എത്രയും വേഗം വരുത്തേണ്ട മാറ്റങ്ങൾ -ഒരു നർമ്മ വീക്ഷണം - അസഭ്യമോ പരിഹാസമോ അല്ല. -മാറ്റങ്ങൾക്കുവേണ്ടി, മാറ്റപ്പെടുവാൻ എഴുതുന്നു.
മലങ്കര സുറിയാനി ക്രിസ്തിയാനികളുടെ വിവാഹ കുദാശയിലെ ഗാനങ്ങൾ വളരെ മാധുര്യം പകരുന്നു. പാടുന്ന പട്ടക്കാരോ ഗായക സംഘമോ അതിൻറ്റെ അർത്ഥം ഗ്രഹിച്ചാണോ അവ ആലപിക്കുന്നത്! മണവാളനും മണവാട്ടിയും ശേഷം ജനങ്ങളും അല്മമീയ ആനന്ദ സാഗരത്തിൽ ആറാടി പലതവണ മുങ്ങി പൊങ്ങുന്ന ഇ ഗാനങ്ങളിലെ ഏതാനും ചില ഭാഗങ്ങൾ ഒന്ന് വിശകലനം ചെയ്യാം!
1] അൽപ്പം തമാശയിൽ തുടങ്ങാം.
കിരീടം വാഴ്വ്:
കുരിശ് ഉള്ള മാല കോഹനോ[പുരോഹിതൻ] 3 പ്രാവശ്യം വാഴ്ത്തി മണവാട്ടിയെ അണിയിക്കുന്നു. ഇതാണ് ഗാനം:
''{ക്ളീലാപ്പിലേതു മോറാൻ }--''വാനീന്നുടയോന്‍ കയ്യാല്‍ -മകുടം ഘോഷമിറ - ങ്ങുന്നു. മണവാട്ടിയെ ആ - ചാര്യന്‍ -അണിയിക്കും മകുടം രമ്യം’’
[ ഇതിൻറ്റെ യാഥാർഥ്യം; ഒരു പാരഡി - ഇടക്കിടെയുള്ള പേറും, അവിടൊരു കൊച്ചും ഇവിടൊരു കൊച്ചും, അമ്മായി അമ്മേടെകുത്തും, അടുക്കള പണിയും ഇത് നിനോക്കൊരു നിത്യ നരകം പെണ്ണെ!]
-ഇതാണ് മണവാട്ടിക്കു കിട്ടുന്ന കിരീടം. കിരീടം വാഴ്വിൻറ്റെ അവസാനം ഇന്ത്യൻ ആചാര പ്രകാരം മണവാട്ടിയുടെ കഴുത്തിൽ കുരിശുമാല എന്ന അടിമ ചങ്ങല അണിയിക്കുന്നു.
വീണ്ടും -''നീതിയിന്‍ കിരീടവും അക്ഷയഭംഗിയുള്ള അലങ്കാരങ്ങളും കര്‍ത്താവ് നിന്നെ ധരിപ്പിക്കട്ടെ. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി കരേറ്റിക്കൊണ്ട് ആയുഷ്ക്കാലം മുഴുവനും സന്തോഷിക്കുവാന്‍ നിനക്കിടയാവുകയും ചെയ്യട്ടെ. ഹോശോ''..
.അതായത് ഭർത്താവ്, ഭർത്താവിൻറ്റെ പിതാവ്, കാക്കയെപ്പോലെ ശബ്ദം ഉണ്ടാക്കി എല്ലായിടത്തും പറന്നു നിന്നെ ഉറ്റുനോക്കുന്ന അമ്മായിഅമ്മ എന്ന ആൽമാവിനെ സേവിച്ചു നിൻറ്റെ ശേഷക്കാലം അവസാനിക്കട്ടെ!
മറ്റൊരു ഗാനം നോക്കു:-
''സ്ലീബോ ഓസൊ ദ്ശൈനൊ-സ്ലീബോ നീശൊദ്സോക്കൂസോ -സ്സീബോ ദ്ബെഉപ്ഫീക്കിനാന്‍ -ബേക്കൂലാന്‍ മെശ്തബ്ഹറീനാന്‍ [ശുഭചിഹ്നം താന്‍ സ്ലീബാ -വിജയക്കൊടി താന്‍ സ്ലീബാ -നമ്മെ രക്ഷിച്ചീടും--സ്ലീബായില്‍ പുകഴുന്നു നാം''. സ്ലീബ = കുരിശ് - എന്തെല്ലാം കുരിശുകൾ ആണ് ഒന്നിന് പുറകെ വരുന്നത് എന്ന് മണവാട്ടിക്കു അനുഭവങ്ങളിലൂടെ കുറേശ്ശേ മനസിലാകും- അതിനാൽ കൂടുതൽ വിസ്തരിക്കുന്നില്ല.
2] ഇനി പരിശുദ്ധ വിവാഹ കുദാശയിലെ ചില ഭാഗങ്ങൾ/ ഗാനങ്ങൾ നോക്കാം.
മോതിരം വാഴ്വ് :
(മദ്ബഹ മുമ്പാകെ മണവാട്ടി മണവാളൻറ്റെ വലതുവശത്തായ് നിൽക്കുന്നു. തോഴ്മക്കാര൯ മണവാളൻറ്റെ ഇ ടത്തുവശത്തും, തോഴ്മക്കാരി മണവാട്ടിയുടെ വലതു വശത്തും നിൽക്കുന്നു. അനന്തരം പല പ്രാർത്ഥനകളും ഗീതങ്ങളും; കാർമ്മികരും വിശ്വാസികളും ചൊല്ലുന്നു. അവയിൽ എല്ലാം പല തവണ '' ഞാൻ പാപി ആകുന്നു, പാപത്തിൽ എൻറ്റെ അമ്മ എന്നെ പ്രസവിച്ചു എന്ന് ഏറ്റു പറയുന്നു. പരിശുദ്ധ വിവാഹ കൂദാശ നടത്തുന്നത് കുടുംബത്തിൻറ്റെ തുടക്കമാണ്. നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെറ്റു പെരുകുവാൻ അനുഗ്രഹിക്കുന്നു. ദൈവം അങ്ങനെ അനുഗ്രഹിച്ചു എന്നും ആശീർവദിക്കുന്നു; എന്നിട്ടും 'അമ്മ ഗർഭം ധരിക്കുന്നത് പാപത്തിലാണ് എന്ന് ഏറ്റു പറയുന്നു. -ശേഷം ഭാഗം നിങ്ങൾ ചിന്തിക്കുക.
-ഇവിടെ ചൊല്ലുന്നത് സങ്കീർത്തനം 51 ആണ്.
ഉരിയാവിനെ യുദ്ധ മുന്നണിയിലേക്ക് അയച്ചു കൊല്ലിക്കുന്നു ദാവീദ്. ഉരിയാവിൻറ്റെ ഭാര്യ ബേർസെബയെ ദാവീദ് തട്ടി എടുക്കുന്നു. [2 സാമുവേൽ അദ്ധ്യായം11] ബേർശേബാ, ദാവീദ് ബന്ധത്തിൽ ഉണ്ടായ ആദ്യ കുട്ടിയ ദൈവം കൊല്ലുന്നു. അവനെ ദൈവം കൊന്നില്ലായിരുന്നു എങ്കിൽ യേശുവിൻറ്റെ പിതാമഹനായി വരേണ്ടിയവൻ ആണ് പേരില്ലാത്ത ഇ ആദ്യ ജാതൻ. നാഥാൻ പ്രവാചകൻ ദാവീദിനോട് അവൻറ്റെ ഹീനതകൾ ഓർമ്മിപ്പിക്കുന്നു. അപ്പോൾ ചമച്ചതാണ് 51 മത്തെ സങ്കിർത്തനം. ദാവീദിൻറ്റെ ഹീനതകൾ; ശമുവേൽ, രാജാക്കൻമ്മാർ എന്നീ പുസ്തകങ്ങളിൽ കാണാം. ഇവയൊന്നും ചെയ്യാത്ത സാദാരണ ജനങ്ങൾ എന്തിനാണ് ഇ സങ്കിർത്തനം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്. വിശ്വാസി പാപി ആയി തുടർന്നാൽ മാത്രമേ പുരോഹിതർക്കും മതത്തിനും നിലനിൽപ്പ് ഉള്ളു എന്നതാണ് സത്യം. നിങ്ങൾ പാപിയാണ് എന്ന് നിങ്ങൾ സമ്മതിക്കുന്നു എങ്കിൽ എത്ര പ്രാവശ്യം വേണമെങ്കിലും ഏറ്റു പറഞ്ഞോളൂ!!- പക്ഷെ നിങ്ങളുടെ അമ്മയും പാപിയാണ് എന്ന് നിങ്ങൾ അമ്മയെ ശപിക്കണോ?- ഏത് അമ്മയാണ് ഇത് കേട്ടിരിക്കുന്നത്!!!!
51 മത്തെ സങ്കീർത്തനം അവസാനിക്കുന്നത് ഇപ്രകാരം ആണ് , ''അപ്പോള്‍ നീതിബലികളും ഹോമബലികളും നീ ഇഷ്ടപ്പെടും. / അപ്പോള്‍ നിൻറ്റെ ബലിപീഠത്തിന്മേല്‍ കാളകള്‍ (ബലിയായി) കരേറും.''.
ഇത് യെരുശലേം ദേവാലയത്തിൽ നടത്തേണ്ട പാപ പരിഹാരബലിയാണ്. CE 70ൽ ദേവാലയം റോമൻ പട്ടാളം നശിപ്പിച്ചു. അതിനു വളരെക്കാലം മുമ്പ്തന്നെ ദേവാലയ ബലി റോമൻസ് നിരോധിച്ചിരുന്നു. പാപ പരിഹാര ബലി യെരുശലേം ദേവാലയത്തിൽ ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ല. അപ്പോൾ വിശ്വാസി പാപത്തിൽ ഉരുവാകുന്നു പാപത്തിൽ മരിക്കുന്നു. അപ്പോൾ പാപ പരിഹാര ബലി അർപ്പിക്കാൻ അവസരം ഇല്ലാത്ത വിശ്വാസി നിത്യ പാപിയായി ജീവിക്കുന്നു. അത്തരം വിശ്വാസികളെയാണ് മതത്തിനും പുരോഹിതർക്കും വേണ്ടത്. നിങ്ങൾ പാപിയാണ് എന്ന് തുടരെ ആവർത്തിക്കുമ്പോൾ; നിങ്ങൾ ദാവീദിനെപ്പോലെ ഹീനതകൾ ചെയ്തവൻ എന്നും നിങ്ങൾ ഏറ്റു പറയുന്നു. നേർച്ചപ്പെട്ടികളിൽ നിങ്ങൾ പണം നിക്ഷേപിക്കുന്നു. നിങ്ങൾക്ക് പാപ പരിഹാരം ലഭിക്കുന്നില്ല; പക്ഷെ പുരോഹിതർ അ പണം എടുത്തു സുഖമായി ജീവിക്കുന്നു.
മോതിരം വാഴ്വിലെ മറ്റൊരെ ഗീതം :
''രക്ഷകനെ വൈദികര്‍ - തിരുനാ - മ - ത്തില്‍ നല്‍കീടും
മോതിരഭൂഷകളെ സദയം - വാഴ്ത്തുക - തൃക്കയ്യാല്‍; മോതിരമരുളി തിരുസഭയെ - മശിഹാ - വേട്ടപ്പോള്‍''- അങ്ങനെ മശിഹ എപ്പോളാണ് തിരുസഭയെ വേളി കഴിച്ചത്?-ഇത് നിങ്ങളെ കബളിപ്പിക്കുന്നു.
ഇനിയും മറ്റൊരു ഉഗ്രൻ ഗീതം നോക്കുക: '' മോതിരമതിനാല്‍ കൊലയീന്നും - താ - മാര്‍ രക്ഷിതയായ് - അതുപോല്‍ പാപവിമോചനമീ - ഞങ്ങള്‍ - നേടട്ടെ''.
താമാർ ചെയ്തതു വ്യഭിചാരം ആയിരുന്നു. അതിനാൽ മോശയുടെ നിയമ പ്രകാരം താമാറിനെ കല്ലെറിഞ്ഞു കൊല്ലും. എന്നാൽ പുരുഷന് ചെറിയ പിഴ അടച്ചു രക്ഷപെടാം. അതിനാൽ നിങ്ങൾ വ്യഭിചാരം ചെയ്യുവാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ മോതിരം കൈയിൽ സൂക്ഷിക്കേണ്ട ആവശ്യം ഉണ്ടോ?. മാത്രമല്ല നിങ്ങൾ പേടിക്കേണ്ട, കാരണം നിങ്ങൾ ജീവിക്കുന്ന ആധുനിക സമൂഹത്തിലെ സിവിൽ നിയമങ്ങൾ ദൈവം കൊടുത്ത കിരാത നിയമങ്ങളെക്കാൾ വളരെ ഉയർന്ന നിലവാരം ഉള്ളവയാണ്. അത്തരം ഭരണം ഉള്ള രാഷ്ട്രങ്ങളിൽ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്നതു പണ്ടേ വിലക്കിയതുമാണ്. താമാറിൻറ്റെ കൂടെ വ്യഭിചാരം ചെയ്ത യഹൂദയാണ് താമാറിനെ കല്ല് എറിഞ്ഞു കൊല്ലണം എന്ന് വിധിക്കുന്നത്. കൂടെ വ്യഭിചരിച്ചശേഷം പിന്നീട് ആട്ടിൻകുട്ടിയെ കൊടുക്കാം എന്ന് കടം പറഞ്ഞു തേച്ചു രക്ഷപെടാൻ ശ്രമിച്ചു യഹൂദ. എന്നാൽ മിടുക്കി താമാർ യഹൂദയുടെ മോതിരവും വടിയും പണയമായി കരസ്ഥമാക്കി. അതാണ് താമാറിനെ രക്ഷിച്ചത്. മണവാട്ടിമാർ ഇതുപോലെ മിടുക്ക് കാട്ടിയാൽ മാത്രമേ രക്ഷപെടു എന്നൊരു വലിയ സന്ദേശം ഇ ഗീതത്തിൽ ഉണ്ട്. -ഇ താമാർ ആരെന്നു നോക്കാം. 3 താമാർ ബൈബിളിൽ ഉണ്ട്. താമാർ # 1 - അബ്രഹാമിൻറ്റെ മകൻ യിസ്ഹാക്കിൻറ്റെ മകൻ യാക്കോബിൻറ്റെ നാലാമത്തെ മകൻ ആണ് യഹൂദ. യഹുദയുടെ മൂത്ത മകൻറ്റെ ഭാര്യയാണ് താമാർ # 1. താമാർ # 2 = ദാവീദിൻറ്റെ മകൻ അബ്‌ശാലോമിൻറ്റെ സഹോദരിയാണ്. അതായത് ദാവീദിൻറ്റെ മകൾ. സഹോദരിയോടുള്ള വാൽസല്യം നിമിത്തം അബ്ശാലോം മകൾക്കും താമാർ എന്ന് പേരിടുന്നു-അതാണ് താമാർ # 3. സഹോദരിയായ താമാർ # 2 വിൽ ദാവീദിൻറ്റെ മൂത്ത മകൻ അമ്നോന്നു കാമം ഉണ്ടാകുന്നു. 2 ശമുവേൽ അദ്ധ്യായം 13 വായിക്കുക. 13: 1 അതിൻറ്റെ ശേഷം സംഭവിച്ചതു: ''ദാവീദിൻറ്റെ മകനായ അബ്ശാലോമിന്നു സൌന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്കു താമാർ എന്നു പേർ; ദാവീദിൻറ്റെ മകനായ അമ്നോന്നു അവളിൽ പ്രേമം ജനിച്ചു. 2 തൻറ്റെ സഹോദരിയായ താമാർ നിമിത്തം മാൽ= ശാരീരികം മാത്രമായ കാമഭ്രാന്ത് - മുഴുത്തിട്ടു അമ്നോൻ രോഗിയായ്തീർന്നു. അവൾ കന്യകയാകയാൽ അവളോടു വല്ലതും ചെയ്‍വാൻ അമ്നോന്നു പ്രയാസം തോന്നി''. അപ്പോൾ കന്യക അല്ലായിരുന്നു എങ്കിൽ അവൻ സഹോദരിയോട് എന്തും ചെയ്യുമായിരുന്നു...........14 എന്നാൽ അവൻ, അവളുടെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ടു ബലാൽക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു.''- ഇതിനെക്കുറിച്ചു പിന്നീട് നമുക്ക് ചർച്ച ചെയ്യാം. അമ്നോൻറ്റെ പിതാവ് ദാവീദിന് 300 ൽ അധികം സ്ത്രീകൾ ഉണ്ടായിരുന്നു. എന്നിട്ടും മരിക്കാൻ കിടക്കുമ്പോൾ കുളിരുമാറാൻ 300 എണ്ണത്തിനെയും ഉപയോഗിക്കാതെ ശൂനോംകാരി സുന്ദരി പെൺകുട്ടി അബീശഗിനെ ദാവീദ് കൂടെ കിടത്തുന്നു. 1 രാജാക്കൻമാർ അദ്ധ്യായം 1 നോക്കുക. എന്നാൽ വയസ്സൻ ദാവീദിന് അവളെ ഭോഗിക്കാൻ ഉള്ള ശേഷിഇല്ലായിരുന്നു. ''ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനിൽക്കയും യജമാനനായ രാജാവിൻറ്റെ കുളിർ മാറേണ്ടതിന്നു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു. 3 അങ്ങനെ അവർ സൌന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. 4 ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല.''-
എന്നാൽ ദാവിദിൻറ്റെ മകൻ അധോനിയാവ് പിതാവിൻറ്റെ പുതിയ ഭാര്യയെ വിവാഹം കഴിക്കുവാനും പുതിയ രാജാവാകുവാനും പ്ലാൻ ചെയ്യുന്നു. എന്നാൽ ശാലോമോൻറ്റെ അമ്മ ബേർശേബാ, ശലോമോൻ, സാദോക്ക് പുരോഹിതൻ -ഒക്കെക്കൂടി അ പ്ലാൻ പൊളിച്ചു, അധോനിയാവിനെ സഹോദരൻ ശലോമോൻ കൊല്ലുന്നു, രാജാവാകുന്നു. പുരോഹിതർ പണ്ടേ രാഷ്ട്രീയ തന്ത്രജ്ഞർ ആയിരുന്നു, അതാണ് ഇന്നും; നിരീശര രാഷ്ട്രീയക്കാർപോലും പുരോഹിതരുടെ കാൽ തിരുമുന്നതു. ദാവീദിൻറ്റെ മക്കൾ പല സ്ത്രികളിൽനിന്നും ജനിച്ചവർ എങ്കിലും അപ്പനിൽനിന്നും വെത്യസ്തർ അല്ലായിരുന്നു.
- തിരികെ താമാർ # 1നു ലഭിച്ച പാപ വിമോചനം എന്താണെന്ന് നോക്കാം:
ഉൽപ്പത്തി അദ്ധ്യായം 38 നോക്കുക. 38: 6 യെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു. 7 യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു. 8 അപ്പോൾ യെഹൂദാ ഓനാനോടു: നിൻറ്റെ ജ്യേഷ്ഠൻറ്റെ ഭാര്യയുടെ അടുക്കൽ ചെന്നു അവളോടു ദേവരധർമ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠൻറ്റെ പേർക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.
9 എന്നാൽ ആ സന്തതി തൻറ്റെതു ആയിരിക്കില്ല എന്നു ഓനാൻ അറികകൊണ്ടു ജ്യേഷ്ഠൻറ്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു അവൻ ശുക്ലം നിലത്തു വീഴ്ത്തിക്കളഞ്ഞു''- {ഇതിലിനിന്നുമാണ് ഒനാനിസം എന്ന പ്രയോഗം ഉണ്ടായത്}. ''10 അവൻ ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവൻ ഇവനെയും മരിപ്പിച്ചു.''- {ഏറിൽ നിന്നോ ഒനാനിൽ നിന്ന് ജനിക്കുന്നവൻ മിശിഹായുടെ പിതാമഹൻ ആകുമായിരുന്നു. }''13 യഹൂദ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിനു അറിവു കിട്ടി. 14 ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിൻറ്റെ ഗോപുരത്തിൽ ഇരുന്നു.
15 യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു.
16 അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു താമാർ തൻറ്റെ മരുമകകൊ ൾ എന്നു അറിയാതെ: വരിക, ഞാൻ നിൻറ്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എൻറ്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു. 17 ഞാൻ ആട്ടിൻ കൂട്ടത്തിൽ നിന്നു ഒരു കോലാട്ടിൻ കുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവൻ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവൾ ചോദിച്ചു. 18 എന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിൻറ്റെ മുദ്രമോതിരവും മോതിരച്ചരടും നിൻറ്റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ യഹൂദ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു. .........24 ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടു: മരുമകൾ താമാർ പരസംഗംചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു എന്നു യെഹൂദെക്കു അറിവുകിട്ടി. അപ്പോൾ യെഹൂദാ: അവളെ പുറത്തുകൊണ്ടു വരുവിൻ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു. 25 അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പൻ യഹൂദയുടെ അടുക്കൽ ആളയച്ചു: ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നതു; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആർക്കുള്ളതു എന്നു നോക്കി അറിയേണം എന്നു പറയിച്ചു. 26 യെഹൂദാ അവയെ സ്വന്തം പണയം എന്ന് തിരിച്ചറിഞ്ഞു : അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എൻറ്റെ മകൻ ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതിൽ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല.''- ഇതാണ് '' മോതിരമതിനാല്‍ കൊലയീന്നും - താ - മാര്‍ രക്ഷിതയായ് അതുപോല്‍ പാപവിമോചനമീ - ഞങ്ങള്‍ - നേടട്ടെ'' എന്ന ഗീതത്തിൻറ്റെ പുറകിലെ കഥ. യുദായിക്കു പറ്റിയ അമളി മണവാളന് വേണോ താമാരിൻറ്റെ ഗതികേട് മണവാട്ടിക്ക് വേണോ ?. ഇന്നത്തെ മണവാട്ടിമാർ തല മൂടുപടം കൊണ്ട് മറച്ചു വ്യഭിചരിക്കാൻ പോകുന്നില്ല എങ്കിൽ പണയ ദ്രവ്യമായി ലഭിച്ച മോതിരം വേണോ!!
കഥ ഇവിടെ തീരുന്നില്ല; നോക്കു : താമാർ ഇരട്ടകളെ പ്രസവിക്കുന്നു. അതിൽ രണ്ടാമത് പുറത്തുവന്നവനെ പേരസ്സ് എന്ന് വിളിക്കുന്നു, ഇ പേരസ്സ് ആണ് മത്തായിയുടെ സുവിശേഷത്തിൽ കാണുന്ന യേശുവിൻറ്റെ പിതാമഹൻ -മത്തായി 1:3 യെഹൂദാ താമാരിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു;. മത്തായിയിൽ കാണുന്ന യേശുവിൻറ്റെ വംശാവലിയിൽ കാണുന്ന താമാർ, ബേർശേബാ, റൂത്ത്, രഹേബ് എന്നി സ്ത്രീകൾ വേശ്യവിർത്തിയിലൂടെയാണ് യേശുവിൻറ്റെ വംശാവലി നിലനിർത്തുന്നത്.
സെദറായിൽ നിന്നും ഒരു ഭാഗം -''നശ്വരമായ ഈ മണവറയില്‍ ഇവരുടെ ആയുഷ്ക്കാലം മുഴുവനും വിവിധതരത്തില്‍ ഇവരെ അലങ്കരിക്കുകയും ഇറേന്മാരും മാലാഖമാരും ഇടവിടാതെ
സന്തോഷിച്ചുകൊണ്ടിരിക്കുന്ന ആ സ്വര്‍ഗ്ഗീയ മണവറയിലേക്ക് കരുണയോടെ ഇവരെ ആനയിക്കുകയും ചെയ്യണമേ.'' -സ്വർഗീയ മണവറയുടെ പ്രതീകമായ ഭൂമിയിലെ മണവറയിൽ നടക്കുന്നതൊക്കെ പാപം ആണെന്ന് ഏറ്റു പറയുകയും ചെയ്യുന്നു. പാപി ചെല്ലുന്നിടം എല്ലാം പാതാളം!
കിരീടം വാഴ്വിൻറ്റെ ശുശ്രുഷ :
''ഹവ്വായോടാദാ - മിനെ വാഴ്ത്തിയ ദൈവം തന്‍ ബഹുകൃപയാല്‍
ഈ ദാസരെ വാഴ്ത്ത - ട്ടെ ദേവാ ദയ ചെയ്തീടണമേ''- ഹൗവ്വയോടും ആദാമിനോടും ദൈവം എന്ത് ചെയ്തു എന്നത് ഓർക്കുക -ഉൽപ്പത്തി അദ്ധ്യായം 3: നോക്കുക, ഏദൻ തോട്ടത്തിൻറ്റെ നടുവിലെ വിർഷ്ത്തിലെ ഫലം ഭക്ഷിച്ചാൽ നൻമ്മയും തിൻമ്മയും തിരിച്ചറിയാൻ സാധിക്കും . അതല്ലേ മനുഷന് വേണ്ടിയത്. എന്നാൽ അ ഫലം ഭക്ഷിച്ചതിൻറ്റെ പേരിൽ ദൈവം അവരെ പുറത്താക്കി.
''സാറായോടബറാമിനെ വാഴ്ത്തിയ ദൈവം തന്‍ ബഹുകൃപയാല്‍- ഈ ദാസരെ വാഴ്ത്ത - ട്ടെ ദേവാ ദയ ചെയ്തീടണമേ''. -സാറയോട് അബ്രഹാം എന്ത് ചെയ്തു എന്ന് നോക്കുക. 1] ഉൽപ്പത്തി 12: അബ്രഹാം മിസ്രെമിൽ എത്തുന്നു. ഭാര്യ സാറയെ ഫറവോന് സംഭോഗത്തിന് വിട്ടു കൊടുക്കുന്നു. പെങ്ങൾ ആണെന്ന് കള്ളം പറയുന്നു. എബ്രഹാം ധാരാളം പണം സമ്പാദിക്കുന്നു. വീണ്ടും അബ്രഹാം ഇ ട്രിക്ക് ആവർത്തിക്കുന്നു. ഉൽപ്പത്തി 20: 2 അബ്രാഹാം തൻറ്റെ ഭാര്യയായ സാറയെക്കുറിച്ചു: അവൾ തൻറ്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെൿ ആളയച്ചു സാറയെ കൊണ്ടുപോയി. വീണ്ടും അബ്രഹാം അബീമേലെക്കിൽനിന്നും ധാരാളം ധനം സമ്പാദിക്കുന്നു. ഇനിയും ഉണ്ട് വിശ്വാസികളുടെ പിതാവിൻറ്റെ കഥ. സാറായിയുടെ ഗർഭം ദൈവം അടക്കുന്നു. ഇ ദൈവം സ്പെഷ്യലൈയിസ് ചെയ്തിരിക്കുന്നത് ഗർഭം അടക്കലിലും തുറക്കലിലും ആണ്. ഒരു ഗോത്രം, ഒരു ദേശം -അവിടെയൊക്കെയുള്ള സ്ത്രീകളുടെ ഗർഭം അടക്കാൻ ഇ ദൈവത്തിനു വളരെ ഈസിയാണ്. എന്നാൽ ലോത്തിൻറ്റെ പെൺമക്കളുടെ ഗർഭം കുറെ ദിവസത്തേക്ക് അടച്ചിരുന്നു എങ്കിൽ!!. സാറായിയുടെ ഗർഭം ദൈവം അടച്ചത് നിമിത്തം അബ്രഹാം സാറായിയുടെ ദാസി ഹാഗാറിനെ പ്രാപിക്കുന്നു. ഹാഗാർ അബ്രഹാമിൻറ്റെ മകൻ ഇസ്മയിലിനെ പ്രസവിക്കുന്നു. എന്നാൽ ദൈവവും ദൂതൻമാരും സാറായിയെ സന്ദർശിക്കുന്നു. സാറ ഗർഭം ധരിക്കുന്നു ഇസ്ഹാക്കിനെ പ്രസവിക്കുന്നു. ഇസഹാക്കിനെ ബലികഴിക്കാൻ ദൈവം പറഞ്ഞു എന്ന് അബ്രഹാമിന് തോന്നുന്നു. ഇതിനെ സ്കിസോഫ്രീനിയ എന്ന മാനസിക രോഗം എന്ന് ഇന്ന് നമുക്ക് മനസിലാക്കാം. അബ്രഹാം ഇസ്ഹാക്കിനെ ദൈവത്തിനു ബലി അർപ്പിക്കുന്നു. എന്നാൽ അവസാന നിമിഷം ദൂതൻ ഇസ്ഹാക്കിനെ രക്ഷിക്കുന്നു. ഇസഹാക്കിൻറ്റെ 'ഭയം' ആയ ദൈവഭയത്തിൽ ബലഹീനനായി ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിൽ ഇസഹാക്ക് ശേഷം ആയുസ്സ് മരിച്ചു ജീവിക്കുന്നു. സ്വന്തം ഭാര്യയെ തിരഞ്ഞെടുക്കുവാനോ ഉൽപ്പത്തി 24, സ്വന്തം മക്കളെ തിരിച്ചറിയുവാനോ ഉള്ള ശേഷി ഇസ്‌ഹാക്കിനു ഇല്ലായിരുന്നു. ഉൽപ്പത്തി അദ്ധ്യായം 22 നോക്കുക. ഇത്തരം ഇസഹാക്കിൻറ്റെ കൂടെയുള്ള ജീവിതമാണ് സഭയുടെ വിവാഹ കൂദാശ - നോക്കൂ -'' റിബേക്കയോടിസഹാക്കിനെ വാഴ്ത്തിയ ദൈവം തന്‍ ബഹുകൃപയാല്‍ ഈ ദാസരെ വാഴ്ത്ത - &ട്ടെ ദേവാ ദയ ചെയ്തീടണമേ''- ഇസഹാക്കിനെപ്പോലെ ഒരു ഭർത്താവിനെ കിട്ടുന്ന ഒരു മണവാട്ടിയുടെ ജീവിതം ഒന്ന് ഓർക്കുക.
അബ്രഹാമിൻറ്റെ വീര കൃത്യങ്ങൾ തുടരുന്നു:
ഇസഹാക്ക് ജനിച്ചപ്പോൾ അബ്രഹാം ആദ്യ പുത്രൻ ഇസ്മായേലിനെയും അമ്മയെയും മരുഭൂമിയിലേക്ക് കൊല്ലപ്പെടുവാൻ അയക്കുന്നു. അവിടെയും ദൂതൻ അവരെ രക്ഷിക്കുന്നു. മറ്റു വെപ്പാട്ടിമാരിൽ അബ്രഹാമിന് മക്കൾ ഉണ്ടായിരുന്നു, അവരെയൊന്നും അബ്രഹാം മരുഭൂമിയിലേക്ക് അയക്കുന്നില്ല. എന്നാൽ സ്വത്തുക്കൾ വീതം വയ്ക്കുമ്പോൾ അവർക്ക് ഒന്നും കൊടുക്കുന്നില്ല. ഉൽപ്പത്തി 25:5-6. ഇത്തരം ഒരു അബ്രഹാമിൻറ്റെ മണവാട്ടിക്കൊപ്പം വാഴ്ത്തപ്പെടണോ എന്ന് ഓരോ മണവാട്ടിയും ചിന്തിക്കുക - 'സാറായോടബറാമിനെ വാഴ്ത്തിയ ദൈവം തന്‍ ബഹുകൃപയാല്‍- ഈ ദാസരെ വാഴ്ത്ത - ട്ടെ ദേവാ ദയ ചെയ്തീടണമേ''
ഇനിയും ഇതിലൊക്കെ രസമാണ് റാഹേലിനേയും യാക്കോബിനെയും വാഴ്ത്തുമ്പോൾ -''റാ ഹേലോടുയാക്കോ-ബിനെ- വാഴ്ത്തിയ ദൈവം തന്‍ ബഹു കൃപയാല്‍ ഈ ദാസരെ വാഴ്ത്ത - &ട്ടെ ദേവാ ദയ ചെയ്തീടണമേ''-
ഇ വാഴ്ത്തൽ എന്താണെന്നു നോക്കാം! : റാഹേലിൻറ്റെ ജേഷ്ട്ട ലേയയെ വിവാഹം കഴിക്കുവാണ് യാക്കോബ് അമ്മാവനായ ലാബാൻറ്റെ വീട്ടിൽ ചെല്ലുന്നതു-ഉൽപ്പത്തി 28: -യാക്കോബ് ലേയയെയും അനുജത്തി റാഹേലിനെയും വിവാഹം കഴിക്കുന്നു. ലാബാൻറ്റെ ആടുകളെയും സ്പെഷ്യൽ ട്രിക്കിലൂടെ സ്വന്തമാക്കുന്നു. പിന്നീട് ലേയയുടെയും റാഹേലിൻറ്റെയും ദാസിമാരെയും ഭാര്യമാരാക്കുന്നു. ഇത്തരം യാക്കോബിൻറ്റെ മണവാട്ടി നിലവാരത്തിലേക്ക് വാഴ്ത്തപ്പെടണോ എന്ന് ഓരോ ഓർത്തഡോക്സ് മണവാട്ടിയും ചിന്തിക്കുക.
വിവാഹ കുദാശയുടെ ശ്രുതിമാധുര്യത്തിൽ മുഴുകി നിൽക്കുന്ന മണവാളൻ- അബ്രഹാം, ഇസഹാക്ക്,യാക്കോബ് എന്നിവരെപ്പോലെ ആകില്ല എന്ന് മണവാട്ടിക്ക് ആശ്വസിക്കാം. സാംസ്‌കാരികമായും ധാർമ്മികമായും ഉയർന്ന സമൂഹത്തിൽ അബ്രഹാം, ഇസഹാക്ക്,യാക്കോബ് എന്നിവരുടെ പ്രവർത്തികൾ നിയമപരമയി നിരോധിക്കപ്പെട്ടവയും ശിക്ഷലഭിക്കുന്നവയും ആണ് എന്ന് മണവാട്ടിക്കും ആശ്വസിക്കാം.
*ഹൗവയോടു ആദാമിനെയും, സാറയോട് അബർഹാമിനെയും, റിബേക്കയോട് ഇസ്‌ഹാക്കിനെയും റാഹേലിനോട് യാക്കോബിനെയും വാഴ്ത്തുന്ന ഗീതങ്ങളുടെ കൂടെ ഇസ്‌റായേല്യരുടെ വൻ നേതാക്കൾ ആയിരുന്ന 300 സ്ത്രീസ്വത്തു ഉണ്ടായിരുന്ന ദാവീദിനെയും 1000 സ്ത്രീസ്വത്തു ഉണ്ടായിരുന്ന ശലോമിനെയും വാഴ്ത്തുന്നില്ല എന്നതും ശ്രദ്ധിക്കുക. ആരെ ആരുടെ കൂടെ വാഴ്ത്തും? -അത്തരം അനേകം സ്ത്രീകളിൽ 'ഒരുവൾ' എന്ന ഹീനതയായി ആധുനിക മണവാട്ടിമാരെ ആരും അടിമകളായി അധപതിപ്പിക്കാതിരിക്കട്ടെ.
സുന്ദരികളിൽ അതി സുന്ദരി ...മണവാട്ടി:
വിവാഹ കൂദാശയുടെ അവസാനം കേക്കിൻറ്റെ മുകളിൽ ഐസ്ക്രീം പോലെ ഇ ഗാനം പാടുന്നു. മണവാട്ടികൾ ആനന്ദമൂർച്ചയിൽ പുളകിതയായി ഇ ഗാനം തന്നെക്കുറിച്ചാണ് എന്ന് കരുതി എല്ലാം മറക്കുന്നു - അ ഗാനം നോക്കു:
'' *സുന്ദരികളിലതി സുന്ദരി നീ ജാതികളില്‍ - സൂനൂ. {ആയിരം സ്ത്രീകൾ ഉണ്ടായിരുന്ന} നൃപതിശലോമോന്‍ വിമലസഭേ - നിന്നെലാളിപ്പു. നിന്നധരങ്ങള്‍ മധുവര്‍ഷിക്കുന്നു -വസനസുഗസന്ധം - നീസാന്‍ കുസുമസമം -സഭയെ സകലവിധം സുമുഖി - നീ കറ തീണ്ടാത്തോള്‍.''-
മണവാട്ടിമാരെ! നിങ്ങൾക്കെല്ലാം എല്ലാ ഭാവുകങ്ങളും നേരുന്നു!!!!
നിങ്ങളുടെ വിവാഹ ജീവിതം സന്തോഷ പൂർണ്ണമാകട്ടെ. എന്നാൽ കൂടെ ഒരു സത്യം കൂടി അറിഞ്ഞിരിക്കുക, സുന്ദരികളിൽ അതി സുന്ദരി എന്ന ഗാനം സഭയെ പ്രകീർത്തിച്ചാണ്. നിങ്ങളെക്കുറിച്ചുള്ളതല്ല.
* സഭയുടെ കൂദാശ ക്രമങ്ങൾ ആധുനിക സമൂഹത്തിൻറ്റെ വളർച്ച അനുസരിച്ചു മാറ്റപ്പെടണം. വിവാഹ കൂദാശ ഇത്രയും നീണ്ട ശുശ്രുഷ എന്ന പീഡനമായി മാറിയിരിക്കുന്നു എന്ന അവസ്ഥ മാറ്റപ്പെടണം.
* അത്യാവശ്യമായി മാറ്റങ്ങൾ ഉടൻ വരുത്തേണ്ടത് ഹാശാ ആഴ്ച ക്രമങ്ങളിലും ഗീതങ്ങളിലുമാണ്; പ്രതേകിച്ചും ദുഃഖവെള്ളിയാഴ്ച്ച ആരാധനയിൽ. യേശു മരത്തിൽ തുക്കപ്പെട്ടവനായി മരിച്ചത് പിതാവാം ദൈവത്തിൻറ്റെ നിയോഗമാണ്. അതിന് അവസരങ്ങൾ സ്വയം യേശു ഉണ്ടാക്കി, റോമൻ നിയമ പ്രകാരം മരത്തിൽ തുക്കപ്പെട്ടു. അതിനാൽ; '' പോരോഹിത്യം,രാജ്യം, പ്രവചനം എന്നിവയെല്ലാം നിങ്ങളിൽ നിന്നും നീക്കപ്പെട്ടു യൂദൻമ്മാരെ നിങ്ങളുടെ നിലയങ്ങൾ എല്ലാം ശൂന്യമാകട്ടെ'' എന്ന് പലതവണ ആവർത്തിച്ചു കുമ്പിടുന്നതും ഉടൻ നിർത്തലാക്കണം. കാരണം; നിങ്ങൾ ചെയ്യുന്നത് എന്താണ് എന്ന് നിങ്ങൾക്ക് അറിവില്ല എന്നതാണ് സത്യം. യൂതർ പണം മുടക്കിയ ഹോസ്പ്പിറ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ, മറ്റു പലതരം വ്യവസായങ്ങൾ; അവിടെയൊക്കെ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്തു ലോകമെമ്പാടും നിത്യവിർത്തി നേടുന്നവരാണ് ഓർത്തഡോക്ക്സ് വിശ്വാസികൾ. അതിൽനിന്നും ലഭിക്കുന്ന വരുമാനം ആണ് ഓർത്തഡോക്ക്സ് സഭയുടെ വരുമാനം. വിശ്വാസികളുടെ ഭവനങ്ങളുടെ ലോൺ; യുദർ പണം നിക്ഷേപിച്ചിരിക്കുന്ന ബാങ്കുകളിൽനിന്നുമാണ്. യുദൻറ്റെ നിലയങ്ങൾ ശൂന്യമാകാൻ നിങ്ങൾ കുരിശു വരച്ചു കുമ്പിടുമ്പോൾ -നിങ്ങളുടെ ജോലി, ഭവനം,സഭ എന്നിവ എന്നേക്കുമായി ഇല്ലാതെ ആവട്ടെ എന്ന ശാപം നിങ്ങൾ ആവർത്തിക്കുന്നു.
*തിരുമേനിമാർ ഇടക്കിടെ വിദേശത്തേക്ക് എഴുന്നള്ളി ചിരിച്ചുകൊണ്ട് പിരിച്ചുകൊണ്ടുപോകുന്ന പണത്തിൻറ്റെ ഉത്ഭവവും യൂദനിൽ നിന്നുമാണ്.
*ദുഃഖവെള്ളിയാഴ്ച്ച നമസ്ക്കാരത്തിൻറ്റെ ഇഗ്ളീഷ് പതിപ്പ് വിദേശീയർ കണ്ടാൽ ആന്റ്റി സെമിറ്റിസം [യൂദ വിരോധം] എന്ന കുറ്റം ചുമത്തപ്പെടാം. മിക്കവാറും വിദേശ രാഷ്ട്രങ്ങളിൽ യുദവിരോധം കുറ്റകരമാണ്.
നിങ്ങളുടെ പള്ളികളും അടച്ചു പൂട്ടാം. നിങ്ങൾ ഇത്തരം യൂദവിരോധിയാണ് എന്ന വിവരം പുറത്തായാൽ നിങ്ങളെ ജോലിയിൽനിന്നും പിരിച്ചുവിടാൻ സാധ്യതയും ഉണ്ട്.
NEWS SUMMARY: ORTHODOX WEDDING