സിനിമയ്ക്കു മനസ്സും ശരീരവും ഉണ്ടോ? അടൂര്‍ ഗോപാലകൃഷ്ണന് പറയുന്നതു ശരീരമാണ് പ്രേക്ഷകനോട് സംവദിക്കുന്നത് എന്നാണ്. 'സിനിമയുടെ ശരീരം' എന്ന പുസ്തകത്തില്‍ ജോണ്‍ സാമുവല്‍ സമര്‍ത്ഥിക്കുന്നത്, എന്താണ് ഈ ശരീരവും മനസ്സും എന്ന ആശയമാണ്. അടൂരിന്റെ ചലച്ചിത്രസൗന്ദര്യശാസ്ത്രത്തെ വിശകലനം ചെയ്യുന്ന ഈ പുസ്തകത്തില്‍, സിനിമയുടെ കഥ മനസ്സായി വസിക്കുമ്പോള്‍ അതിനുള്ളിലെ കഥാപാത്രങ്ങള്‍ മനസ്സിനെ ഉള്‍ക്കൊള്ളുന്ന ശരീരമായി വര്‍ത്തിക്കുന്നു എന്ന അതിശ്രദ്ധേയമായ ഒരു കണ്ടെത്തലാണ് ജോണ്‍ സാമുവല്‍ നടത്തുന്നത്. പ്രമേയത്തെ സിനിമയുടെ മനസ്സായും കഥാപാത്രങ്ങളെ സിനിമയുടെ ശരീരമായും വീക്ഷിക്കുന്ന അടൂരിന്റെ ചലച്ചിത്രസങ്കല്പത്തിന്റെ വിശദീകരണവും വ്യാഖ്യാനവുമാണ് 'സിനിമയുടെ ശരീരം' എന്ന പുസ്തകം.
അടൂര്‍ ഗോപാലകൃഷ്ണന്റെ അരനൂറ്റാണ്ട് നീളുന്ന ചലച്ചിത്രസപര്യയുടെ ഭൂമികയിലേക്കു വിശുദ്ധിനിറഞ്ഞ മനസ്സുമായി നടത്തുന്ന ഈ അന്വേഷണത്തില്‍ മലയാള സിനിമയെ ലോക സിനിമാത്തറവാട്ടില് കസേരയിട്ടിരുത്തിയ ഒരു സംവിധായകന്റെ സംഭാവനകള്‍ വിവരിക്കാനല്ല, ആ സംവിധായകന്റെ വ്യത്യസ്തമായ ചലച്ചിത്രസൗന്ദര്യചിന്ത വ്യാഖ്യാനിക്കാനാണ് ജോണ്‍ സാമുവല്‍ ഉദ്യമിക്കുന്നത്. 1972 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ പന്ത്രണ്ട് സിനിമകള്‍ക്കാണ് അടൂര്‍ സാക്ഷാത്കാരം നടത്തിയിട്ടുള്ളത്. ഇതില്‍ സ്വന്തം കഥയ്ക്കു തിരക്കഥയെഴുതി സംവിധാനം ചെയ്ത സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, കഥാപുരുഷന്, നിഴല്‍ക്കുത്ത്, പിന്നെയും എന്നിങ്ങനെ എട്ടു സിനിമകളുണ്ട്. ബഷീറിന്റെ മതിലുകള്‍, സക്കറിയായുടെ വിധേയന് (ഭാസ്ക്കരപട്ടേലരും എന്റെ ജീവിതവും), തകഴിയുടെ നാലു പെണ്ണുങ്ങള്, ഒരു പെണ്ണും രണ്ടാണും എന്നിങ്ങനെ പ്രസിദ്ധീകൃത കഥകള്‍ അവലംബമാക്കിയാണ് മറ്റു നാലു സിനിമകള്‍ അടൂര്‍ അവതരിപ്പിച്ചിട്ടുള്ളത്.
അടൂരിന്റെ ഈ സിനിമകളിലെ കഥാപാത്രങ്ങളെ ചേര്‍ത്തുവയ്ക്കുമ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന് എന്ന വ്യക്തിത്വമായി എന്നു നിരീക്ഷിക്കുന്ന ജോണ്‍ സാമുവല്‍, അതിന് ഉപോല്‍ബലകമായി 'സ്വയംവര'ത്തിലെ സ്നേഹസമ്പന്നനായ വിശ്വത്തെയും 'കൊടിയേറ്റ'ത്തിലെ ശുദ്ധഗതിക്കാരനായ ശങ്കരന്‍കുട്ടിയെയും 'എലിപ്പത്തായ'ത്തിലെ അവസ്ഥാന്തരങ്ങളില്‍ അകപ്പെട്ടുപോയ ഉണ്ണിക്കുഞ്ഞിനെയും 'മുഖാമുഖ'ത്തിലെ നിസ്സംഗനായ ശ്രീധരനെയും 'അനന്തര'ത്തിലെ വാത്സല്യനിധിയായ ബാലുവിനെയും 'കഥാപുരുഷനി'ലെ കാലത്തിന്റെ സാക്ഷിയായ കുഞ്ഞുണ്ണിയെയും ചൂണ്ടിക്കാണിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ തുല്യമായി വീതിച്ചാല്‍ മലയാള സിനിമയിലെ ഒരുപിടി അനശ്വര കഥാപാത്രങ്ങളുടെ നേര്‍ക്കാഴ്ചയായി എന്നാണ് ജോണ്‍ സാമുവലിന്റെ അഭിപ്രായം. അടൂര്‍ ഗോപാലകൃഷ്ണന് രൂപപ്പെടുത്തിയെടുത്ത ഈ കഥാപാത്രങ്ങളിലൂടെ സിനിമയുടെ വലിയ ഒരു ലോകം മാത്രമല്ല ഗ്രന്ഥകാരന് കാട്ടിത്തരുന്നത്. ഈ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന സ്നേഹം, കോപം, താപം, സഹതാപം, ആര്‍ദ്രത, ആഹ്ലാദം തുടങ്ങിയ മാനുഷികഭാവങ്ങളെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിയ അടൂരിന്റെ സിദ്ധിയും സാധനയും കൗശലവും ഈ പുസ്തകത്തില്‍ ജോണ്‍ സാമുവല്‍ കണ്ടെത്തുന്നുണ്ട്.
സിനിമയുമായി ബന്ധമില്ലെന്നു കരുതുന്ന ഒരു കാര്യം പറയാം.
അല്പം വേദശാസ്ത്രമാണ്. ബൈബിളിലെ പുതിയ നിയമത്തില്‍ യേശുക്രിസ്തു നടത്തിയ അന്ത്യഅത്താഴത്തെപ്പറ്റി വിശുദ്ധ മത്തായിയുടെയും വിശുദ്ധ മര്‍ക്കോസിന്റെയും വിശുദ്ധ ലൂക്കോസിന്റെയും സുവിശേഷങ്ങളില്‍ വര്‍ണിക്കുന്നുണ്ട്. തന്റെ പരസ്യശുശ്രൂഷയുടെ അന്ത്യത്തില്‍ ശിഷ്യന്മാര്ക്ക് ഒപ്പമിരുന്നു അന്ത്യഅത്താഴം പങ്കിട്ടപ്പോള്‍ യേശു അപ്പമെടുത്തു വാഴ്ത്തി ഭക്ഷിക്കാന്‍ കൊടുത്തിട്ടു പറഞ്ഞതു, ''ഇതെന്റെ ശരീരം'' എന്നായിരുന്നു. തുടര്‍ന്നു പാനപാത്രമെടുത്തു സ്തോത്രം ചെയ്തിട്ട് ശിഷ്യന്മാര്ക്കു കുടിക്കാന്‍ കൊടുത്തപ്പോള്‍ പറഞ്ഞതു, ''ഇതെന്റെ രക്തം'' എന്നും ആയിരുന്നു. യേശുക്രിസ്തുവിന്റെ ഈ വാക്കുകളില്‍ വലിയൊരു വേദശാസ്ത്രം മാത്രമല്ല ക്രൈസ്തവ സൗന്ദര്യ ശാസ്ത്രത്തിന്റെ വലിയൊരു ദര്‍ശനവും ഉള്‍ക്കൊണ്ടിരിക്കുന്നു. അന്ത്യഅത്താഴനാളില് സംസ്ഥാപിതമായ ക്രൈസ്തവരുടെ കൂദാശയായ വിശുദ്ധകുര്‍ബ്ബാന യേശുക്രിസ്തുവിന്റെ തിരുശരീരരക്തങ്ങള്‍ പങ്കുവയ്ക്കുന്നുവെന്നാണ് സങ്കല്പം. ഇതൊരു വേദശാസ്ത്രം മാത്രമല്ല, ഉദാത്തമായൊരു സൗന്ദര്യശാസ്ത്ര സങ്കല്പം കൂടിയാണ്. ഈ സങ്കല്പം ഭാവുകത്വവിസ്ഫോടനത്തിനു വിധേയമാകുമ്പോഴാണ് കലാകാരന് ഉദാത്തമായ സൃഷ്ടി നടത്തുന്നത്. 'ഇതെന്റെ ശരീരം, ഇതെന്റെ രക്തം' എന്ന മട്ടില്‍ അടൂര്‍ ഗോപാലകൃഷ്ണന് കലാസൃഷ്ടി നടത്തുമ്പോള്‍ ആകട്ടെ, അദ്ദേഹം നടത്തുന്നത് ഒരു കൂദാശ ആണെന്നും പറയേണ്ടിയിരിക്കുന്നു. അത് ഉത്തമ കലാനുഭവമാണ്.
അടൂരിന്റെ സിനിമകളുടെ പ്രത്യേകത, അദ്ദേഹം സ്വന്തം കഥാപാത്രങ്ങളെ സൃഷ്ടിച്ചു ആ കഥാപാത്രങ്ങള്‍ക്കു ദൃശ്യഭാഷ്യം നല്കുന്നു എന്നതാണ്. എന്നാല്‍ സ്വന്തം രചനകള്‍ക്കു ഒപ്പം അദ്ദേഹം ബഷീറിന്റെയും തകഴിയുടെയും സക്കറിയായുടെയും രചനകള്‍ ചേര്‍ത്തുവച്ചുകൊണ്ടു തന്നെയാണ് അവരുടെയും കഥാപാത്രങ്ങള്‍ക്കു ദൃശ്യഭാഷ്യം നല്‍കിയത്. ഒരു കഥാബീജത്തില്‍ നിന്നാരംഭിച്ചു പടിപടിയായുള്ള പരിണാമങ്ങളിലൂടെ കടന്നു കഥയെ കഥാപാത്രങ്ങളിലൂടെ ഒടുവില്‍ സിനിമയാക്കുന്ന പ്രക്രിയ അടൂര്‍ നടത്തുന്നതു യാന്ത്രികമായിട്ടല്ലെന്നു വ്യക്തമാക്കുകയാണ് ജോണ്‍ സാമുവല്‍, ഈ പുസ്തകത്തില്‍. സിനിമയിലൂടെ അടൂര്‍ സ്വന്തം ശരീരവും രക്തവുമാണ് പ്രേക്ഷകര്‍ക്കു പങ്കുവയ്ക്കുന്നത്. അക്കാര്യം ജോണ്‍ സാമുവല്‍ ഇതില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ സിനിമ എന്നതിനെപ്പറ്റി അടൂര്‍ ആദ്യം സ്വയം ബോധ്യപ്പെടുത്തുന്ന ഒരു പ്രക്രിയയുണ്ട്. അതിനു ശേഷമാണ് അടൂര്‍ വിഷയം അല്ലെങ്കില്‍ കഥാവസ്തു ഉറപ്പിക്കുന്നത്. ഒരു കഥാവസ്തു ഉപയോഗിച്ച് എന്ത് ആശയമാണ് പ്രേക്ഷകരുമായി പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നത് എന്നുള്ള കാര്യമാണ് അടുത്ത ഘട്ടത്തില്‍ നടക്കുന്നത്. ഇതിനുള്ള ഉത്തരം തന്റെ പക്കലുണ്ടെങ്കില്‍ അതായിരിക്കും സിനിമയുടെ പ്രമേയം. ഈ പ്രമേയത്തെയാണ് അടൂര്‍ 'ശരീര'വും 'രക്തവു'മായി രൂപാന്തരപ്പെടുത്തുന്നുത്. ഈ പ്രമേയത്തെ ഗര്ഭത്തിലെടുത്തു വളര്‍ത്തിവലുതാക്കാനുള്ള ആരോഗ്യവും ഓജസുള്ള മനസ്സും ശരീരവുമാണ് തുടര്‍ന്നു ഉണ്ടാകേണ്ടത്. അടൂരിന്റെ അതിനുള്ള ഭാവുകത്വ പരിണാമത്തെക്കുറിച്ച് ജോണ്‍ സാമുവല്‍ വിശദീകരിക്കുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്റെ ഈ ഭാവുകത്വപരിണാമത്തെ വിവിധ സിനിമകളുടെ പശ്ചാത്തലത്തില്‍ ഗ്രന്ഥകാരന് വ്യക്തമാക്കുമ്പോള്‍ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ഗര്‍ഭത്തില്‍ വളര്‍ന്നുവന്നു ആരോഗ്യവും ഓജസും ഉള്ള മനസ്സും ശരീരവുമായി മാറുന്ന പ്രക്രിയയുടെ ഒരു നേര്‍സാക്ഷ്യം വായനക്കാര്‍ക്കു അനുഭവവേദ്യമാകുകയാണ്. ജോണ്‍ സാമുവല്‍ ഇങ്ങനെ എഴുതുന്നു.
''കഥ പറയുന്നതിനുള്ള വെറുമൊരു ഉപകരണം മാത്രമാകുന്നില്ല കഥാപാത്രം. കഥാപാത്രത്തിന്റെ വൈകാരിക ഭാവങ്ങള്‍ പ്രമേയത്തെ താങ്ങിനിര്‍ത്തുന്നു. കഥാപാത്രങ്ങളുടെ ആകെത്തുകയായി പ്രമേയം മാറുന്ന സങ്കീര്‍ണ്ണത സിനിമയെ സൂക്ഷ്മമായ ഭാവങ്ങളിലെത്തിക്കുന്നു. കഥാപാത്രങ്ങള്‍ ചേര്‍ന്നു കഥയൊരുക്കുന്നു. കഥ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയല്ല, കഥാപാത്രങ്ങള്‍ കഥയെ സംവേദനക്ഷമമായ ഒരുത്പന്നമാക്കി മാറ്റുന്ന സര്ഗ്ഗപ്രക്രിയയാണിത്.''
സിനിമയുടെ ശരീരം എന്ന സങ്കല്പത്തിന്റെ പ്രാധാന്യത്തിനു അടിവരയിടുന്നതാണ് കഥാപാത്രങ്ങളെപ്പറ്റിയുള്ള അടൂരിന്റെ നിരീക്ഷണമെന്നും ജോണ്‍ സാമുവല്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ ചിത്രീകരിക്കുന്ന കഥാപാത്രങ്ങളെയും അവരുടെ ജീവിതാവസ്ഥകളെയും അടുത്തറിയുമ്പോള്‍ വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ ഉണ്ടാകുന്നു. ഒരു ദൃശ്യത്തിന്റെ സത്യസന്ധവും മര്‍മ്മപ്രധാനവുമായ കര്മ്മവ്യവസ്ഥയിലോ കഥാപാത്രം ഒരുവിടുന്ന സാര്‍ത്ഥകമായ സംഭാഷണ ശകലത്തില്‍ കൂടിയോ സിനിമയുടെ ശരീരത്തിലേക്ക് എത്താന്‍ കഴിയുന്നു. അടൂര്‍ ഗോപാലകൃഷ്ണന് വളര്‍ന്നു വന്ന ജീവിതപശ്ചാത്തലത്തിന്റെ സന്തതികളാണ് അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളെന്നും ഗ്രന്ഥകാരന് വ്യക്തമാക്കുന്നുണ്ട്. 'എലിപ്പത്തായ'ത്തിലെ ഉണ്ണിക്കുഞ്ഞും 'കഥാപുരുഷനി'ലെ കുഞ്ഞുണ്ണിയും 'കൊടിയേറ്റ'ത്തിലെ ശങ്കരന്‍കുട്ടിയും 'മുഖാമുഖ'ത്തിലെ ശ്രീധരനും 'അനന്തര'ത്തിലെ അജയനും മറ്റും അടൂരിന്റെ സിനിമാജീവിതത്തിന്റെ സാര്‍ത്ഥക മൂലകങ്ങളാണെന്നും ഗ്രന്ഥകാരന് അഭിപ്രായപ്പെടുന്നു. 'കൊടിയേറ്റ'ത്തിലെ ശങ്കരന്കുട്ടിയില് ''ഞാനുണ്ട്'' എന്നാണ് അടൂര്‍ പറഞ്ഞിട്ടുള്ളത്. ശങ്കരന്‍കുട്ടിയെ ഒരു മണ്ടനായോ മന്ദബുദ്ധിയായോ കാണുന്നവരുണ്ടെങ്കിലും 'കൊടിയേറ്റ'ത്തില്‍ ഒരു കണ്ണ് പുറത്തേക്കു പിടിച്ചിരിക്കുമ്പോള്‍ തന്നെ മറ്റേക്കണ്ണ് തന്നിലേക്ക് തിരിച്ചുവയ്ക്കുകയായിരുന്നുവെന്ന് അടൂര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശങ്കരന്‍കുട്ടി സിനിമയുടെ ശരീരമായി വളര്‍ച്ച പ്രാപിക്കുന്നതു അയാളുടെ പ്രവര്‍ത്തികളിലൂടെയും നോട്ടങ്ങളിലൂടെയും യാത്രകളിലൂടെയും ദുഃഖങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയും തിരസ്കാരങ്ങളിലൂടെയുമാണ്. അടൂര്‍ പറയുന്നത്, എല്ലാ കഥാപാത്രങ്ങളുടെയും തുടക്കം നമുക്കറിയാവുന്നതും നമ്മുടെ അനുഭവത്തില്‍ ഉള്ളതുമായ ഏതെങ്കിലും വ്യക്തിയോ സംഭവമോ ആയിരിക്കുമെന്നാണ്. അതിനു സ്വഭാവികമായ, ജൈവപരമായ പരിണാമം ഉണ്ടാകുമ്പോഴാണ് കാലാന്തരത്തില്‍ തിരക്കഥ ഉരുത്തിരിയുന്നത്. അതിന്റെ ചിത്രീകരണ സമയത്തും തുടര്‍ന്നു സാങ്കേതിക സംവിധാനവേളയിലും അതിനു വളര്‍ച്ചയുണ്ടാകുന്നു. ആ വളര്‍ച്ചയാണ് സിനിമയുടെ ശരീരമാകുന്നത്.
'എലിപ്പത്തായ'ത്തില്‍ ശരീരമായി വര്‍ത്തിച്ച ഉണ്ണിക്കുഞ്ഞ് മലയാളസിനിമയുടെ ജാതകം തിരുത്തിക്കുറിച്ച കഥാപാത്രമാണ്. ഉണ്ണിക്കുഞ്ഞില്‍ അടൂര്‍ മാത്രമല്ല നമ്മളും അടങ്ങിയിരിക്കുന്നു. നമ്മുടെ ജീവിതസാഹചര്യത്തില്‍ നിന്നാണ് സിനിമ ജനിക്കുന്നതെന്ന് ഈ കഥാപാത്രം നമ്മേ ഓര്‍മ്മപ്പെടുത്തുന്നു. ജന്മിത്വവ്യവസ്ഥിതിയുടെ ഭൂതകാലത്തു ജീവിച്ചിരുന്ന ഉണ്ണിക്കുഞ്ഞ് യഥാര്‍ത്ഥത്തില്‍ അടൂര്‍ തന്നെയാണെന്നു ജോണ്‍ സാമുവല്‍ സമര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ ഉണ്ണിക്കുഞ്ഞിന്റെ എത്രയോ സവിശേഷതകള്‍ അടൂരുമായി ബന്ധപ്പെട്ടു നില്ക്കുന്നു. ഉണ്ണിക്കുഞ്ഞ് യഥാര്‍ത്ഥജീവിതത്തില്‍ അടൂരിന്റെ ഒരു ബന്ധുവാണെങ്കിലും ആ കഥാപാത്രത്തില്‍ നിന്നു മാത്രമായിരുന്നില്ല 'എലിപ്പത്തായ'ത്തിന്റെ തുടക്കം. ആ കഥാപാത്രത്തിനു സ്വഭാവികമായ വളര്‍ച്ച ഉണ്ടായതാണ് 'എലിപ്പത്തായ'ത്തിലെ ഉണ്ണിക്കുഞ്ഞ്. യഥാര്‍ത്ഥ ജീവിതസാഹചര്യങ്ങളോടുള്ള അടൂരിന്റെ പ്രതികരണത്തില്‍ നിന്നാണ് 'എലിപ്പത്തായ'ത്തിലെ ഉണ്ണിക്കുഞ്ഞ് ഉണ്ടാകുന്നത്. ജീര്‍ണ്ണിച്ചു തുടങ്ങിയ ജന്മിവ്യവസ്ഥിതിയുടെ ദുഃഖം പേറുകയും അതിനു സാക്ഷിയാകേണ്ടി വരികയും ചെയ്ത അടൂരിനു 'എലിപ്പത്തായ'ത്തിലെ ഉണ്ണിക്കുഞ്ഞ് ഒരു വിമുക്തിയായി രൂപാന്തരം പ്രാപിക്കുന്നുവെന്നു പറയേണ്ടതുണ്ട്. 'എലിപ്പത്തായ'ത്തിലെ എല്ലാ കഥാപാത്രങ്ങളെയും താന്‍ അടുത്തറിഞ്ഞിരുന്നുവെന്നും അവരില്‍ താനും ഉണ്ടായിരുന്നുവെന്നും അടൂര്‍ സാക്ഷിച്ചിട്ടുണ്ട്.
'മുഖാമുഖ'ത്തില്‍ വ്യക്തി സമൂഹമായി മാറുന്ന കാഴ്ച സഖാവ് ശ്രീധരനിലൂടെ നാം കാണുമ്പോള്‍ കേവല തലത്തിലുള്ള കഥാപാത്രചിത്രീകരണത്തെക്കാള് ഏറെ ആശയപരമായ തലത്തിലുള്ള ദൃശ്യവ്യാപാരം പ്രേക്ഷകര്‍ കണ്ടെത്തുന്നു. സഖാവ് ശ്രീധരനെ അടൂര്‍ കണ്ടെത്തിയതു തന്റെ സ്വന്തം പരിസരത്തു നിന്നുതന്നെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന കാലം. പാര്‍ട്ടി പ്രവര്‍ത്തകര്‍ പല പേരിലും പലയിടത്തും ഒളിവില്‍ താമസിച്ചിരുന്നു. അത്തരക്കാരെ കണ്ടിട്ടുള്ള അടൂര്‍ ഭൂതക്കണ്ണാടിയുടെ അടിയില്‍ വച്ചു ഒരു വസ്തുവിനെ നോക്കുന്നതു പോലെയാണ് സഖാവ് ശ്രീധരനെ വീക്ഷിക്കുന്നത്. ജോണ്‍ സാമുവല്‍ ഇങ്ങനെ എഴുതുന്നു:
''ഒരു വ്യക്തിയും അയാളുടെ ഇമേജും തമ്മിലുള്ള അനിവാര്യ സംഘട്ടനത്തിലേക്കാണ് പ്രമേയം നയിക്കപ്പെടുന്നത്. യാഥാര്‍ത്ഥ്യവും അതിനെ ചുറ്റിപ്പറ്റിയുള്ള ഇമേജും തമ്മിലുള്ള ബന്ധ-വൈരുദ്ധ്യങ്ങളെ വിശകലനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന കഥാപാത്രമായി സഖാവ് ശ്രീധരന് മാറുകയാണ്. അവസാനത്തില്‍ പ്രമേയവും നായക കഥാപാത്രവും നമ്മോടു തന്നെയുള്ള ചോദ്യങ്ങളായി മാറുന്നു.''
'മുഖാമുഖം' എന്ന സിനിമ പരിവേഷവും യാഥാര്‍ത്ഥ്യവും തമ്മില്‍ നേരിട്ടുള്ള കണ്ടുമുട്ടല്‍ ഒരുക്കിക്കൊണ്ട് അത്തരം അവസ്ഥയിലെത്തുന്ന ശ്രീധരനെ കണ്ടെത്തുന്നതിനുള്ള ഒരു ശ്രമമാണ്. ശ്രീധരന് എന്ന ശരീരത്തെ പൊതിഞ്ഞുനില്ക്കുന്നവരുടെ അനുഭവങ്ങളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും അടൂര്‍ ആ കണ്ടെത്തല്‍ നടത്തുന്നു.
'അനന്തര'ത്തിലെ നായകന് അജയന് തന്നോടുതന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് - ''ഞാന്‍ എന്തുകൊണ്ട് ഇങ്ങനെയായി?'' അതിനുള്ള ഉത്തരമാണ് 'അനന്തര'ത്തിലെ പ്രമേയം. അജയന്റെ എല്ലാ ചോദ്യങ്ങളും ആദ്യം തന്റെ മനസ്സിലാണ് ഉയര്‍ന്നുവന്നിട്ടുള്ളതെന്നു അടൂര്‍ പറഞ്ഞിട്ടുണ്ട്. ഞാനെന്തുകൊണ്ട് ഇങ്ങനെയായി എന്നു നമ്മെ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിക്കുന്ന അജയന്റെ മനഃസഞ്ചാരമാണ് അടൂര്‍ 'അനന്തര'ത്തില്‍ സാക്ഷാത്കരിക്കുന്നത്. ആ മനഃസഞ്ചാരം സിനിമയുടെ ശരീരമായി പരിണമിക്കുന്നു.
അടൂര്‍ തന്റെ സിനിമയുടെ ശരീരമായി കണ്ട ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കഥാപാത്രമാണ് 'കഥാപുരുഷ'നിലെ കുഞ്ഞുണ്ണി. കഥാപുരുഷനായ കുഞ്ഞുണ്ണിയും കഥാപാത്രത്തെ ഒരുക്കിയ അടൂരും ഒന്നായിത്തീര്‍ന്ന അവസ്ഥയാണ് 'കഥാപുരുഷന്'. ജീവിക്കുകയും അറിയുകയും അനുഭവിക്കുകയും ചെയ്തുകൊണ്ട് ചരിത്രത്തിലൂടെയുള്ള ഒരു വൈകാരിക യാത്രയാണ് 'കഥാപുരുഷന്' എന്നാണ് ഈ സിനിമയെപ്പറ്റിയുള്ള അടൂരിന്റെ നിരീക്ഷണം.
അടൂരിന്റെ ആത്മകഥയുടെ ഹൃദയവായ്പ്പോടെയുള്ള കഴിഞ്ഞ കാലത്തിന്റെ കഥ പറച്ചിലാണ് ഈ സിനിമ. കഥാപുരുഷനിലെ കുഞ്ഞുണ്ണിയുടെ കണ്ണുകള്‍ അടൂരിന്റെ കണ്ണുകള്‍ തന്നെയാണെന്നു ജോണ്‍ സാമുവല്‍ നിരീക്ഷിക്കുന്നു. ''എന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു നിന്നകാലം സിനിമയിലുണ്ട്. അതു യാഥാര്‍ത്ഥ്യവുമാണ്'' - എന്ന് അടൂര്‍ പറഞ്ഞിട്ടുള്ള കാര്യം ഗ്രന്ഥകാരന് ഇതില്‍ എടുത്തു പറയുന്നുമുണ്ട്. 'കഥാപുരുഷനി'ല്‍ കുഞ്ഞുണ്ണിയെന്ന കഥാപാത്രത്തിന്റെ പരിണാമം അടൂര്‍ തന്റെ സ്വന്തം ഹൃദയം നല്കി രൂപപ്പെടുത്തിയ ഒന്നായതുകൊണ്ടാണ് അതു സിനിമയുടെ ശരീരമായി പരിലസിക്കുന്നത്.
ഇപ്രകാരം അടൂരിന്റെ മനസ്സ് മജ്ജയും മാംസവും ഉള്ള ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിലൂടെയുള്ള രൂപാന്തരപ്പെടലുകള്‍ അവതരിപ്പിക്കുകയാണ് 'സിനിമയുടെ ശരീരം' എന്ന പുസ്തകത്തില്‍, ജോണ്‍ സാമുവല്‍. അടൂരിന്റെ ചലച്ചിത്ര കാഴ്ചയുടെ പരസ്പരപൂരകമെന്നു വിശേഷിപ്പിക്കാവുന്ന മനസ്സും ശരീരവും സമഞ്ജസമായി പൂര്‍ണത പ്രാപിക്കുന്ന അനുഭവം പകര്‍ന്നു നല്‍കാനും ഈ ഗ്രന്ഥത്തിലൂടെ കഴിയുന്നു. മനസ്സിനെ ഉള്‍ക്കൊള്ളുന്ന ശരീരവും ശരീരത്തെ ഉള്‍ക്കൊള്ളുന്ന മനസ്സും അടൂര്‍ കലയുടെ സവിശേഷതയാണ്. ആ സവിശേഷതയാണ് ജോണ്‍ സാമുവല്‍ ഈ പുസ്തകത്തില്‍ ആദ്യന്തം അവതരിപ്പിക്കുന്നത്.
സിനിമയുടെ ശരീരം
ജോണ്‍ സാമുവല്‍
ഡിസി ബുക്സ്, കോട്ടയം
ENGLISH SUMMARY: ADOOR GOPALAKRISHNAN