Image

ആശ്വാസവാക്കുകള്‍ക്ക് അര്‍ത്ഥമില്ലാതാകുമ്പോള്‍...(ആഷാ മാത്യു)

Published on 22 October, 2022
ആശ്വാസവാക്കുകള്‍ക്ക് അര്‍ത്ഥമില്ലാതാകുമ്പോള്‍...(ആഷാ മാത്യു)

Read more: https://emalayalee.com/writer/130

'വിവാഹത്തിനു മുന്‍പ് കൗണ്‍സിലിംഗിന്റെ സമയത്ത് ഒരു സിസ്റ്റര്‍ പറഞ്ഞു, മോളേ നിനക്ക് കിട്ടാന്‍ പോകുന്നത് നിന്നെക്കാള്‍ ഉയരം കൂടിയ നല്ല തടിയുള്ള ഒരാളെയായിരിക്കും. നീ അദ്ദേഹത്തിന്റെ തോളൊപ്പമേ കാണൂ, അദ്ദേഹം വളരെ ഗ്രേസ്ഫുളായ ഒരാളായിരിക്കും എന്ന്. ജീവിതം കൊണ്ട് ഞാനത് അനുഭവിച്ചു, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഗ്രേസ്ഫുളായ മനുഷ്യനായിരുന്നു അദ്ദേഹം'. ഫ്രാന്‍സിസ് തടത്തില്‍ എന്ന മനുഷ്യന്റെ ഭൗതിക ശരീരത്തിനു സമീപത്ത് നിന്ന് ഭാര്യ നെസി തടത്തില്‍ നിറകണ്ണുകളോടെ പറഞ്ഞ വാക്കുകളാണിത്. സിസ്റ്ററുടെ വാക്കുകള്‍ എങ്ങനെ അന്വര്‍ത്ഥമായി എന്നതിനപ്പുറം നെസി എന്ന ഭാര്യ പങ്കുവെച്ച ഈ വാക്കുകള്‍ സത്യമാണെന്ന് ഫ്രാന്‍സിസ് തടത്തില്‍ എന്ന മനുഷ്യനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.

പ്രീയപ്പെട്ടവര്‍ ഉണ്ണി എന്ന് വിളിക്കുന്ന ഫ്രാന്‍സിസ് തടത്തിലിനെക്കുറിച്ച് ഭാര്യ നെസി വീണ്ടും പറഞ്ഞ വാക്കുകള്‍ കേട്ടു നിന്നവരുടെ കണ്ണ് നിറക്കുന്നതായിരുന്നു. 'ഉണ്ണി ഇല്ലാതെ ഇനി എങ്ങനെ മുന്നോട്ടുപോകണം എന്നെനിക്കറിയില്ല, എനിക്ക് ഉണ്ണി ഭര്‍ത്താവ് മാത്രമായിരുന്നില്ല. അദ്ദേഹം എനിക്ക് മുതിര്‍ന്ന് സഹോദരനും പിതാവുമായിരുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. രോഗവും മറ്റ് പ്രശ്‌നങ്ങളും വലച്ചപ്പോഴൊക്കെ ഞാന്‍ തകര്‍ന്ന സമയങ്ങളില്‍ നീ എന്തിനാ ഇങ്ങനെ നെഗറ്റീവായിട്ട് ചിന്തിക്കുന്നത്, നല്ലത് നടക്കുമെന്ന് വിചാരിക്ക് എന്ന് ഏതു നേരവും പറയുമായിരുന്നു.

എന്റെ ഏറ്റവും നല്ല കൗണ്‍സിലറായിരുന്നു. എന്റെ ജോലിയൊഴികെ ബാക്കിയെല്ലാ കാര്യങ്ങളിലും കൈത്താങ്ങായി നിന്നയാളാണ്. ജീവിക്കുന്ന രണ്ട് സ്മാരകങ്ങളെ തന്നിട്ടാണ് ഉണ്ണിയുടെ മടക്കം. അദ്ദേഹത്തിന്റെ തനിപ്പകര്‍പ്പായ മക്കള്‍. ഇനിയെന്താണ് എന്നെനിക്കറിയില്ല. ഈശോയുടെ അരികിലിരുന്ന് ഉണ്ണി എല്ലാം കാണുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു'. നിറകണ്ണുകളോടെ ഇടറിയ വാക്കുകളോടെ ഇത്രയും നെസി പറഞ്ഞപ്പോഴേക്കും കൂടിനിന്നവരില്‍ പലരും മിഴി തുടക്കുകയായിരുന്നു.

പ്രീയപ്പെട്ട ചേച്ചീ ഞാന്‍ ചേച്ചിയെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. പക്ഷേ ഇപ്പോള്‍ ചേച്ചി ഹൃദയം തകര്‍ന്ന് വേദനിക്കുകയാണ് എന്നെനിക്കറിയാം. ഫ്രാന്‍സിസ് തടത്തില്‍ എന്ന മനുഷ്യന്‍ എന്നോട് സംസാരിച്ചപ്പോഴൊക്കെ ഏറ്റവും കൂടുതല്‍ കടന്നു വന്നിട്ടുള്ളത് ചേച്ചിയുടേയും മക്കളുടേയും വിശേഷങ്ങളാണ്. നിങ്ങളെ ഒരുപാട് സ്‌നേഹിച്ച ആ മനുഷ്യന്റെ ഏറ്റവും വലിയ ബലം ചേച്ചിയായിരുന്നു. തിരിച്ചും അതങ്ങനെ തന്നെയാണ്. ഈ വേദനയില്‍ ആര്‍ക്കും സാന്ത്വനമാകാന്‍ കഴിയില്ല. എന്നാല്‍ ഈ സമയം കടന്നുപോകും. കാലമൊരു പക്ഷേ വേദനയുടെ ആഴം കുറച്ചേക്കും. ജീവിതത്തിലേക്ക് തിരിച്ചു വരാന്‍, കുഞ്ഞുങ്ങള്‍ക്ക് തണലാകാന്‍ ചേച്ചിക്ക് കഴിയണം. ചേച്ചി പറഞ്ഞതു പോലെ ഈശോയുടെ അരികിലുള്ള പ്രീയപ്പെട്ട ഉണ്ണി അതിനു സംരക്ഷണമേകട്ടെ.

ഫ്രാന്‍സിസ് തടത്തില്‍ എന്ന മനുഷ്യനെ ഞാനിതു വരെ നേരില്‍ കണ്ടിട്ടില്ല. അദ്ദേഹവുമായി എനിക്ക് മൂന്നു വര്‍ഷത്തെ പരിചയമുണ്ട്. കേരളാടൈംസില്‍ സബ് എഡിറ്ററായി ജോലിചെയ്തുള്ള പരിചയം. അദ്ദേഹം ഇനിയീ ലോകത്തില്ല എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനിയൊരിക്കലും അദ്ദേഹം വിളിക്കില്ല, വീട്ടുകാരെക്കുറിച്ചും വാര്‍ത്തകളെക്കുറിച്ചും ഇനിയൊരിക്കലും സംസാരിക്കില്ല. വിട പറഞ്ഞു എന്ന് കേള്‍ക്കുകയും ആ മരണവാര്‍ത്ത ഞാന്‍ തന്നെ പബ്ലിഷ് ചെയ്യുകയും ചെയ്തു. പക്ഷേ മനസ്സിപ്പോഴും ഇത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. ഒന്‍പത് തവണ മരണത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് ഓടിക്കയറിയ ആ മനുഷ്യന് എങ്ങനെയാണ് ഒരുറക്കത്തിലൂടെ ഇത്ര നിസ്സാരമായി കടന്നുപോകാന്‍ കഴിഞ്ഞത്.

ഒരിക്കല്‍ പോലും നേരില്‍ കാണാതെ അമേരിക്കയിലും കേരളത്തിലുമിരുന്നുകൊണ്ട് വാര്‍ത്തകളെക്കുറിച്ച് സംസാരിക്കുകയും പുതിയ ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഓരോ വര്‍ക്കിനേയും അഭിനന്ദിച്ചു. എന്തും എഴുതാനുള്ള സ്വാതന്ത്രം നല്‍കിയ പ്രീയപ്പെട്ട ചീഫ് എഡിറ്ററായി. ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചും ഒരുപാട് സംസാരിച്ചു. ഐറിനേയും ഐസകിനേയും കുറിച്ച് അഭിമാനത്തോടെ പങ്കുവെച്ച ഒരുപാട് വിശേഷങ്ങള്‍. വീട്ടിലുള്ളവരെപ്പോലെ എല്ലാവരും എനിക്ക് പരിചിതരായിരുന്നു. അടുത്ത വരവിന് ഞങ്ങളെ കാണും ഫാമിലിയായിട്ട് വരണം എന്നു പറഞ്ഞെങ്കിലും വന്നിട്ട് കാണാന്‍ കഴിഞ്ഞില്ല. ഇനിയൊരിക്കലും കാണില്ല.

'ഇതെനിക്ക് നീട്ടിക്കിട്ടിയ ജീവിതമാണ്. ഈ ജീവിതത്തിന് ഞാന്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് എനിക്ക് കഴിയുന്നതിന്റെ പരമാവധി ചെയ്തു തീര്‍ക്കണം' എന്നാണ് അദ്ദേഹം പലപ്പോഴായി പറയാറുള്ളത്. രോഗം ശരീരത്തെ തളര്‍ത്തിയപ്പോഴും മനസ്സിനെ തളര്‍ന്നുപോകാനനുവദിക്കാതെ ശക്തമായി പോരാടി പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ അടിയുറച്ച ദൈവവിശ്വാസം അദ്ദേഹത്തെ സഹായിച്ചു. ആ വിശ്വാസത്തോടെ തന്നെ അദ്ദേഹം തന്റെ ഓട്ടം പൂര്‍ത്തിയാക്കി. ഈ പ്രായത്തില്‍ ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി അദ്ദേഹം ചെയ്തിട്ടുണ്ട്.

പ്രീയപ്പെട്ട സഹോദരന്റെ വേര്‍പാട് ഒരിക്കലും കണ്ടിട്ടില്ലാത്ത ഞങ്ങളെ ഇത്ര വേദനിപ്പിച്ചെങ്കില്‍ അദ്ദേഹം താങ്ങും തണലുമായിരുന്ന കുടുംബത്തേയും ബന്ധുമിത്രാദികളേയും ഈ വിയോഗം എത്രയധികം ഉലച്ചിട്ടുണ്ടാകും. മരിച്ചേക്കുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളില്‍ നിന്നെല്ലാം ഉയിര്‍ത്തെഴുന്നേറ്റ് താങ്കള്‍ വീട്ടുകാര്‍ക്ക് വീണ്ടും പ്രതീക്ഷകള്‍ നല്‍കി. എന്നിട്ട് അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഈ സമയത്ത് അവരെ തോല്‍പ്പിച്ച് കടന്നുപോയല്ലോ. താങ്ങാന്‍ കഴിയാത്ത ഈ വേദനയില്‍ നിന്നും ചേച്ചിയേയും കുട്ടികളേയും ദൈവം സംരക്ഷിക്കട്ടെ.

# Francis Thadathil funeral

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക