Read more: https://emalayalee.com/writer/225
130
ചൊവ്വാഴ്ചകള്‍
ഒരിടയ്ക്ക് അച്ഛാ മാത്രമായിരുന്നു എന്റെ എഴുത്തുകളിലെല്ലാം. അച്ഛായെക്കുറിച്ച് എത്രയെഴുതിയാലും തീരാത്തതുപോലെ തോന്നിയിരുന്നു. എന്റെ കണ്ണിലൂടെ നോക്കുമ്പോള്‍, ഈ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനായിരുന്നു എന്റെ അച്ഛാ. അച്ഛായുടെ പതിനാറാമത്തെ മരണദിനത്തിലാണ് എന്റെ കൊച്ചുമകന് പിറന്നത്. ആ ദിവസം ഓപ്പറേഷന് ഫിക്സ് ചെയ്തിരുന്നെങ്കിലും അന്നുതന്നെ ജനിക്കാന്‍ അവനും തയ്യാറെടുത്തിരുന്നു! ഒരു 'അച്ഛാക്കുഞ്ഞു' പിറന്നതിന്റെ സന്തോഷം വളരെ വലുതാണ്. എല്ലാവിധ അപകടങ്ങളില്‍നിന്നും അസുഖങ്ങളില്‍നിന്നും അച്ഛാ അവനെ കാത്തുകൊള്ളുമെന്നു വിശ്വസിക്കുന്നു.
'ചൊവ്വാദോഷം' എന്നു കേട്ടിട്ടുണ്ടെങ്കിലും അതിനോടു പൊരുത്തപ്പെടാത്തതുകൊണ്ട് എന്താണു ദോഷമെന്ന് അന്വേഷിച്ചിട്ടില്ല. അതെന്തായാലും ചൊവ്വാഴ്ച എനിക്കു പ്രിയപ്പെട്ട ദിവസമാണ്. 'നാളെ വേണ്ട കേട്ടോ, കറുത്തവാവാണ്' എന്നു ഗ്രേസിച്ചേച്ചി പറഞ്ഞതിന്റെ പിറ്റേന്ന്, ചൊവ്വാഴ്ചതന്നെ എനിക്ക് ആദ്യത്തെ കുഞ്ഞുവാവ പിറന്നു. എന്റെ കൊച്ചുമകന് പിറന്നതും ഒരു ചൊവ്വാഴ്ചതന്നെ!
പല ജോലികളിലും എന്റെ അവധിദിവസങ്ങള്‍ ചൊവ്വാഴ്ചകളായിരുന്നു. ഒരു ബിസിനസ് തുടങ്ങിയപ്പോഴും ചൊവ്വാഴ്ച അവധിദിനമായി. ചുരുക്കത്തില്‍, ചൊവ്വാഴ്ചകളോട് പ്രത്യേകമമത ഉള്ളിന്റെയുള്ളില്‍ കടന്നുകൂടിയിട്ടു കൊല്ലങ്ങള്‍ പലതായി!
131
ആല്മ
ആല്മ ഞങ്ങളുടെയൊക്കെ മനസ്സുകളിലേക്കു നടന്നുകയറുകയായിരുന്നില്ല; ഓടിക്കയറുകയായിരുന്നു! നോയലിന്റെയുള്ളില് മാത്രമല്ല, എന്റെ പെണ്മക്കളുടെയും കൊച്ചുമകന്റെയും മനസ്സുകളില്‍ ഇടംനേടിക്കഴിഞ്ഞു, ആല്മ എന്ന പെണ്‍കുട്ടി.
ജാതിയോ മതമോ നിറമോ ഭാഷയോ നാടോ ഒന്നും നല്ലൊരു പാര്‍ട്ണറെ കണ്ടുപിടിക്കുന്നതിനു വിലങ്ങുതടികളാകരുതെന്നുതന്നെയായിരുന്നു എന്റെയും അഭിപ്രായം. എന്നാല്‍ തോമാ കണ്ടുപിടിക്കുന്ന പെണ്‍കുട്ടി എന്നെ 'അമ്മ' എന്നു വിളിക്കുന്ന, സാമ്പാറിഷ്ടപ്പെടുന്ന ഒരാളായിരിക്കുമെന്നു സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല!
