കാലം ആർക്കു വേണ്ടിയും കാത്തുനിൽക്കില്ല എന്നാണ് പ്രമാണം.
കാലത്തിനു മുമ്പേ നടന്നവരോ? കാലാതിവർത്തിയായ കരവിരുതുകൾ സമ്മാനിച്ചു കൊണ്ടാണ് കടന്നു പോവുക. ആത്മാവിലെ അഗ്നിസ്ഫുലിംഗം തീർക്കുന്ന പൂത്തിരി ശോഭയിൽ വെട്ടിത്തിളങ്ങുന്ന പ്രതിഭാശാലികൾ നമ്മെ കരയിപ്പിച്ചു കൊണ്ടാണ് കടന്നു പോവുക.
"ചെന്നു ഞാനാരാമത്തിൽ
നവ്യമാം പ്രഭാതത്തിൻ
പൊന്നു വാഗ്ദാനം കൊണ്ടു
ദിങ്മുഖം തുടുത്തപ്പോൾ"
അന്നും പതിവ് തെറ്റാതെ സൂര്യൻ ഉദിച്ചു. പല്ലുതേപ്പും സുബ്ഹ് നമസ്കാരവും കട്ടൻചായയും കഴിഞ്ഞ് നേരെ ഇറങ്ങിയത് മനക്കലെ, പൂക്കൾ പ്രതീകാത്മകമായി ഉണങ്ങിപ്പോയ പൂന്തോട്ടത്തിലേക്കായിരുന്നു. അറുപത്തിയൊമ്പതാം വയസ്സിൽ ദിവംഗതയായ ഉമ്മയും, അമ്പത്തി ഒമ്പതാം വയസ്സിൽ കാലഗതിയടഞ്ഞ സഹോദരിയും സ്മൃതിപദത്തിൽനിന്ന് മായാൻ വല്ലാതെ മടികാണിച്ചു. അവരുടെ ഖബറിടങ്ങൾ പ്രവിശാലമാക്കി കൊടുക്കണേ കരുണാമയനേ എന്ന പ്രാർഥനയിൽ... അഭയം തേടി.
പത്തനാപുരം മനക്കൽ അഹ്മദ് ഇബ്രാഹീം റഹ്മത്തുല്ല. മനക്കലൂർ കുടുംബത്തിലെ സീമന്തപുത്രൻ... ഉപ്പയുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ഗൃഹകാര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്താൻ അധികാരമുള്ള ശക്തികേന്ദ്രം... ആവശ്യത്തിലേറെ പഠിപ്പും പത്രാസും ഒത്തിണങ്ങിയ ഒരു സുന്ദരക്കുട്ടപ്പൻ. നാട്ടുകാർക്ക് എന്നും പ്രിയങ്കരൻ. വീട്ടിലും നാട്ടിലും നല്ലപിള്ള.
കുട്ടികളായാൽ കുറച്ചൊക്കെ കുശുമ്പും കുരുത്തക്കേടും ആവശ്യമാണെന്ന് എൻ്റെ കൊച്ചുബുദ്ധിയിൽ പണ്ടേ തോന്നാറുണ്ടായിരുന്നു. എരിവും പുളിയും,
പിച്ചും മാന്തും ഇല്ലാത്ത ബാല്യം ഉപ്പും മുളകും ഇല്ലാത്ത ഭക്ഷണം പോലെ...
തൊട്ടു താഴെയുള്ള രണ്ടു ആൺതരികൾ, അത്ര നല്ലകുട്ടി പട്ടം വാങ്ങാൻ നിൽക്കാതിരുന്നതുകൊണ്ട് അല്ലറ ചില്ലറ സാമൂഹ്യ യോഗ്യതകൾ അവരുടെ ചേട്ടച്ചാരേക്കാൾ കരസ്ഥമാക്കി. അതെ, മൂത്തയാൾ നല്ല കുട്ടിയായി നിന്നപ്പോൾ ഇവന്മാർ ഇരുവരും പള്ളിക്കുളങ്ങളിലും മറ്റും കട്ടു ചാടി നീന്തൽ പഠിച്ചെടുത്തു. അവരിൽ ഒരാൾ ദിനേശ് ബീഡിയും... എന്നുവെച്ച് ഇന്നിപ്പോൾ ടിയാൻ കഥയെഴുതുമ്പോൾ കൈയിൽ സിഗരറ്റ് എരിയുന്നില്ലെന്നത് ഒരു നല്ല നിയോഗം... അയാളുടെ സുഹൃത്ത് ഒരിക്കൽ ചോദിച്ചു: ഒരു മാസത്തിൽ പുകവലിക്കായി എത്ര രൂപ ചെലവഴിക്കും. Say 3000 rupees. അഥവാ വർഷത്തിൽ 36000 രൂപ... അപ്പോൾ ഈ ആയുസ്സിൽ ഏകദേശം ഒരു 25 ലക്ഷം രൂപ അല്ലേ... അതെ ഡാ, അങ്ങനെതന്നെ. ഈ നശിച്ച പുകവലി ഇല്ലായിരുന്നെങ്കിൽ തനിക്ക് ഒരു രണ്ടു ഇന്നോവ കാർ വാങ്ങാമായിരുന്നുവല്ലോ? അയാൾ തിരിച്ചു ചോദിച്ചു: പുകവലിക്കാത്ത നിൻ്റെ വീട്ടിൽ അതായിരിക്കും ഒരു മാരുതി 800 പോലും കാണാത്തത് അല്ലെ! ചോദ്യകർത്താവ് സ്വാഹാ!
പക്ഷേ ആ നിഷ്കളങ്ക സുഹൃത്തിൻ്റെ ചോദ്യം മുഖവിലക്കെടുക്കാതിരിക്കാൻ വയ്യായിരുന്നു. ഇതൊരു parenthetical clause.
കഥയിലേക്കു തന്നെ തിരിച്ചുവരാം. മുഴച്ചു നിൽക്കുന്ന അദ്ദേഹത്തിൻ്റെ സവിശേഷത ദീനാനുകമ്പ തന്നെ. സത്യത്തിൽ അക്കാര്യത്തിൽ മേലേവീട്ടിലെ വല്യുപ്പ തന്നെയാണ് അദ്ദേഹത്തിന് മാതൃക. എന്നാൽ അദ്ദേഹത്തിൻ്റെ ഈയൊരു സദ്ഗുണസമ്പന്നത പലരും ചൂഷണം ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. എങ്കിലും കൊടുക്കുന്ന കൈ വാങ്ങുന്ന കൈയേക്കൾ എന്തായാലും ഉന്നതിയിലാണ് എന്ന പ്രവാചക അധ്യാപനം, കാവലായി എന്നും കൂടെയുണ്ടാവും എന്നുതന്നെ വേണം കരുതാൻ.
ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിൻ്റെയും തൊട്ടു താഴെയുള്ള രണ്ട് അനിയന്മാരുടെയും പഠനം. ബസ് സൗകര്യമില്ലാത്ത ആ കാലത്ത് വീട്ടിൽനിന്ന് മൂന്ന് കിലോമീറ്റർ നടന്നു വേണം സ്കൂളിൽ പോകാൻ. കടലുണ്ടി പുഴയുടെ
ഉത്ഭവസ്ഥാനമായ അഴിമുഖത്ത് ഒന്നുകിൽ കടവ് കടന്ന്, അല്ലെങ്കിൽ പാലം കടന്നു വേണം ചാലിയത്തേക്ക് പോകാൻ. അല്പം സാഹസികമായ
ഒരു യാത്രതന്നെ. കാറ്റും മഴയുമുള്ള ദിവസങ്ങളിൽ വിശേഷിച്ചും.
കടലുണ്ടി സ്വദേശിയും ഞങ്ങളുടെ പിതാവിൻ്റെ അടുത്ത സുഹൃത്തുമായ എ.കെ. ഇമ്പിച്ചിബാവ സാർ ആയിരുന്നു ദീർഘകാലം ചാലിയത്തെ ഹെഡ്മാസ്റ്റർ. ഇത്രയേറ administrative പാഠവം ഉള്ള ഒരു അധ്യാപകനെ കണ്ടുകിട്ടുക പ്രയാസം. പേര് കേട്ടാൽ തന്നെ കുട്ടികൾ മാത്രമല്ല, സാറന്മാർ വരെ ഉടുത്തതിൽ മുള്ളും.
