ചെട്ടിപ്പടി - വള്ളിക്കുന്ന് - ആനങ്ങാടി- ആനങ്ങാടിയെ...
പരപ്പനങ്ങാടിയിലെ പനയത്തിൽ സ്റ്റാൻ്റിൽ ബസ്സ് കാത്തുനിൽക്കുമ്പോൾ ചെവിട് പൊട്ടുമാറുച്ചത്തിൽ ഓട്ടോറിക്ഷക്കാരുടെ
ആളെപ്പിടുത്തം. ഒട്ടും ശങ്കിച്ചില്ല, മാണിക്യ മലരായ ആമിനക്കുട്ടിയും കുട്ടികളും ഓട്ടോ പിടിച്ചു. മേലേവീട്ടിലെ ചെറുപറമ്പിൽനിന്ന് ആനങ്ങാടിയിലെ മനക്കലൂരിലേക്ക് തട്ടകം മാറുന്ന അനർഘ മുഹൂർത്തം.
അതെ, ആ വിപ്ലവകാരിയുടെ വീട്ടിലേക്ക് തന്നെ. ഇൻസ്പെക്ടർ അബ്ദുർറഹ്മാൻ കുട്ടി. പത്തനാപുരം മനക്കൽ റംസി റഹ്മത്തുല്ല റഹ്മാനി പറഞ്ഞപോലെ ഇൻസ്പെക്ടറുടെ കോട്ടും ഹാറ്റും അണിഞ്ഞാൽ ജോർജ് ബുഷ് ഒന്നാമൻ്റെ തനിരൂപം. കസ്റ്റംസ് സെൻട്രൽ എക്സൈസ് ഇൻസ്പെക്ടർ ആയ അദ്ദേഹം അദ്ദേഹത്തിൻ്റെ ജന്മനാട്ടിൽ വല്ലാതെ തല ഉയർത്തി നടന്ന് വീര വിസ്മയം തിർത്തതു സ്വന്തം സമുദായത്തിൽ തന്നെ ആയിരുന്നു.
ഒരു വിപ്ലവകാരിയുടെ വീറും വാശിയും
കൈവിടാതെ ജീവിച്ചപ്പോൾ സ്വന്തം സമുദായത്തിൽ പലപ്പോഴായി ഇടിമുഴക്കങ്ങൾ കേൾക്കുമായിരുന്നു. സക്രിയമായ ഇടിമുഴക്കങ്ങൾ സൃഷ്ടിക്കുന്നതിൽ എന്നും തുലോം മുന്നിലായിരുന്നു അദ്ദേഹം. വർത്തമാനകാല സാഹചര്യങ്ങളോട് വല്ലാതെ കലഹിച്ചിരുന്ന അദ്ദേഹം പക്ഷേ എന്നും ജാതിമതഭേദമന്യേ നീതിയുടെ കാവലാളായി പെരുമാറുകയായിരുന്നു. ഡിപ്പാർട്ട്മെൻ്റ് കാര്യങ്ങളിൽ കണിശക്കാരനായിരുന്നുവെങ്കിലും സഹപ്രവർത്തകരോടു വളരെ ദീനാനുകമ്പ ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം.
തൻ്റെ ഓഫീസിൽ കീഴുദ്യോഗസ്ഥനായി പുതുതായി ചേർന്ന ഒരു ചെറുപ്പക്കാരനെ ഒരാഴ്ച കഴിഞ്ഞപ്പോൾ കാണുന്നില്ല. ഇതെന്താ unauthorized absence?.. ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതായപ്പോൾ അയാളുടെ അച്ഛനോട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഇംഗ്ലീഷിലുള്ള documents കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് കാരണമാണ് ജോലി ഒഴിവാക്കാൻ തീരുമാനിച്ചത് എന്ന്. അതൊക്കെ നമുക്ക് ശരിയാക്കാം, മകനോട് ആപ്പീസിൽ വരാൻ പറയൂ, നിർബന്ധമായും എന്നെ കാണാൻ പറയേണം കേട്ടോ.
തൊട്ടടുത്ത ദിവസം അദ്ദേഹം എത്തുന്നതിന് മുമ്പുതന്നെ ഈ ചെറുപ്പക്കാരൻ ആപ്പീസിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഹലോ ബാബു, വാ മോനെ ഇരിക്ക്. എന്തു പറ്റി കുട്ടാ. എന്താ നീ ജോലിക്ക് വരാത്തത്?
സർ പേടിച്ചിട്ടാണ്. കടലാസുകൾ handle ചെയ്യാൻ ഒട്ടും കഴിയുന്നില്ല. അവയൊന്നും വായിച്ചിട്ട് മനസ്സിലാവുന്നില്ല.
അപ്പോ അതാണ് കാര്യം... പേടിക്കേണ്ട ലാംഗ്വേജ് നമുക്ക് ശരിയാക്കിയെടുക്കാം... അല്ലാതെ അഭ്യസ്തവിദ്യനായ നീ പിന്നെ കൂലിപ്പണിയെടുക്കാൻ പോവുകയാണോ? ആര് സമ്മതിച്ചാലും ഞാൻ അത് സമ്മതിക്കൂല.... സർ എന്നാല് ഞാൻ നാളെ വരാം. പോരാ. നീ ഇന്ന് തന്നെ എൻ്റെ കൂടെയിരിക്ക്.
അന്ന് സായാഹ്നത്തിൽ അവൻ തിരിച്ചു പോകുമ്പോൾ അവൻ്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.
പതിനാലാംരാവ് ഉദിച്ച പോലെ...
അവൻ ഓടിച്ചെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞത് അബ്ദുറഹ്മാൻകുട്ടി സാർ കാരണം ഞാൻ രക്ഷപ്പെട്ടു.. ഇനി ഞാൻ ഒരു ദിവസം പോലും ലീവ് എടുക്കില്ല. അന്നുതൊട്ട് അബ്ദുറഹ്മാൻകുട്ടി സാറിൻ്റെ പേര് പറയുമ്പോൾ അയാൾക്കും കുടുംബത്തിനും ആയിരം നാക്കാണ്. ഒരേയൊരു ആഴ്ചകൊണ്ട് ഒരുവിധം പൊടിക്കൈകളൊക്കെ ആ ചെറുപ്പക്കാരൻ സ്വായത്തമാക്കി.
നാട്ടിലെ മുഴുവൻ അടിസ്ഥാന വർഗത്തോടും ജാതിമതഭേദമന്യേ അടുപ്പവും ഗുണകാംക്ഷയും സൂക്ഷിച്ചിരുന്ന അദ്ദേഹം പക്ഷേ മുതലാളി - പുരോഹിത വർഗത്തോട് അത്രതന്നെ അകലവും പാലിച്ചിരുന്നു. ചരിത്രപരമായ കാരണങ്ങളാൽ, ഒരു വലിയ സമ്പന്ന കുടുംബം ആയിരുന്ന തങ്ങളുടെ "അമ്പായത്തിങ്ങൽ" തറവാടിൻ്റെ സാമ്പത്തിക അടിത്തറ മാന്തുന്ന കാര്യത്തിൽ സ്ഥലത്തെ മറ്റു പ്രമാണിമാർ
കളിച്ച കളിക്ക് പുരോഹിത വൃന്തത്തിൻ്റെ പിന്തുണയും ഉണ്ടായിരുന്നു. ആ ഗൂഢാലോചനയുടെ അനന്തരഫലം അമ്പയത്തിങ്ങൽ പടിഞ്ഞാറെയിൽ അഹമ്മദ്കുട്ടിയുടെ ജയിൽവാസവും വിലകൂടിയ കുറെ സ്വത്തു നഷ്ടവും തന്നെ ആയിരുന്നു. അന്യാധീനപ്പെട്ടു പോയ ഭൂസ്വത്തുക്കൾ
ലിസ്റ്റ് ചെയ്താൽ അനന്തരാവകാശികൾ തലകറങ്ങി വീഴും. ബ്രിട്ടീഷ് ഗവൺമെൻ്റ് അദ്ദേഹത്തിനെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു. 1921 മുതൽ 1928 വരെ നീണ്ടുനിന്ന 8 വർഷത്തിനു ശേഷം അദ്ദേഹം ജയിൽ മോചിതനാവുന്നത് സമനില തെറ്റിയ അവസ്ഥയിലായിരുന്നു.
വലിയ സമ്പത്തും ആഢ്യത്തവും ഒട്ടേറെ കീഴ്ജാതി സൈന്യവും ഉണ്ടായിരുന്ന ഒരു നാടുവാഴിയുടെ പര്യവസാനം ഇത്രയും ശോക പര്യവസായി ആയത് അതേ രക്തം സിരകളിലൂടെ ഒഴുകുന്ന ഈ മകൻ ഇൻസ്പെക്ടറുടെ ബോധമണ്ടലത്തിൽ എന്നും അഗ്നി പടർത്തിയിരുന്നു.
ഇവിടെ ശരിതെറ്റുകളുടെ ശരിയായ സ്‌ക്രൂട്ടിനി അസാധ്യമാക്കുന്ന പൊരുത്തക്കേടുകൾ കണ്ടേക്കാം. കാരണം ഗതകാല ചരിത്രത്തിൻ്റെ ശരിതെറ്റുകൾ സമ്പൂർണവും സത്യസന്ധവുമായി വായിച്ചെടുക്കാൻ ആവാത്തവിധം വിഷലിപ്തമായ വൈകാരികത ഇരു ഭാഗത്തും പ്രവർത്തിച്ചിട്ടുണ്ടാവാം.
അബ്ദുറഹ്മാൻ - ആമിന ദമ്പതികൾക്ക് മക്കൾ പതിനൊന്നുണ്ടായിരുന്നു. അതിൽ ഒരാൾ ഒന്നാം വയസിൽ തന്നെ മണ്ണോടു ചേർന്നു. ബാക്കി പേരുകൾ വിസ്തരിച്ചു പറയേണ്ടുന്നവ തന്നെ.
വ്യത്യസ്തനാം ഒരു വിവരസ്ഥനായതിനാൽ നാട്ടുകാരെ അദ്ഭുതപ്പെടുത്തുന്ന പ്രയോഗങ്ങളും പ്രകടനങ്ങളും വശമുണ്ടയിരുന്ന ഇദ്ദേഹം മക്കൾക്ക് പേര് വിളിച്ചതിലും വ്യതിരിക്തത പുലർത്തി.
"ഒരേയൊരു അല്ലാഹുവും കുറെ ആൺമക്കളും ഉള്ള ഒരു നമ്പർ വൺ വഹ്ഹാബി" എന്ന് അദ്ദേഹത്തെ നാട്ടുകാർ കളിയാക്കി. കാരണം മക്കൾ 1. അഹമ്മദ് ഇബ്രാഹീം റഹ്മത്തുല്ല. 2. അഹമ്മദ് ഇസ്മയിൽ സദക്കത്തുള്ള... 3. അഹമ്മദ് ഇസ്ഹാഖ് നിഅമത്തുള്ളാഹ് 4... 5... 6... എല്ലാവരും അല്ലാഹുവിൻ്റെ ആളുകൾ.
അതിനിടയിൽ നാട്ടിലെ ഞങ്ങളുടെ ഒരു രസികനായ സുഹൃത്തിൻ്റെ കമൻ്റ് ഇങ്ങനെ: പെൺകുട്ടികൾക്കും അങ്ങനെയൊക്കെ പേരിടാമയിരുന്നല്ലോ. അടുത്ത പെൺപുള്ളക്ക് " ആയിഷ ഫാത്തിമ ബീവാതുള്ള" എന്ന് പേരിടാൻ പറയുക... അതല്ലെ നീതി!! അല്ലാതെ ഞങ്ങളെ മാതിരി പോക്കരു, കുഞ്ഞാപ്പു, കുഞ്ഞാതു എന്നൊന്നും പേരിടാൻ നിക്കണ്ട...
മരിച്ചു പോയവരെ ബഹുമാനപൂർവ്വം സ്മരിക്കേണ്ടതുള്ളതു കൊണ്ട് കൂട്ടത്തിൽ മൂത്ത പെൺതരിയെ കുറിച്ചു തന്നെ പറയട്ടെ. അഷറഫുന്നീസ ടീച്ചർ. ജീവിതത്തെ വളരെ സൈദ്ധാന്തികമായി നോക്കിക്കാണുകയും, ഇത്തിരി സിദ്ധാന്ത വാശിയോടെ തന്നെ നേരിടുകയും ചെയ്ത ഒരു ധീരവനിത. വളരെ അകാലത്തിൽ മണ്ണോടു ചേർന്നത് ഒരു വല്ലാത്ത നിയോഗമായിരുന്നു. ബാല്യ-കൗമാര-യൗവന ഘട്ടങ്ങളിലെല്ലാം കടുത്ത പരീക്ഷണങ്ങളുടെ കരിമ്പാറക്കൂട്ടങ്ങളെ നേരിടേണ്ടി വന്നപ്പോഴും ഈ സൈദ്ധാന്തിക ബോധം കൈവിട്ടിരുന്നില്ല. വളരെ ക്ളിഷ്ടമായ നീതിബോധവും അത്രതന്നെ അവകാശ ബോധവും മനസ്സിൽ സൂക്ഷിച്ച ഒരു വനിതാ രത്നം, ഒരുപക്ഷേ ആ കുടുംബത്തിൽ അത്രയേറെ പരീക്ഷിക്കപ്പെട്ട മറ്റൊരംഗം വേറെയില്ല എന്നു വേണം പറയാൻ.
കൗമാരത്തിൽ വീട്ടിലെ ചില പ്രത്യേക സാഹചര്യത്തിൽ മുടങ്ങിപ്പോയ വിദ്യാഭ്യാസമായിരിക്കും തൻ്റെ ജീവിതത്തിലെ ഒന്നാമത്തെ സ്വത്വ പ്രതിസന്ധി. പക്ഷേ അതിനെയും താൻ നേരിട്ടത് നടേ പറഞ്ഞ കണിശമായ അവകാശ ബോധ്യത്തോടെ തന്നെ. അപ്പർ പ്രൈമറി പൂർത്തിയാവുന്നതിനു മുമ്പെ നിന്നുപോയ തൻ്റെ വിദ്യാഭ്യാസ യജ്ഞം പുനരാരംഭിച്ചത് ഗൗരവതരമായ സ്ഥിരോത്സഹ സാഹസം തന്നെ. അന്നത്തെ പൊതുബോധത്തെ കണക്കിന് വെല്ലുവിളിക്കുന്ന ഒരു രീതിയാണ് അവർ സ്വീകരിച്ചത്. സ്കൂളിൽ പോകാൻ ആവാത്ത നാളുകളിൽ, ദിനപത്രങ്ങളിലൂടെയും മറ്റു വായനാ സാമഗ്രികളിലൂടെയും അറിവിൻ്റെ ആഴങ്ങളിലേക്ക് ആവുന്നത്ര ഊളിയിട്ട് ഇറങ്ങിച്ചെന്നുകൊണ്ട് ഈ സ്വത്വ പ്രതിസന്ധിയെ അതിജയിക്കാൻ ഭഗീരഥ ശ്രമം നടത്തുന്നതിനിടയിൽ കാലിൽ തടഞ്ഞ ഒരു പിടിവള്ളിയിൽ മുറുകെ പിടിച്ചു ആ ധീരവനിത തൻ്റെ വഞ്ചി ആഞ്ഞ് തുഴഞ്ഞു. പത്രവായനക്കിടയിൽ കൊടുങ്ങല്ലൂരിലെ adult education സെൻ്ററിൻ്റെ പരസ്യം കണ്ട് അല്ലാഹുവിനെ സ്തുതിച്ച് മൂത്ത സഹോദരൻ റഹ്മത്തുല്ലയുടെ സഹായത്തോടെ അവിടെ പ്രവേശനം നേടി.
തുടർപഠനങ്ങൾ പൂർത്തീകരിച്ച് ഒരു അധ്യാപികയുടെ പൂർണ ഗരിമയോടെ തലയുയർത്തി നടക്കുന്നതിനിടെ ഒരു കോളേജ് ലക്ചറുമായി വിവാഹവും
ആ വിവാഹ ജീവിതത്തിൽ ഇന്ന് വിദ്യാസമ്പന്നരായ മൂന്ന് പെൺമക്കളും, ഇപ്പോൾ പഠനം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഒരു മകനും അനാഥത്വത്തിൻ്റെ പാരവശ്യങ്ങളൊന്നും ഇല്ലാതെ കഴിയുന്നു.
അകാലത്തിൽ ഞങ്ങളെയൊക്കെ തനിച്ചാക്കി തിരിച്ചു പോയതുകൊണ്ടും അനിതര സാധാരണമായ ആർജവം കാഴ്ചവെച്ച വ്യക്തിത്വ എന്ന നിലക്കുമാണ്
വിസ്താര ഭയമില്ലാതെ അല്പം വാചലമായത്. റിട്ടയർമെൻ്റിനു ശേഷം അധികം വൈകാതെ അല്ലാഹുവിങ്കലേക്ക് കൃത്യമായും സ്വന്തം പിതാവിൻ്റെ അതേ ജീവിത രീതിയിൽ യാത്രയായി.
(തുടരും)