Read more: https://emalayalee.com/writer/236
ഒരിടത്തൊരു ധനാഢ്യനായ കച്ചവടക്കാരൻ ഉണ്ടായിരുന്നു. വലിയ വലിയ ബിസിനസ് ഡീലുകൾ സമർത്ഥമായി കൈകാര്യം ചെയ്യുന്ന ഒന്നാംതരം ഒരു വണിക്ക്. വളരെ വലിയ കമ്പനികളുടെ CEOമാർ അദ്ദേഹവുമായി കരാർ ഒപ്പിടാൻ ദിനേന അദ്ദേഹത്തിൻ്റെ ഓഫീസിൽ മുൻകൂട്ടി നിശ്ചയിച്ച ക്രമത്തിൽ വന്നു പോയിക്കൊണ്ടിരിക്കുന്നു. മറ്റു കമ്പനികളുടെ CEOമാർ എഴുതി കൊണ്ടുവരുന്ന കോൺട്രാക്റ്റുകളൊന്നും അദ്ദേഹം വായിച്ചു നോക്കാറില്ല. പകരം നിങ്ങൾ തന്നെ വായിക്കൂ; ഞാൻ കേട്ടോളാം. അങ്ങനെ അതിൽ സൈൻ ചെയ്യും. ഇതാണ് പതിവ്... ഇതിൽ പലർക്കും അദ്ഭുതം തോന്നി.
കോടികളുടെ ബിസിനസ് ഡീൽ സ്വന്തം കണ്ണുകൾ കൊണ്ട് കാണാതെ, ഒപ്പ് വെക്കുന്ന അദ്ദേഹത്തിൻ്റെ കാര്യത്തിൽ പലർക്കും പലവിധ ആശങ്കകളും ഉണ്ടായി. കുറച്ചൊക്കെ ആശങ്കകളും. ചിലരൊക്കെ ഈ ആശങ്ക അദ്ദേഹവുമായി പങ്കുവെക്കുകയും ചെയ്തു. അതിൽനിന്നൊക്കെ തന്ത്രപൂർവം പലപ്പോഴും അദ്ദേഹം ഒഴിഞ്ഞുമാറി. എന്നാൽ ഒരിക്കലും കരാർ വ്യവസ്ഥകൾ ലംഘിക്കുകയോ കരാറിൽനിന്ന് പിന്മാറുകയോ ഉണ്ടായില്ല.
ഒരു ദിവസം അദ്ദേഹത്തിൻ്റെ ഒരു നമ്പർ വൺ ക്ലയൻ്റ് അദ്ദേഹത്തോട് വളരെ ആത്മാർഥതയോടെ പറഞ്ഞു. സാർ ഈ പോക്ക് ശരിയല്ല കേട്ടോ. ഒരു ദിവസം നിങ്ങൾ കബളിപ്പിക്കപ്പെടും. സാർ സൂക്ഷിക്കണം. അദ്ദേഹം ചോദിച്ചു: How does it come!? സാർ, കോടികളുടെ കോൺട്രാക്റ്റ് വായിക്കുമ്പോൾ 5 ലക്ഷം എന്നെഴുതി ഞാൻ 5 കോടി എന്ന് വായിച്ചാൽ സാറിന് ഉണ്ടാവുന്ന നഷ്ടം എത്രയായിരിക്കും?
രണ്ടു കാര്യങ്ങളാണ് അതിന് ഉത്തരമായി അദ്ദേഹം പറഞ്ഞത്. ഒന്ന്, എങ്കിൽ നിങ്ങൾ ഒരു trustworthy ആവില്ലല്ലോ. ഒരു നല്ല ബിസിനസുകാരനും ആവില്ല. ബിസിനസിൻ്റെ ആത്മാവ് തന്നെ വിശ്വസ്തതയാണെന്ന് അറിയില്ലേ. മറ്റൊന്ന് നിങ്ങൾ വായിക്കുമ്പോൾ ഞാൻ നിങ്ങളുടെ മുഖഭാവം ശരിക്കും ശ്രദ്ധിക്കാറുണ്ട്. നിങ്ങളുടെ ഫേസ്റീഡിംഗ് മതി എനിക്ക്. Ok സാർ ശരി. You are an honourable businessman. I do respect your philosophy.
ആഴ്ചകൾക്കു ശേഷം അദ്ദേഹം അടുത്ത ഡീലുമായി വന്നു. സാമാന്യം വലിയ ഒരു കോൺട്രാക്റ്റ്. അത് വായിക്കുന്നതിനു മുമ്പായി അദ്ദേഹം പറഞ്ഞു. സാർ ഇത് എന്നത്തേക്കാളും വലിയ സംഖ്യക്കുള്ള കോൺട്രാക്റ്റാണ്. അങ്ങ് ഇത് വായിക്കുക തന്നെ വേണം. അപ്പോഴും അദ്ദേഹം പറഞ്ഞു. വേണ്ട നിങ്ങൾ വായിച്ചോളൂ, ഞാൻ കേൾക്കാം. അങ്ങനെ വായന നടന്നു... അദ്ദേഹം പറഞ്ഞു ഗുഡ്. ഞാൻ സൈൻ ചെയ്യാം. പക്ഷേ ഈ ഡീൽ നിങ്ങൾക്ക് പൂർത്തീകരിക്കാൻ ആവില്ല. സാർ എന്താണ് അങ്ങനെ പറഞ്ഞത്? പറയാം. ഇതിലെ second party ആയ താങ്കൾ ഈ കോൺട്രാക്റ്റനുനുസരിച്ച് tangible asset വളരെ വലുതും intangible asset സീറോയും ആണ്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഈ ഡീൽ പൂർത്തീകരിക്കാൻ ആവില്ല. എനിക്കാണെങ്കിൽ വലിയ ലാഭവും കിട്ടും.
സാർ... സെക്കൻ്റ് പാർട്ടി എഴുന്നേറ്റു നിന്ന് അദ്ദേഹത്തിന് ബിഗ് സല്യൂട്ട് കൊടുത്തു. അതെ, ഞാൻ എഴുതിയതിനു വിപരീതമാണ് വായിച്ചത് സാർ. എന്നിട്ടും സാർ എന്തേ ഈ കോൺട്രാക്റ്റ് സൈൻ ചെയ്യാൻ സമ്മതിച്ചത്... പറയാം. എനിക്കറിയാം താങ്കളുടെ മൊരാൽ അത്രമാത്രം ഉയർന്നതാണ്. Intangible അസറ്റ് ആയ താങ്കളുടെ ഗുഡ് വില്ലും മനസ്സിലാക്കിയിട്ടുണ്ട്. താങ്കളത് അവസാനം എന്നെക്കൊണ്ട് സൈൻ ചെയ്യിക്കില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.
ബിസിനസിൽ tangible asset എന്നാൽ കാണാൻ കഴിയുന്ന നിക്ഷേപങ്ങളാണ്. അഥവാ നിങ്ങളുടെ infrastructure and products which are quite important.
എന്നാൽ intangible asset എന്നത് physically കാണാൻ കഴിയാത്ത നിക്ഷേപമാണ്. അഥവാ നിങ്ങളുടെ സത്യസന്ധത, നിങ്ങൾ ഉണ്ടാക്കുന്ന വിശ്വസ്തത തുടങ്ങിയ goodwill ആണ് which are equally or more important. ബിസിനസ് നിലനിന്നുപോകാൻ ഏറ്റവും ആവശ്യം intangible asset തന്നെ.
ഏതായാലും നമ്മുടെ ബന്ധം ഒന്നുകൂടി ഊഷ്മളമായി കഴിഞ്ഞല്ലോ. ഇന്ന് എൻ്റെ കൂടെ ലഞ്ച് കഴിച്ചിട്ട് പോയാൽ മതി. ടോയ്ലറ്റ് കാണിച്ച് കൊടുത്ത് ഒന്ന് ഫ്രഷ് ആയിക്കൊള്ളൂ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മറ്റൊരാളുമായി ഫോണിൽ സംസാരിക്കാൻ തുടങ്ങി...
ഉച്ചയായപ്പോൾ ഇരുവരും ലഞ്ചിന് ഇരുന്നു. സെക്കൻ്റ് പാർട്ടിയുടെ മുഖഭാവം കണ്ട് അദ്ദേഹം ചോദിച്ചു. എന്താണ് ഇപ്പോഴും താങ്കൾ ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നത്? കച്ചവടത്തിൽ നഷ്ടഭയം ഉണ്ടോ? ഹേയ് ഒട്ടുമില്ല. ആശങ്ക അങ്ങയുടെ കാര്യത്തിലാണ്. ഒരാൾക്ക് വേണമെങ്കിൽ എന്നും എങ്ങനെയും അങ്ങയെ ചതിക്കാൻ കഴിഞ്ഞേക്കാം. അങ്ങയെപ്പോലെ മഹാനായ ഒരു ബിസിനസുകാരന് അങ്ങനെ ഒരു പര്യവസാനം ഉണ്ടാകാതിരിക്കട്ടെ. സാർ, നമ്മൾ ഇരുവരും ഇപ്പോൾ ക്ലോസ് ഫ്രണ്ട്സ് അല്ലെ. ഒരു ഗുണകാംക്ഷി എന്ന നിലക്ക് ഞാൻ പറയട്ടെ. ഇനി മുതൽ അങ്ങ് എഗ്രിമെൻ്റ് വായിക്കണം സാർ.