വിദ്യാഭ്യാസ കാലത്തിൻ്റെ തുടക്കത്തിൽതന്നെ ഏറെക്കുറെ ഞങ്ങൾക്കൊക്കെ അന്യമായിരുന്ന അത്യന്തം സ്ഫോടനാത്മകമായ ഒരു ചിന്ത ഞങ്ങളുടെ കുടുംബത്തിലേക്ക് എത്തിനോക്കിയത് AIR എന്ന എ.ഐ. റഹ്മത്തുല്ലയിലൂടെ തന്നെ. പ്രദേശത്തിൻ്റെ ചിരകാല ചിന്തകളെയും സങ്കല്പങ്ങളെയും അതി ബഹുമാനപൂർവ്വം ആദരിച്ചു കൊണ്ടുതന്നെ ഒരു പുതിയ കാഴ്ചപ്പാട് ജനസമക്ഷം സമർപ്പിക്കപ്പെട്ടു. ഇസ്ലാം എന്നാൽ മനുഷ്യൻ്റെ സ്വകാര്യ ജീവിതത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കേവലം ഒരു മതം മാത്രമല്ല; മറിച്ച് മനുഷ്യ ജീവിതത്തിൻ്റെ മുച്ചൂടും മേഖലകളെയും ചൂഴ്ന്നു നിൽക്കുന്ന ഒരു സമ്പൂർണ ജീവിത പദ്ധതിയാണ് അതെന്നും ജനങ്ങളോട് ബുദ്ധിപൂർവം സംവദിക്കുന്ന ഒരു പ്രസ്ഥാനം ഇതോടെ നാട്ടിൽ പരിചയപ്പെടുത്തപ്പെട്ടു. ഇത്
പറയുമ്പോൾ ഇവിടെ അനുസ്മരിക്കേണ്ട ഒരു പേരുണ്ട്. ബഹുമാന്യനായ സി.പി. അബ്ദുൽ ഖാദർ സാഹിബ്. ഒരു കോമള സുമുഖ യുവാവ്. പ്രദേശത്തെ പൗരപ്രമുഖനും അറിയപ്പെട്ട വർത്തക പ്രമുഖനും പ്രൗഢ വ്യക്തിത്വവും ആയ ആനപ്പുറത്ത് ഹംസ ഹാജിയുടെ ഭാര്യാസഹോദരനായ ആ ചെറുപ്പക്കാരനാണ്
ഈ സുന്ദരമായ ആശയം ആദ്യമായി കടലുണ്ടി നഗരത്തിൽ കൊണ്ടുവന്നത്.
അങ്ങനെ പ്രദേശത്ത് ഒരു ജമാഅത്ത് കുടുംബം തലപൊക്കി. അതെ, വഹാബിസത്തിൽ നിന്ന് മൗദൂദിസത്തിലേക്ക്. ഇത് പക്ഷേ ഒരു എടുത്തുചാട്ടമായിട്ടാണ് അബ്ദുറഹ്മാൻ കുട്ടി സാറിന് തോന്നിയത്. സലഫി ചിന്ത വെടിയാതെ തന്നെ അദ്ദേഹം മക്കളുമായി സഹകരിച്ചു. എന്നാൽ ഇന്നിപ്പോൾ എല്ലാവരും എത്തിനിൽക്കുന്നത് ഒരുവക സമദൂര സിദ്ധാന്തത്തിൽ ആണ്; അല്ല സമസാമീപ്യ സിദ്ധാന്തത്തിലാണ് എന്നു പറയുന്നതാണ് ശരി.
ഇടയ്ക്ക് പ്രത്യേകം അനുസ്മരിക്കേണ്ട ഒരു കാര്യം മേലേവീട്ടിൽനിന്ന് മനക്കലൂരിൽ എത്തിയ ശേഷവും ഒട്ടു വൈകിയാണ് നമ്മുടെ മാണിക്യമലർ ആമിനക്കുട്ടി സാഹിബ സാക്ഷരയാവുന്നത്.
അറിവിൻ്റെയും അക്ഷരങ്ങളുടെയും ലോകത്ത് ഭർത്താവും മക്കളും വെട്ടിത്തിളങ്ങുന്ന കാഴ്ച അവരെ വല്ലാതെ അദ്ഭുതപ്പെടുത്തി. അവരുടെ വൈജ്ഞാനിക ചർച്ചകളിൽ ഖുർആൻ, ഹദീസ് വിഷയങ്ങൾകൂടി നിർലോഭം കടന്നുവന്നപ്പോൾ, തനിക്കും വഴങ്ങണം ഈ അവസ്ഥ എന്ന പ്രാർഥനയിൽ അവർ
മകളുടെ സഹായത്തോടെ സാക്ഷരത കൈവരിച്ചു. ഖുർആൻ, ഹദീസ് പരിഭാഷകളും മറ്റും വായിക്കാൻ തുടങ്ങി. നിരക്ഷരതയിൽനിന്ന് സാക്ഷരതയിലേക്ക് ബോധപൂർവം എടുത്തുചാടി ചരിത്ര വിജയം കൈവരിച്ച ഒരു ധീരവനിത...
കൂട്ടത്തിൽ ഘനാന്തകാരത്തിൽ കത്തിച്ചുവെച്ച മെഴുകുതിരി പോലെ, ഇരുട്ടിനെ പഴിക്കാതെ ഒരു സ്ത്രീരത്നം വിളിപ്പാട് അകലത്തിൽ ജീവിക്കുന്നുണ്ടായിരുന്നു.
സമുദായ നേതൃത്വം കഴുത്തിൽ ചാർത്തിത്തന്ന മാറാല മാലകൾ വകഞ്ഞുമാറ്റി ഒരുവിധം പിടിച്ചുനിന്ന സ്നേഹക്കനിയായ നഫീസ എന്ന കുഞ്ഞളാമ. നേരത്തെതന്നെ കടുത്ത സലഫി/വഹാബി ചിന്തയിൽ ജീവിതത്തെ കടഞ്ഞെടുത്ത
മർഹൂം സി.സി. അബ്ദുസ്സലാം സാഹിബിൻ്റെ സഹധർമിണി. എന്നാൽ ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ എന്നും വല്ലാതെ പ്രയാസപ്പെട്ടാണ് അദ്ദേഹം കാലം കഴിച്ചത്.
ജീവിതത്തിൽ അപ്പപ്പോൾ അനിവാര്യമായ മാറ്റങ്ങൾ സാധിച്ചെടുക്കുന്നതിൽ AIR വഹിച്ച പങ്ക് എടുത്തു പറയേണ്ടത് തന്നെ. ഫാറൂഖ് കോളേജിൽനിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും, കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ AIR കുറച്ചു കാലം സാമ്പിയയിലും പിന്നീട് കുറച്ചു കാലം ഖത്തർ പോലീസിലും ലാംഗ്വേജ് ട്രെയിനർ ആയി ജോലിനോക്കിയിട്ടുണ്ട്.
ഒരു ഉയർന്ന സർക്കാരുദ്യോഗസ്ഥനായിട്ടും, സെൻട്രൽ എക്സൈസ് സൂപ്രണ്ടും പിന്നീട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിട്ടും പ്രാരാബ്ധങ്ങൾ കേവലം അലങ്കാരമായി കൊണ്ടുനടന്ന അബ്ദുറഹിമാൻകുട്ടി സാറിനെ ഒരു മാതൃകയാക്കാൻ കഴിയേണ്ടതുണ്ട്. ഒരു കസ്റ്റംസ് സെൻട്രൽ എക്സൈസ് ഓഫീസർക്ക് ആനയും അമ്പാരിയും അടക്കം സകല സൗഭാഗ്യങ്ങളും സ്വന്തം വീട്ടിലേക്ക് ഒഴുകിയെത്തുന്നത് വളരെ സ്വാഭാവികവും സർവസാധാരണവും ആയിരുന്ന അക്കാലത്ത് അവയൊക്കെ നന്ദിപൂർവം തിരസ്ക്കരിക്കുന്നത് മക്കൾ നിറകണ്ണുകളോടെ നോക്കിനിന്നിട്ടുണ്ട്. അർഹിക്കാത്തത് ആഗ്രഹിക്കുന്നത് തെറ്റാണ് മക്കളേ എന്ന് മക്കളെ പഠിപ്പിച്ച ഒരു പിതാവിൻ്റെ മക്കളാണ് ഞങ്ങളെന്ന് സാഭിമാനം, അതിലേറെ സാമോദം ഇവിടെ കുറിക്കട്ടെ.
(തുടരും)