കുഞ്ഞുന്നാളില്‍, കഷണങ്ങളില്ലാത്ത സാമ്പാറായിരുന്നത്രേ എന്റെ ഇഷ്ടവിഭവം! കഴിഞ്ഞ ദിവസം ആലീസ്ചേച്ചി ഫോണ്‍ വിളിച്ചപ്പോള്‍ അതു പറയുകയും ചെയ്തു. ഞാന്‍ ഒന്നിലോ രണ്ടിലോ പഠിക്കുന്ന സമയത്താണ് അനിച്ചാച്ചന്‍ ആലീസ്ചേച്ചിയെ കല്യാണംകഴിച്ചു കൊണ്ടുവന്നത്. ഇപ്പോഴും കൂട്ടുകാരൊക്കെ വിളിക്കുമ്പോള്‍, 'ആശച്ചേച്ചി'യുടെ കാര്യം ചോദിക്കും. അന്നൊക്കെ 'ആലീസ്ചേച്ചി'യെന്ന് അണായ്ക്ക് എട്ടുവച്ചു പറയുമ്പോള്‍ 'ആശച്ചേച്ചി'യെന്നാണത്രേ, എല്ലാവരും കേട്ടിരുന്നത്!
എന്തായാലും കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് അന്യംനിന്നുപോയ, കഷണങ്ങളില്ലാത്ത സാമ്പാര്‍ അങ്ങനെ വീണ്ടും ക്ലച്ചുപിടിച്ചു!
പിന്നെ, ഞാനില്ലാതായാലും മലയാളം വായിക്കാനറിയാത്ത എന്റെ മക്കള്‍ക്ക് എപ്പോഴെങ്കിലും ഈ കഥകളൊക്കെ ഒന്നു വായിക്കണമെന്നു തോന്നിയാല്‍, വായിച്ചുകൊടുക്കാനൊരാളായി!
132
കാടുമൂടിയ സ്നേഹതീരങ്ങള്‍
വര്‍ഷങ്ങള്‍ക്കുമുമ്പ്, എല്ലാ വൈകുന്നേരങ്ങളിലും കായല്‍പ്പരപ്പിലേക്കുനോക്കി, ഞാനും തമ്പിയും കരയിലെ ബെഞ്ചിലിരിക്കാറുണ്ടായിരുന്നു. എറണാകുളത്തെ ചോയ്സ് ഗാര്‍ഡന്‍സ് എന്ന ഫ്ളാറ്റിലെ കുട്ടികള്‍ കളിക്കുന്ന പാര്‍ക്കായിരുന്നു അത്.
ഞങ്ങള്‍ രണ്ടാളും ഒരുമിച്ചിരിക്കുന്ന കാഴ്ച, പല കുഞ്ഞുങ്ങള്‍ക്കും സ്നേഹത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. അവര്‍ സ്വന്തം മാതാപിതാക്കളോടു ചോദിക്കുമായിരുന്നത്രേ, എന്തേ അവരൊരുമിച്ച് ആ ബെഞ്ചുകളിലൊന്നില്‍ വന്നിരിക്കാത്തതെന്ന്!
ഇക്കഴിഞ്ഞ ദിവസം എന്റെ മകള്‍ പറഞ്ഞു, ഫ്ളാറ്റിന്റെ മുകളിലെ ജനാലയിലൂടെ അവള് വളരെനേരം കൗതുകത്തോടെ ഞങ്ങളെ നോക്കിയിരിക്കുമായിരുന്നെന്ന്. കഴിഞ്ഞ വര്‍ഷം നാട്ടില്പ്പോയിവന്ന അവള് പറഞ്ഞത്, ആ പാര്‍ക്കിലിപ്പോള്‍ കുട്ടികളാരും കളിക്കാറില്ലെന്നാണ്. ബെഞ്ചുകള്‍ കാണാന്‍പോലും പറ്റാത്തവിധം കാടുകയറിയത്രേ!
പുതിയ പലതരം ടെക്നോളജികള്‍, കുഞ്ഞുങ്ങളെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവോ?
മനഃപൂര്‍വ്വമല്ലാത്ത, സ്നേഹത്തിന്റെ കൊച്ചുകൊച്ചുകാഴ്ചകള് ഇന്ന് അന്യംനിന്നു പോയിട്ടുണ്ടാവും!
133
ശരീരപരിപാലനം; സംഘര്ഷമുക്തി
അവരവരുടെ ശരീരഘടനയനുസരിച്ച്, ജനതികഗുണങ്ങളും തകരാറുമനുസരിച്ച്, ഇഷ്ടാനിഷ്ടങ്ങളനുസരിച്ച്, ലളിതമായി ജീവിച്ചുതീര്‍ക്കാന്‍ സാധിക്കുമോ എന്ന ചിന്തയിലാണു ഞാന്‍.
വ്യായാമത്തിനായി നടക്കുന്നവരുടെയും ഓടുന്നവരുടെയും നീന്തുന്നവരുടെയും സൈക്കള് ചവിട്ടുന്നവരുടെയുമിടയില്, വജ്ജ്രാസനം എന്ന ഏകായുധവുമായി ചെറിയൊരു പരീക്ഷണത്തിലാണ്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി. പരീക്ഷണം നടത്തുന്നതാണോ മടി കാരണം ചെയ്യുന്നതാണോ എന്നു ചോദിച്ചാല്‍ രണ്ടാമത്തേതായിരിക്കും ശരിയുത്തരം! വല്ലപ്പോഴും അല്‍പ്പസ്വല്‍പ്പം യോഗ, ജിമ്മിനുപകരം വീട്ടുജോലികള്‍, ചെറിയ അളവില്‍ ഇഷ്ടഭക്ഷണം- അവിടെത്തീര്‍ന്നു ശരീരപരിപാലനം!
ഒരു മൈല്‍ ചുറ്റളവിനുള്ളില്‍ നൂറുകണക്കിനു മലയാളികളുള്ള, അമേരിക്കയിലെ ഈ സ്വര്‍ഗ്ഗരാജ്യത്ത്, മിക്കവാറും വൈകുന്നേരങ്ങളില്‍ 'ചായപ്പാര്‍ട്ടി' എന്നപേരില്‍ ഏതെങ്കിലുമൊരു വീട്ടില്‍ കൂടാറുണ്ട്. ചിരിയും കളിയും തമാശകളുമൊക്കെയാണ് സാധാരണയായി അവിടെ നടക്കുന്നതെങ്കിലും ഒരു സങ്കടംവന്നാല്‍ മടിക്കാതെ പറയാനും അതിനു പരിഹാരം കണ്ടെത്താനും അതേയിടം സഹായിക്കും. മനസ്സിന്റെ ആരോഗ്യത്തിന്റെ താക്കോല്‍, ഈ കുട്ടുകാരികളുടെ കൈകളില്‍ ഭദ്രം!
134
കള്ളനെപ്പിടിക്കാന്‍
പണ്ട് എറണാകുളത്തു താമസിക്കുന്ന കാലത്ത്, ഉന്തുവണ്ടിയില്‍ തുണി തേയ്ക്കാന്‍ വരുന്നവര്‍ ഒരോ ഏരിയ തിരിച്ചു ജോലി ചെയ്യുന്നതുപോലെ, ഓരോ ഏരിയ കള്ളന്മാരുടെ ഓരോ ഗ്രൂപ്പിനു സ്വന്തമായിരുന്നു! പകല്‍ മുഴുവനുറങ്ങി, രാത്രിയില്‍ പണിയെടുക്കുന്ന ഹൈടെക് ചെറുപ്പക്കാരുടെ ഗ്രൂപ്പുകള്‍. ഒരു വീട്ടില്‍ കള്ളന് കയറിയാല്‍ അത് ഏതു ഗ്രൂപ്പിലെ മെംബറായിരിക്കുമെന്നു ചിലര്‍ക്കെങ്കിലും അറിയാമായിരുന്ന കാലം!
ഒരിക്കല്‍ മതിലിനുമുകളിലൂടെ നടക്കുന്ന കള്ളന്റെ കാലുകള്‍ കണ്ടപ്പോള്‍, പലതവണ ലൈറ്റ് കത്തിക്കുകയും കെടുത്തുകയും ചെയ്തു. 'ഞാന്‍ തന്നെക്കണ്ടു, ഇനി പൊയ്ക്കോ' എന്നാണുദ്ദേശിച്ചത്!
അടുത്ത വീട്ടില്‍ രാത്രി പഠിച്ചുകൊണ്ടിരുന്ന പത്താംക്ലാസ്സുകാരന് കള്ളനെക്കണ്ട്, അവന്റെയച്ഛനേയുംകൂട്ടി മതില്‍ചാടി അകത്തുവന്നു കാര്യം പറഞ്ഞു. അവനെ നന്ദിയറിയിച്ച്, വീണ്ടും സുഖമായുറങ്ങി!
വീടുകയറിയുള്ള കൊള്ള ഇവിടെ, അമേരിക്കയിലും പതിവായപ്പോള്‍ പോലീസിനെ മാത്രമാശ്രയിക്കാതെ, താമസക്കാര്‍തന്നെ ഒരു സംരക്ഷണവലയം തീര്‍ത്തു. സംശയാസ്പദമായി തോന്നുന്ന കാര്യങ്ങള്‍ നിമിഷനേരംകൊണ്ട് എല്ലാവരേയുമറിയിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കി.
നാട്ടില്‍നിന്നു വിസിറ്റിനുവന്ന്, ജാക്കറ്റും തൊപ്പിയുമൊക്കെ ധരിച്ചു നടക്കാനിറങ്ങുന്ന നമ്മുടെ പാവം അപ്പനപ്പൂപ്പന്മാരെയും സംശയത്തിന്റെ പേരില്‍ പലപ്പോഴും ചോദ്യംചെയ്യാറുണ്ട്!
135
ഉച്ചമയക്കമില്ലാത്തവര്!
മക്കള്‍ എറണാകുളം ടോക്ക് എച്ച് സ്കൂളില്‍ പഠിക്കുന്ന കാലം. മൂന്നുമണിക്കാണ് സ്കൂള്‍ വിടുന്നത്. അവരെ വിളിക്കാന്‍ പോകുന്നതിനുമുമ്പായി പണിയൊക്കെത്തീര്ത്ത്, ചെറുതായൊന്നു മയങ്ങും. കൃത്യം പത്തുമിനിട്ട്. അപ്പോഴേക്കും തലയിലെ അലാറം മുഴങ്ങും. പെട്ടെന്നു ഞെട്ടിയുണര്‍ന്ന്, മക്കളെ വിളിക്കാന്പോകേണ്ട സമയം കഴിഞ്ഞോ എന്നോര്‍ത്തു പേടിച്ചുവിറയ്ക്കും!
വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞിട്ടും മക്കള്‍ വളര്‍ന്നിട്ടും പത്തുമിനിട്ടു മയക്കത്തിനൊടുവില്‍ ഞെട്ടിയാണുണരുക; കുഞ്ഞുങ്ങളെ വിളിക്കാന്‍ വിട്ടുപോയോ എന്നു പേടിച്ച്!
ഗള്‍ഫിലെ ഉച്ചച്ചൂടു മാറ്റാന്‍ കൂടും കുടുക്കയുമെല്ലാം പൂട്ടി മയങ്ങുന്നവരാണു ഭൂരിഭാഗവും. ഉച്ചസൂര്യന്റെ രശ്മികള്‍ ദേഹത്തു തട്ടാതിരിക്കാന്‍ ഈന്തപ്പനയുടെ തണലില്‍ മയങ്ങുന്ന ഹതഭാഗ്യരുമുണ്ട്. ഒരു വീട്ടിലെയും ഫോണ്‍ ആ സമയത്തു ശബ്ദിക്കാറില്ല. ആരുടെയും ഉറക്കം മുടക്കരുതല്ലോ!
