കോഴിക്കോട്: ഷാജന്‍ ആനിത്തോട്ടത്തിന്റെ പ്രഥമ നോവല്‍ 'പകര്‍ന്നാട്ട'ത്തിന്റെ ഔദ്യോഗിക പ്രകാശനം കോഴിക്കോട്ടുവച്ച് നടത്തപ്പെട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരും പ്രശസ്ത നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രനാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും നോവലിസ്റ്റുമായ യു.കെ. കുമാരന്‍ നോവലിന്റെ പ്രതി ഏറ്റുവാങ്ങി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ (റിട്ട.) പ്രൊഫസര്‍ ഈ.ജെ. ജേക്കബ്ബ്, കെ.ജെ. ജോണി (കറന്റ് ബുക്ക്‌സ്, തൃശ്ശൂര്‍) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല മലയാളി നഴ്‌സുമാരുടെ ജീവിത വെല്ലുവിളികളുടെയും അതിജീവനത്തിന്റെയും ഉദ്വേഗജനകമായ നോവല്‍ ആവിഷ്‌കാരമാണ് 'പകര്‍ന്നാട്ടം'. ഹൈറേഞ്ചില്‍ നിന്നും മധ്യതിരുവിതാംകൂറില്‍ നിന്നുമായി കേരളത്തിനു പുറത്തേയ്ക്കും തുടര്‍ന്ന് വിദേശരാജ്യങ്ങളിലേക്കും കുടിയേറിയ പതിനായിരക്കണക്കിന് മലയാളി നഴ്‌സുമാര്‍ കടന്നുപോയ വഴികളിലെ മുള്ളും പൂവും ഹൃദ്യമായി അടയാളപ്പെടുത്തിയിരിക്കുന്ന ഈ നോവല്‍, വായനക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന അത്യന്തം തീക്ഷ്ണമായ അനവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ്; ഒപ്പം, കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ സാമൂഹിക സംഭവങ്ങളും ആസ്വാദ്യകരമായി ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു.
അനുഭവസാന്ദ്രതകൊണ്ട് അമൂല്യമായ ഒരു കാവ്യമാണ് 'പകര്‍ന്നാട്ടം' എന്ന് സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുമ്പോള്‍, ലക്ഷക്കണക്കിന് പ്രവാസി നഴ്‌സിംഗ് ജീവിതങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ആധുനിക ഇതിഹാസമാണിതെന്നാണ് സഖറിയ വിശേഷിപ്പിച്ചിരിക്കുന്നത്. പല വേഷങ്ങളില്‍ പകര്‍ന്നാടുന്ന മനുഷ്യജന്മങ്ങളുടെ വിസ്മയകരമായ അവസ്ഥാഭേദങ്ങളുടെയും അനുഭവങ്ങളുടെയും ഭവസാഗരം എന്ന് പെരുമ്പടവം ശ്രീധരനും നോവലിനെ വിലയിരുത്തിയിരിക്കുന്നു. പ്രസിദ്ധീകരിച്ച് ആറു മാസങ്ങള്‍ക്കുള്ളില്‍ കോപ്പികളെല്ലാം വിറ്റുതീര്‍ന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
ഷാജന്‍ ആനിത്തോട്ടത്തിന്റെ നാലാമത്തെ പുസ്തകമാണ് 'പകര്‍ന്നാട്ടം'. 'ഹിച്ച്‌ഹൈക്കര്‍' (കഥാസമാഹാരം), 'പൊലിക്കറ്റ' (കവിതകള്‍), 'ഒറ്റപ്പയറ്റ്' (ലേഖനസമാഹാരം) എന്നിവയാണ് മറ്റു കൃതികള്‍. കറന്റ് ബുക്ക്‌സ്, തൃശ്ശൂര്‍ ആണ് പ്രസാധകര്‍. 470 പേജുകളുള്ള 'പകര്‍ന്നാട്ടം' ഇപ്പോള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ആമസോണ്‍ (ഇന്ത്യ), കറന്റ് ബുക്ക്‌സ് തൃശ്ശൂര്‍, കോസ്‌മോ ബുക്ക്‌സ് എന്നിവയുടെ ശാഖകള്‍ വഴിയും ലഭ്യമാണ്.
ENGLISH SUMMARY: SHAJAN ANNITHOTTAM NOVEL