ഭാഷകൾക്കുള്ള പാർലമെന്റ് കമ്മിറ്റി ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ ഈയ്യിടെ ഇന്ത്യൻ പ്രസിഡന്റിന് സമർപ്പിക്കുകയുണ്ടായി. ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപന ഭാഷ ഹിന്ദിയാക്കണം, കേന്ദ്രസർക്കാർ തസ്തികകളിലേക്ക് ഹിന്ദി ഭാഷയിലുള്ള അറിവ് നിർബന്ധമാക്കണം, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നടത്തപ്പെടുന്ന ആശയവിനിമയങ്ങൾ ഹിന്ദിയിലാക്കണം, കേന്ദ്രസർക്കാർ ഉത്തരവുകൾ ഹിന്ദിയിലാക്കണം, ഹിന്ദിയെക്കുറിച്ച് കൂടുതൽ അറിവ് നേടാൻ വിസമ്മതിക്കുന്ന കേന്ദ്രസർക്കാർ ജീവനക്കാരുടെ സർവ്വീസ് റെക്കോർഡിൽ അതു സത്യസന്ധമായി രേഖപ്പെടുത്തിയിരിക്കണം, ഗവണ്മെന്റിന്റെ ഏതെങ്കിലും പ്രത്യേക അറിയിപ്പ് വർത്തമാനപത്രങ്ങളിൽ നൽകുന്നതിൽ ഹിന്ദിക്ക് പ്രാധാന്യം നൽകണം തുടങ്ങിയ പല അഭിപ്രായങ്ങളുമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഹിന്ദി മാതൃഭാഷയല്ലാത്ത കേരളമടക്കം പല സംസ്ഥാനങ്ങളും ഈ അഭിപ്രായങ്ങളോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. 'മാത്രുഭാഷയോട് ഞങ്ങൾക്കുള്ള സ്നേഹം പരീക്ഷിക്കാൻ വരരുത് എന്ന് തമിഴ്നാട് മുഖ്യമന്ത്രിയായ സ്റ്റാലിൻ പ്രതികരിച്ചു. ഹിന്ദി തെരിയാത് , പോടാ എന്ന് അവിടത്തെ രാഷ്ട്രീയവേദികളിൽ പറഞ്ഞുകൊണ്ട് അവർ അവരുടെ പ്രതിഷേധം അറിയിച്ചു.
ലോകത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതം നാനാജാതി മതസ്ഥരുടെ, നാനാജാതി ഭാഷയും സംസ്കാരവുമുള്ളവരുടെ നാടാണ്. തന്മൂലം നമ്മുടെ പൊതുഭാഷ (lingua franca) ഇംഗളീഷാണ്. വാസ്തവത്തിൽ ഇംഗളീഷ് ഭാഷ പ്രചാരം മൂലം ഭാരതീയർക്ക് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുവാനും അവിടെ ജോലി ചെയ്യാനും സാധിച്ചു. ഇന്ത്യയിലെ ഇരുപത്തിരണ്ടു ഭാഷകളും ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം അതാത് പ്രദേശത്തു ഉപയോഗിക്കുന്നതല്ലാതെ ഭാരതം മുഴുവൻ അതിനൊന്നും പ്രചാരമില്ല. ഭാരതത്തിന്റെ ഭരണഘടനാപ്രകാരം ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്. അതോടൊപ്പം ഇംഗളീഷും ഉപയോഗിക്കാമെന്നും പറഞ്ഞിട്ടുണ്ടെങ്കിലും ഈ ആനുകൂല്യം പതിനഞ്ച് വർഷങ്ങൾക്ക് ശേഷം പിൻവലിക്കുമെന്നുമുണ്ട്. അതായത് 1965-ൽ ഈ തീരുമാനം പിൻവലിക്കപ്പെടേണ്ടതായിരുന്നു.
ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന തീരുമാനം ഉണ്ടായപ്പോഴെല്ലാം ശക്തമായി എതിർത്തത് തമിഴ് ജനതയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1937-ൽ ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന നിയമം നടപ്പിലാക്കാൻ ശ്രമിച്ചു. നിരവധി പിക്കറ്റുകളും, പ്രതിഷേധങ്ങളും മൂന്നു വർഷത്തോളം നീണ്ടു നിൽക്കുകയും അവസാനം ബ്രിട്ടീഷ് ഗവമെന്റ് പ്രസ്തുത തീരുമാനം റദ്ദാക്കുകയും ചെയ്തു. 1965-ൽ ഭരണഘടനപ്രകാരം ഹിന്ദിയുടെ ഉപയോഗം വീണ്ടും നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും അതിനെ ഡി. എം. കെ ഗവണ്മെന്റ് തടയുകയും അവരുടെ ശ്രമം വിജയിക്കുകയും ചെയ്തു. അന്നു ഈ പ്രശ്നങ്ങളെല്ലാം നടന്നത് കോൺഗ്രസ്സ് ഭരണകാലത്തായിരുന്നു. പല സമ്മർദ്ദങ്ങളാലും ഉപേക്ഷിക്കപ്പെട്ട ഈ ആവശ്യം വീണ്ടും ഇന്ന് പാർലിമെന്റിൽ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്.
ഭാരതീയരുടെ അഭിമാനം അവർ നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിൽ ഉറച്ചു വിശ്വസിക്കുന്നവരാണ് എന്നതാണ്. എന്നാൽ ഈ ആശയം ഭാരതത്തിൽ മാത്രമല്ല ലോകം മുഴുവൻ തുടരുന്നു എന്ന് വേണം പറയാൻ. കാരണം വിവരസാങ്കേതികവിദ്യയുടെ വളർച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നത് ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ളവർ തമ്മിലുള്ള ആശയവിനിമയവും, തമ്മിൽ കുടിയേറിപാർക്കലും സാധ്യമാകുന്നതുകൊണ്ടു മാത്രമാണ്. ഇതിൽ പ്രധാനം ലോകത്തിൽ ഏതു പ്രാദേശിക ഭാഷ സംസാരിക്കുന്ന വ്യക്തിക്കും അവന്റെ വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കിയിരുന്നതുകൊണ്ട് ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ കഴിയുന്നു എന്നതാണ്. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തുകൊണ്ട് വിദേശങ്ങളിൽ നമ്മുടെ യുവാക്കൾ സേവനം അനുഷ്ഠിക്കുന്നു എന്നുള്ളതാണ് ഇന്ത്യയിലേക്കുള്ള സാമ്പത്തിക ഒഴുക്കിന്റെ മുഖ്യകാരണം എന്നത് വിസ്മരിക്കാൻ കഴിയില്ല
ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറൻ സംസ്ഥാനത്തിലെ പത്താൻ ജാതിക്കാരനും (വംശക്കാരനും) ദക്ഷിണഭാരതത്തിലെ തമിഴനും രൂപത്തിൽ വ്യത്യസ്തരാണ്. എന്നാൽ അവരിൽ നാം ഭാരതീയർ എന്ന സ്വാഭിമാനത്തിന്റെ ഒരിഴ പാകിയിട്ടുണ്ടെന്ന് ജവഹർലാൽ നെഹ്റു അദ്ദേഹത്തിന്റെ ‘ഡിസ്കവറി ഓഫ് ഇന്ത്യ’ (discovery of India) എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ അഭിമാനം മാത്രം മതി എല്ലാ ഭാരതീയനെയും ഒന്നിച്ചുനിർത്താൻ . ഇങ്ങനെയൊക്കെ ആണെങ്കിലും ലോകത്തിന്റെ ഏതു ഭാഗത്ത് ചെന്നാലും ആശയവിനിമയത്തിനായി ഒരു പൊതുവായ ഭാഷ ആവശ്യമാണ് . ഒരു ഭാരതീയൻ ഹിന്ദിയിൽ നൈപുണ്യം നേടി വിദേശത്ത് ചെല്ലുമ്പോൾ അവിടെയുള്ളവരുമായി ആശയവിനിമയം സാധ്യമാകാതെ അവനിലുള്ള അറിവും വിവേകവും തെളിയിക്കാൻ കഴിയാതെ പോയേക്കാം.
ഒരു മെഡിക്കൽ വിദ്യാർത്ഥി പഠിക്കുന്നതും, പരീക്ഷ എഴുതുന്നതും ഹിന്ദി ഭാഷയിലാണെങ്കിൽ അവൻ രോഗങ്ങളെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചുമുള്ള പഠനത്തിനുപയോഗിക്കുന്ന വാക്കുകൾ എങ്ങിനെയായിരിക്കും എന്ന് നമുക്ക് ഊഹിക്കാം. മാത്രമല്ല ഒരു ഡോക്ടറിനെ സംബന്ധിച്ചിടത്തോളം പഠനത്തിനുശേഷവും അവരുടെ അറിവ് കാലത്തിനനുസരിച്ച് നേടിക്കൊണ്ടേയിരിക്കണം. ഹിന്ദിയിൽ മാത്രം പഠിച്ച ഒരു ഡോക്ടറിന് അറിവ് സമ്പാദിക്കുന്നതിനായി ഏതു മെഡിക്കൽ പുസ്തകങ്ങളാണ് അവലംബമായി എടുക്കാൻ കഴിയുന്നത്? അതുമല്ല അറിവിനെ അപ്ഡേറ്റ് ചെയ്യാൻ സംഘടിപ്പിക്കുന്ന സെമിനാറുകളും മറ്റും ഇന്ത്യയിലും, വിദേശത്തും പങ്കെടുക്കുമ്പോൾ ഹിന്ദിയിൽ മാത്രം പഠിച്ച ഒരു ഡോക്ടറിന് എത്രമാത്രം മനസ്സിലാക്കാൻ സാധിക്കും? ഈ പ്രശ്നങ്ങൾ മെഡിക്കൽ വിദ്യാർത്ഥികൾക്ക് മാത്രമല്ല മറ്റെല്ലാ വിഭാഗക്കാർക്കും ബാധകമാണ്. അതിനാൽ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ലോകത്തെവിടെയും പോയി അറിവ് നേടാൻ കഴിയുന്ന ഒരു പൊതുവായ ഭാഷ, ഇംഗ്ലീഷ്, നിര്ബന്ധിതമാണ്
ദക്ഷിണഭാരതത്തിൽ നാല് ഭാഷകൾ ഉപയോഗിക്കുന്നുണ്ട്. അവിടെ ഹിന്ദി ഭാഷക്ക് പ്രാദേശിക ഭാഷക്കൊപ്പം പ്രചാരമില്ല. ഹിന്ദിയുടെ പ്രചാരം വളരേ കുറവാണെന്നു തന്നെ പറയാം, ആന്ധ്രയിലെ ഹൈദരാബാദിൽ ഹിന്ദി/ഉറുദു ഭാഷ ഉപയോഗിച്ചുവരുന്നുണ്ട്. ഇപ്പോൾ ബംഗാളികളുടെ അധിനിവേശം മൂലം കേരളത്തിൽ ഹിന്ദി ഭാഷ പ്രചാരത്തിൽ വരുന്നു. മലയാളി തൊഴിലവസന്തരങ്ങൾ തേടി പലയിടത്തും യാത്രചെയ്യുന്നതുകൊണ്ട് ഏത് അന്യസംസ്ഥാന ഭാഷയും വേഗം പഠിക്കുന്നു. എന്നാൽ മലയാളം മറ്റു സംസ്ഥാനക്കാർക്ക് പഠിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏതൊരു അന്യഭാഷയുമായി പൊരുത്തപ്പെടാൻ മലയാളിക്ക് പ്രയാസമില്ല. കേരള സംസ്ഥാനം ഹിന്ദി ഭാഷയെ നിരോധിക്കാൻ ശ്രമിക്കുന്നില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ മലയാളികൾ ഗാന്ധിയോട് വളരെ ബഹുമാനം പുലർത്തിയിരുന്നു. പലരും അദ്ദേഹത്തിന്റെ ആദർശങ്ങളെ മുറുകെ പിടിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവരായിരുന്നു. അവർ ഹിന്ദി ഭാഷയും കേരളത്തിൽ പ്രചരിപ്പിച്ചു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഹിന്ദി പഠനം നിർബന്ധമാണ്. അതിനെ ആരും എതിർത്തില്ലെന്നുള്ളത് ഒരു പക്ഷെ സ്വാതന്ത്ര്യസമര സേനാനികളുടെ സാന്നിധ്യമായിരിക്കാം. അവർ അളവറ്റ ബഹുമാനത്തോടെ ഹിന്ദിയെ രാഷ്ട്രഭാഷ എന്ന പേരിൽ കണക്കാക്കിപ്പോന്നു. കേരളത്തിൽ ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന നിയമം വന്നാലും അധികം മലയാളികളെ കാര്യമായി ആ തീരുമാനം ബാധിക്കില്ല.
“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ;
മർത്യന്നു പെറ്റമ്മ തൻ ഭാഷ താൻ” -
ഈ വരികളിലൂടെ വള്ളത്തോൾ നാരായണമേനോൻ അർത്ഥമാക്കുന്നത് നമ്മൾ മറ്റേത് ഭാഷകൾ പഠിച്ചാലും മാതൃഭാഷയായിരിക്കണം നമുക്ക് പ്രധാനം എന്നതാണ് . സ്വന്തം അമ്മയുടെ ചുണ്ടിൽ നിന്നും കേട്ടു പഠിക്കുന്നതാണ് മാതൃഭാഷ. അതുകൊണ്ട് ആദ്യമായി നമ്മുടെ ഉള്ളില് തെളിയുന്നതും മാതൃഭാഷയാണ്. കേരളയീയരെ സംബന്ധിച്ചേടത്തോളം അവർ മാതൃഭാഷയോട് വലിയ ബന്ധം പുലർത്തുന്നതായി കാണുന്നില്ല. എൽ കെ ജി മുതൽ കുട്ടികളെ ഇംഗളീഷ് വിദ്യഭ്യാസം ചെയ്യിക്കുന്നതിലാണ് മാതാപിതാക്കൾ ശ്രദ്ധിക്കുന്നത്. ഇംഗളീഷിനെ മലയാളി അന്യഭാഷയായിട്ടല്ല അന്നദാതാവായിട്ടാണ് കരുതുന്നതെന്ന് എന്ന് വേണം പറയാൻ. കാരണം ആ ഭാഷാപരിജ്ഞാനം കൊണ്ട് അവൻ ലോകമെമ്പാടും സഞ്ചരിച്ചു. അവന്റെ സ്വപനങ്ങൾക്ക് സാക്ഷാത്കാരം നൽകാൻ അവനെ സഹായിച്ചു.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഭാരതത്തിൽ മുഴുവൻ ഒരു ഭാഷ വേണമെന്ന ആശയം ഉണ്ടായതല്ല. ഹിന്ദിയെ നമ്മുടെ രാഷ്ട്രഭാഷയായി അംഗീകരിച്ചിരുന്നു. എങ്കിലും പ്രാദേശിക ഭാഷയും സംസാരിച്ചുപോന്നു. ഭരണഘടനപ്രകാരം 1950 ൽ ദേവനാഗരി ലിപിയിൽ ഹിന്ദി ഭാഷ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അതായത് ജനുവരി 26 1965 ഇൽ ഇംഗളീഷ് ഭാഷയുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണ്ണമായി ഹിന്ദി ഉപയോഗിക്കണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഈ മാറ്റം പ്രാബല്യത്തിൽ വരുത്താൻ ഹിന്ദി ഭാഷ ഉപയോഗത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളെ ആശയകുഴപ്പത്തിലാക്കിയതിനാൽ അവർ പ്രതികരിച്ചു. അതിൽ തമിഴ് നാട് മുൻപന്തി യിൽ ആയിരുന്നുന്നു. അതുകൊണ്ട് ഔദ്യോഗിക ഭാഷ നിയമം 1963 പ്രകാരം ഹിന്ദിയോടൊപ്പം ഇംഗളീഷ് ഭാഷയും ഉപയോഗിക്കുന്നത് തുടരാമെന്നു നിയമമായി. നമ്മുടെ ഭാരതം ഒരു ഭാഷ മാത്രം ഉപയോഗിക്കണമെന്ന നിയമം വരുകയാണെങ്കിൽ ഹിന്ദിയേക്കാൾ ഇംക്ളീഷിനായിരിക്കും മുൻതൂക്കം കിട്ടുക. നമുക്ക് എഴുനൂറ്റിഎൺപതോളം ഉപഭാഷകൾ ഉണ്ട്. ഒരു ഭാഷയുടെ തന്നെ വകഭേദങ്ങളാണവ. അതുകൊണ്ട് ഒരു രാജ്യം ഒരു ഭാഷ' എന്ന ആശയത്തിലേക്കെത്തിച്ചേരാൻ വളരെ പ്രയാസമായിരിക്കും
നമ്മുടെ മലയാളത്തെ ശ്രേഷ്ഠഭാഷയായി കണക്കാക്കി ആദരിച്ചിരുന്നു. തമിഴ് ഭാഷയും അതേപോലെ പുരാതനമാണ്. തമിഴ് ഭാഷ ഹിന്ദിയേക്കാൾ പഴക്കമുള്ള ഭാഷയാണ്. എന്നാൽ തമിഴ് ഭാഷയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി പ്രചരിപ്പിക്കാൻ സാദ്ധ്യമല്ല. വടക്കേ ഇന്ത്യക്കാരുടെ ഭാഷ ഹിന്ദിയാണെന്ന ഒരു പൊതു ധാരണ നിലനിൽക്കുന്നു. എന്നാൽ അവിടെയും ഗുജറാത്തി, മറാത്തി, ഒഡിഷ, ബംഗാളി, ഉറുദു, രാജസ്ഥാനി, ആസാമീസ് തുടങ്ങി ഓരോ സംസ്ഥാനക്കാരും അവരുടെ ഭാഷ ഉപയോഗിക്കുന്നു. ഇവർ തമ്മിൽ ആശയവിനിമയത്തിനായി സഹായിക്കുന്നതും ഇംഗ്ലീഷ് തന്നെ.
ഓരോ കാലഘട്ടത്തിലെ ഭരണാധികാരികളും ശ്രദ്ധിക്കേണ്ടത് രാഷ്ട്രം പുരോഗതിയിൽ എത്തിക്കുകയെന്നാണ്. അതിനുതകുന്ന നിയമങ്ങളാണ് ജനങ്ങളെകൊണ്ട് അനുസരിപ്പിക്കേണ്ടത്. തീർച്ചയായും ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയാണ്. അതുകൊണ്ടുതന്നെ ഹിന്ദി ഭാഷയെ ബഹുമാനിക്കുകയും ഓരോ ഭാരതീയനും പഠിക്കുകയും വേണം. എന്നാൽ മറ്റു മാതൃഭാഷകളെ മറന്ന് ഹിന്ദി മാത്രം പ്രാധാന്യം നൽകണമെന്നുള്ള ആശയം പ്രയോഗികമല്ല. മാത്രമല്ല ഇന്ന് കാണുന്ന വിവര സാങ്കേതികവിദ്യയുടെ വളർച്ചയും, അതുകൊണ്ടുണ്ടായ സാമൂഹികപുരോഗതിയും ഹിന്ദി ഭാഷ പ്രചരിപ്പിക്കാൻ ആരംഭിക്കുമ്പോൾ സാരമായി ബാധിച്ചേക്കാം. അത്തരം നടപടികൾ ഒരുപക്ഷെ പ്രതികൂലമായ ഒരു മാറ്റത്തിന് വഴിയൊരുക്കും എന്നത് ഭരണാധികാരികൾ മനസ്സിലാക്കേണ്ടതുണ്ട് .
രാഷ്ട്രഭാഷയായ ഹിന്ദിക്ക് അമിത പ്രാധാന്യം നൽകി അതു യുവജനങ്ങളിൽ അടിച്ചേൽപ്പിക്കുമ്പോൾ അന്തർദേശീയ തലത്തിൽ അവർക്ക് വിദ്യാഭ്യാസവും, അറിവും കണക്കാക്കി ലഭിക്കാവുന്ന പദവികൾ നഷ്ടമാകുന്നു. ഇന്ന് ലോകം മുഴുവൻ ഇംഗളീഷ് ഭാഷ ഉപയോഗിച്ച് വ്യവഹാരങ്ങൾ നടത്തുമ്പോൾ അത് മനസ്സിലാക്കാൻ കഴിയാതെ ഭാരതത്തിൽ മാത്രം ഒതുങ്ങികൂടേണ്ട ഒരു അവസ്ഥയെ വരും തലമുറ നേരിടേണ്ടിവരും. അതിനാൽ രാഷ്ടഭാഷക്ക് പ്രാധാന്യം നല്കികൊണ്ടുതന്നെ മറ്റു ഔദ്യാഗിക ഭാഷകൾക്കും ലോകവളർച്ചക്കൊപ്പം എത്തിച്ചേരാൻ ഇംഗളീഷ് ഭാഷക്ക് ഇന്ന് ലഭിക്കുന്ന പ്രാധാന്യം തുടരുക തന്നെ ചെയ്യട്ടെ, നമ്മുടെ രാജ്യം ലോകരാഷ്ട്രങ്ങളുടെ വളർച്ചക്കൊപ്പം നിൽക്കാൻ പ്രാപ്തമാകട്ടെ. എഴുപത്തിയഞ്ച് വർഷങ്ങൾ ഹിന്ദി രാഷ്ട്രഭാഷയായി നിലകൊണ്ട പോലെ ഇനിയും നിലനിൽക്കട്ടെ. ഭാഷയുടെ പേരിലുള്ള കലഹം ഒഴിവാക്കി സമാധാനം നിലനിർത്താൻ അതായിരിക്കും കൂടുതൽ അഭികാമ്യം.
# Article jyothilexmi nambiar mumbai