അത്രയൊന്നും നീങ്ങിപ്പോകാതെ മുരളുന്ന ദിവസങ്ങൾ ... നമ്മെത്തേടി എത്തുന്ന ചില വിളികളുണ്ട് . അകലത്തിൽ ഇരുന്നാലും അടുത്താണെന്നു തോന്നിക്കുന്ന ചില ബന്ധങ്ങൾ . വായിച്ച , പിന്നെയും വായിക്കാൻ തോന്നുന്ന
പുസ്തകങ്ങളുടെ മണമുള്ള ചിലർ . അപ്രതീക്ഷിതമായി ജീവിതത്തിലേയ്ക്ക് കടന്നുവരുന്നവർ..
ആയിരം ജന്മങ്ങളുടെ അടുപ്പം തോന്നിപ്പിക്കുന്ന ചില പരിയപ്പെടലുകൾ..
അങ്ങനെ ഒരാൾ , അതാണ് മീന എനിക്ക് . വളരെ വിരളമായേ നേരിൽ കാണാൻ സാധിക്കാറുള്ളു .
അവൾക്ക് ഒരുപാട് പണിയുണ്ട്, അസുഖങ്ങളുള്ള ഭർത്താവ് , വീടുപണി , പിന്നെ പറമ്പിലെ അല്ലറ ചില്ലറ കൃഷിയും മറ്റും .
എന്നാലും ഒരു ആത്മബന്ധം , പണ്ടേതോ ജന്മത്തില്‍ കണ്ടുമുട്ടിപ്പിരിഞ്ഞതാണെന്ന തോന്നലുകൾ..
ഒരു ഫോൺവിളിയിൽ സന്തോഷം പകരുന്നവൾ .
കഴിഞ്ഞ രണ്ടു വർഷത്തെ ഓണം കോവിഡ് കൊണ്ടുപോയി . ഈ വർഷം കുട്ടികൾ വരുന്നില്ല. ഞങ്ങൾ മാത്രം ആണെങ്കിലും ഒന്ന് ആഘോഷിക്കാനാഗ്രഹം എന്ന് മീന പറഞ്ഞപ്പോൾ ഒരു ഓണക്കോടി ആ സ്നേഹത്തിനു സമ്മാനിക്കാൻ തോന്നി .
കടയിൽപോയി വാങ്ങിയാൽ , പിന്നെ അത് പൊതിഞ്ഞയക്കാനൊക്കെ ബുദ്ധിമുട്ടാണ് .
ഓൺലൈൻ കടകളിൽ പരതി . അപ്പോഴാണ് ഒരു സംശയം ,
ഇനി അവൾക്ക് ഇഷ്ടപ്പെടാത്ത നിറം വല്ലതും ഉണ്ടെങ്കിലോ ?
" മീനയ്ക്ക് ഏതു നിറമാണ് ഇഷ്ടം ?
" മഴവില്ലിന്റെ ഏഴു നിറങ്ങളും എനിക്ക് ഇഷ്ടം "
" എന്നാലും കൂടുതൽ ഇഷ്ടം "
" നീല നിറം "
കാര്യം പിന്നെ എളുപ്പമായി .
മനസ്സിന് പിടിച്ചത് കണ്ടു പിടിക്കാൻ രണ്ടു ദിവസമെടുത്തു .
അപ്പോഴാണ് പോസ്റ്റ് ചെയ്യാനുള്ള അഡ്രസ്സ് അറിയില്ല എന്നോർത്തത് .
"സർപ്രൈസ് ചെയ്യാൻ ഇനി സാധിക്കില്ല .
അഡ്രസ് ആരാഞ്ഞപ്പോൾ എന്തിനാണ് എന്നായി ചോദ്യം .
" ഒരു ഓണക്കോടി അയക്കാൻ "
" ഞാൻ അല്ലേ ചേച്ചിക്ക് ഓണക്കോടി തരേണ്ടത് "
" അത് കുഴപ്പമില്ല "
അതിരിക്കട്ടെ എന്താ അങ്ങനെ ഒരു തോന്നൽ , ഓണക്കോടി വാങ്ങി തരണമെന്ന് .
" ബികോസ് ഐ ലവ് യു "
പെട്ടെന്ന് അങ്ങനെ പറയാൻ ആണ് തോന്നിയത് .
അത് ഒരു ഭംഗി വാക്കായി പറഞ്ഞതല്ല .
സത്യമായിരുന്നു ആ വാചകം .
പെട്ടെന്ന് അവൾ നിശ്ശബ്ദയായി , ഉച്ചത്തിൽ ഒരു തേങ്ങൽ മാത്രം എന്റെ കാതുകളിൽ
ഞാൻ പറഞ്ഞത് അവളെ വേദനിപ്പിച്ചോ എന്ന് പേടിച്ച ഒരു നിമിഷം .
അബദ്ധം ആണോ പറഞ്ഞത് ?
" ഞാൻ പറഞ്ഞത് തെറ്റായിപ്പോയോ ?"
"അല്ലാ , സന്തോഷം കൊണ്ടാണ് .
അത് കേട്ടപ്പോൾ ആശ്വാസമായി .
കുറച്ചു സമയത്തിനു ശേഷം അടഞ്ഞ ശബ്ദത്തിൽ ഒരു വോയ്സ് മെയിൽ .
" എനിക്ക് സന്തോഷം അടക്കാൻ സാധിക്കാതെ കരഞ്ഞതാണ് .
ജീവിതത്തിൽ ആദ്യമായാണ് , ഒരാൾ എന്നോട് ഇങ്ങനെ പറയുന്നത് . ഒരുപാട് സന്തോഷം ചേച്ചീ ,
സമ്മാനത്തിന് മേലേ എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞതാണ് ....
വാക്കുകൾ മുറിയുന്നുണ്ടായിരുന്നു .
അപ്പോൾ നിറഞ്ഞത് എന്റെ കണ്ണുകളായിരിന്നു .
വരണ്ട ഭൂമിയിലേക്ക് , അതിനെ നനച്ചു കൊണ്ട് ആർത്തിരമ്പി വരുന്ന ഒരു മഴയുണ്ട് .
അതു പോലെ ഏകാന്തതയെ നനച്ചുകൊണ്ടു സ്നേഹത്തിന്റെ വേരുകൾ ആഴത്തിൽ ഇറക്കി ശിഖരങ്ങളിൽ പൂക്കൾ വിരിയിക്കുന്നവർ .
ഓണപ്പൂക്കളം ഇടാൻ ഈ പൂക്കൾ ധാരാളം , അത് സ്നേഹത്താൽ പരസ്പരബന്ധിതമാർന്ന് വിടരുമ്പോൾ നമ്മുടെ പൂക്കളങ്ങൾക്ക് ഭംഗി കൂടും .
ഹാപ്പി ഓണം ഏവർക്കും ..!
HAPPY ONAM EVERYBODY ! PUSHPAMMA CHANDY - ONAMETHUMPOL