Image

ശബ്ദങ്ങളുടെ സ്മൃതിഭൂമി (മൃദുമൊഴി 48: മൃദുല  രാമചന്ദ്രൻ)

Published on 31 August, 2022
ശബ്ദങ്ങളുടെ സ്മൃതിഭൂമി (മൃദുമൊഴി 48: മൃദുല  രാമചന്ദ്രൻ)

READ MORE: https://emalayalee.com/writer/201

കടുത്ത നൊസ്റ്റാൾജിയയുടെ ഇരകൾ ആണ് ഇപ്പോൾ നാല്പതുകളിൽ ഉള്ള മില്ലെനിയൽ ജനറേഷൻ.കണ്ണിമ ചിമ്മുന്ന നേരം കൊണ്ട്, കുതിച്ചു പാഞ്ഞ വൈജ്ഞാനിക-സാങ്കേതിക വിദ്യകളോട് ഒപ്പം അതേ വേഗത്തിൽ ഓടി കയറിയപ്പോഴും, ജീവിതത്തിന്റെ ആദ്യത്തെ ഒന്നര-രണ്ട് ദശകത്തിൽ അനുഭവിച്ച ജീവിതത്തെ അത്യന്തം വൈകാരികതയോടെ ഓർക്കുന്നവർ.

അതായത്, കയ്യിൽ ഇരിക്കുന്ന സ്മാർട് ഫോണിൽ കുത്തി, ഓൺ ലൈൻ പേയ്മെന്റ് ചെയ്ത്,ആമസോണിൽ നിന്ന്, അന്താരാഷ്ട്ര കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ ഹോം ഡെലിവറിക്ക് ഓർഡർ ചെയ്യുമ്പോഴും,പണ്ട് കടും ചുവപ്പ് ചട്ടയുള്ള ഈഗിൾ നോട്ട് പുസ്തകത്തിന്റെ കറുപ്പ് പടർന്ന  നടുപേജ് ചീന്തി എടുത്ത് , റെയ്നോൾഡ്‌ പേന കൊണ്ട് സാധനങ്ങളുടെ ലിസ്റ്റ് എഴുതി ഉണ്ടാക്കി , വീടിന്റെ അടുത്തുള്ള നിരയും, പലകയും ഇട്ട പീടികയിലേക്ക് സഞ്ചിയും കൊണ്ട് നടന്നു പോയി, പത്ര കടലാസിൽ കുമ്പിൾ കോട്ടി പൊതിഞ്ഞു , ചണ നൂൽ കൊണ്ട് കെട്ടി  സാധനങ്ങൾ വാങ്ങി കൊണ്ട് വന്ന കാലത്തെ, ഒരു തേൻ മുട്ടായിയുടെ മാധുര്യത്തോടെ നൊട്ടി നുണയുന്നവർ....

ആ ഓർമയുടെ കൂട്ടിൽ ഇന്നിനി വരാത്ത വണ്ണം മറഞ്ഞു  പോയ രുചികൾ ഉണ്ട്, എക്കാലത്തേക്കും ആയി മാഞ്ഞു പോയ ഇടങ്ങൾ ഉണ്ട്, സ്‌മൃതികളിൽ മാത്രമുള്ള സുഗന്ധങ്ങൾ ഉണ്ട്,ഇപ്പോൾ എങ്ങും കേൾക്കാത്ത ശബ്ദങ്ങൾ ഉണ്ട്...ആ ശബ്ദങ്ങൾ ആണ് നമ്മൾ ഇന്ന് കേൾക്കാൻ ശ്രമിക്കുന്നത്.ഒഴുകി പോയ കാലത്തിന് ഒപ്പം പോയ ശബ്ദങ്ങൾ.

ഉച്ചക്ക് ഒരു മണിക്ക് ആണ് സ്‌കൂളിൽ "ഉണ്ണാനുള്ള മണി" അടിക്കുക.ആ മണിക്ക് മുന്നോടിയായി കഞ്ഞി പുരയിൽ റോസി ചേച്ചി , വലിയ ഇരുമ്പ് ചീന ചട്ടിയിൽ കടല കൂട്ടാന് ഉള്ളി കാച്ചുന്ന സ്വരവും, മണവും വരും.വീട് അടുത്തായത് കൊണ്ട് , ഉച്ചക്ക്‌ ഉണ്ണാൻ വീട്ടിൽ പോകുകയാണ് ചെയ്യുക.ഉച്ച വെയിലത്ത് വീട്ടിലേക്ക് നടക്കുമ്പോൾ, വഴിയോരത്തുള്ള വീടുകളിൽ നിന്ന് ഉച്ചക്കറികളുടെ മണത്തോട്‌ ഒപ്പം , ആകാശവാണി കേൾക്കാം.പ്രാദേശിക വാർത്ത, അല്ലെങ്കിൽ വയലും വീടും, കമ്പോള നിലവാരം , ചിലപ്പോ ചലച്ചിത്ര ഗാനം....അന്ന് എല്ലായിടത്തും കേട്ടിരുന്ന ആകാശവാണി ശബ്ദം ഇന്ന് എങ്ങും കേൾക്കാൻ ഇല്ല.

പത്ത്-പതിനൊന്ന് മണിക്ക് ആണ് മീൻകാരൻ വരിക.സ്‌കൂൾ ഇല്ലാത്ത ദിവസം, മീങ്കാരന്റെ കൂക്ക് കേൾക്കുന്നുണ്ടോ എന്നറിയാൻ  കുട്ടികളെ ഏൽപ്പിക്കും.അകലെ നിന്ന് "പൂയ്" കേൾക്കുമ്പോൾ തന്നെ അമ്മക്ക് അറിയാം ഔസേപ്പുണ്ണി ആണോ, സുലൈമാൻ ആണോ വിളിക്കുന്നത് എന്ന്."ചാളയില ചെമ്പല്ലി,പലവക" എന്ന് മീൻ എന്നും ഒന്ന് തന്നെയാണ്. വിളിച്ചു പറയുന്ന രീതിയിൽ ഓരോ ആൾക്കും ഓരോ രസമുള്ള രീതികൾ ഉണ്ടായിരുന്നു... അന്നത്തെ മാർക്കറ്റിങ് തന്ത്രങ്ങൾ... ഡാൻസ് കളിക്കുന്ന ചാള എന്ന് വിളിച്ചു പറയുന്ന ഒരു മീൻ വിൽപ്പനക്കാരനെ ഓർമയുണ്ട്.ഇപ്പൊ മീൻ വിൽക്കാറുണ്ടെങ്കിലും, ആരും അങ്ങനെ നീട്ടി വിളിക്കാറില്ല എന്ന് തോന്നുന്നു.

വ്യാഴാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച അകലെ നിന്ന് വളരെ നേർത്ത ഒരു ശബ്ദം കേൾക്കുമ്പോൾ തന്നെ ശ്വാസം പിടിച്ചോടി , റോട്ടരികത്തു റെഡി ആയി നിൽക്കും.കോട്ടേക്കാട് കേരളയിലോ, തിരൂര് ഗീതയിലോ, വരടിയം ദീപയിലോ സിനിമ മാറിയതിന്റെ അറിയിപ്പ് ആണ്, കോളാമ്പി വച്ചു കെട്ടിയ കാറിൽ വരുന്നത്. സിനിമയുടെ പകുതി കഥ അവർ വിളിച്ച് പറയും.എന്നിട്ട് ശേഷം സ്‌ക്രീനിൽ കാണാൻ സിനിമാ കൊട്ടകയിലേക്ക് ക്ഷണിക്കും.ഈ വിളിച്ചു പറയലിന്റെ ഏറ്റവും വലിയ ആകർഷണം കാറിന്റെ വാതിലിലൂടെ അവർ പുറത്തേക്ക് വിതറുന്ന പച്ച-മഞ്ഞ- ചോപ്പ് നിറമുള്ള നോട്ടീസ് ആയിരുന്നു. ഒരു വശത്ത് അഭിനേതാക്കളുടെ ചിത്രവും, മറുവശത്ത് സിനിമയുടെ പാതി കഥയും അച്ചടിച്ച നോട്ടീസ്. ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസറും, ട്രെയ്‌ലറും, പ്രമോഷനും ഒക്കെ ഈ വിളിച്ചു പറയൽ വണ്ടി ആയിരുന്നു.

എനിക്ക് ഏറ്റവും പ്രിയപ്പെട്ട ശബ്ദങ്ങളിൽ ഒന്ന് ഓടിന്റെ മുകളിലേക്ക് മഴ പെയ്തു വീഴുന്ന ശബ്ദമാണ്... അന്യായ അനുഭവം ആണ് ആ ശബ്ദം. രാത്രി, കൂരിരുട്ടിൽ, ചെവിയടക്കം മൂടിയ പുതപ്പിനുള്ളിലേക്ക് , തിരി മുറിയാതെ വന്നു വീഴുന്ന ആ ശബ്ദത്തിന് ഒപ്പം, വിശാലമായ പാടത്ത് മഴ ആഘോഷം നടത്തുന്ന തവളകളുടെയും, ചീവിടുകളുടെയും ഒച്ച ഇട കലരും. ഉറങ്ങാതെ ചെവി വട്ടം പിടിച്ചു കിടന്നാൽ തോട് വലിയ വരമ്പു കവിഞ്ഞ് പാടത്തേക്ക് വീഴുന്ന ശബ്ദം വരാൻ തുടങ്ങും.അപ്പോൾ ഉറപ്പിക്കാം, രാവിലെ എണീറ്റ് ചെല്ലുമ്പോൾ പാടവും, തോടും കലർന്ന് ഒന്നായ ഒരു വലിയ ജലവിതാനം ഉണ്ടാകും.

വൃശ്ചികം-ധനു മാസത്തിൽ ആണ് കളം പണിയുക, മകര മാസത്തിലെ കൊയ്ത്തിന്റെ മുന്നോടിയായി.മഴയിൽ ആകെ ചീത്തയായി പോയ മുറ്റം മണ്ണു കിളച്ചു ഒരുക്കി, നിലം തല്ലി കൊണ്ട് തല്ലി, കൽപ്പാണി കൊണ്ട് തേമ്പി മിനുക്കി, ചാണകം മെഴുകി മിനുക്കി എടുക്കും.മകര നിലാവിൽ ഈ മുറ്റം വെട്ടി തിളങ്ങും.പകലത്തെ വെയിൽ കാരണം, സന്ധ്യയ്ക്ക് ആണ് നിലംതല്ലി കൊണ്ട് മുറ്റം തല്ലി നിരപ്പാക്കുക.അടുത്ത് അടുത്തുള്ള വീടുകളിൽ നിന്ന് മരം കൊണ്ടുള്ള നിലം തല്ലി മണ്ണിൽ ആഞ്ഞു വീഴുന്ന ഒച്ച , മാറി മാറി ഒരു താളത്തിൽ കേൾക്കാം.കുനിഞ്ഞു നിന്ന് നിലം തല്ലുന്ന ആൾ സ്വന്തമായി "ഹുസ്‌-ഹുഷ്‌" എന്നിങ്ങനെ ഒരു ശബ്ദം ഉണ്ടാക്കി കൊണ്ടിരിക്കും.നിലം തല്ലുമ്പോൾ മാത്രമല്ല, ചിരുട്ട് കറ്റ തല്ലുമ്പോഴും, ഉരലിൽ ഇട്ട് അരി പൊടിക്കുമ്പോഴും ഈ പാശ്ചാത്തല ശബ്ദം ഉണ്ടാകും.

വിക്കോ വജ്രദന്തിയുടെ പരസ്യ ഗാനം, ഉജാല തുള്ളി നീലത്തിന്റെ അക്ഷര ശ്ലോക പരസ്യം, "ലൈഫ്ബോയ് എവിടെയാണ,വിടെയാണ് ആരോഗ്യം" എന്ന പാട്ട് ഇതൊക്കെ ചില ശബ്‌ദ സ്മൃതികൾ ആണ്.

ഓർമയിലെ വേദനിപ്പിക്കുന്ന ശബ്ദമാണ് നായാടിയുടെ ചാട്ടവാറിന്റെ ശബ്ദം. വെയിൽ പതക്കുന്ന ഉച്ചയിൽ ആണ് അവർ  വരിക.ആരോടും ഒന്നും ചോദിക്കുകയും, പറയുകയും ചെയ്യാതെ മുറ്റത്ത് നിന്ന്, ഒരു തടിച്ച ചാട്ടവാറെടുത്ത് വിയർത്ത ദേഹത്ത് തലങ്ങും, വിലങ്ങും തല്ലാൻ തുടങ്ങും.വെയിലിന് ഒപ്പം വായുവിൽ ചാട്ടയും പുളയും, സീൽക്കാരം ഉണ്ടാക്കും.മേല് നോവാതെ ഒരു സൂത്രത്തിൽ ആണ് അവർ സ്വന്തം ദേഹത്ത് തല്ലുന്നത് എന്നൊക്കെ വലിയവർ പറഞ്ഞു എങ്കിലും, ഒരു നിമിഷത്തിൽ കൂടുതൽ അത് നോക്കി നിൽക്കാൻ സാധിച്ചിട്ടില്ല... നന്നായി , ആ ശബ്ദം ഇല്ലാതായത്.

എണ്ണയിടാത്ത കപ്പിയിൽ കയർ ഉരയുന്ന  ശബ്ദം, ചരലിന്റെ മോളിൽ കൂടി കവുങ്ങിൻ പാള വലിക്കുന്ന ശബ്ദം, അമ്മിയുടെ മോളിൽ പച്ചപുളിയും ഉപ്പും കാന്താരിയും കൂട്ടി വച്ചു ചതക്കുന്ന ശബ്ദം രണ്ട് രൂപക്ക് കിട്ടുമായിരുന്ന സ്റ്റിക് പേനയുടെ ടിക് ടിക് ശബ്ദം... ഈ ശബ്ദങ്ങൾ ഒക്കെ എപ്പോൾ ആണ് സാവധാനത്തിൽ നിശ്ശബ്ദതയായത്....

കൊളുത്തി വയ്ക്കുന്ന ദീപങ്ങൾ ഒക്കെ പ്രാർത്ഥനയാകുന്നതിനെ പറ്റി ഒ.വി വിജയൻ എഴുതിയിട്ടുണ്ട്. നിലച്ചു പോയ സ്വരങ്ങൾക്ക് വേണ്ടി 
 ഒരിടം എവിടെയെങ്കിലും ഉണ്ടാകും. അവിടെ മൗനത്തിന്റെ പുറ്റിൽ ശബ്ദങ്ങൾ "മരാ,മരാ" മന്ത്രം  മുഴക്കും

Join WhatsApp News
Sudhir Panikkaveetil 2022-09-03 01:39:30
Someone said nostalgia is like English grammar "Past perfect and present tense". Some of our memories are forever. Beautifullynarrateed Smt.Mrudula madam. Good wishes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക