Image

കോമാളിക്കഥയാവാനുള്ളതല്ല സ്വത്വപ്രതിസന്ധി - മേ ഹൂം മൂസ - സിനിമാ വിമർശനം - പ്രകാശൻ കരിവെള്ളൂർ

Published on 05 October, 2022
 കോമാളിക്കഥയാവാനുള്ളതല്ല സ്വത്വപ്രതിസന്ധി - മേ ഹൂം മൂസ - സിനിമാ വിമർശനം - പ്രകാശൻ കരിവെള്ളൂർ

താൻ ആരാണെന്ന് കുടുംബമോ സമൂഹമോ  സർക്കാരോ  അംഗീകരിക്കാതെ, ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ കഴിയാത്ത മനുഷ്യന്റെ നിസ്സഹായത ഇന്നത്തെക്കാലത്തും ഒരു നീറുന്ന പ്രശ്നമാണ്. സാഹിത്യത്തിൽ മുകുന്ദന്റെ, രാധ രാധ മാത്രവും സിനിമയിൽ പത്മരാജന്റെ അപരനും ഓർമ്മയിലെത്തുന്നു. രഘുനാഥ് പലേരി സ്ക്രിപ്റ്റ് എഴുതിയ സന്താനഗോപാലവും ഹരികുമാറിന്റെ ഏഴരപ്പൊന്നാനയും നിസ്സാറിന്റെ സാമൂഹ്യ പാഠവുമൊക്കെ ഈ പ്രമേയം അത്രയ്ക്ക് തീക്ഷ്ണമായി ആവിഷ്കരിച്ചവയാണ്.

രൂപേഷ് റെയ്ൻ രചിച്ച് സുരേഷ് ഗോപിയെ ടൈറ്റിൽ റോളിൽ അവതരിപ്പിച്ച് ജിബു ജേക്കബ്ബ് സംവിധാനം ചെയ്ത മേ ഹൂം മൂസയെ സംബന്ധിച്ച് ഉത്തരവാദിത്തം ഏറുന്ന ഒരു കഥാപശ്ചാത്തലമാണുള്ളത്. ദേശീയ രാഷ്ട്രീയത്തിൽ ഭരണകൂടത്തിന്റെ പ്രധാന തുറുപ്പു ചീട്ടായ മുസ്ളിം അപരവൽക്കരണം എന്ന തൊട്ടാൽ പൊള്ളുന്ന ഒരു വിഷയത്തെ സുരേഷ് ഗോപിയെപ്പോലൊരു സിനിമാക്കാരനെ മുൻ നിർത്തി ഏറ്റെടുക്കുമ്പോൾ  ജാഗ്രത കുറച്ചൊന്നും പോരാ.

കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട മറ്റൊരു സൈനികന്റെ മൃതദേഹം തന്റെ പേരിൽ നാട്ടിലെത്തി കബറടക്കപ്പെട്ടതിനാൽ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ കഴിയാത്ത മലപ്പുറത്തെ മാണൂക്കാരൻ മൂസ രാഷ്ട്രത്തിന് വേണ്ടി മഹാത്യാഗം ചെയ്ത പട്ടാളക്കാരനാണ്. പാകിസ്താനിലെ കറാച്ചിയിലും ഗുജറാത്തിലും അയാൾ നേരിട്ട പീഢനങ്ങളും നിസ്സഹായതയും വർണ്ണനാതീതമാണ്. പൊന്നാനിക്കാർക്ക് അയാൾ ധീരജവാന്റെ പ്രതിമയായിട്ട് പത്തൊമ്പത് വർഷമായി - പാവങ്ങളിലെ ജീൻ വാൽ ജീൻ ജയിലിൽ നിന്ന് മടങ്ങിയെത്തുന്നതും പത്തൊമ്പത് വർഷങ്ങൾക്ക് ശേഷം ! എന്നാൽ അവിടെ ആ മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ കണ്ണിൽ കൊള്ളും പോലെ കൊണ്ടതിനാൽ ഇന്നും നമ്മുടെ ഓർമ്മയിലുണ്ടല്ലോ ...

എന്നാൽ  ഇവിടെയെന്താ കഥ ! തന്റെ തിരോധാനത്തിൽ , സ്വത്തും പട്ടാളക്കാരന്റെ കുടുംബത്തിന് കിട്ടിയ അമ്പത് ലക്ഷവും മാത്രമല്ല ഭാര്യയേയും മകളെയും വരെ സ്വന്തമാക്കിയിരിക്കുന്നു   അനുജൻ ! എല്ലാം തിരിച്ചു പിടിക്കാൻ തന്റെ സ്വത്വം തെളിയിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന മൂസയുടെ ദയനീയാവസ്ഥ എത്ര തീവ്രമായി പ്രേക്ഷക മനസ്സിൽ പതിയേണ്ടതാണ്. എന്നാൽ അതിന്റെ നേർ വിപരീതദിശയിലാണ് സിനിമയുടെ രചനയും പരിചരണവും . തുടക്കം മുതൽ ഒടുക്കം വരെയുള്ള താമി എന്ന ഹരീഷ് കണാരൻ കഥാപാത്രം ചങ്ങാതിയായി വന്ന് മൂസയെ മുഴുനീള കോമഡിയിലേക്ക് റാഞ്ചിക്കൊണ്ടുപോയി. ചിരിച്ച് കൊണ്ട് കണ്ടിരിക്കുമ്പോൾ മനസ്സാക്ഷിയുള്ള പ്രേക്ഷകർ ഒന്ന് ഞെട്ടിപ്പോവും - എത്ര ക്രൂരമായ ചിരിയാണതെന്ന് .

ഇന്ത്യയോട് കൂറുള്ള മുസ്ളീമിനെ മഹത്വവൽക്കരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് കേരളീയതയോട് ഇണങ്ങി ജീവിക്കുന്ന മലപ്പുറത്തെ സാധാരണ മുസ്ലിം ജീവിതത്തെ കൊഞ്ഞനം കാട്ടുകയാണ് മൂസ ചെയ്യുന്നത്. ഇടയിൽ കൂടി ആ സമുദായത്തിന്റെ മത വിദ്യാഭ്യാസം, വിവാഹനിയമം , സന്താനോൽപ്പാദന നിയന്ത്രണമില്ലായ്ക , നന്ദികേട്, സ്വാർത്ഥത... ഇതിനെയൊക്കെ കളിയാക്കാനുള്ള ബോധപൂർവമുളള സന്ദർഭങ്ങളാണ് പടച്ചു വച്ചിരിക്കുന്നത്. 

സിനിമ എന്റെ മനസ്സിൽ ബാക്കിയത് ഒരൊറ്റ ചിത്രമാണ് - സ്വന്തം പ്രതിമയുടെ മുന്നിൽ നിസ്വനും നിരാലംബനുമായ ഒരു നിസ്സഹായൻ . മൂസയിൽ ആവർത്തിച്ചു വന്ന ഈ ദൃശ്യത്തിന് മുന്നിൽ ഒന്ന് നെടുവീർപ്പിടാനും കൂടി അനുവദിക്കാതെ സിനിമ നമ്മെ ചിരിയുടെ ചതുപ്പിലേക്ക് എടുത്തെറിയുന്നു എന്നതാണ് ഖേദകരം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക