Image

സുവിശേഷപുസ്തകങ്ങൾ (ബൈബിളിന്റെ ദൈവികത- അദ്ധ്യായം 5: നൈനാന്‍ മാത്തുള)

Published on 05 October, 2022
സുവിശേഷപുസ്തകങ്ങൾ (ബൈബിളിന്റെ ദൈവികത- അദ്ധ്യായം 5: നൈനാന്‍ മാത്തുള)

ഈ അദ്ധ്യായത്തിൽ എം.എം. അക്ബർ സുവിശേഷത്തെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുകയാണ്. യേശു പ്രവാചകനാണെന്നും പ്രവാചകനായ യേശുവിന് ദൈവം നേരിട്ട് അവതരിപ്പിച്ചുകൊടുത്ത എങ്ങനെയോ നഷ്ടപ്പെട്ടുപോയ ഒരു പുസ്തമായിട്ടാണ് സുവിശേഷത്തെ ഇവിടെ വരച്ചു കാണിയ്ക്കുന്നത്. യേശു ക്രിസ്തുവിന് ദൈവം അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥമാണ് സുവിശേഷങ്ങൾ എന്ന് ഒരു ക്രിസ്തീയ സഭയും അഭിപ്രായപ്പെടുന്നില്ല. ക്രിസ്തു തന്നെ ഒന്നും എഴുതിവെക്കാതെ പരിശുദ്ധാത്മാവ് വരുമ്പോൾ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും എന്ന ഒരു വാഗ്ദത്തം തന്നതിനുശേഷമാണ് സ്വർഗ്ഗാരോഹണം ചെയ്തത് (യോഹന്നാൻ 16 :13) പരിശുദ്ധാത്മ നിയോഗം പ്രാപിച്ച എഴുത്തുകാരാണ് സുവിശേഷങ്ങളും ലേഖനങ്ങളും എഴുതിയത്. അത് ഇന്നത്തെ നിലയിൽ സഭയ്ക്കു ലഭിക്കുവാൻ പരിശുദ്ധാത്മാവു സഹായിച്ചു.
പ്രവാചകനായ മുഹമ്മദ് ജീവിച്ചിരുന്ന കാലത്ത് നിലവിലിരുന്ന സുവിശേഷപുസ്തകങ്ങൾ തന്നെയാണ് ഇന്നും ലഭ്യമായിരിക്കുന്നത.് മുഹമ്മദ് പ്രവാചകൻ സുവിശേഷങ്ങളെ പരാമർശിക്കുന്നത് മുസ്ലീങ്ങൾ സുവിശേഷങ്ങളെ വായിച്ചു മനസ്സിലാക്കാൻ നിർദ്ദേശം നൽകിക്കൊണ്ടു മാത്രമായിരുന്നു. ''സന്മാർഗ്ഗ നിർദ്ദേശവും സത്യപ്രകാശവും അടങ്ങിയ ഇൻജിലും (ഗോസ്പൽ) അദ്ദേഹത്തിന് നാം നൽകി (ഖുർആൻ 5 :46)
യേശുവാണ് വഴിയും സത്യവും ജീവനും. യേശുവിൽ കൂടിയല്ലാതെ പാപങ്ങൾക്ക് പരിഹാരമില്ല. യേശുവിൽകൂടിയല്ലാതെ പിതാവായ ദൈവത്തോട് അടുക്കാൻ സാദ്ധ്യമല്ല. ഈ മർമ്മങ്ങൾ മുസ്ലിം സഹോദരങ്ങൾ മനസ്സിലാക്കണം. അന്ധവിശ്വാസത്തിലും അനാചാരത്തിലും വിഗ്രഹാരാധനയിലും കഴിഞ്ഞിരുന്ന ഒരു ജനതയെ ഏകദൈവവിശ്വാസത്തിലേക്കു കൊണ്ടുവരാനാണ് പ്രവാചകനായി മുഹമ്മദിനെ ദൈവം വിളിച്ചതെന്ന് ശ്രദ്ധിച്ചുപഠിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. യേശുക്രിസ്തുവിന് വഴിയൊരുക്കുവാൻ യോഹന്നാൻ വന്നതുപോലെ ക്രിസ്തുവിനെ അറിയുന്നതിനായി അതിനുള്ള വഴി ഒരുക്കുവാനാണ് പ്രവാചകനായ മുഹമ്മദിനെ വിളിച്ചതെന്ന്, അതിനായി വിളിക്കപ്പെട്ടവർക്ക് ഗ്രഹിക്കാൻ കഴിയും.
ദൈവം എല്ലാ ജാതികൾക്കും അതതു കാലങ്ങളിൽ പ്രവാചകന്മാരെയും, മാർഗ്ഗദർശികളെയും, ജീവിതം എങ്ങനെയാണ് ചിട്ടപ്പെടുത്തണ്ടിയതെന്ന സന്ദേശവുമായി അയച്ചിട്ടുണ്ട്. ഈ സന്ദേശങ്ങൾക്ക് കാലസാംസ്‌കാരികവ്യത്യാസങ്ങളുണ്ടാവാം. എന്നാൽ അതിനെയെല്ലാം കോർത്തിണക്കുന്ന പ്രമാണങ്ങൾ സത്യം, ന്യായം, നീതി എന്നിവയിൽ അധിഷ്ഠിതമായിരുന്നു. ഓരോ ജനതയ്ക്കും കൊടുത്ത പ്രമാണങ്ങളിൽ, അതിന്റെ വിശദവിവരങ്ങളിൽ വ്യത്യാസം ഉണ്ടാവാം. അതുകൊണ്ട് ബൈബിൾ ഉപയോഗിച്ചു ഖുറാനെ അളക്കാനോ ഖുറാൻ ഉപയോഗിച്ച് ഗീതയെ അളക്കാനോ ശ്രമിക്കുന്നത് മൗഢ്യമാണ്.
ദൈവം ഓരോ ജാതിക്കും അതിന്റേതായ സമയം അനുവദിച്ചു. അവ ഓരോന്നും അതതിന്റെ കാലയളവിൽ ഉദിച്ച് പരമകാഷ്ഠത്തിലെത്തി അസ്തമിച്ചു. അവ ഓരോന്നിന്റെയും അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു. ഓരോന്നും പ്രാബല്യത്തിൽ വരാൻ ഉപയോഗിച്ച വഴികൾ പലതായിരിക്കും. അതുകൊണ്ട് ഒരു സാമ്രാജ്യത്തിന്റെ അവശിഷ്ടം മറ്റൊരു സാമ്രാജ്യത്തിന്റെ അവശിഷ്ടത്തെ അപേക്ഷിച്ച് ഉന്നത നിലയിൽ കാണാനോ സന്മാർഗ്ഗ അതീശത്വം ( Moral Superiority) അവകാശപ്പെടുന്നതോ ബാലിശമാണ്. ചില അവശിഷ്ടങ്ങൾ ഭൂതകാലത്തിന്റെ നല്ല ഓർമ്മകൾ അയവിറക്കി അതിലേക്കു തിരിച്ചുപോകാൻ വെമ്പൽകൊണ്ടേക്കാം; അതു സ്വാഭാവികമാണ്. ഇറ്റലിക്കാർ, റോമാ സാമ്രാജ്യത്തിന്റെ പഴയ അതിരുകളിലേക്ക് പോകാൻ ശ്രമിച്ചാൽ, രക്തപ്പുഴ ഒഴുക്കാമെന്നല്ലാതെ വല്ല പ്രയോജനവുമുണ്ടോ? ബാബിലോൺ സാമ്രാജ്യത്തിന്റെ പഴയ അതിരുകളെ പുനസ്ഥാപിക്കാൻ ശ്രമിച്ചാൽ അതു വിഫലമായിരിയ്ക്കും. സമയം അതിവേഗം മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഘടികാര സൂചികൾ തിരിച്ചു പുറകോട്ടു കൊണ്ടുവരാൻ ശ്രമിക്കുന്നതു മൗഢ്യമല്ലേ? പഴയ കാലിഫേറ്റിന്റെ ഓർമ്മകളെ പുണരാൻ വെമ്പൽകൊണ്ട് അതിനെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നത് സമയത്തിനെതിരെ ഓടാൻ ശ്രമിക്കുന്നതുപോലെ ബുദ്ധിശൂന്യമായിരിക്കുമെന്നു ചിന്തിക്കുന്നതു നന്നായിരിക്കും. 
ഓരോ ജാതിക്കും ഓരോരോ കാലയളവുകളിൽ ദൈവത്തെപ്പറ്റിയുള്ള അറിവു ദൈവം വെളിപ്പെടുത്തിക്കൊടുത്തതു വിവിധ നിലകളിലായിരുന്നു. ഉദാഹരണമായി പഴയനിയമ ഇസ്രായേൽ  ജനതയ്ക്ക് ദൈവം അബ്രാഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായിരുന്നു. എന്റെ ദൈവം എന്നുപറയാൻ അവർക്കു പലർക്കും കഴിഞ്ഞിരുന്നില്ല. അതുപോലെ ഖുറാനിൽ വെളിപ്പെട്ടിരിക്കുന്ന അല്ലാഹവുമായിട്ടുള്ള ബന്ധം യജമാനൻ അടിമ പോലുള്ള ഒരു ബന്ധമായിട്ടാണ് കാണാൻ സാധിക്കുന്നത്. എന്നാൽ അതിലൊക്കെ ഉപരിയായി ക്രിസ്തുവിലൂടെ മനുഷ്യനുമായിട്ടുള്ള സ്‌നേഹബന്ധം മണവാളൻ - മണവാട്ടി ബന്ധമാണ്. ഇതു പലർക്കും മനസ്സിലാക്കാൻ വിഷമമുള്ള ഒരു മർമ്മമാണ് (Mystery). വിവിധ നിലകളിൽ വിളിക്കപ്പെട്ടവർ ആ നിലകളിൽ തന്നെ സ്വർഗ്ഗത്തിൽ, എത്തിച്ചേരും എന്നു ചിന്തിക്കാം. എന്നാൽ ദൈവത്തിന് മക്കളും പ്രിയമക്കളും ഉള്ളതുപോലെ സ്വർഗ്ഗത്തിലും എല്ലാ വിധത്തിലുള്ള ഉദ്യോഗവൃന്ദവും ഉണ്ടാകുമെന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല. യജമാന - ദാസ ബന്ധത്തിൽ വിളിക്കപ്പെട്ടവർ ആ ബന്ധം തന്നെ തുടരാനാണ് സാദ്ധ്യത. എല്ലാ മതങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ്  മനുഷ്യനെ നയിക്കുന്നതെന്നു പറയാം. പല വഴിയായി മനുഷ്യന് അനുഭവപ്പെടുന്നുണ്ടെങ്കിലും, എല്ലാവരും നിത്യതയിൽ എത്തിച്ചേരും. അവിടെ അവനവനു ലഭിച്ച മാർഗ്ഗനിർദ്ദേശമനുസരിച്ച് അതു പാലിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഫലം ലഭിക്കും.
ഓരോ മതക്കാരും വിളിക്കുന്ന ദൈവം വിവിധ പേരുകളിലാണ് അറിയപ്പെടുന്നതെങ്കിലും ഏക ദൈവത്തിൽ വിശ്വസിച്ച് ദൈവത്തെ വിളിക്കുന്നവരെയെല്ലാം പരിപാലിയ്ക്കുന്നത്, ഒരു ദൈവം തന്നെയാണ്. ഓരോ മതക്കാർക്കും അവരവരുടെ വിശ്വാസമുണ്ട്. എന്നാൽ ദൈവം ഏകൻ മാത്രം, എല്ലാ മനുഷ്യരും ദൈവത്തിന്റെ സൃഷ്ടി. സത്യമായി ദൈവത്തെ വിളിച്ചപേക്ഷിക്കുമെങ്കിൽ കേൾക്കുന്നത് ഒരു ദൈവം തന്നെയാണ്. എന്തടിസ്ഥാനത്തിലാണ് ഈ എഴുതുന്നതൊക്കെ എന്നു വായനക്കാർ ചിന്തിക്കുമായിരിക്കും. നമുക്കു ബൈബിളിലെ പുതിയനിയമത്തിലേക്കു പോകാം. ക്രിസ്തുവിന്റെ ശിഷ്യനായ ഫിലിപ്പോസ് സ്‌നേഹിതനായ നഥാനിയേലിനോട് മശിഹായെ താൻ കണ്ടു എന്നു അറിയിച്ചു. അങ്ങനെ നഥാനിയേലിനെയും കൂട്ടി ഫിലിപ്പോസ് യേശുവിന്റെ അടുക്കൽ വരുന്നു. നഥാനിയേൽ അടുത്തുവരുന്നത് കണ്ട യേശു, ശിഷ്യന്മാരോടായി നഥാനിയേലിനെപ്പറ്റി പരിചയപ്പെടുത്തിയത് ''ഇതാ സാക്ഷാൽ ഇസ്രായേല്യൻ ഇവനിൽ കപടമില്ല'' എന്നു പറഞ്ഞു. അത്ഭുതപരതന്ത്രനായ നഥാനിയേൽ യേശുവിനോടു ചോദിക്കുന്നു ''നാം തമ്മിൽ ഇതിനു മുമ്പു കണ്ടിട്ടില്ലല്ലോ, പരിചയം ഇല്ലല്ലോ? പിന്നെ എന്നെ എങ്ങനെ അറിയും''  യേശുവിന്റെ മറുപടി ''ഫിലിപ്പോസ് നിന്നെ വിളിക്കും മുമ്പേ; നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു'' നഥാനിയേലിന്റെ മറുപടി അർത്ഥവത്താണ് ''റബ്ബീ, നീ ദൈവപുത്രൻ നീ ഇസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു'' യേശു അവനോടു ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്ന പറകകൊണ്ട നീ വിശ്വസിക്കുന്നുവോ? നീ ഇതിനേക്കാൾ വലിയതു കാണും എന്നു പറഞ്ഞു. (യോഹന്നാൻ 1:47-57) ഇതുകേട്ട് മറ്റുശിഷ്യന്മാർ മിഴിച്ചു നിന്നു. യഥാർത്ഥത്തിൽ സംഭവിച്ചത് യേശുവിനും നഥാനിയേലിനും മാത്രം അറിയാം. 
നഥാനിയേൽ ഒരു യഹൂദനാണ്. ഏകദൈവ വിശ്വാസിയാണ്. ഇസ്രായേലിന്റെ രക്ഷകനായി മശിഹാ വരുമെന്ന് ഒരു സൂചനമാത്രം അറിയാം. അതു ഏതുനിലയിലാണെന്നു വ്യക്തമല്ല. അങ്ങനെ നഥാനിയേൽ അത്തിയുടെ കീഴിൽ ഇരുന്നു പ്രാർത്ഥിക്കുകയോ ധ്യാനിക്കുകയോ ചെയ്യുകയായിരുന്നിരിക്കാം. മറ്റേതെങ്കിലും പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നുവെങ്കിൽ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന രീതിയിൽ നഥാനിയേലിനെ സ്വർഗ്ഗം കാണുകയില്ലായിരുന്നു എന്നാണ് പണ്ഡിതന്മാർ പറയുന്നത്. നഥാനിയേൽ തനിക്കറിയാവുന്ന ഏകദൈവത്തെ ആയിരിക്കണം വിളിച്ചു പ്രാർത്ഥിച്ചത്. കാരണം യേശുവിനെ അറിയില്ല, കണ്ടിട്ടില്ല. എന്നാൽ ആ പ്രാർത്ഥന ശ്രവിക്കുന്നത,് നഥാനിയേലിനെ കാണുന്നത് യേശുവാണ്. അതുകൊണ്ടാണ് നഥാനിയേൽ പറയുന്നത്, 'റബ്ബീ നീ ദൈവപുത്രൻ തന്നെ'.
അതുകൊണ്ട് ദൈവത്തെ ഏകദൈവമെന്ന വിശ്വാസത്തോടുകൂടി സത്യമായി വിളിച്ചാൽ, ഏതുപേരിൽ വിളിച്ചാലും, ശ്രദ്ധിക്കുന്നതും, മറുപടി നൽകുന്നതും യേശുവാണ്. ഹിന്ദുവോ, ബുദ്ധിസ്റ്റോ, മുസ്ലീമോ യഹൂദനോ മറ്റ് ഏതുമതക്കാരനും സത്യഏകദൈവമെന്ന വിശ്വാസത്തോടുകൂടി വിളിച്ചാൽ, പ്രാർത്ഥിച്ചാൽ, ആരാധിച്ചാൽ, ആ ആരാധന സ്വീകരിക്കുന്നത് യേശുവായിരിക്കും. യേശുവിന്റെ ശിഷ്യന്മാരോടുള്ള വാക്കുകൾ ശ്രദ്ധിയ്ക്കുക ''ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കുണ്ട് അവയെയും ഞാൻ നടത്തേണ്ടതാകുന്നു'' (യോഹന്നാൻ 10:16)
എന്നാൽ നിത്യതയിൽ ഓരോരുത്തർക്കും ദൈവവുമായുള്ള ബന്ധം ഏതു നിലയിലാണോ വിളിക്കപ്പെട്ടിരിക്കുന്നത്, ആ നിലയിൽ തുടരാനാണ് സാദ്ധ്യത. പൊതുവേ യജമാന ദാസ്യബന്ധമാണ് ക്രിസ്തുവിലൂടെയല്ലാതുള്ള ബന്ധങ്ങളെല്ലാം. ആ ബന്ധത്തിൽ നിന്ന് പുറത്തുവരാനാഗ്രഹിക്കുന്നവർ, ഒരു സ്‌നേഹിതൻ, മക്കൾ അതിലുമുപരിയായി ജീവിതപങ്കാളി അഥവാ മണവാളനും മണവാട്ടിയും എന്നുള്ള ബന്ധത്തിലേക്ക് വരാനാഗ്രഹിക്കുന്ന വ്യക്തിക്ക്, നല്ല ആഗ്രഹങ്ങളെ സാധിപ്പിച്ചു തരുന്ന ദൈവം സാധിപ്പിച്ചു തരും എന്നതിന് സംശയമില്ല. യജമാന-ദാസ്യബന്ധം മതി എന്നു ചിന്തിക്കുന്നവർക്ക് അതിൽ സംതൃപ്തി കണ്ടെത്തുന്നവർക്ക്, അതിൽ തുടരാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും എന്നു കരുതാം - നിത്യതയിലും.
അതുകൊണ്ടായിരിക്കാം തന്നെപ്പറ്റി സുവിശേഷം അറിയിക്കുമ്പോൾ ആരെയും നിർബന്ധിക്കേണ്ട എന്നു നിർദ്ദേശിച്ചത്. ബലം പ്രയോഗിച്ച് ആരെയും മതത്തിൽ ചേർക്കേണ്ട ആവശ്യമില്ല. ഒരു പ്രത്യേക ബന്ധത്തിൽ തുടരുകയോ അതിൽ നിന്ന് പുറത്തുവരുകയോ തിരുവുള്ളമുണ്ടായിട്ട്, കുറച്ചുകൂടി വ്യക്തിപരമായ, ഊഷ്മളമായ ബന്ധം സ്ഥാപിക്കുക എന്നതോ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമായിരിക്കണം. അതിൽ ഭരണാധികാരികൾ അല്ലെങ്കിൽ രാഷ്ട്രം കൈകടത്തേണ്ട ആവശ്യമില്ല. ഓരോ വ്യക്തിയുടെയും മൗലിക അവകാശമായിരിക്കണം. സാമ്രാജ്യശക്തികൾ പലപ്പോഴും തങ്ങളുടെ സ്വാർത്ഥ താൽപര്യത്തിൽ ഈ അവകാശത്തെ ഹനിച്ചു എന്നു വന്നേക്കാം. അതുകൊണ്ടാണ് പൗലോസ് അപ്പോസ്‌തോലൻ ഈ സുവിശേഷത്തിനുവേണ്ടി ജീവൻ വെടിയാനും തയ്യാറായിരുന്നത്. 
