പൂക്കളും പൂവിളിയുമായി മനസ്സിന്റെ നടുമുറ്റത്തൊരു ബാല്യം പൂത്തുമ്പിയായ് പാറി പറക്കുന്നു . ഓണം മനസ്സിൽ നിറഞ്ഞുനിൽക്കാൻ ആഘോഷങ്ങൾ വേണമെന്നൊന്നുമില്ല . ഒരു മഷിത്തണ്ടിനും മായ്ക്കാൻ കഴിയാത്ത ഒരു പാട് നല്ല ഓർമ്മകൾ കൂടെയുണ്ടായാൽ മതി .
ജാതിയും മതങ്ങളും പിടി മുറുക്കും മുന്നേ ദേശത്തിന്റെ തന്നെ മുഴുവൻ ഐശ്വര്യമായി നിറഞ്ഞ സന്തോഷത്തിന്റെ മലയാളിയുടെ ഹൃദയമിടിപ്പായിത്തീർന്നിരുന്ന ആ ഓണ നാളുകൾ . സാധാരണ ജീവിതങ്ങളെ അസാധാരണമാക്കി നിറമേകുന്നതിൽ ആഘോഷങ്ങൾക്കുള്ള പങ്ക് ചെറുതൊന്നുമല്ല . കാലത്തിന്റെ മാറ്റങ്ങൾക്ക് വിധേയമാണെങ്കിൽ കൂടിയും ആഘോഷങ്ങൾ ഇന്നും നമ്മെയെല്ലാം ഇഴ ചേർത്തു നിർത്തുന്നു .
ചിങ്ങം പിറന്നാൽ പൂക്കൂടയുമായ് എത്തുന്ന തെയ്യോരന്റെ വഴികളിലേക്ക് നോക്കിയിരിക്കുന്ന ഓരോ കുഞ്ഞു കണ്ണുകളിലും പൂക്കളങ്ങൾ നൃത്തം വെക്കുന്നത് കാണാം . ഓരോ ദിവസത്തെയും പൂക്കളങ്ങളുടെ ഡിസൈൻ തീരുമാനിക്കലും അങ്ങേ തൊടിയിലേം ഇങ്ങേതൊടിയിലേം വേലിക്കലേം കുന്നത്തെയുമെല്ലാ പൂക്കളും സംഘടിപ്പിക്കൽ ബാലാവകാശങ്ങളായിരുന്നു . ഓണത്തുമ്പി പാറുന്ന മനസ്സിന്റെ നടുമുറ്റത്ത് തിമിർത്താടുന്നൊരൂഞ്ഞാൽ അങ്ങു ഉയരെ ബാല്യത്തിന്റെ ചെറു ചില്ലകളിൽ തൊട്ടുണരുന്നു .
നാട്ടുവഴിയിലെ 'ഹോയ് ഹോയ് ' വിളിയുടെ താളത്തിൽ വേലായുധന്റെയും ചക്കന്റെയും തോളിൽ തൂങ്ങി യാത്ര തുടങ്ങുന്ന നേന്ത്രവാഴക്കുലകൾ പൂത്തു നിൽക്കുന്ന പൂക്കളെ പോലെ തന്നെ നിറവിളകളുടെ പ്രതീകവും . അത്തം പിറന്നെന്ന വിളിച്ചോതലുകൾ പത്തായത്തിൽ പൊതിഞ്ഞ പുകമണമോടെ ഒളിഞ്ഞിരിക്കുന്ന കുലകളിൽ അമ്മയറിയാതെയുള്ള ഒളിഞ്ഞു നോട്ടങ്ങൾ .
അമ്മ മണമുള്ള അടുക്കളപുണ്യത്തിൽ തൂശനിലയിൽ നിരക്കുന്ന പൂക്കളങ്ങളെ വെല്ലാനെന്നോണം അവിയലും എരിശ്ശേരിയും കാളനും ഓലനും സാമ്പാറും വറവുകളും റെഡിമെയ്ഡ് യുഗത്തിലേക്കുള്ള കാലത്തിന്റെ അതിവേഗ പ്രയാണത്തിലെ അടയാളപ്പെടുത്തലുകളായി ഇന്നും മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു .
ജാതിയോ മതമോ വേലികൾ തീർക്കാത്ത കുന്നിൽ പുറത്തെ തുമ്പിതുള്ളൽ , കൈകൊട്ടിക്കളിയുടെ മറക്കാനാകാതെ ഇന്നും ഹൃദയത്തിൽ അലയടിക്കുന്നൊരാ താളങ്ങൾ മായാൻ മടിക്കുന്ന ഭൂതകാലത്തിന്റെ നിറപുത്തരി കാഴ്ചകൾ .
ഓണം പൂവിളിയാണ്.......
ഓണം പൂപ്പാട്ടുകളാണ്......
ഓണം പുതു വസ്ത്രമാണ് ......
ഓണം ഓർമ്മകളുടെ നിലാപെയ്ത്താണ് ...
തിരക്കേറിയ നഗര ജീവിതത്തിലും ആ പൊന്നോർമ്മകളിൽ മനസ്സു നിറഞ്ഞു ഉല്ലസിക്കാനായ് ഇന്നിന്റെ പ്രവാസി മലയാളികൾ ഓണം നെഞ്ചേറ്റുന്നു .
അത്തം പത്തോണമായ പഴയ നാട്ടുവഴികളിലെ തുമ്പയോടും മുക്കുറ്റിയോടും തെച്ചിയോടും കണ്ണാന്തളിയോടും കുശലം പറഞ്ഞ് പ്രവാസി മലയാളികൾ ഞങ്ങൾ നഗരത്തിന്റെ നാലകത്ത് മാസങ്ങളോളം ഓണപൂവിടുന്നു , ഓണക്കളികൾ കളിക്കുന്നു , ആർപ്പുവിളിച്ചു ഓണസദ്യയുടെ തൂശനിലകളിൽ മനസ്സ് നിറക്കുന്നു .
തനിമയുടെ മാറ്റ് കൂട്ടാൻ സെറ്റ് മുണ്ടുകളും സാരികളുടെയും കണ്ണഞ്ചിക്കുന്ന വേഷപകർച്ചകളിൽ ഓണം തിളങ്ങി നിൽക്കുന്നു .
എന്റെ ആഘോഷം നമ്മുടെ ആഘോഷമാകുന്നിടത്ത് ആഘോഷങ്ങൾ ഉത്സവങ്ങളായി തീരുന്ന മായാ നഗരത്തിന്റെ ഒരിക്കലും മായാത്ത പൊലിമയിൽ മിഴിഞ്ഞ വട്ടക്കണ്ണിൽ ഒരു പൊന്നോണ പൂക്കളം വിരിയിച്ച് ഒരു പാവാടക്കാരി പൂക്കൂട വീശി നിൽപ്പുണ്ട് മനസ്സിന്റെ നാട്ടുവഴികളിൽ.........
#onam festival