Image

കറുകുറ്റിയിലെ വീട് ( വീടോർമ്മകൾ : ജാസ്മിൻ ജോയ് )

Published on 29 August, 2022
കറുകുറ്റിയിലെ വീട് ( വീടോർമ്മകൾ : ജാസ്മിൻ ജോയ് )

വൃക്ഷങ്ങളുടെയും ചെടികളുടെയും  ഇടയിൽ നിന്നിരുന്ന കറുകുറ്റിയിലെ പഴയ വീട് എനിയ്ക്ക് എന്നും പല നിറങ്ങളിലുള്ള ഓർമ്മയാണ്.   നിത്യഹരിതമായ  ഈ  ഓർമ്മ ഒരിക്കലും  ഭൂതകാല ആരാധനയല്ല  ഒരു ജൈവസ്മൃതിയാണ്.

പക്ഷികളുടെ പാട്ടുകേട്ട് , നിറയെ  പഴങ്ങളുമായി നിന്നിരുന്ന ഞാവൽമരവും പച്ചയണിഞ്ഞ പുളിമരവും ചമഞ്ഞ്നിന്നിരുന്ന നാരകങ്ങളും ചുവന്ന ചാമ്പയുമെല്ലാം  ആ വീടിന്റെ സന്തോഷങ്ങളായിരുന്നു.

ചെത്തിയും  ചെമ്പരത്തിയും പാരിജാതവും കോളാമ്പിയും വിരിഞ്ഞ ആ വീടിന്റെ  മുറ്റം ശലഭങ്ങളുടെ  ഉദ്യാനമായി എനിയ്ക്ക് തോന്നിയിട്ടുണ്ട് . ഒരു  സമയത്ത്  മൂന്ന് കുടുംബങ്ങൾ  സുഖങ്ങളും ദുഃഖങ്ങളും പങ്കുവെച്ചുകൊണ്ട് ആ വീട്ടിൽ കഴിഞ്ഞിരുന്നു. 

നട്ടുച്ചയ്ക്ക് പോലും ഇരുട്ട്മൂടി കിടന്നിരുന്ന, പഴമയുടെ ഗന്ധമുണ്ടായിരുന്ന അകങ്ങളിൽ കഥകൾ ഉറങ്ങുകയാണെന്ന് തോന്നിച്ചിരുന്നു.

നിഗൂഢതകളുടെ തട്ടുപ്പുറം, രാത്രിയിലെ ശബ്ദങ്ങൾ, തെക്കേ മുറിയിലെ തുറന്നിട്ട ജാലകത്തിനരികിലിരുന്ന്  വായിച്ചു കൊണ്ടിരിക്കുന്ന ചേട്ടൻ ..

മനുഷ്യരുടെ മാത്രമല്ല പൂച്ചകളുടെയും പ്രാവുകളുടെയും നരിച്ചീറുകളുടെയും ഭവനമായിരുന്നു അത്.

ശബ്ദമുഖരിതമായിരിക്കുമ്പോഴും ആ വീട് എപ്പോഴും ഏകാന്തതയെ സൂക്ഷിച്ചിരുന്നു. എല്ലാ ഋതുക്കളും ആ വീട്ടിനുളളിലൂടെയാണ് കടന്നു പോയിരുന്നത്. രാത്രിമഴയുടെ താളങ്ങൾ, നിലാവ് തഴുകിയിരുന്ന പൂമുഖം ,കുളിരു ചൂടിയ പുലർകാല സ്വപ്നങ്ങൾ..

മരങ്ങളുടെ കുളിർഛായയിലും പക്ഷികളുടെ സംഗീതത്തിലും ലയിച്ചു നിന്നിരുന്ന പുരാതന വീട്. 

കറുകുറ്റിയിൽ കഴിഞ്ഞ ദിവസം പോയപ്പോൾ പഴയ വീടിനരികിലേയ്ക്കു ചെന്നു..

വേനൽ വിരിയിച്ച ഓർമ്മകൾ പോലെ ഏതാനും ലില്ലിപ്പൂക്കൾ നിഷ്കളങ്കമായി അവിടെ ചിരിക്കുന്നുണ്ടായിരുന്നു ..

JASMIN JOY - VEEDORMAKAL  KARUKUTTIYILE VEEDU

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക