അങ്ങനെ അവസാനം ആ സ്വാതന്ത്ര്യവും കിട്ടിയിരിക്കുന്നു !.
ഇനി ഇന്നാട്ടിലെ പെണ്ണുങ്ങള്‍ക്ക് ആരെയും പേടിക്കാതെ ,ആരുടെയും കാലു പിടിക്കാതെ ഗര്‍ഭച്ഛിദ്രം നടത്താമെന്ന്.ഇതുവരെ എന്നാ അന്യായമായിരുന്നു.എത്രപേരുടെ അടുത്ത് സമാധാനം ബോധിപ്പിച്ചാലാ രക്ഷപ്പെടാന്‍ പറ്റുക.ഇനിയിപ്പോ രാവിലെ ആശുപത്രിയിലോട്ട് ചെല്ലണം,കാര്യം പറയണം,സംഗതിനടത്തി കൈയ്യുംവീശി തിരിച്ചുപോരാം.തലേലെ ് പേനെടുത്തു കൊല്ലുന്ന ലാഘവത്തില്‍ ...ഇങ്ങനൊക്കെയാണിപ്പോള്‍ നവമാധ്യമങ്ങളിലെ കമന്റുകള്‍ !.
നമ്മുടെ സുപ്രിംകോടതി സ്ത്രീകളുടെ ഉറ്റ മിത്രമാണ് !.അവിവാഹിതകള്‍ക്കു മാത്രമല്ല വിവാഹിതകള്‍ക്കും ഇതേ നീതി കിട്ടും.അതൊരു അടിയായിപ്പോയി.ഭാരതത്തിലെ ഭര്‍തൃബലാല്‍സംഗങ്ങള്‍കൊണ്ട് പൊറുതിമുട്ടിയ സ്ത്രീകള്‍ രണ്ടു നാളായി ശ്വാസം നേരെചൊവ്വെ ശരിക്കു വലിച്ചു വിട്ടുതുടങ്ങിയിരിക്കുന്നു.എംടിപി-മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമം വ്യാഖ്യാനിച്ചുകൊണ്ടള്ള സുപ്രിം കോടതിയുടെ വിധി ഗംഭീരം.വിവാഹവാഗ്ദാനം നല്കി ചതിച്ച കാമുകന്റെ ,24 ആഴ്ച പ്രായമായ ഗര്‍ഭത്തെ ഇല്ലാതാക്കാന്‍ പരമോന്നത കോടതിയില്‍ അഭയം തേടിയ 25 വയസ്സുകാരിയാണ് ഈ സുപ്രധാന വിധിക്ക് കളമൊരുക്കിയത്.
അന്താരാഷ്ട്ര സുരക്ഷിത ഗര്‍ഭച്ഛിദ്രദിനത്തില്‍ത്തന്നെ ഇങ്ങനൊരു വിധി വന്നത് ശ്രദ്ധേയമാണ്.ഇനി നമ്മുടെ ആറ്റിലൂടെയും തോട്ടിലൂടെയും നവജാതശിശുക്കളുടെ ശവശരീരം ഒഴുകില്ലെന്നു സമാധാനിക്കാം.കഴുത്തുഞെക്കിയും ബാത്തിറൂമിലെ ബക്കറ്റുകളില്‍ മുങ്ങിയും ഒരു ചോരക്കുഞ്ഞും മരിക്കയില്ലെന്നു ആശ്വസിക്കാം.
എന്റെ മുന്നില്‍ നിറകണ്ണുകളോടെ കിടന്ന ഒരു പെണ്‍കുട്ടിയെ ഈ നിമിഷത്തില്‍ ഓര്‍മിക്കാതെ വയ്യാ.കോട്ടയത്തെത്തിയ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലെ ചോരക്കറ കണ്ട് സംശയംതോന്നിയ കണ്ടക്ടറാണ് ഡിക്റ്ററ്റീവായത്.ബാക്ക്‌സീറ്റിനു താഴെയായി ഒരു ചോരക്കുഞ്ഞ്.പോലീസെത്തി,ആള്‍ക്കാര്‍ ഓടിക്കൂടി,ഒരു നിമിഷംകൊണ്ട് കോട്ടയം കെഎസ്ആര്‍ടിസി ബസ്‌സ്റ്റാന്‍ഡ് പൂരപ്പറമ്പായി.പക്ഷേ കുഞ്ഞിനെ നിക്ഷേപിച്ച അമ്മയുടെ പൊടിപോലുമില്ല.തിങ്ങിനിറഞ്ഞ ബസ്സിനുള്ളില്‍ ഇതെങ്ങനെ സംഭവിച്ചു എന്ന് എല്ലാവര്‍ക്കും അതിശയം.ബസ്സിന്റെ സ്‌റ്റെപ്പു വഴി ചോരത്തുള്ളികള്‍ പുറത്തേക്കു പോയത് കണ്ട പൊലിസ് ഝടുതിയില്‍ അന്വേഷണം തുടങ്ങി. അധികം വൈകാതെ ' കുറ്റവാളി 'യെ കണ്ടെത്തി.ആലിലപോലെ വിറച്ചുകൊണ്ട് ഇത്തിരിപ്പോന്ന ഒരു പെണ്‍കുട്ടി.ഒപ്പം ഭര്‍ത്താവിന്റെ മാതാപിതാക്കളുണ്ട്.അവരെ മെഡിക്കല്‍കോളേജില്‍ ചികിത്സയ്ക്കു കൊണ്ടുവരുന്ന വേളയിലാണ് ഈ സുഖപ്രസവം സംഭവിച്ചത്.അവര്‍ക്കു പിന്നിലെ സീറ്റിലിരുന്ന യുവതി പ്രസവിച്ചതും പൊക്കിള്‍ക്കൊടി വലിച്ചുപൊട്ടിച്ച് കുഞ്ഞിനെ സീറ്റിനു താഴേക്ക് തള്ളിവച്ചതും ഒറ്റക്കുഞ്ഞറിഞ്ഞില്ല !.
പൊലിസില്‍നിന്നു വിവരണം കേട്ട ഞാനെന്റെ പ്രസവനിമിഷങ്ങള്‍ ഓര്‍ത്ത് അന്തം വിട്ടു.ആകെ ടെന്‍ഷനടിച്ച് വെപ്രാളത്തോടെ അമ്മ,അക്ഷമനായി ഭര്‍ത്താവ്,ആസ്പത്രിയിലെ പ്രസവമുറിയുടെ വിളിപ്പാടകലെ അടുത്ത ബന്ധുക്കള്‍..എന്തെല്ലാം ബഹളങ്ങളായിരുന്നു..
'' താങ്ങാനാളുണ്ടെങ്കില്‍ വീഴാന്‍ റെഡിയാണ് ഈ പെണ്ണുങ്ങള്‍.ഇടത്തും വലത്തും തലയിണയുംവച്ച് ഒമ്പതുമാസം രാജ്ഞികളിച്ചാണ് പലരും പ്രസവിച്ചത് ,ഇതിപ്പം ഒപ്പമിരുന്നവരുപോലും അറിഞ്ഞില്ല '',പിറ്റേന്ന് ബസ്സിലെ പ്രസവവാര്‍ത്ത വിശദമായി പത്രപാരായണം നടത്തിയശേഷം എന്നെ പാളി നോക്കിയിട്ട് ഭര്‍ത്താവിന്റെവക ഒരു പ്രസ്താവന.എന്തു മറുപടി പറയുമെന്നറിയാതെ ഞാന്‍ വാ പൊളിച്ചു.
രണ്ടുനാള് കഴിഞ്ഞ് എന്റെ സാമൂഹികപ്രവര്‍ത്തക സുഹൃത്ത് വിളിച്ചു. '' ബസ്സിലെ പ്രസവവാര്‍ത്ത കൊടുത്ത് നിങ്ങളൊക്കെ വലിയ സംഭവമാക്കിയതല്ലേ,ഇവിടെ വന്നാല്‍ ആ പെണ്‍കുട്ടിയെ കാണാം'' .
ഞാന്‍ സ്ത്രീ സംരക്ഷണ കേന്ദ്രത്തിലെത്തി.അവിടെ ഒരു മുറിയില്‍ മെലിഞ്ഞുണങ്ങിയ ഒരു പെണ്‍കുട്ടി കിടപ്പുണ്ട്.അതിന്റെ കണ്ണീരുണങ്ങാത്ത മുഖം ..നാളെ എന്തെന്നറിയാതെ വല്ലാത്തൊരു മാനസ്സിക അവസ്ഥയിലായിരുന്നു അവള്‍.ഭര്‍ത്താവ് ഗള്‍ഫിലാണ് .മൂന്നു വര്‍ഷം കൂടുമ്പോഴാണ് വരിക ,സാധുക്കളാണ്.മൂത്ത ഒരു പെണ്‍കുഞ്ഞുണ്ട്.കാര്യം അവിഹിതമാണ്.ഒരിക്കല്‍ സ്വന്തം വീട്ടിലെത്തിയപ്പോള്‍ സംഭവിച്ചുപോയബന്ധം.ഗര്‍ഭം അലസിപ്പിക്കാന്‍ പോയെങ്കിലും ഡോക്ടര്‍ വീട്ടുകാരെ ആരെയെങ്കിലും വിളിച്ചോണ്ടു ചെല്ലാന്‍ പറഞ്ഞു.പുറത്തു പറയാന്‍ പേടി,മരിക്കാനും..പെറ്റമ്മയോടു പോലും പറയാനാവാതെ അവള്‍ ചത്തു ജീവിച്ചു.അങ്ങനെ ഗര്‍ഭം തികഞ്ഞു.ബസ്സിലെ യാത്രയ്ക്കിടയില്‍ പ്രസവവേദന കടിച്ചുപിടിച്ചു സഹിച്ച് പ്രാണഭയത്തോടെ ഭര്‍തൃമാതാപിതാക്കള്‍ക്കൊപ്പം ..കുഞ്ഞ് പുറത്തു വന്നിട്ടും കരച്ചിലൊന്നും ഉണ്ടായില്ല.കൈകൊണ്ടുതന്നെ പൊക്കിള്‍ക്കൊടി വലിച്ചുപൊട്ടിച്ചു.രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലിരിക്കുമ്പോഴാണ് പൊലീസ് തിരക്കിച്ചെന്നതും ഡോക്ടര്‍ പ്രസവം സ്ഥിരീകരിച്ചതും.ആകെ നാറി.കുഞ്ഞിന്റെ അച്ഛന്‍ പീഡനക്കേസില്‍ ജയിലിലായി.അയാളും വിവാഹിതനാണ്.തന്നെ വഞ്ചിച്ച ഭാര്യയെ , ഗള്‍ഫിലിരുന്ന് ഭര്‍ത്താവ് മൊഴിചൊല്ലി.ഭര്‍ത്തൃവീട്ടുകാര്‍ ഉപേക്ഷിച്ചു.മൂത്ത കുട്ടിയെ കാണിക്കപോലും ചെയ്യില്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു.സ്വന്തം മാതാവിനും സഹോദരങ്ങള്‍ക്കും അപമാനഭാരം.അവള്‍ ഉപേക്ഷിച്ച നവജാതശിശുവിനെ അഡോപ്ഷന്‍ സെന്ററിലാക്കിയിരുന്നു.കുട്ടിയെ ഒരുനോക്കു കാണാന്‍പോലും അവള്‍ ഇഷ്ടപ്പെട്ടില്ല.പക്ഷേ മാസങ്ങളിലെ കൗണ്‍സലിംഗിനു ശേഷം അവള്‍ സാധാരണ മാനസ്സികനിലയിലെത്തി. കുഞ്ഞിനെ നിയമപോരാട്ടം നടത്തി തിരികെ നേടി.ഇന്നവള്‍ രണ്ടാംവിവാഹം കഴിഞ്ഞ് ഗള്‍ഫില്‍ ഭര്‍തൃമതിയായി കഴിയുന്നു.പക്ഷേ എല്ലാവരും ഇങ്ങനെ രക്ഷപ്പെടണം എന്നില്ല.പലരുടെയും ജീവിതം കുട്ടിച്ചോറാകും.
അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞുങ്ങളെ കഴുത്തുഞെരിച്ചും വെള്ളത്തില്‍മുക്കിയും ആറ്റില്‍ വലിച്ചെറിഞ്ഞും കൊല്ലുന്ന എത്രയെത്ര സംഭവങ്ങള്‍.അമ്മത്തൊട്ടിലില്‍ ഇടാന്‍പോലും സാഹചര്യം കിട്ടാത്ത അമ്മമാര്‍ മാനം രക്ഷിക്കാന്‍ ചെയ്യുന്ന കടുംകൈകള്‍..സാഹചര്യമാണ്,മനുഷ്യനാണ്,തെറ്റുകള്‍ സംഭവിക്കാം.ന്യായാന്യായങ്ങളെപ്പറ്റി പറയാന്‍ നമ്മളാരും തെറ്റുകള്‍ക്കതീതരല്ല.പക്ഷേ സുപ്രിം കോടതിയുടെ ഈ വിധിയിലൂടെ ,മാനംനഷ്ടപ്പെടാതിരിക്കാന്‍ നവജാതശിശുക്കളെ കൊന്നൊടുക്കുന്ന അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചേക്കാം.
അതിക്രൂരമായ ഭര്‍തൃബല്‍ത്സംഗങ്ങളാണ് മറ്റൊന്ന്.അടുത്തിടെ മരിച്ച രണ്ടു യുവതികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായി.സ്വകാര്യശരീരഭാഗങ്ങളില്‍ നിറയെ വ്രണങ്ങളും ക്ഷതങ്ങളും .അതിക്രൂരമായ ലൈംഗികപീഡനങ്ങള്‍ ഭര്‍ത്താവില്‍നിന്നും ഏറ്റ് മരണത്തിലേക്ക് നടന്നുപോയവര്‍..പലപ്പോഴും ഇവരെ വിവാഹജീവിതത്തില്‍ പൂട്ടിയിടുന്നത് കുഞ്ഞുങ്ങളെന്ന ആയുധംകൊണ്ടാണ്.
പരമോന്നതകോടതിയുടെ വിധിയെ എതിര്‍ക്കുന്നവര്‍ ഏറെയുണ്ട്.പ്രാണനെ കൊന്നൊടുക്കാനുള്ള അവകാശമായി ഈ വിധിയെ വിശേഷിപ്പിക്കുന്നവരും ധാരാളം.ബലാല്‍സംഗത്തിലൂടെ ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിയുടെ മാനസ്സിക അവസ്ഥ ചിന്തിച്ചുനോക്കുമ്പോളറിയാം ഈ നിയമത്തിന്റെ തലോടലിന്റെ ആശ്വാസം.ചതിവിലൂടെ ,പ്രണയക്കുരുക്കിലൂടെ,വിവാഹവാഗ്ദാനത്തിലൂടെ വഞ്ചിക്കപ്പെട്ട പെണ്‍കുട്ടി തന്തയില്ലാത്ത കുഞ്ഞിനെ വളര്‍ത്തി ഈ സമൂഹത്തില്‍ ജീവിക്കണമെന്നാണോ ?.ഇങ്ങനൊരു വിധി വന്നതോടെ സ്ത്രീകള്‍ വഴിവിട്ട ജീവിതത്തിലേക്ക് കൂടുതല്‍ അഭിരമിക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.പരസ്പര സ്‌നേഹത്തിന്റെ പങ്കിടലിലൂടെ ഉരുവായ ഗര്‍ഭം പെണ്ണ് എന്തു വിലകൊടുത്തും പോറ്റും. തന്റെ കുഞ്ഞിന്റെ പ്രാണനെടുക്കാന്‍ അവള്‍ തയ്യാറാവില്ല.എവിടെ പ്രണയം ചവിട്ടിമെതിക്കപ്പെടുമോ ,വഞ്ചിക്കപ്പെടുമോ,പകയും വിദ്വേഷവും സ്ഥാനം പിടിക്കുമോ അവിടെയാണ് ക്രൂരതകള്‍ അരങ്ങേറുക.അല്ലാതെ ഇന്ത്യയിലെ സ്ത്രീകളെല്ലാം നാളെ മുതല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ആസ്പത്രികളില്‍ ക്യൂ നില്‍ക്കുമെന്നൊക്കയുള്ള പരിഹാസങ്ങള്‍ അപഹാസ്യമാണ്.
ഏതോ കിളി കാഷ്ടിച്ചുകൂട്ടിയ വിത്ത് നിലത്തുവീണ് മുളച്ചു വലുതായതുപോലെ ,തന്നോടു യാതൊരു ആത്മബന്ധവുമില്ലാത്ത ഒരു പുരുഷന്‍ കാഷ്ടിച്ച ബീജത്തില്‍നിന്നു മുളച്ച വിത്തിനെ ചുമ്മിനടക്കണോ ഒഴിവാക്കണോയെന്ന് ഇനി സ്ത്രീ തീരുമാനിക്കും..കേവലം രണ്ടുമിനുട്ടിന്റെ ആവേശം മാത്രമാണ് പുരുഷന് .അതൊരു സമര്‍പ്പണമൊന്നുമല്ലല്ലോ..പക്ഷേ പത്തുമാസം പെണ്ണിന്റെ ഗര്‍ഭപാത്രത്തില്‍ അള്ളിപ്പിടിച്ചാണ് ശിശു വളരുന്നത്,അവളില്‍ നിന്നാണ് പോഷകങ്ങള്‍ ഊറ്റിയെടുക്കുന്നത്.സത്രീശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഭാഗം കരുണയില്ലാതെ കീറിമുറിച്ചാണ് ഓരോ ശിശുവും ഭൂമിയിലേക്ക് കണ്‍മിഴിക്കുന്നത്. സ്ത്രീയ്ക്കല്ലാതെ പിന്നാര്‍ക്കാണ് ഗര്‍ഭച്ഛിദ്രമെന്ന തീരുമാനത്തെ നീതിയോടെ നേരിടാനാവുക.
ദയവായി നീതിയുടെ വേദശാസ്ത്രവും തത്വവും പറഞ്ഞ് നാളെ മുതല്‍ ഇടയലേഖനങ്ങളുമായി ആരും ഹാലിളകരുത്.പ്രാണനെടുക്കാന്‍ മനുഷ്യന് അവകാശമില്ല.പക്ഷേ യുദ്ധക്കളത്തില്‍ ഈ നീതിസാരങ്ങളൊന്നും വിലപ്പോകുന്നില്ല.ജീവിതം ഒരു യുദ്ധഭൂമിയല്ലേ..
women have right to safe, legal abortion