Image

സിനിമ കോവിഡിന് ശേഷം - പ്രകാശൻ കരിവെള്ളൂർ

Published on 26 August, 2022
സിനിമ കോവിഡിന് ശേഷം - പ്രകാശൻ കരിവെള്ളൂർ

നടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മലയാള സിനിമയിലെ പല എസ്റ്റാബ്ളിഷ്മെന്റുകളും വലിയ തോതിൽ പൊളിച്ചെഴുതപ്പെട്ടിട്ടുണ്ട്. അഭിനയം , തിരക്കഥ, സംവിധാനം എന്തിന് നിർമ്മാണം , വിതരണം എന്നീ രംഗത്തേക്ക് പോലും ആർക്കും സ്വതന്ത്രമായി കടന്നു വരാനുള്ള വിശാലമായ മേച്ചിൽപ്പുറം തന്നെയായി മലയാള സിനിമ .

ചേരുവകൾക്കനുസരിച്ചുള്ള താര സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന കഥയും കഥാപാത്രങ്ങളുമായപ്പോൾ അവതരിപ്പിക്കുന്ന നടീ നടന്മാരുടെ രൂപഭാവങ്ങൾക്കും വ്യത്യസ്തത ആവശ്യമായി വന്നു. സൂപ്പർ താര സാന്നിധ്യം കൊണ്ട് മാത്രം സിനിമ രക്ഷപ്പെടില്ല എന്ന് മാത്രമല്ല കഥയും സംവിധാനവുമൊക്കെയാണ് പ്രധാനം എന്ന് പഴയ എം ടി - ഭരതൻ - പത്മരാജൻ - ലോഹിതദാസ് - സത്യൻ അന്തിക്കാട് - പ്രിയദർശൻ - ശ്രീനിവാസൻ - സിബി മലയിൽ കാലത്തെപ്പോലെ ഒരിക്കൽ കൂടി മലയാള സിനിമ തെളിയിക്കുന്ന കാലം വന്നു ചേർന്നു.

ബിജുമേനോനും  പൃഥ്വീരാജിനും ജയസൂര്യയ്ക്കും കുഞ്ചാക്കോ ബോബനും അവരുടെ അഭിനയ മികവിന് താരപ്പകിട്ട് കൈ വരാൻ ഈ പശ്ചാത്തലം കാരണമായിത്തീർന്നു. ഫഹദ് ഫാസിലിനെപ്പോലെ സൂക്ഷ്മാഭിനയത്തിന്റെ അനായാസമാസ്മരികത അനുഭവപ്പെടുത്തുന്ന നടൻ താരപദവിയെ അഭിനയമേന്മയിൽ ഉറപ്പിച്ചു നിർത്തി. സൗബിൻ ഷാഹിറും ഏതാണ്ട് ആ വഴിയിലൂടെയാണ് യാത്ര. ദുൽഖർ സൽമാൻ ,നിവിൻ പോളി , ആസിഫ് അലി എന്നിങ്ങനെ യുവനിരയിൽ പലരും സജീവമായി. പാർവതി , റീമ എന്നിവരുടെ അഭിനയശേഷിയും മഞ്ജുവാര്യരുടെ തിരിച്ചു വരവും ഇതിന്റെ അനുബന്ധമാണ്. 

എന്നാൽ കോവിഡ് നമ്മളിൽ അടിച്ചേൽപ്പിച്ച അനിവാര്യതയായിരുന്നല്ലോ സാമൂഹ്യ അകലം. തീയറ്ററിലെ ഗേയ്റ്റ് കീപ്പറും ഷൂട്ടിങ് സ്ഥലത്തെ ലൈറ്റ് ബോയിയും ജൂനിയർ ആർട്ടിസ്റ്റുകളും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാർഗമാണ് പ്രതിസന്ധിയിലായ സിനിമാ വ്യവസായം നിമിത്തം സ്തംഭിച്ചു നിന്നത്.

നാട്ടുമ്പുറത്തെ ചെറുടാക്കീസുകളും നഗരത്തിലെ മൾട്ടിപ്ളക്സ് തീയറ്ററുകളും ഒരാഴ്ച്ച പോലും അടച്ചിടേണ്ട സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇത്രയും നീണ്ട കാലത്തെ സിനിമാ സ്തംഭനം ആരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.

കോടികൾ മുടക്കി നിർമ്മിച്ച നൂറ് കണക്കിന് സിനിമകൾ റിലീസിന് നിവൃത്തിയില്ലാതെ വഴി മുട്ടി. എത്രയോ സിനിമ കളുടെ ഷൂട്ടിങ്ങ് പാതി വഴിയിൽ മുടങ്ങി. തിളങ്ങി വരാൻ തുടങ്ങിയ ചില പുതുമുഖങ്ങളുടെ പ്രതീക്ഷ മങ്ങി. വീട്ടിനകത്ത് അടച്ചിരിക്കുക എന്നത് ഗത്യന്തരമില്ലാതെയുള്ള ആരോഗ്യരക്ഷാ നിയമമായപ്പോൾ മഹാഭൂരിപക്ഷവും ടീവിക്കും മൊബൈലിനും മുന്നിലായി. യൂ ട്യൂബ് സിനിമ കാണൽ മുതിർന്നവരെ പഴയ സിനിമയുടെ നൊസ്റ്റാൾജിയയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഓൺലൈനിൽ പോയ കാലത്തിന്റെ സിനിമയും താരങ്ങളും ഉള്ളതും ഇല്ലാത്തതുമായ വിശേഷങ്ങളുടെ ഗോസിപ്പുകളാൽ നിറഞ്ഞു . പുതിയ തലമുറ ഈ അനന്ത സാധ്യതയെ മലയാളവും തമിഴും ഹിന്ദിയുമെല്ലാം വിട്ട് ഹോളിവുഡിലേക്ക് പറക്കാൻ ഉപയോഗപ്പെടുത്തി.

പഠനത്തിന് ഓൺലൈനെ ആശ്രയിച്ച വിദ്യാഭ്യാസ കാലം പ്രൈമറി വിദ്യാർത്ഥികളെ വരെ അന്യഭാഷാ സിനിമകളുടെ ആരാധകരാക്കി. കൊച്ചു കുട്ടികളുടെ ഇഷ്ടഗാനം കൊറിയൻ സ്പാനിഷ് പാട്ടുകളായി.

കൗമാരത്തിൽ കുറേ പേർ ഇംഗ്ളീഷ് സിനിമാ സീരിസുകളുടെ അഡിക്ഷനിലായി. ഈ സന്ദർഭത്തിലാണ് മൊബൈലും ലാപ് ടോപ്പും വഴിയുള്ള ഓ ടീ ടീ റിലീസിങ്ങിന് സാധ്യത തെളിഞ്ഞത്. ടീ വി യുടെ സ്വാധീനം കാൽ നൂറ്റാണ്ട് കൊണ്ട് ബിഗ് സ്ക്രീൻ കാഴ്ച്ചകളെയും പ്രമേയങ്ങളെയും എങ്ങനെ മെരുക്കിയെന്ന് നമ്മൾ കണ്ടതാണല്ലോ . മിനീസ് ക്രീനിന് പാകപ്പെടാൻ പാകത്തിൽ ഇൻഡോർ ദൃശ്യങ്ങൾ കൂടി .

സിനിമകളുടെ ചാനൽ ഏറ്റെടുക്കലിന്റെ ഭാഗമായി അവർക്ക് മുറിച്ച് കാണിക്കാനുളള തരത്തിൽ കോമഡി , ഗാനദൃശ്യം എന്നിവ പരുവപ്പെട്ടു . അത്തരം ചില പരുവപ്പെടലുകൾ കോവിഡിന്റെ ഈ രണ്ടു വർഷത്തിനിടയിലും സംഭവിച്ചിട്ടുണ്ട്. വമ്പൻ എന്നതിൽ നിന്ന് ചെറിയത് എന്നതിലേക്കുള്ള ഈ മാറ്റം ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് ഷോർട്ട് ഫിലിമുകളുടെ പിറവിക്ക് കാരണമായി.

ആർക്കും സിനിമകളിൽ  എന്തെങ്കിലുമൊക്കെയായി ഇടപെടാം , സിനിമാ നിർമ്മാണത്തിന് കോടികളുടെ മുതൽ മുടക്കൊന്നും വേണ്ട, താരങ്ങളേ ഇല്ലെങ്കിലും നല്ല സിനിമ കാണേണ്ടവർ കണ്ടോളും. ഈ കാര്യങ്ങളൊക്കെ കോവിഡിന്റെ ഉർവശീ ശാപം ഉപകാരമായിത്തീർന്നതിന്റെ ഫലങ്ങളാണ്.

എന്നാൽ ഗുരുതരമായ ചില മനോഭാവവ്യതിയാനങ്ങൾ ഇവിടെ പ്രശ്നവും സൃഷ്ടിക്കുന്നുണ്ട്. മറിഞ്ഞതെല്ലാം മലക്കം എന്ന മട്ടിൽ എഴുതിയതെല്ലാം കഥ , കളിച്ചതെല്ലാം അഭിനയം, പകർത്തിയതെല്ലാം ഷോട്ട് എന്ന മട്ടിൽ കലയുടെ ഉത്തരവാദിത്വം മറന്ന് ആരൊക്കെയോ കയറി നിരങ്ങി സിനിമ ഉണ്ടാക്കലിനും കാണലിനുമൊന്നും ഒരു വിലയില്ലെന്ന പൊതുബോധം സംജാതമാവാനും ഈ സാഹചര്യം കാരണമായി.

ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് ഇന്ദ്രൻസിനെപ്പോലുള്ള ഒരു നടനെയും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന അന്വേഷണം യുവചലച്ചിത്രപ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. എത്രയോ കാലം നൂറ് കണക്കിന് സിനിമകൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ച ടയ്ലറായിരുന്നു ഇന്ദ്രൻസ് ജയൻ എന്ന സുരേന്ദ്രൻ . തൊണ്ണൂറുകളിലെ രാജസേനൻ - ജയറാം ചിത്രങ്ങളിൽ മെലിഞ്ഞ ശരീരത്തിന്റെയും നീളൻ കഴുത്തിന്റെയും പേരിൽ കുടക്കമ്പി എന്ന് സിനിമാ ഫീൽഡിലും പ്രേക്ഷകർക്കിടയിലും കളിയാക്കപ്പെട്ട ആ നടൻ തന്റെ ഭാവാഭിനയ ശേഷി പത്ത് പതിനഞ്ച് വർഷം മുമ്പേ ടീ വി ചന്ദ്രന്റെ കഥാവശേഷനിൽ തെളിയിച്ചതാണ്. കണ്ണും നട്ട് കാത്തിരുന്നിട്ടും എന്റെ ... എന്ന ആ ഗാന ദൃശ്യം ആർക്ക് മറക്കാൻ സാധിക്കും? കോവിഡിന് തൊട്ടു മുമ്പ് റിലീസായ കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരയിലെ റിപ്പർ വേഷവും ഇന്ദ്രൻസിന്റെ വേറിട്ട ഭാവം കാണിച്ച് തന്നു .

പുറമ്പൂച്ചുകളിൽ നിന്ന് നേരുകളിലേക്ക് തിരിഞ്ഞു നോക്കാൻ നിർബന്ധിതരായ ഒരു സന്ദർഭത്തിൽ മലയാള സിനിമ കേരളീയമായ ഗാർഹികയാഥാർത്ഥ്യങ്ങളെക്കുറിച്ചും തികച്ചും സാധാരണക്കാരനായ മനുഷ്യനെയും കുറിച്ചോർത്തു. അങ്ങനെയാണ് ഹോം എന്ന സിനിമ ഉണ്ടായതും അത് ഓടി ടി വഴി റിലീസായതും 


(തുടരും )

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക