Image

സച്ചിന്‍ (നോവല്‍- ലക്കം 4: വേണു ജി. നായര്‍)

Published on 18 August, 2022
സച്ചിന്‍ (നോവല്‍- ലക്കം 4: വേണു ജി. നായര്‍)

(കഥ ഇതുവരെ:  സച്ചിൻ ദേവൻ ശർമ്മയുടെ സെക്രെട്ടറി ആയി ചാർജ് എടുക്കുന്നു. അവിടെ അക്കൗണ്ട്സ് അസിസ്റ്റന്റ് മാനേജർ പ്രദീപ് സച്ചിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. ദേവൻ ശർമ്മയുടെ കേബിനോട് തൊട്ടുള്ള കേബിൻ തന്റെ ഓഫീസ് ആയി സ്വീകരിക്കുന്നു. ആ സമയത്ത്  ഒരു അലർച്ചയോടെ കയറി വന്ന കമ്പനിയിലെ ഇപ്പോഴത്തെ സൂപ്പർ ചേതൻ ബജാജ് ഒപ്പം സുനിൽ അറോറയും  ജോഷിയും വരുന്നു. ആ നിമിഷം സച്ചിനെ അവിടന്ന് ഇറക്കി വിടാൻ ദേവൻ ശർമ്മ അതീവ വേദനയോടെ നിർബന്ധിതനാവുന്നു.  സച്ചിൻ ലക്ഷ്യമില്ലാതെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്ന പോലെ അവിടന്നിറങ്ങി പോകുന്നു.   ശേഷം വായിക്കുക)

വല്ലാത്ത ഒരു ഷോക്കായി ദേവൻ ശർമ്മക്കത്. സച്ചിൻ ഇറങ്ങി പോവും എന്ന് ഒരിക്കലും കരുതിയതല്ല. പാവം !! അവന്റെ മനസ്സ് ഒരു പാട് നൊന്തിട്ടുണ്ടാവും. താൻ കൂടെ ഉള്ള ധൈര്യത്തിലാ അവൻ ഇതിനെല്ലാം ഇറങ്ങിപ്പുറപ്പെട്ടത് "ഛെ " അയാൾ പലവട്ടം നിഷേധമായി തല കുടഞ്ഞു. ഒരു ചെറിയ പിന്തുണ അവനു കൊടുത്താൽ മതിയായിരുന്നു. ഇത് എന്റെ സെക്രെട്ടറി ആണ്, ഞാനാണിവനെ ഇവിടെ കൊണ്ട് വന്നത് എന്ന് പറയാനുള്ള ധൈര്യം എങ്കിലും താൻ കാണിക്കേണ്ടാതായിരുന്നു. "ഛെ...എല്ലാം താനായിട്ട് നശിപ്പിച്ചു !"

ഇനി അവനെ മഷി ഇട്ടു നോക്കിയാൽ കിട്ടുമോ..? അവൻ എങ്ങോട്ടായിരിക്കും പോയിട്ടുണ്ടാവുക ? അവൻ തന്റെ ബംഗ്ലാവിൽ ചെന്നിട്ടുണ്ടാവുമോ ?. അപ്പോഴാണ്‌ സച്ചിൻ രാവിലെ തന്ന മൊബൈൽ നമ്പർ ഓർമ്മ വന്നത്. അത് പോക്കറ്റ്‌ ഡയറിയിൽ കുറിച്ച് വെച്ചതാണ്. അതെടുത്തയാൾ പ്രതീക്ഷയോടെ ഡയൽ ചെയ്തു. ഔട്ട്‌ ഓഫ് റേഞ്ച് ...! പിന്നെയും പിന്നെയും ചെയ്തു നോക്കി. ഫലം അത് തന്നെ !!

ഇനി എന്ത് ? വീട്ടിലേക്കു വിളിച്ചാലോ...? അവൻ അവിടെ എത്തിയെങ്കിൽ അറിയാമായിരുന്നു. എന്നാൽ ഉടൻ തനിക്കും പോണം. എല്ലാത്തിനും സോറി പറയണം. അവനില്ലാതെ ഇനി മുന്നോട്ടു പോവാനാവില്ല. പക്ഷെ വീട്ടിൽ എത്തിയില്ലെങ്കിലോ ? അയാള്ക്ക് ശങ്കയായി. കൂടാതെ വിവരമറിഞ്ഞാൽ ലക്ഷ്മിയും പരിഭ്രമിക്കും. "ശ്ശൊ " ഒന്നും ചെയ്യാനാവാത്ത അവസ്ഥ.

അപ്പോൾ ലാൻഡ്‌ ഫോണടിക്കുന്നത് കേട്ട് അയാൾ ഓടിച്ചെന്ന് എടുത്തു. സച്ചിൻ ആയിരിക്കുമോ. മറുവശത്തെ സൌണ്ട് കേട്ടതോടെ മനം മടുത്തു. ഹലോ എന്ന് പറയുന്നു. സാക്ഷാൽ വില്ലൻ ചേതൻ ബജാജ്.

ദേവൻ ശർമ്മ മറുപടി പറയാതെ ഫോണ്‍ വെച്ചു. ഒരു മിനിറ്റ് കഴിഞ്ഞു വീണ്ടും ബെല്ൽ. അയാൾ ശ്രദ്ധിക്കാൻ പോയില്ല. ഫോണ്‍ ബെല്ലടിച്ചു നിന്നു. കുറച്ചു കഴിഞ്ഞു മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി. അയാൾ ഉദ്വേഗത്തോടെ മൊബൈൽ എടുത്തു നോക്കി. അതിലും ചേതൻ ബജാജ്. അയാൾ കോൾ കട്ട് ചെയ്തു.

അടുത്ത നിമിഷം കൊടുങ്കാറ്റു പോലെ എത്തി ചേതൻ ബജാജ്..മുഖം ചുവന്നു തുടുത്തിട്ടുണ്ട്.

"എന്താടോ തനിക്ക് ഫോണ്‍ ബെല്ലടിച്ചാൽ എടുക്കാൻ വയ്യേ ? " അതിനു മറുപടി പറയാതെ ദേവൻ ശർമ്മ അയാളെ ആദ്യം കാണുന്ന പോലെ തുറിച്ചു നോക്കി.

ചേതൻ ബജാജ് ആ നോട്ടം കണ്ടൊന്ന് ഞെട്ടാതിരുന്നില്ല. ഓ അവൻ ഇറങ്ങി പോയതിന്റെ വിഷമമാണ്.

"എടോ ദേവൻ, താൻ ഇതിനൊക്കെ ഇത്ര വിഷമിക്കണോ ...? അവൻ ഇല്ലെങ്കിൽ വേറൊരുവൻ....തനിക്കൊരു സെക്രട്ടറി ആയല്ലേ അവനെ കൊണ്ട് വന്നേ..ഇവിടെ ഇഷ്ടം പോലെ സെക്രെട്ടറീസ് ഉണ്ടല്ലോ ...ഒരാളെ താൻ എടുത്തോ...പോരേ ? " പക്ഷെ ദേവൻ ശർമ്മയുടെ മറുപടി മറ്റൊന്നായിരുന്നു.

"നിങ്ങൾക്ക് ഇപ്പൊ സമാധാനമായില്ലേ ...? അവനെ ഇറക്കി വിട്ടപ്പോൾ. എന്തൊരു പ്രതീക്ഷയോടെയാണ് എന്റെ കൂടെ അവൻ ഇവിടെ കയറി വന്നത്. നിങ്ങൾ എല്ലാം നശിപ്പിച്ചു." അയാൾ തലയ്ക്കു കൈ കൊടുത്തു കുനിഞ്ഞിരുന്നു.

അപ്പോഴാണ്‌ സംഭവം ഇത്രയും ഗുരുതരം എന്ന് ചേതന് മനസ്സിലായത്‌. ദേവനെ പിണക്കിക്കൂടാ... ഈ പൊന്മുട്ട ഇടുന്ന താറാവിനെ കുറച്ചധികം ആഴ്ചകൾ കൂടി തനിക്ക് വേണം. അതുവരെ ലോഹ്യത്തിൽ നിർത്തിയേ പറ്റൂ. അയാൾ ഒന്ന് താഴാൻ ശ്രമിച്ചു.

"സാരമില്ല ദേവൻ പറ്റിപ്പോയി. സോറി. താൻ ഇത്രയും സീരിയസ് ആണെന്ന് അറിഞ്ഞില്ല. ഇനി അവൻ വന്നാൽ ഞാൻ ഒന്നും പറയുന്നില്ല പോരേ ? "

പക്ഷെ ദേവന്റെ മറുപടി തണുത്തതായിരുന്നു. "ഇനി അവൻ എവിടെ വരാൻ ? അത്രയും മനസ്സ് നൊന്തിട്ടാ അവൻ പോയത് "

"ഓ ... സാരമില്ല.  എന്ന് വെച്ച്‌  നമുക്ക് നമ്മുടെ ഡെയിലി റൂട്ടീൻ വർക്ക് ചെയ്യണ്ടേ ? അത് പറഞ്ഞപ്പോഴാ ഓർത്തെ...ഈ ചെക്ക് വേഗം സൈൻ ചെയ്തേ ... സപ്ലയേഴ്സ് അവിടെ മുറവിളി കൂട്ടുകയാ. എല്ലാത്തിനും കുറേശ്ശെ ഒക്കെ കൊടുക്കണ്ടേ ? " അഞ്ചു ലക്ഷത്തിന്റെ ഒരു സെല്ഫ് ചെക്ക് ദേവൻ ശർമ്മക്ക് നേരെ നീട്ടി അയാൾ പറഞ്ഞു:

"ഇത് സെല്ഫ് ചെക്കാണല്ലോ. ഇതിൽ എവിടെ സപ്ലയെറുടെ പേര്...?"

"ഹോ .. എന്റെ ദേവാ നിന്റെ ഒരു കാര്യം...മൂന്നാല് സപ്ലയേഴ്സിന്  കൊടുക്കാനുണ്ട്...ബാങ്കിൽ നിന്നു എടുത്താലല്ലേ കുറേശ്ശെ കൊടുക്കാൻ പറ്റൂ...?"

ദേവൻ ശർമ്മ ഒരു നിമിഷം ആലോചിച്ചു ഡീറ്റൈൽ ചോദിച്ച്‌  ഉടക്കണോ ? പിന്നെ തീരുമാനിച്ചു. കൊണ്ട് പോയി പുഴുങ്ങിത്തിന്നട്ടെ. അയാൾ ചേതൻ ബജാജിന്റെ കയ്യിൽ നിന്നും ചെക്ക് പിടിച്ചു വാങ്ങി ഒപ്പിട്ടു കൊടുത്തു.

ചേതൻ ബജാജ് ഒരു താങ്ക്സ് കൂടെ പറയാൻ മറന്നില്ല. പക്ഷേ ദേവന്റെ ഭാഗത്ത്‌ നിന്നു മറുപടി ഉണ്ടായില്ല. അയാൾ തന്റെ ബാഗും വണ്ടിയുടെ ചാവിയും മൊബൈലും എടുത്തു. പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു :

"ഞാൻ പോകുന്നു. "

അയാൾ നടന്നു. ചേതൻ ബജാജ് ആ പോക്ക് നോക്കി നിന്നു. അയാൾ മനസ്സിൽ ഒരു ചൂളം വിളിച്ചു.

"ദേവാ നീ ഇന്ന് പൊയ്ക്കോ..ഇനി നാളെ..പിന്നെ എന്നും ...നിന്നെ വളയ്ക്കാൻ എനിക്കറിയില്ലേ ദേവാ..."

അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

ദേവൻ ശർമ്മ സ്റ്റെപ്പ് ഇറങ്ങി റിസപ്ഷൻ വഴി പോകുമ്പോൾ വിനയം ഭാവിച്ചു ഹേമ ചോദിച്ചു:

"എന്താ സാർ സുഖമില്ലേ .....? സാർ എവിടെ പോവാ...?" കത്തുന്ന ഒരു നോട്ടമായിരുന്നു മറുപടി

"പോയിരുന്നു ജോലി ചെയ്യടീ...അവളുടെ ഒരു പുന്നാരം"

അയാൾ നടന്നു നീങ്ങിയപ്പോൾ വടി കൊടുത്തടി വാങ്ങിയപോലെ ഹേമ ഒന്ന് ചുളുങ്ങി. ആരെങ്കിലും കേട്ടോ എന്ന് നോക്കി.  ഇല്ലെന്നുറപ്പു വരുത്തി തന്റെ സീറ്റിലേക്ക് ഒതുങ്ങി.

ദേവൻ ശർമ്മ വണ്ടി എടുത്ത് ഗേറ്റ് കടക്കുമ്പോൾ സെക്യൂരിറ്റി നിർത്താതെ സല്യൂട്ടടിക്കുന്നുണ്ടായിരുന്നു. അയാൾ അതൊന്നും കാര്യമാക്കിയില്ല. വീട്ടിൽ ചെല്ലണം. അവിടെ എത്തുമ്പോൾ സച്ചിൻ അവിടെ എത്തിയാൽ മതിയായിരുന്നു. ഇല്ലെങ്കിൽ ലക്ഷ്മിയോട് താൻ എന്ത് സമാധാനം പറയും ?.

പിന്നെ അയാൾ സ്വയം തീരുമാനിച്ചു. എല്ലാം ലക്ഷ്മിയോട് പറയാം. അവൾ ഒരു പോം വഴി പറയാതിരിക്കില്ല. ആദ്യം കേട്ട് കഴിയുമ്പോൾ, തന്നെ കുറ്റം പറയുമായിരിക്കും. സാരമില്ല. അവൾക്ക് തന്നെക്കാൾ വിവേകബുദ്ധി ഉണ്ട്.

പിന്നെ ഒന്നും നോക്കിയില്ല, കാർ നേരെ വീട്ടിലേക്ക്. വീട്ടിലെത്തുമ്പോൾ അറിഞ്ഞു, അവൻ എത്തിയിട്ടില്ല ! പക്ഷെ വള്ളി പുള്ളി വിടാതെ എല്ലാം അയാൾ ലക്ഷ്മി ശർമ്മയോട് പറഞ്ഞു. ലക്ഷ്മിയുടെ മറുപടി കേട്ടപ്പോൾ അയാള്ക്ക് തെല്ല് ആശ്വാസം തോന്നി.

"ശർമ്മാജി വിഷമിക്കേണ്ട. അവൻ വരും. എനിക്കുറപ്പാ..ഞാൻ അവനിന്നു രാവിലെ കെട്ടിക്കൊടുത്ത രക്ഷ ഒരു സത്യമാണെങ്കിൽ എന്റെ അനിയൻ വരും. ഞാൻ ഇന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിച്ചതാ...! "

അവർ പിന്നെയും ദേവനെ സാന്ത്വനപ്പെടുത്താനാണ് നോക്കിയത്. പക്ഷെ അവർ സ്വയം തീരുമാനിച്ചു. സച്ചിൻ വരുന്നവരെ ഇനി ജലപാലനം പോലും ചെയ്യില്ല എന്ന്.

അവർ സർവ്വ ദൈവങ്ങളെയും മനസ്സിൽ വിളിച്ചാണയിട്ടു. എത്രയും പെട്ടെന്ന് അവനെ ഇവിടെ എത്തിക്കണേ എന്ന്. കുട്ടികൾ മൂന്നു മണിക്ക് സ്കൂളിൽ നിന്നു വന്നപ്പോഴാണ് ലക്ഷ്മി ശർമ്മ പരവശയായത്. അവരോട് എന്ത് മറുപടി പറയും ?

ഇന്ന് സച്ചിൻ അങ്കിൾ കമ്പനിയിൽ പോയി അവിടെ ഒരു പാട് അഭ്യാസങ്ങൾ കാണിക്കും, അവിടത്തെ വില്ലൻമാരെയൊക്കെ തുരത്തി ഓടിക്കും എന്നൊക്കെ അവർ പ്രതീക്ഷിച്ചിരുന്നു.

റീനു മോള്ക്കായിരുന്നു തിടുക്കം. പപ്പാ വന്നു മുറിയിൽ ഉറങ്ങുന്നു. സച്ചിൻ അങ്കിളിനെ കാണുന്നില്ല. അവൾ വന്നു ചോദിച്ചു.

"സച്ചിൻ അങ്കിൾ എവിടെ. ...? പപ്പാ വന്നല്ലോ. ..."

അതിനൊരുത്തരം പറയാൻ അവർക്കും കഴിഞ്ഞില്ല. എന്നാലും അവർ പറഞ്ഞു:

"സച്ചിൻ അങ്കിൾ അവന്റെ പഴയ കൂട്ടുകാരെയൊക്കെ പോയതാ വൈകീട്ട് എത്തും."

"ഹോ " റീനു മോൾക്ക്‌ നിരാശയായി. സിനിമയിലൊക്കെ കാണുന്ന പോലെ പപ്പയെ ശല്യം ചെയ്യുന്ന എല്ലാം വില്ലന്മാരെയും സച്ചിൻ അങ്കിൾ അടിച്ചു ഓടിച്ചു കാണും. ആ കഥയൊക്കെ കേൾക്കാൻ ഓടി വന്നതാ അവൾ.

മക്കളോട് നുണ പറയേണ്ടി വന്നതിൽ ലക്ഷ്മി ശർമ്മക്ക് വിഷമം തോന്നി. വീണ്ടും അവർ ഒന്നും ചോദിക്കാതിരിക്കാൻ ഒരു മുട്ട് ന്യായം പറഞ്ഞതാണ്. പച്ച നുണ

പക്ഷേ .....

അത് ശരി ആയിരുന്നു. സച്ചിൻ കമ്പനി വിട്ടു റോഡിലൂടെ ലക്ഷ്യമില്ലാതെ നടക്കുമ്പോൾ റോഡിന്റെ സൈഡിൽ നിന്നും ഒരു വിളികേട്ടു

"സച്ചിൻ ഭയ്യാ..." അടുത്ത നിമിഷം ഒരു പെണ്‍കുട്ടി ഓടി വന്നവനെ കെട്ടിപ്പിടിച്ചു കഴിഞ്ഞു. സച്ചിൻ അത്ഭുതത്തോടെ ചോദിച്ചു.

"ചമേലീ ....മോളെ,  നീ ഇവിടെ എന്ത് ചെയ്യുകയാ ? "

വേസ്റ്റ് പെറുക്കലാണ് അവളുടെ ജോലി. ആ പതിന്നാലുകാരിക്ക് പഠിക്കാൻ വല്യേ ഇഷ്ടമാണ്. സച്ചിൻ ഇടക്കൊക്കെ പറഞ്ഞു കൊടുത്തു കുറേശ്ശെ ബുക്ക്‌ ഒക്കെ വായിക്കാൻ പഠിച്ചിരുന്നു അവൾ.

സ്കൂളിൽ വിടാനൊന്നും അവളുടെ അമ്മയ്ക്ക് കഴിവില്ല. ദിവസവും രണ്ടു പേരും അവിടവിടെ നടന്നു പെറുക്കുന്ന കൂട (വേസ്റ്റ്) വിറ്റത് കൊണ്ടാണ് അവരുടെ ജീവിതം. തന്റെ ജുഗ്ഗിക്കടുത്തു തന്നെ ആയിരുന്നു താമസം.

ഉടനെ അവൾ അടർന്നു മാറി. "അയ്യോ കഷ്ടായല്ലോ. എന്റെ മേല് അപ്പടി അഴുക്കാ. സച്ചിൻ ഭയ്യയുടെ മേലും ആയില്ലേ. "

"സാരമില്ലെടീ മോളെ, "

അവൻ അവളെ തന്നോട് ചേർത്ത് പിടിച്ചു.

"എവിടെ മോസിജി ...നീ എന്താ ഒറ്റയ്ക്ക്. "
അവൻ അവളുടെ അമ്മയെ മോസിജി എന്നാണ് വിളിക്കാറ്.

"അമ്മ അപ്പറത്തെ റോഡിലാ "
അവൾ മറുവശത്തേക്ക് കൈ ചൂണ്ടി. പിന്നെ ഉറക്കെ വിളിച്ചു.

"അമ്മാ നോക്കിക്കേ ഇതാരാ വന്നതെന്ന്. സച്ചിൻ ഭയ്യ ആഗയാ...സച്ചിൻ ഭയ്യ ആഗയാ. "

അവൾ തുള്ളിച്ചാടാൻ തുടങ്ങി. അപ്പോഴേക്കും ചമ്പാ എന്ന അവളുടെ അമ്മ ഒരു ചാക്കും കയ്യിൽ തൂക്കി വന്നു.

"സച്ചിൻ മോനെ ...എപ്പോ വന്നു...? എത്ര നാളായി കണ്ടിട്ട് ! "

അവർ അടുത്ത് വന്നു. കുറച്ചു നേരം അവനെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. അവൻ രണ്ടു പേരെയും ചേർത്തു പിടിച്ചു കൊണ്ട് നടന്നു.

"നമുക്ക് നമ്മുടെ ഖോലിയിലേക്ക് പോകാം." സച്ചിൻ ഒരു സൈക്കിൾ റിക്ഷ കൈ കാണിച്ചു നിർത്തി . അതിൽ അവരെയും കയറ്റി പോയി താൻ പിച്ച വെച്ച് വളർന്ന ആ റെയിൽവ കോളണിയിലെ തന്റെ സാമ്രാജ്യത്തിലേക്ക്.

സച്ചിൻ വളരെ ദൂരേന്നേ കണ്ടു., തന്നെ പ്രതീക്ഷിച്ചെന്ന പോലെ അവിടെ തന്റെ കോളനിയിൽ ആൾകൂട്ടം. താൻ വരുന്നതിന്റെ സന്തോഷമാണ്. എത്ര വേഗമാണ് ആളുകൾ തമ്മിൽ മെസ്സേജ് പാസ് ചെയ്ത്  അവർ  ഓടിക്കൂടിയത് !!

സച്ചിന്റെ ആ ചെറിയ ഖോലി (ജുഗ്ഗിയിലെ ഒരു ചെറിയ മുറി) വൃത്തിയായി സൂക്ഷിച്ചിരുന്നു ചമ്പാ. ആളുകളോട് കുശലാന്വേഷണം കഴിഞ്ഞു സച്ചിൻ തന്റെ ആ കൊച്ചു മുറിയിലേക്ക് കയറി. അവിടെ അപ്പോഴും ചുമരിൽ തൂക്കിയ ബാവയുടെ മങ്ങിയ പടം.

സച്ചിന് ഏഴു വയസ്സുള്ളപ്പോൾ മരിച്ചു പോയതാണ് ബാവ. പിന്നെ ജീവിക്കാൻ സച്ചിൻ ചെയ്യാത്ത ജോലി ഒന്നുമില്ല. ഷൂ പോളീഷിൽ തുടങ്ങി, റെസ്റ്റോറെന്റിൽ പാത്രങ്ങൾ കഴുകുന്ന ജോലി അടക്കം സച്ചിൻ ചെയ്യാത്ത ജോലികളില്ല.

അപ്പോഴൊക്കെയും അടങ്ങാത്ത ഒരാഗ്രഹം ഉണ്ടായിരുന്നു. പഠിക്കണം എന്നത്. സ്കൂൾ കുട്ടികളുടെ പഴയ പുസ്തകം വാങ്ങി പഠിക്കുക അവന്റെ ഒരു ശീലമായി. ആ കുട്ടികൾ പലരും അവനെ സഹായിച്ചു.

എല്ലാ ക്ലാസ്സിലെയും ബുക്കുകൾ അവൻ പഠിച്ചു പഠിച്ചൊരു ദിവസം അവിചാരിതമായി ആരോ പറയുന്നത് കേട്ടു, സ്കൂളിൽ പോകാത്തവർക്കും പത്താം ക്ലാസ് പരീക്ഷ നേരിട്ട് എഴുതാം എന്ന്. അതിന്റെ ഫോറം വാങ്ങി പൂരിപ്പിച്ചപ്പോൾ അതിൽ ജാതി അല്ലെങ്കിൽ സർനേം എഴുതണം. അവിടെ അവൻ എഴുതി ബാവ. അങ്ങിനെ അവൻ സച്ചിൻ ബാവയായി.

പത്താം ക്ലാസ് പരീക്ഷയിൽ അത്യാവശ്യ മാർക്കോടെ പാസ്സായതോടെ പഠിക്കാനുള്ള ത്വര കൂടി. പിന്നെ ഇന്റർ മീടിയറ്റ് കറസ്പോണ്ടൻസ് ആയി പഠിച്ചു ജയിച്ചു. അത് പോലെ കൊമേഴ്സിൽ ഡിഗ്രിയും.

സച്ചിന്റെ ഖോലിക്ക് പുറത്ത് ആൾക്കൂട്ടം വലുതായിക്കൊണ്ടിരുന്നു. തങ്ങളുടെ കോളനിയിലെ ഹീറോ ആണ് സച്ചിൻ. സച്ചിൻ അവരുടെ ഇടയിലേക്ക് ചെന്നു.

സച്ചിന്റെ കണ്ണഞ്ചിപ്പോയി. ആ കോളനിയിലുള്ള എല്ലാ ആളുകളും ആ സമയംകൊണ്ട് അവിടെ തടിച്ചു കൂടിയിട്ടുണ്ട്. ആരോ ഓടി വന്നു സച്ചിനെ എടുത്തു പൊക്കി. സച്ചിൻ അവനെ നോക്കി.

"എടാ ബിട്ടൂ ...നീ...   ഇപ്പോഴും നിന്റെ മിമിക്രി ഒക്കെ ഉണ്ടോ "

"ജീവിച്ചു പോണ്ടേ സച്ചിൻ ഭയ്യാ ? "

ബിട്ടൂ .നന്നായി സിനിമാ നടികളുടെ ശബ്ദം അനുകരിക്കും. ഹേമ മാലിനി, രേഖ, ശർമിളാ ടാഗോർ തുടങ്ങിയ പഴയ നടികളുടെ ശബ്ദത്തോടൊപ്പം ഇന്ന് വരുന്ന ഓരോ പുതിയ നടികളുടെയും ശബ്ദം അപ്പപ്പോൾ അവൻ പഠിച്ചിരിക്കും. അതുപോലെ ചെയ്തു കാണിക്കുകയും ചെയ്യും.  സച്ചിൻ അവിടെ ഒരാളെ തിരയുന്നുണ്ടായിരുന്നു, കരണ്‍ !

കരണ്‍, സച്ചിനെപ്പോലെത്തന്നെ വിദ്യാഭ്യാസം നേടിയ ഒരു പയ്യനാണ്. സച്ചിനെപ്പോലെത്തന്നെ തികച്ചും അനാഥൻ ! പത്താം ക്ലാസ് എഴുതി പഠിച്ചു പഠിച്ചു ഡിഗ്രിക്ക് ചേർന്നു. അവന്റെ ഇപ്പോൾ ഫസ്റ്റ് ഇയർ കഴിഞ്ഞു കാണുമല്ലോ. പഠിച്ചു വലിയൊരു പോലിസ് ഓഫീസർ ആകാനാണ് അവന്റെ മോഹം.

ഈ കോളനി എല്ലാം പൊളിച്ചു കളയണം എന്ന് പറഞ്ഞു മുൻപ് പലവട്ടം പോലീസുകാര് വേട്ടയാടിയിരുന്ന അക്കാലത്ത് അവൻ തീരുമാനിച്ചതാണ്. ഒരു പോലിസ് ഓഫീസർ ആകുക. തങ്ങളുടെ ആളുകൾക്കു  വേണ്ടി എന്തെങ്കിലും ചെയ്യാൻ !

അപ്പോഴേക്കും സച്ചിന് കഴിക്കാനാനായി പലരും പലതും കൊണ്ട് വരുന്നു. ചമേലി കൊണ്ടു വന്ന പൊക്കാവട അവനൊന്നു രുചിച്ചു നോക്കി. കൊള്ളാം എന്ന് അവൻ പെരു വിരൽ ഉയർത്തി കാട്ടി. ഓരോരുത്തരോടും ലോഹ്യം പറഞ്ഞും അവർ കൊണ്ട് വന്ന പലഹാരങ്ങൾ രുചിച്ചും അവൻ കുറച്ചു നേരം അവരോടൊപ്പം കഴിഞ്ഞു.

പെട്ടെന്ന് അവനോർമ്മ വന്നു. താൻ അപ്പോൾ ഇറങ്ങി പോന്നതല്ലേ. ദേവൻ ശർമ്മയുടെ അവസ്ഥ എന്താകും  ?  ഒന്ന് വിളിച്ചു നോക്കിയത് പോലുമില്ല. അവൻ പോക്കറ്റിൽ കയ്യിട്ടു മൊബൈൽ എടുത്തു. അപ്പോഴാണ്‌ ബാറ്ററി തീർന്ന കാര്യം അറിഞ്ഞത്. തന്റെ ചാർജറും മറ്റും തന്റെ ബാഗിലാണ്. അത് ശർമ്മാജിയുടെ ബംഗ്ലാവിലും.

അവൻ തിരിഞ്ഞു ബിട്ടുവിനെ വിളിച്ചു. "മോനെ ബിട്ടു...ഇതൊന്നു ചാർജ് ചെയ്യാൻ എന്തങ്കിലും ജുഗാട് (എളുപ്പ വഴി) ഉണ്ടോ ...?"

ബിട്ടു ഫോണ്‍ വാങ്ങി ചില കമ്പികൾ കൂട്ടി ഘടിപ്പിച്ച അവന്റെ ചാർജിംഗ് യന്ത്രം കൊണ്ട് കറെന്റിൽ കുത്തി ആ മൊബൈൽ ചാർജ് ചെയ്യാൻ തുടങ്ങി. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ സച്ചിന് ഇരിപ്പുറച്ചില്ല. തിരിച്ചു പോണം. ശർമ്മാജി  ഏതവസ്ഥയിൽ ആണെന്നറിയില്ല.

അപ്പോഴേക്കും മൊബൈലിൽ കുറച്ചു ചാർജ് ആയിക്കഴിഞ്ഞു. അവൻ നോക്കുമ്പോൾ ഒരു പത്തു മിസ്സ്ഡ് കോള്സ്. ദേവൻ ശർമ്മ, ലക്ഷ്മി ശർമ്മ, കൂടാതെ പ്രദീപിന്റെ. ചെക്ക്‌ ചെയ്യുമ്പോൾ വീണ്ടും ബെല്ലടിച്ചു. നോക്കുമ്പോൾ പ്രദീപ്‌. അവൻ കോൾ എടുത്തു.

"എന്താ പ്രതീപ് ..."

"സച്ചിൻ സാർ എവിടെയാ...ഇന്ന് മുഴുവൻ ഞാൻ സാറിനെ വിളിക്കയായിരുന്നു. എനിക്കുടനെ സച്ചിൻ സാറിനെ കാണണം. ഞാൻ ഇപ്പോൾ ആസാദ്പൂരിൽ ആണ്. "

"ഓ എങ്കിൽ ഞാൻ ഇവിടെ ശുകൂർപൂർ  ഉണ്ട്,  റെയിൽവേ കോളനി..."

"എങ്കിൽ സാർ റിംഗ് റോഡിൽ വരാമോ ...ഞാൻ സ്കൂട്ടെറിൽ വരികയാ ...ഞാൻ പിക്ക് ചെയ്തോളാം ....കുറച്ചു കാര്യങ്ങൾ പറയാനുണ്ട്."

"ഓക്കെ ഞാനിപ്പോൾ എത്താം.."

സച്ചിൻ എല്ലാവരോടും തൽക്കാലം യാത്ര പറഞ്ഞു. ഇനി ഡൽഹിയിൽ തന്നെയല്ലേ പിന്നെ വരാം. പക്ഷെ ചമേലി അവനെ പിടിച്ചു വെച്ചിരിക്കയാണ്‌.

"ഭയ്യാ ഇന്ന് പോണ്ടാ......" അവൾ കെഞ്ചി നോക്കി.

"അത് പറ്റില്ല മോളെ. ഞാൻ പിന്നെ ഒരു ദിവസം വരാം. "

അത് പറഞ്ഞവൻ തിരിഞ്ഞു. കുറച്ചു ദൂരം കോളനി നിവാസികളും ഒപ്പം ചമേലിയും അവനെ അനുധാവനം ചെയ്തു.

നിറ കണ്ണുകളോടെ ചമേലി മറ്റുള്ളവരോടൊപ്പം അവനെ യാത്രയാക്കുമ്പോൾ അവൻ പറഞ്ഞു:

"മോളെ ...ഇനി ഭയ്യ വരുമ്പോൾ ...മോൾക്ക്‌ ഒരു മൊബൈൽ ഫോണ്‍ കൊണ്ടു വരാം. പിന്നെ നിനക്ക് ഇടക്കൊക്കെ എന്നോട് സംസാരിക്കാമല്ലോ "

അവൻ അവളെ സമാധാനിപ്പിച്ചു, എല്ലാവരുടെയും നേരെ കൈ വീശി നടന്നകന്നു. റോഡിൽ എതിരെ വന്ന ഒരു ഓട്ടോ കൈ കാണിച്ചു നിർത്തി റിംഗ് റോഡിലേക്ക് തിരിച്ചു.

പ്രതീപ് കാത്തു നില്ക്കുകയായിരുന്നു. അവനു പറയാൻ ഒരു പാട് വിശേഷങ്ങൾ ഉണ്ടായിരുന്നു. അന്നും ദേവൻ ശർമ്മയെക്കൊണ്ട് ഒരു സെല്ഫ് ചെക്ക് സൈൻ ചെയ്യിച്ചതും ആ കാശ് എടുത്തു ചേതൻ ബജാജ് തൻറെ ദിൽഷാദ് ഗാർഡനിൽ പണിതു കൊണ്ടിരിക്കുന്ന ഒന്നര കോടിയുടെ പ്രൊജക്റ്റ്‌ ആയ പുതിയ ഭവനത്തിന്റെ കൊണ്ട്രക്ടോർക്ക് അത് അപ്പടി കാശ് ആയി കൊടുത്തതും എല്ലാം.

"ഇനി ഒരു ചെക്കും അയാളുടെ തന്നിഷ്ടത്തിന് വിട്ടു കൂടാ..അതിനെന്തു വഴി ...പ്രതീപ് "

"അത് പറയാനല്ലേ ഞാൻ വന്നേ   ? ഇപ്പോൾ ചെക്ക്‌ സൈൻ ചെയ്യാനുള്ള അധികാരം ദേവൻ ശർമ്മക്കും ലക്ഷ്മി ശർമ്മക്കും ആണ് ...അവരൊക്കെ ഒന്നാം സിഗ്നെറ്ററി രണ്ടാം സിഗ്നെറ്ററി ചേതൻ ബജാജും. അതിലാണ് അയാൾ രക്ഷ്ടപ്പെടുന്നത്. ശർമ്മാജിയെ അയാൾ പേടിപ്പിച്ചു സൈൻ ചെയ്യിക്കും..രണ്ടാം സിഗ്നേറ്ററി ചേതൻ ബജാജ് സ്വയം ചെയ്യും.

അത് മാറണം. ആ സൈൻ ഇനി സച്ചിൻ സാറിന്റെയാകണം രണ്ടാം സിഗ്നേറ്ററി. അതിന് നമ്മുടെ കമ്പനിയുടെ ഡയറക്റ്റെർസ് എല്ലാവരും കൂടി സൈൻ ചെയ്ത ഒരു റെസല്യൂഷൻ ഉണ്ടാക്കണം. സച്ചിൻ സാർ ശർമ്മാജിയെ ഈ കാര്യം ബോധിപ്പിച്ചു മറ്റു ഡയറക്ടേഴ്സിനെക്കൊണ്ട് സൈൻ ചെയ്യിച്ചാൽ ബാക്കി എല്ലാം ഈ പ്രതീപ് ചെയ്തോളാം. ബാങ്കിൽ എനിക്ക് നല്ല ഹാൻഡ്‌ ആണ്. "

പ്രദീപ്‌ പറഞ്ഞു കഴിഞ്ഞ് സച്ചിന്റെ നേരെ നോക്കി.

"എങ്കിൽ ശർമ്മാജിയെക്കൊണ്ടും ബാക്കി ഡയറക്ടേഴ്സിനെക്കൊണ്ടും സൈൻ ചെയ്യിക്കുന്ന കാര്യം ഞാൻ ഏറ്റു. "

സച്ചിനെ ദേവൻ ശർമ്മയുടെ ബംഗ്ലാവിന്റെ ഗേറ്റിൽ വിട്ടിട്ടു പ്രദീപ്‌ പേപ്പേഴ്സ്  തയ്യാറാക്കി വരാം എന്ന് പറഞ്ഞു പോയി. സച്ചിൻ എത്തിയതും റീനു മോൾ ഓടിയെത്തി...

"സച്ചിൻ അങ്കിൾ ആഗയ..." അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ദേവൻ ശർമ്മ ഓടി വന്നവനെ കെട്ടിപ്പിടിച്ചു.

"മോനെ പൊറുക്കെടാ ...ഞാൻ നിന്നോട് ഇറങ്ങി പോകാൻ പറഞ്ഞു  ഇന്ന്.."

"ഹേ അതൊന്നും സാരമില്ല ഭയ്യാ ..അതൊക്കെ എനിക്ക് മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ..ഇന്ന് കമ്പനിയിലെ എന്റെ പ്രകടനം ഇത്തിരി ഓവർ ആയല്ലേ ? ഞാൻ മനപ്പൂർവം ചെയ്തതാ... പിന്നെ .. അതുകൊണ്ട് ഇന്ന് ഒരു പാട് ഗുണം ഉണ്ടായി. ഞാൻ പുതിയ ഒരു പ്ലാനും ആയാ വന്നിരിക്കുന്നത്. "

"എന്തായാലും നിന്റെ ആ പ്രകടനം ഏറ്റു. എനിക്ക് തന്നെ നല്ല ധൈര്യം ഉണ്ടായി. നീ പോന്നു കഴിഞ്ഞ് അയാൾ എന്നെക്കൊണ്ട് ഒരു ചെക്ക്‌ സൈൻ ചെയ്യിച്ചു. പക്ഷെ ഞാൻ അയാളുടെ മുഖത്ത് നോക്കി കണക്കിന് പറഞ്ഞു ഇന്ന്. ആ ധൈര്യം എനിക്ക് ഇന്ന് ആദ്യമായി കിട്ടിയതാ."

"വെരി ഗുഡ് ഭയ്യാ...കൈ വന്ന ആ ധൈര്യം ഇനി ചോർന്നു  പോവാതെ നോക്കണം."

“ഇല്ല. ഇനി അയാളെ ഞാൻ പേടിക്കില്ല.”

"ശരിയാ പേടിക്കരുത്. പേടിച്ചോ അവൻ ശവത്തിനു തുല്യം എന്നല്ലേ. ഭയ്യാ വിഷമിക്കേണ്ട...എല്ലാം ശരിയാവും "

അപ്പോഴേക്കും ഒരു ട്രേയിൽ ചായക്കപ്പുകളുമായി ലക്ഷ്മി ശർമ്മ എത്തി.

"മോനെ ശർമ്മാജി ഉണ്ടായതൊക്കെ പറഞ്ഞു. നീ ഞങ്ങളെ വിട്ടു പോവില്ലെന്ന് എനിക്കറിയായിരുന്നു. നീ വന്നിട്ടേ ജല പാനം ചെയ്യൂ എന്ന് ഞാൻ ശപഥം ചെയ്തിരുന്നു " അവർ സാരിത്തുമ്പ് കൊണ്ട് കണ്ണ് തുടച്ചു.

സച്ചിന്  അത് കേട്ട് സഹതാപം തോന്നി.

"എന്തായിത് ദീദീ ...? ഞാൻ കൊച്ചു കുട്ടിയാണോ ? ഭയ്യയുടെ അവസ്ഥയൊക്കെ എനിക്കറിഞ്ഞൂടെ? ഞാൻ വരാതെ എവിടെ പോവാൻ ?? "

അവൻ ട്രേയിൽ നിന്നും ഒരു ചായക്കപ്പെടുത്തു നീട്ടി " എങ്കിൽ ആദ്യം ദീദി തന്നെ കുടിച്ചാട്ടെ. എന്നിട്ട് മതി എനിക്കും. "

അവൻ തുടർന്നു.

"ഈ കമ്പനി തിരിച്ചു പിടിക്കാതെ എന്ത് വന്നാലും സച്ചിൻ നിങ്ങളെ വിട്ടെവിടേം പോവില്ല. ഉറപ്പ്. ഞാൻ പകൽ എന്റെ കോളനിവരെ ഒന്ന് പോയി എല്ലാരേയും ഒന്ന് കാണാൻ. "

"ഗുഡ് ...എന്നിട്ട് പഴയ കൂട്ടുകാരെയൊക്കെ കണ്ടോ.../"

"ഹൂം , കുറെയൊക്കെ. പിന്നെ ഭയ്യാ, ദീദി രണ്ടാളും ശ്രദ്ധിച്ചു കേള്ക്കണം. " അവൻ പുതിയ പ്ലാൻ അവരെ പറഞ്ഞു കേള്പ്പിച്ചു.

"രാത്രിയിൽ പ്രദീപ്‌ വേണ്ടുന്ന ഡോക്യുമെന്റുകൾ തയ്യാറാക്കി കൊണ്ട് വരാം എന്ന് പറഞ്ഞു. നിങ്ങൾ രണ്ടു പേരും സൈൻ ചെയ്യണം. ബാക്കി രണ്ടു ഡയറക്ടേഴ്സിനെക്കൊണ്ട് നാളെ സൈൻ ചെയ്യിക്കണം. പിന്നെ നാളത്തെ ദിവസം ഭയ്യ ഓഫീസിൽ പോകണ്ടാ. നിങ്ങൾ രണ്ടു പേരും എന്റെ കൂടെ വേണം. " അവൻ അവരെ രണ്ടു പേരെയും നോക്കി.

"ഞങ്ങൾ എന്തിനും ഉണ്ട് നിന്റെ കൂടെ...പറഞ്ഞാൽ മതി. " അവർ പുതിയ അങ്കത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.


തുടരും..

Join WhatsApp News
നളിനകുമാരി 2022-08-19 05:45:01
വളരെ interesting ആയി പോകുന്നു
VENU G NAIR 2022-08-22 09:45:15
Thanks
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക