Image

സുന്ദര സ്വപ്നങ്ങള്‍ പേറി നടക്കുന്നവര്‍ (മേരി മാത്യു മുട്ടത്ത്)

Published on 07 August, 2022
സുന്ദര സ്വപ്നങ്ങള്‍ പേറി നടക്കുന്നവര്‍ (മേരി മാത്യു മുട്ടത്ത്)

അന്ന് നാടും, വീടും, നാട്ടേരേംവിട്ട് അന്യനാട്ടിലേക്ക് ചേക്കേറിയപ്പോള്‍ വേറിട്ടൊരു ചിന്ത മനസ്സില്‍ പോയില്ല. ഇന്ന് വേദന തോന്നുന്നു. ബുദ്ധിമുട്ടിയുണ്ടാക്കിയ ആ കൊച്ചു കളിക്കൂട് നഷ്ടപ്പെടുത്തിയതിനെക്കുറിച്ചോര്‍ത്ത്. ഒക്കെ നല്ലതിനെന്ന് ചിന്തിച്ചു. അന്യനാട്ടില്‍ ജീവിതം ജീവിച്ചുതീര്‍ക്കണോ! പിറന്ന മണ്ണിലേക്കൊരു തിരിച്ചുപോക്ക്, അത് മനസ്സില്‍ പാറി, പതറി നടന്നു. 

അങ്ങനൊടുവില്‍ തിരിച്ചുപോവാന്‍ തന്നെ തീരുമാനിച്ചു. നാട്ടില്‍ ഒരു ചെറുകഷണം ഭൂമിയുള്ളതില്‍ ചെറിയൊരു കിളിക്കൂട് വീണ്ടും കൂട്ടുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍!

പക്ഷ ഒരു കാര്യം വ്യക്തമായി. എന്തിനും ഏതിനും കോഴ, കോഴയോട് കോഴ എന്നറിഞ്ഞു. നാളികേരത്തിലെ നാട്ടിലെ മണ്ണില്‍ കാലെടുത്തു കുത്തണമെങ്കില്‍ കാടൊക്കെ വെട്ടിത്തെളിക്കണമല്ലോ. ഇപ്പോള്‍ അവിടെയും ആരുംതന്നെ പറമ്പില്‍ ഇറങ്ങുക ചുരുക്കം. ഒക്കെ ഇറങ്ങിയാല്‍ അലര്‍ജി! കാര്യങ്ങള്‍ മുമ്പത്തേതിലും അധികരിച്ചിരിക്കുന്നു. 

കാടു വെട്ടിത്തെളിക്കാന്‍ തൊഴിലുറപ്പുകാര്‍ വേണമല്ലോ! അപ്പോഴേയ്ക്കും കീശയിലെ കാശിന്റെ പകുതിയിലധികം അവിടെ ചിലവായി. പിന്നീട് സ്‌കെച്ചിനും, ഇലക്ട്രിസിറ്റി, വാട്ടര്‍. അതിനൊക്കെ ഓട്ടപ്രദക്ഷിണം തന്നെ നടത്തേണ്ടിവന്നു. പിന്നീട് വില്ലേജ് ഓഫീസ്, പഞ്ചായത്ത് അനുവാദങ്ങള്‍...ഒടിനടന്നു മടുത്തു. ഒരു പേപ്പര്‍ സബ്മിറ്റ് ചെയ്യുമ്പോള്‍ മറ്റൊന്ന്. അങ്ങനെ കടമ്പകള്‍ അനവധിയാണ്. 

നട്ടവെയിലിലും കൊടുംതണുപ്പിലും പണിയെടുത്ത് സ്വരൂപിച്ച പണം. പക്ഷെ ആള്‍ക്കാരുടെ ചിന്ത മറ്റൊന്നാണല്ലോ? അങ്ങനെ കോഴ കൊടുത്ത് മടുത്തു. ഒരു കിളിക്കൂട് കെട്ടാന്‍ പരുവത്തിലാക്കിയെന്ന് പറയാം. 

പിന്നൊരു കൂട്ടര്‍ നാടിന് കാവല്‍ നിന്ന് പെന്‍ഷന്‍ പ്രായം എത്തി അന്യനാടുകളിലേക്ക് ചേക്കേറിയവര്‍. പെന്‍ഷന്‍ പണത്തിനായി നെട്ടോട്ടം ഓടുന്ന കഥകളും അന്യമല്ല. ഒരായിരം കടമ്പകളാണ് നാട്ടില്‍ എന്തിനും ഏതിനും എന്നു കേള്‍ക്കുന്നു. ഒരുനടയ്‌ക്കൊന്നും കാര്യം നടക്കില്ലെന്നാണ് കേള്‍വി. 

സത്യത്തില്‍ നാട്ടില്‍, സ്വന്തം നാട്ടില്‍ അവസാന കാലഘട്ടം എങ്കിലും പത്ത് പരിചിത മുഖങ്ങളെ കണ്ട് ജീവിതം മുഴുമിപ്പിക്കാം എന്ന ചിന്തയാണ് ഇതിനൊക്കെ കാരണമായത്. 

ഈ പപ്പുംപൂടയും പൊഴിഞ്ഞ കിളികള്‍ക്ക് എളുപ്പമായി കാര്യങ്ങള്‍ നീക്കാനുള്ള സംവിധാനങ്ങള്‍ കൂടിയേ തീരൂ. ഇവിടെ നഴ്‌സിംഗ് ഹോമിലും മറ്റും പണിത് നടുവൊടിഞ്ഞ ഹതഭാഗ്യരാണ് ഞങ്ങളൊക്കെ! ഗൃഹാതുരത്വം നിറഞ്ഞുതുളുമ്പുന്ന ഞങ്ങളെ ഇട്ടു വലയ്ക്കല്ലേ! കോഴയില്‍ മുക്കല്ലേ! ഒരു പരിധിക്കപ്പുറം പറ്റില്ലല്ലോ. ഒരു നടയ്ക്ക് ഞങ്ങളെ വിടണേ! കാര്യങ്ങളൊക്കെ നടപ്പാക്കാനുള്ള കാലതാമസം ഞങ്ങളുടെ മനസിനെ നിര്‍വീര്യമാക്കില്ലേ! മനസ്സില്‍ ഇപ്പോഴും കൊണ്ടുനടക്കുന്ന കൊച്ചുകൊച്ചു സന്തോഷങ്ങള്‍ ജന്മനാട്ടിലേ കിട്ടൂ.! ഇതിനായി ഗവണ്‍മെന്റിന്റെ ഒരു സഹായം ഞങ്ങള്‍ക്ക് കിട്ടുമെന്ന് ആഗ്രഹിക്കുന്നു. പ്രതീക്ഷിക്കുന്നു. 'മൂഷിക സ്ത്രീ എന്നും മൂഷിക സ്ത്രീയോ' ഒരു മാറ്റം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വലയ്ക്കല്ലേ ഞങ്ങളെ. പാവങ്ങളാണേ ഞങ്ങള്‍!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക