Image

ഒരു ഡമ്മി പരീക്ഷണം  (ബാംഗ്ലൂര്‍ ഡേയ്‌സ്- ഹാസ്യനോവല്‍ :19: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 21 August, 2022
ഒരു ഡമ്മി പരീക്ഷണം  (ബാംഗ്ലൂര്‍ ഡേയ്‌സ്- ഹാസ്യനോവല്‍ :19: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

പതിവുപോലെ എല്ലാ വെള്ളിയാഴ്ചകളും ശനിയാഴ്ചകളും ഞങ്ങൾക്ക് ആഘോഷത്തിൻറെ ദിവസങ്ങളായിരുന്നു.പതിവായി സെൽവരാജനും അച്ചായനും വരും.പിന്നെ കാഥികൻ കൊല്ലം രാധാകൃഷ്ണനും അദ്ദേഹത്തിൻറെ വാലും എത്തും.പിന്നെയും കാണും ഒരു അഞ്ചാറുപേർ. എന്തെങ്കിലും കാരണങ്ങൾ കണ്ടുപിടിച്ചു ഞങ്ങൾ ആഘോഷിക്കും. അതുകൊണ്ട്  ശനിയാഴ്ചകളിലും  ഞായറാഴ്ചകളിലും ഞങ്ങൾ കാലത്ത് വളരെ താമസിച്ചു മാത്രമേ എഴുന്നേൽക്കാറുള്ളു.

എന്നാൽ ഞങ്ങളെ  ശല്യപ്പെടുത്തി കൊണ്ട് ആരെങ്കിലും കാലത്ത്  വാതിലിൽ മുട്ടാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല. ഇതെല്ലാം ഒരു പതിവ് സംഭവം ആയതുകൊണ്ട് ഞങ്ങൾക്ക് അത് വലിയ പ്രശ്നങ്ങളൊന്നും ആയി തോന്നാറില്ല.  

പതിവ്പോലെ ഞങ്ങൾ ഉറക്കത്തിലായിരുന്നു.ഒൻപതുമണി ആയിക്കാണും  ഞങ്ങളുടെ വീടിൻ്റെ വാതിലിൽ എന്തോ ശക്തിയായി ഇടിച്ചതുപോലെ ഒരു ശബ്ദം കേട്ടു.എന്തെല്ലാമോ തകർന്നു വീഴുന്നതു പോലെ,ആളുകളുടെ ഉച്ചത്തിലുള്ള സംസാരവും കേൾക്കാം.

വീണ്ടും ഒരിക്കൽ കൂടി  ആ ശബ്ദം കേട്ടു.ഞങ്ങൾ ഞെട്ടിപിടഞ്ഞു എഴുന്നേറ്റു.

"ഭൂമി കുലുങ്ങിയതാ,എല്ലാം തകർന്ന് വീണു.ഇനി നമ്മൾ എവിടെ താമസിക്കും?ഹൗസ് ഓണർക്ക് വല്ലതും പറ്റിയോ ആവോ.പാവം അക്ക,അവർക്ക് വല്ലതും പറ്റിയോ എന്ന് നോക്കണം."ജോർജ് കുട്ടി പറഞ്ഞു.

"ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറഞ്ഞതുപോലെയായി.ഭൂമി കുലുങ്ങി നമ്മളുടെ വീടും പോയി,പാവം അക്ക നമ്മളെ വിട്ടുപിരിഞ്ഞു."

"അയ്യോ പാമ്പും കടിച്ചോ? എവിടെ? ആരെ?  എന്നിട്ടു പാമ്പെവിടെ?"ജോർജ്ജുകുട്ടി ചോദിച്ചു 

കോമഡി കേൾക്കാൻ നിൽക്കാതെ ഞാൻ പോയി വാതിൽ തുറന്നു.

വാതിൽ തുറന്നു ഞാൻ പുറത്തേക്ക് നോക്കുമ്പോൾ ചിട്ടി നടത്തുന്ന തോമസ് ചേട്ടനും വേറെ പരിചയമുള്ള അഞ്ചാറുപേരും കൂടി ഒന്നും പറയാതെ എന്നെ തള്ളിമാറ്റി തുറന്ന വാതിലിൻ്റെ  ഗ്യാപിലൂടെ അകത്തു കയറി.എല്ലാവരും കിട്ടിയ കസേരകളിൽ ഇരിപ്പുറപ്പിച്ചു.എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങൾക്ക് മനസിലായില്ല.

"അപ്പോൾ ഭൂമി കുലുങ്ങിയതല്ല?"

"അത് ഞങ്ങൾ വാതിലിൽ മുട്ടിയതാ."

"ഇങ്ങനെയാണോ വാതിലിൽ മുട്ടുന്നത്?ഭൂമികുലുക്കം ആണെന്ന് വെറുതെ വ്യാമോഹിച്ചുപോയി.ശരി  എന്തുപറ്റി പറ്റി എല്ലാവരും കൂടി കാലത്തുതന്നെ ഇറങ്ങിയിട്ടുണ്ടല്ലോ.?"

"ഇവിടെ നമ്മൾ മലയാളികൾക്ക്  ഒരു അസോസിയേഷൻ ഉണ്ട്.പക്ഷെ എന്താ പ്രയോജനം?പ്രസിഡണ്ടും  സെക്രട്ടറിയും മറ്റ് അസോസിയേഷനുകൾ നന്നാക്കാൻ നടക്കുകയാണ്.അതെങ്ങനെയാ,വഴിയേപോയവനൊക്കെ സിനിമ സംവിധായകനും പ്രൊഡ്യൂസറും എല്ലാം ആണ് എന്നാണ് ഭാവം."ഒരുത്തൻ കിട്ടിയ സമയം പാഴാക്കാതെ പ്രസംഗം ആരംഭിച്ചു.അയാളുടെ ചൊറിയുന്ന പ്രസംഗം കേൾക്കാൻ എനിക്ക് വലിയ താല്പര്യം തോന്നിയില്ല.

"നിങ്ങൾ കാര്യം എന്താണ് എന്ന് പറയൂ."

"നമ്മുടെ തോമസ് ചേട്ടനെ ഇവിടെ ചായക്കട നടത്തുന്ന രാമകൃഷ്ണൻ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിച്ചു.നമ്മൾക്ക് അതിൽ പ്രതിഷേധിക്കണം.അനുശോചന മീറ്റിംഗ് കൂടണം."അയാൾ പറഞ്ഞു..

"അനുശോചന  മീറ്റിങ്ങോ?അതെന്താ?തോമസ് ചേട്ടൻ ചത്തോ?”

"ചത്തില്ല.ഞാൻ ഇവിടെയുണ്ട്."തോമസ് ചേട്ടൻ വിളിച്ചു പറഞ്ഞു.

"അപ്പോൾ അനുശോചനം  ആവശ്യമില്ല."

"അങ്ങനെ തീരുമാനം ഒറ്റക്ക് എടുക്കണ്ട.ഇത് ഒരു ജനാധിപത്യ രാജ്യമാണ്.ഇന്ത്യ ഈസ് മൈ കൺട്രി........"

"നിർത്തടാ കൺട്രി,രാവിലെ ഒരു കോളും കൊണ്ട് വന്നിരിക്കുന്നു.ഇപ്പോൾ എന്താ പ്രശനം?"

തോമസ്സ് ചേട്ടൻറെ  കൂടെ വന്നവർ പറഞ്ഞു,"തോമസ്സ് ചേട്ടൻ  ഇവിടെ ഒരു ചിട്ടി നടത്തുന്നുണ്ട്.ചിട്ടി പിടിച്ചതിനുശേഷം രാമകൃഷ്‌ണൻ തവണ അടക്കാതെ മുങ്ങി നടക്കുകയായിരുന്നു.ഇന്നലെ കിട്ടാനുള്ള പൈസ പിരിക്കാൻ തോമസ്സ് ചേട്ടൻ രണ്ടുപേരെയും കൂട്ടി രാമകൃഷ്ണന്റെ വീട്ടിൽ ചെന്നപ്പോൾ  അയാൾ പട്ടിയെ അഴിച്ചുവിട്ടു,തോമസ്സ്‌ചെട്ടനെ കടിപ്പിച്ചു.ഇതിന് പകരം ചോദിക്കണം."

"കടിപ്പിച്ചില്ല ,നക്കിയതേയുള്ളു."തോമസ് ചേട്ടൻ പറഞ്ഞു

"നക്കിയതേയുള്ളു? അപ്പോൾ കുഴപ്പം ഇല്ല.പട്ടിക്ക് തോമസ് ചേട്ടൻ്റെ  സ്വഭാവം മനസിലായി എന്ന് ചുരുക്കം.ജോർജ് കുട്ടി പറഞ്ഞു."

"എന്ത് സ്വഭാവം?"

"നക്കിയാണ് എന്ന് പട്ടിക്ക് മനസ്സിലായിക്കാണും".ഞാൻ പറഞ്ഞു.

"ഇതിന് ഞങ്ങൾ എന്ത് ചെയ്യണം?പട്ടി നക്കിയ ഭാഗം സോപ്പും വെള്ളവും ഒഴിച്ച് കഴുകിയാൽ മതി.ഇനി പട്ടി കടിച്ചു എന്ന് തോന്നൽ ഉണ്ടെങ്കിൽ കുത്തിവയ്പ്പ് എടുക്കണം."

"അയ്യോ അതൊന്നും വേണ്ട."തോമസ്സ് ചേട്ടന് കുത്തി വയ്‌പ്പ് എടുക്കുന്നതിന് പേടിയാണ്.

"അത് പറ്റില്ല.പൊക്കിളിനു ചുറ്റും പതിനാലു കുത്തിവയ്പ്പ് വേണം .ഇപ്പോൾ  അത് മൂന്നായി ചുരുക്കിയിട്ടുണ്ട്.നമ്മൾക്ക് പുഷ്പ ക്ലിനിക്കിലേക്ക് പോകാം"

"പോകാം."എല്ലാവരും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.പുഷ്പ ക്ലിനിക്കിൽ പോകാൻ എല്ലാവർക്കും നല്ല ഉത്സാഹമാണ്.എല്ലാവരുംകൂടി തോമസ്സ് ചേട്ടനെ വളഞ്ഞു.എങ്ങനെയെങ്കിലും പുഷ്പ ക്ലിനിക്കിൽ പോയി ഉഷ ഡോക്ടറെ കാണണം.എല്ലാവരുടെയും മനസ്സിൽ  ലഡു പൊട്ടി.

"ഞാൻ ഇപ്പോൾ വരാം," എന്ന് പറഞ്ഞിട്ട് ജോർജ് കുട്ടി വീടിനകത്തേക്കു കയറിപ്പോയി.

സംഭവം അറിഞ്ഞു പിന്നെയും ഏതാനും പേരുകൂടി വന്നു ചേർന്നു.രാമാകൃഷ്ണനോട് എങ്ങനെ പ്രതികാരം ചെയ്യാം എന്ന് ചിലർ ചർച്ച ചെയ്യുന്നു.വേറെ ചിലർ തോമസ് ചേട്ടനെ പട്ടികടിച്ച വാർത്തക്ക്  പബ്ലിസിറ്റി കൊടുത്തു്  എങ്ങനെ  നാറ്റിക്കാൻ കഴിയും എന്നു പ്ലാൻ ചെയ്യുകയാണ്.എങ്ങനെയും തോമസ്സ് ചേട്ടൻറെ ചിട്ടിക്കമ്പനി പൊട്ടിച്ചാൽ പിന്നെ ചിട്ടിപിടിച്ചവർ കാശുകൊടുക്കണ്ട,അതാണ് പ്ലാൻ.

ആളുകൾ രണ്ടു ഗ്രൂപ്പ്  തിരിഞ്ഞു ചർച്ചയിലാണ്.തോമസ്സ് ചേട്ടനോട് ചിട്ടി പിരിവിൽ എതിർപ്പുള്ളവർ അയാളെ നാണം കെടുത്താൻ എന്താണ് മാർഗ്ഗം എന്ന് വിചാരിച്ചുള്ള നാടകം ആണ്  ഇത് എന്ന് ഞങ്ങൾക്ക് മനസ്സിലായി.

ജോർജ് കുട്ടിയെ കാണുന്നില്ല.

ഞാൻ അകത്തെ മുറിയിൽ ചെന്ന് നോക്കുമ്പോൾ ജോർജ് കുട്ടികണ്ണാടിയുടെ മുൻപിൽ നിന്നും പ്രസംഗിക്കുകയാണ്.

"നമ്മളുടെ തോമസ്സു ചേട്ടനെ പട്ടിയെക്കൊണ്ട് കടിപ്പിച്ചോ എന്ന ചോദ്യത്തിന് എന്താണ് പ്രസക്തി?ഒരാളെ നക്കുന്നത് പട്ടിയാണെങ്കിലും തെറ്റാണ്.ഇത്തരം നക്കി തരത്തിന് കൂട്ട് നില്ക്കാൻ നമ്മളുടെ അസോസിയേഷന്  കഴിയില്ല.അതുകൊണ്ട് ഇത്തരം സംഭവങ്ങൾ അപലപിക്കപ്പെടേണ്ടതാണ്.".

"അപ്പോൾ പ്രതിഷേധം കൂടാൻ തീരുമാനിച്ചോ?"ഞാൻ ചോദിച്ചു.

"പിന്നല്ലാതെ? കുറച്ച് നാളായി  ഒന്ന് നല്ല രീതിയിൽ പ്രസംഗിച്ചിട്ട്."

ജോർജ് കുട്ടി പറഞ്ഞു,"പട്ടി കടിച്ചതാണോ നക്കിയതാണോ എന്ന്  സശയമുണ്ട്.അതുകൊണ്ട് ഒരു ഡമ്മി പരീക്ഷണം ആവശ്യമാണ്.ഡമ്മിയായി പട്ടിയെ കിട്ടണം.അതല്ലെങ്കിൽ തോമസ് ചേട്ടൻറെ ഒപ്പം വന്ന ആരെങ്കിലും പട്ടി ആയി അഭിനയിച്ചാലും മതി.ആർക്കാണ് പട്ടിയായി അഭിനയിക്കാൻ പറ്റുക?"

"ആരാണ് പട്ടി?"എല്ലാവരും പരസ്പരം നോക്കി.

"നമ്മളുടെ  കൂടെ പട്ടിയാകാൻ പറ്റിയത് ആരാണ് എന്ന്  കണ്ടു പിടിക്കണം."

കൂടുതൽ ബഹളം ഉണ്ടാക്കികൊണ്ടിരുന്ന ഒരാളെ  ചൂണ്ടി ഒരുചോദ്യം."തനിക്ക് പട്ടി ആകാമോ?"

"ഞാൻ പട്ടി?"

"അതെ താൻ തന്നെ പട്ടി."എല്ലാവരും കയ്യടിച്ചു.

"പട്ടിയായി അഭിനയിക്കുന്ന ആൾ നാലുകാലിൽ വന്ന് തോമസ്സ് ചേട്ടനെ എങ്ങനെയാണ് പട്ടി കടിച്ചത് എന്ന് അഭിനയിച്ചുകാണിക്കണം."

ആൾക്കൂട്ടത്തിൽ  നിന്നും ഒരാൾ വിളിച്ചു  പറഞ്ഞു,"ഡമ്മി തുടങ്ങുന്നതിന് മുൻപ്  ഒന്ന് പറയണേ.രണ്ടു ഫോട്ടോ എടുക്കാനാ."

ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി,തോമസ്സ്‌ ചേട്ടൻറെ  ഒപ്പം വന്നിരിക്കുന്നവർ തോമസുചേട്ടൻ്റെ  ശത്രുക്കൾ ആണ് ,അയാളെ എങ്ങനെയെങ്കിലും താഴ്ത്തികെട്ടണം,ഇതാണ്  അവരുടെ മനസ്സിലിരിപ്പ്.പലരും ചിട്ടി പിടിച്ചിട്ടു പൈസകൊടുക്കാതെ സൂത്രത്തിൽ മാറി നടക്കുന്നവർ ആണ്.എന്നാൽ തോമസ്‌ ചേട്ടന് അതുമനസ്സിലാകുന്നുമില്ല.

"നമ്മൾക്ക് കേസ് കൊടുത്താലോ നമ്മുടെ കോൺസ്റ്റബിൾ അപ്പണ്ണ  ഇവിടെ ഉണ്ടല്ലോ." അതുവരെ മിണ്ടാതിരുന്ന അച്ചായൻ ചോദിച്ചു, 

"എന്തു പറഞ്ഞു കേസുകൊടുക്കും ?"

" അത് ശരിയാണ് പട്ടി നക്കി എന്ന് കേസുകൊടുത്താൽ അത് ഏതു വകുപ്പിലാണ് ഉൾപ്പെടുക?സെക്‌ഷൻ 303?"

"നക്കുന്നതിന് വകുപ്പില്ല."നിയമപഠനം ഈവനിംഗ് ക്‌ളാസിൽ പോകുന്ന ബാലകൃഷ്ണൻ പറഞ്ഞു.

" എന്ത് ചെയ്യും?"

"ഏതായാലും ഡമ്മി പരീക്ഷണം നടക്കട്ടെ.എന്നിട്ട് തീരുമാനിക്കാം".അച്ചായൻ പറഞ്ഞതിനോട് എല്ലാവരും യോജിച്ചു. 

"ശരി , തോമസുചേട്ടൻ പുറത്തുപോയിട്ട് , ഇങ്ങോട്ടു തിരിച്ചു് നടന്നു വരണം.അപ്പോൾ പട്ടി ആയി അഭിനയിക്കുന്ന ആൾ രാമകൃഷൻറെ പട്ടി ചെയ്തത് എന്താണോ അതുപോലെ ചെയ്യണം."

പട്ടി ആയിട്ടു അഭിനയിക്കുവാൻ തിരഞ്ഞെടുത്ത ആൾ ചമ്മി.എങ്കിലും അയാൾ ഒന്നും പറഞ്ഞില്ല.അപ്പോൾ ജോർജ് കുട്ടി തൻ്റെ പ്രിയപ്പെട്ട ഗിത്താർ എടുത്തുകൊണ്ടു വന്ന് ഒരു കസേരയിൽ ചാരിവച്ചു.എന്നിട്ട് പറഞ്ഞു,ഇത് മൈൽ കുറ്റിയാണ്."

"മൈൽ കുറ്റിയോ? അതെന്തിനാണ്?"

"അത് തനിക്ക് അറിയില്ലേ?മൈൽ കുറ്റി കണ്ടാൽ ഏതു പട്ടിയും  അതിനുമുകളിൽ മൂത്രം ഒഴിക്കും.നമ്മളുടെ ഡമ്മി പരീക്ഷണത്തിന് ഒറിജിനാലിറ്റി വേണ്ടേ?പട്ടിയായി  അഭിനയിക്കുന്ന ആൾക്ക് താനൊരു പട്ടിയാണന്നു തോന്നലുണ്ടാക്കാൻ ആണ്."

ഇപ്പോൾ ഒരു മൊട്ടുസൂചി താഴെ വീണാൽ കേൾക്കാം

"എങ്കിൽ മഞ്ഞ നിറം കൊടുക്കണം.പട്ടി മൂത്രം ഒഴിക്കുന്ന മയിൽകുറ്റികളുടെ നിറം മഞ്ഞയാണ്."

"കെ റെയിൽ അതിർത്തികാണിക്കാനും മഞ്ഞകുറ്റി തന്നെയാണ് ഉപയോഗിക്കുന്നത്.അതുകൊണ്ട് ഗിത്താറിൻറെ നിറം മഞ്ഞ ആയിരിക്കണം."

"ശരി ആരംഭിക്കാം.എവിടെ പട്ടി?"

"ഇതാ പട്ടി നിൽക്കുന്നു".ഒരാൾ വിളിച്ചുപറഞ്ഞു.

"ഞാനല്ല പട്ടി,താനാണ് പട്ടി"

"സൈലൻസ്സ പ്ലീസ്."

"ഞാൻ പട്ടിയുടെ റോൾ അഭിനയിക്കുന്നതിൽ നിന്നും പിന്മാറുന്നു."അഭിനയിക്കാം എന്ന് പറഞ്ഞവൻ പിന്മാറി. 

"ഒരുകാര്യം ചെയ്യൂ,നിങ്ങളിൽ ആരാണ് പട്ടി ആകാൻ കൂടുതൽ യോഗ്യൻ എന്ന് തീരുമാനിച്ചിട്ട് ഉച്ചകഴിഞ്ഞു നമ്മൾക്ക് പരിഹാരം ഉണ്ടാക്കാം."

തോമസ്‌ ചേട്ടനൊഴിച്ചു് എല്ലാവരും സ്ഥലം വിട്ടു."അപ്പോൾ ഉച്ചകഴിഞ്ഞു വീണ്ടും വരണോ?"തോമസ്സ് ചേട്ടൻ ചോദിച്ചു.

"എൻ്റെ തോമസുചേട്ടാ,അവർ  നിങ്ങളെ മണ്ടൻ കളിപ്പിക്കുന്നത് ആണെന്ന്  നിങ്ങൾക്ക് മനസ്സിലാകുന്നില്ലല്ലോ.പിന്നെ നിങ്ങളുടെ ചിട്ടി എങ്ങിനെ ശരിക്കു നടന്നുപോകും?."

"അപ്പോൾ എന്നെ പട്ടി കടിച്ചു എന്നുപറയുന്നതിൽ വാസ്തവം ഇല്ല എന്ന് നിങ്ങൾക്ക് മനസ്സിലായി.എനിക്ക് അത് മതി."

"പാവം തോമസുചേട്ടൻ",ഞങ്ങൾ രണ്ടുപേരും ഒന്നിച്ചു് പറഞ്ഞുപോയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക