രംഗം ഒന്ന്:
സമയം വൈകുന്നേരം ആറുമണി ആയിരിക്കുന്നു. പുറത്തു ചെറിയ ചാറ്റൽ മഴയുണ്ട്. കൊച്ചുമക്കൾ മഴയത്ത് കളിക്കുന്നു. കാർ ഡ്രൈവേയിൽ പാർക്ക് ചെയ്തു ആനി (സണ്ണിയുടെ ഭാര്യ) വീട്ടിലേക്ക് കയറി വരുന്നു.
ആനി : ഈ കൊടുംവേനലിൽ പെട്ടെന്ന് എന്താണ് ഇങ്ങനെ ഒരു മഴ ?
സണ്ണി: ഓ എന്തായാലും ഭയങ്കര ആശ്വാസമായി.
ആനി: നാളെ ഡോക്ടർ ചെക്കപ്പ് ഉള്ള കാര്യം മറക്കരുത്. ഫാസ്റ്റിംഗ് ആണ്. അതിനാൽ നേരത്തെ ഡിന്നർ കഴിച്ചോണം.
രംഗം രണ്ട് :
സമയം രാവിലെ ആറുമണി. പതിവുപോലെ സണ്ണി ബെഡിൽ നിന്നും എഴുന്നേറ്റ് ഹെഡ് ടേബിളിലേക്ക് നോക്കുന്നു.
സണ്ണി : ആനി,ഇന്ന് ചായ ഇല്ലേ ?
ആനി: ഇന്ന് ഡോക്ടർ ചെക്ക് ഉള്ളതാണ് .ഫാസ്റ്റിംഗ് ആണ്.
സണ്ണി: ഓ ഞാനത് മറന്നു. വെള്ളം കുടിക്കാം അല്ലോ ?
ആനി : ധാരാളം കുടിക്കണം.
രംഗം മൂന്ന്.
ആനിയും സണ്ണിയും ഡോക്ടർ ഓഫീസിൽ നിന്ന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് വരുന്നു.
ആനി: ഇന്ന് വ്യാഴാഴ്ച അല്ലേ മലയാളി കടയിൽ ഫ്രഷ് മീൻ കിട്ടുന്ന ദിവസമാണ് നമുക്ക് അവിടെ കയറിയിട്ട് പോകാം.
സണ്ണി : എനിക്ക് വല്ലാത്ത ക്ഷീണം ,നല്ല വിശപ്പുണ്ട് .
രംഗം നാല്:
ആനി മലയാളികടയുടെ മുന്നിൽ കാർ പാർക്ക് ചെയ്തിട്ട് കടയിലേക്ക് കയറി പോകുന്നു.
സണ്ണി വിൻഡോ താഴ്ത്തിയിട്ട് ഫോണിൽ നോക്കുന്നു. കണ്ടു പരിചയമുള്ള ഒരാൾ സണ്ണിയുടെ കാറിനടുത്തേക്ക് വരുന്നു.
കണ്ടു പരിചയമുള്ള ആൾ : ഭാര്യയെ ഒറ്റയ്ക്ക് സാധനങ്ങൾ വാങ്ങാൻ വിട്ടിട്ട് വാട്സാപ്പിൽ കളിക്കുകയാണോ?
സണ്ണി കണ്ടു പരിചയമുള്ള മുഖത്തേയ്ക്കു നോക്കുന്നു.
കണ്ടു പരിചയമുള്ള ആൾ: സണ്ണി എന്തുപറ്റി ? മുഖം എല്ലാം വല്ലാതെ വിളറി ഇരിക്കുന്നല്ലോ. അയ്യോ സുഖമില്ല എന്നുള്ള വിവരം എനിക്ക് അറിയില്ലായിരുന്നു.
സണ്ണി ഒരു മറുപടിയും പറയാതെ കാറ് തുടർന്ന് കടയിലേക്ക് പോകുന്നു. അപ്പോഴേക്കും ആനി ഒരു ഷോപ്പിംഗ് ബാഗുമായി പുറത്തേക്കിറങ്ങി വരുന്നു. ആനിയുടെ പുറകിൽ വേറൊരു മലയാളി ഇറങ്ങിവരുന്നു. സണ്ണിക്ക് അദ്ദേഹത്തിൻറെ പേരറിയില്ല, സ്ഥിരമായി ചിട്ടി നടത്തുന്ന ഒരാൾ ആണെന്ന് അറിയാം. അദ്ദേഹത്തിൻറെ ഫോൺ നമ്പർ സണ്ണിയുടെ ഫോണിൽ ചിട്ടിച്ചായൻ എന്നാണ് സേവ് ചെയ്തിട്ടുള്ളത്.
ചിട്ടിച്ചായൻ : ഓ സണ്ണി ഒത്തിരി ആയല്ലോ കണ്ടിട്ട്. എന്തുപറ്റി ? സുഖമില്ലാതെ കാര്യം ആരും പറഞ്ഞില്ലല്ലോ?
സണ്ണി ഷോപ്പിംഗ് ബാഗ് ആനിയുടെ കയ്യിൽനിന്നും വാങ്ങി തിരികെ കാറിലേക്ക് നടന്നു.
രംഗം അഞ്ച്.
ഉച്ചകഴിഞ്ഞ സമയം , സണ്ണി കൊച്ചുമക്കളെ പിക്കപ്പ് ചെയ്യുന്നതിനുവേണ്ടി സ്കൂളിൻറെ മുൻപിൽ കാറിൽ ഇരിക്കുന്നു .
റിംഗ് റിംഗ് സണ്ണിയുടെ ഫോൺ റിങ്ങ് ചെയ്യുന്നു.യുക്രൈനിൽ ഉള്ള ഡോക്ടർ.യു.പി.ആർ.മേനോൻറെ ( സണ്ണിയുടെ സുഹൃത്ത് ) പ്രൊഫൈൽ പിക്ചർ ഫോണിൽ കാണുന്നു. സണ്ണി വാച്ചിലേക്ക് നോക്കുന്നു.
സണ്ണി: ഹരി ഓം മേനോൻ ജി എന്താ ഈ സമയത്ത് ?
മേനോൻ : (അല്പം പരിഭ്രമത്തിൽ) എടാ നിനക്ക് എന്തുപറ്റി?
സണ്ണി : എന്തു പറ്റാൻ (ചിരിക്കുന്നു)
മേനോൻ: എടാ ഹൂസ്റ്റൺനിന്ന് ബിനു ഇപ്പോ വിളിച്ചിരുന്നു. അവൻറെ കടയിൽ ജോലി ചെയ്തിരുന്ന ജോണിയുടെ അളിയൻ ഡാലസിൽ നിന്ന് വിളിച്ചു പറഞ്ഞു നിനക്ക് സുഖമില്ലെന്ന്.
സണ്ണി : മൈ... രാവിലെ കൊളനോസ്കോപ്പി ചെയ്തതിനുശേഷം ഒരു മലയാളി കടയിൽ കയറിയിരുന്നു.
മേനോൻ :നാരായണ നാരായണ.
ശുഭം