നബി അഥവാ പ്രവാചകൻ എന്നർത്ഥമുള്ള ഹീബ്രു പദത്തിൽ നിന്നും രൂപമെടുത്ത നെബിയിം എന്നതു കൊണ്ട് അർത്ഥമാക്കുന്നത് പ്രവചന പുസ്തകങ്ങൾ എന്നാണ.് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രവചന പുസ്തകങ്ങൾ അതിൽ പേരുവെച്ചിരിക്കുന്നവർ എഴുതിയതല്ല എന്ന് പണ്ഡിതന്മാർ അവകാശപ്പെടുന്നു എന്നു വാദിയ്ക്കുമ്പോൾ. ഇതിൽ പറയുന്ന പണ്ഡിതന്മാർ ആരൊക്കെയാണെന്നോ അവരുടെ യോഗ്യതകളോ വിശ്വാസ ആചാരങ്ങളോ വെളിപ്പെടുത്താതെ, എതിരായുള്ള പണ്ഡിത അഭിപ്രായം മറച്ചുവെയ്ക്കുകയും ചെയ്യുമ്പോൾ നിഷ്പക്ഷമായി ചിന്തിക്കാത്തവർ അത് വിശ്വസിച്ചുപോകും.
പ്രവാചക ഗ്രന്ഥങ്ങളെയാണ് നെബിയിം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും പ്രവാചക ഗ്രന്ഥങ്ങൾ അതിന്റെ തലക്കെട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നവരോ ഉള്ളടക്കത്തിൽ പരാമർശിക്കപ്പെട്ടവരോ ആയ പ്രവാചകന്മാർ എഴുതിയതായിട്ടാണ് പൊതുവെ വിശ്വാസം എന്നു പറഞ്ഞശേഷം അതിനു വേണ്ടതായ തെളിവുകളില്ല എന്നു കൂടി ചേർക്കാൻ എം.എം.അക്ബർ മറന്നിട്ടില്ല. തരം കിട്ടുന്നിടത്തെല്ലാം ബൈബിളിന്റെ ആധികാരികതയെ ചോദ്യം ചെയ്യുക എന്നുള്ളത് അക്ബറിന്റെ രചനാശൈലിയാണ്.
പ്രവചന പുസ്തകങ്ങളെപ്പറ്റി ഇതിനു മുൻപ് വിവരിച്ച വിഷയങ്ങൾ തന്നെയാണ് എഴുതിയിരിക്കുന്നത്. ഒരേ കാര്യം ആവർത്തിച്ചു എഴുതി പ്രചരിപ്പിക്കുമ്പോൾ അതിന്റെ വിശ്വാസീയത ചിലർക്കെങ്കിലും കൂടിയതായി അനുഭവപ്പെട്ടെന്നിരിക്കും. ഒരേ വിഷയം തന്നെ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുക- അതാണ് എം.എം. അക്ബർ ചെയ്തിരിക്കുന്നത്.
യോശുവയുടെ പുസ്തകം യോശുവയല്ല എഴുതിയത് എന്നു സമർത്ഥിക്കുവാൻ യോശുവ സ്വയം വിശേഷിപ്പിക്കുന്നതിന് 'ഞാൻ' എന്ന പദമല്ല ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ഈ ആധുനിക കാലത്തും 'ഞാൻ' എന്ന പദം ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന എഴുത്തുകളാണ് നല്ല എഴുത്തുകളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. യോശുവയുടെ ഗ്രന്ഥം യോശുവ പറഞ്ഞുകൊടുത്ത് മറ്റൊരാൾ എഴുതിയതായി വരാമല്ലോ? കാലം കഴിയുമ്പോൾ സ്ഥലത്തിന്റെ പേരുകൾ മാറുന്നതനുസരിച്ച് പകർത്തിയെഴുതുന്നവർ എഡിറ്റ് ചെയ്‌തെന്നിരിക്കാം. ഈ 21-ാം നൂറ്റാണ്ടിൽ പോലും എഴുത്തുകാരൻ എഴുതിയ മാനുസ്‌ക്രിപ്റ്റ് എത്രമാത്രം എഡിറ്റിങ്ങ് നടത്തിയശേഷമാണ് പുസ്തകരൂപത്തിൽ അച്ചടിക്കുന്നത് എന്ന് അതുമായി ബന്ധപ്പെട്ടവർക്കുമാത്രമെ അറിയൂള്ളൂ. ഈ ലേഖകൻ എഴുതിയ ''Metamorphosis of an Atheist-A Life Journey to the Truth'' എന്ന പുസ്തകം ഒരു പബ്ലീഷിംങ്ങ് കമ്പനി Line iteam editing നുള്ള അവകാശം ചോദിച്ചതുകൊണ്ട് അവർക്കു കൊടുത്തില്ല. ഇന്നുള്ള പല പുസ്തകങ്ങളും അത്രമാത്രം എഡിറ്റ് ചെയ്തതിനു ശേഷമാണ് പുറത്തുവരുന്നത്. പകർത്തിയെഴുതിയതിന്റെ പേരിൽ അതിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളുടെ വിശ്വാസീയതയെ ചോദ്യം ചെയ്യുന്നവർക്ക് അവരുടേതായ ഗൂഢലക്ഷ്യങ്ങൾ ഉണ്ടാവാനാണ് സാധ്യത. ഈ പുസ്തകങ്ങളൊക്കെ ആര് പകർത്തിയെഴുതിയെന്നോ വരും തലമുറകൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ആര് എഡിറ്റ് ചെയ്തു എന്നോ ഉള്ള കാര്യങ്ങൾ കാലയവനികയിൽ മറഞ്ഞിരിക്കുന്നു. അതു അത്ര പ്രസക്തവുമല്ല. ഭാക്ഷാശൈലികളിലും പ്രയോഗങ്ങളിലും കാലാന്തരത്തിൽ മാറ്റങ്ങൾ സംഭവിച്ചു എന്നുവരാം. 10-11 നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകങ്ങൾ ഇന്നുള്ളവർക്കു വായിച്ചു മനസ്സിലാക്കാൻ വിഷമമാണ്. അതു വായിക്കാൻ ശ്രമിച്ചിട്ടുള്ളവർക്ക് മാത്രമേ ഇതു മനസ്സിലാവുകയുള്ളൂ. മലയാള ഭാഷതന്നെയും ആദ്യം തമിഴുമായി കൂടിക്കലർന്ന ചെന്തമിഴായിരുന്നു. പിന്നീടാണ് ഇന്നു കാണുന്ന രീതിയിലുള്ള മലയാളമായി രൂപമെടുത്തത്. ഈ വിഷയത്തിൽ വിവാദം ഉയർത്തുന്നവർ സ്വന്തം താല്പര്യം സംരക്ഷിയ്ക്കുകയാണ് എന്ന് ചിന്തിച്ചാൽ ഈ വിവാദങ്ങളൊക്കെ കെട്ടടങ്ങും.
ശമുവേലിന്റെയും രാജാക്കന്മാരുടെയും പുസ്തകങ്ങളെപ്പറ്റിയുള്ള വാദങ്ങളും മുകളിൽ വിവരിച്ച രീതിയിലുള്ളതു തന്നെ. ആരൊക്കെ പകർത്തി എഴുതി എന്നതിനെക്കാൾ അതിലെ ഉള്ളടക്കത്തിനാണ് പ്രസക്തി. ഈ പുസ്തകങ്ങൾ ബാബിലോൺ പ്രവാസകാലത്താണ് ക്രോഡീകരിച്ചതെന്ന് ചിന്തിക്കുന്നവരുണ്ട്. അന്നു ജീവിച്ചിരുന്ന ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിലാണ് അതു പകർത്തിയെഴുതിയത്. പണ്ഡിതന്മാർ അവകാശപ്പെടുന്നു എന്നുപറഞ്ഞാണ് എം.എം. അക്ബർ ഓരോ വിഷയവും ഖണ്ഡിക്കുന്നത.് ഈ പണ്ഡിതന്മാർ ആരൊക്കെയെന്നോ അവരുടെ ഉദ്ദേശം എന്തൊക്കെയെന്നോ മനസ്സിലാകാത്ത ശുദ്ധഗതിക്കാർ ഇതൊക്കെ വിശ്വസിച്ചെന്നിരിക്കും. പണ്ഡിതന്മാരെന്ന് അവകാശപ്പെടുന്നവർ പല അഭിപ്രായവും രേഖപ്പെടുത്തി എന്നിരിക്കും. അതിൽ ചിലതു മാത്രം അടർത്തിയെടുത്ത് അക്ബറിന്റെ പുസ്തകത്തിൽ പൊക്കിപ്പിടിച്ചാൽ വായനക്കാർ എല്ലാവരും വിഡ്ഢികളാകുമെന്ന് ചിന്തിക്കുന്നുണ്ടോ? അമ്മയെ തല്ലിയാലും അതിനു രണ്ടുപക്ഷം ഉണ്ടെന്നു പറയുന്നതുപോലെ ഏതു വിവാദപരമായ വിഷയവും സൃഷിടിക്കാൻ എളുപ്പമാണ്. അതിനെല്ലാം രണ്ടു പക്ഷം സ്വാഭാവികമാണ്.
രണ്ടു സഹോദരന്മാർ വീടു ശുദ്ധിയാക്കാൻ ശ്രമിച്ച കഥ കേട്ടിട്ടുണ്ട് മാറാലയും ചുക്കിലിയും എല്ലാം നീക്കി വേണ്ടാത്ത കാര്യങ്ങളെല്ലാം നീക്കുന്നതിനിടയിൽ വല്ല്യപ്പച്ചെന്റെയും വല്ല്യമ്മച്ചിയുടെയും ചുക്കിലിയും പൊടിയും പിടിച്ചിരുന്ന പടം കൂടി എടുത്ത് ചവറ്റുകൊട്ടയിൽ കളഞ്ഞു. ഇപ്പോൾ വല്ല്യപ്പച്ചനാരാ വല്ല്യമ്മച്ചിയാരാ എന്നു നിശ്ചയമില്ല. വേണ്ടിയതും വേണ്ടാത്തതും എല്ലാം എടുത്തു കളഞ്ഞ കൂട്ടത്തിൽ ഇപ്പോൾ വന്ന വഴിയും വലിയ നിശ്ചയമില്ല. ആധുനികതയുടെ പേരിൽ നവീകരണത്തിന്റെ പേരിൽ പാരമ്പര്യങ്ങളെയും പാരമ്പര്യവിശ്വാസങ്ങളെയും ചവറ്റുകൊട്ടയിൽ കളഞ്ഞു. ഇപ്പോൾ 3500 വർഷങ്ങൾക്കു മുമ്പുനടന്ന കാര്യങ്ങൾക്ക് കല്ലിൽ കൊത്തിയ തെളിവുകളാണ് പലരും ചോദിക്കുന്നത്. യേശുകർത്താവ് പറയുന്നത് ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം അന്വേഷിക്കുന്നു എന്നാണ്.
അപ്പോസ്തനായ പൗലോസ് തെസ്സലോനിക്യർക്ക് ലേഖനം എഴുതുമ്പോൾ ''ആകയാൽ സഹോദരന്മാരെ നിങ്ങൾ ഉറച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചു തന്ന പാരമ്പര്യങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ'' (2തെസ്സ. 2:15) എന്ന് ഉപദേശിക്കുന്നു. പാരമ്പര്യ വിശ്വാസങ്ങൾക്ക് ലേഖനം അഥവാ എഴുത്തിനെക്കാളും മുൻതൂക്കം കൊടുത്തിരിക്കുന്നു. അതുപോലെ തന്നെ അപ്പൊസ്‌തോലനായ യോഹന്നാൻ ലേഖനമെഴുതുമ്പോൾ ''നിങ്ങൾക്കു എഴുതുവാൻ പലതും ഉണ്ടെങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിക്കുവാൻ ആഗ്രഹിക്കുന്നു.'' (2യോഹ. 1:12) അതുകൊണ്ടു നൂറ്റാണ്ടുകളായി, സഹസ്രാബ്ദങ്ങളായി സഭ വിശ്വസിച്ചു പോന്നിരുന്ന കാര്യങ്ങളെ ആധുനിക പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ എല്ലാം തിരസ്‌ക്കരിക്കുന്നതത് ബുദ്ധിപൂർവ്വമാണോ എന്നു ചിന്തിക്കുന്നതു നന്നായിരിക്കും.
അടുത്തതായി ഹാർപെർ ഡിക്ഷനറി ഉദ്ധരിച്ചുകൊണ്ട് യെശയ്യാവിന്റെ പുസ്തകം രചിച്ചത് ഒന്നിൽ കൂടുതൽ ആളുകളാണ് എന്ന് സമർത്ഥിക്കുവാൻ ശ്രമിക്കുകയാണ്. രണ്ടു യെശയ്യാവിന്റെ ഗ്രന്ഥം വിശിഷ്ടമായതാണെന്ന് അക്ബർ സമ്മതിക്കുന്നുവെങ്കിലും എന്തുകൊണ്ടാണ് ഖുറാനിൽ അതിനെപ്പറ്റിയൊന്നും പരാമർശിക്കാതെ പോയി എന്നത് വായനക്കാർ ചിന്തിക്കുന്നതു നന്നായിരിക്കും. പ്രവാചകനായ മുഹമ്മദ് അതിനു മറുപടി പറഞ്ഞിരിക്കുന്നത് ഇസ്ലാം മത അനുയായികൾ ബൈബിൾ വായിച്ചു മനസ്സിലാക്കണമെന്നാണ്. എഴുത്തുകാർ യെശയ്യാവിന്റെ പുസ്തകത്തിന് ഉണ്ടായിരിക്കാമെന്നുള്ള പുതിയ സിദ്ധാന്തത്തെപ്പറ്റി Harper Dictionary പറയുന്നത് യെശയ്യാവിന്റെ പുസ്തകം കമ്പ്യൂട്ടറിൽ കൂടി കടത്തിവിട്ട് വിശകലനം ചെയ്തതിൽ നിന്നുമാണ് ഈ വാദഗതിക്ക് ആധാരമായി തെളിവുകൾ ലഭിച്ചത് എന്നാണ.് എം.എം. അക്ബർ എന്തുകൊണ്ടാണ് അതു വായനക്കാരിൽ നിന്നു മറച്ചുവെച്ചത്. ഈ എഴുത്തുകാരൻ എഴുതിയതായ ''Metamorphosis of an Atheist - A Life Journey to the Truth'' ഒരു കമ്പ്യൂട്ടറിൽ കൂടി അനലൈസ് ചെയ്താൽ ഏഴോ എട്ടോ എഴുത്തുകാരാൽ എഴുതപ്പെട്ട ഒരു പുസ്തകമാണ് ഇത് എന്ന് കമ്പ്യൂട്ടർ പറഞ്ഞേക്കാം. കാരണം ഏഴു പേരെങ്കിലും അത് എഡിറ്റ് ചെയ്യാൻ സഹായിച്ചിട്ടുണ്ട്. ഓരോ അദ്ധ്യായത്തിലെയും ശൈലി തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. യെശയ്യാവിന് രണ്ടു എഴുത്തുകാരുണ്ടായിരിക്കും എന്ന സിദ്ധാന്തത്തിനെ ഖണ്ഡിച്ചുകൊണ്ട് 'New Unger's Bible Dictionary' വാദങ്ങൾ അക്കമിട്ട് നിരത്തുന്നുണ്ട്. ഏതെങ്കിലും ഒരു ഡിക്ഷനറിയിലെ ചില ഭാഗങ്ങൾ മാത്രം എടുത്തുകാട്ടുന്നതിന്റെ ഉദ്ദേശശുദ്ധിയെ വായനക്കാർ തന്നെ തീരുമാനിക്കട്ടെ.
യിരമ്യാവിന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് കൂടുതലും യിരമ്യാവ് പറഞ്ഞതാണെങ്കിലും മുഴുവനും അങ്ങനെ തന്നെയാണോ എന്ന സംശയം അക്ബർ പ്രകടിപ്പിക്കുന്നു. അതിനും ചില പണ്ഡിതരെ കൂട്ടുപിടിച്ചിരിക്കുന്നു. മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായ കുഞ്ചൻനമ്പ്യാരുടെ കഥയാണ് ഓർമ്മയിൽ വരുന്നത്. രാജാവ് അദ്ദേഹത്തോട് രണ്ടേകാൽ പറ അരി രാജാവിന്റെ അരി സൂക്ഷിപ്പുകാരനിൽ നിന്നും വാങ്ങിക്കൊൾവാൻ അനുമതികൊടുത്തു. അരി സൂക്ഷിപ്പുകാരന് ഒരു സംശയം; രണ്ടേകാൽ തന്നെയുണ്ടോ അതോ രണ്ടു മാത്രമേ ഉള്ളോ. കാരണം രാജാവു രണ്ടേകാൽ എന്നു പറയുമോ? സംശയം കാരണം കുഞ്ചൻ നമ്പ്യാർക്ക് തക്കസമയത്തിന് അരി ലഭിച്ചില്ല. വിഷണ്ണനായ അദ്ദേഹത്തോട് രാജാവ് കാര്യം തിരക്കിയപ്പോൾ ഫലിത രൂപേണ അദ്ദേഹം മറുപടി കൊടുത്തത്
രണ്ടേകാലെന്ന് കല്പിച്ചു
രണ്ടേകാലെന്നു ചൊല്ലിനാൻ
ഉണ്ടോ കാലെന്നു ചോദിച്ചു
ഉണ്ടില്ലിന്നിത്ര നേരവും
രാജാവ് കുഞ്ചൻ നമ്പ്യാർക്ക് രണ്ടേകാൽ തന്നെ കൊടുക്കുവാൻ കല്പിച്ചു.
അതുപോലെ യിരെമ്യാവിൽ നിന്നും കുറച്ചുഭാഗം അടർത്തി മാറ്റാമെന്ന മോഹം വേണ്ട. യിരെമ്യാവിനെപ്പറ്റിയുള്ള ആക്ഷേപം പുസ്തകം കാലക്രമത്തിലല്ല എഴുതിയിരിക്കുന്നത് എന്നാണ്. പ്രവാചകനായ മുഹമ്മദ് തന്റെ സുറ കാലക്രമത്തിലാണ് പറഞ്ഞതെങ്കിലും ഖുറാൻ ക്രോഡീകരിച്ചവർ ആദ്യഭാഗം അവസാനവും അവസാന സുറകൾ ആദ്യവുമായാണ് ചേർത്തിരിക്കുന്നത്. മറ്റുപുസ്തകങ്ങളുടെ സഹായമില്ലാതെ ഖുറാൻ വായിച്ചു മനസ്സിലാക്കുക സാദ്ധ്യമല്ല. അങ്ങനെയിരിക്കെ യിരെമ്യാവിന്റെ പുസ്തകത്തിന്റെ കാലക്രമത്തെപ്പറ്റി ആക്ഷേപം ഉന്നയിക്കുന്നത് എത്ര വലിയ വിരോധാഭാസം ആയിരിക്കുന്നു. ഒരു പ്രവാചകൻ ചിലപ്പോൾ ഭാവികാലത്തുനിന്ന് ദർശനങ്ങൾ കണ്ടുകൊണ്ട് പ്രവചിക്കുമ്പോൾ വർത്തമാനകാലത്ത് ജീവിക്കുന്ന വ്യക്തിക്ക് കാലക്രമം തെറ്റിയതായി തോന്നും. പ്രവചനങ്ങൾ മനസ്സിലാക്കുന്നതിനുള്ള ദൈവിക കൃപ ലഭിക്കാഞ്ഞാൽ ഇങ്ങനെയുള്ള തോന്നലുകൾ സ്വാഭാവികമാണ്. അതുകൊണ്ട് ദൈവകൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയാണ് വേണ്ടത്.
യെഹെസ്‌ക്കേലിന്റെ പുസ്തകത്തെപ്പറ്റിയും ഇതുതന്നെയാണ് ആവർത്തിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെ മിക്കവാറും എല്ലാവരും തന്നെ യെഹെസ്‌ക്കേൽ തന്നെ എഴുതിയതായി വിശ്വസിച്ചിരുന്നു എങ്കിലും പുതിയ പഠനത്തിന്റെയും വിശകലനത്തിന്റെയും വെളിച്ചത്തിൽ മറിച്ചു ചിന്തിക്കുന്ന പണ്ഡിതന്മാരും ഉണ്ടത്രേ. പല നിഘണ്ഡുക്കളും ഒരു വിഷയത്തിന്റെ പലവശങ്ങളും ഉൾക്കൊള്ളിച്ചിരിക്കും അതിൽ ഒരു വശം മാത്രം എടുത്ത് പർവ്വതീകരിച്ചുകാണിക്കുന്നതിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. New unger's Bible Dictionary (page 671) പറയുന്നത് ഈ ആരോപണങ്ങൾക്കൊന്നും അടിസ്ഥാനമില്ലെന്നും വിമർശകർക്ക് ഒന്നും തന്നെ തെളിയിക്കുവാൻ സാധിച്ചിട്ടില്ല എന്നുമാണ.് മുൻപ് സൂചിപ്പിച്ചതുപോലെ ഒരു പ്രവാചകൻ ഭാവിയിൽ നിന്നുകൊണ്ടു കാര്യങ്ങൾ ദർശിക്കുന്നതും പ്രവചിക്കുന്നതും മനസ്സിലാക്കാൻ കഴിയാതെ പോകുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള സിദ്ധാന്തങ്ങൾ രൂപമെടുക്കുന്നത്.
''എന്നാൽ സ്വന്തം കൈകൾക്കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കൽ നിന്നു ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവർക്കാകുന്നു നാശം. അതു മുഖേന വിലകുറഞ്ഞ നേട്ടങ്ങൾ കരസ്ഥമാക്കുവാൻ വേണ്ടി അവരുടെ കൈകൾ എഴുതിയ വകയിലും അവർ സമ്പാദിക്കുന്ന വകയിലും അവർക്കു നാശം (ഖുർ ആൻ 2:79). വാസ്തവത്തിൽ പ്രവാചകനായ മുഹമ്മദ് ഭാവിയിൽ തന്റെ തന്നെ വാക്കുകൾ എന്ന പേരിൽ സാമ്രാജ്യശക്തികൾ അവരുടെ സ്വാർത്ഥതാല്പര്യങ്ങൾക്കായി സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാൻ മതനേതാക്കന്മാരെ കൂട്ടുപിടിക്കുന്നത് ദർശനത്തിൽ കണ്ടുകൊണ്ടു, പ്രവാചകന്റെ മരണശേഷം വളരെ കാലങ്ങൾക്കുശേഷം ഹദീസുകൾ എഴുതിയുണ്ടാക്കുന്നതിന്റെ കാര്യമല്ലേ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന വായനക്കാർ തന്നെ തീരുമാനിച്ചുകൊള്ളട്ടെ. അവരുടെ വലയിൽ പെടാതിരിക്കാൻ വേണ്ടിയാകാം പ്രവാചകനായ മുഹമ്മദ് ഇസ്ലാം മതാനുയായികൾ മറ്റു മതഗ്രന്ഥങ്ങൾ കൂടി വായിക്കണമെന്ന് നിർദ്ദേശിക്കുന്നത്.
കെത്തുബീം
സങ്കീർത്തനങ്ങൾ, വിലാപങ്ങൾ, ഉത്തമഗീതം, സഭാപ്രസംഗി, ഇയ്യോബ്, സദൃശവാക്യങ്ങൾ ഇവ കൂടാതെ രൂത്ത്, എസ്ഥേർ, എസ്രാ, നെഹമിയാ, ദിനവൃത്താന്തം, ദാനിയേൽ ഉൾപ്പെടെയുള്ള ചരിത്രപുസ്തകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ബൈബിൾ ഈ ക്രമത്തിലല്ല ഈ പുസ്തകങ്ങളെ ക്രമീകരിച്ചിരിക്കുന്നത്.
ഇവിടെ എം.എം.അക്ബർ അറിയപ്പെടാത്ത ഏതോ ചിലരെയാണ് സങ്കീർത്തനങ്ങളുടെ വിശ്വാസീയതയെ ചോദ്യം ചെയ്യാൻ കൂട്ടുപിടിച്ചിരിക്കുന്നത്. പണ്ഡിതന്മാരെന്നു അവകാശപ്പെടുന്നവർക്ക് പലർക്കും ക്രിസ്തു എവിടെ ജനിക്കും എന്ന് വ്യക്തമായി അറിയാമായിരുന്നു. എന്നാൽ ക്രിസ്തു ജനിച്ചപ്പോൾ ഈ പണ്ഡിതന്മാർക്കാർക്കും ക്രിസ്തുവിനെ തിരിച്ചറിയാൻ കഴിയാതെ പോയി. അതുകൊണ്ട് പണ്ഡിതന്മാർ എന്നു പറഞ്ഞ് പരിചയപ്പെടുത്തുന്നവർ പറയുന്നതിനെല്ലാം ചെവികൊടുക്കേണ്ടതില്ല. അവർക്കും മാനുഷികമായ പരിമിതികളുണ്ട്. അവർ പറയുന്നതിനെ വിവേചിക്കേണ്ടിയത് വായനക്കാരുടെ ഉത്തരവാദിത്വമാണ്.
സങ്കീർത്തനങ്ങളെപ്പറ്റി എം.എം.അക്ബർ ഉദ്ധരിച്ചിരിക്കുന്ന പണ്ഡിതന്മാരുടെ അഭിപ്രായവും പഴയ പല്ലവി തന്നെ. ആരാണ് എഴുതിയതെന്ന് നിശ്ചയമില്ലപോലും. ദാവീദ് എഴുതി എന്ന് പറയുന്ന ചിലതെങ്കിലും ദാവീദ് എഴുതിയതാകാൻ വഴിയില്ലപോലും. ആണെന്നു തെളിയിക്കാൻ വേണ്ടി തെളിവുകളില്ലത്രെ.
ഖുറാനിൽ സങ്കീർത്തനങ്ങൾക്ക് സാബൂർ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. തുടർച്ചയായുള്ള പ്രചരണം മൂലം ഇസ്ലാം മത അനുയായികളുടെ ഇടയിൽ തൗറത്ത്, സാബൂർ,ഇൻജിൽ (പുതിയ നിയമം) പുസ്തകങ്ങളെ അവ ഖുറാനിൽ പ്രവാചകനായ മുഹമ്മദിന്റെ കാലത്ത് നിലവിലിരുന്ന പുസ്തകങ്ങളായി പ്രവാചകനും മറ്റുള്ളവരും അംഗീകരിച്ചിരുന്നു, എങ്കിലും ഇന്ന് അവയെ സങ്കൽപ രേഖകളാക്കി മാറ്റിയിരിക്കുകയാണ്. യേശുക്രിസ്തു പഴയനിയമപുസ്തകങ്ങളെ തിരുത്താൻ ശ്രമിക്കുകയോ അക്ബർ ഉന്നയിക്കുന്നതായ വിഷയങ്ങൾ പ്രശ്‌നങ്ങളായി ഒരിക്കൽ പോലും ഉന്നയിച്ചിരുന്നില്ല.
യാക്കോബ് തന്റെ മരണ സമയത്ത് പുത്രന്മാരെയെല്ലാം വിളിച്ചു അനുഗ്രഹവും ശാപവും ഓരോരുത്തരുടെയും പ്രവർത്തിക്കനുസരിച്ചു കൊടുക്കുമ്പോൾ പറഞ്ഞ വാക്കുകൾ ശ്രദ്ധിയ്ക്കുക ശിമയോനും ലേവിയോടുമുള്ള ബന്ധത്തിൽ ശാപവാക്കുകളെ ചൊരിഞ്ഞശേഷം പറയുന്നത് ''എന്റെ ഉള്ളമേ അവരുടെ മന്ത്രണത്തിൽ കൂടരുതേ എൻ മനമേ അവരുടെ യോഗത്തിൽ ചേരരുതേ അവരുടെ ഉഗ്രകോപവും കഠിന ക്രോധവും ശപിക്കപ്പെട്ടതു ഞാൻ അവരെ യാക്കോബിൽ പകയ്ക്കും യിസ്രായേലിൽ ചിതറിക്കുകയും ചെയ്യും''( ഉൽപ്പത്തി 49: 6,7)
സാമ്രാജ്യശക്തികളുടെ കാലത്ത് രൂപമെടുത്ത ഗ്രന്ഥങ്ങളാൽ വഴിതെറ്റി പോകാതെ അവരുടെ യോഗത്തിൽ ചേരാതെ മന്ത്രണത്തിൽ കുടുങ്ങാതെ യഥാർത്ഥ ഇസ്ലാം മതവിശ്വാസികൾ പ്രവാചകനായ മുഹമ്മദു ആവശ്യപ്പെട്ടതു പോലെ യഹൂദ, ക്രൈസ്തവ മതഗ്രന്ഥങ്ങൾ കൂടി വായിച്ച് സത്യാന്വേഷികളായി തീരണമെന്നാണ് പ്രവാചകൻ ആഗ്രഹിക്കുന്നത് എന്ന് ചിന്തിയ്ക്കാം.
മറ്റു പുസ്തകങ്ങൾ
ഇയ്യോബ്, ഉത്തമഗീതം എന്നീ പുസ്തകങ്ങളെപ്പറ്റിയും ഉള്ള ആക്ഷേപം രചയിതാവ് ആരാണെന്ന് അറിയില്ല എന്നാണ് അക്ബർ പറയുന്നത്. എസ്ഥേറിന്റെ പുസ്തകത്തെപ്പറ്റിയും ദാനിയേലിന്റെ പുസ്തകത്തെപ്പറ്റിയും ചിലർ അങ്ങനെയും ചിലർ ഇങ്ങനെയും വിചാരിക്കുന്നു എന്നതാണ് ആക്ഷേപമായിട്ടുള്ളത്. രൂത്തിന്റെ പുസ്തകത്തെപ്പറ്റി ചില തോന്നലുകളാണ് ആക്ഷേപത്തിനടിസ്ഥാനം. എഴുത്തുകാരൻ ആരാണെന്ന് അറിയില്ലത്രേ. വിലാപങ്ങൾ എഴുതിയത് യിരമ്യാവാണെന്നും അല്ലെന്നും രണ്ടു പക്ഷമുണ്ടെന്നുള്ളതാണ് ആക്ഷേപം. പുസ്തകത്തിലെ സന്ദേശത്തെപ്പറ്റി ഒന്നും തന്നെ പറയാനില്ല. കോടതികളിൽ ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത്. ഒരു സാക്ഷിയുടെ വിശ്വാസീയതയെ ചോദ്യം ചെയ്യാൻ കഴിഞ്ഞാൽ ആ ആൾ പറയുന്നത് ശരിയല്ല എന്നു വരുത്തിത്തീർക്കുവാൻ കഴിയും. അതുപോലെ ഗ്രന്ഥകർത്താവ് ആരാണെന്നു നിശ്ചയമില്ലെന്നു സ്ഥാപിക്കാൻ കഴിഞ്ഞാൽ പുസ്തകത്തിന്റെ വിശ്വാസീയതയെ ചോദ്യം ചെയ്യാൻ പറ്റുമെന്നായിരിക്കും ചിലരുടെയൊക്കെ ചിന്താഗതി. സദൃശവാക്യങ്ങളും പല പുരോഹിതന്മാർ എഴുതിയതായ സദുപദേശങ്ങൾ ശാസ്ത്രിമാർ ക്രോഡീകരിച്ചതത്രേ. സഭാപ്രസംഗിക്കെതിരായ ആക്ഷേപവും ഇതൊക്കെ തന്നെ. ഇനിയും ഈ പുസ്തകങ്ങൾ എഴുതിയെന്നു പറയപ്പെടുന്ന കാലഘട്ടത്തിൽ ഇതിന്റെ എഴുത്തുകാർ ജീവിച്ചിരുന്നില്ല എന്ന ഒരു നൂതന ആശയം ഒരാൾ മുമ്പോട്ടുവെച്ചാൽ അതിൽ കടിച്ചുതൂങ്ങാനും അതിന്റെ പേരിൽ ഒരു പണ്ഡിതനാണെന്ന പേരും എടുക്കാമായിരിക്കും.
മതഗ്രന്ഥങ്ങൾ, ഖുറാൻ ഉൾപ്പെടെയുള്ളത് അതിന്റെ എഴുത്തുകാരൻ എന്ന് അവകാശപ്പെടുന്ന വ്യക്തി പറഞ്ഞതു മാത്രമേ അതിൽ ഉള്ളൂ എന്നു തീർത്തു പറയുവാൻ സാധിക്കുമോ? എത്രയോ പ്രാവശ്യം അതെല്ലാം പകർത്തുകയും ഭാഷയും ശൈലിയിലും മാറ്റങ്ങൾ വരുത്തുകയും, ചെയ്തിരിക്കുന്നു. മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല എന്നും തെളിയിക്കുവാൻ കല്ലിൽ കൊത്തിയ തെളിവുകൾ എന്തെങ്കിലും ഹാജരാക്കാനുണ്ടോ?
ഉത്തര കാനോനിക ഗ്രന്ഥങ്ങൾ
അപ്പോക്രിഫ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ പുസ്തകങ്ങളെപ്പറ്റി ഇതിനുമുമ്പ് പ്രതിപാദിച്ചിട്ടുള്ളതാകയാൽ ആവർത്തന വിരസത ഒഴിവാക്കാൻ വീണ്ടും വിവരിക്കുന്നില്ല. എന്നാൽ എം.എം. അക്ബറിന്റെ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെ പിന്നെയും പുതിയ ശൈലിയിൽ ആവിഷ്‌കരിച്ചിരിക്കുന്നത് വായനക്കാരന് ശ്രദ്ധിക്കുവാൻ സാധിക്കും. വേദപുസ്തകം മുഴുവൻ തെറ്റുകളാൽ നിറഞ്ഞതാണെന്നു സ്ഥാപിക്കാനുള്ള തന്ത്രമായി ഇതിനെ കരുതിയാൽ മതി. അപ്പോക്രിഫ പുസ്തകങ്ങൾ വേദപുസ്തകത്തിൽ സ്വീകരിക്കുന്നവരും സ്വീകരിക്കാത്തവരുമായ ക്രിസ്തീയ വിഭാഗങ്ങൾ ഉണ്ട്. എന്നാൽ അത് സ്വീകരിക്കുന്നവർക്ക് പ്രയോജനകരമായ കാര്യങ്ങൾ അതിൽനിന്ന് ഉൾക്കൊള്ളുവാൻ കഴിയില്ലേ? ദൈവത്തിന്റെ വെളിപാടുകൾ അതിന്റെ വിശദാശംങ്ങളിൽ പല സംസ്‌ക്കാരങ്ങളും വിവിധ നിലകളിൽ ഗ്രഹിച്ചു എന്നു വരാം. അതു ആർക്കു സ്വീകാര്യമായിരിക്കുന്നുവോ അവർക്കു അതു ബാധകമാണ്. അതനുസരിച്ച് അവർക്ക് ന്യായവിധിയുണ്ടാകും എന്നു ചിന്തിച്ചാൽ മതി.
എം.എം. അക്ബറിനോടുള്ള ചോദ്യങ്ങൾ
യേശുക്രിസ്തു പഴയനിയമ പുസ്തകം തന്റെ കൈയ്യിൽ എടുത്ത് വായിക്കുകയും (ലൂക്കോസ് 4 :16-17). പ്രവാചകനായ മുഹമ്മദ് തന്റെ കൈയ്യ് തൊട്ട് 'ഞാനതിൽ വിശ്വസിക്കുന്നു' എന്ന് പറയുകയും ചെയ്തു. (Abu Dawud book 38#4434) പ്രവാചകനായ മുഹമ്മദ് തൊട്ട് സത്യം ചെയ്ത പഴയനിയമപുസ്തകം ഇന്നുള്ള പുസ്തകമല്ല എന്ന് അക്ബറിനു സ്ഥാപിക്കാമോ?
പ്രവാചകനായ മുഹമ്മദ് സുറാ 5 :47 ൽ യഹൂദനെയും ക്രിസ്ത്യാനിയേയും അവരുടെ പുസ്തകം അനുസരിച്ച് വിധിക്കണമെന്ന് പറയുമ്പോൾ ആ പുസ്തകങ്ങൾ തെറ്റ് ആണെന്നു പറഞ്ഞിട്ടുണ്ടോ?
ബൈബിളിന്റെ ഒരു അംശം മാത്രമേ ഖുറാനിലുള്ളു. തോറയും ഇന്ജിലും ദൈവത്തിൽ നിന്നുള്ള വചനങ്ങളാണെന്നു പറഞ്ഞിട്ട് അതിൽ മുഴുവനും ഖുറാനിൽ ചേർക്കുന്നതിനു പകരം മുസ്ലിം മതവിശ്വാസികൾ അത് വായിക്കണമെന്ന് പ്രവാചകൻ നിർദ്ദേശിക്കുകയായിരുന്നില്ലേ - പൂർണ്ണ സത്യങ്ങൾ വിശ്വാസികൾക്ക് വെളിപ്പെടുവാൻ?
സുറാ 4 :136
''സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്റെ ദൂതനിലും, അവന്റെ ദൂതന്ന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതൻമാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.''
വേദങ്ങൾ തെറ്റ് ആക്കുന്നവരെപറ്റി പ്രവാചകൻ മുന്നറിയിപ്പ് നൽകുമ്പോൾ അത് പ്രവാചകന്റെ മരണശേഷം സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനു വേണ്ടി പ്രവാചകന്റെ നടപടിക്രമങ്ങൾ എന്ന പേരിൽ ഹദീസും മറ്റും എഴുതിയുണ്ടാക്കുന്നതിനെ മുന്നിൽ കണ്ടുകൊണ്ട് കൂടിയായിരുന്നില്ലേ?
സുറാ 2:79
എന്നാൽ സ്വന്തം കൈകൾ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കൽ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവർക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങൾ കരസ്ഥമാക്കാൻ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്.) അവരുടെ കൈകൾ എഴുതിയ വകയിലും അവർ സമ്പാദിക്കുന്ന വകയിലും അവർക്ക് നാശം.
പ്രവാചകനായ മുഹമ്മദ് വിശ്വസ്തരായ ക്രിസ്ത്യാനികളേയും അവരുടെ പുസ്തകങ്ങളെപ്പറ്റിയും അവിശ്വസ്തരായ ക്രിസ്ത്യാനികളേയും അവരുടെ പുസ്തകങ്ങളെപ്പറ്റിയും ഖുറാനിൽ പറയുന്നത് അക്ബറിന് വിശദീകരിക്കാമോ?