Image

ഓണം (ജി. പുത്തന്‍കുരിശ്)

Published on 26 August, 2022
ഓണം (ജി. പുത്തന്‍കുരിശ്)

READ MORE: https://emalayalee.com/writer/19

ഓണം വരുന്നൊരു കാലം
ആനന്ദം ഏവര്‍ക്കും ഉള്ളില്‍

തമ്പുരാനല്ലെ വരുന്നെ മാവേലി
തമ്പുരാനല്ലെ വരുന്നെ

ഉണ്ടായിരുന്നൊരു കാലം
പണ്ടു തമ്പുരാന്‍ വാണൊരുകാലം

നമ്മളെയെല്ലാം ഒന്നായി
ഉണ്മയില്‍ കാത്തൊരു കാലം.

മാവേലി അല്ലെ വരുന്നേ ഇ
താവണി മാസമല്ലേ

പൂക്കളം മുറ്റത്തു വേണം
പൂക്കള്‍ക്ക് വര്‍ണ്ണങ്ങള്‍ വേണം

അത്ത പൂക്കളം വേണം
അത്ത ചമയവും വേണം

കയ്യ്‌കൊട്ടി കളി വേണം
മെയ്യ് അഴകുള്ളോരും വേണം

കോലുകളിയും വേണം
ചേലുള്ള പെണ്ണുങ്ങള്‍ വേണം
.
പുലികളിയും വേണം
തലപന്തുകളിയും വേണം

തമ്പുരാനല്ലെ വരുന്നെ മാവേലി
തമ്പുരാനല്ലെ വരുന്നെ

ഓണകോടിയുടുത്തു കണി
കാണണം നമ്മളെല്ലാം

ആവണി മാസമല്ലേ
മാവേലി അല്ലെ വരുന്നേ

കാണം വിറ്റും നമ്മള്‍
ഓണം ഉണ്ടിടേണം

കറികള്‍ പന്ത്രണ്ടു വേണം
നറുനെയ്യ് തീര്‍ച്ചവേണം

ഉപ്പ് ഇല തുമ്പില്‍ വേണം
ഉപ്പേരി അരികില്‍ വേണം

ചോറു കുത്തരിചോറു വേണം
ചോറിനു രസവും വേണം

പച്ചടി സാമ്പാറവിയലും
കിച്ചടിയും കൂടെവേണം

പപ്പടം പഴം പായസവും
ഒപ്പം ഓലനും പുളിശേരിയും

എരിശ്ശേരി ഉറപ്പായി വേണം
പരിപ്പു കറിയും വേണം

ഉപ്പിലിട്ടതും വേണം
ഒപ്പം കാളനും തോരനും വേണം
 
ആവണി മാസമല്ലേ
മാവേലി അല്ലെ വരുന്നേ

ഓണ വില്ലുവേണം
ഓണ തല്ലും വേണം

ആവാം ഇത്തിരി കള്ളും
ആവാം ചീട്ടുകളിയും

ആവണി മാസമല്ലേ
മാവേലി അല്ലെ വരുന്നേ

തമ്പുരാനല്ലെ വരുന്നെ
അന്‍പുള്ള മാവേലിയല്ലെ.


https://youtu.be/rtu-ywnhCuc

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക