Image

ജ്വലിക്കുന്ന ഓർമ്മകൾ ബാക്കിയാക്കി ഫ്രാൻസിസ് തടത്തിൽ വിട പറഞ്ഞു 

Published on 23 October, 2022
ജ്വലിക്കുന്ന ഓർമ്മകൾ ബാക്കിയാക്കി ഫ്രാൻസിസ് തടത്തിൽ വിട പറഞ്ഞു 

Read more: https://emalayalee.com/writer/130

ന്യു ജേഴ്‌സി: സഫലമായ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ബാക്കിയാക്കി വേർപിരിഞ്ഞ മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന് ബന്ധുമിത്രങ്ങളും മലയാളി സമൂഹവും കണ്ണീരോടെ വിട  പറഞ്ഞു.

പാറ്റേഴ്‌സണിലെ സെന്റ് ജോർജ് സീറോ മലബാർ ചർച്ചയിൽ നടത്തിയ സംസ്കാര ശുശ്രുഷക്കും വി. കുര്ബാനക്കും കാർമ്മികത്വം വഹിക്കാൻ ചിക്കാഗോ  സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് തന്നെ  എത്തി. പൊതുദർശനത്തിൽ തിരുക്കർമ്മങ്ങൾക്ക് മുൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്  കാർമ്മികനായിരുന്നു.

പൊതുദർശനത്തിലും സംസ്കാര  ചടങ്ങിലും അഭൂതപൂര്വവുമായ ജനത്തിരക്കായിരുന്നു. ജീവിതകാലത്ത് ഫ്രാൻസിസ് ജനമനസുകളിൽ നേടിയ ഔന്നത്യവും കൈവരിച്ച സ്നേഹവും  തെളിയിക്കുന്നതായിരുന്നു ഈ ജന പ്രവാഹം.

സെന്റ് ജോർജ് പള്ളിയിൽ വികാരി ആയിരിക്കെ  ഫ്രാൻസിസുമായി ഏറെ എടുത്ത് ഇടപഴകാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് മാർ ജോയി ആലപ്പാട്ട്  ചരമ പ്രസംഗത്തിൽ അനുസ്മരിച്ചു. പലവട്ടം അദ്ദേഹം കൈവിട്ടു പോകുമോ എന്ന് തോന്നുന്ന രോഗാവസ്ഥ ഉണ്ടായിട്ടുണ്ട്. എന്നാൽ അതെല്ലാം അതിജീവിച്ചു  മുന്നേറിയ ഫ്രാൻസിസ് വിശ്വസത്തിന്റെ ഉത്തമ  മാതൃകയായിരുന്നു. രൂപതാദ്ധ്യക്ഷനായി  താൻ സ്ഥാനമേൽക്കുന്നതു സംബന്ധിച്ചു  ഫ്രാൻസിസ് എഴുതിയ ലേഖനം അദ്ദേഹത്തിന്റെ സഭയോടുള്ള സ്നേഹവും വിശ്വാസദാർഢ്യവും തെളിയിക്കുന്നതായിരുന്നു.

മികച്ച മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഫ്രാൻസിസിന്റെ സേവനം രൂപത പല രീതിയിൽ ഉപയോഗപ്പെടുത്തണമെന്നു താൻ കരുതി ഇരിക്കുമ്പോഴാണ് ഈ വേർപാട്. പല ചുമതലകളും അദ്ദേഹത്തെ ഏൽപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.  അതൊക്കെ വെറുതെ ആയി.  എങ്കിലും സ്വർഗത്തിൽ നമുക്ക് പ്രാർത്ഥിക്കാൻ ഒരാൾ കൂടി ലഭിച്ചിരിക്കുന്നു. 

ഈ വേർപാടിന്റെ ആഘാതം താങ്ങാൻ ഭാര്യക്കും കുഞ്ഞുങ്ങൾക്കും കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഫ്രാൻസിസ് പിരിഞ്ഞുവെങ്കിലും നമ്മുടെ സമൂഹമൊന്നാകെ ഈ കുടുംബത്തിനു താങ്ങും തണലുമായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുക്കർമ്മങ്ങൾക്ക് ശേഷം ഈസ്റ്റ് ഹാനോവറിലെ ഗേറ്റ് ഓഫ് ഹെവൻ കാത്തലിക്ക് സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടന്നു. വികാര ഫാ. തോമസ് മങ്ങാട്ട് അന്തിമ പ്രാർത്ഥനകൾ നടത്തി. നൂറ്  കണക്കിനാളുകൾ അവിടെയും അനുഗമിച്ചു.

ഫ്രാൻസിസിന്റെ നല്ല  മനസ് പോലെ തെളിഞ്ഞ അന്തരീക്ഷത്തിൽ ശവമഞ്ചത്തിൽ പുഷപങ്ങൾ അർപ്പിച്ച ജനാവലി നോക്കി നിൽക്കെ ആ ധന്യ ജീവിതം വിടവാങ്ങി.

സജീവമായ ഓർമ്മകളും അദ്ദേഹത്തിന്റെ കൃതികളും എന്നും അവശേഷിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക