വിദേശകാര്യ സഹമന്ത്രി ആയിരിക്കെ, 2008 ൽ, പതിനാലു വര്ഷം മുൻപ്, കേരള സെന്ററിൽ കൊടുത്ത സ്വീകരണത്തിലാണ് ബഹു; ശശി തരൂരിനെ ഞാൻ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഒരു സിനിമ നടനെ പോലെ സുന്ദരനായ അദ്ദേഹത്തോട് ഞാൻ ഒരു കുസൃതി ചോദ്യം ചോദിച്ചു. സിനിമയിൽ അഭിനയിച്ചു കൂടെ എന്ന എന്റെ ചോദ്യത്തിന് മറുപടി, അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായ ചെറിയ പുഞ്ചിരിയിൽ ഒതുങ്ങി. ഹോളിവുഡിൽ പോയാൽ നല്ല നടനാകുമായിരുന്നു എന്നാണ് അദ്ദേഹത്തെ പരിചയമുള്ള ഫ്രെഡ് കൊച്ചിനും പറഞ്ഞത്.
ഗ്രൂപ്പിസവും പടലപ്പിണക്കങ്ങളും കുതികാൽവെട്ടും എല്ലാം രാഷ്രീയ ചരിത്രത്തിൽ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. എല്ലാ ആൾക്കാരെയും ഒന്നിച്ചു കൊണ്ടുപോകാൻ കഴിവുള്ള ഒരു നേതാവിനെ ആണ് കോൺഗ്രസിന് ഇന്നാവശ്യം. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേൽക്കു ശശി തരൂരിനെക്കാൾ പ്രഗൽഭനായ ആയ മറ്റൊരാളെ കണ്ടു പിടിക്കാൻ അദ്ദേഹത്തെ എതിർക്കുന്നവർക്കു പോലും കഴിയില്ല. യുഎൻ ന്റെ അണ്ടർ സെക്രെട്ടറി ജനറലായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്, ഇംഗ്ലീഷും ഫ്രഞ്ചും അടക്കം ഇന്ത്യയിലുള്ള പല ഭാഷകളിലും പ്രസംഗിക്കാനുള്ള കഴിവ് പ്രശംസനീയം തന്നെ.
കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ മനസാക്ഷി വോട്ടിനു ആഹ്വാനം ചെതിട്ടു, ഇപ്പോൾ ശശി തരൂരിന്റെ എതിർസ്ഥാനാർഥി മല്ലികാർജുൻ ഖാർഗെയെ പിന്തുണക്കുന്നു. കേരളത്തിലെ മുതിർന്ന നേതാക്കൾ എല്ലാം തന്നെ ഖാർഗെയെ പിന്തുണക്കുമ്പോൾ , ശബരിനാഥ് അടക്കം ഇന്ത്യയിലെ ഇളം തലമുറ നേതാക്കളുടെ വലിയ നിരയുടെ പിന്തുണ ശശി തരൂരിന് ഉണ്ട്. ചെറുപ്പം മുതലേ പാർട്ടിയിൽ പ്രവർത്തിക്കുന്ന വയസർക്ക് മറ്റാരെങ്കിലും വരുന്നത് സഹിക്കാൻ പറ്റുമോ?
ശശി തരൂർ മികച്ച ഒരു എഴുത്തുകാരൻ കൂടിയാണ്. ഇംഗ്ലീഷിൽ 21 പുസ്തകങ്ങൾ. പലതും ബെസ്ററ് സെല്ലർ.
യു.എൻ. വിട്ട ശേഷം കുറേകാലം അഫ്രാസ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർ ആയും സേവനം അനുസുഷ്ടിച്ചിരുന്നു. സുനന്ദ പുഷ്കറിനെ വിവാഹം കഴിക്കുന്നതും ആ കാലത്താണ്.
ഇന്ത്യയിൽ നെഹ്‌റു ഫാമിലി, അമേരിക്കയിൽ കെന്നഡി ഫാമിലി, ബ്രിട്ടനിൽ റോയൽ ഫാമിലി ഇതൊക്കെ അതാതു രാജ്യത്തു ജനങ്ങളുടെ ഒക്കെ മനസുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ലോകം എക്കാലവും ആദരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ സ്ഥാനം ലോക നേതാക്കളിൽ മുൻപന്തിയിൽ തന്നെ. ആ അളവ്കോൽ കൊണ്ട് കൊച്ചു മക്കളായ പ്രിയങ്കയേയും, രാഹുലിനെയും നാം അളക്കാൻ ശ്രമിക്കാറുണ്ട്. ആ കണക്കുകൂട്ടലുകൾ തെറ്റായതു കൊണ്ട് കോൺഗ്രസിന്റെ പതനവും നാം കണ്ടു. കേരളത്തിലും, കേന്ദ്രത്തിലും ഒരു നല്ല പ്രതിപക്ഷ ആയിരിക്കാൻ പോലും കോൺഗ്രിസിന് കഴിഞ്ഞിട്ടില്ല എന്നുള്ളതും ഇവിടെ കൂട്ടി വായിക്കണം.
തരൂർ ജയിച്ചത് കൊണ്ട് അടുത്ത് വരുന്ന ഇലക്ഷനിൽ ഭരിക്കാൻ സാധിക്കും എന്ന് കരുതാൻ ആകില്ല. സീറ്റുകൾ കൂട്ടി, കുറഞ്ഞ പക്ഷം ഒരു നല്ല പ്രതിപക്ഷത്തെ കേന്ദ്രത്തിൽ വാർത്തെടുക്കാൻ ആകും എന്നു കരുതാം.
കോൺഗ്രസിൽ ഒരു മാറ്റം ആവശ്യമാണ്. രാഹുൽ ഗാന്ധി ഒരു മനുഷ്യ സ്നേഹിയാണ്. താഴെക്കിടയിൽപെട്ടവർ ആയാൽ പോലും, അവരുടെ വീട്ടിൽ പോകുന്നതിനോ, അവർ ഉണ്ടാക്കിയ ആഹാരം കഴിക്കുന്നതിനോ, അല്ലെങ്കിൽ അവരോടൊപ്പം ഭക്ഷണം കഴിക്കുന്നതിനോ അദ്ദേഹത്തിനുള്ള വലിയ മനസ്, മറ്റൊരു നേതാക്കളിലും ഞാൻ കണ്ടിട്ടില്ല.
എഐസിസി പ്രസിഡന്റ് എന്നതിനുപരി, ഇന്ത്യയുടെ പ്രധാന മന്ത്രിയോ പ്രസിഡന്റോ ആകാനുള്ള അർഹത തരൂരിനുണ്ട്. വിശാലമായി ചിന്തിച്ചു, കേരത്തിലെ മുതിർന്ന നേതാക്കളും ഇളം തലമുറയിൽപെട്ട നേതാക്കളോടൊപ്പം തരൂരിന് പിന്തുണ കൊടുത്തുവെങ്കിൽ എന്നാശിക്കുന്നു. കേരളത്തിൽ നിന്നും നമ്മുക്ക് കോൺഗ്രസ് പ്രസിഡന്റിനെ കിട്ടാൻ അതാണ് വഴി. കോൺഗ്രസിന്റെ നല്ല ഭാവിക്കുവേണ്ടി അങ്ങനെ ചിന്തിച്ചു കൂടെ?
ജീവിതത്തിൽ കൂടുതൽ കാലം പ്രവാസി ആയിരുന്ന തരൂർ നേതൃത്വത്തിൽ വരുന്നത് പ്രവാസികൾക്കും ഗുണകരം തന്നെ എന്ന തോമസ് ടി. ഉമ്മന്റെ അഭിപ്രായം ഞാനും ഏറ്റുപറയുന്നു.