ഇന്ത്യയിലെ ലിബറലുകളുടേയും, ഇടതു പക്ഷത്തിന്റ്റേയും വലിയൊരു മണ്ടത്തരമാണ് ഹിന്ദു വര്‍ഗ്ഗീയതയേയും ഇസ്ലാമിക വര്‍ഗ്ഗീയതയേയും ഒരുപോലെ കാണുന്നത്. ഇവ രില്‍ ചിലരൊക്കെ ജമാഅത് ഇസ്ലാമിയെ ആര്‍.എസ്.എസ്സുമായി ഉപമിക്കുന്നത് ഒട്ടുമേ ശരിയല്ല. ആര്‍.എസ്.എസ്സിന്റ്റെ 'ബെയ്‌സിക്ക് ഐഡിയോളജി' എന്താണ്? അത് ഇംഗ്‌ളീഷില്‍ പറയുന്ന 'എത്‌നിക്ക് നാഷണലിസം' ആണ്. ആര്‍.എസ്.എസ്സുകാര്‍ക്കും, സംഘ പരിവാര്‍ സംഘടനകള്‍ക്കും 'അമേരിക്കനിസം' ഉയര്‍ത്തിപിടിക്കുന്ന ട്രമ്പും, റഷ്യന്‍ ദേശീയത ഉയര്‍ത്തിപിടിക്കുന്ന പുടിനും 'ഹീറോകള്‍' ആയി മാറുന്നത് അതുകൊണ്ടാണ്.
നേരെ മറിച്ച് ജമാഅത് ഇസ്ലാമിയുടെ 'ബെയ്‌സിക്ക്‌ഐഡിയോളജി' എന്താണ്? അത് മത രാഷ്ട്രമാണ്. ആര്‍.എസ്.എസ്സുകാരും, സംഘ പരിവാര്‍ സംഘടനകളും ഇന്ത്യന്‍ ദേശീയത ഉയര്‍ത്തിപിടിക്കുന്ന ആരേയും അംഗീകരിക്കും. എ.പി.ജെ. അബ്ദുള്‍ കലാമും , മലയാളിയായ ശ്രീ എം. എന്ന മുംതാസ് അലി ഖാനും അങ്ങനെ അംഗീകരിക്കപ്പെട്ടവരാണ്.
ഇനി ഹിന്ദു മതത്തിലേക്ക് നോക്കുക: അവിടെ എല്ലാ ഹിന്ദുക്കളും അംഗീകരിക്കുന്ന ഖുറാനോ, ബൈബിളോ പോലുള്ള ഒരു മത ഗ്രന്ഥമില്ലാ; പ്രവാചകന്‍ മുഹമ്മദോ, ക്രിസ്തുവോ, ബുദ്ധനോ പോലുള്ള ഒരു മത സ്ഥാപകനും ഇല്ലാ. അയത്തൊള്ള ഖൊമേനിയെ പോലെയോ, മാര്‍പാപ്പയെ പോലെയോ ഒരു മത മേധാവിയും ഹിന്ദുയിസത്തില്‍ ഇല്ലാ. മെത്രാന്‍ -കര്‍ദ്ദിനാള്‍-മാര്‍പാപ്പ പോലുള്ള ഒരു 'ഹൈരാര്‍ക്കിക്കല്‍ സ്ട്രക്ച്ചറും' ഹിന്ദുയിസത്തില്‍ ഇല്ലാ. ഹിന്ദുയിസത്തിന്റ്റെ ഈ അടിസ്ഥാന ഘടന തന്നെ ഹിന്ദു വര്‍ഗ്ഗീയത ഇസ്ലാമിക വര്‍ഗ്ഗീയത പോലെ അപകടമരമാകാനുള്ള സാധ്യത ഇല്ലാതാക്കുകയാണ്.
ഹിന്ദു എന്നത് തന്നെ അനേകം സമ്പ്രദായങ്ങള്‍ ഒത്തു ചേരുന്നതാണെതെന്നുള്ള ലളിതമായ സത്യം പലരും മനസിലാക്കുന്നില്ല. എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയിലേത് ഒരു 'മള്‍ട്ടി എത്‌നിക്' സമൂഹമാണ്. 'ശവ സാധന' നടത്തുന്ന താന്ത്രികരും, പാമ്പിനെ അങ്ങോട്ടുമിങ്ങോട്ടും അണിഞ്ഞു വിവാഹം കഴിക്കുന്ന ആദിവാസികളും ഉള്ള നാടാണ് ഇന്ത്യ. 'ഗുരു സമക്ഷം - ഒരു ഹിമാലയന്‍ യോഗിയുടെ ആത്മ കഥ' എഴുതിയ ശ്രി എം. കുറച്ചു നാള്‍ മുമ്പ് ഒരു ഇന്റ്റെര്‍വ്യൂവില്‍ ഇന്ത്യയുടെ വൈവിധ്യത്തെ ഓര്‍മിപ്പിച്ചു. ഹിന്ദു എന്നത് അനേകം സമ്പ്രദായങ്ങള്‍ ഒത്തു ചേരുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്. 40 വര്‍ഷത്തിലേറെ ഇന്ത്യയില്‍ സഞ്ചരിച്ച ആദ്യ അമേരിക്കകാരനായ നാഗ സന്യാസി ബാബാ റാംപുരിയും (വില്യം എ. ഗാന്‍സ്) ചൂണ്ടി കാട്ടുന്നതും ഈ വൈവിധ്യമാണ്. നാഗ സന്യാസിയായ ബാബാ റാംപൂരിയുടെ ആത്മ കഥ - 'Autobiography of a Sadhu: An Agrez Among Naga Babas' ഇതു കൃത്യമായി വെളിവാക്കുന്നുണ്ട്. ഇതൊന്നും മനസിലാക്കാതെ പുട്ടു കുറ്റിയില് നിന്ന് പുട്ട് ഒരേ രൂപത്തില് പുറത്തു വരുന്നത് പോലെ ഇന്ത്യയിലെ എല്ലാ മനുഷ്യരേയും ഒരേ രീതിയില് രൂപപ്പെടുത്താന് നോക്കിയാല് എന്തായിരിക്കും ഫലം? കമ്യൂണിസം 'One Cylinder Fits for All' - എന്ന തത്ത്വം നടപ്പിലാക്കാന്‍ നോക്കി പരാജയപ്പെട്ടത് പോലെ പരാജയമാണ് ഇന്ത്യയുടെ വൈവിധ്യം അംഗീകരിക്കുവാന്‍ മടിക്കുന്നവരെ കാത്തിരിക്കുന്നത്. ഇന്നത്തെ ഇന്ത്യയില്‍, ഏകശിലാ രൂപത്തിലുള്ള ഹിന്ദുവിനെ വാര്‍ത്തെടുക്കുവാന്‍ വേണ്ടി ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. അവര്‍ കാലാന്തരത്തില്‍ പാരാജയപ്പെടും എന്നുള്ള കാര്യത്തില്‍ വലിയ ഗവേഷണമൊന്നും വേണ്ടാ.
ഇന്ത്യ എന്നത് വൈവിധ്യങ്ങളുടെ നാടാണ്. ഈ പ്രാദേശികമായ വൈജാത്യങ്ങള്‍ സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തി ആയിരുന്നു നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. ദക്ഷിണാഫ്രിക്കയില്‍ ഐതിഹാസികമായ സമരം നടത്തി തിരിച്ചു വന്ന ഗാന്ധിയോട് കോണ്‍ഗ്രെസ്സ് നെത്ര്വത്വം ഏറ്റെടുക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞത് കോണ്‍ഗ്രെസ്സ് ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കണം എന്നായിരുന്നു. അതുകൊണ്ടാണ് കേരള സംസ്ഥാനം ഉണ്ടാകുന്നതിനു മുന്‍പ് കേരള പ്രദേശ് കോണ്‍ഗ്രെസ്സ് കമ്മിറ്റി നിലവില്‍ വന്നത്. പ്രാദേശിക ഭാഷകള്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടും, പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തി പിടിച്ചുകൊണ്ടും ഇന്നും തീവ്ര ദേശീയ ബോധത്തേയും, തീവ്ര മത ബോധത്തേയും നേരിടാനാവും.
ഇനി മതത്തിന്റ്റെ കാര്യമെടുത്താലും മഹാത്മാ ഗാന്ധി കാണിച്ചുതന്ന മാതൃകയാണ് ഇന്ത്യക്ക് നല്ലത്. ഇന്ത്യയിലെ സാധാരണക്കാരായ ജനം എപ്പോഴും മത സൗഹാര്‍ദം കാത്തു സംരക്ഷിക്കുന്നുണ്ട്. ഇത് ഇന്നും ആര്‍ക്കും നേരില്‍ കാണാവുന്നതാണ്. മുംബയിലെ മാഹിം പള്ളിയിലും, ഹാജി അലി ദര്‍ഗയിലും, തക്കലയിലെ പീര്‍ മുഹമ്മദ് സാഹിബിന്റ്റെ ദര്‍ഗയിലും, ഷിര്‍ദിയിലെ സായി ബാബയുടെ മന്ദിറിലും, അജ്മീറിലെ ക്വാജ മൊയ്‌നുദ്ദീന്‍ ചിഷ്ടിയുടെ ദര്‍ഗയിലും, വാരണാസിയില്‍ കബീറിനെ അടക്കം ചെയ്തിരിക്കിന്നതിനടുത്തും നിത്യേന പ്രാര്‍ത്ഥിക്കാന്‍ വരുന്ന അന്യ മതസ്ഥര്‍ ആയിരങ്ങളാണ്. ഭക്തിയുടെ കാര്യത്തില്‍ അതുകൊണ്ടുതന്നെ ഇന്ത്യയിലെ സാധാരണക്കാരുടെ ഇടയില്‍ മത വിത്യാസങ്ങളില്ലാ. ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കെറ്റില്‍ ഉള്ള മാതാവിന്റ്റെ പള്ളിയിലുള്ള തിരക്ക് ആര്‍ക്കും നേരിട്ട് കാണാവുന്നതാണ്. അതുപോലെ വേളാങ്കണ്ണി മാതാവിന്റ്റെ തിരുനാളില്‍ റോഡ് മുഴുവന്‍ പള്ളിയിലേക്ക് ഒഴുകുകയാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്കിടയിലുള്ള ഈ ഭക്തിയേയും, ആത്മീയതയേയും സൂക്ഷ്മമായി തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി. പാശ്ചാത്യ രാജ്യങ്ങളിലെ മത നിരപേക്ഷത അല്ല ഇന്ത്യയുടെ മത നിരപേക്ഷത. ഇന്ത്യയിലെ മത നിരപേക്ഷത എന്നത് എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിക്കുന്നതാണ്. മഹാത്മാ ഗാന്ധിയുടെ പ്രാര്‍ഥനാ സമ്മേളനങ്ങളില്‍ അതുകൊണ്ട് ബൈബിളും, ഗീതയും, ഖുറാനും ഒക്കെ വായിക്കുമായിരുന്നു. മഹാത്മാ ഗാന്ധി കാണിച്ചുതന്ന ഈ മത സൗഹാര്‍ദത്തിന്റ്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിച്ചാല്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യക്ക് വളരെ കാര്യക്ഷമമായി തന്നെ വര്‍ഗീയതയെ നേരിടാന്‍ സാധിക്കും.
അജ്മീറിലെ മൊയ്‌നുദ്ദീന്‍ ചിഷ്ടി, ഷിര്‍ദിയിലെ സായി ബാബ, തക്കലയിലെ പീര്‍ മുഹമ്മദ് സാഹിബ് - ഇങ്ങനെ അനേകം സൂഫി വര്യന്‍മാര്‍ക്ക് ഇന്ത്യയിലെ യോഗികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പല യോഗികളും അവരുടെ ഒക്കെ എഴുത്തില്‍ ഇവരെയൊക്കെ സ്മരിച്ചിട്ടും ഉണ്ട്. ഇത്തരത്തില്‍ ഹിന്ദു-മുസ്ലീം സാഹോദര്യത്തിന്റ്റെ ഒരു വലിയ ചരിത്രമുള്ള നാടാണ് ഇന്ത്യ. ബി.ജെ.പി. - യും, സംഘ പരിവാറുകാരും രാഷ്ട്രീയ നേട്ടത്തിനായി മതപരമായ ഭിന്നിപ്പ് ഉണ്ടാക്കിയപ്പോള്‍ ബലി കഴിക്കപ്പെട്ടത് ആ ഹിന്ദു-മുസ്ലീം സഹോദര്യമാണ്.
ചരിത്രം എല്ലാം ഇപ്പോള്‍ തിരുത്തി കൊണ്ടിരിക്കയാണ്. ബദരീനാഥ് ക്ഷേത്രത്തിലെ ആരതിയുടെ സമയത്തു പാടുന്ന പാട്ട് ബദരി നാരായണ്‍ ഭക്തനായ ബഹ്റുദ്ദിന്‍ എഴുതി എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. പക്ഷെ കുറെ നാള്‍ മുമ്പ് ബി.ജെ. പി. - യുടെ നേതൃത്ത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അക്കാര്യത്തില്‍ വേറൊരാളെ കണ്ടെത്തിയതായി ടൈമ്‌സ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതുപോലെ ഷെഹ്നായ് വാദകനും ഭാരതരത്‌നം നേടിയിരുന്ന ആളുമായ ഉസ്താദ് ബിസ്മില്ലാ ഖാന്‍ കാശി വിശ്വനാഥന്റ്റെ വലിയൊരു ഭക്തനായിരുന്നു. ഉത്തരേന്ത്യയില്‍ പണ്ട് രാമായണ കഥ പറയുന്ന 'മുസ്ലിം ജോഗിമാര്‍' ഉണ്ടായിരുന്നൂ. ഇതെല്ലാം സമീപ ഭാവിയില്‍ വിസ്മരിക്കപ്പെടാനാണ് സാധ്യത. ബാബ്രി മസ്ജിദ് തകര്‍ത്തതില്‍ പിന്നെ ഹിന്ദു-മുസ്ലീം സാഹോദര്യം ഇന്ത്യയില്‍ വീണ്ടെടുക്കാനായിട്ടില്ല. ഇന്നത്തെ ഇന്ത്യയില്‍ ആ സാഹോദര്യം വീണ്ടെടുക്കുവാന്‍ ആരും ശ്രമിക്കുന്നില്ലാ എന്നുള്ളത് ദുഃഖകരമായ കാഴ്ചയാണ്. മതപരമായ 'പോളറൈസേഷന്‍' കണ്ടമാനം വന്നുകഴിഞ്ഞിരിക്കുന്നതുകൊണ്ട് 'അമര്‍-അക്ബര്‍-ആന്റ്റണി' പോലെയോ, 'ജോണ്‍-ജാഫര്‍-ജനാര്‍ദന്‍' പോലെയോ ഉള്ള സിനിമാ ഗാനങ്ങളൊന്നും ഇന്നത്തെ കാലത്ത് പ്രതീക്ഷിക്കുവാന്‍ ആവില്ലാ.
(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)