ജോൺ ഡണ്ണിന്റെ " Death be not Proud" കവിത ഓർമ്മവരുന്നു. മരണം ഒരു ഉറക്കം മാത്രം. ഒപിയം പോലെയുള്ള പല മരുന്നുകൾക്കും നമ്മളെ ഉറക്കാൻ ആകും. ഉറക്കം കഴിഞ്ഞു നാം ഉണർന്നെഴുനെൽക്കയും ചെയ്യും. അപ്പോൾ ഉറക്കവും മരണം പോലെ എന്നാണ് കവി സമർത്ഥിക്കുന്നത്. ഏതു മതത്തിൽ ആയാലും രണ്ടാം ജന്മത്തെപറ്റി പറയുന്നു. മരണത്തിനു, ഉറക്കം പോലെ ഒരു ഉയര്തെഴുനെൽപുണ്ട്. അത് കൊണ്ട് മരണം അഹങ്കരിക്കേണ്ട..
മരണം അനിശ്ചിതവും സുനിശ്ചിതവുമാണ്. നമ്മളെ പിരിയാത്ത രണ്ടു പേർ മാത്രം, മരണവും, നമ്മുടെ നിഴലും. രണ്ടും അവസാനം വരെ കൂട്ടിനുണ്ടാകും. ഞാൻ പറഞ്ഞു വരുന്നത് നമ്മുടെ ഒക്കെ പ്രിയങ്കരൻ ആയിരുന്ന റജി ചെറിയനെപ്പറ്റി. ഇന്ന് അദ്ദേഹത്തിന്റെ മൂന്നാം മരണ വാർഷികം. ഫോമ എന്ന സംഘടനെപ്പറ്റി കേൾക്കുന്ന ഏവർക്കും റെജിയെപ്പറ്റി ചിന്തിക്കാതെ കടന്നുപോകാൻ ആകില്ല. അറ്റ്ലാന്റയിലെ അമ്മ അസോസിയേഷന്റെ സ്ഥാപകൻ കൂടിയാണദ്ദേഹം.
ഒരിക്കൽ ഞാൻ മത്സരിച്ചപ്പോൾ, ചിലരെ എനിക്ക് പരിചയമുണ്ടായിരുന്നില്ല. ലിസ്റ്റ് എടുത്തു വിളിക്കുന്നതിന് മുൻപായി റെജിയെ ഞാൻ വിളിക്കാറുണ്ടായിരുന്നു. അവരെ ഒക്കെപറ്റി കൃത്യമായ ഒരു വിവരണം എനിക്കദ്ദേഹം പങ്കിട്ടിരുന്നു. എപ്പോൾ വിളിക്കണം, വിളിച്ചാൽ അവർ ഓരോരുത്തരും എങ്ങനെ പ്രതികരിക്കും. അതൊക്കെ ഒരു പരിധിവരെയും ശരിയായിരുന്നു. ഫോമയിൽ ഇത്ര സ്വാഹൃദങ്ങൾ സൂക്ഷിച്ചിരുന്ന വേറൊരാൾ ഉണ്ടായിരുന്നില്ല.
എനിക്കും കുടുംബത്തിനും അദ്ദഹത്തെ ഓർക്കാൻ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യ൦ ഇല്ല. എന്റെ വീട്ടിൽ വന്നു താമസിച്ചിട്ടുള്ള ചുരുക്കം ചില സുഹൃത്തുകളിൽ ഒരാൾ. മൂന്ന് പ്രാവശ്യ൦ എന്നോടോപ്പും ഉണ്ടായിരുന്നു.
റെജി ചെറിയാൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് മൂന്നു വര്ഷം തികയുന്നു. നമ്മുടെ മുന്പോട്ടുള്ള പ്രയാണത്തിൽ നമുക്ക് ഓർമ്മിക്കാൻ എവിടെ സമയം? രാവിലേ അദ്ദേഹ൦ ജിമ്മിൽ പോകുമ്പോളായിരുന്നു എന്നെ വിളിക്കാറ്. സംസാരം ഒരുമണിക്കൂറോളം നീളും. മിക്കപ്പോഴു൦ ഫോമയെപ്പറ്റിയും, വരാൻപോകുന്ന ഇലെക്ഷൻ, മത്സരിക്കുന്ന വ്യക്തികൾ, അവരുടെ ഒക്കെ വിജയസാദ്ധ്യതകൾ, റെജി മത്സരിക്കാൻ പോകുന്ന സ്ഥാനത്തെപ്പറ്റി, അസ്സോസിയേഷനുകളിൽ അദ്ദേഹത്തിനുള്ള സ്വാധീനത്തെപ്പറ്റി, വിശ്വസിക്കാൻ പറ്റുന്ന ഡെലിഗേറ്റസിനെപ്പറ്റിയൊക്കെ സംസാരത്തിൽ ഇടം പിടിക്കാറുണ്ട്.
നമ്മെ വിട്ടു പോകുമ്പോൾ എലെക്ഷനിൽ അദ്ദേഹം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ഞാൻ മത്സരിച്ചു പരാജയപ്പെട്ട വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്, എന്റെ നിർദ്ദേശപ്രകാരമാണ് മത്സരിക്കാൻ തയ്യാറായതും. വിളിക്കാത്ത ഒറ്റ ദിവസം പോലും ഉണ്ടെന്നു തോന്നുന്നില്ല. ഓരു വോട്ടിന്റെ പരാജയം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.
മരിച്ചു എന്നെഴുതാൻ എനിക്ക് കഴിയുന്നില്ല, അതാണ് മറ്റൊരു പദമായ " വിട്ടു പോയി " എന്ന വാക്കുപയോഗിക്കുന്നത്. അദ്ദേഹം എനിക്ക് സഹോദരതുല്യനായിരുന്നു. അവസാന കണ്ടുമുട്ടൽ എന്റെ മകന്റെ വിവാഹത്തിന്. വിവാഹത്തിന് ക്ഷണിച്ചതിനു ശേഷം, വരുമോ എന്ന എന്റെ ചോദ്യത്തിന് മറുപടിയായി, ചെറിയച്ഛന്റെ മകന്റെ വിവാഹത്തിന് വന്നില്ലെങ്കിൽ പിന്നെ മറ്റാരുടെ വിവാഹത്തിന് പോകും.
സ്നേഹം കൂടുമ്പോൾ സാമച്ചായ വിളിക്കപ്പുറം ചെറിയാച്ച വിളി ഇപ്പോഴു൦ കാതിൽ മുഴങ്ങുന്നു. എന്നെ കിട്ടാതെ വരുമ്പോൾ ഇടുന്ന വോയിസ് മെസ്സേജുകൾ ഇടക്കിടെ കേൾക്കാറുണ്ട്. ഒരിക്കൽ മധു കൊട്ടാരക്കര ഗാർഡൻ വീഡിയോ എടുക്കാൻ വന്നപ്പോൾ എന്നെ കേൾപ്പിച്ച റെജിയുടെ മെസ്സേജുകളും കാതിൽ മുഴങ്ങുന്നു. 9/ 11 ന്റെ ഓർമയിൽ റെജിയുടെ ഓർമ്മകൾ മുങ്ങിപോകാൻ ഞാൻ അനുവദിക്കില്ല.
ഇലക്ഷനുമായി ബന്ധപെട്ടു റെജി രണ്ടു നാൾ എന്നോടൊപ്പം ഉണ്ടായിരുന്നതും ഇവിടെ കൂട്ടി വായിക്കുന്നു. രണ്ടാം ദിനം ചാമത്തിലും, വിൻസെന്റ് ബോസും ഇവിടെ ഉണ്ടായിരുന്നതും മറക്കാൻ ആവില്ല. ആ ദിനങ്ങളിൽ എന്റെ ഭാര്യ നാട്ടിൽ പോയതിനാൽ ഭക്ഷണത്തിന്റെ കാര്യം അവതാളത്തിലായി. നിഷത്തിനുള്ളിൽ എനിക്കിഷ്ടമുള്ള ഭക്ഷണം റെജി ഉണ്ടാക്കി തന്നു. റെജി നന്നായി കൂക്ക് ചെയ്യും. എന്റെ മുഖത്തു നോക്കിത്തന്നെ മൂർച്ചയുള്ള കത്തി കൊണ്ട് സവോള ഉള്ളി അരിയുന്നതും മറക്കാൻ ആകില്ല. റജി ശുണ്ഠിക്കാരൻ ആയിരുന്നു. പലപ്പോഴു൦ കലഹിച്ചിട്ടുണ്ട്. ഒരിക്കലും പിണങ്ങിയിട്ടു ഞാൻ തിരിച്ചു വിളിച്ചിട്ടില്ല. രണ്ടു മൂന്ന് ദിനം കഴിയുമ്പോൾ ചെറിയാച്ച വിളിയുമായി വീണ്ടു വരും. പാവമായിരുന്നു. സ്നേഹിക്കാൻ മാത്രമേ അറിയു. ഫോമയുടെ അംഗങ്ങളും, തിരക്കിൽ നേതാക്കളും റെജിയെ മറക്കാം. എനിക്കതാവില്ല. ഞാൻ വിടപറയുന്നതു വരെ എന്റെ മനസ്സിൽ ഉണ്ടാകും.
കപടതയില്ലാത്ത, ആത്മാർത്ഥതയുള്ള, അത് പോലെയുള്ള ഏതോ വാക്കിന്റെ പര്യായമായി തന്നെ റെജി അവിടെ ഉണ്ടാകാം.
റെജിക്ക് അശ്രുപൂജ.
NEWS SUMMARY: REJI CHERIAYAN DEATH