'ഞാൻ മരിച്ചായിരുന്നു അല്ലേ ഡോക്ടറെ'?
തലച്ചോറിന്റെ മടക്കുകൾക്കുള്ളിൽ അടുക്കിവച്ചിരിക്കുന്ന ഓർമകൾക്കെത്ര പാളികൾ? ഓരോ പാളിയും വകഞ്ഞു വകഞ്ഞു ചെല്ലുമ്പോൾ നിങ്ങൾക്കവിടെ കാണാം, ചിരിക്കുന്ന, കരയുന്ന മുഖങ്ങൾ.
മറ്റു ചിലവ അസംതൃപ്ത്ങ്ൾ, പരിഭവങ്ങളും പരാതികളും പറയാതെ പറഞ്ഞ് ....
അകലെയുള്ള ഓർമ്മകൾക്കാണ് തെളിമ കൂടുതൽ. മനുഷ്യന്റെ തലച്ചോറിലെ ന്യൂറോൺസിന്റെ തനിമകൊണ്ടാണിതു.
മണിപ്പാലിലെ അന്നേസ്തെഷ്യ പി. ജി ക്കു ശേഷം സ്വഗൃഹത്തിൽ രണ്ടാഴ്ച വിശ്രമിക്കുന്ന എന്റെ സ്വൈര്യജീവിതം. അന്ന് ജയവും തോൽവിയുമൊക്കെ എക്സാം കഴിയുമ്പോൾ തന്നെ അറിയാം. ഇപ്പോഴും ഏകദേശം അറിയാം.
പിന്നെ ഭാഗ്യ നിർഭാഗ്യങ്ങളുടെ ചെറിയൊരു കാലയളവ്.
എവിടെയും ജോയിൻ ചെയ്യാതെ വീട്ടിലിരിക്കുന്ന എന്നെ കണ്ടിട്ട് അപ്പന് പരിഭ്രമം. അല്ലെങ്കിലും ഈ അപ്പൻമാർ അങ്ങനെയാണ് പെണ്മക്കളുടെ കാര്യത്തിൽ.
"ഇതെന്താ നിനക്കു ജോലിയൊന്നും ആകാത്തത്?
MBBS കഴിഞ്ഞപ്പോൾ നിന്നെ 'ദേവമാതാക്കാർ' കൊത്തിക്കൊണ്ട് പോയതല്ലേ".
അപ്പന്റെ ഗമ പറച്ചിൽ ! അതോ ജിജ്ഞാസയോ? ഭർത്താവാണേൽ സ്ഥലത്തുമില്ല.
അങ്ങനെയാണ് ഞാൻ കോട്ടയം മണർകാട് സെൻറ്. മേരീസ് ഹോസ്പിറ്റലിൽ അന്നേസ്തെസിയോളജിസ്റ് ആയി ചാർജ് എടുക്കുന്നത്. എന്റെ ആദ്യത്തെ അനസ്തെഷ്യ പോസ്റ്റിങ്ങ്.തികച്ചും ഒറ്റയ്ക്ക്..
'ഇപ്പോൾ ഇങ്ങു പഠിച്ചിറങ്ങിയതല്ലേ ഉള്ളൂ, തീരെ കിളുന്ന് ' എന്നു സർജൻസ് സംശയിച്ചേക്കാവുന്ന മയക്കു ഡോക്ടർ.
Dr ChithraThara ആണ് അന്നവിടുത്തെ ചീഫ് gynaecologist.
ഡോക്ടർ ചിത്രയുടെ പ്രിയ ഭർത്താവ് പ്രസിദ്ധ മെഡിക്കൽ 0ncologist Dr. Gangadharan അന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ MD പഠിക്കുന്ന കാലം.1985-1987കാലഘട്ടം.ഞങ്ങൾ ഒരു Gate ന് ഇരുവശവും ക്വാർട്ടേഴ്സിൽ താമസം.
വിശാലമായ കളിസ്ഥലം ക്വാർട്ടേഴ്സിന് മുൻവശത്ത് . ഉയരത്തിൽ കാണാവുന്ന മണർകാട് സെൻറ്. മേരീസ് പള്ളി. പള്ളിയിലേക്ക് ഏതു സമയവും വന്നുകൊണ്ടിരിക്കുന്ന തീർത്ഥാടകർ. പള്ളിമണിയുടെ കിണിം കിണിം ശബ്ദം ഇടവിടാതെ.
കൽവിളക്കിൽ മുനിഞ്ഞു കത്തുന്ന എണ്ണത്തിരികൾ. പള്ളിമുറ്റത്തിന് താഴെ വിശുദ്ധമായ കുളം. കുന്തിരിക്ക ഗന്ധമുള്ള പള്ളിപ്പരിസരം. തീർത്ഥക്കിണറിലെ വിശുദ്ധ ജലം. ആകാശത്തെ നല്ലൊരളവിൽ മറച്ചു പിടിക്കുന്ന നൂറ്റാണ്ടുകൾ പിന്നിട്ട കൂറ്റൻ തണൽ വൃക്ഷങ്ങൾ. ഇവയെല്ലാം മണർകാട് മുത്തിയമ്മയുടെ ദൈവാലയത്തിന്റെ മാത്രം പ്രത്യേകത.
അന്നൊരു ദിവസം .
ചിത്രയുടെ കൂടെ ഒ പിയിൽ ഇരിക്കുന്ന എനിക്കും അറിയാം ആ ഗർഭിണിയെ. നീണ്ടകാല അനപത്യതയ്ക്ക് ശേഷം ചികിത്സയ്ക്കായി ഡോക്ടർ ചിത്രയുടെ അടുത്ത് എത്തിപ്പെട്ടവൾ. ആരേക്കാൾ നന്നായി മനസ്സിലാകും ഒരു സ്ത്രീക്ക് മറ്റൊരുവളുടെ വന്ധ്യതയുടെ ഇരുണ്ട ലോകങ്ങൾ.
പെൺ മനസ്സിന്റെ ഇത്തരം സൂക്ഷ്മതയിലേക്കിറങ്ങിച്ചെല്ലാൻ ഒരു ഗൈനക്കോളജിസ്റ്റിനെക്കാളും മാറ്റാർക്കാണാകുക.? ഈയൊരു പ്രശ്നത്തിനു മുൻപിൽ അവരു പോലുമൊന്നു പകച്ചു നിന്നേക്കാം.
ഡോ. ചിത്ര പക്ഷെ പ്രതീക്ഷ കൈ വി ട്ടിരുന്നില്ല.
ചികിത്സയുടെയും പരിശോധനകളുടെയും ഒരു നീണ്ട കാലം.
ഒടുവിൽ അരൂപിയുടെ ആത്മാവ് അവളുടെ ഗർഭപാത്രത്തിന്റെ ആദിയിൽ ഇരട്ടക്കുട്ടികളുടെ രൂപത്തിൽ നാമ്പിടുന്നു. ശ്രദ്ധാപൂർവ്വം ക്രമീകരിക്കേണ്ട അടുത്ത മാസങ്ങളിലെ ജീവിതചര്യകൾ, മരുന്നുകൾ. മാസങ്ങൾക്കൊടുവിൽ ഭ്രൂണങ്ങൾ പൂർണ്ണ വളർച്ചയിലേക്കെത്തുന്നു.
ഇവരെ നമ്മൾ elderly primi, precious pregnancy എന്നൊക്കെയുള്ള ഓമനപേ രുകൾ പറഞ്ഞ് അഡ്മിഷനുള്ള ഡേറ്റ് കൊടുത്തു് വിടുന്നു.
ഒരു സന്ധ്യ മയങ്ങിയ നേരത്ത് ചില ദിവസങ്ങൾ മുമ്പേ തന്നെ അവർ ആശുപത്രിയിൽ എത്തി.
ബ്ലീഡിങ് തുടങ്ങിയിരിക്കുന്നു. നമ്മളിതിനെ Ante partum haemorrhage ( പ്രസവത്തിനു മുമ്പുള്ള രക്തവാർച്ച ) എന്നാണ് വിളിക്കുക.
ഇപ്പോൾ സ്കാനിംഗ് വഴി ഈ ബ്ലീഡിംഗിന്റെ കാരണങ്ങൾ കണ്ടു പിടിക്കാം, ചില നിഗമനങ്ങളിൽ ഡോക്ർക്ക് എത്തിപ്പെടാം. അന്ന് സ്കാനിംഗ് ഒന്നും ഇല്ലാത്ത കാലമല്ലേ? ഡോക്ടറുടെ പഞ്ചേന്ദ്ര്യങ്ങൾ തന്നെ ആണ് നമ്മുടെ സഹായത്തിനെത്തുക.
ഇത്തരം ബ്ലീഡിംഗ് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടകാരിയാണ്. ഈ സിറ്റുവേഷൻ ഒരു obstetric എമർജൻസിയും കൂടിയാണ്.
ചിത്ര എന്നേയും കൂട്ടിയാണ് ലേബർ റൂമിലേക്ക് പോയത്. സിസ്സേറിയൻ എന്നു തീരുമാനമായി.
ഒരു വിധം നല്ല ബ്ലീഡിംഗ് ഉണ്ട്. ഞാൻ നല്ല രണ്ട് IV canula ഇട്ട് വിവിധയിനം fluids കൊടുത്തു തുടങ്ങി .
ഈ IV കാനുലയുടെ വരവ് ഒരുപാട് ബ്ലീഡിംഗ് കേസുകളെ രക്ഷിച്ചിട്ടുണ്ട് കേട്ടോ..
തൽക്കാലം ബ്ലഡ് പ്രഷർ സ്റ്റേബിൾ ആണ്. അത്താഴം കഴിച്ചതിനാൽ ജനറൽ അന്നേസ്തെഷ്യ റിസ്കിയാണ്. സമയം നഷ്ടപ്പെടുത്താതെ ഞാൻ സ്‌പൈനൽ അന്നേസ്തെഷ്യ കൊടുത്തു.
ഡോ.ചിത്ര ഒരു നിമിഷത്തെ പ്രാർത്ഥനക്കു ശേഷം വയറും, ഗർഭപാത്രവും തുറന്ന് വേഗം കുഞ്ഞുങ്ങളെ വെളിയിലെടുത്തു. രണ്ടും ആൺകുട്ടികൾ. കുട്ടികൾ നന്നായി കരഞ്ഞു.
Uterus contract ചെയ്യാനുള്ള മരുന്നുകൾ ഞാൻ കൊടുത്തു, ഒപ്പം mild sedation നും. ബ്ലഡ് പ്രഷർ ഇനിയും കുറഞ്ഞേക്കാം എന്ന ഓർമപ്പെടുത്തലുമായി രോഗിയുടെ ഹൃദയമിടിപ്പ് അല്പ്പം കൂടിത്തുടങ്ങി.
ഞാൻ ചിത്രയെ വിവരമറിയിച്ചു. ഓപ്പറേഷൻ ടേബിളിൽ നിന്നും രക്തം താഴേക്കു ഒഴുകിയിറങ്ങുന്നത് എന്റെ കണ്ണുകൾ കണ്ടുപിടിച്ചു. ബ്ലഡ് പ്രഷർ തല്ക്കാലം സ്റ്റേബിൾ ആണ്. ചിത്ര പറഞ്ഞു, uterus അത്ര contracted അല്ല, നോക്കാം.
സാധാരണ പ്രസവം കഴിഞ്ഞാൽ uterus ക്രിക്കറ്റ് ബോൾ പോലെ ചുരുങ്ങി കാട്ടിയാകണം. അതാണ് നിയമം. ഞാൻ pitocin എന്ന മരുന്ന് ഡ്രിപ്പിൽ ഇട്ട് തുടർന്നുകൊണ്ടേയിരുന്നു. ചിത്ര abdomilal layers അടച്ചു തുടങ്ങി. ഒരു layer, രണ്ടു layer, ഇനി skin suters മാത്രം ബാക്കി. ബ്ലഡ് പ്രഷർ നന്നായി കുറഞ്ഞു തുടങ്ങി.
ചിത്ര പറഞ്ഞു uterus contract ആകുന്നില്ല. ബ്ലാ ബ്ലാ കിടക്കുന്നു. ഈ അവസ്ഥയെ ആണ് post partum haemorrhage (പ്രസവത്തിനു ശേഷമുള്ള ബ്ലീഡിംഗ് )എന്നു വിളിക്കുന്നത്. Uterus remove ചെയ്യേണ്ടി വരും, വേറെ വഴിയൊന്നുമില്ല ചിത്ര പറഞ്ഞു.
മണർകാട് ഒരു ചെറിയ സെറ്റ് അപ്പ് ആണ്.ബ്ലഡ് സൂക്ഷിച്ചു വയ്യ്ക്കാൻ പറ്റിയ ബ്ലഡ് ബാങ്ക് അന്നില്ല. വേഗം മെഡിക്കൽ കോളേജിലേക്ക് വിട്ടാലോ? ഞങ്ങൾ ഒരു നിമിഷം ആലോചിച്ചു. അവിടം വരെ ജീവനോടെ എത്തില്ല, ഞങ്ങൾ ഒരേ അഭിപ്രായത്തിലെത്തി. 'വന്നാൽ വന്നതിന്റെ ബാക്കി '.ഞങ്ങൾ രോഗിയെ രക്ഷിക്കാനുള്ള ശ്രമത്തിലായി.
അപ്പോഴേക്കും സ്‌പൈനൽ അന്നേസ്തെഷ്യ wear off ചെയ്തു കഴിഞ്ഞിരുന്നു.ഞാൻ സർവ്വ ദൈവങ്ങളെയും വിളിച്ചു ജനറൽ അന്നേസ്തെഷ്യ induce ചെയ്തു. ചിത്ര ഞൊടിയിടയിൽ suture കൾ എല്ലാം വിടുവിച്ചു. Uterus ഒട്ടും ചുരുങ്ങിയിട്ടില്ല എന്ന കാഴ്ച എന്നേ ഭയപ്പെടുത്തി.
ചിത്ര വേഗം രണ്ടു മുന്നേറ്റങ്ങൾ നടത്തി. Uterus ലേക്കുള്ള രക്തക്കുഴലുകൾ clamp ചെയ്തു. ഇത്ര fast ആയി ഇങ്ങനെയൊരു hysterectomy ആരും ചെയ്തിട്ടുണ്ടാവില്ല. എന്റെ ഓർമ ശരിയാണെങ്കിൽ അവരുടെ രക്ത group A positive ആയിരുന്നു.
Dr Gangadharan ന്റെ ഒരു കുപ്പി രക്തംകൂടി ആ രോഗിക്കു അന്നു ഞങ്ങൾ കൊടുക്കേണ്ടി വന്നു.
പൾസ്, ബിപി, ബ്ലീഡിംഗ് ഒക്കെ സ്റ്റേബിൾ ആയി. കുറച്ചു സമയം കൂടി ഞങ്ങൾ രോഗിയെ നിരീക്ഷിച്ചു. രോഗി അപകട നില തരണം ചെയ്തപ്പോൾ ഞാൻ അവരെ ജനറൽ അന്നേസ്തെഷ്യയിൽ നിന്നും സ്വതന്ത്രയാക്കി.
പിന്നെ നടന്നതൊക്കെ അവിശ്വസനീയം. Tracheal ട്യൂബ് മാറ്റിയ ഉടനെ രോഗിയുടെ തല ഭാഗത്തു നിന്ന എന്നോടൊരു ചോദ്യം.
"ഞാൻ മരിച്ചായിരുന്നു അല്ലേ ഡോക്ടറെ ".
ഞാൻ തിരിച്ചു ചോദിച്ചു "എന്താ പറഞ്ഞത് "?
അവർ ആ 'സ്വപനം 'വിവരിച്ചതിങ്ങനെ..
ഡോക്ടറെ എന്നേ ഉയർത്തിക്കൊണ്ട് രണ്ടു മാലാഖമാർ സ്വർഗത്തിലേക്ക് പോകുകയായിരുന്നു. വളരെ വളരെ ഉയരത്തിൽ ഞാൻ സ്വർഗത്തിനരികെ. പക്ഷെ പെട്ടെന്ന് കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടതും മാലാഖമാർ എന്നേ താഴെക്കിട്ടു".അവർ തല അനക്കി അവിടെയും ഇവിടെയും നോക്കി. ഞാനും ചിത്രയും പരസ്പ്പരം നോക്കി. അവിടെ ഉണ്ടായിരുന്ന എല്ലാ കണ്ണുകളിലും അത്ഭുതം.
ഇതിനൊരു വിശദീകരണം? ശാസ്ത്രീയമായവ? ഉണ്ടോ?. പലതും പറയാം. മരിച്ചു ജീവിക്കുകയാണിവർ. മരണത്തിനും ജീവിതത്തിനും ഇടയിലുണ്ടായ, ഉണ്ടാകുന്ന അനുഭവങ്ങൾ വിവരിക്കാൻ അവർ മടങ്ങി വരണം. രക്ത വാർച്ചയെ തുടർന്നുണ്ടായ hypotension, ഷോക്ക് സമയങ്ങളിൽ അവർക്കുണ്ടായ hallucinations ആവാം ഒരു പക്ഷേ.
ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല എന്നു വരും കാലങ്ങൾ എന്നേ ബോധ്യ പ്പെടുത്തി. ഓപ്പറേഷൻ ടേബിളിൽ മരിച്ചു എന്നു വിചാരിച്ച ഒരു യുവാവ് രക്ഷപ്പെട്ടു വന്ന ഉടനെ പറഞ്ഞത് കേട്ടു നോക്കു.
ഞാനെന്റെ ചെവി കൊണ്ട് കേട്ടത്."ഡോക്ടറെ, എന്നേക്കുറേ പിശാചുക്കൾ വട്ടമിട്ടു പിടിച്ച് കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. അവരുടെ പിടി വിടുവിച്ച് ഞാൻ രക്ഷപ്പെട്ടു ".
ഫസ്റ്റ് ടേബിളിൽ എനിക്കൊപ്പം നിന്ന എന്റെ പി ജി സ്മിത ശ്രീകാന്തും ഞാനും വിശ്വാസം വരാതെ നോക്കി നിന്നു.
അത് മാലാഖ കൊണ്ടുപോയതിലും വലിയ ഷോക്കാണ് എനിക്കു സമ്മാനിച്ചത്. പിശാചിന്റെ പിടിയിൽ നിന്നു രക്ഷപ്പെടാൻ അയാൾക്ക് ഒരു മറു പിറവി..സ്വർഗ്ഗവും നരകവുമൊക്കെ ഉണ്ടെന്ന് ഞാൻ തീർച്ചപ്പെടുത്തി. .
സർജറി ചെയ്ത ഡോക്ടർ ശശി കുമാറിന് മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഇത്തരം അവസ്ഥകളെ കുറിച്ച് പലതും പറയുവാനുണ്ടായിരുന്നു. നല്ല വായനയുള്ള ആളാണ്. മരിക്കുന്നവരൊന്നും ഭൂമി വിട്ട് പോകുന്നില്ല, അവരിവിടെ ഭൂമിയുടെ ഭ്രമണ പഥത്തിൽ തന്നെ ഉണ്ട് എന്നും അദ്ദേഹം അന്നു പറഞ്ഞത് ഞാൻ ഓർമ്മിക്കുന്നു. ഇത്തരം അനുഭവങ്ങൾ വിവരിച്ച മറ്റു പല അന്നേസ്തെഷ്യ സുഹൃത്തുക്കളും എനിക്കുണ്ട്.
സ്വർഗത്തിലേക്ക് യാത്രയായവർ ജീവിതത്തിലേക്ക് തിരിച്ചു വന്നതാണ് സങ്കടമായത്.
നിക്കോസ് കാസന്ത് സാക്കീസിന്റ temptation of christ ലേ മനുഷ്യ പുത്രനായ യേശു കുരിശിൽ കിടന്നു കാണുന്ന സ്വപ്‌നങ്ങൾ ഇതിനോട് ചേർത്തു വായിക്കുവാൻ ചിലർക്കെങ്കിലും തോന്നാതിരിക്കില്ല തീർച്ച.
Dr. Kunjamma George
29/07/2022.