Image

ക്രൈസ്തവ കുട്ടിച്ചാത്തന്‍മാര്‍ സാധുക്കളെ കൊള്ളയടിക്കുമ്പോള്‍...(ഉയരുന്ന ശബ്ദം-60:ജോളി അടിമത്ര)

Published on 28 August, 2022
ക്രൈസ്തവ കുട്ടിച്ചാത്തന്‍മാര്‍ സാധുക്കളെ കൊള്ളയടിക്കുമ്പോള്‍...(ഉയരുന്ന ശബ്ദം-60:ജോളി അടിമത്ര)

കേരളത്തില്‍ ഓരോ ആഴ്ചയും ഒരോ പുതിയ ബഹളങ്ങളാണ്. നവമാധ്യമങ്ങളാണ് അവ കുത്തിപ്പൊക്കി അരങ്ങുണര്‍ത്തുന്നത്. ഈയാഴ്ചത്തെ ബഹളം  ഒരു യുട്യൂബ് ചാനലില്‍ വന്ന വോയ്‌സ് ക്‌ളിപ്പാണ്. സത്യം പറഞ്ഞാല്‍ ആദ്യം ഞെട്ടി. പിന്നെ നാണിച്ചു പുളികുടിച്ചുപോയി. നമ്മളാരും അറിയാത്ത എത്രയെത്ര തട്ടിപ്പുകള്‍ ഇനി പുറത്തു വരാനിരിക്കുന്നു. എന്തായാലും നവമാധ്യമങ്ങള്‍ക്കു നന്ദി. കാരണം പത്രത്തിന് ചില പരിമിതികളുണ്ട്. സോഷ്യല്‍ മീഡിയയ്ക്ക് അതില്ല. കേരളത്തിലെ പല രാഷ്ട്രീയക്കാരും കാണിച്ചുകൂട്ടുന്ന തോന്ന്യാസങ്ങളെപ്പറ്റി ഒരു പരിധിയില്‍ക്കൂടുതല്‍ തുറന്നെഴുതാന്‍ പത്രങ്ങള്‍ക്ക് കഴിയാറില്ല. പക്ഷേ സോഷ്യല്‍ മീഡിയകളില്‍ അവ തലങ്ങുംവിലങ്ങും കിടന്നു പുളയ്ക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. നല്ലത...ആരെങ്കിലും എങ്ങനെയെങ്കിലുമൊക്കെ  മൂക്കുകയറിടട്ടെ.

തൃപുരസുന്ദരിമന്ത്രം, കുട്ടിച്ചാത്തന്‍, മഷിനോട്ടം, അത്ഭുതഏലസ്സ്, വശീകരണമന്ത്രം,  സന്താനസൗഭാഗ്യഏലസ്സ് തുടങ്ങി അത്ഭുതങ്ങളുടെ പരമ്പരതന്നെ വാഗ്ദാനം ചെയ്യുന്ന പത്രപ്പരസ്യങ്ങള്‍ ഒരു കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു. ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇവയ്ക്ക് സ്ഥാനം ഉണ്ടായിരുന്നില്ല . പക്ഷേ ഇതിനെയെല്ലാം വെല്ലുന്ന അത്ഭുതസിദ്ധികള്‍ കേവലം പതിനയ്യായിരം രൂപയ്ക്ക് ' ഹാഫ്‌റേറ്റ് ചീപ്പ് റേറ്റില്‍ ' നടത്തിത്തന്നാലോ ?

രോഗസൗഖ്യം, സമ്പത്ത്, ദാമ്പത്യകലഹം, സന്താനലാഭം, വിദേശയാത്ര, ജോലി, പരീക്ഷാവിജയം, കടംഎഴുതിത്തള്ളല്‍, തുടങ്ങി എന്തു കാര്യസിദ്ധിയും വാഗ്ദാനം ചെയ്യുന്ന ഒരു കുട്ടിച്ചാത്തന്‍ കോട്ടയത്ത് അരങ്ങു തകര്‍ക്കുകയാണ്.

ഈ ആള്‍ദൈവത്തെപ്പറ്റിയുള്ള ഞെട്ടിക്കുന്ന ശബ്ദരേഖയാണ് ഈയാഴ്ചത്തെ വാര്‍ത്ത. ക്രൈസ്തവരെ മുഴുവന്‍ നാണംകെടുത്തുന്ന വോയ്‌സ്‌ക്‌ളിപ്പുകള്‍. മധ്യതിരുവിതാംകൂര്‍ തട്ടകമാക്കി സുവിശേഷം വിതച്ച് പണം കൊയ്യാനിറങ്ങിയ തട്ടിപ്പു വീരന്‍.

തെക്കന്‍കേരളത്തില്‍നിന്നാണ് പുറപ്പാട് . പത്തുവര്‍ഷം മുമ്പ് ഇദ്ദേഹം ഭാര്യയെയും രണ്ടുമക്കളെയും കൈയ്ക്കുപിടിച്ച് കോട്ടയത്തെ ഒരു വാടക വീട്ടില്‍ താമസമാക്കി തുടങ്ങിയ 'വേല 'യാണ്..പറയത്തക്ക വിദ്യാഭ്യസമില്ല. ഇത്തിരി വേദപുസ്തകം അറിയാം. ഒഴുക്കുള്ള ഒരു നാക്കുമാത്രമുണ്ട്. ഇന്ന് കോടികളുടെ വിലയുള്ള രണ്ടു വീടുകള്‍. കോട്ടയത്ത് നഗരഹൃദയത്തില്‍ രണ്ടിടത്തായി അഞ്ചേക്കര്‍ സ്ഥലം. ഇതിനും കോടികളാണ് വില. തിരുവനന്തപുരത്തും എറണാകുളത്തും മുന്തിയ ഫ്‌ളാറ്റുകള്‍. ആഡംഭരവാഹനങ്ങള്‍ അഞ്ചെണ്ണം മുറ്റത്ത് നിരന്നു കിടക്കുന്നു. തമിഴ്‌നാട്ടില്‍ വാങ്ങിക്കൂട്ടിയ വസ്തുക്കള്‍ വേറെ. കോടികളുടെ വിദേശ നിക്ഷേപം. അനാഥശാല ഉണ്ടായിരുന്നതുവഴിയും പണം കൊയ്തു. ഈ പത്തു വര്‍ഷംകൊണ്ട് ഇത്രയധികം സമ്പാദിച്ചുകൂട്ടാന്‍ എന്തു ബിസിനസ്സാണ് ചെയ്തതെന്നു ചോദിച്ചാല്‍ അതൊരു കൃഷിയാണെന്ന ഉത്തരമാണ് അനുയായികള്‍ നല്‍കുന്നത്. സുവിശേഷമെന്ന കൃഷി. നമ്മള്‍ക്കതിനെന്തു പരാതി. നന്നായി പ്രസംഗിച്ച് കാണിക്ക വാങ്ങി ആളുകള്‍ നന്നാകുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പക്ഷേ ഇതങ്ങെനെയല്ലെന്നറിയുക.

മരിച്ച കുട്ടിയെ ഉയിര്‍പ്പിച്ചായിരുന്നു തുടക്കം. ആ വീഡിയോ ഇപ്പോഴും യുട്യൂബില്‍ ഓടുന്നുണ്ട്. മരിച്ചകുഞ്ഞിനെ എടുത്തിരിക്കുന്ന അമ്മയുടെ നില്‍പ്പുകണ്ടാലറിയാം, അഭിനയത്തില്‍ പുതുമുഖമാണെന്ന് !. അനുയായികള്‍ ആര്‍പ്പു വിളിച്ചു. പിന്നെ ഈ സ്ത്രീയെയും കുട്ടിയെയും ഇന്നാട്ടില്‍ കണ്ടവരില്ല. കിട്ടിയത് വാങ്ങി അവര്‍ സാമ്പത്തികമായി ഇത്തിരി മെച്ചപ്പെട്ടു എന്നു പറയുന്ന ദോഷൈകദൃക്കുകളുണ്ട്. ഉയിര്‍പ്പൊരു തുടക്കം മാത്രമായിരുന്നു. മുഴ സ്‌പെഷ്യലിസ്റ്റായി  അദ്ദേഹം പേരെടുത്തു. ഗര്‍ഭപാത്രത്തിലെ മുഴകളാണ് അദ്ദേഹം പ്രധാനമായും മാറ്റുക.പിന്നെ ബ്രസ്റ്റിലെ മുഴ ..അതൊന്നും വന്നതുംപോയതും ആര്‍ക്കുമൊട്ടു പുറത്തു കാണാനുമാവില്ലല്ലോ.സൗഖ്യം കിട്ടിയെന്ന് അവകാശപ്പെട്ട മിക്കവരെയും പിന്നെയാരും കണ്ടട്ടില്ല. എല്ലാവരും വളരെ വിദൂരങ്ങളില്‍നിന്നെത്തുന്നവര്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി കോവിഡിനെ പേടിച്ചു പുറത്തിറങ്ങാതെ മാളത്തിലൊളിച്ച് കഴിച്ചുകൂട്ടിയ ഇദ്ദേഹം പൊടിതട്ടി രംഗത്തെത്തിയിരിക്കുന്നു. അതേ സമയം ഇദ്ദേഹത്തിനും ഭാര്യയ്ക്കും ചികിത്സ തിരുവല്ലയിലെ ഒരു സ്വകാര്യആസ്പത്രിയിലെ ഡോക്ടര്‍ വീട്ടില്‍ ചെന്നാണ്. കുട്ടിച്ചാത്തന്‍ വീണ്ടും വേല തുടങ്ങി. ദിവസം ഇരുപത്തിഅയ്യായിരം രൂപ വാടകയുള്ള ഹാളെടുത്താണ് അത്ഭുതങ്ങള്‍ കാട്ടുക. അപ്പോള്‍ വരുമാനം ഊഹിക്കാമല്ലോ.

കാണിക്ക മാത്രമല്ല  പ്രധാന വരുമാനമാര്‍ഗ്ഗം . ചാനല്‍ സുവിശേഷപ്രസംഗം , പിന്നെ അന്നദാനം. അരമണിക്കൂറിന് അയ്യായിരം രൂപ മാത്രമുള്ള ചാനല്‍പ്രഭാഷണത്തിന് സ്‌പോണ്‍സര്‍മാരെ കണ്ടുപിട്ിക്കുന്നു . അതിന് ഓഫീസില്‍ പ്രത്യകം ആളുകളെ ഇരുത്തിയിട്ടുണ്ട്. സ്‌പോണ്‍സര്‍മാരോട് പതിനയ്യായിരം രൂപയാണ് വാങ്ങുന്നത്. രോഗം സുഖപ്പെടണോ, പതിനയ്യായിരം കൊടുത്ത്  ഒരു എപ്പിസോഡ് ബുക്കു ചെയ്യണം.

പ്രസംഗം കേള്‍ക്കാനെത്തുന്ന എല്ലാവരുടെയും ഫോണ്‍ നമ്പര്‍ വാങ്ങി അതിലേക്കു വിളിച്ച് സ്‌പോണ്‍സര്‍ ചെയ്യാന്‍ ഓഫീസിലെ സ്ത്രീകള്‍ നിര്‍ബന്ധിക്കും. ഈ ദിവ്യന്റെ എപ്പിസോഡ് സ്‌പോണ്‍സര്‍ ചെയ്താല്‍ ദാരിദ്ര്യം, രോഗം, ദാമ്പത്യപ്രശ്‌നങ്ങള്‍ , വിവാഹം വൈകല്‍, തൊഴിലില്ലായ്മ തുടങ്ങി  മനുഷ്യനെ അലട്ടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്നാണ് വാഗ്ദാനം. പിന്നെ അന്നദാനം !. കോട്ടയം മെഡിക്കല്‍ കോളജില്‍ ചോറു കൊടുക്കാനാണെന്നു പറഞ്ഞാണ് പണം വാങ്ങുക. അവിടെ പി.യു.തോമസും ഡി വൈ എഫ് ഐയും ഇതര സംഘടനകളും വാരിക്കോരി മൂന്നുനേരവും ഭക്ഷണം നല്‍കുന്നുണ്ടെങ്കിലും അതു പോരല്ലോ !.

സജിത്ത് കണ്ണൂരിന്റെ രോഗശാന്തി തട്ടിപ്പ് പുറത്തു വന്ന ശേഷം  നൂറുകണക്കിനു പരാതിക്കാര്‍ ഇയാള്‍ക്കെതിരെയും  രംഗത്തുവന്നു.  മൂന്നു സ്ത്രീകളാണ് ഒരു  ചാനലിലേക്ക് തങ്ങളുടെ അനുഭവം തെളിവുസഹിതം നേരിട്ട് പങ്കിട്ടത്. i2i ചാനലിലാണ് അവര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. മാലോകര്‍ കേട്ട ആ ശബ്ദരേഖ കള്ളമാണെങ്കില്‍ മാനമനഷ്ടക്കേസിനു പോകാന്‍ ദിവ്യനു വകുപ്പുണ്ട്. പക്ഷേ അയാളുടെ ശബ്ദത്തെ എങ്ങനെ തള്ളിപ്പറയാനാവും. ധാരാളം ആളുകള്‍ രസീതു സഹിതമാണ് രംഗത്ത്എന്നത്. പണംപോയി, അത്ഭുതമൊട്ടു നടന്നതുമില്ല,കുടുംബകലഹം മിച്ചം.

പരാതിക്കാരില്‍  ആദ്യത്തെ സ്ത്രീ ഗള്‍ഫിലെ ഭര്‍ത്താവുമായുള്ള അകല്‍ച്ച മാറ്റാനാണ് ഇദ്ദേഹത്തിന് അടുത്തെത്തിയത് ,ആറു മാസം മുമ്പ്.ദിവ്യന്‍ ഉപദേശിച്ചു.' ദാമ്പത്യപ്രശ്‌നത്തിനു പരിഹാരം ഒന്നേയുള്ളൂ, ചാനല്‍ സ്‌പോണ്‍സര്‍ഷിപ്പ് '. കഴുത്തില്‍കിടന്ന മാല പണയംവച്ച് ആ സ്ത്രീ 15,000 രൂപ അയാള്‍ക്ക് നല്‍കി. രസീതും കിട്ടി !. പക്ഷേ പണ്ട് വല്ലപ്പോഴും വിളിക്കുമായിരുന്ന ഭര്‍ത്താവ് ദിവ്യന്റെ പ്രാര്‍ത്ഥനയോടെ ഒട്ടും വിളിക്കാതായി. ഫലമില്ലാതായപ്പോള്‍ രൂപ തിരികെ തരണമെന്നാവശ്യപ്പെടുന്നതും ആള്‍ദൈവം അത് നിരസിക്കുന്നതുമായ വോയ്‌സ് ക്‌ളിപ്പ് മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ പറന്നു നടക്കുകയാണ്.അടുത്തത് കോട്ടയത്തെ ഒരു ദളിത് സ്ത്രീയെയാണ് പറ്റിച്ചത്.മക്കളില്ലാത്ത അവര്‍ അടുത്ത ബന്ധുവിന്റെ മകനെ ദത്തുപുത്രനായി വളര്‍ത്തി നന്നായി പഠിപ്പിച്ചു.ചെക്കന്‍ ഗള്‍ഫില്‍ പോയെങ്കിലും പഠിപ്പിനു തക്ക ജോലി കിട്ടിയില്ല.ഉള്ള ജോലി കളഞ്ഞ് നിരാശനായി നാട്ടിലെത്തി.തുടര്‍ന്ന് ഡിപ്രഷന്‍ ഉണ്ടായത് എന്തോ ബന്ധനമാണെന്നും അത് ദിവ്യന്‍ അഴിക്കാമെന്നും അതിന് 15,000 രൂപ കൊടുത്ത്  ചാനല്‍ എപ്പിസോഡ്  സ്‌പോണ്‍സര്‍ ചെയ്യണമെന്നുമായി.വാര്‍ധക്യപെന്‍ഷന്‍ മാത്രം വരുമാനമുള്ള ഈ വൃദ്ധ സ്വന്തം കിടപ്പാടം സഹകരണബാങ്കില്‍ പണയംവച്ച് 15,000രൂപ ലോണെടുത്ത് കൊടുത്തു.ചെക്കനു കുറഞ്ഞുമില്ല,ആധാരം പോയി വഴിയാധാരവുമായതോടെ പണം തിരിച്ചുകിട്ടാന്‍ ചെന്നപ്പോള്‍ ദിവ്യന്‍ കൈമലര്‍ത്തി.100 പേര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ 98 പേര്‍ക്കേ അത്ഭുതം നടക്കുകയുള്‌ളൂ എന്നും ബാക്കി വന്ന രണ്ടില്‍പ്പെട്ടവരാണ് പണം നഷ്ടപ്പെട്ടവരെന്നും ഒരോരുത്തരോടും പറഞ്ഞ് മടക്കി അയയ്ക്കുന്നു.
കായംകുളംകാരി വീട്ടമ്മയ്ക്കും സമാന അനുഭവം നേരിട്ടതായി അവര്‍ ചാനലില്‍ അറിയിച്ചു.കഴിഞ്ഞ ജൂണ്‍മാസത്തിലാണ്  ചാനലില്‍ ഒരുഎപ്പിസോഡ് സ്‌പോണ്‍സര്‍ എന്നു പറഞ്ഞ് പതിനയ്യായിരംരൂപ അവരില്‍നിന്നും വാങ്ങിയത്.ഇത്തരം നൂറുനൂറു സമാനതട്ടിപ്പു വിവരങ്ങള്‍  ..എന്ത് കാര്യം നടത്താനും ചാനലില്‍ അവരുടെ എപ്പിസോഡുകള്‍ സ്‌പോണ്‍സര്‍ ചെയ്യുക എന്നു പറഞ്ഞ് ഇത്തരക്കാര്‍ കോടികള്‍ തട്ടിക്കുന്നു.കിടപ്പാടവും  കഴുത്തിലെ മാലയും പണയം വച്ചും പലിശയ്ക്ക് കടം വാങ്ങിയും തട്ടിപ്പുകാരുടെ വലയില്‍ വീഴുന്ന കാഴ്ച അധികൃതര്‍ കാണാതെ പോകരുത്.അന്ധവിശ്വാസം വളര്‍ത്തുന്ന ഇത്തരം കുട്ടിച്ചാത്തന്‍മാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.പണം വാങ്ങിയതിന്റെ രസീത് ഇവരുടെ എല്ലാവരുടെയും കൈകളില്‍ ഉണ്ട്.തെളിവുണ്ടായിട്ടും ഫലമില്ല.ഡിപ്രഷന്‍പോലുള്ള രോഗങ്ങള്‍ , ആരോ ബന്ധിച്ചതാണെന്നൊക്കെ പറഞ്ഞ് ഭയപ്പെടുത്തി ചികിത്സയ്ക്കു പകരം പണം തട്ടിയെടുക്കുക .അജ്ഞതയെ മുതലെടുക്കുന്ന ഇത്തരം രീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒറ്റ യുക്തിവാദി പോലും കേരളത്തില്‍ ഇല്ലാതായി !.ഭക്തി വേണം,ഒരു പരിധി വരെ.പക്ഷേ ഭക്തിയെ കൃഷിയാക്കുന്നവരെ പരസ്യമായി ശിക്ഷിക്കണം.വിദേശത്തുനിന്നും വിളിക്കുന്നവരോടും ഇങ്ങനെതന്നെ പണം ചോദിച്ചുവാങ്ങുന്നു.അത് ലക്ഷങ്ങളാണ്.

പത്താംക്‌ളാസ്സ് കഴിഞ്ഞ് ഒരു വര്‍ഷം ഏതെങ്കിലും ബൈബിള്‍കോളജില്‍ തലകാണിച്ചു വന്നിട്ട് പുരോഹിതനെന്നു സ്വയം പരിചയപ്പെടുത്തുന്ന ഇത്തരക്കാര്‍ ആളുകള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്ന കാഴ്ചയാണിപ്പോള്‍.മേല്‍പ്പറഞ്ഞ മനുഷ്യന്‍ കൗണ്‍സലിംഗ് എന്ന പേരില്‍ ആളുകളെ ഒറ്റയ്ക്കു മുറിയിലേക്കു വിളിപ്പിക്കയും പ്രശ്‌നപരിഹാരമായി എപ്പിസോഡ് മരുന്നും അന്നദാനവും നിര്‍ദ്ദേശിക്കയും ചെയ്യുന്നു.ഇത്തരം നിയമവിരുദ്ധമായ കൗണ്‍സലിംഗ് നാട്ടുകാര്‍ക്ക് പണനഷ്ടം മാത്രമല്ല മാനസ്സികരോഗികളെ സൃഷ്ടിക്കയും ചെയ്യുന്നു  എന്നത് കാണാതെ അധികൃതര്‍ പോകരുത്.കേരളത്തിലെ നിയമവിരുദ്ധമായ ഇത്തരം കൗണ്‍സലിംഗ്  നടത്തിപ്പുകാര്‍ക്കെതിരെ  എന്തുകൊണ്ട് നടപടിയില്ല എന്നത് അതിശയിപ്പിക്കുന്നു.അനധികൃത ചികിത്സപ്പോലെത്തന്നെയാണ് അനധികൃത കൗണ്‍സലിംഗും.ഈ കുറ്റകൃത്യത്തിനെതിരെ അധികൃതര്‍ എന്തു നടപടിയെടുക്കും ?.വൈകുന്തോറും ജനങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക