' സന്തോഷം കൊണ്ടു മരിച്ചുകളയാൻ തോന്നുന്ന നിമിഷങ്ങൾ സ്നേഹത്തിന്റെ പിരിയൻ ഗോവണിയിൽ കാത്തു നിൽപ്പുണ്ട് ' (Fyodor Dostoevsky).
ബി.കോം നല്ല നിലയിൽ പാസ്സായി പോൾ എന്നെ കാണാൻ ഡിപ്പാർട്മെന്റിൽ വന്നു.
പിന്നേയും തല തൊപ്പിക്കുള്ളിൽ തന്നെ. മുടിയൊക്കെ വന്നല്ലോ പിന്നെ എന്തിനാ ഇനിയും തൊപ്പി എന്നായി ഞാൻ.
അവൻ ചിരിച്ചുകൊണ്ടു തൊപ്പി എടുത്തു.
മുടി പിന്നേയും പറ്റെ വെട്ടി വച്ചിരിക്കുന്നു.
പോൾ പറഞ്ഞു."എനിക്കിപ്പോൾ ഇതൊരു ശീലമായി മാഡം."
അതാണവന്റെ പ്രത്യേകത. തളർന്നു പോകാത്ത ദൃഢ നിശ്ചയം .
ട്രീറ്റ്മെന്റ് ഏതാണ്ട് സമാധാനപരവും, അപകടരഹിതവും, ഗുണപരവുമായി അവസാനിച്ചു.
ഞാൻ അവനോടു ചോദിച്ചു, "നല്ല മാർക്കുണ്ടല്ലോ, ഇനി എന്താണ് പ്ലാൻ?ഒരാലോചനയ്ക്കുപോലും സമയം കളയാതെ അവൻ പറഞ്ഞു
"മാഡം എനിക്കു C A ക്ക് പോണം."
ഞാനൊന്ന് ഞെട്ടിയെങ്കിലും പറഞ്ഞത് മറ്റൊന്നാണ്. "നല്ലത്, CA യ്ക്ക് പോകുന്നതൊക്കെ കൊള്ളാം, ആയുസ്സ് പാഴാക്കാതെ നന്നായി പഠിച്ചു ജയിക്കണം ".
ഞാനപ്പോൾ മനസ്സിൽ ഓർക്കുകയായിരുന്നു, ഒരാളെ CA ക്കാരനാക്കിയതിന്റെ ക്ഷീണം എനിക്കു കുറച്ചൊന്നും ആയിരുന്നില്ല.അപ്പോഴേക്കും വീണ്ടും അടുത്ത ആൾ.
ഞാൻ പറഞ്ഞു, വിചാരിക്കുന്നതു പോലെ അത്ര എളുപ്പമല്ല, പലരും പാതി വഴിയിൽ ഉപേക്ഷിച്ചു പോകുന്നു. പിന്നെ നിരാശയുടെ നീണ്ട വർഷങ്ങൾ.
അവൻ വീണ്ടും എനിക്കുറപ്പു തന്നു...
അല്ല മാഡം ഞാൻ പാസ്സാകും.
എന്റെ സ്വന്തം CA ക്കാരൻ ഈ സമയങ്ങളിൽ അബുദാബിയിലായിരുന്നു..പോളിനെ പറ്റി ഞാൻ സൂചിപ്പിച്ചിരുന്നു..പോളിനും അറിയാം അവന്റെ സാറൊരു CA ക്കാരൻ ആണെന്ന്.
എന്തായാലും കാര്യങ്ങൾ ചിലപ്പോൾ എങ്ങിനെയാണ് നമ്മുടെ വഴിക്കു വരുന്നതെന്ന് നോക്കിയേ..
ഈ സമയത്ത് തന്നെ എന്റെ ഹസ്ബൻഡ് നാട്ടിലേക്ക് തിരിച്ചു വരുന്നു. ഇത് ഞങ്ങളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ഇനി കാര്യങ്ങളെല്ലാം അവർക്കിടയിലാകട്ടെ..ഞാൻ കയ്യോടെ പോളിനെ അദ്ദേഹത്തെ ഏൽപ്പിച്ചു.
അവർക്കിടയിൽ നല്ലൊരു കെമിസ്ട്രി രൂപപ്പെടുന്നത് എനിക്കു മനസ്സിലായി.
അവന്റെ പലയിടങ്ങളിലുള്ള അഡ്മിഷൻ, പഠിത്തത്തിനുള്ള ഗൈഡൻസ് അത്യാവശ്യ മറ്റു കാര്യങ്ങൾ ഒക്കെ അവർക്കിടയിലുള്ള പരസ്പ്പര ധാരണയിൽ അങ്ങു നടന്നുപോയി. ട്രീറ്റ്മെന്റ്, ഫോളോ അപ്പ് ഒക്കെ ഞാൻ തന്നെ മോണിറ്റർ ചെയ്തു...
പോളിന്റെ ട്രീറ്റ്മെന്റ് എല്ലാം മെഡിക്കൽ കോളേജിൽ ആയിരുന്നു.അതൊരു നല്ല കാര്യം തന്നെ. എന്നാലും CA യ്ക്ക് ജോയിൻ ചെയ്യുന്നതിന് മുൻപ് അവനെ ഒന്ന് Dr Gangadharan ന്റെ അടുത്ത് ഫോളോ അപ്പ് ചെയ്യിക്കണമെന്ന് എനിക്കു തോന്നി. അന്ന് അദ്ദേഹം കോട്ടയം കാരിത്താസ് ആശുപത്രിയിലും വരുന്ന സമയമാണല്ലോ.
Dr. Gangadharan പോളിനൊരു PET - CT അമൃത ഹോസ്പിറ്റലിൽ ഫ്രീ ആയി തരപ്പെടുത്തിക്കൊടുത്തു.
അവന്റെ ശരീരത്തിലെ ക്യാൻസർ കോശങ്ങളെല്ലാം നിർവീര്യമാക്കപ്പെട്ടു എന്ന അറിവിനെക്കാൾ വലുതായി അന്നു ഞങ്ങൾക്കൊന്നുമില്ലായിരുന്നു...
CA പ്രിലിമിനറി ആദ്യ ശ്രമത്തിൽ തന്നെ പാസ്സായി. ആർട്ടിക്കിൾഷിപ് ചെയ്യാൻ ബാംഗ്ലൂർ ആണ് തിരഞ്ഞെടുത്തത്.
ഒരു പകൽമങ്ങിയ സമയത്ത് ഞങ്ങളോട് യാത്ര പറയാൻ പോൾ ബാഗും തോളിലിട്ട് വന്നത് ഞാൻ ഇന്നലെ എന്ന പോലെ ഓർമ്മിക്കുന്നു.
മങ്ങിയ ഒരു ടീ ഷർട്ട് ആയിരുന്നു പോളിട്ടിരുന്നത് എന്ന് ഞാൻ കൃത്യമായി ഓർമ്മിക്കുന്നു.
എന്നാലും ഞാൻ പറഞ്ഞത് മറ്റൊന്നാണ്. "ഷൂ പുതിയതാണല്ലോ നന്നായിരിക്കുന്നു ".
മറുപടി ഉടനെ വന്നു. "ആയിരത്തഞ്ഞൂറായി, ആയിരമേ ബഡ്ജറ്റ് ഉണ്ടായിരുന്നുള്ളു."
അവൻ ബഡ്ജറ്റ് എന്നു പറയുന്നത് കേൾക്കാൻ എന്തു കൊണ്ടോ എനിക്കൊരു സുഖമായിരുന്നു. പിന്നീടാണ് മനസ്സിലാകുന്നത് അവന്റെ 'താക്കോൽ പദം' തന്നെ ബഡ്ജറ്റ് എന്നാണെന്ന്. അവന്റെ സാർ അവനെ അടിമുടി ഒന്നു നോക്കി.
ഇനി ഈ ഷർട്ട് ഒന്നും പോരാ, നല്ല രണ്ടെണ്ണം പുതിയത് വാങ്ങു എന്നു പറഞ്ഞ് അതിനാവശ്യമായ തുക അവനു നേരേ നീട്ടി.
"വേണ്ട സാറേ, ഞാൻ റബ്ബറിനു പട്ടക്കുമേൽ പ്ലാസ്റ്റിക് പാവാട ഒട്ടിച്ചു കുറേ രൂപ ബാഗിൽ വച്ചിട്ടുണ്ട്.. അവിടെച്ചെന്നു വാങ്ങിക്കൊള്ളാം.
അതാണ് പോൾ. അത്രയ്ക്ക് കൂട്ടിയാൽ കൂടില്ലെന്നു കണ്ടാൽ മാത്രമേ ഈ പയ്യൻ ഞങ്ങളുടെ ഓഫർ സ്വീകരിച്ചിരുന്നുള്ളു.
പോളിന് പക്ഷെ ബാംഗ്ലൂർ അധിക കാലം പഠിക്കുവാൻ സാധിച്ചില്ല. അവിടുത്തെ കുളിരും, മഞ്ഞും വർദ്ധിച്ച pollen count ഉം അവന്റെ അല്ലെർജി രോഗത്തിന് ചേർന്നതായിരുന്നില്ല.
പോൾ നാട്ടിലേക്ക് മടങ്ങി.
നാട്ടിൽ ആർട്ടിക്കിൾഷിപ് കംപ്ലീറ്റ് ചെയ്ത അവൻ പടപടാന്ന് ഇന്റർ പാസ്സായി.
പോൾ പലപ്പോഴും ഫോണിൽ ക്കൂടി വിളിച്ചു കൂവുകയായിരുന്നു."മാഡം ഞാൻ പാസ്സായി ".
അതിലേറെ സന്തോഷത്തോടെ ഞങ്ങളും പ്രതികരിച്ചു."congratulations"...
ഫൈനൽ പരീക്ഷകൾക്കിടയിലും ഇതാവർത്തിച്ചു. മാഡം ഞാൻ എഴുതിയ പേപ്പർ എല്ലാം പാസ്സായി.
എന്തൊരു സുഖമുള്ള കേൾവി..
പോൾ ഒരിക്കൽ ഒരു മുന്നറിയിപ്പും കൂടാതെ എന്നെ വിളിച്ചു പറഞ്ഞു: "മാഡം എനിക്കു ദുബായ്ക്കു പോകാൻ ഒരു ചാൻസ് വന്നിരിക്കുന്നു, ഞാൻ പോകട്ടെ"..
ഒന്നും ചിന്തിക്കാതെ ഞാൻ പറഞ്ഞു.
CA പാസ്സായിട്ട് മതി, ഇനി ഫൈനലിന്റെ മൂന്ന് പേപ്പർ അല്ലേ കിട്ടാനുള്ളൂ. പഠിത്തം വിട്ടാൽ പിന്നെ എങ്ങനെ CA ക്കാരനാവും..
"ഇല്ല മാഡം, സാമ്പത്തികം കുറച്ചു മോശമാണ്. ഒരു വർഷം, അതു മതി മാഡം. ഞാൻ സത്യമായും CA ക്ലിയർ ചെയ്തിരിക്കും. ഇതെന്റെ വാക്ക്."
എന്തോ എനിക്കു സന്തോഷം തോന്നിയില്ല അല്പം പോലും.
Ok. ഞാൻ പറഞ്ഞു.
കുറേ മാസങ്ങൾ ഒഴുകിപ്പോയത് ആരും അറിഞ്ഞില്ല.
ഒരു വർഷത്തിനുള്ളിൽ പറഞ്ഞതു പോലെ കുറച്ചു സാമ്പത്തികം മെച്ചപ്പെടുത്തി പോൾ പഠിക്കുവാൻ ഉറച്ച് മടങ്ങി വന്നു.
അതൊരു ഒന്നൊന്നര വരവായിരുന്നു എന്റെ അടുത്തേക്ക്.
അപ്പോഴേക്കും എന്റെ മകൾക്കൊരു കുഞ്ഞു പിറന്നിരുന്നു. ഞങ്ങളുടെ ആദ്യജാത ആമിക്കുട്ടി.
കുഞ്ഞിനെ ആദ്യമായി കണ്ണു നിറയെ കാണാൻ വന്ന പോൾ ഒരു ബാഗ് നിറയെ ബേബി ഐറ്റംസുമായാണ് വന്നത്. അതിൽ കൗതുകം തോന്നിയ ഒന്ന് അമ്മക്കാങ്കരുവിന്റെ വയറ്റിൽ കുഞ്ഞി കാങ്കരുവിനെയും പേറി പേള് പോലത്തെ കണ്ണുകളുമായി ഒരു കാങ്കരു ഫാമിലി.
ഇന്നലെകൂടി ഇളയവൻ ചാക്കോച്ചൻ അതിനെ കെട്ടിപ്പിടിച്ചു കളിക്കുന്നത് കണ്ടു.
"ഇതു മാഡത്തിന്, ഇതു സാറിന്, ഇത് മണിക്കുട്ടിച്ചേച്ചിക്ക് എന്നു പറഞ്ഞ് ഓരോന്ന് ഞങ്ങൾക്കു നേരേ നീട്ടുമ്പോൾ അവന്റെ കണ്ണുകളിൽ തെളിഞ്ഞ സ്നേഹ പ്രകാശം..!
അതിലാണ് ഞാൻ നോക്കി നിന്നത്. പിന്നേയും വാസന സോപ്പുകൾ, പെർഫ്യൂംസ് ..
അവന്റെ സാറ് അവനെ കണ്ണുരുട്ടി വഴക്കു പറഞ്ഞു, ഇങ്ങനെ ധാരാളിയാകേണ്ട എന്നൊരു താക്കീതും .
ഞാൻ പറഞ്ഞു വഴക്കു പറയേണ്ട, സ്നേഹം കൊണ്ടല്ലേ.
എന്റെ മകൾക്കും പോളിനുമിടയിലും ഒരു ആങ്ങള പെങ്ങൾ ബന്ധം രൂപപ്പെട്ടു വരുന്നതും ഞാനറിഞ്ഞു.
പറഞ്ഞതു പോലെ പോൾ പഠിത്തം ആരംഭിച്ചു. ഒട്ടും സമയം കളയാതെ. അപ്പോഴേക്കും അവന്റെ സാറവനൊരു മൾട്ടിനാഷണൽ കമ്പനിയിൽ നല്ല സാലറിയിൽ ഒരു ജോലിയും ഏർപ്പാടാക്കിയത് എനിക്കത്ര ബോധിച്ചില്ല.
ജോലി ചെയ്തു പഠിച്ചാൽ ജയിക്കുമോ? ഞാൻ അവനോടു ചോദിച്ചു.
കുറച്ചു സാമ്പത്തികം ഒക്കെ വേണ്ടേ മാഡം ..?
അവന്റെ പതിവു ചിരി.
എന്റെ ഹസ്ബൻഡ് എന്നേ സമാധാനിപ്പിച്ചു, അവൻ നെക്സ്റ്റ് ചാൻസ് എല്ലാം ക്ലിയർ ചെയ്യും. ഇതൊരു നല്ല ജോബ് ആണ്.
പോൾ അതു ശരി വച്ചു. "ഞാൻ പാസ്സാകും മാഡം".
അവന്റെ കോൺഫിഡൻസിന് ഞാനൊരു കൈ കൊടുക്കുന്നു. എക്സാം ഡേറ്റ്സ് അവനേക്കാൾ നന്നായി എനിക്കറിയാം. എക്സാം ദിവസങ്ങളിൽ വിളി പതിവാണ്.
"പ്രാർത്ഥിക്കണം മാഡം, ഇത്തവണ സിലബസ്സിൽ കുറച്ചു മാറ്റമുണ്ട്. MCQ ഉണ്ട് "..
ഞാൻ ഓർത്തു പ്രാർത്ഥിച്ചു.
വിളിച്ചാൽ പറയും, കുഴപ്പമില്ല മാഡം, MCQ വിനു കുറച്ചു കൂടി സമയം കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
എന്തോ എന്റെ മനസ്സു പറഞ്ഞു, പോൾ ഈ ചാൻസിൽ രക്ഷപ്പെടും. പിന്നെ CA അല്ലേ, ജയിച്ചാൽ ജയിച്ചു അത്ര തന്നെ.
എന്റെ ഹസ്ബൻഡ് ഇടക്കൊക്കെ പറയുന്ന ഒരു CA കഥയുണ്ട്. കേട്ടാൽ നിങ്ങൾക്കും ചിരി വരും. സ്നേഹിതൻ ഉണ്ണി നമ്പൂതിരി റിസൽട് വന്നപ്പോൾ അച്ഛന് കത്തയച്ചു, അച്ഛാ ഞാൻ വെറും രണ്ടു മാർക്കിനാണ് തോറ്റത്.
അച്ഛന്റെ മറുപടി വന്നു. സ്നേഹിതരെല്ലാം അച്ഛന്റെ ആശ്വാസ വാക്കു കേൾക്കാൻ ഒരുമിച്ചാണ് കത്തു വായിച്ചത്.
"മകനെ ഉണ്ണീ, രണ്ടു മാർക്കിനാണെങ്കിലും, ഇരുപതു മാർക്കിനാണെങ്കിലും തോറ്റത് തോറ്റത് തന്നെ".
ഒറ്റ വരിക്കത്ത്..
എന്താ അല്ലേ.
അങ്ങനെ അതും വന്നെത്തി. 2021ഓഗസ്റ്റ് മാസം പോളിന്റെ ഒരു ഫോൺ കാൾ.
"മാഡം ഞാൻ...
ബാക്കി പറഞ്ഞത് ഞാനാണ്. പാസ്സായി അല്ലേ..!!
ഫോണിനപ്പുറം ആ നിമിഷത്തിലെ പോളിന്റെ മുഖം ആയിരുന്നു എന്റെ മനസ്സിൽ..
ഇനി എഴുതേണ്ടല്ലോ മാഡം once for all I cleared it....
Yes you made it possible... ഞാൻ പറഞ്ഞു...
ഹസ്ബൻഡ് നേരത്തേ അറിഞ്ഞെങ്കിലും എന്നെ പോൾ തന്നെ അറിയിക്കട്ടെ എന്നായി.
ഞങ്ങൾ കുറച്ചു പേരുടെ സന്തോഷത്തിനതി രില്ലായിരുന്നു.
പോളിനെ അറിയാവുന്ന എന്റെ എല്ലാ സുഹൃത്തുക്കളേയും അറിയിച്ചാണ് ഞാൻ എന്റെ സന്തോഷത്തെ മറികടന്നത്. അതിൽ Dr. Gangadharan ഉം Fr. Bobby Jose Capuchin നും ഒക്കെപ്പെടും..
ഉച്ചയൂണിനു ശേഷം ഞങ്ങൾ പതിവുറക്കം മാറ്റി സിറ്റ് ഔട്ടിൽ സന്തോഷം പറഞ്ഞിരുന്നു.
പോൾ അവന്റെ കാറിൽ ഒരു പെട്ടി മഞ്ഞലഡുവുമായി വീട്ടിൽ വന്നിറങ്ങി.
ഞാൻ ലഡുവെടുത്തതും പോൾ എന്തൊക്കെയോ പറഞ്ഞും കരഞ്ഞും എന്റെ കാൽ തൊട്ടുവന്ദിച്ചു.
തീരെ പ്രതീക്ഷിക്കാത്ത ഒരു പെരുമാറ്റം ആയിരുന്നു അത്. അതിനാൽ തന്നെ ഞാൻ അവന്റെ കുനിഞ്ഞ ശിരസ്സിൽ തൊട്ടനുഗ്രഹിച്ചു.
വെയിലത്തു പെയ്യുന്ന മഴ പോലെ ഞങ്ങൾ മൂന്നുപേർ ആ മഴയിൽ കുളിച്ചു നിന്നു ...!
വാക്കുകൾക്കും അപ്പുറത്ത്...."സന്തോഷം കൊണ്ട് മരിച്ചു കളയാൻ തോന്നുന്ന നിമിഷങ്ങൾ സ്നേഹത്തിന്റെ പിരിയൻ ഗോവണിയിൽ കാത്തു നിൽപ്പുണ്ട് " എന്ന് Dostoevsky എഴുതിയത് വെറുതെ ആവില്ല...
പോളിന്റെ ഈ ജീവിത കഥയ്ക്ക് ശേഷ്ഠമായ ചില ശേഷിപ്പുകൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതു നിങ്ങളെ കരയിക്കില്ല. ഉറപ്പ്...
അതുമായി അടുത്ത ലക്കം.
Dr. Kunjamma George.19/08/2022.
MEDICAL DAIRY Dr KUNJAMMA GEORGE
STORY ABOUT CANCER SURVIVER PAUL