അമേരിക്കയില്‍ അതല്ല സ്ഥിതി. ആദ്യമാസങ്ങളില്‍ തമ്പിച്ചാച്ചന്റെ വീട്ടിലായിരുന്നു താമസം. ഉച്ചമയക്കത്തിനിടയില്‍ പല പ്രാവശ്യം ഫോണ്‍ മണിയടിക്കുന്നതുകേട്ട് അമ്പരന്നു. പിന്നെയല്ലേ പിടികിട്ടിയത്, ഇവിടെയാരും ഉച്ചയ്ക്കുറങ്ങാറില്ലെന്ന്! മിനിമം എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവരാണധികവും. പണിയെടുത്തുതളര്ന്ന്, വേഗം അത്താഴവുംകഴിച്ച്, നേരത്തേ കിടന്നുറങ്ങുന്നവര്‍ക്ക് എന്തുച്ചമയക്കം! ഫോണ്‍വിളികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
136
സ്പംഗ്ലീഷ്!
ഇന്നു പതിവില്ലാതെ, രണ്ട് ഒത്തുചേരലുകളുണ്ടായിരുന്നു. പതിവുള്ള ചായപ്പാര്‍ട്ടി നാലുമണിക്ക്. നല്ല വാഴയിലയിലുണ്ടാക്കിയ അട, അവിലോസുപൊടി, ചക്കവറുത്തത്. നല്ല പച്ചമലയാളത്തിലുള്ള കത്തി.
ആറരയ്ക്ക്, വൈനും ചീസുമൊക്കെച്ചേര്ന്ന പലതരം സ്കിന്കളറിന്റെ ഒരു ഗെറ്റ് ടുഗെതര്‍.
പോട്ടറിക്കോയില്നിന്നു വന്ന റ്റാനിയയുടെ വിഷമം, അവരുടെ സ്പാനിഷ് ഭാഷയും ഇംഗ്ലീഷും കൂട്ടിക്കുഴച്ച് വല്ലാത്തൊരു പുതിയ ഭാഷയുണ്ടാക്കിയതിലാണ്. കുറേ ഉദാഹരണങ്ങളൊക്കെപ്പറഞ്ഞപ്പോള്, നമ്മുടെ മംഗ്ലീഷിനെക്കാള് പരിതാപകരമാണ് അവരുടെ 'സ്പംഗ്ലീഷ്' എന്നുതോന്നി. മാത്രമല്ല, ഈ പുതിയ ഭാഷ മാധ്യമങ്ങളും ഉപയോഗിക്കുന്നുണ്ടത്രേ!
റ്റാനിയ- സെബാസ്റ്റ്യന്‍ ദമ്പതികള്‍ക്കു രണ്ടു മക്കള്‍: മകള്‍ റ്റാനിയയും മകന് സെബാസ്റ്റ്യനും! ഭാഗ്യം, റ്റാനിയയുടെ അമ്മയുടെ പേര് മെസിമെ എന്നാണ്. മെസിമെ പറഞ്ഞത് എനിക്ക് അവരുടെ സഹോദരിയുടെ ഛായയാണെന്നാണ്.
എല്ലാ ഭാഷകളും എല്ലാ സംസ്കാരങ്ങളും എല്ലാ നിറങ്ങളും കൂടിക്കുഴഞ്ഞു കലങ്ങിത്തെളിഞ്ഞ് ഒരു മനുഷ്യസംസ്കാരമുണ്ടാകാന് ഇനിയുമെന്താണാവോ താമസം!
137
തലതിരിഞ്ഞ അമേരിക്ക!
അമേരിക്കയില്‍ എല്ലാം തലതിരിഞ്ഞതാണെന്നു സ്ഥാപിക്കാനായിരുന്നു, നാട്ടിലെ എന്റെയൊരു ക്ലാസ്മേറ്റിനു താല്‍പ്പര്യം. ഫോണിലൂടെ തര്‍ക്കിച്ച് ഞാന്‍ തോറ്റു!
ഒരുതരത്തില്‍ നോക്കിയാല്‍, സിറിയക് പറഞ്ഞതു ശരിയാണ്. നാട്ടില്‍ മാതാപിതാക്കള്‍ മക്കളെ സ്കൂളില്‍ക്കൊണ്ടുപോയി ചേര്‍ക്കുമ്പോള്‍, അമേരിക്കയില്‍ മക്കള്‍ മാതാപിതാക്കളെ കൊണ്ടുപോയി സ്കൂളിലും കോളേജിലുമൊക്കെ ചേര്‍ക്കാറുണ്ട്! എനിക്കു കോളേജ് അഡ്മിഷനൊക്കെ ശരിയാക്കിത്തന്ന്, ആദ്യത്തെ ദിവസം ക്ലാസ്സ് റൂം കണ്ടുപിടിച്ചു കൊണ്ടാക്കിയിട്ടാണ് മകന് മടങ്ങിയത്. പോകുംമുമ്പ്, നല്ല ഗ്രേഡ് വാങ്ങണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു!
ഒരിക്കല്‍ ക്ലാസ്സിലിരുന്ന് അവനു ടെക്സ്റ്റ് മെസ്സേജ് ചെയ്തപ്പോള്‍ അവന് വാണിംഗ് തന്നു, ഫോണില്‍ ശ്രദ്ധിക്കാതെ ക്ലാസ്സില്‍ ശ്രദ്ധച്ചിരിക്കാന്!
ഇവിടുത്തെ പഠിപ്പും പഠിപ്പീരുമൊക്കെ എങ്ങനെയാണെന്നറിയുകയായിരുന്നു, ഈ കോളേജ് യാത്രയുടെ പ്രധാനലക്ഷ്യം. നാട്ടിലേതിനു വിരുദ്ധമായി, പഠിപ്പിസ്റ്റുകള്‍ക്കു ഡിമാന്‍ഡില്ലാത്ത നാടാണിതെന്നാണു പിടികിട്ടിയത്. പഠിപ്പിനൊപ്പം പത്രാസും വേണമത്രേ! സിറ്റ്വേഷന് ഹാന്‍ഡില്‍ ചെയ്യാനുള്ള കഴിവും കോണ്ഫിഡന്സുമൊക്കെയാണു പത്രാസില്പ്പെടുക. ഒരു ജോലിക്കും ഒരു സര്‍ട്ടിഫിക്കേറ്റും കാണിച്ചു ബോധ്യപ്പെടുത്തേണ്ടതില്ല; ജോലി നന്നായി ചെയ്തു കാണിച്ചുകൊടുത്താല്‍ മതി!
138
കണ്ണീര് വാര്‍ക്കുന്ന അസുഖം
കഴിഞ്ഞ ദിവസം ടീച്ചേഴ്സ് റൂമിലിരിക്കുമ്പോള്‍, ഒരു ടീച്ചര്‍ അവരുടെ സഹോദരിയുടെ മകന് മിലിട്ടറിയില്‍ ചേര്‍ന്നുവെന്നും ഇപ്പോള്‍ ബൂട്ട് ക്യാമ്പിലാണെന്നും പറഞ്ഞു. പെട്ടെന്ന്, മകളുടെ മിലിട്ടറിക്കാലം ഓര്മ വരികയും അടുത്ത നിമിഷം ഉള്ളില്‍നിന്ന് ഒരാളലുണ്ടാവുകയും കണ്ണുകള്‍ നിറഞ്ഞ്, ഒരു ശക്തിക്കും തടയാനാവത്തതുപോലെ കണ്ണുനീര് താഴേക്കൊഴുകുകയും ചെയ്തു! ഒരു സോറി പറഞ്ഞ്, ബാത്റൂമിലേക്കോടി. കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ണുകള്‍ രക്തംപോലെ ചുവന്നിരിക്കുന്നു!
സ്ഥലവും സന്ദര്‍ഭവും നോക്കാതെ കണ്ണുനീര് വാര്‍ക്കുന്നത് ഇതാദ്യമൊന്നുമല്ല. മറ്റുള്ളവരുടെ മുമ്പിലിരുന്ന്, അല്‍പ്പം ഇമോഷണലായ കഥകളോ ആര്ട്ടിക്കിള്സോ വായിക്കാന്‍ പറ്റില്ല. പിന്നെ കണ്ണും മൂക്കും നിറഞ്ഞ് ആകെ പ്രശ്നമാകും. സിനിമയിലോ സീരിയലിലോ ഏതെങ്കിലും കഥാപാത്രം കരയാന്പോകുന്നു എന്ന തോന്നലുണ്ടായാല്മതി, എന്റെ കണ്ണുകള്‍ കടല്പോലെയാവാന്! ചില പ്രത്യേകകഥകളോ നന്മയുള്ള വിശേഷങ്ങളോ കുട്ടികളെ വായിച്ചുകേള്പ്പിക്കാമെന്നുവച്ചാല് തൊണ്ടയിടറി ആകെ ആപ്പിലാകും!
ഈ കണ്ണുനീരിന്റെ അസുഖമുള്ളതുകൊണ്ടായിരിക്കും ബാക്കിയുള്ള നീക്കിയിരിപ്പുസമയം ചിരിച്ചുകൊണ്ടു ചെലവഴിക്കാന്‍ സാധിക്കുന്നതെന്നു തോന്നുന്നു.
139
കാക്റ്റസുകളുടെ അരിസോണയില്‍
അവധിക്കാലമായതിനാല്‍, മക്കളുമായി ഇന്നലെ അരിസോണയിലേക്കു വന്നു. പതിമൂന്നു മണിക്കൂര്‍ നീണ്ട കാര്‍യാത്ര. ഒപ്പം പട്ടിക്കുട്ടികളുമുണ്ടായിരുന്നു.
മകളുടെ വീടിനുപിന്നിലെ 'അരിസോണറൂം' എന്നറിയപ്പെടുന്ന ചായ്പ്പില്, ആലപ്പുഴയില്‍നിന്നു സൗദിവഴി, കാലിഫോര്ണിയയിലൂടെ അരിസോണയിലെത്തിച്ചേര്ന്ന, കയര്‍കൊണ്ടുണ്ടാക്കിയ മനോഹരമായ ഊഞ്ഞാല് തൂക്കിയിട്ടിരുന്നു.
റോഷേലിന്റെ, 'സ്നോ' എന്ന വെളുമ്പന്‍ പട്ടിക്കുട്ടിക്ക് അല്‍പ്പം വര്‍ഗ്ഗീയതയുണ്ടോ എന്നു സംശയം. അവനേക്കാള്‍ പത്തിരട്ടി വലിപ്പമുള്ള, കറുമ്പനായ 'റ്റെഡി' എന്ന പാവം പട്ടിയുടെ ചെവി ദേഷ്യത്തോടെ ചാടിക്കടിക്കുന്നതു കാണാം!
ഇവിടുത്തുകാര്‍ പലരും റിട്ടയേഡ് ലൈഫ് ചെലവഴിക്കാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് അരിസോണ. മഞ്ഞു കൂടുതലുള്ള സ്ഥലങ്ങളില്‍നിന്നു തണുപ്പുകാലം ചെലവഴിക്കാന്‍ വര്ഷാവര്ഷങ്ങളില് ഇവിടെയെത്തുന്ന പ്രായമായവരെ 'സ്നോബേഡ്സ്' എന്നാണു വിളിക്കുക.
എനിക്കെന്തോ, കാക്റ്റസുകളോട് പ്രത്യേകമായൊരിഷ്ടം, ബോട്ടണി പഠിക്കുന്ന കാലംമുതലേയുണ്ടായിരുന്നു. നൂറുവര്‍ഷം പ്രായമാകുമ്പോള്‍ മാത്രം ഒരു നാമ്പു മുളയ്ക്കുന്ന, ഇരുനൂറു വര്‍ഷമാകുമ്പോഴേക്കും നാല്പ്പത്തിയഞ്ചടിവരെ പരമാവധി ഉയരം വയ്ക്കുന്ന, നൂറുകണക്കിനു വര്‍ഷങ്ങളുടെ പഴക്കമുള്ള, അരിസോണയുടെ സ്വകാര്യാഹങ്കാരമായ കാക്റ്റസ് അപ്പൂപ്പന്മാരെ തൊട്ടുകളിച്ചാല്‍, ജയിലിലായിരിക്കും ബാക്കിയുള്ള ജീവിതം!