനുസരിച്ചു ന്യായം വിധിക്കും എന്നു പറയുമ്പോൾ അവർ ബൈബിൾ കൂടി അറിഞ്ഞിരിക്കാൻ ബാദ്ധ്യസ്ഥരാണെന്നുള്ള കാര്യവും മറക്കേണ്ട. ബൈബിൾ സത്യങ്ങളെ മനസ്സിലാക്കാൻ ദൈവം ഒരു ഇസ്ലാം വിശ്വാസിയുടെ കണ്ണുതുറന്നാൽ അത് അങ്ങനെയും മറിച്ചാണെങ്കിൽ അതങ്ങനെയും ആകട്ടെ എന്നു സമാധാനിക്കുന്നതല്ലേ കൂടുതൽ ഉചിതം. അല്ലാതെ ഒരു വ്യക്തി എന്തിനാണ് ഇളകിവശായി രാജ്യത്തെ നിയമം കയ്യിലെടുത്ത് മറ്റുള്ളവരുടെ ചട്ടുകങ്ങളായി മാറുന്നത്.? എന്റെ ചോറു നല്ലതാണെന്നു പറയാം. നിന്റേതു വെന്തതല്ല എന്നു പറയുന്നത് രാഷ്ട്രീയ മത്സരത്തിൽ അന്യോന്യം ചെളിവാരിയെറിയുന്നതിനു തുല്യമല്ലേ?. ഒരു ദൈവവിശ്വാസിക്കു ചേർന്നതാണോ ഇത്?
അബ്രഹാം പിതാവിനെപ്പറ്റിയുള്ള ഒരു കഥ ഇവിടെ ഉദ്ധരിയ്ക്കട്ടെ. വളരെ സൽക്കാരപ്രിയനായിരുന്നു അബ്രഹാം പിതാവ്. ഒരിക്കൽ ഒരപരിചിതനെ ഭവനത്തിൽ സ്വീകരിച്ച് അന്തിയുറങ്ങുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു. നമസ്‌ക്കാരത്തിന്റെ സമയത്ത് അബ്രഹാം ദൈവത്തെ ആരാധിക്കുവാനും പ്രാർത്ഥിക്കുവാനും ആരംഭിച്ചപ്പോൾ ഈ അതിഥിയും തന്റെ കൈവശമുണ്ടായിരുന്ന വിഗ്രഹങ്ങൾ എടുത്തുവച്ച് അതിനെ പൂജിക്കുവാൻ തുടങ്ങി. ഏക സത്യദൈവവിശ്വാസിയായ അബ്രഹാമിന് ഇത് സഹിച്ചില്ല. അദ്ദേഹം ആ അതിഥിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. അന്നു രാത്രിയിൽ ദൈവം അബ്രാഹമിന് പ്രത്യക്ഷപ്പെട്ടു. ''എനിക്കു ഈ വിഗ്രഹാരാധിയെ ഇത്രയും കാലം സഹിക്കാമെങ്കിൽ നിനക്ക് അയാളെ ഒരു രാത്രി സഹിച്ചുകൂടായിരുന്നോ?'' എന്നു ചോദിച്ചു. താൻ ആ വ്യക്തിയോടു ചെയ്തതു ശരിയായില്ല എന്ന് അബ്രഹാം പിതാവിന് ബോദ്ധ്യമായി എന്നാണ് കഥ. വിഗ്രഹാരാധി ചെയ്തതു തെറ്റാണെങ്കിലും അബ്രാഹാം ചെയ്തത് ആ വ്യക്തിയെ സത്യദൈവവിശ്വാസത്തിലേക്ക് കൊണ്ടുവരാൻ സഹായകമായിരുന്നില്ല.
വേദപുസ്തകം ദൈവനിവേശിതമാണോ അതോ മനുഷ്യന്റെ ചിന്തയുടെ ഫലമായി ഉരിത്തിരിഞ്ഞുവന്നതാണോ എന്നതാണ് തർക്കവിഷയം.
ദൈവനിവേശിതത്തിന്റെക്രിസ്തീയ വ്യാഖ്യാനം, 2 പത്രൊസ് 1:19-21 നെ ആധാരമാക്കിയാണ്. ''തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവായതല്ല എന്നു ആദ്യം തന്നെ അറിഞ്ഞുകൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല. ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ''
ബൈബിൾ ദൈവനിവേശിതമല്ല എന്നു സ്ഥാപിക്കാൻ എം.എം. അക്ബർ അവതരിപ്പിക്കുന്ന വാദമുഖങ്ങൾ സ്വന്തം വാദങ്ങളല്ല മറിച്ച് അടിസ്ഥാനമായി ഉപയോഗിച്ച പുസ്തകത്തിലെ അവതരണമാണെങ്കിൽ കൂടി വളരെ ആലോചിച്ച് അവതരിപ്പിച്ചതാണെന്നു കാണാം. ശാസ്ത്രീയമായ ചില പ്രമാണങ്ങളൊക്കെ അതിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഒരു വിഷയം തെറ്റോ ശരിയോ എന്നു സ്ഥാപിക്കണമെങ്കിൽ ശാസ്ത്രജ്ഞന്മാർ ഉപയോഗിക്കുന്ന ഒരു രീതിയാണ് hypothesis എഴുതുന്നത്.എം.എം. അക്ബർ തന്നെ ഒരു hypothesis ക്രൈസ്തവ വ്യാഖ്യാനം എന്നപേരിൽ എഴുതിയുണ്ടാക്കി അത് തെറ്റാണെന്നു സമർത്ഥിക്കാനുള്ള വാദങ്ങളൊക്കെ അവതരിപ്പിച്ച് hypothesis തെറ്റാണെന്നു സ്ഥാപിച്ച് സ്വയം ജയിച്ചതായി പ്രഖ്യാപിക്കുക. ലേശം തരംതാണുപോയി എന്നു സംശയമുണ്ട്.
ഖുറാൻ എഴുതിയ സമയമോ സന്ദർഭമോ അതിൽ വ്യക്തമല്ല. പണ്ഡിതരെന്ന് അവകാശപ്പെടുന്നവരുടെ വ്യാഖ്യാനത്തെ മാത്രം ആശ്രയിച്ച് സാധാരണ ജനങ്ങൾ കഴിയേണ്ടിവരുന്നു. ദൈവത്തിന്റെ അരുളപ്പാടുകളുടെ സമയമോ സന്ദർഭമോ വായനക്കാർക്കു മനസ്സിലാവുകയില്ല. പണ്ഡിതന്മാർ എന്ന് സ്വയം പരിചയപ്പെടുത്തുന്നവർ സ്വാർത്ഥതാൽപര്യങ്ങൾക്കുവേണ്ടി അവതരിപ്പിക്കുന്നത് ചോദ്യം ചെയ്യാതെ വിഴുങ്ങുകയല്ലാതെ സാധാരണ ജനങ്ങൾക്ക് മറ്റു വഴിയൊന്നുമില്ല. ജനങ്ങളെ എന്നും ഇരുട്ടിലും അന്ധതയിലും ഇരുത്തി അത്ഭുത പ്രകാശത്തിലേക്കു വരുവാൻ സമ്മതിക്കാതെ അവരെ ചൂഷണം ചെയ്യാനുള്ള സംവിധാനം കരുപ്പിടിപ്പിക്കുന്നതിന് ചില സാമ്രാജ്യ ശക്തികളും കൂട്ടുനിന്നു എന്നു ചിന്തിയ്ക്കാം. ഹദീസിന്റെയും ഷറിയാ നിയമങ്ങളുടെയും ചരിത്രം അതാണ് വിളിച്ചോതുന്നത്.
പലരുടെ പേരിൽ അറിയപ്പെടുന്ന ഹദിസുകൾ പ്രചാരത്തിലുണ്ട് അവ തമ്മിൽ വളരെയധികം വൈരുദ്ധ്യങ്ങളും ഉണ്ട്. ഖുറാനെക്കാൾ കാര്യങ്ങളെ വിവേചിക്കുന്നതിന് ഹദീസാണ് ഉപയോഗിക്കുന്നതെന്നുള്ളത് ഒരു പരമാർത്ഥം മാത്രമാണ്. ബൈബിൾ വിശ്വസനീയമല്ല തിരുത്തലുകൾ ഉണ്ട് എന്നൊക്കെ വാദിക്കുമ്പോൾ ഹദീസിന്റെ ചരിത്രം അറിയില്ലെന്നോ, കണ്ടില്ലെന്നോ നടിക്കുന്നത് വിരോധാഭാസം ആയിരിക്കുന്നു.
കാര്യസാദ്ധ്യത്തിനു വേണ്ടി നേതൃസ്ഥാനത്തുള്ളവർ, രാഷ്ട്രീയ നേതാക്കൾ, സമ്രാജ്യം കെട്ടിപ്പെടുത്തവർ, കെട്ടിപ്പെടുക്കാനാഗ്രഹിച്ചവർ സൗകര്യം പോലെ ഹദീസ് എഴുതിയുണ്ടാക്കി, അതിന് അംഗീകാരത്തിന്റെ പരിവേഷം ചാർത്തുകയല്ലേ ചരിത്രത്തിൽ നടന്നത്? ഇതൊന്നും കണ്ടില്ല അറിയില്ല എന്ന് നടിച്ചിട്ട് ക്രിസ്ത്യൻ മതഗ്രന്ഥങ്ങളുടെ വിശ്വസനീയതയെ ചോദ്യം ചെയ്യുക. എന്തൊരു ധിക്കാരമാണത്?. ഇങ്ങനെയുള്ള കൈകടത്തുലുകൾ ചരിത്രത്തിൽ ഉണ്ടാവും എന്ന് പ്രവാചകനായ മുഹമ്മദിന് നന്നായി അറിയാവുന്നതുകൊണ്ടായിരിക്കാം മുസ്ലീങ്ങൾ ബൈബിൾ വായിക്കാൻ ഖുറാനിൽ നിർദ്ദേശിക്കുന്നത് എന്നു ചിന്തിക്കുന്നതായിരിക്കും ഉചിതം.
ബൈബിൾ ഒരു വേദഗ്രന്ഥമല്ല എന്ന് എം.എം. അക്ബർ പറഞ്ഞു വച്ചിരിക്കുകയാണ്. പ്രവചനങ്ങൾ കൊടുത്തതായ സമയവും സന്ദർഭവും വ്യക്തമാക്കി സാധാരണ ജനങ്ങൾ മനസ്സിലാക്കുന്ന ഭാഷയിൽ, പണ്ഡിതരെന്നു പറയുന്നവർ സാധാരണക്കാരെ ചൂഷണം ചെയ്യാതെ, അന്ധകാരത്തിൽ നിന്നും അത്ഭുത പ്രകാശത്തിലേക്കു നടത്തുവാൻ, ഇരുൾ നീക്കി ദിവ്യപ്രകാശം മനസ്സുകളിൽ വ്യാപരിക്കുവാൻ ശക്തമായ രീതിയിലാണ് ബൈബിൾ അവതരിപ്പിച്ചിരിക്കുന്നത്. ഖുറാൻ വേദപുസ്തകത്തിൽ പരാമർശിക്കാത്തതുകാരണം ക്രിസ്ത്യാനികൾ അതു വായിക്കുവാൻ ബാദ്ധ്യസ്തരല്ല. എന്നാൽ തെറ്റിദ്ധാരണ നീക്കുവാൻ മുസ്ലീം സഹോദരന്മാരെപ്പറ്റി ശരിയായ ധാരണ ലഭിക്കുവാൻ വായിച്ചുമനസ്സിലാക്കാൻ കഴിവുള്ളവരെല്ലാം അതു വായിക്കുന്നതു നന്നായിരിക്കും. എന്നാൽ ഖുറാനിൽ ബൈബിൾ വായിക്കണമെന്ന് പ്രവാചകൻ മുഹമ്മദ് നിർദ്ദേശിക്കുന്നതുകാരണം മുസ്ലിം സഹോദരന്മാർക്കും അത് ബാധകമാണ്. അന്ത്യന്യായവിധിയിൽ ദൈവിക കോടതിയുടെ മുമ്പിൽ എല്ലാ മനുഷ്യരും നില്ക്കുമ്പോൾ ബൈബിൾ സത്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാതിരുന്നതിന് പറയുന്ന ഒരു മുടന്തൻ ന്യായവും വിലപ്പോവുകയില്ല. മനുഷ്യരുടെ മുമ്പിൽ പരിഹസിച്ചും അക്രമാസക്തമായും കാര്യങ്ങൾ ഉദ്ദേശിച്ചതുപോലെ കുറച്ചു സമയത്തേക്കെങ്കിലും സാധിച്ചെടുക്കാൻ കഴിഞ്ഞാലും ദൈവിക കോടതിയുടെ മുമ്പാകെ അഗ്നിജ്വാലക്കൊത്ത കണ്ണുകളുള്ള ന്യായാധിപതിക്കുമുമ്പിൽ നേരെ നിൽക്കുമോ? ആ ദൈവിക കോടതിയിൽ ന്യായാധിപനായി ആരുഢനായിരിക്കുന്നത് യേശുക്രിസ്തു ആയിരിക്കും എന്ന കാര്യം മറക്കേണ്ട. ബൈബിൾ അനുസരിച്ച് പിതാവായ ദൈവം യേശുക്രിസ്തുവിനെയാണ് ന്യായവിധി ഏല്പിച്ചിരിക്കുന്നത് എന്നത് ഓർക്കുന്നതു നന്നായിരിക്കും.
എം.എം. അക്ബറിനോടുള്ള ചോദ്യങ്ങൾ
പ്രവാചകനായ മുഹമ്മദിന്റെ മരണശേഷം അബൂബക്കറിന്റെ ഭരണകാലത്താണ് ആദ്യമായി ഖുറാൻ ക്രോഡീകരിക്കുന്നത്. അബുബക്കർ ഖുറാന്റെ സുറാകൾ ശേഖരിക്കാൻ സയിദിനോട് ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തിന്റെ മറുപടി അല്ലാഹുവിന്റെ പ്രവാചകൻ ചെയ്യാത്ത ഒരു കാര്യം എനിക്ക് എങ്ങനെ ചെയ്യാൻ കഴിയും എന്നായിരുന്നു. സയിദ് കൂട്ടിച്ചേർത്തു ''അബുബക്കർ മല അതിന്റെ സ്ഥാനത്തു നിന്നു നീക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ അത് ഇതിനെക്കാൾ എളുപ്പമാകുമായിരുന്നു.'' പ്രവാചകനായ മുഹമ്മദിന്റെ മരണശേഷം യമാനാ യുദ്ധത്തിൽ ഖുറാൻ സുറകൾ കാണാതെ പഠിച്ചിരുന്ന 450 വ്യക്തികൾ കൊല്ലപ്പെട്ടപ്പോഴാണ് ഖുറാൻ സുറകൾ ശേഖരിക്കേണ്ടതിന്റെ ആവശ്യം അബുബക്കറിന് ബോദ്ധ്യപ്പെട്ടത്. പിന്നീട് അതുവരെ എഴുതിവച്ചിരുന്നതും പലരുടെ ഓർമ്മയിൽനിന്നും സുറകൾ ശേഖരിച്ച് പുസ്തകം ആക്കുകയായിരുന്നു. അതിന്റെ പല പ്രതികൾ ആദ്യകാലത്തു നിലവിലുണ്ടായിരുന്നു. അവ തമ്മിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതു കാരണം ഖലീഫ ഉത്മാൻ ഒരെണ്ണം സൂക്ഷിച്ചുകൊണ്ട് മറ്റുള്ളവ നശിപ്പിക്കുകയായിരുന്നു എന്നാണ് പാരമ്പര്യം. (The true guidance- An Introduction to Quranic studies published by Light of Light)
ഇതിന്റെ അടിസ്ഥാനത്തിൽ ഖുറാന്റെ ആദ്യ കൈയ്യെഴുത്തു പ്രതികൾ നിലവിലില്ലാത്ത സ്ഥിതിക്ക് ഖുറാനിലെ സുറകൾ ശേഖരിച്ചതിലും പകർത്തി എഴുതിയതിലും പുസ്തകം ആക്കിയതിലും മറ്റും പ്രവാചകന്റേതല്ലാത്ത വാക്കുകൾ കടന്നു കൂടിയിട്ടില്ല എന്ന് അക്ബറിനു തീർത്തു പറയാൻ സാധിക്കുമോ? ബൈബിളിൽ തെറ്റുകൾ കടന്നു കൂടി എന്ന് ആരോപിക്കുമ്പോൾ അതേ മാനദണ്ഡം ഖുറാൻ വിലയിരുത്തുന്നതിലും പാലിക്കുമോ?
തോറയും ഇൻജിലും (പുതിയനിയമം) ദൈവത്തിന്റെ വാക്കുകളായാണ് ഖുറാൻ അവതരിപ്പിക്കുന്നത്. ആ ഖുറാൻ സുറാ 6:34 പറയുന്നത് ആർക്കും ദൈവത്തിന്റെ വചനങ്ങൾക്ക് മാറ്റം വരുത്തുവാൻ സാധിക്കുകയില്ല എന്നാണ്.
സുറാ 6:34
നിനക്ക് മുമ്പും ദൂതൻമാർ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് തങ്ങൾ നിഷേധിക്കപ്പെടുകയും, മർദ്ദിക്കപ്പെടുകയും ചെയ്തത് നമ്മുടെ സഹായം അവർക്ക് വന്നെത്തുന്നത് വരെ അവർ സഹിച്ചു. അല്ലാഹുവിന്റെ വചനങ്ങൾക്ക് ( കൽപനകൾക്ക് ) മാറ്റം വരുത്താൻ ആരും തന്നെയില്ല. ദൈവദൂതൻമാരുടെ വൃത്താന്തങ്ങളിൽ ചിലത് നിനക്ക് വന്നുകിട്ടിയിട്ടുണ്ടല്ലോ.
ഒരു ഖുറാൻ മാത്രം ഉണ്ടായിരുന്നിട്ടു കൂടി എന്തുകൊണ്ടാണ് നാലു വ്യത്യസ്ത ചിന്താഗതികൾ (School of Thought) മുസ്ലീം സമൂഹത്തിൽ നിലവിലിരിക്കുന്നത്? കൂടാതെ നൂറിലധികം അവാന്തരവിഭാഗങ്ങളും. അക്ബർ ഇതിനെ എങ്ങനെ വിശദീകരിക്കും