ഈ സന്ദർഭത്തിലാണ് മതംമാറ്റ നിരോധന നിയമത്തെയും മതം മാറ്റി, പ്രേരിപ്പിച്ചു എന്നൊക്കെയുള്ള പ്രചാരണവും വാദ കോലാഹലങ്ങളും ഓർമ്മയിൽ വരുന്നത്. ക്രിസ്തീയ വിശ്വാസമനുസരിച്ച് ക്രിസ്തുവിനെ പ്രസംഗിക്കുന്നവർക്ക് ഒരാളെ ക്രിസ്തുവിൽ വിശ്വസിപ്പിക്കുവാൻ കഴിയുകയില്ല. പ്രസംഗിക്കുക അല്ലെങ്കിൽ എഴുതുക എന്നതു മാത്രമാണ് അയാളുടെ ജോലി. പരിശുദ്ധാത്മാവ് ഉള്ളിൽ ക്രിയ ചെയ്യാതെ ഒരു വ്യക്തിക്കും യേശുവിനെ കർത്താവ് എന്ന് പറയാനോ,സ്വീകരിക്കുവാനോ സാധിക്കുകയില്ല. അതുകൊണ്ട് ഒരാൾ ക്രിസ്ത്യാനിയാകുമോ ഇല്ലയോ എന്നുള്ളത് ദൈവത്തിന്റെ പദ്ധതിയായിരിക്കും. യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ച് നിത്യജീവൻ അഥവാ മരണത്തിൽ നിന്നുള്ള ഉയിർപ്പ് പ്രാപിച്ച് നിത്യതയിൽ ക്രിസ്തുവിന്റെ മണവാട്ടിയായി കാണപ്പെടുക എന്നുള്ളത് ദൈവത്തിന്റെ കൃപയാണ്, അത് ദൈവത്തിന്റെ ദാനമാണ്. ആർക്കാണ് ആ ദാനം അഥവാ കൃപ ലഭിക്കാൻ കഴിയുക എന്നത് ദൈവം അറിയുന്നു. ബൈബിളിന്റെ അടിസ്ഥാനത്തിൽ താഴ്മയുള്ളവർക്കാണ് ദൈവിക സത്യങ്ങളെ മനസ്സിലാക്കാനുള്ള കൃപ ലഭിക്കുന്നത്. താഴ്മയുള്ളവർക്കാണ് ദൈവം പ്രസംഗത്തിലൂടെയോ എഴുത്തുകളിലൂടെയോ അവരുടെ കണ്ണുതുറക്കുന്നത്. അവർ യേശുവിനെ കാണുകയും, അംഗീകരിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്നു.
കർത്താവായ യേശുവിന്റെ ഐഹികജീവിതത്തിൽ ഈ സുവിശേഷം കേട്ട് യേശുവിനെ അംഗീകരിക്കുവാനും വിശ്വസിക്കുവാനും കഴിഞ്ഞത് സാധുക്കളായ ജനങ്ങൾക്കാണ് - ആട്ടിടയന്മാർ, മുക്കുവർ, ബലഹീനരായ സ്ത്രീകൾ, വിദ്യാഭ്യാസമില്ലാത്തവർ, രോഗത്താൽ വലഞ്ഞവർ, പാപത്തിന്റെ അടിമത്വത്തിൽ പെട്ട് സ്വന്തകഴിവുകൊണ്ട് രക്ഷപ്പെടാൻ കഴിവില്ലാത്തവർ; ഇവർക്കെല്ലാം ഉണ്ടായിരുന്ന യോഗ്യത താഴ്മയുടെ അനുഭവം ആയിരുന്നു. ദൈവം ഹൃദയങ്ങളെ ശോധന ചെയ്യുന്നു. ദൈവം ഹൃദയങ്ങളെ തൂക്കിനോക്കുന്നു. പ്രഗത്ഭരും, പണ്ഡിതരും, സമൂഹത്തിലെ ഉന്നത ശ്രേണിയിലായിരുന്ന പലർക്കും ക്രിസ്തുവിനെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. അവർക്ക് ക്രിസ്തു വെളിപ്പെട്ടില്ല. അവർ കണ്ണുകാണാൻ വയ്യാത്ത കുരുടന്മാരായിരുന്നു. ദൈവം അവർക്ക് വെളിപ്പെടുത്തികൊടുത്തില്ല കാരണം അവർ അവരുടെ അറിവിൽ, അവരുടെ ഉന്നത നിലയിൽ അഹങ്കരിക്കുന്നവരായിരുന്നു. താഴ്മയുടെയും, വിനയത്തിന്റെയും അനുഭവം അവരുടെ ജീവിതത്തിൽ ഇല്ലായിരുന്നു. തങ്ങളാണ് പണ്ഡിതന്മാർ, തങ്ങളാണ് കേമന്മാർ, എല്ലാം അറിയാമെന്നുള്ളവർ എന്ന ചിന്ത അവരെ ഭരിച്ചിരുന്നു. അങ്ങനെ ചിന്തയുള്ളവർക്ക് ദൈവം വെളിപ്പെടുകയില്ല. വേദപുസ്തകം പറയുന്നത് ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു താഴ്മയുള്ളവർക്കോ അവൻ കൃപ നൽകുന്നു എന്നാണ്.
അക്ബർ പറയുന്നത് പുതിയനിയമ രേഖകൾ അതു രചിച്ച സന്ദർഭങ്ങളിലെ സാഹിത്യങ്ങളാണ് എന്നാണ്. അതിനോട് യോജിക്കാതിരിക്കാൻ വയ്യ. അതു രചിച്ച കാലത്തെ സാഹിത്യം മാത്രമല്ല ഈ കാലത്തെയും സാഹിത്യങ്ങളുടെ കൂട്ടത്തിലാണ്. കാലത്തെ അതിജീവിക്കുന്ന കൃതികളെയാണ് ക്ലാസിക് എന്നു പറയുന്നത്. ബൈബിൾ ലിറ്ററേച്ചറുകൾ ക്ലാസിക്കുകളുടെ കൂട്ടത്തിലാണ് അതിന്റെയെല്ലാം പിന്നിൽ ദൈവത്തിന്റെ അദൃശ്യമായ കരം പ്രവർത്തിക്കുന്നത് ഒരു ആത്മീയ മനുഷ്യന് കാണാൻ സാധിക്കും. ബൈബിൾ  എഴുതിയ കാലത്ത് എഴുതപ്പെട്ട മറ്റുപുസ്തകങ്ങളൊക്കെ കാലത്തെ അതിജീവിച്ചുവോ എന്നുനോക്കുന്നതു നന്നായിരിക്കും. നാം വിചാരിക്കാത്ത രീതികളിലായിരിക്കും നമ്മുടെ പ്രവർത്തനങ്ങളിൽ ദൈവം ഇടപെടുന്നത്. നല്ല ഉദ്ദേശത്തോടുകൂടിയാണ് നാം പ്രവർത്തിക്കുന്നതെങ്കിൽ, നമ്മുടെ പ്രവർത്തനങ്ങളെ അനശ്വരമാക്കുവാൻ ദൈവത്തിനു കഴിയും. അങ്ങനെ തങ്ങളുടെ ഓർമ്മകളെ അനശ്വരമാക്കിയ എഴുത്തുകാരാണല്ലോ മത്തായിയും, മർക്കൊസും, ലൂക്കൊസും, യോഹന്നാനും പൗലോസും, മറ്റെഴുത്തുകാരും. ബൈബിൾ എഴുത്തുകാരെല്ലാം വളരെയധികം ത്യാഗം സഹിച്ചാണ് ഈ പുസ്തകങ്ങൾ എഴുതിയത്. അവർക്ക് സ്വാർത്ഥതാപരമായ എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെടാമായിരുന്നു. പണം സമ്പാദിച്ചു കൂട്ടാമായിരുന്നു. അവരുടെ പണവും ഊർജ്ജവും ദൈവനാമ മഹത്വത്തിനുവേണ്ടി ഉപയോഗിച്ചപ്പോൾ ദൈവം അവരുടെ ഓർമ്മയെ നിലനിർത്തി. ബൈബിൾ പറയുന്നത് നീതിമാന്മാരുടെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടതാകുന്നു എന്നാണ്. അവർ മരിച്ചാലും അവരുടെ ഓർമ്മ നിലനിൽക്കും. ദുഷ്ടൻ അതു കണ്ടു പല്ലുകടിച്ചു ഉരുകിപ്പോകും. വരും തലമുറകൾ ഇങ്ങനെയുള്ളവരെ ബഹുമാനത്തോടെ ഓർക്കും. സ്വാർത്ഥതാൽപര്യങ്ങൾക്കുവേണ്ടി സത്യത്തെ വളച്ചൊടിക്കുകയും രാഷ്ട്രീയം കളിക്കുന്നവരുടെയും ഓർമ്മയല്ല നിലനിൽക്കുന്നത്. പിന്നെയോ സമൂഹത്തിന്റെ, മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ത്യാഗപരമായ പ്രവർത്തികൾ ചെയ്യുന്നവരുടെ ഓർമ്മയാണ് നിലനിൽക്കുന്നത്. ബൈബിൾ പല വ്യക്തികളുടെയും പേരുകൾ എടുത്തു പറഞ്ഞിട്ടുണ്ട്. അതിനെല്ലാം പുറകിൽ കാരണങ്ങളുണ്ട.് കാരണമില്ലാതെ ഒരു കാര്യം ഉണ്ടാവുകയില്ല എന്നു നിരീശ്വരവാദികളും സമ്മതിക്കുന്ന കാര്യമാണ്. ചരിത്രത്തിന്റെ പിതാവായ ഹെറോഡോട്ടസ് ഇന്നും ലോകമെല്ലാം ബഹുമാനിക്കുന്ന വ്യക്തിയാണ്. ക്രിസ്തുവിന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളോ എഴുതാനുള്ള സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത,് അറിയപ്പെട്ടിരുന്ന ഭൂവിഭാഗങ്ങളിലെല്ലാം വളരെ കഷ്ടം സഹിച്ച് യാത്ര ചെയ്ത് ഓരോ ജാതികളെപ്പറ്റിയുള്ള ചരിത്രം കുറിച്ചുവച്ച, ആ മഹത്‌വ്യക്തിയുടെ ത്യാഗത്തിന്റെ മുമ്പിൽ, സേവനത്തിന്റെ മുമ്പിൽ നാം നമ്രശിരസ്‌ക്കരാവുന്നു.
സുവിശേഷത്തെ അക്ബർ തെറ്റിദ്ധരിച്ചിരിക്കുന്നു; വളരെയധികം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ''ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടു കൂടിയായിരുന്നു വചനം ദൈവമായിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടിയായിരുന്നു സകലവും അവൻ മുഖാന്തിരം ഉളവായി. ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല അവനിൽ ജീവൻ ഉണ്ടായിരുന്നു. ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു'' (യോഹന്നാൻ 1:1-4)
വചനമാകുന്ന ദൈവം ജഢമായിത്തീർന്നു (യേശു) കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു (യേശുവിന്റെ അവതാരം) അങ്ങനെ ദൈവം തന്നെ മനുഷ്യനായി അവതരിച്ച് മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിനായി കുരിശിൽ മരിച്ച് (യാഗമായി) മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു. മനുഷ്യവർഗ്ഗത്തിനു മുഴുവനും നിത്യത അഥവാ മരിച്ചാലും ഉയിർത്തെഴുന്നേൽക്കാമെന്നുള്ള പ്രത്യാശ കൊടുത്ത് മരണത്തിന്മേൽ ജയം കൊണ്ടാടി. അതാണ് സുവിശേഷം അഥവാ ഗുഡ്‌ന്യൂസ്. പാപഫലമായ നിത്യമരണത്തിന്റെ അധീനതയിൽ കിടന്ന മനുഷ്യന് ദൈവവുമായുള്ള കൂട്ടായ്മയും (Fellowship) നിത്യമായ സ്‌നേഹവും ലഭിക്കുക എന്നതിൽ കവിഞ്ഞ ഗുഡ്‌ന്യൂസ് എന്തിരിക്കുന്നു. ഈ പ്രത്യാശയാണ് ക്രിസ്റ്റ്യാനിറ്റിയെ മറ്റുമതങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. എല്ലാ മതങ്ങളിലും സത്യത്തിന്റെ തലനാരിഴ ദർശിക്കുവാനുണ്ട്. മറ്റ് എല്ലാ മതങ്ങളും, വഴിയും സത്യവും ജീവനുമാകുന്ന ക്രിസ്തുവിങ്കലേക്കുള്ള ചൂണ്ടു പലകകൾ മാത്രമാണ്. ദൈവകൃപ ലഭിക്കുന്നവർക്കു മാത്രമേ ഈ സത്യം ജീവിതത്തിൽ മനസ്സിലാക്കുവാൻ കഴിയുകയുളളൂ.
ആ ദൈവകൃപ ലഭിക്കണമെങ്കിൽ താഴ്മയും വിനയവും ജീവിതത്തിലുണ്ടാവണം. എനിക്കെല്ലാം അറിയാമെന്ന ഭാവമുള്ള പണ്ഡിതന്മാരൊന്നും ആ ദൈവകൃപ കാണുകയില്ല. എഴുതിയിരിക്കുന്നതെല്ലാം വെറും കെട്ടുകഥകളായി അവർക്കു തോന്നുന്നു. മറ്റു മനുഷ്യരെയും അവർ മറിച്ചുകളയുന്നു. സ്വയം, മഹനീയമായ നിത്യത അവകാശമാക്കുകയില്ല, മറ്റുള്ളവരെ അതിനു സമ്മതിക്കുകയുമില്ല. ഈ പണ്ഡിതന്മാരുടെ പ്രസംഗങ്ങളും, എഴുത്തുകളും പഠിച്ചാൽ ദൈവകൃപയില്ലാത്തവർ വീണുപോകാൻ സാദ്ധ്യതയുണ്ട്.
സുവിശേഷ പുസ്തകങ്ങളുടെ എഴുത്തുകാർ അത് അരാമ്യ ഭാഷയിലായിരിക്കണം എഴുതിയതെന്നും അതിൽ നിന്നുമാണ് ഗ്രീക്കിലേക്കുള്ള വിവർത്തനം ഉണ്ടായതെന്നുമാണ് അക്ബർ വാദിക്കുന്നത്. ആണെങ്കിലും അല്ലെങ്കിലും മലയാള ഭാഷയിലെഴുതിയ ഒരു കൃതി കൂടുതൽ ആളുകൾ വായിക്കുവാൻ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യുവാൻ എഴുത്തുകാരൻ ആഗ്രഹിച്ചതിൽ തെറ്റുണ്ടോ? ക്രിസ്തു ഒന്നും തന്നെ എഴുതിവച്ചിട്ടു പോയില്ല. പരിശുദ്ധാത്മാവു വരുമ്പോൾ സകല സത്യത്തിലും വഴിനടത്തും എന്നുമാത്രം അറിയിച്ചു. പരിശുദ്ധാത്മ പ്രേരണയാൽ, ദൃക്‌സാക്ഷികളായവരും ദൃക്‌സാക്ഷികളായവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചവരും എഴുതിയതാണ് സുവിശേഷങ്ങൾ. അക്ബർ അവകാശപ്പെടുന്നതുപോലെ ഒരു ഇഞ്ചിൽ അവതരിപ്പിച്ചു കൊടുത്തു എന്ന് പുതിയ നിയമത്തിലെങ്ങും പരാമർശമില്ല. അങ്ങനെയൊരു പാരമ്പര്യവുമില്ല. നൂതനമായ ആശയങ്ങൾ ഉദ്ദേശശുദ്ധിയില്ലാതെ അവതരിപ്പിച്ചാൽ നാളെ അതിന്റെ ഫലമെന്തെന്ന് കണ്ടറിയണം. സത്യം എല്ലാക്കാലത്തും വിജയിക്കും. 
ഇസ്ലാം മതത്തിലെ നേതാക്കന്മാരുടെ കടമയാണ് സുവിശേഷ പുസ്തകങ്ങൾ വായിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും അതുമൂലം അവർ വഴിയും സത്യവും ജീവനുമാകുന്ന ക്രിസ്തുവിനെ മനസ്സിലാക്കുകയും എന്നുള്ളത്. ഈ വെളിപാടു ലഭിച്ചവരുടെ ജോലിയാണ് അത് മറ്റുള്ളവർക്ക് മറച്ചുവയ്ക്കാതെ വിവരിച്ചു കൊടുക്കേണ്ടത്. ബൈബിളിൽ ഉള്ളതു സുവിശേഷ പുസ്തകങ്ങളല്ല, ഇസ്ലാം മതവിശ്വാസികൾ അതു വായിക്കരുത് എന്ന് പഠിപ്പിച്ചാൽ, ദൈവമുമ്പാകെ ന്യായവിധിദിവസത്തിൽ എഴുത്തുകാരൻ നിവർന്നു നിൽക്കുമോ?

എം.എം. അക്ബറിനോടുള്ള ചോദ്യങ്ങൾ
സുവിശേഷങ്ങളെയും അപ്പോസ്‌തോലനായ പൗലോസിന്റെ ലേഖനങ്ങളെയും വിമർശിക്കുന്ന അക്ബർ, സുറാ 61:14 ന്റെ അടിസ്ഥാനത്തിൽ ഇസ്ലാമിക പണ്ഡിതരായ  Al-Qurtubi യും Al-Tabari യും പൗലോസിന്റെ ആധികാരികതയെ അംഗീകരിച്ചിട്ടുള്ളതാണെന്ന് മറന്നുപോയതാണോ?( R ef:Al-Tabari, History Vol. IV P 123, note 317 ) അപ്പോസ്‌തോലനായ പൗലോസ് ക്രിസ്തു പഠിപ്പിച്ചതിനു വിപരീതമായ ഒരു സുവിശേഷമാണ് പഠിപ്പിച്ചതെന്ന് സ്ഥാപിക്കാമോ?
ആദ്യകാലങ്ങളിലെ ഇസ്ലാമിക പണ്ഡിതന്മാരും ചരിത്രകാരന്മാരും അപ്പോസ്‌തോലനായ പൗലോസിനെ അംഗീകരിച്ചിരുന്നു എന്നു സമ്മതിക്കുമോ? 
ഖുറാനോ ഹദിസുകളോ അപ്പോസ്തലനായ പൗലോസ് ക്രിസ്തീയ വിശ്വാസമോ വേദപുസ്തകമോ വികലമാക്കി പഠിപ്പിച്ചു എന്ന് ആരോപിക്കുന്നില്ല. എല്ലാ ഇസ്ലാമിക പണ്ഡിതന്മാരും ബഹുമാനിക്കുന്ന അൽ അക്ബരി തന്നെ സുറാ 61 : 14 ന്റെ വ്യാഖ്യാന#പത്തോടുള്ള ബന്ധത്തിൽ അപ്പോസ്തലനായ പൗലോസ് ക്രിസ്തുവിന്റെ ശരിയായ ശിഷ്യനാണെന്ന് സമ്മതിക്കുന്നു. (Tafsir Al- Qurtubi, 61: 14)
സുറാ 61:14
സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്റെ സഹായി കളായിരിക്കുക. മർയമിന്റെ മകൻ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാർഗത്തിൽ എന്റെ സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികൾ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാകുന്നു. അപ്പോൾ ഇസ്രായീൽ സന്തതികളിൽ പെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവർക്ക് അവരുടെ ശത്രുവിനെതിരിൽ നാം പിൻബലം നൽകുകയും അങ്ങനെ അവൻ മികവുറ്റവരായിത്തീ രുകയും ചെയ്തു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക