READ MORE: https://emalayalee.com/writer/168
മനുഷ്യർ
എത്ര സാധുക്കളെന്ന്
തോന്നും ചിലപ്പോൾ
മരങ്ങളെപ്പോലെ,
എത്ര മഞ്ഞും മഴയും
വെയിലും കൊണ്ടാലാണ് !
ചിലരുണ്ട്,
ഓക്ക് പോലെ ഉറപ്പുള്ളവർ
ഉൾനീറ്റലുകൾ
ഒരു പൊടി പോലും
പുറത്തു കാണിക്കാത്തവർ
കൈകൾ വിരിച്ചുപിടിച്ച്
ചാഞ്ചല്യ ലേശമെന്യേ
ആകാശത്തേക്ക്
മുഖമുയർത്തി നിൽക്കും
ജീവിതം മുഴുവൻ
മധുരം ചുരത്തി
ഇലനിറങ്ങളുടെ
കുടമാറ്റങ്ങൾ വിന്യസിച്ച്
ചില മേപ്പിൾ മനുഷ്യർ
വസന്തത്തിലെന്ന പോലെ
പ്രണയം ഒരിക്കൽ മാത്രം
ചുംബിച്ചപ്പോൾ ഉടലും ഉയിരും
ഞെട്ടിയുണർന്നു പുഷ്പ്പിച്ചവരുണ്ട്
ശേഷം, കവിത പോലൊന്നിനെ
മനസ്സിൽ താലോലിച്ച്
നിതാന്ത മൗനത്തിലേക്ക്
ഊളിയിട്ട് പോയവർ
നിത്യവും വിഷാദം
പെയ്തു നിൽക്കുന്നുണ്ട് ചില
വീപ്പിങ്ങ് വില്ലോ ശോകശിൽപ്പങ്ങൾ
പൂക്കാലത്തിന്റെ
മാസ്മരികതയാൽ
വലിച്ചടുപ്പിക്കും മറ്റു ചിലർ
അടുത്തെത്തുമ്പോഴാണ്
സൗന്ദര്യത്തിനൊപ്പം കൂടാൻ
സൗരഭ്യമില്ലല്ലോ എന്നറിയുക
അല്പമകലം സൂക്ഷിക്കുന്നതാണ്
എന്തുകൊണ്ടും നല്ലതെന്ന
മുന്നറിയിപ്പുമായി ചില മുൾമരങ്ങൾ
പിന്നെയുമുണ്ട്,
നീണ്ടു നിവർന്ന് ധ്യാന നിരതരായി
യോഗികളെപ്പോലെ പൈൻ മരങ്ങൾ
നിത്യഹരിത ബുദ്ധസ്മിതങ്ങൾ
ഒന്നാലോചിച്ചാൽ
മരങ്ങളും മനുഷ്യരും
ഒരേപോലെ തന്നെ...
മഴയും മഞ്ഞും
വെയിലും കൊണ്ടങ്ങനെ...