ഇതിന് അദ്ദേഹം പറഞ്ഞ മറുപടി കേട്ട് ഞെട്ടിത്തരിച്ചു ഇരുന്നു പോയി നമ്മുടെ സെക്കൻ്റ് പാർട്ടി. ഞാൻ എങ്ങനെ വായിക്കാനാണ്; എനിക്ക് എഴുത്തും വായനയും അറിഞ്ഞിട്ടു വേണ്ടെ ...
അദ്ദേഹത്തിൻ്റെ മറുപടി കേട്ട് സെക്കൻ്റ് പാർട്ടി ആപാദചൂടം കോരിത്തരിച്ചു പോയി... ദീർഘനേരത്തെ മൗനം. ശ്വാസം നേരെ വീണതിനു ശേഷം
ഇദ്ദേഹം അദ്ദേഹത്തോട് ചോദിച്ചു: സാർ ഇപ്പൊ തന്നെ ഒരു വലിയ ബിസിനസുകാരൻ ആയ അങ്ങേക്ക് അക്ഷരാഭ്യാസം കൂടി ഉണ്ടായിരുന്നെങ്കിൽ അങ്ങ് എവിടെ എത്തുമായിരുന്നു! ഈ ചോദ്യത്തിന് അദ്ദേഹം കൊടുത്ത മറുപടി അത്യന്തം ചിന്തോദ്ദീപകവും ആശ്ചര്യകരവും ആയിരുന്നു: "ഞാൻ എവിടെയും എത്തുമായിരുന്നില്ല, ആ പഴയ കപ്പിയാർ തന്നെ ആവുമായിരുന്നു".
ഇനിയാണ് കപ്പിയാർ പുരാണം പറയേണ്ടത്. ഈ ധനാഢ്യൻ യഥാർത്ഥത്തിൽ ഒരു ചർച്ചിൽ കപ്പിയാര് ആയി ജോലി ചെയ്യുകയായിരുന്നു. ആയിടക്കാണ് ആ ചർച്ചിലെ ബിഷപ്പ് റിട്ടയർ ചെയ്യുന്നത്. പുതുതായി ചാർജെടുത്ത ബിഷപ്പ് കുറച്ച് കണിശക്കാരനും ഒരുതരം ഏകാധിപതിയുമായിരുന്നു. അദ്ദേഹം തൻ്റെ കീഴുദ്യോഗസ്ഥരെയൊക്കെ പരിശോധനക്ക് വിധേയരാക്കി. എല്ലാവരുടെയും വിദ്യാഭ്യാസ നിലവാരവും കഴിവുമൊക്കെ പരിശോധിച്ചു. അപ്പോഴാണ് അറിയുന്നത് കപ്പിയാർ ഒട്ടും വിദ്യാഭ്യാസമില്ലാത്ത, അക്ഷരാഭ്യാസം പോലും ഇല്ലാത്ത ആളാണെന്ന്. ഉടനെ സാക്ഷരത കൈവരിക്കാൻ ആവശ്യപ്പെട്ട ബിഷപ്പ് കപ്പിയാർക്ക് നോട്ടീസ് കൊടുത്തു. ഈ നോട്ടീസ് പീരിയഡിൽ സാക്ഷരത കൈവരിച്ചു വരണം,
ഇല്ലെങ്കിൽ ജോലിയിൽനിന്ന് പിരിച്ചുവിടും എന്ന താക്കീതും.
നിർഭാഗ്യവശാൽ പാവം കപ്പിയാർക്ക് നോട്ടീസ് കാലത്ത് സാക്ഷരത കൈവരിക്കുന്നതിന് സാധിച്ചില്ല. പിന്നെ സംഭവിക്കുക എന്താണെന്ന് ഊഹിക്കാമല്ലോ.
ജോലിയിൽനിന്ന് terminate ചെയ്യപ്പെടുമ്പോൾ കിട്ടിയ സർവീസ് benefit കൊണ്ട് അദ്ദേഹം ചെറിയ ഒരു പെട്ടിക്കട തുടങ്ങി... ഉർവശിശാപം ഉപകാരം. അദ്ദേഹം അടിവച്ചടിവച്ച് മുകളിലോട്ട് കയറി. പിന്നെ താഴോട്ട് നോക്കിയിട്ടേയില്ല. "ഇപ്പൾത്തെ പടച്ചോൻ അപ്പൾക്കപ്പം" എന്ന് കേട്ടിട്ടില്ലേ. പണ്ടത്തെ പടച്ചോനോ പിന്നെപ്പിന്നെ എന്നും!!!