ശ്രീമാന്‍ പി.ടി. പൗലോസിന്റെ 'കഥയും കാര്യവു'മെന്ന പുത്തന്‍ പുസ്തകം മറിച്ചുനോക്കിയപ്പോള്‍ ആദ്യം തോന്നിയ പ്രതികരണം, സംഗതി ഇതൊരു 'അവിയല്‍' ആണല്ലോ എന്നാണ്. അതിനെന്താണ്? അവിയലും നല്ലൊരു വിഭവംതന്നെയല്ലേ! അവിയലില്ലാത്ത സദ്യയുണേ്ടാ? കഥകളും ലേഖനങ്ങളും ഓര്‍മ്മക്കുറിപ്പൂകളും അടങ്ങുന്ന വിവിധ തരത്തിലുള്ള സാഹിതീവിഭവങ്ങള്‍ ഉള്ളതിനാലാണ് അങ്ങനെ വിശേഷിപ്പിച്ചത് 14 കഥകള്‍, 14 ലേഖനങ്ങള്‍, 8 ഓര്‍മ്മക്കുറിപ്പുകള്‍.
ഇതിനുമുമ്പു പ്രസിദ്ധീകരിച്ച 'കാലത്തിന്റെ കയ്യൊപ്പ്' എന്ന കൃതി വായിച്ച് ഞാനൊരു ആസ്വാദനം 'ഇ മലയാളി'യില്‍ എഴുതിയിരുന്നു. ഇപ്പോളിതാ 'കഥയും കാര്യവും'. ഇതില്‍ ഗൗരവമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചതില്‍ അതിശയിക്കേണ്ട ഏതാണ്ട് ഒരു പതിറ്റാണ്ടായി ഞാനറിയുന്ന പൗലോസും ഒരു ഗൗരവക്കാരന്‍തന്നെ. എന്നിരിക്കിലും, മഴക്കാറുകള്‍ക്കിടയിലൂടെ എത്തിനോക്കാന്‍ ശ്രമിക്കുന്ന സുര്യകിരണങ്ങളെപ്പോലെ ഗൗരവത്തിനിടയിലും ഇടക്കെല്ലാം മന്ദഹാസം പൊഴിക്കാറുണ്ടദ്ദേഹം.
ഈ സമാഹാരത്തിലെ പല രചനകളും പലയിടങ്ങളിലായി വായിച്ചതായി പുനര്‍വായലില്‍ ഓര്‍മ്മവന്നു. 'ശ്രദ്ധ' എന്ന കഥ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവമായിരുന്നിട്ടും (ക്രിസ്ത്മസ് ദിനത്തിലെ വിനോദയാത്രയില്‍ ആതിരപ്പള്ളി ജലാശയത്തിലെ കുത്തൊഴുക്കില്‍പ്പെട്ട് ഒരു ജീവന്‍ പോയതിന്റെ ദാരുണമായ പത്രറിപ്പോര്‍ട്ട്), കാഥികന്റെ ഭാവനാവിലാസത്തില്‍ ഇതൊരു യഥാര്‍ത്ഥസംഭവകഥയായി വായനക്കാരന്റെ ഉള്ളില്‍ തങ്ങിനില്‍ക്കും. കഥയിലെ മാഷും കുട്ടിയുമായുള്ള ഇടപഴകലുകളും സംഭാഷണങ്ങളും കഥനാചാതുരിയാല്‍ മികവുറ്റതുതന്നെ.
'എനിക്കും ഓര്‍ക്കാന്‍ സുഖമുള്ള ഒരച്ഛനുണ്ടായിരുന്നെങ്കില്‍... ഒരു നൊമ്പരകഥയായി മനസ്സില്‍ അവശേഷിക്കും.കുട്ടിക്ക് അച്ഛനുണ്ട്, പക്ഷേ അച്ഛ്‌നെക്കുറിച്ച് ഓര്‍ക്കാന്‍ സുഖമുള്ളതായി ഒന്നുംതന്നെയില്ല. വെറുപ്പല്ലാതെ ഒന്നും ആ അപ്പന്‍ മകനു നല്‍കിയില്ല. പല പ്രശസ്തരുടെയും ചരിത്രമുറങ്ങുന്ന ചൊള്ളമ്പേല്‍ തറവാട്ടില്‍ അശാന്തിയുടെ വിഷക്കാറ്റ് വീശിയടിച്ചപ്പോള്‍ കാലം കനിവില്ലാതെ കണക്കുതീര്‍ത്തു. കല്ലിന്മേല്‍ കല്ല് ശെഷിക്കാതെ തറവാട് ഇല്ലാതായി. കടലിലെ തിരകള്‍പോലെ ഇളകിമറിഞ്ഞ എന്റെ ജീവിതത്തിന്റെ കണക്കുപുസ്തകത്തിലെ പിതാവിന്റെ കോളം ഇന്നും ശൂന്യമായി കിടക്കുന്നു. എന്നിരുന്നാലും ആണ്ടിലൊരിക്കല്‍ ഒരു തീര്‍ത്ഥാടനംപോലെ എന്റെ അമ്മയുടെ കുഴിമാടത്തില്‍ ഞാനെത്തുമ്പോള്‍ എന്റെ കണ്ണുകള്‍ പരതാറുണ്ട്, ആ സെമിത്തേരിയിലെവിടെയോ അടങ്ങിക്കിടക്കുന്ന എന്റെ അച്ഛന്റെ മണ്‍കൂനയെ. ഒരു പക്ഷേ ഡി.എന്‍.ഏ-യുടെ അദൃശ്യമായ ഉള്‍വിളി ആയിരിക്കാം. ഒരു സ്‌നേഹദൃഷ്ടിപോലും നല്‍കാത്ത അച്ഛനോട് വെറുപ്പും പുച്ഛവുമാണ് ജീവിതംമുഴുവനും ഉണ്ടായിരുന്നതെങ്കിലും, തന്റെ ജനനത്തിനുത്തരവാദിയായ മനുഷ്യന്റെ കുഴിമാടം പരതുന്ന കണ്ണുകള്‍ രക്തബന്ധത്തിന്റെ കടപ്പാടുകള്‍ അനുസ്മരിപ്പിക്കുന്നതല്ലേ? ഈ വാക്യങ്ങളോരോന്നും കൃത്യതയോടെ കാച്ചിക്കുറുക്കിയതിനാല്‍ ആരുടെയും ഹൃദയത്തില്‍ തട്ടുംവിധമുള്ള മികവോടും സംയമനത്തികവോടുംകൂടിയാണ് കഥാകൃത്ത് കൈകാര്യം ചെയ്തിരിക്കുന്നത്. എന്തൊക്കെയായാലും തന്റെ പിതാവല്ലേ എന്ന് ഓര്‍ത്തുപോകുന്ന പുത്രന്റെ ചിത്രം മികവുറ്റതായിട്ടുണ്ട്.
'ഏഭ്യന്‍' എന്ന കഥയിലെ ഏഭ്യന്‍ എന്ന പപ്പേട്ടനും, അദ്ദേഹത്തിന്റെ പത്‌നിയായ ലക്ഷ്മിയും, ഒരു കാലത്ത് നക്‌സലൈറ്റ് അനുഭാവിയായി ജയിലില്‍ കഴിഞ്ഞശേഷം രാഷ്ട്രീയം വിട്ട് ഹോട്ടലുടമയായ് മാറിയ രാഘവേട്ടനും വായനക്കാരന്റെ ഓര്‍മ്മയില്‍ മായാതെ നില്ക്കുന്ന വെറും കഥാപാത്രങ്ങളായല്ല, മറിച്ച് നാമൊക്കെ ജീവിതത്തില്‍ കണ്ടണ്ടുമുട്ടിയിട്ടുള്ള മജ്ജയും മാസവുമുള്ള യഥാര്‍ത്ഥ മനുഷ്യരായിത്തന്നെ നിലനില്‍ക്കും. കാരണം അത്ര സൂക്ഷ്മതയോടെയാണ് ശ്രീ പൗലോസ് ഈ കഥാപാത്രങ്ങളെ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
'കുശിനിക്കാരന്റെ മകന്‍' ഒരു പൈങ്കിളിക്കഥയായി തോന്നിയേക്കാമെങ്കിലും, അതിലെ കാക്കുവും, അമ്മ ഏലമ്മയും, വനിതാസമാജം സ്ഥിരംസെക്രട്ടറി ചൊറിയംമാക്കില്‍ ഗ്രേസമ്മയും , മരുതാംകുഴി അച്ചനും, വക്കീല്‍ പാപ്പുട്ടിയുമെല്ലാം നമ്മുടെ ഗ്രാമങ്ങളിലെ സാധാരണക്കാരായ ആളുകള്‍തന്നെ. അവരെയൊക്കെ പൗലോസെന്ന മാന്ത്രികകാഥികന്‍ ഓജസ്സുള്ള കഥാപാത്രങ്ങളാക്കി നമ്മുടെമുന്നില്‍ തന്മയത്വത്തോടേ അവതരിപ്പിക്കുന്നു. നര്‍മ്മം കലര്‍ന്ന അ കഥനാരീതിക്ക് അനുമോദനങ്ങള്‍!
'ലോക്ക്ഡൗണ്‍സുന്ദരി' നര്‍മ്മം തുളുമ്പുന്ന സഭാഷണചാരുതയാല്‍ മുഷിപ്പില്ലാതെ വായിക്കാവുന്നൊരു ശൃംഗാരകഥയാക്കാന്‍ കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട് അങ്ങനെ മനപ്പായസം കുടിപ്പിച്ചുകൊണ്ട് വായനക്കാരനെ കയ്യിലെടുക്കാന്‍ സാധിച്ചിട്ടുണ്ടു കഥാകൃത്തേ, എന്നെ പറയാന്‍പറ്റൂ. പൗലോസ് പരുക്കനാണെന്ന് ആരു പറഞ്ഞു? ശ്രീജയ്ക്കു വായിക്കനുള്ള പ്രണയലേഖനം വായിച്ചവര്‍ക്ക് ഇദ്ദേഹം ചങ്ങമ്പുഴ ജനുസ്സില്‍പ്പെട്ട ഒരു പ്രേമഗായകനാണെന്നേ തോന്നൂ.
'മിന്നിമറഞ്ഞ മിന്നാമിങ്ങുകള്‍' ഒരു കുഗ്രാമത്തിലെ, വാത്സല്യമേറെ ചൊരിയുന്ന വല്യപ്പന്റെയും വല്യമ്മച്ചിയുടെയും മധുരോദാത്തമായ സ്‌നേഹവായ്പ് തിരിച്ചറിയാന്‍ തുടങ്ങുന്ന ഒരു പേരക്കുട്ടിയുടെ വിലാപമാണ്. കഥ അവസാനിക്കുന്നത് ശ്രദ്ധിക്കൂ: 'ഒരു യാത്രാമൊഴിക്കെങ്കിലും അവസരം തരാതെ...എന്നാലും ഞാന്‍ തിരിച്ചറിഞ്ഞു, ഇവരൊക്കെ ദൈവത്തിന്റെ മറുവാക്കുകളായിരുന്നെന്ന്.' കാലപ്പഴക്കംകൊണ്ട് പൊടിപുരണ്ട് ആ ഓര്‍മ്മകള്‍ക്ക് വജ്രത്തിന്റെ തിളക്കമുണ്ട്. ഹൃദയത്തിന്റെ അടിത്തട്ടുകളെ ഉലയ്ക്കുന്ന ഓര്‍മ്മകളുടെ അടിയൊഴുക്കുകളിലൂടെയുള്ള എന്റെ ആത്മസഞ്ചാരത്തില്‍ ഞാനൊറ്റണ്ട്... വിലാപങ്ങള്‍ക്കപ്പുറത്തെ വിശാലമായ ഇന്നത്തെ ലോകത്ത്... അവിടെ ഞാന്‍ ലയിക്കട്ടെ ഒരു വിഷാദബിന്ദുവായി. അനുവാചകരെ സങ്കടക്കടലിലാഴ്ത്തുന്നൊരു യാത്രാമൊഴിയല്ലേ ഇത്?
'വിശുദ്ധ ചുംബനം' എന്ന കൊച്ചുകഥ, അരമനരഹസ്യം പരസ്യമാണെന്നാരു കിടിലന്‍ കഥ, ഇങ്ങനെയാണ് കഥാകൃത്ത് ചുരുളഴിയ്ക്കുന്നത്: 'നിങ്ങല്‍ വിശുദ്ധ ചുംബനത്താല്‍ അന്യോന്യം അഭിവാദനം ചെയ്‌വീന്‍ (1 കൊരിന്തോസ് 16:20). തൊട്ടടുത്ത ജോയിഗിരി കോണ്‍വെന്റില്‍നിന്നും വികാരിയച്ചന്റെ കിടക്കവിരി മാറ്റാന്‍ നിയോഗിക്കപ്പെട്ട കൊച്ചുസിസ്റ്റര്‍ എല്‍സറാണിയെ ചേര്‍ത്തുനിര്‍ത്തി ഫാദര്‍ സേവിറോനിയോസ് വാചാലനായി. വി. പത്രോസിനെയും വി. പൗലോസിനെയും ഓര്‍ത്ത് ചുംബനത്തിന്റെ പ്രായോഗികതലങ്ങളിലേയ്ക്ക് കടന്ന അച്ചന്റെമുന്നില്‍ സിസ്റ്റര്‍ തളര്‍ന്നുനിന്നു. വിശുദ്ധമായ ചുംബനത്തില്‍നിന്ന് അതിനടുത്തുള്ള സങ്കീര്‍ണ്ണമേഖലകളിലേക്ക് അച്ചന്‍ ധീരമായി പ്രവേശിക്കാന്‍ ശ്രമിക്കവെ എല്‍സറാണി കുതറിയോടി മഠത്തിന്റെ കുശിനിയില്‍ കയറി കതകടച്ചു. അന്നു വൈകിട്ട് ജനറളേറ്ററിലെ റിട്രീറ്റ് ഹോളില്‍ ചേര്‍ന്ന ഏഴുദിനയോഗത്തിന്റെ സമാപനയോഗത്തില്‍, സിസ്റ്റര്‍ എല്‍സറാണിയുടെ 'അപകട' മരണത്തില്‍ അനുശോചനമര്‍പ്പിച്ചുകൊണ്ട്, കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ മഹത്വീകരിക്കപ്പെട്ട കൊച്ചുത്രേസ്യയുടെ കഥ പറഞ്ഞും, സഹനത്തിന്റെയും ത്യാഗത്തിന്റെയും ശരശയ്യ ഇരന്നുവാങ്ങിയ അല്‍ഫോണ്‍സാമ്മയുടെ അന്ത്യനിമിഷങ്ങളിലൂടെ സഞ്ചരിച്ചും ജനറാളമ്മയുടെ അദ്ധ്യക്ഷപ്രസംഗം കത്തിക്കയറുകയാണ്. പുറത്ത് ജോയിഗിരിയുടെ പടിഞ്ഞാറന്‍ ചക്രവാളം ചുവന്നുതുടുത്തു. കോണ്‍വെന്റില്‍ അവിഹിതസംഭവങ്ങള്‍ നടന്നതായി കഥാകൃത്ത് പറയുന്നില്ല. എന്നാല്‍ ഇരുട്ടിന്റെ മറയിലല്ലാതെ നല്ലവെളിച്ചത്തില്‍ നടമാടൂന്ന രഹസ്യവേഴ്ചകള്‍ അദ്ദേഹം പറയാതെ പറഞ്ഞുവെച്ചു, അതാണ് കഥാകൃത്തിന്റെ കരവിരുത്. 'പെങ്ങള്‍' ആണെങ്കില്‍, ഒരു പേജുപോലും നിറയാതെ വളരെ വാചാലമായൊരു കുറുങ്കഥയാണ്.
ലേഖനങ്ങളിലേയ്ക്ക് കടക്കുമ്പോഴാണ് പൗലോസിന്റെ വാഗ്‌വിലാസവും ഒപ്പം അറക്കവാളിന്റെപോലുള്ള മൂര്‍ച്ചയും അനുഭവപ്പെടുക. നമുക്കുചുറ്റും സംഭവിക്കുന്ന അനീതിയോടും അക്രമാസക്ത പ്രവണതകളോടുമുള്ളൊരു സന്ധിയില്ലാസമരമാണ് ആ താളുകളില്‍ നടക്കുന്നത്. മനുഷ്യനെ മയക്കുന്ന മതങ്ങള്‍' എന്ന ലേഖനത്തില്‍, മതം എന്ന വിഷജലത്തില്‍ കാലങ്ങളായി മുങ്ങിത്താഴുന്ന മന്ദബുദ്ധികളായ മനുഷ്യജന്മങ്ങള്‍ കണക്കിനു ശകാരിക്കപ്പെടുന്നു. മതങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ നിരത്തിയിട്ട് ലേഖകന്‍ ചോദിക്കുന്നു: 'നമ്മുടെ രാജ്യത്ത് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുംമറ്റും മാത്രമേയുള്ളു' മനുഷ്യരായ ഇന്‍ഡ്യക്കാരില്ലേ? ചോദ്യം വളരെ പ്രസക്തം. സ്വാമി വിവേ കാനന്ദന്റെ 'സര്‍വ്വോപരി നല്ല മനുഷ്യന്‍ ആകൂ' എന്ന സന്ദേശത്തോടെയാണ് ഈ ഉപന്യാസം അവസാനിക്കുന്നത്. 'കൊഴിഞ്ഞുവീഴുന്ന സൗഹൃദങ്ങ'ളിലെ 'ഞാനും നിങ്ങളും വെറും മനുഷ്യരാണ് എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാവണം' എന്ന ഉല്‍ബോധനം മതകലുഷിതമായ ഇന്നത്തെ അന്തരീക്ഷത്തില്‍ അവശ്യം ആവശ്യവും അര്‍ത്ഥവത്തുമാണ്.
'നീതി തേടുന്ന നിര്‍ഭയമാര്‍' വായിച്ചപ്പോള്‍ ഒരു പൊരുത്തകേടു തോന്നി. 'ഇന്ത്യ കാത്തിരുന്ന നീതി ഒടുവില്‍ നടപ്പായി. രാജ്യത്തിന്റെ നെഞ്ചിലെ ഉണങ്ങാത്ത മുറിവായ നിര്‍ഭയ കേസിലെ പ്രതികളെ ബീഹാര്‍ ജയിലില്‍ തൂക്കിലേറ്റി എന്നു പറയുന്ന. നാലു പതിറ്റാണ്ടൂകള്‍ മുമ്പ് ഡല്‍ഹിയില്‍ത്തന്നെ ചോപ്രക്കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവവും വിവരിക്കുന്നു. എന്നിട്ട് ലേഖകന്‍ പറയുന്നു: 'കൊല എന്ന കുറ്റത്തിന് കൊല എന്ന ശിക്ഷ നല്‍കുന്നത് കാട്ടുനിയമമാണ്; അത് രണ്ടു കൊലപാതകങ്ങള്‍ക്ക് വഴിതെളിക്കുന്നു. നിര്‍ഭയ പ്രതികളുടെ അവസാനനാളുകളിലെ മാനസികസംഘര്‍ഷങ്ങള്‍ മതിയല്ലോ അവരുടെ തെറ്റിനു ശിക്ഷയായി. ഇതുപോലുള്ള ക്രൂരകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് പരോള്‍പോലും അനുവദിക്കാതെ ആയുഷ്‌ക്കാലം മുഴുവനും ജയിലില്‍ കഴിയാന്‍ നിയമം ഭേദഗതി ചെയ്യാമല്ലോ. മുന്നേ പറഞ്ഞ ആത്മസംഘര്‍ഷം ഉളവായത് എന്തുകൊണ്ട? ഇത്രയുമൊരു ക്രൂരകൃത്യം ചെയ്തയാള്‍ ഇനി ജീവിച്ചിരിക്കാന്‍ പാടില്ലെന്ന ശിക്ഷാനിയമംകൊണ്ടല്ലേ? അല്ലെങ്കില്‍ ജയിലില്‍ സുരക്ഷിതത്വത്തോടും കിട്ടുന്ന ശാപ്പാടു കഴിച്ചും കൂടുകയാണെങ്കില്‍, തൂക്കിലേറ്റാന്‍ പോവുകയാണെന്നും ഈ ഭൂമുഖത്ത് ഇനി ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലെന്നുമുള്ള മാനസിക പിരിമുറുക്കം ഉണ്ടാകുമായിരുന്നോ? മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് ആരോപണവിധേയനാക്കുന്നതും, നിയമം കാത്തുരക്ഷിക്കാന്‍ സര്‍ക്കാരില്‍നിന്നു ശമ്പളം പറ്റുന്നവന്‍ നിയമം കാറ്റില്‍ പറത്തുന്നതും, അരുതായ്മകളുടെ പരമകാഷ്ടകള്‍' പ്രത്യുപകാരമായി രാജ്യസഭാംഗമാക്കുന്നതുമെല്ലാം ലേഖകന്‍ നന്നായി അനാവരണം ചെയ്യുന്നുണ്ട്. അങ്ങനെ ഇവിടെ കഥയില്‍ കാര്യമുണ്ട് എന്നപോലെ കാര്യത്തില്‍ കഥയുണ്ട് ഇന്ത്യന്‍ ജനാധിപത്യം, അതിന്റെ യഥാര്‍ത്ഥ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍, സാധാരണക്കാരന് അപ്രാപ്യമായ ഒരു ദിവ്യനക്ഷത്രമായി അങ്ങകലെ ശോഭിക്കുന്നുണ്‌ടെങ്കിലും, ഈ ദുരിതഭൂവില്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മാത്രമായേ പ്രകാശം ചൊരിയുന്നുള്ളു. അതിന്, യോഗ്യരായ രാഷ്ട്രീയക്കാര്‍ മൂല്യാധിഷ്ഠിത വിശുദ്ധിയോടെ പിറക്കേണ്ടുന്ന കാലത്തിനായി കാത്തിരിക്കേണ്ടിയിരിക്കുന്നു.
'കാപ്പിപ്പൊടിയച്ചന് ഒരു തുറന്ന കത്ത്', 'മൊഹന്‍ ലാലിന് ഒരു തുറന്ന കത്ത്', 'അഴിഞ്ഞുവീഴുന്ന എഴുത്താണികള്‍, കുഴഞ്ഞുവീഴുന്ന എഴുത്തുകാര്‍' എന്നു തുടങ്ങി ഒട്ടുമിക്ക ലേഖനങ്ങളിലും ശ്രീ പൗലോസിന്റെ രോഷവും അനീതിയ്ക്കും അധാര്‍മ്മികത്വത്തിനും നേരെയുള്ള പോരാടലും തുടരുകയാണ്. വിപ്ലവവീര്യമുള്ള ഈ എഴുത്തുകാരന്‍ പ്രതികരിക്കുന്നത് ആവേശതീക്ഷ്ണതയോടെയാണ്. 'മണ്ണിലേക്കിറങ്ങിയ 'മാര്‍പ്പാപ്പ', 'ശ്രീനാരായണഗുരു എന്ന യുക്തിവാദി' എന്നീ ലേഖനങ്ങള്‍ ആ അവതാരപുരുഷന്മാര്‍ അര്‍ഹിക്കുന്ന ആദരവുകള്‍ക്കൂള്ള ആക്ഷരാര്‍ച്ചനയാണ്.
ഓര്‍മ്മക്കുറിപ്പുകല്‍ എന്ന വിഭാഗത്തിലേക്ക് കടക്കുമ്പോള്‍, മണ്‍മറഞ്ഞ അതുല്യനടന്‍ ജോസ് പ്രകാശിനേയും സ്വന്തം സുഹൃത്ത് പറക്കോട്ട് ശശിയേയും തുറിച്ചുള്ള സ്മരണകളിലൂടെ അനുവാചകരെയും കൂടെ കൂട്ടുണ്ട്. 'വഴിപോക്കരായ ദൈവങ്ങള്‍', 'പ്രവാസത്തിന്റെ കെട്ടു നിറച്ച് കല്‍ക്കത്തയിലേക്കൊരു കന്നിയാത്ര', 'ഗതകാലസ്മൃതികളുടെ തേന്‍മധുരമുണ്ണാന്‍ കൊല്‍ക്കൊത്തയിലേക്കൊരു തീര്‍ത്ഥയാത്ര', 'ഡാം' എന്നീ ഓര്‍മ്മക്കുറിപ്പുകളിലൂടെ സഞ്ചരിക്കുമ്പോള്‍, വായനക്കാരെയും തന്റെ സഹയാത്രികരാക്കാന്‍ കഴിഞ്ഞു എന്നുള്ളത് ശ്രീ പൗലോസിന്റെ കഴിവുറ്റ തൂലികയുടെ മികവുതന്നെ.
അങ്ങനെ, കഥകളും ലേഖനങ്ങളും ഓര്‍മ്മക്കുറിപ്പുകളും അടങ്ങുന്ന 'കഥയും കാര്യവും' എന്ന ഈ കൃതി സാഹിത്യശാഖകളുടെ ഒരു വര്‍ക്ഷീകരണത്തിലും ഒതുങ്ങാതെ കുതറിമാറി, പ്രവാസമലയാളസാഹിതീനഭസ്സില്‍ തിളങ്ങുന്നൊരു നക്ഷത്രമായി പരിലസിക്കട്ടെ! ഒപ്പം. ഈ കൃതി എനിക്കയച്ചുതന്ന് ഒരാസ്വാദനം എഴുതാന്‍ അവസരം തന്നതിലുള്ള നന്ദിയുമുണ്ട്.
# pt paulose books rieview by nandakumar chanayil