ന്യു യോർക്ക്: പ്രമുഖ മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന്റെ വേർപാടിൽ ഫോമായുടെ പുതിയ പ്രസിഡന്റ് ഡോ. ജേക്കബ് തോമസും മറ്റു ഭാരവാഹികളും അനുശോചിച്ചു.
അമേരിക്കയിൽ പത്രപ്രവർത്തനം തപസ്യയാക്കിയ ചുരുക്കം ചിലരിലൊരാളായിരുന്നു ഫ്രാൻസിസ് എന്ന് ഡോ. ജേക്കബ് തോമസ് അനുസ്മരിച്ചു. വിവിധ വിഷയങ്ങളെപ്പറ്റി ആഴത്തിലുള്ള റിപ്പോർട്ടുകൾ വര്ഷങ്ങളായി അമേരിക്കൻ മലയാളികളെ പ്രബുദ്ധരാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. ഇനിയും ദീർഘകാലത്തെ സേവനം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അകാലത്തിലുള്ള വേർപിരിയൽ.
അദ്ദേഹത്തിന്റെ വേർപാടിൽ ദുഖാർത്തരായ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഫോമാ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
ഫ്രാൻസിസിന്റെ നിര്യാണം ഇന്ത്യൻ സമൂഹത്തിനു-പ്രത്യേകിച്ച് മലയാളികൾക്ക്-തീരാ നഷ്ടമാണെന്ന് സ്ഥാനമൊഴിയുന്ന ഫോമാ ട്രഷറർ തോമസ് ടി. ഉമ്മൻ ചൂണ്ടിക്കാട്ടി.