മരതകപ്പട്ടു പുതച്ച നെൽപ്പാടങ്ങൾ, മീനുകൾ തുള്ളിച്ചാടുന്ന കുളങ്ങളും പൂഞ്ചോലകളും, പൂത്തുനിൽക്കുന്ന പൊന്തക്കാടുകൾ, ചിലക്കുന്ന പക്ഷികളും ചിത്രശലഭങ്ങളും, മേച്ചിൽപ്പുറങ്ങളിൽ പുല്ലുതിന്നു മേയുന്ന പശുക്കളും, എരുമകളും, ആടുകളും, എന്റെ കേരളത്തെ ഭൂമിയിലെ പറുദീസയാക്കുന്ന ചില മനോഹരദൃശ്യങ്ങളാണ്. അവിടെ ജനിച്ചുവളർന്നതുകൊണ്ടു പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും വിലമതിക്കാനാവാത്ത അവളുടെ സ്വർഗ്ഗീയ ഭംഗിയിൽ അലിഞ്ഞുചേർന്നിരിക്കാനും ഒരു കൗതുകം എന്നിൽ വളർന്നു. അമേരിയ്ക്കയിലെ കാലിഫോർണിയയിൽ, അവിടത്തെ ശാന്ത സമുദ്രത്തിന്റെ തീരത്തിരുന്നു കടൽകാറ്റേറ്റ് ചുറ്റും വളർന്നു നിൽക്കുന്ന കോൺക്രീറ്റ് കാടുകൾക്കിടയിലൂടെ എന്റെ സ്വപ്നഭവനത്തിലേക്ക് ചേക്കേറുമ്പോൾ ശാസ്ത്രത്തിന്റെ പുരോഗതിയും നേട്ടവും എന്നെ സ്പർശിക്കുന്നില്ല. മറിച്ച് കടലിലെ ഓളവും കരളിലെ മോഹവും എന്ന് പാടിയ കവിയും കരയിലേക്ക് ഓടിയെത്തുന്ന കൊച്ചോളങ്ങളും എന്നെ ആനന്ദിപ്പിക്കുന്നു.
ഇപ്പോൾ ന്യുയോർക്കിൽ ഹൃസ്വകാല താമസത്തിനെത്തുമ്പോഴും ഞാൻ ഇവിടത്തെ പ്രകൃതിയെ സ്നേഹിക്കുന്നു. ഇവിടെ പ്രകൃതി തണുപ്പുകാലങ്ങളിൽ അത്ര പ്രിയങ്കരിയല്ലെന്നറിയാം. ശീതകാലം അവളുടെ പച്ചപ്പ് മാറ്റിക്കളയുന്നു. ഹിമകണങ്ങൾ ഇറ്റിറ്റു വീഴുന്ന കൊടും തണുപ്പിൽ ഇല പൊഴിഞ്ഞു നഗ്നരായി നിൽക്കുന്ന മരങ്ങൾ പോഷകആഹാരമില്ലാത്ത പട്ടിണിക്കോലങ്ങളെ ഓർമിപ്പിക്കുന്നു.
അപ്പോൾ അവൾ അപകടകാരിയായ ഒരു യക്ഷിയെപോലെ വെള്ളവസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുമെങ്കിലും സ്ത്രീഹൃദയത്തിന്റെ ആർദ്രത ഉൾകൊണ്ട് നിൽക്കുന്നു. നമുക്ക് അവളെ femme fatale എന്ന് വിളിക്കാം. സ്നേഹത്തിന്റെ ഊഷ്മാവിൽ അവൾ ഉരുകിയൊലിക്കും. നിറയെ കണ്ണുനീർ തൂകി പിന്നെ വീണ്ടും അവൾ പുഞ്ചിരിയുടെ തൂവെള്ള മഞ്ഞിൻ പൊടികൾ വിതറി നമുക്ക് സന്തോഷം പകരും. ന്യുയോർക്കിലെ വേനൽകാലങ്ങൾ ഞൊടിയിടയിൽ കഴിഞ്ഞപോകുന്നുവെന്നു തോന്നുന്നത് അതു നൽകുന്ന അമിതമായ സുഖവും സന്തോഷവുമാണ്. പകൽ ഉരുകി ഒലിച്ചു കടന്നുപോകുമ്പോൾ വന്നെത്തുന്നു സായാഹ്ന സമീരൻ ഹൃദയഹാരിയാണ്. പോക്കുവെയിലിൽ പൂക്കളും പുൽത്തകിടികളും അനിർവചനീയമായ സൗന്ദര്യം ചൊരിയുമ്പോൾ ഒരു കപ്പു കാപ്പിയുമായി എന്റെ മുറിയുടെ ജന്നലരികിൽ ഇരുന്നു വീടിന്റെ മുൻഭാഗത്തെ പൂന്തോട്ടം നോക്കിയിരിക്കുക മറക്കാനാവാത്ത അനുഭൂതി പകരുന്നു. അപ്പോൾ അവിടെ അണ്ണാറക്കണ്ണന്മാരും, കിളികളും അവരുടേതായ കളികളിൽ ഏർപ്പെടും. കിളികൾക്കായി നൽകുന്ന ഭക്ഷണം പെറുക്കിക്കൊണ്ടു കിളികൾ നടന്നും പറന്നും ആസ്വദിക്കുമ്പോൾ കൊതിയന്മാരായ അണ്ണാറക്കണ്ണന്മാർ അതെല്ലാം അവരുടെ വയറ്റിലാക്കാൻ ബദ്ധപ്പെടുന്നത് കാണുക രസകരമാണ്.
പക്ഷിതീറ്റ വൃക്ഷക്കൊമ്പുകളിൽ വയ്ക്കുന്നത് രുചിച്ച് നോക്കുന്നത് അണ്ണാറക്കണ്ണമാരാണ്. മാംസാഹാരിയല്ലാത്ത ഈ പൂവാലൻ ധ്യാനങ്ങളായി കാണപ്പെടുന്ന പക്ഷിതീറ്റയുടെ അരികുവശത്ത് ചേർക്കുന്ന മാംസാംശങ്ങൾ നുള്ളിക്കളഞ്ഞു ധ്യാനങ്ങൾ തിന്നുന്നു. താഴെ വീഴുന്ന മാംസാംശങ്ങൾ കൊത്തിപ്പെറുക്കാൻ പക്ഷികൾ ശ്രമിക്കുന്നു. തൻറെ ഉച്ചിഷ്ടം ഭക്ഷിക്കുന്ന പാവം പക്ഷികളെനോക്കി സന്തോഷസൂചകമായ ശബ്ദങ്ങൾ ഉണ്ടാക്കി അണ്ണാറക്കണ്ണനും ആനന്ദിക്കുന്നു. പ്രകൃതിയും ചരാചരങ്ങളും സൂര്യരസ്മിയിൽ അവരുടെ ഊർജ്ജം വർധിപ്പിക്കുകയാണ്. മരക്കൊമ്പുകൾ താഴെ നിഴൽ ചിത്രങ്ങൾ വരക്കുന്നു. വൃക്ഷകമ്പുകൾ കാറ്റിൽ ആടുമ്പോൾ താഴെ അവയുടെ നിഴലുകൾ ഇളകുന്നത് കണ്ടു പേടിച്ച് കിളികൾ പറന്നു അകലുന്നു. എന്റെ കാപ്പി കപ്പു ഒഴിഞ്ഞു. പ്രകൃതിയെ നിരീക്ഷിച്ചിരിക്കുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല.
കഴിഞ്ഞാഴ്ച ഇങ്ങനെ കിളികളെ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ കുസൃതികളായ രണ്ടു അണ്ണാറക്കണ്ണന്മാർ പക്ഷിതീറ്റ വച്ചിരിക്കുന്ന മരക്കൊമ്പിലേക്ക് ഓടി കയറി. എന്തോ പന്തയം വച്ച മാതിരി അവർ വാദിച്ച് ഓടി മുകളിലെത്തി. ആര് ആദ്യം എത്തി എന്ന് തർക്കിക്കുന്നപോലെ രണ്ടെണ്ണവും എന്തൊക്കയോ മുഖം കൊണ്ടും കൈ കൊണ്ടും കാണിച്ചു. അതിൽ ഒരുത്തൻ അവന്റെ ദ്വേഷ്യം തീർക്കാൻ പക്ഷി തീറ്റ വച്ചിരിക്കുന്ന പാത്രം തട്ടിമറിച്ചു. മുഴുവൻ ധ്യാനങ്ങളും താഴെ വീണു. അവരും താഴെ ഇറങ്ങിവന്നു തീറ്റമത്സരം തുടങ്ങി. അപ്പോഴാണ് റെഡ് കാര്ഡിനൽസ് എന്ന പക്ഷികളുടെ വരവ്. വളരെ ഭംഗിയാണ് അവയെ കാണാൻ. മുഖം കറുപ്പെങ്കിലും ദേഹം മുഴുവൻ നല്ല പ്രകാശിക്കുന്ന ചുവപ്പു നിറമാണ്. കൊക്കിനും ചുവപ്പു നിറം തന്നെ. എന്നാൽ ഇവരുടെ പെൺജാതിക്ക് മങ്ങിയ തവിട്ട് നിറമാണ്. അവരുടെ ചിറകുകളിൽ ചുവന്ന ചായം കലർത്തിയിട്ടുണ്ട്. ഇവർക്കും കറുത്ത മുഖം തന്നെ. ഇവരെക്കൂടാതെ എന്റെ എണ്ണം തെറ്റിയില്ലെങ്കിൽ ഇരുപത്തിയഞ്ചോളം സ്പാരോ പക്ഷികൾ, വാലാട്ടിപക്ഷികൾ, മൈനകൾ എല്ലാവരും അണ്ണാറക്കണ്ണൻ നൽകിയ ബഫേ ഭക്ഷണം കഴിക്കാനെത്തി. ഒരു കാര്യം ശ്രദ്ധേയമായിരുന്നു. മനുഷ്യരെപ്പോലെ ആക്രാന്തവും, ആക്രമണവും കൂടാതെ അവയെല്ലാം ഭക്ഷണം ആസ്വദിച്ചുകൊണ്ടിരുന്നു. എത്രയോ മനോഹരമായ കാഴ്ചയായിരുന്നു.
ഇതെല്ലാം കണ്ടുകൊണ്ടു എന്റെ പട്ടി കൊക്കോ നിശബ്ദനായി അവിടെ ഗാർഡനിൽ കിടന്നിരുന്നു. ഞാൻ കണ്ടുകൊണ്ടിരിക്കുന്ന ആ കാഴ്ച നശിപ്പിക്കരുതെന്നു അവനറിയാം. അവൻ കുരയ്ക്കാതെ നിലത്ത് കിടന്നു അതൊക്കെ കണ്ടിരുന്നു. അവന്റെ അധീനതയിലുള്ള പ്രദേശത്ത് ഈ പക്ഷിക്കൂട്ടവും അണ്ണാറക്കണ്ണനും വരുന്നത് അവനിഷ്ടമല്ല. അവൻ ഇടക്കിടെ എന്റെ മുഖത്തേക്ക് നോക്കും. ഞാൻ ആ കാഴ്ചയിൽ മുഴുകി ഇരിക്കയാണെന്നു അറിയുമ്പോൾ അവറ്റകളെ കുരച്ചു ഓടിക്കാൻ പറ്റാത്ത ദുഃഖത്തിൽ അവൻ ഒരു ദയനീയ ശബ്ദം ഉണ്ടാക്കും. പക്ഷികൾ കൂടുതൽ തീറ്റ കിട്ടിയ സന്തോഷത്തിൽ ചിലക്കുന്നുണ്ട്. അണ്ണാറക്കണനും തന്നാലായത് ചെയ്യുന്നു. അതിനിടയിൽ ചില പക്ഷികൾ കൊക്കോയുടെ തലക്ക് മുകളിലൂടെ പറന്നു ശബ്ദമുണ്ടാക്കി. അത് അവനു രസിച്ചില്ല. എന്റെ ശിക്ഷ മറന്നു അവൻ എണീറ്റ് നിന്ന് കുരയ്ക്കാൻ തുടങ്ങി. മിനിറ്റിനുള്ളിൽ ആ രംഗം മാഞ്ഞുപോയി. പക്ഷികൾ ചിറകടിച്ച് പറന്നുപോയി. അണ്ണാറക്കണ്ണൻ മരത്തിലേക്കോടി. ബുദ്ധിമാനായ കൊക്കോ ഓടി എന്റെ അടുത്ത് വന്നു വാലാട്ടി. ഞാനുണ്ടല്ലോ പിന്നെന്തിനു ഈ പക്ഷികളും, അണ്ണാറക്കണ്ണന്മാരും എന്ന് ചോദിക്കുമ്പോലെ മുരണ്ടു.
ഞാനാലോചിച്ചു, പ്രകൃതിയുമായി അതിലെ ചരാചരങ്ങളുമായി ഒരു സംവാദം അല്ലെങ്കിൽ അവരെ വീക്ഷിക്കാൻ കഴിയുമ്പോൾ പ്രഭാതങ്ങൾ സുപ്രഭാതങ്ങളാകുന്നു, സന്ധ്യകൾ സുന്ദരിമാരാകുന്നു. കവിയുടെ വരികൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി. " Dull would he be of soul who, could pass by a sight ,so touching in its majesty ". മനോഹരമായ ഇത്തരം കാഴ്ച്ചകൾ ആസ്വദിക്കാൻ കഴിയാത്ത അരസികന്മാർക്ക് ദൈവം എന്തിനു കണ്ണുകൾ നൽകി എന്ന് നമ്മൾ ആലോചിച്ചുപോകും.
വേനൽ നമ്മോട് വിട പറയാൻ ഒരുങ്ങുകയാണ്. ഋതുക്കൾ മാറി ഇനിയും വേനൽ വരും. അത് വരെ വേനൽക്കാല ഓർമ്മകൾ സൂക്ഷിച്ചുവയ്ക്കാം.
(ഇംഗ്ളീഷിൽ നിന്നും സ്വതന്ത്ര പരിഭാഷ ചെയ്തത് സുധീർ പണിക്കവീട്ടിൽ)