Image

മാഡം , എന്റെ കഥ എഴുതാമെന്നു പറഞ്ഞിട്ട് ? തുടർച്ച : ഡോ. കുഞ്ഞമ്മ ജോർജ്ജ് ( മെഡിക്കൽ ഡയറി - 18 )

Published on 26 August, 2022
മാഡം , എന്റെ കഥ എഴുതാമെന്നു പറഞ്ഞിട്ട് ? തുടർച്ച :  ഡോ. കുഞ്ഞമ്മ ജോർജ്ജ് ( മെഡിക്കൽ ഡയറി - 18 )

പോളിന്റെ അതിജീവന കഥക്കു ശേഷ്ഠമായ ചില ശേഷിപ്പുകളുണ്ട് എന്ന എന്റെ വിശ്വാസം പ്രഖ്യാപിച്ചാണ് ഞാൻ കഴിഞ്ഞ ലക്കം അവസാനിപ്പിച്ചത്. 

പോളിന്റേത് വെറുമൊരു അതിജീവന കഥയല്ല. 

പ്രായമായവർക്ക് ഒരു രോഗം വന്നാൽ അവർ അത് അംഗീകരിക്കും. അതിനോട്  ശീഘ്രം സമരസ്സപ്പെടും. കുട്ടികൾക്കാണെങ്കിൽ ഇതിന്റെ പ്രഹരശക്തിയെക്കുറിച്ച് കാര്യമായ ധാരണയില്ല . എന്നാൽ പതിനെട്ടു വയസ്സൊക്കെ ആയ യുവതീയുവാക്കൾ , അവർ ഭാവിയെക്കുറിച്ച് സ്വപ്നം കാണുന്നവരാണ്. അവരുടെ സ്വപ്‌നങ്ങൾ ആണ് തകർന്നു വീഴുന്നത്. എന്തു ചെയ്യണമെന്നറിയാതെ ജീവിതത്തിനു മുൻപിൽ പകച്ചു നിൽക്കുന്നവർ. അവർക്കൊരനക്കം വച്ചു തുടങ്ങണമെങ്കിൽ ആരെങ്കിലും ഒന്ന്‌ ഉന്തിവിട്ടേ പറ്റൂ.

ചില മാസങ്ങൾക്കു മുൻപ് പോൾ എന്നോടൊരു ചോദ്യം ചോദിച്ചു."മാഡം, മാഡം എല്ലാ രോഗികളോടും ഇ ങ്ങനെയാണോ? എന്നെ കണ്ടപ്പോൾ മാഡത്തിന് എന്തു പ്രത്യേകതയാണ് തോന്നിയത്."?  

പോളിന് ഞാൻ ഇതേ വരെ ഒരുത്തരം കൊടുത്തിട്ടില്ല.. അതിനൊന്നും എനിക്കുത്തരവുമില്ല. 
എന്നെ വായിക്കുന്നവരോട് ഞാൻ പറയട്ടെ. എല്ലാ രോഗികളോടും വളരെ ആർദ്രമായ ഒരു വികാരമേ എനിക്കുള്ളൂ.. ചിലരെ, പലരെ പല കാരണങ്ങളാൽ ഞാൻ ഇപ്പോഴും ഓ ർമ്മിക്കുന്നുണ്ട്.
അവർ എന്നേയും. 

ചിലരെ സന്ദർഭ വശാൽ വീണ്ടും കാണാൻ ഇടയായപ്പോൾ പരസ്പ്പരം തിരിച്ചറിഞ്ഞു എന്നുള്ളത് അത്ഭുതമല്ലേ. ചിലരെങ്കിലും എന്നെ വീണ്ടും കാണണമെന്നു പറഞ്ഞിട്ടുണ്ട്. 

Fb യിൽ സജീവമായിരുന്ന  അല്ലി സജിതയെ ഓർമ്മിക്കുന്നോ?
ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു അല്ലിയ്ക്ക്. 

ആൻസി സാജൻ വഴി ഒരു ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്‌ അയച്ചു തന്നാണ് തുടക്കം. അല്ലി പിന്നെ എന്നെ നേരിട്ടു വിളിച്ച് വളരെയധികം സംസാരിച്ചിരുന്നു. 

അവസാന നാളുകളിൽ അല്ലിക്കെന്നെ കാണണമെന്ന് ഒരാഗ്രഹം പറഞ്ഞു. 

ആർക്കെങ്കിലും നമ്മളെ ഒന്നു കാണണമെന്നു തോന്നുന്നത് അത്ര ചെറിയ കാര്യമല്ലല്ലോ...! 

ഞാനും ആൻസിയും കൂടി മട്ടാഞ്ചേരിയിലുള്ള അല്ലിയുടെ വീട്ടിൽ പോയി ഒന്നു രണ്ടു മണിക്കൂറുകൾ സംസാരിച്ചിരുന്നു.

അല്ലി ചില നാളുകൾക്കു ശേഷം വിട പറയുമെന്ന് അന്നു ഞാൻ നിനച്ചതേ ഇല്ല.. 

ഇങ്ങനെയൊക്കെയുള്ള ചെറിയ സ്നേഹപ്പെയ്‌ത്തുകൾ.. 
എന്നല്ലാതെ പോളിനോടെന്നപോലെ എല്ലാവരോടും ആകുവാൻ ആകില്ലല്ലോ. 

എനിക്കു തോന്നുന്നത് ചിലരെ ആ പരാശക്തി നിങ്ങളുടെ മുൻപിൽ കൊണ്ടു നിർത്തും ; അരൂപിയുടെ കാറ്റു നിങ്ങളെ പൊതിയും.  നിങ്ങൾ അവരെ ചേർത്തു പിടിക്കും .. 

എനിക്കിപ്പോഴും ഉറപ്പാണ് , പോൾ ഞങ്ങളുടെ മുമ്പിൽ തന്നെ വരേണ്ട കുട്ടിയായിരുന്നു.... 

Very simple അല്ലേ?

പോളിന്റെ CA വിജയം പോലും എത്ര മഹത്തരമാണ്.. 

ഫൈവ് സ്റ്റാർ വീട്ടിൽ ഫൈവ് സ്റ്റാർ മാതാ പിതാക്കൾക്ക് പിറന്ന ചില കുട്ടികളൊക്കെ ഫസ്റ്റ് ചാൻസ് CA ക്ലിയർ ചെയ്തിട്ടുള്ളതായി അറിയാം. അതും മിടുക്കു തന്നെ. എന്നാൽ പോളിന്റെ വിജയം ഏഴ് വർഷങ്ങൾക്കുള്ളിൽ അയിരുന്നു.. അതിൽ തന്നെ രണ്ടു വർഷത്തിലധികം പോൾ ജോലിയിൽ ആയിരുന്നു.  

അപ്പോൾ അഞ്ചു വർഷം കൊണ്ട്, രോഗത്തെയും, സാമ്പത്തിക ബുദ്ധിമുട്ടുകളെയും അതിജീവിച്ചാണ് അവൻ ഈ വിജയം ആഘോഷിച്ചത്. 

വെറുതെയല്ല , പാലാ മുൻസിപ്പിൽ കൗൺസിൽ പോളിനൊരു സ്വീകരണമൊരുക്കി MLA മാണി സി കാപ്പൻ മെമെന്റോ കൊടുത്താദരിച്ചത്. 

അവന്റെ ജന്മനാട്ടിലെ ജനങ്ങളും പോളിനെ ആദരിച്ചത് തികഞ്ഞ ആത്മാ ർത്ഥതയോടെയാണ്.

പോളിന്റേത് ഒരു ആരോഗ്യ പ്രശ്നം മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവന്റേതൊരു socio economic issue കൂടി ആണ്. 

CA പോലൊരു ബാലികേറാമല കേറാൻ താഴേക്കിടയിലുള്ള കുട്ടികൾക്ക് എന്തു മാനസിക സുരക്ഷിതത്വം ഉണ്ട്..? 
എന്നു ജയിക്കും..? അതുവരെ എങ്ങനെ പഠിക്കും ..? ആരോഗ്യം, പണം ഒക്കെ അവരുടെ മുന്നിൽ ചോദ്യചിഹ്നങ്ങൾ ആണ്. 
ഒരു  PSC Test/NEAT എഴുതിയാൽ  ക്യാൻസർ survivors നു ചെറിയ percentage എങ്കിലും റിസർവേഷൻ കൊടുക്കേണ്ടതല്ലേ..?
ജോലി സാധ്യതയ്യ്ക്കോ  പഠനത്തിനോ അങ്ങനെ എന്തെങ്കിലും ഉണ്ടോ ..?

ഈ പട്ടിക നീളുകയാണ്. അത്തരം പരിഗണനകളൊന്നും ഞങ്ങൾക്ക് ആവശ്യമില്ല എന്നു പറയുന്ന ബലമുള്ള കുട്ടികളെയും നമുക്കു കാണാനാവും..

പോളിപ്പോൾ എന്തു ചെയ്യുന്നു എന്ന് നിങ്ങൾ ആലോചിയ്ക്കുന്നുണ്ടാവും.

C A ക്ലിയർ ചെയ്തിട്ട് ഇപ്പോൾ ഒരു വർഷം തികയുന്നു. 
ഒരു multinational company യിൽ FM (Finance Manager )ആയി ജോലി ചെയ്യുന്നു.. 

CA ക്ലിയർ ചെയ്തപ്പോൾ company അവനു നല്ലൊരു ശമ്പള വർധന നൽകി. അതും റിക്വസ്റ്റ് ചെയ്യാതെ തന്നെ..
പ്രാക്ടീസ് ചെയ്യാനുള്ള അനുമതി പോലും അവർ കൊടുത്തു. 

പോളിന്റെ ആദ്യത്തെ official seal, CA register ചെയ്ത നമ്പർ , ആദ്യത്തെ ഒപ്പ്, ഒക്കെ അവൻ എനിക്കയച്ചു തന്നു... 
അവന്റെ seal - ൽ നോക്കിയപ്പോൾ..
ആശാൻ  ഇതിനിടയ്ക്ക്  പ്രൈവറ്റ് ആയി പഠിച്ച്  M.Com കൂടി പാസ്സായിരിക്കുന്നു.. 

അതാണ്‌  പോൾ.
      ഇതൊക്കെയാണെങ്കിലും ചിലപ്പോൾ പോൾ നല്ല രസികൻ ചോദ്യങ്ങൾ എന്നോട് ചോദിക്കും.
"മാഡം കുറെ വായിക്കും അല്ലേ, എനിക്കും കുറച്ചു വായിച്ചാൽ കൊള്ളാമെന്നു തോന്നുന്നു. ഞാൻ എന്താണ് വായിക്കേണ്ടത്"?

"എന്റെ ലൈബ്രറി യിൽ നോക്കൂ എന്തെങ്കിലും ഇഷ്ടമാകും."  

നാലു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചു.
"മാഡം ഞാൻ ഖസ്സാക്കിന്റെ ഇതിഹാസം വാങ്ങി, വായിക്കാൻ തുടങ്ങി ". 
പഷ്ട്ട് ...
ഞാൻ മനസ്സിൽ പറഞ്ഞു..  
വായിച്ചു തുടങ്ങാൻ പറ്റിയ പുസ്തകം.! 

വീണ്ടും നാലു ദിവസത്തെ ഇടവേള.. 
"മാഡം ഞാൻ  വായന നിർത്തി, എനിക്കൊന്നും മനസ്സിലാകുന്നില്ല ". 

ഞാൻ പൊട്ടിച്ചിരിച്ചു.. 'ഒരു കുടയും കുഞ്ഞു പെങ്ങളും' വായിച്ചു തുടങ്ങൂ എന്നു ഞാൻ പറഞ്ഞതല്ലേ. 

ഞാൻ കളിയാക്കി. 

ഒരിക്കൽ ഒരു CA ക്കാരൻ എന്നോട് ചോദിച്ചു, 'God Of Small things'  ഉണ്ടോ എന്ന്.. ഞാൻ ചോദിച്ചു ആരാണ് author? 
വിവരം അറിയണമല്ലോ."അരുന്ധതി റായി". 

എന്തു പറ്റി കുറച്ചു വായിക്കാം എന്നു തീരുമാനിച്ചത്? 
നല്ല book ആണെന്ന് സുഹൃത്തുക്കൾ പറയുന്നു.. 
ഞാൻ ശ്രദ്ധയോടെ ബുക്ക്‌ കൈ മാറി. തിരിച്ചു തരണേ... 

എന്തിന്? മൂന്നാം ദിവസം പരിക്കുകൾ ഒന്നും കൂടാതെ ബുക്ക്‌ മടക്കിത്തന്നു..
"ഈശ്വരാ ഇത്ര വേഗം എങ്ങനെ തീർത്തു?"

ഞാൻ നാലഞ്ച് പേജുകളെ നോക്കിയുള്ളു, എനിക്കു വയ്യ... 
CA ക്കാർ പൊതുവെ ന്യൂസ്‌ പേപ്പർ മാത്രമേ വായിക്കൂ എന്നു തോന്നുന്നു... 

ബഡ്ജറ്റ് അവതരിപ്പിക്കുന്ന ദിവസം ലീവ് എടുത്തിരുന്നു ടി വി ന്യൂസ്‌ ലൈവ് കേൾക്കും... അതൊക്കെയാണ്‌ അവരുടെ പ്രാധാന്യങ്ങൾ എന്നു തോന്നുന്നു..                                              

ഇപ്പോൾ വായന എവിടെ വരെയായി?. ഒരിക്കൽ കണ്ടപ്പോൾ ഞാൻ പോളിനോട് ചോദിച്ചു. 
ഇല്ല മാഡം, ഞാൻ കുറച്ചുകൂടി പഠിക്കുന്നു. എനിക്ക് Bank audit specialise ചെയ്യണം.. 

അങ്ങനെ ആ കുട്ടിക്ക് പഠിത്തം പഠിത്തം എന്ന ഒറ്റ വിചാരമേ ഉള്ളൂ. 

പോൾ ഇനിയും ഇനിയും പഠിക്കട്ടെ.

എനിക്ക് പോൾ ധാരാളം സഹായങ്ങൾ ഓഫർ ചെയ്തിട്ടുണ്ട്. 

പോൾ ഒരു കാർ വാങ്ങുന്ന കാര്യം പറഞ്ഞു. 
ഒരാഴ്ച കഴിഞ്ഞപ്പോൾ അതുമായി വീട്ടിൽ വന്നു. 
ഒരു വൈറ്റ് കാർ,ഫിഗോ .. Second hand ആണ്. 

ഞാൻ പറഞ്ഞു, വാങ്ങിയപ്പോൾ പുതിയത് വാങ്ങാമായിരുന്നില്ലേ.. 
ഉടൻ വന്നു മറുപടി. ഇതിനേ 'ബഡ്ജറ്റ്'  ഉള്ളൂ മാഡം. 

ഞങ്ങളെ എല്ലാം ചേർത്ത് അതിലൊരു ഡ്രൈവ്. 
ജടായൂ പാറ കാണാൻ ചടയമംഗലത്തു പോകാൻ പോൾ ക്ഷണിച്ചിട്ടുണ്ട്. 

പോയില്ല  ഇതു  വരെ.  പോകണം. 

എന്റെ മൊബൈൽ ഫോണിലുള്ള അഭ്യാസങ്ങൾ, Fb posts, കുത്തിക്കളികൾക്കൊക്കെ ഹെല്പ് പോളാണ്..
എന്റെ ഊരാ ക്കുടുക്കുകൾ അവനു നന്നായി പിടി കിട്ടും. 
ഇതു ദാ ഇത്രയേ ഉള്ളൂ എന്ന് പോൾ പറഞ്ഞാൽ എനിക്കു വിശ്വാസമാണ്. 

അവന്റെ സാറിന്റെ കൂടെ  Bank Audit ന്  പോകുന്നത് കാണാം. നല്ല ചെത്ത്‌ ഷർട്ടൊക്കെ ഇട്ട്..
എന്റെ മകൾ, അവന്റെ മണിക്കുട്ടിച്ചേച്ചിക്ക്  വലിയ കംപ്ലയിന്റ് ആണ്. 
പപ്പാ അവളുടെ returns ഫയൽ ചെയ്ത് ഭയങ്കര tax payer ആക്കിയിരിക്കുന്നു പോലും.. 
പോളൊരു വീമ്പിളക്കി, മണിക്കുട്ടിച്ചേച്ചി ഫയൽ എനിക്കു തരൂ, ഒറ്റ പൈസ്സ ടാക്സ് ഇല്ലാതെ ഞാൻ returns ഫയൽ ചെയ്യാം.. 

എന്റെ husband ഊറിച്ചിരിക്കുന്നതു  കണ്ടു.. 
അവന്റെ പോക്കറ്റ്  കാലിയാകും, അത്ര തന്നെ എന്ന് എന്നോടൊരു കമന്റും.

പോളിന്റെ ജീവിത കഥ തുടരുകയാണ് .. 

തൽക്കാലം ഞാനിവിടെ ഇടിച്ചു നിർത്തുകയാണ്.. 

അവന്റെ CA ജയം സെലിബ്രേറ്റ് ചെയ്യാൻ ഞങ്ങളെ പോൾ, Arcadia യിൽ കൊണ്ടു പോയി...
അതൊരു അത്താ ഴ വിരുന്നായിരുന്നു.. 

പോളിന്റെ അമ്മയെ ആദ്യം കാണുകയാണ്. അവരെന്നെ കെട്ടിപ്പിടിച്ചു. "മാഡം എന്റെ കുഞ്ഞിന് ജീവിതം തന്നു"

ഞാൻ ചന്ദ്രപ്രഭ നിറഞ്ഞ  തെളിഞ്ഞ ആകാശത്തെ നോക്കി നിന്നു.....  

Murali Kaimal കമന്റ്‌ ബോക്സിൽ എഴുതിയതാണ് ശരി. "ഡോക്ടർ പോളിന്റെ ജീവിതത്തിന്റെ, സ്വപ്നങ്ങളുടെ  catalist ആയി". 

പ്രശസ്ത Gynaecologist Dr. Kunjamma Roy പറയാറുണ്ട്.. 
We are all only instruments in the hands of God.. 

അത്രയുമേ ഉള്ളൂ. ഒരു കുട്ടിയുടെ അതിജീവനത്തെ high light ചെയ്യുക മാത്രമാണെന്റെ താൽപ്പര്യം എന്നു വിശ്വസിക്കുക. 

പിന്നെ അതിന്റെ പരിസരങ്ങൾ പങ്കു വയ്ക്കുന്ന ചില നനവുള്ള വസ്തുതകളും.

മടക്ക യാത്രയിൽ ഞാൻ എന്റെ CA ക്കാരനോട് പറഞ്ഞു. പോളിനൊന്നും നമ്മൾ സമ്മാനമായി കൊടുത്തില്ല.. അവന്റെ ഷർട്ടിന്റെ സൈസ് നാൽപ്പതോ  നാൽപ്പത്തി രണ്ടോ?

ഷർട്ട്‌ എന്റെ ഒരു ബലഹീനതയാണ്.. നല്ല ഷർട്ട്‌ കണ്ടാൽ  ഞാൻ നോക്കി നിന്നു പോകും. ആളെ കണ്ടില്ലെങ്കിലും. 

പോളിനൊരു ഷർട്ട്‌ കൊടുക്കുക തന്നെ ചെയ്യണം.

നിങ്ങൾക്കും എന്നെപ്പോലെ തോന്നുന്നില്ലേ, പോളിനൊരു ഫാമിലി ഒക്കെ വേണമെന്ന്.. അതും ഒരു ടocio Economic Issue ആണ്.   
ലോക വീക്ഷണം... 

പോൾ ഈയിടെ അതും എന്നോട് ചർച്ച ചെയ്തിരുന്നു.. 

ഏതോ പച്ചിലത്തഴപ്പിനുള്ളിൽ , ജ്വലിക്കുന്ന ഹൃദയമുള്ള ഒരു പെൺകുട്ടി ഒളിച്ചിരിപ്പുണ്ട്, 

എന്റെ മനസ്സു പറയുന്നു...
അവൾ വരാതിരിക്കില്ല...!
  
Dr. Kunjamma George
26/08/2022.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക