ഒരു നല്ല ശ്രോതാവാണോ നിങ്ങൾ ...?
ഒരാളെ കേൾക്കുമ്പോൾ
അയാൾ പറയുന്നത് ആത്മാർത്ഥതയോടെ കേൾക്കുന്നതിൽ
കൂടുതലൊരു പരിഗണന അയാൾക്കു കൊടുക്കുവാനില്ലായെന്നുളളതാണ് വാസ്തവം.. മനുഷ്യത്വത്തിന്റെ ഒന്നാം പാഠമാണത്..
ഒരു നല്ല കേൾവിക്കാരന് മറ്റുള്ളവരെ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നു.. അതുവഴി അവരോടു സഹാനുഭൂതി കാണിക്കാനും സാധിക്കുന്നു.
ഒരു നല്ല ശ്രോതാവാണു നമ്മളെങ്കിൽ,നമ്മുടെ ദൈനംദിന ജീവിതം കൂടുതൽ അർത്ഥവത്തായ ബന്ധങ്ങളിലേക്കു കൊണ്ടുപോകാൻ നമുക്കു സാധിക്കും.
ഇന്നത്തെക്കാലത്ത് ആർക്കും ആരും പറയുന്നത് ക്ഷമയോടെ കേൾക്കാൻ സമയമില്ല.
നമ്മുടെ കുട്ടികൾ, മാതാപിതാക്കൾ, ജീവിതപങ്കാളി, കൂട്ടുകാർ ഇവരൊക്കെ നമ്മളോട് പറയുന്നത് എന്തുമാകട്ടെ, എത്ര ശ്രദ്ധയോടെ സമയം കൊടുത്തു നമ്മളതിനു കാതോർക്കാറുണ്ട്.. ?
"ഞാൻ പറയുന്നതു നിങ്ങൾ കേൾക്കുന്നില്ല:
ഞാൻ പറയുന്നതാരും ശ്രദ്ധിക്കുന്നില്ല:
എനിക്ക് പറയാനുള്ളത് കേൾക്കാൻ ആർക്കുമിവിടെ സമയമില്ല :"
നമ്മൾ ദിനംപ്രതി കേൾക്കുന്ന പരാതിയാണ് .
മനസ്സിലുളളതു പറഞ്ഞു കഴിയുമ്പോൾ പറയുന്നയാളിനൊരാശ്വാസവും സമാധാനവുമാണ്. എല്ലാത്തിനുമുളള ഉത്തരം നമ്മൾ കണ്ടെത്തിക്കൊടുക്കണമെന്നല്ല അവർ പറയുന്നത്. അവരുടെ മനസ്സിന്റെ ഭാരം ഒന്നിറക്കിവെക്കാൻ
മാത്രമായിരിക്കും..
പ്രായമായ മാതാപിതാക്കൾ, ചിലപ്പോൾ നിങ്ങളുടെ കുട്ടിക്കാലത്തെ ഒരു സംഭവമാകാം, അല്ലെങ്കിൽ ഒരു പഴയ സുഹൃത്തിനെ അവിചാരിതമായി കണ്ട കാര്യമാകാം, അതിനു ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഒരു പ്രസക്തിയുമുണ്ടാവില്ല, എന്നാലുമത് ശ്രദ്ധയോടെ കേട്ടിരിക്കുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷം എത്ര വലുതാണെന്നോ. !.
മക്കൾ, അവരുടെ സ്കൂളിൽവച്ച് അവർക്കുണ്ടായ ചെറിയ സന്തോഷങ്ങളും ചെറിയ വിഷമങ്ങളും മാതാപിതാക്കളോടു വന്നു പറയുമ്പോൾ അവയ്ക്ക് കാതോർത്തില്ലെങ്കിൽ അവർ പിന്നീട് ഒരു വിശേഷവും വീട്ടിൽവന്നു പറയാതെയാകും,
മിക്ക സ്ത്രീകളും അവരുടെ പങ്കാളിയോട്
സംസാരിക്കാൻ, ആശയവിനിമയം നടത്താൻ, കളിതമാശകൾ പറഞ്ഞു ചിരിച്ചു സന്തോഷിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും.. പങ്കാളിക്ക് അതൊന്നുമത്ര താല്പര്യമല്ലെങ്കിൽ
അവരുടെ വാക്കുകള്‍ക്ക് കാതുകൊടുക്കുന്നവരോട്
അവർക്ക് സൗഹൃദവും അടുപ്പവും തോന്നിപ്പോയേക്കാം.. .
സംസാരിക്കുന്നത് ചിലപ്പോൾ നിസ്സാര കാര്യമാണെന്ന് നിങ്ങൾ കരുതിയാലും, അത് കേൾക്കാൻ ഒരാളുണ്ടെന്നുളളതൊരു സന്തോഷമല്ലേ.?
തിരിച്ചും തന്റെ ദൈനംദിന കാര്യങ്ങൾ ഭാര്യയുമായി പങ്കുവെയ്ക്കുമ്പോൾ, "അയ്യോ നൂറു പണികിടക്കുന്നു , ഇതൊക്കെ ദിവസവും നടക്കുന്ന കാര്യങ്ങളല്ലേ...ഇതിലെന്തായിത്ര പറയാനുളളത് എന്നൊക്കെ അങ്ങോട്ടു ചോദിച്ചാലോ.. ?
ഒരു ഡോക്ടറെ കാണാൻ പോയാൽ അയാൾ നമ്മൾ പറയുന്നതു ശ്രദ്ധാപൂർവ്വം കേൾക്കുന്നില്ലായെന്ന തോന്നലുണ്ടായാൽ, മരുന്ന് എഴുതിത്തന്നാലും തന്റെ രോഗവിവരം കേൾക്കാതെ എന്തോ കുറിച്ചുതന്ന പ്രതീതിയുളവാകും..
വല്ലാത്ത ഡിപ്രഷൻ തോന്നുന്ന ദിവസങ്ങളിൽ, അതെന്തു കാരണം കൊണ്ടുമാകട്ടെ, അടുത്ത സുഹൃത്തിനെ വിളിച്ചു കുറച്ചു സമയം സംസാരിച്ചു കഴിയുമ്പോൾ മനസ്സിനൊരു ലാഘവം കട്ടാറില്ലേ ..?
ആത്മഹത്യ ചെയ്യാനൊരുമ്പെട്ടു നിൽക്കുന്നയൊരാൾക്ക്, ആരോടെങ്കിലും മനസ്സു
തുറന്നൊന്നു സംസാരിക്കാനുളള അവസരമുണ്ടായാൽ ആത്മഹത്യിൽനിന്നും പിന്മാറാനുളള സാധ്യതയേറെയാണ്.
ഒരു സംഭാഷണത്തിൽ
ഏർപ്പെട്ടിരിക്കുമ്പോൾ, നാം സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍
സമയം മറ്റേയാളെ കേൾക്കുവാൻ ശ്രമിക്കണം.
അയാൾ പറഞ്ഞു തീരുന്നതുവരെ നമ്മൾ ഇടയ്ക്കു കയറി പറയാതിരിക്കുന്നതാണു നല്ലത്. അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അതിനെന്താണ് താൻ ഉത്തരം നൽകേണ്ടത്
എന്നതിനെപ്പറ്റി ചിന്തിക്കാതെ, പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കാൻ ശ്രമിക്കുക, അത് വഴി അവരുടെ
ചിന്തകളുമായി താതാത്മ്യം പ്രാപിക്കാൻ സാധിക്കും .
നേരിട്ടൊരാൾ നമ്മളോട് സംസാരിക്കുമ്പോൾ ഫോണിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും
ടിവിയിലിൽ കണ്ണുനട്ടിരിക്കുകയുമൊക്കെ ചെയ്യുമ്പോൾ
അവർ പറയുന്നത് നമ്മൾ കേൾക്കുന്നില്ല,ശ്രദ്ധിക്കുന്നില്ലായെന്ന തോന്നൽ അവരിലുണ്ടാക്കും.
A GOOD LISTENER - PUSHPAMMA CHANDY