"Good evening, good evening".
സമയഭേദമില്ലാതെ എപ്പോൾ കണ്ടാലും, കേട്ടാലും ഇങ്ങനെ പറയുന്ന ഒരേ ഒരാളേ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ.. അതു സിബിയച്ചനാണ്. (ഫാ. സിറിയക് വാഴയിൽ).
എന്തെല്ലാം അവിചാരിതങ്ങളാണ് ഈ കുഞ്ഞു ജീവിതത്തിൽ വന്നു ഭവിക്കുന്നത്!!എവിടെയെങ്കിലും സ്വന്തം ഫോൺ വച്ചു മറക്കുക, അത് മൂന്നു കിലോമീറ്റർ തിരിച്ചു ഡ്രൈവ് ചെയ്‌താൽ എടുക്കാമെന്നിരിക്കെ അതെടുക്കാൻ പോകാതിരിക്കുക.
ഒരു ഡോക്ടറാണ്, കോട്ടയം മെഡിക്കൽ കോളേജിലെ അന്നേസ്തെഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആണ് ഇങ്ങനെ ചെയ്യുന്നതെന്നോർക്കുക.!
പോയി എടുക്കണമെന്ന് ഉത്തരവാദിത്തപ്പെട്ട, വിവരമുള്ള ആൾ പറഞ്ഞിട്ടും അതിന്റെ മേൽ ചില പൊളി ന്യായങ്ങൾ പറഞ്ഞ് ഉല്ലാസവതിയായി ഒരു ദിവസം, ഒരു രാത്രിയെ പറഞ്ഞു വിടുക...... !
പിറ്റേ ദിവസത്തെ മനോരമ ന്യൂസ് പേപ്പറിന്റെ മുൻപേജിലൂടെ കണ്ണോടിച്ച ഞാൻ കണ്ട ന്യൂസ് എന്തായിരുന്നു എന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ?
പുഞ്ചിരിക്കുന്ന സിബിയച്ചന്റെ ഫോട്ടോ.
അപ്പോഴും മറിച്ചൊന്നു ചിന്തിച്ചില്ല. സിബിയച്ചൻ ഭരണങ്ങാനം അസീസ്സി ആശ്രമത്തിലെ സുപ്പീരിയർ ആയി ചാർജ് എടുത്തത് രണ്ടാഴ്ച മുമ്പാണ്.
ഓ, ഇതിപ്പോഴാണോ പേപ്പറിൽ വരുന്നത് എന്നു നോക്കുമ്പോൾ!
അസീസ്സി ആശ്രമത്തിലെ സുപ്പീരിയർ ഫാ. സിറിയക് വാഴയിൽ(സിബിയച്ചൻ )റോഡ് traffic accident ൽ മരണപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത..
ജീവശ്ചവം പോലെ ഉറഞ്ഞു പോയ ഞാൻ....
ഈശ്വരാ രണ്ടാഴ്ച്ച മുൻപല്ലേ ആന്ധ്രയിൽ നിന്നും മടങ്ങും വഴി ഓപ്പറേഷൻ തിയേറ്ററിൽ നിന്നും വിളിച്ചിറക്കി ആന്ധ്രാ മാമ്പഴം തന്നു കൈ വീശി ഭരണങ്ങാനം ആശ്രമത്തിലേക്കു പോയത്.
രംഗബോധമില്ലാത്ത കോമാളിയെ പ്പോലെ മരണം.
സിബിയച്ചന്റെ ടൂ വീലർ, ഒരു കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചിട്ടിട്ട്, ഓടിച്ചു പോയി...
ദൈവമേ.. എന്നൊന്ന് വിളിച്ചു കാണും.
ആ ജീവൻ അവിടെ പൊലിഞ്ഞു...
എന്റെ ഫോൺ ആദ്യമായാണ് എന്നെ ചതിക്കുന്നത്, അതും ഹൃദയത്തോട് ഏറ്റവും അടുത്തു നിന്ന ഒരാളുടെ മരണത്തിൽ..
പിറ്റേന്ന് രശ്മിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിയിട്ട് , സിബിയച്ചന്റെ ഒരു കാൾ ഉണ്ടോ എന്നാണ് ആദ്യം നോക്കിയത്.
ജീവൻ അനുവദിച്ചിരുന്നെങ്കിൽ എന്നെ വിളിക്കുമെന്നുറപ്പുണ്ടായിരുന്നു.
പക്ഷെ , എട്ടു മിസ്ഡ് കാൾസ് . എല്ലാം ഫാ. മാത്യു പൈകട - പൈകട അച്ചന്റേത് -
മരണ വിവരം അറിയിക്കാനും മോർച്ചറിയിൽ ഭൗതിക ശരീരം സൂക്ഷിക്കാൻ ഞങ്ങളുടെ
കൂടി സാനിധ്യ സഹകരണങ്ങൾ ആവശ്യപ്പെടാനും എട്ടു തവണയാണ് പൈകടയച്ചൻ എന്നെ വിളിച്ചിരിക്കുന്നത് .
പിറ്റേന്ന് മോർച്ചറിക്കു മുമ്പിൽ പോസ്റ്റ്മോർട്ടം കഴിയാൻ കാത്തു നിന്ന ഞാൻ പൈകട അച്ചന്റെ വിവരണം കേട്ടു കുറ്റവാളിയെപ്പോലെ തല കുമ്പിട്ടു നിന്നു.
ഒരു ഡോക്ടർക്ക് ശരീരത്തിന്റെ ഭാഗം പോലെയാണ് ഫോൺ.
അങ്ങനെ തന്നെ ആയിരിക്കണം.
ഒരു ജോർജ് അച്ചനും, സേവിയർ അച്ചനും ഞങ്ങൾക്കൊപ്പം അവിടെ മോർച്ചറിക്ക് മുൻപിൽ , അച്ചൻ കുഞ്ഞുങ്ങളോടൊപ്പം ഉണ്ടായിരുന്നു. സിബിയച്ചന്റെ വീട്ടുകാരും..ഷൈനി, അലക്സ് എന്നിവരും അവിടെ ഞങ്ങൾക്കൊപ്പം കൂട്ടായി. അന്ന്, ആ നിൽപ്പിൽ ഹൃദയത്തിൽ പൊടിഞ്ഞ ചില ചോരപ്പാടുകൾ ഇപ്പോഴുമുണ്ട്.
കടന്നു പോയാലും ചിലരെ നമ്മൾ ഓർത്തു കൊണ്ടേയിരിക്കും.
സിബിയച്ചൻ ഞങ്ങൾക്കാരായിരുന്നു?
ഞങ്ങളുടെ കുടുംബ സുഹൃത്തായ ഒരു പുരോഹിതനെ നെടു നീളെയെഴുതി നിങ്ങളെ വിറളി പിടിപ്പിക്കുവാൻ എനിക്കാഗ്രഹമില്ല.. എന്നാലും നാൽപ്പത്തി ആറാമത്തെ വയസ്സിൽ പഞ്ഞിക്കുടം പോലെ 'മഹത്വത്തിന്റെ നര',ശിരസ്സിലണിഞ്ഞ് ഏറ്റവും പ്രസ്സന്നമായ ചിരി മുഖാവരണമാക്കി, സ്നേഹിച്ചു കൊതി തീരാതെ കടന്നു പോയൊരാൾ ... പിന്നിലുപേക്ഷിച്ചത് സാക്ഷാത്കരിക്കാനാവാതിരുന്ന കുറെയേറെ സന്ന്യാസ സ്വപ്നങ്ങളും നവജീവിത വീക്ഷണങ്ങളുമാണ്...
തീർച്ചയായും അത്ര കുറുക്കിയെഴുതി തീരെ ചെറുതാക്കി കളയേണ്ട ഒരാളല്ല സിബിയച്ചൻ എനിക്ക്..
ഓർമ്മകൾ ഒരേ പോലെ സന്തോഷവും ദുഃഖവുമാണ്.. 'Wounds heal but scars remains.. '
സ്നേഹത്തിന്റെ ഒരു മഞ്ഞുമല നെഞ്ചിലേറ്റിയാണ് സിബിയച്ചൻ ഞങ്ങളുടെ കൂടാരത്തിലേക്കു കടന്നു വന്നത്.
വീടിനടുത്തുള്ള FCC convent ൽ നിന്നും പതിവായി ശുദ്ധ പശുവിൻപാൽ വാങ്ങി പോകുന്ന മെഡിക്കൽ കോളേജിലെ മയക്കു ഡോക്ടറെയും കുടുംബത്തെയും പരിചയപ്പെടാൻ സിബിയച്ചൻ കടന്നു വരികയായിരുന്നു.
ഒരു capuchin priest ന്റെ ബ്രൗൺ ഉടുപ്പും, വെള്ള ഇടക്കെട്ടും പ്രതീക്ഷിച്ച ഞങ്ങളെ പറ്റിച്ചുകളഞ്ഞു ആ ആറടി ഉയരക്കാരൻ.
പാന്റ്സും ടീ ഷർട്ടും, പൂത്തു നരച്ച മുടി,. ഞാൻ നോക്കി നിന്നു, ഇതാരപ്പാ?
ഒറ്റച്ചിരിയായിരുന്നു , മുടിയിൽ വിരലോടിച്ച് .. "പേടിക്കേണ്ട ഇതു മഹത്വത്തിന്റെ നരയാണ് "-
കൂടെ വന്ന Sr. Lizy പറഞ്ഞു.. സിബിയച്ചൻ ഉറക്കെ കുടഞ്ഞിട്ടു ചിരിക്കും, തുറവിയുടെ പൊട്ടിച്ചിരി..
ചിരിക്കാതിരിക്കാൻ എനിക്കൊരു കാരണവുമില്ല. എന്നാലും എന്തെങ്കിലും കണ്ടുപിടിച്ചു ഞാൻ സങ്കടപ്പെട്ടിരിക്കും.. ഒരാൾക്കൂട്ടത്തിൽ തനിയെ ആവാൻ ഇഷ്ടപ്പെടുന്നവൾ..
ഒരിയ്ക്കൽ ഞാൻ ഒരു തർക്കത്തിനൊടുവിൽ സിബിയച്ചനോട് പറഞ്ഞു "എനിക്കെന്റെ ശരികളുണ്ട് ". "
" അങ്ങനെ ഒരാൾക്കു മാത്രമായി ശരികളുണ്ടാവില്ല" എന്ന സിബിയച്ചന്റെ നിലപാടിൽ ഞാനിതുവരെ എത്തിച്ചേർന്നിട്ടില്ല.
ഞാൻ ഏറ്റവും അധികം തർക്കത്തിലായതും സിബിയച്ചന്റെ അടുത്താണ്.
സൂര്യനു കീഴിൽ എന്തിനെക്കുറിച്ചും വിവരമുള്ള ആൾ.
സത്യം പറഞ്ഞാൽ ഏഴിലോ എട്ടിലോ പഠിച്ചിരുന്ന എന്റെ മോളോടായിരുന്നു സിബിയച്ചന് ഏറ്റവും അടുപ്പം.. മോൾക്കും സിബിയച്ചനുമിടയിൽ നല്ലൊരു കെമിസ്ട്രി രൂപം കൊണ്ടിരുന്നു...
സിബിയച്ചന്റെ കടന്നുപോകൽ മോളെ വല്ലാതെ ഉലച്ചു കളഞ്ഞു. മോളന്നു ബാംഗ്ലൂർ St Johns ൽ മെഡിസിന് മൂന്നാം വർഷം. Exam week ആയിരുന്നതിനാൽ ഒന്നു കാണാൻ പോലും സാധിച്ചില്ല..
മോളു പറഞ്ഞത് ഞാൻ ഓർമ്മിക്കുന്നു, "സിബിയച്ചൻ പോയി, എനിക്കിനി ആരോടും കൂടണമെന്നില്ല". മോള് practical ആയി...
ഒരു ഏഴ് വർഷത്തെ ബന്ധമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു.. പക്ഷെ അത് ജന്മബന്ധം പോലെ ഒന്നായിരുന്നു..
കൊഴിഞ്ഞ പിച്ചിപ്പൂവിന്റെ സുഗന്ധം പോലെ സിബിയച്ചന്റെ ഓർമകൾ വാസനിക്കുന്നു..
ഒരുപാട് അടയാളങ്ങൾ കൊണ്ട് സ്നേഹത്തെ ഘോഷിച്ച ഒരു മനുഷ്യനായിരുന്നു സിബിയച്ചൻ.. ഇടയ്യ്ക്കിടെയുള്ള ഫോൺ വിളികൾ .. എടുത്താലുടൻ 'good evening, good evening 'എന്ന ഉറക്കെയുള്ള ചിരി, ഇടയ്ക്കിടെ പരസ്പ്പര സന്ദർശനങ്ങൾ. സൽക്കാരങ്ങൾ, തെള്ളകത്തുള്ള കാപുചിൻ വിദ്യാപീഠത്തിൽ. അച്ഛൻകുഞ്ഞുങ്ങൾക്ക് ഒപ്പമുള്ള ഈവെനിംഗ് ടീ ഒക്കെ ആഹ്ലാദപ്രദങ്ങൾ ആയിരുന്നു.
നഷ്ടപ്പെട്ടതെന്തൊക്കെയാണ്..?
ജ്ഞാനത്തിന്റെയും, ഔൽസുക്യങ്ങളുടെയും, ഉത്തരവാദിത്വങ്ങളുടെയും സഫലീകരിക്കാൻ ബാക്കിയാക്കിയ ചില സന്ന്യാസ സ്വപ്നങ്ങളുടെയും നെറുകയിൽ നിൽക്കെ ഒട്ടും നിനച്ചിരിക്കാത്ത നേരത്താണ് സിബിയച്ചനെ ദൈവം തിരികെ വിളിച്ചത്.
നഷ്ടം ഞങ്ങളുടേതു കൂടിയാണ്. ഞങ്ങളുടെ ഗൃഹത്തിൽ ചില ചലനങ്ങൾ സൃഷ്ടിക്കുവാൻ സിബിയച്ചന് കഴിഞ്ഞിരുന്നു.
മൂന്നു വർഷത്തെ ആന്ധ്രാ ജീവിതത്തിനു ശേഷം മരണത്തിനു പതിനഞ്ചു ദിവസം മുമ്പ് ആന്ധ്രയിൽ നിന്നും ഭരണങ്ങാനം അസീസ്സിയിലേക്ക് മടങ്ങും വഴി എന്നെ വിളിച്ചിരുന്നു. ഞാനപ്പോൾ ഓപ്പറേഷൻ തിയേറ്ററിലായിരുന്നു.
മെഡിക്കൽ കോളേജിൽ വന്നാൽ എവിടെ കാണാമെന്ന ചോദ്യമുണ്ടായി.
ഓപ്പറേഷൻ തീയേറ്ററിൽ നിന്നും വസ്ത്രം മാറി പുറത്തു കടക്കാൻ എനിക്കു തോന്നിയ മടിക്കുശേഷം -
സിബിയച്ചനല്ലേ, ആന്ധ്രാ മാമ്പഴമല്ലേ, ദാ ആ മോർച്ചറി ഗേറ്റ് കടന്ന് സൗകര്യമായി വണ്ടി പാർക് ചെയ്യുക. ഞാൻ എത്തുകയായി എന്നു പറഞ്ഞു..
ലിഫ്റ്റ് ഇറങ്ങിച്ചെല്ലുമ്പോൾ മോർച്ചറിക്കു മുമ്പിലുള്ള വഴിയിൽ സിബിയച്ചൻ കയ്യുയർത്തി നിൽക്കുന്നു. ഞാൻ വിഷ് ചെയ്തു "ഗുഡ് ഈവെനിംഗ്. "ഒരു പൊട്ടിച്ചിരി. തിരിച്ചു വിഷ് ചെയ്തു '"ഗുഡ് ഈവെനിംഗ് ". അപ്പോൾ സമയം രാവിലെ 10.30...
ഞങ്ങളോട് മാത്രമായിരുന്നോ ഇങ്ങനെ സിബിയച്ചൻ ഗുഡ് ഈവെനിംഗ് വിഷ് ചെയ്തിരുന്നത്? അറിയില്ല..
ഇനി ഭരണങ്ങാനത്തുണ്ടല്ലോ, കാണാം എന്നു പറഞ്ഞ് കൈ വീശി പോയതാണ്.
ഒരു യാത്രാ മൊഴി ആയിരുന്നോ അത്?
അതേ മോർച്ചറി ഗേറ്റിനു മുൻപിൽ ആ നിശ്ചല ശരീരത്തിന് കൂട്ടായിരിക്കേണ്ടി വന്നത് എന്റെ ദൗർഭാഗ്യം മാത്രം..
ആ ആന്ധ്രാ മാമ്പഴങ്ങൾ സാധാരണ പോലെ ഇരുന്നെങ്കിലും അവയ്ക്ക് സിബിയച്ചന്റെ സ്നേഹത്തിന്റെ സ്വാദുണ്ടായിരുന്നു....
കരുതലുകളുടെ വാസനയും.
പൂർണത എന്നൊന്ന് ആരിലും ഒന്നിലും ഇല്ലല്ലോ...
എന്റെ ദുർബലമായ വാക്കുകളും വരികളുംകൊണ്ട് വ്യാഖ്യാനിച്ചു തീർക്കാവുന്ന ഒരു വ്യക്തിത്വത്തിനപ്പുറം ഈ കുട്ടനാട്ടു കാരൻ തലയെടുപ്പോടെ നിൽക്കുന്നുണ്ട് നമ്മുടെ മുൻപിൽ..
ഈ മരണമെന്നെ പലതും പഠിപ്പിക്കുന്നു..
രംഗബോധമില്ലാത്ത കോമാളിയൊന്നുമല്ല മരണം..!
നമ്മുടെ ഏറ്റവും അടുത്തു നിൽക്കുന്ന വിശ്വസ്തനായ ചങ്ങാതിയാണവൻ.
സിബിയച്ചന്റെ മരണകാരണം ഒരു ബൈക്ക് ആക്‌സിഡന്റ് ആണ്. ഇടിച്ചിട്ട കെ. എസ് ആർ.ടി.സി ബസ് തിരിഞ്ഞു നോക്കാതെ പോയി.
കറുകറുത്ത മേഘങ്ങൾ ആകാശത്ത് ആടിത്തിമിർത്തു നടന്ന 2008 ലെ ജൂൺ 12. ഇടവപ്പാതിയിലെ കനത്ത മഴദിവസങ്ങളിൽ ഒന്ന്. തുള്ളിക്കൊരുകുടം പോലെ കുത്തിയൊഴുകിയ മഴച്ചാലുകൾ. മറ്റെന്തിൽ പിഴച്ചാലും ഡ്രൈവിങ്ങിൽ സിബിയച്ചന് പിഴക്കില്ലെന്നു ഞാനെങ്കിലും വിശ്വസിച്ചിരുന്നു. ഒരു നിമിഷം. ദൈവത്തിന്റെ വിരലുകൾ ഒന്നയഞ്ഞോ... അതോ ബസ് ഡ്രൈവറുടേതോ?
അവിടെ, അപ്പോൾ തന്നെ പൊലിഞ്ഞു ആ ദീപം.
പിന്നെല്ലാം മരണത്തിന്റെ സാന്ദ്ര മൗനത്തിലേക്ക്.
വെളിച്ചം എന്താണെന്നറിയണമെങ്കിൽ ദീപം അണയുക തന്നെ വേണം.
പ്രിയപ്പെട്ടവർ ക്കിടയിൽ ഒന്നും നാളേക്ക് ബാക്കി വയ്യക്കരുത് എന്നും ഈ മരണമെന്നെ ഓർമ്മിപ്പിക്കുന്നു.
ഞാൻ അവസാനം വിളമ്പിയ അത്താഴം, ഞാൻ അവസാനമായി കൈപ്പറ്റിയ ആന്ധ്രാ മാമ്പഴം ഒന്നും അത്ര അകലെ ആയിരുന്നില്ലല്ലോ എന്ന ഒരാശ്വാസം വലിയതു തന്നെയാണ്..
രക്ത ബന്ധങ്ങളെക്കാൾ എത്ര തീവ്രമാണ് ഈ നീലഗൃഹത്തിൽ നമ്മൾ ആയിപ്പോകുന്ന ചില സൗഹൃദങ്ങൾ.
പെട്ടെന്നുണങ്ങുമെന്ന് വിചാരിക്കുന്ന മുറിവുകളൊന്നും അത്ര പെട്ടെന്ന് ഉണങ്ങുന്നില്ല എന്നും ഞാൻ മാറ്റിപ്പഠിക്കുന്നു.
എത്ര കാലം എന്നതല്ല എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം.
അല്പം സ്പീഡിൽ ആയിരുന്നെങ്കിൽക്കൂടി ഒരു ജന്മത്തിന്റെ മുഴുവൻ ഓട്ടവും ഓടിയാണ് സിബിയച്ചൻ പിൻവാങ്ങിയത്..
സ്നേഹിച്ചു തീരാത്ത മനുഷ്യ സ്നേഹവും, ഹോമിച്ചു തീരാത്ത സന്ന്യാസ സ്വപ്നങ്ങളും ബാക്കിയാക്കി , മരണമെന്ന ശ്വേത സ്നേഹപ്പൂക്കൂടാരങ്ങൾക്ക് നടുവിൽ സിബിയച്ചൻ നിത്യ നിദ്രകൊള്ളുന്നു..
സിബിയച്ചൻ പരിചയപ്പെടുത്തിയവരെ എനിക്കു കാപുചിൻ സുഹൃത്തുക്കളായുള്ളു.... അല്ലായിരുന്നെങ്കിൽ ചിലരെ ഒന്നും ഞാനീ ജന്മം കണ്ടു മുട്ടില്ലായിരുന്നു..
പരിചയപ്പെട്ട ഓരോ കുടുംബങ്ങളെയും, വ്യക്തികളെയും അവരാണ് തനിക്കേറ്റവും പ്രിയപ്പെട്ടവരെന്നു ധരിപ്പിക്കുവാൻ പോന്ന അതീവ ലാവണ്യമുള്ള സൗഹൃദങ്ങൾ സൃഷ്ടിക്കുവാനും സൂക്ഷിക്കുവാനും സിബിയച്ചനേ ആവൂ..
കണ്ടോ, ദുഃഖത്തെ ഉപാസിക്കുകയാണ് ഞാൻ.
എനിക്കറിയാം..
സ്നേഹാഞ്‌ജലി ..... സിബിയച്ചാ, സ്നേഹാഞ്ജലി..
Dr. Kunjamma George.2/09/2022.
MEDICAL DAIRY DR . KUNJAMMA GEORGE
ACCIDENT DEATH FR .SIBY VAZHAYIL