ക്രിസ്ത്യൻ വിശ്വാസപ്രകാരം യേശുവിന്റെ മാതാവാണ് വിശുദ്ധ മറിയം , ആ വിശുദ്ധ മാതാവിന്റെ പിറവിത്തിരുന്നാൾ സെപ്റ്റംബർ എട്ടിനാണ് ആഘോഷിക്കുന്നത് , പരിശുദ്ധ കന്യാമറിയത്തിന്‍റെ പിറവിത്തിരുന്നാളിനു മുന്‍പ് , സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴുവരെ ആചരിക്കുന്ന നോമ്പാണ് എട്ടുനോമ്പ്. ഉപവാസവും പ്രാര്‍ത്ഥനയുമാണ് എട്ടു നോമ്പ് പെരുന്നാളിന്‍റെ പ്രധാന ചടങ്ങുകള്‍.
എട്ടുനോമ്പിന്റെ ആരംഭത്തിനുപിന്നിൽ ഒരു ചരിത്രമുണ്ട്.
ടിപ്പുവിന്റെ പടയോട്ടകാലത്ത് അമുസ്ലീങ്ങളായവർ ആക്രമിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. മലബാർ ടിപ്പു കീഴടക്കിയപ്പോൾ ഉണ്ടായ മതമർദ്ദനം സഹിക്കാനാവാതെ ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ ഒട്ടേറെ കുടുംബങ്ങൾ തിരുവിതാംകൂറിൽ അഭയം തേടി. ടിപ്പുവിന് തിരുവിതാംകൂറിനോട് ശത്രുത ഉണ്ടാവാൻ ഇതു കാരണമായി എന്നു പറയപ്പെടുന്നു. 1789-ൽ തിരുവിതാംകൂർ കീഴടക്കുക എന്ന ലക്ഷ്യത്തോടെ ടിപ്പു പടപ്പുറപ്പാടു നടത്തി. വിവരം അറിഞ്ഞ തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികൾ ദേവാലയങ്ങളിൽ ഒരുമിച്ചുകൂടുകയും ടിപ്പുവിന്റെ ആക്രമണത്തിൽനിന്നും തങ്ങളെ രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. ടിപ്പുവിന്റെ സൈന്യം; കീഴടക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളുടെ മാനം കവരുന്ന കാര്യത്തിൽ കുപ്രസിദ്ധി നേടിയിരുന്നു. കൊടുങ്ങല്ലൂർ കോട്ടയും, ആയ്ക്കോട്ടയും, ആലങ്ങാടും, പറവൂരും കീഴടക്കി മൈസൂർ സൈന്യം ആലുവാപ്പുഴ വരെ എത്തി. ഈ വിവരം അറിഞ്ഞ സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കപ്പെടുന്നതിനായി പരിശുദ്ധമാതാവിന്റെ പ്രത്യേക മാധ്യസ്ഥം യാചിച്ചു കൊണ്ട് കഠിനമായി ഉപവാസം അനുഷ്ഠിക്കാൻ തുടങ്ങി. ഈ സമയത്ത് കാലവർഷം ശക്തമാവുകയും പെരിയാർ കരകവിഞ്ഞൊഴുകുകയും ചെയ്തു. ഇത് ടിപ്പുവിന്റെ സൈനികനീക്കത്തെ തടഞ്ഞു. തുടർന്ന് മടങ്ങിപ്പോയ ടിപ്പു ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടതോടെ തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾക്ക് ആശ്വാസമായി.
പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയിൽ തങ്ങൾക്കു ലഭിച്ച പ്രത്യേക അനുഗ്രഹത്തിന്റെ സ്മരണയ്ക്കായി അന്നുമുതൽ എട്ടു നോമ്പ് അനുഷ്ഠിക്കുന്നത് സുറിയാനി ക്രൈസ്തവരുടെ പതിവായിതീർന്നു. കത്തോലിക്കാ, യാക്കോബായ ഭേദമില്ലാതെ ഇന്നും സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ എട്ടു നോമ്പ് അതീവ ഭക്തി പുരസരം അനുഷ്ഠിച്ചു പോരുന്നു. സുറിയാനി ക്രൈസ്തവ സ്ത്രീകൾ ഈ നോമ്പിനു നൽകുന്ന പ്രാധാന്യം ഇതിന്റെ ചരിത്രപരതയോട് ചേർന്നു നിൽക്കുന്നു.
ഓർമ്മ വെച്ചനാൾമുതൽ ഞാൻ അമ്മയുടെ ഭക്തയാണ് , അതിനാൽ ചെറുപ്പകാലത്തെ എട്ടുനോയമ്പു ആചരണം , മണർകാട് പള്ളിയിൽ മുടങ്ങാതെ പോയിട്ടായാരിന്നു , അതിനു ശേഷം Franfurt Liebfrauen പള്ളി , ഇപ്പോൾ വർഷങ്ങളായി ചെന്നൈ ബസന്ത് നഗർ , വേളാങ്കണ്ണി പള്ളി ( കഴിഞ്ഞ രണ്ടു വർഷം അതിനു മുടക്കം വന്നത് വലിയ വിഷമം തന്നു ) എന്നിവിടങ്ങളിൽ ഞാനത് തുടർന്നു പോരുന്നു.
യേശുവിനേക്കാൾ കൂടുതൽ മാതാവിനെ സ്നേഹിക്കുന്നതു എന്താണെന്ന് ചോദിച്ചേക്കാം.
അമ്മയോട് നമുക്ക് എന്ത് വേണെമെങ്കിലും പറയാം , പ്രത്യേകിച്ചും ഒരു സ്ത്രീക്ക് .
നമ്മുടെ സങ്കടങ്ങൾ , ആവലാതികൾ , സന്തോഷങ്ങൾ , ആഗ്രഹങ്ങൾ എല്ലാമെല്ലാം.
കൂടാതെ ഒരു സ്ത്രീ എന്നനിലയിൽ എല്ലാ ജീവിതാവസ്ഥകളിൽ കൂടിയും വികാരങ്ങളിൽകൂടിയും കടന്നു പോയ ഒരു സ്ത്രീയാണല്ലോ വിശുദ്ധ മറിയം. വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടി മറിയ൦, വിവാഹത്തിന് മുൻപേ ഗർഭം ധരിക്കുക , വിശുദ്ധ ഔസേപ്പ് എത്ര ഉന്നതനായ മഹാത്മാവ് ആയിരുന്നുവെങ്കിലും, അദ്ദേഹം മറിയത്തെ സ്വീകരിച്ചാലും , ആ പെൺകുട്ടിയുടെ മനസ്സിൽ എത്ര വേദന അത് ഉളവാക്കിയിരിക്കും. അതൊരു അപമാനമായി തോന്നി ക്കാണില്ലേ ? ദൈവത്തിന്റെ അമ്മയാണെങ്കിലും മനുഷ്യസ്ത്രീ ആയിട്ടല്ലേ ജീവിച്ചത് ?
മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ് റോമാ ചക്രവർത്തി അഗസ്റ്റസിന്റ
സ്ഥിതിവിവരക്കണക്കെടുപ്പ് തുടങ്ങിയത്. ഇതുപ്രകാരം സെൻസസിൽ പേരുചേർക്കാൻ നസ്രത്തിൽ നിന്നും ഔസേപ്പ് പൂർണ്ണ ഗർഭിണിയായ മറിയത്തെയും കൂട്ടി തന്റെ പൂർവ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ ഭാര്യക്ക് ഒരു സത്രം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല , ആ സമയം ആ മാതാവ് എത്ര വേദനിച്ചിരിക്കും , അവസാനം ഇടയന്മാരുടെ സഹായത്തോടെ പുൽക്കൂട്ടിൽ പ്രസവം .
അമ്മയുടെ മടിത്തട്ടിൽ നിന്നുമാണ് കുഞ്ഞിന്റെ ലോകം ആരംഭിക്കുന്നത്. ഏതൊരു കാര്യവും കുഞ്ഞ് നേടുന്നത് അമ്മയിലൂടെ. അമ്മയാണ് കുഞ്ഞിന്റെ മധ്യസ്ഥ. അമ്മ പറയുന്നതാണ് സത്യവും നീതിയും. അമ്മയാണ് ഏറ്റവും വലിയ ഗുരുനാഥ. അവളാണ് സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അർപ്പണത്തിന്റെയും മാതൃക, യേശുവും അങ്ങനെ ആയിരിക്കില്ലേ?
ഒരര്‍ത്ഥത്തില്‍ യേശുവിനു മുപ്പതു വയസ്സാകുന്നവരെ ഉണ്ടായിരുന്ന സഹവാസം തന്റെ അമ്മയോട് കൂടെ ആയിരിക്കണം അങ്ങനെ ആയിരിക്കണം . ആദരവോടും സ്‌നേഹത്തോടും അലിവോടും കൂടി പെരുമാറാനുള്ള ആദ്യപാഠങ്ങള്‍ യേശു പഠിച്ചത് അമ്മയിൽ നിന്നായിരിക്കണം.
സുവിശേഷത്തില്‍ വിശുദ്ധ യോഹന്നാന്‍ പറയുന്നതനുസരിച്ച്, ജീവിതത്തില്‍ ഈശോ ആദ്യം പ്രവര്‍ത്തിച്ച അത്ഭുതം കാനായിലെ കല്യാണ വിരുന്നിലായിരുന്നു, സ്വന്തം 'അമ്മ ഒരു ആഗ്രഹം പറഞ്ഞാൽ അത് മകന് നിരസിക്കാൻ സാധിക്കുമോ ?
പക്ഷെ കാലം പോയപ്പോൾ ആ അമ്മയുടെ മനസ്സിലെ ആധിയും വർദ്ധി ച്ചിരിക്കും , കാരണം , ബേത്‌ലഹേമിൽ ജനിച്ച യേശു ഗലീലായിലെ നസ്രത്തിൽ മുപ്പതുവയസ്സുവരെ ഏറെ അറിയപ്പെടാത്തവനായി യൗസേപ്പിനും മറിയത്തിനും കീഴ്പ്പെട്ട് ജീവിച്ചു.
മുപ്പതു വയസ്സായപ്പോൾ യോർദ്ദാൻ നദിക്കരെ സ്നാപകയോഹന്നാനിൽ നിന്നു ജ്ഞാനസ്നാനം സ്വീകരിച്ചതോടെ തുടങ്ങിയ ഏതാണ്ട് മൂന്നു വർഷം നീണ്ടു നിന്ന അദ്ദേഹത്തിന്റെ പരസ്യജീവിതം, ഗലീലായിലും യൂദയായിലുമായി .
കിണറ്റരികിൽവെച്ച് യേശു ഒരു സ്‌ത്രീയോടു സംസാരിച്ച സന്ദർഭമെടുക്കുക. യോഹന്നാന്റെ സുവിശേഷവിവരണം പറയുന്നു: “ഒരു ശമര്യസ്‌ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു.” യഹൂദർക്കു പൊതുവേ ശമര്യക്കാരുമായി യാതൊരു സംസർഗവുമില്ലാതിരുന്നിട്ടും ആ ശമര്യസ്‌ത്രീയോടു പരസ്യമായി സംസാരിക്കാൻ യേശു സന്നദ്ധനായി. “പൊതുസ്ഥലത്തുവെച്ച് ഒരു സ്‌ത്രീയോടു സംസാരിക്കുന്നത് [യഹൂദർക്ക്] പ്രത്യേകിച്ചും അപകീർത്തികരമായിരുന്നു. അതിനെ പ്രതി ജനം സ്വന്തം മകനെ കുറിച്ച് അപവാദം പറഞ്ഞപ്പോൾ ആ അമ്മയുടെ മനസ്സ് വേദനിച്ചിരിക്കില്ലേ ?
അദ്ദേഹത്തിന്റെ പഠനങ്ങൾ യഹൂദമതത്തിന്റെ തത്വങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചതായിരുന്നെങ്കിലും, എല്ലാകാലവും പോലെ അന്നും മതനേതൃത്വത്തിന് രസിക്കുന്നതായിരുന്നില്ല ആ പഠനങ്ങളുടെ കാതൽ . കൂടാതെ യേശു യഹൂദരും റോമൻ അധികാരികളുമായി സംഘർഷത്തിനു കാരണമായേക്കും എന്നും യഹൂദനേതൃത്വം ഭയന്നു. ഒടുവിൽ മതനേതൃത്വം , റോമൻ അധികാരികൾ ജറൂസലേമിൽ വച്ച്, യഹൂദർ ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള അവരുടെ മോചനത്തിന്റെ ഓർമ്മ ആചരിക്കുന്ന പെസഹാക്കാലത്ത്, യേശുവിനെ കുരുശുമരണത്തിനു വിധിച്ചു . അപ്പോൾ
മറിയം എന്ന മാതാവ് എത്ര വേദനിച്ചിരിക്കും ...
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ യാത്രയാകുന്നത് എത്ര വേദനാജനകമാണ് എല്ലാ കാലത്തും . ഏതൊരു മാതാവിനും അത് താങ്ങാവുന്നതിനുമപ്പുറമാണല്ലോ...
അങ്ങനെ ഒരു സാധാരണ സ്ത്രീയുടെ ജീവിതം പോലെ, വേദനകൾ, സങ്കടങ്ങൾ , അപവാദങ്ങൾ , മാനസിക പീഡനങ്ങൾ , മകനെ പ്രതിയുള്ള ആകുലതകൾ എല്ലാം കൂടി ചേർന്ന ഒരു ജീവിതമായിരുന്നല്ലോ വിശുദ്ധ മാതാവിന്റേതും. നമ്മളെ മനസ്സിലാക്കാൻ ഈ അമ്മയ്ക്കല്ലേ സാധിക്കൂ .
അമ്മമാർ ജീവിച്ചിരിപ്പില്ലാത്തവർക്കു അമ്മേ എന്ന് വിളിച്ചു ആവലാതി പറയാൻ വേറെ ആരുണ്ട് ?
പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതത്തെക്കുറിച്ചു സുവിശേഷങ്ങളിൽ നിന്നും നമുക്കു ലഭിക്കുന്നത് വളരെ കുറച്ച് വിവരണങ്ങളാണ്.
സഭ മറിയത്തിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ സെപ്റ്റംബർ എട്ടിന് എല്ലാ അമ്മമാരെയും അവിടെ ഓർമ്മിക്കുന്നു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത് , മനസ്സിൽ അറിയാതെ ആ വാക്കുകൾ വരും .
അമ്മേ , ജന്മദിനാശംസകൾ ...!
PUSHPAMMA CHANDY # MOTHER OF MARY @ MANARCADU CHURCH FEAST